Prabodhanm Weekly

Pages

Search

2012 മെയ് 26

ഡോ. ബഷീര്‍ കുന്നില്‍

ഡോ. ബഷീര്‍ കുന്നില്‍ പ്രതിഭാശാലിയായിരുന്നു. പണ്ഡിതന്‍, സാമൂഹിക പ്രവര്‍ത്തകന്‍, മികവുറ്റ പ്രഭാഷകന്‍ എന്നീ നിലകളില്‍ കഴിവു തെളിയിച്ച ഒരാളായിരുന്നു ഡോ. ബഷീര്‍. എങ്കിലും കേരളീയ സമൂഹത്തില്‍ അധികമാര്‍ക്കും അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നതാണ് സത്യം. ബഷീര്‍ സാഹിബ് അതൊട്ടും ആഗ്രഹിച്ചതുമില്ല. ഒച്ചപ്പാടുകളില്ലാതെ, തന്റേതായ ശൈലിയില്‍ സേവന പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടു പോകവെ അപ്രതീക്ഷിതമായാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. പ്രായം എഴുപതു കവിഞ്ഞിരുന്നെങ്കിലും ആരോഗ്യവാനും കര്‍മനിരതനുമായി മുന്നോട്ടുപോകവെ ഒരപകടത്തില്‍ പെട്ടാണ് ആകസ്മികമായി അദ്ദേഹം നമ്മോടു യാത്ര പറയുന്നത്.
തിരുവനന്തപുരം മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റ്, മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ്, കേരളത്തിലും പുറത്തുമുള്ള ചെറുതും വലുതുമായ അനേകം സാമൂഹിക-സാംസ്കാരിക സ്ഥാപനങ്ങളുടെ സജീവ പ്രവര്‍ത്തകന്‍, വിപുലമായ സുഹൃദ് വലയങ്ങളുള്ള പൊതു പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ബഷീര്‍ സാഹിബ് എല്ലാവര്‍ക്കും സ്വീകാര്യനായിരുന്നു. ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വിഷന്‍ 2016'ന്റെ മാതൃസ്ഥാപനമായ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ ട്രസ്റിമാരിലൊരാള്‍ എന്ന നിലക്ക് സമീപ കാലത്ത് ഞങ്ങള്‍ തമ്മില്‍ ഏറെ അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. ഫൌണ്ടേഷന്റെ എല്ലാ യോഗങ്ങളിലും ഡോ. ബഷീര്‍ കൃത്യമായി പങ്കെടുക്കുമായിരുന്നു. യോഗങ്ങളില്‍ പങ്കെടുക്കുക മാത്രമല്ല, എല്ലാ കാര്യങ്ങളെക്കുറിച്ചും പഠിച്ചും ചിന്തിച്ചും അഭിപ്രായം പ്രകടിപ്പിക്കുകയും ഏല്‍പിക്കപ്പെടുന്ന ചുമതലകള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തുപോന്നു.
തിരുവനന്തപുരത്തിനടുത്ത്, ചിറയിന്‍ കീഴിലെ കയര്‍ വ്യവസായിയുടെ മകന്‍ അലിഗഢിലെത്തി, ഫിലോസഫിയില്‍ ഡോക്ടറേറ്റ് എടുക്കുകയും വിജ്ഞാന സപര്യക്കായി ജീവിതം ഉഴിഞ്ഞു വെക്കുകയും ചെയ്തുവെന്നത് അത്ഭുതമാണ്. മറ്റെന്തിനേക്കാളുമേറെ ഡോ. ബഷീര്‍ വിജ്ഞാനത്തെയും പുസ്തകങ്ങളെയും സ്നേഹിച്ചു. ഇസ്ലാമിനെ സംബന്ധിച്ച ആധുനിക പഠനങ്ങളുടെ വന്‍ ശേഖരം തന്നെ അദ്ദേഹം സ്വന്തമാക്കി. ആഗോള തലത്തില്‍ പുതുതായിറങ്ങുന്ന പഠനങ്ങള്‍ പ്രസാധകരെ സമീപിച്ച് പ്രത്യേകം ആവശ്യപ്പെട്ടു സംഘടിപ്പിച്ചു പോന്നു.
മലയാളികള്‍ക്ക് ബഷീര്‍ സാഹിബ് ഏറെ പരിചിതനല്ലെങ്കിലും ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ഡോ. ഹാമിദ് അന്‍സാരി, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ഒ.എസിന്റെ മുഖ്യന്‍ ഡോ. മന്‍സൂര്‍ ആലം, ജമാഅത്തെ ഇസ്ലാമി മുന്‍ അമീര്‍ ഡോ. അന്‍സാരി, അലിഗഢ് മുന്‍ വി.സി ഡോ. അബ്ദുല്‍ അസീസ് തുടങ്ങി ഇന്ത്യക്ക് അകത്തും പുറത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധവും സൌഹൃദവുമാണുണ്ടായിരുന്നത്. ആ സുഹൃദ് ബന്ധങ്ങളത്രയും സജീവമായി കാത്തു സൂക്ഷിക്കുന്നതില്‍ അദ്ദേഹം ബദ്ധ ശ്രദ്ധനായിരുന്നു.
