Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

ലഹരിക്കടിമയാകുന്ന കൗമാരത്തെ രക്ഷിതാക്കള്‍ അറിയണം

റിഷാദ് പൊയില്‍   rishadpoyil@gmail.com

സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ സാമൂഹിക പ്രശ്‌നമാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം. ഒരു രസത്തിന് ഉപയോഗിച്ചു തുടങ്ങി പിന്നീട് ലഹരിയുടെ കെണിയില്‍ അകപ്പെട്ടു പോകുന്നവരാണ് കുട്ടികളില്‍ പലരും. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കുട്ടികള്‍  ഇന്ന് ലഹരിക്ക് അടിമകളായിക്കൊണ്ടിരിക്കുന്നു. ആദര്‍ശബോധമില്ലാത്ത, കാര്യപ്രാപ്തിയില്ലാത്ത, ലക്ഷ്യബോധമില്ലാത്ത  യുവ തലമുറയാണ് ലഹരിക്കടിപ്പെട്ട് ഇവിടെ വളര്‍ന്നു കൊണ്ടിരിക്കുന്നത്.
എല്‍.പി തലം മുതല്‍ വിദ്യാര്‍ഥികള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഈ വിദ്യാര്‍ഥികളെ പ്ലസ്ടു കഴിയുമ്പോഴേക്കും ലഹരിക്കടിമകളാക്കുകയും, ലഹരി മാഫിയ ഇവരെ ലഹരിക്കച്ചവടത്തിനു  പാകപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. ഒരു രക്ഷിതാവിനും തന്റെ കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്താന്‍ സാധിക്കാത്തത്  ഇതേക്കുറിച്ചൊന്നും അറിവോ ധാരണയോ ഇല്ലാത്തതു കൊണ്ടു കൂടിയാണ്. പലപ്പോഴും രക്ഷിതാക്കള്‍ രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ അറിയാറുള്ളത്.  സാധാരണക്കാരായ രക്ഷിതാക്കള്‍ അറിയാത്തതും കാണാത്തതുമായ പല തരം ലഹരി വസ്തുക്കളാണ് ഇന്ന് കുട്ടികള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കേട്ട് പരിചയമുള്ള കഞ്ചാവ്, എല്‍.എസ്.ഡി സ്റ്റാമ്പ്, MDMA, AMPHITEMIN തുടങ്ങി അനവധി ലഹരി വസ്തുക്കള്‍ ഇന്ന് സുലഭമാണ്. ഇത് വിവിധ നിറത്തിലും രൂപത്തിലും (പൊടി, സ്റ്റാമ്പ്, ഗുളിക, ഇഞ്ചക്ഷന്‍) ലഭ്യമാണ്. ഡാര്‍ക്ക് വെബിന്റെ (മറ്റാരുമറിയാതെ ഇന്റര്‍നെറ്റ് വഴി മയക്കുമരുന്ന് ഇടപാട് നടത്താനുള്ള സൗകര്യം) കാലമാണിത്. പരീക്ഷയുടെ തലേ ദിവസവും, ഡി.ജെ പാര്‍ട്ടികളില്‍ കൂടുതല്‍ സമയം നൃത്തം ചെയ്യുന്നതിനും മറ്റും ഇത്തരം ലഹരി വസ്തുക്കള്‍ കൂടുതലായി  ഉപയോഗിക്കുന്നു.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ബുദ്ധിയെയും സ്വഭാവത്തെയും കാര്യമായി ബാധിക്കും. ക്രമേണ അവര്‍ സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായി മാറുന്നു. ലഹരി പദാര്‍ഥങ്ങള്‍  ഇന്ദ്രിയങ്ങളെ മയക്കുകയും  ചിന്തകളെ മാറ്റിമറിക്കുകയും ചെയ്യുന്നു (സൈക്കഡലിക് അവസ്ഥ). ലഹരിയുടെ പ്രവര്‍ത്തനം 20 മിനിറ്റ്് മുതല്‍ 90 മിനിറ്റ് വരെയോ, 6 മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയോ നീണ്ടുനില്‍ക്കാം. ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത കാഴ്ചകള്‍ കാണുക, പാട്ടു കേള്‍ക്കുമ്പോള്‍ മണക്കാനും തൊടാനും സാധിക്കുക പോലുള്ള അനുഭവങ്ങളുണ്ടാകുന്നു. തലച്ചോറിലെ ആശയ വിനിമയ സംവിധാനം തകരാറിലാകുന്നതു കൊണ്ടാണിത്. ഓര്‍മ തകരാറിലാകുന്നു. പഠനം ബുദ്ധിമുട്ടാകുന്നു. പേടിപ്പിക്കുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, ഓക്കാനം, ഹൃദയമിടിപ്പ് കൂടല്‍, ശരീരം വിയര്‍ക്കല്‍.... ഇങ്ങനെ പലതും. ചുറ്റുപാടുകളോടുള്ള പ്രതികരണം മന്ദീഭവിക്കുന്നു. വിചിത്രമായ അനുഭൂതികള്‍ ഉണ്ടാകാം. സമയബോധം നഷ്ടപ്പെടും, വിശപ്പ് കുറയും. പാനിക്ക് അറ്റാക്ക്, സംശയങ്ങള്‍, മാനസിക വിഭ്രാന്തി, കാഴ്ച പ്രശ്‌നം, ചിന്താവൈകല്യം, സംശയ രോഗം, വൈകാരിക പ്രശ്‌നങ്ങള്‍, സ്വഭാവ വൈകല്യം എന്നിവ പ്രകടമാകും.  സ്ഥിരമായ ഉപയോഗം മരണം വരെ സംഭവിക്കാന്‍ കാരണമാകുന്നു.
ഒരു കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അധ്യാപകര്‍ അത് രക്ഷിതാവിനെ കൃത്യമായ രീതിയില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നില്ല എന്നതും, അഥവാ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ തന്നെ രക്ഷിതാക്കള്‍ അത് ഗൗരവത്തിലെടുക്കാതെ അധ്യാപകരെ പഴിചാരുന്നു എന്നതും വളരെ അപകടകരമായ സ്ഥിതിവിശേഷമാണ്. സമ്പൂര്‍ണ വ്യക്തിവികാസം എന്നത് വിദ്യാഭ്യാസത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരിക്കെ, വ്യക്തിവികാസത്തെ ബാധിക്കുന്ന ദുശ്ശീലങ്ങളില്‍ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള പ്രധാന ഉത്തരവാദിത്വം വിദ്യാലയങ്ങള്‍ക്കാണ്. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസ-സാമൂഹിക ചുറ്റുപാടില്‍ അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളെ നിയന്ത്രിക്കുന്നതിനും ഉപദേശിക്കുന്നതിനും ഒരു പാട് പരിമിതികളുണ്ട്. തനിക്കിഷ്ടമില്ലാത്ത വിധം നിയന്ത്രിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന അധ്യാപകനെ  വിദ്യാര്‍ഥിക്ക് കണ്ടുകൂടാ. വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ പല രീതിയില്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറയേണ്ടിവരും.
രക്ഷിതാക്കള്‍ക്കാണ് സ്വന്തം കുട്ടിയുടെ സ്വഭാവ വ്യതിയാനങ്ങള്‍ മറ്റാരെക്കാളും നന്നായി മനസ്സിലാവുക. അങ്ങനെ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ വെച്ചുനീട്ടാതെ ഉടന്‍ തന്നെ വിദഗ്ധരുടെ ഉപദേശം തേടണം.  വെറും കൗണ്‍സലിംഗ് കൊണ്ട് മാത്രം ലഹരിയെ തുടച്ചു നീക്കാനാവില്ല. കൗണ്‍സലിംഗ് + മെഡിസിന്‍ + ബിഹേവിയര്‍ തെറാപ്പി - ഇവയുടെ ഏകോപനത്തിലൂടെ മാത്രമേ ഒരാളെ ലഹരിയില്‍ നിന്ന് പൂര്‍ണമായി മോചിപ്പിക്കാനാവൂ. ഒരു കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ചില മാര്‍ഗങ്ങളുണ്ട്. അവരറിയാതെ അവരെ നിരീക്ഷിച്ച് ഇത്തരം ലക്ഷണങ്ങളുണ്ടോ എന്നു നോക്കുക.
* സ്വഭാവ വ്യതിയാനം, എടുത്തു ചാട്ടം.
*ചുവന്ന കണ്ണുകള്‍ (Bloodied Eyes).
*സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി അല്‍പം വലുപ്പം കൂടിയതോ കുറഞ്ഞതോ ആയ കൃഷ്ണമണി.
*വിശപ്പില്ലായ്മയും ഉറക്കക്കുറവും.
* ശരീരഭാരം പെെട്ടന്ന് കുറയുകയോ കൂടുകയോ ചെയ്യുക.
*ശ്വസനത്തിലും വിയര്‍പ്പിലും പരിചിതമല്ലാത്ത ഗന്ധം.
*ഏകോപനം തകരാറിലാവുക.
*ശരീരം കരുവാളിക്കുക. വയറും കവിളും ഒട്ടിയിരിക്കുക. ഞരമ്പുകള്‍ എടുത്തുപിടിക്കുക.
* ഉറക്കം തൂങ്ങിയ കണ്ണുകള്‍.
* കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഛഇആ പേപ്പര്‍ ഇടക്കിടെ കുട്ടികളില്‍ കാണുക.
* കണ്ണ് ചുവക്കുന്നത് തടയാന്‍ ഉപയോഗിക്കുന്ന Eye drop (I-  BORIC).
*രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വഭാവം.
* മുറിക്കകത്ത് അസാധാരണമായ ഗന്ധങ്ങള്‍ അനുഭവപ്പെടുക.
*പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ പഠനനിലവാരത്തില്‍ പിന്നാക്കം പോവുക.
* ടോയ്‌ലറ്റില്‍ കൂടുതല്‍ സമയം ചെലവഴിക്കുക.
*മൊബൈലില്‍ തുറിച്ച് നോക്കിയിരിക്കുക.
*കൈകളിലോ ദേഹത്തോ കുത്തിവെപ്പിന്റെ പാടുകളോ, അസാധാരണമായ നിറവ്യത്യാസമോ കാണുക.
*വസ്ത്രധാരണ രീതിയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങള്‍.
*കുടുംബ പരിപാടികളില്‍ നിന്ന് മാറിനില്‍ക്കല്‍.
*വീട്ടില്‍ കൂട്ടത്തില്‍ കൂടാതെ മാറിയിരുന്നു ഭക്ഷണം കഴിക്കുക.
*വീട്ടില്‍ എല്ലാവരെയും തന്റെ വരുതിയിലാക്കാന്‍ ശ്രമിക്കുക.
* പോക്കറ്റ് മണി ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതാവുക.
* ഉറക്കത്തിന്റെ രീതിയില്‍ വരുന്ന വ്യത്യാസം. അമിതമായ ഉറക്കം. കൂടുതല്‍ സമയം മുറി അടച്ചിടുക.
*അപരിചിതരോ, പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ കൂട്ടുകാര്‍.
*രാത്രി വൈകി വീട്ടില്‍ വരിക.
*ഫോണിലൂടെയും മറ്റും സുഹൃത്തുക്കളോട് അനാവശ്യമായി ദേഷ്യപ്പെടുക.
*നിസ്സാര കാര്യങ്ങള്‍ക്ക് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുക, സാധനങ്ങള്‍ വലിച്ചെറിയുക.
* സമയബോധം നഷ്ടപ്പെടുക.
ഇതൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ ശരിയാണെങ്കില്‍ ആദ്യം അവരെ നിരീക്ഷിക്കുകയും, ഒരു കൗണ്‍സിലറുടെ സഹായത്തോടെ ഉറപ്പുവരുത്തിയതിനു ശേഷം ചികിത്സ നല്‍കുകയും ചെയ്യുന്നതാണ് ഉത്തമം. ചികിത്സ നല്‍കിയില്ലെങ്കില്‍ സാമൂഹികവിരുദ്ധ പ്രവണത, കൂട്ടം കൂടിയുള്ള കുറ്റകൃത്യങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ എന്നിവയിലേക്കെത്തിച്ചേരാന്‍ സാധ്യത വളരെ കൂടുതലാണ്.  ചില മാനസിക രോഗങ്ങളിലേക്കും ലഹരി ഉപയോഗം കൊണ്ടെത്തിക്കും.
ചെറുപ്രായത്തില്‍ അവഗണനയും പരിഹാസവും നേരിടേണ്ടി വരിക, കുടുംബ പ്രശ്‌നങ്ങള്‍, ശാരീരികമായും മാനസികമായും ലൈംഗികമായും കൈയേറ്റം ചെയ്യപ്പെടുക തുടങ്ങി കുട്ടികളിലെ ചില സ്വഭാവ വ്യതിയാനങ്ങളും ജനിതക കാരണങ്ങളും ലഹരി ഉപയോഗ സാധ്യത വര്‍ധിപ്പിക്കുന്നു. ബുദ്ധിയെക്കാള്‍ വികാരങ്ങള്‍ കൂടുതലായി പ്രവര്‍ത്തിക്കുന്ന സമയമാണ് കൗമാരം. അതുകൊണ്ട് തന്നെ അനുകരണശീലവും ഇത്തരക്കാരില്‍ കൂടുതലാണ്. ദൃശ്യ മാധ്യമങ്ങളില്‍ കാണുന്ന നായക കഥാപാത്രങ്ങള്‍ ലഹരി ഉപയോഗിക്കുന്നത് കുട്ടികളെ കൂടുതലായി അത് അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നു. മിക്ക ആളുകളും ആദ്യ ലഹരി ഉപയോഗം തുടങ്ങുന്നത് കൂട്ടുകാരുടെ സമ്മര്‍ദം മൂലമാകാം.
ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കള്‍ക്ക്  പലതും ചെയ്യാനുണ്ട്. ചിലത് സൂചിപ്പിക്കാം:
* മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
* ഓരോ ദിവസത്തെയും വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പ്രോത്സാഹിപ്പിക്കുകയും അവരുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്യുക.
* കുട്ടികളുമായി ദൃഢമായ  ബന്ധം സ്ഥാപിച്ചെടുക്കുക. അവര്‍ക്ക് എന്ത് ബുദ്ധിമുട്ടു വന്നാലും തുറന്നു പറയാനുള്ള ധൈര്യം നല്‍കുക. 
* ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കുട്ടികള്‍ക്ക്  മാതൃകയാകാന്‍ ഉടന്‍ അവ ഉപയോഗിക്കുന്നത് പൂര്‍ണമായി വര്‍ജിക്കുക.
*കുട്ടികള്‍ക്ക് നല്‍കുന്ന പോക്കറ്റ് മണി അവര്‍ എന്താവശ്യത്തിനായി ചെലവഴിക്കുന്നു എന്ന് ശ്രദ്ധിക്കുക.
*മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് കുട്ടികളെ സമ്മര്‍ദത്തിലാക്കാതെ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ കഴിവുകളെ മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
*മക്കളുടെ കൂട്ടുകാര്‍ ആരെല്ലാമാണെന്ന് അറിയുക.
* കുട്ടികളില്‍ സ്വഭാവ വൈകല്യമോ ലഹരി ഉപയോഗമോ കണ്ടത്തിയാല്‍ അതിനു ഫലപ്രദമായ ചികിത്സ തേടുക.
*അധ്യാപകരുമായി നിരന്തര ബന്ധം പുലര്‍ത്തി കുട്ടിയുടെ സ്‌കൂളിലെ പെരുമാറ്റത്തെക്കുറിച്ച് മനസ്സിലാക്കുക.
കുട്ടികളെ പറഞ്ഞ് വിട്ട് ലഹരി വസ്തുക്കള്‍ (പുകയില, മുറുക്കാന്‍, സിഗരറ്റ് മുതലായവ) മേടിപ്പിക്കുന്ന രീതി ഒഴിവാക്കുക.
* അവര്‍ക്കു  കാര്യങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യം ഒരുക്കുക. ഇതിനു വേണ്ടി മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക.
*നിങ്ങളുടെ കുട്ടി എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, അവന്റെ / അവളുടെ കൂട്ടുകെട്ടുകള്‍ ഏതു തരത്തിലുള്ളതാണ്, പണം എങ്ങനെ ചെലവഴിക്കുന്നു എന്നിവ കൂടുതലായി ശ്രദ്ധിക്കുക.
*കുട്ടികള്‍ക്ക് ലഹരിയുടെ അപകടത്തെപ്പറ്റി ലളിതമായി പറഞ്ഞുകൊടുക്കുക.
* വെറുതെയിരിക്കാന്‍ അനുവദിക്കാതെ കൃഷി, സ്‌പോര്‍ട്‌സ് - കല - സാഹിത്യ മേഖലകളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടുക.
*എന്റെ കുട്ടിയുടെ ഏറ്റവും നല്ല ജഡ്ജ് ഞാന്‍ തന്നെയാണ്. കുറ്റപ്പെടുത്താതിരിക്കുക, തുറന്നു സംസാരിക്കുക, ഒറ്റപ്പെടുത്താതിരിക്കുക.
*ലഹരി ഉപയോഗമുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ അതിന്റെ തുടക്കവും സാഹചര്യവും കാരണവും മനസ്സിലാക്കുക. അതിന് സാധിക്കുന്നില്ലെങ്കില്‍ അധ്യാപകരുടെയും കൗണ്‍സല്‍മാരുടെയും മനശ്ശാസ്ത്ര വിദഗ്ധരുടെയും സഹായം തേടുക.
സര്‍ക്കാറും രക്ഷിതാക്കളും സമൂഹവും നിയമപാലകരും ഒരുമിച്ച് ഈ സാമൂഹിക വിപത്തിനെതിരെ രംഗത്തിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതല്ലെങ്കില്‍ നാളെ നമ്മുടെ കുട്ടികളും ലഹരിക്കെണികളില്‍ പെട്ടു പോയേക്കാം.
വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തെ മനസ്സിലാക്കി, തിരുത്തി കൈപിടിച്ചു നടത്തുക; സര്‍വോപരി അവര്‍ക്ക് ഉത്തമ മാതൃകയായിരിക്കാന്‍ ശ്രദ്ധിക്കുക. ദൈവം നമുക്കു നല്‍കിയിരിക്കുന്ന ഏറ്റവും അമൂല്യമായ സമ്മാനവും ഉത്തരവാദിത്വവുമാണ് നമ്മുടെ കുഞ്ഞുങ്ങള്‍. പലപ്പോഴും അവര്‍ പോലും അറിയാതെ ചെന്നുപെടുന്ന ലഹരിയുടെ കെണികളില്‍ നിന്ന് അവരെ രക്ഷിക്കാന്‍ നമുക്ക് അവരോടൊപ്പം സഞ്ചരിക്കാം. 
73063 09636
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് mhdpkd@gmail.com