ഡോ. ബഷീറിന്റെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും കുടുംബത്തിനും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും സമുദായത്തിനും വേദനിക്കുന്ന ഓര്‍മകളോടെ മാത്രമേ അദ്ദേഹത്തിന്റെ വേര്‍പാടിനെ നേരിടാനാവൂ.
പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍
ഒ. ഖാലിദ് (അഞ്ചല്‍)
ജമാഅത്തെ ഇസ്ലാമി അഞ്ചല്‍ പ്രാദേശിക ജമാഅത്ത് അമീറും കൊല്ലം ജില്ലാ സമിതി അംഗവുമായിരുന്ന ഒ. ഖാലിദ് (62) ഇക്കഴിഞ്ഞ ഏപ്രില്‍ 28ന് അല്ലാഹുവിലേക്ക് യാത്രയായി. ആദ്യകാലത്ത് ഇടത് സഹയാത്രികനായിരുന്ന അദ്ദേഹം കോണ്‍ഗ്രസ്സ് അനുകൂല യൂനിയനായി പില്‍ക്കാലത്ത് മാറിയ കേരളാ പഞ്ചായത്ത് എംപ്ളോയീസ് ഓര്‍ഗനൈസേഷന്റെ സ്ഥാപക നേതാക്കളിലൊരാളും അതിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എസ്.ഐ.ഒ യില്‍ ആകൃഷ്ടനായി അദ്ദേഹത്തിന്റെ മൂത്ത മകന്‍ സജീദ് (ഇപ്പോള്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി) ആശയ പ്രചാരണങ്ങളില്‍ സജീവമായപ്പോള്‍ മകനെ പിന്തിരിപ്പിക്കാനുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഉപദേശത്തെ, തനിക്ക് നല്ലതെന്ന് തോന്നുന്ന ആശയത്തെ സ്വീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലേ എന്ന ചോദ്യത്തോടെ സ്നേഹപൂര്‍വം നിരസിച്ച അദ്ദേഹത്തിന്റെ പ്രത്യേകതയും ഈ വിശാല മനസായിരുന്നു. അദ്ദേഹത്തിന്റെ പത്നി പിന്നീട് പ്രസ്ഥാനവുമായി അടുത്തപ്പോഴും എതിര്‍ക്കാതെ അവരുടെ തീരുമാനത്തിന് നിശബ്ദ പിന്തുണ അദ്ദേഹം നല്‍കിയിരുന്നു. ആ സന്ദര്‍ഭത്തില്‍ വീട്ടിലെത്തിയിരുന്ന ജമാഅത്ത് നേതാക്കള്‍ക്ക് സഹൃദയത്തോടെ ആതിഥ്യമരുളുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സര്‍വീസിന്റെ അവസാനഘട്ടമായപ്പോഴേക്കും പ്രസ്ഥാനത്തോട് അനുഭാവം പുലര്‍ത്തുകയും റിട്ടയര്‍മെന്റിന് ശേഷം ഉന്നതമായ പല ഓഫറുകളും നിരസിച്ചുകൊണ്ട് മുഴുസമയ പ്രസ്ഥാനപ്രവര്‍ത്തകനാകാന്‍ തീരുമാനിക്കുകയമായിരുന്നു. പ്രസ്ഥാനം ഏല്‍പ്പിക്കുന്ന മുഴുവന്‍ ഉത്തരവാദിത്തങ്ങളും സന്തോഷപൂര്‍വം ഏറ്റെടുത്തു. അഞ്ചല്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നിര്‍മാണം, ജമാഅത്തിന്റെ കുളത്തൂപ്പുഴ മുക്കാല്‍ സെന്റ് കോളനി(മൈത്രീനഗര്‍) പുനര്‍ നിര്‍മാണ പദ്ധതി പൂര്‍ത്തീകരണം എന്നിവയില്‍ നേതൃപരമായ പങ്ക് വഹിച്ചു. ഐ.ആര്‍.ഡബ്ള്യു അംഗം, കൊല്ലം യൂനിറ്റ് പ്രസിഡന്റ്, കൊല്ലം യൂനിറ്റ് പി.ആര്‍ സെക്രട്ടറി , അഞ്ചല്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
വനിതാ വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റും അഞ്ചല്‍ ഏരിയാ കണ്‍വീനറുമായ ഹലീമാ ബീവിയാണ് ഭാര്യ. കെ. സജീദ്, കെ. സജീം, കെ. സവാദ് എന്നിവരാണ് മക്കള്‍.
എം. അബ്ദുസമദ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം