Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

വിടപറഞ്ഞ ഗോര്‍ബി  ബാക്കിവെച്ച ചിന്തകള്‍

എ.ആര്‍

ജര്‍മന്‍കാരനായ കാള്‍മാര്‍ക്‌സും ഇംഗ്ലീഷുകാരന്‍ ഫ്രെഡറിക് എംഗല്‍സും കൂടെ 1849-ല്‍ പുറത്തിറക്കിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ 1917 ഒക്ടോബര്‍ 17-ന് വി.ഐ ലെനിനും ജോസഫ് സ്റ്റാലിനും ചേര്‍ന്ന് ചരിത്രത്തിലെ പ്രഥമ സോഷ്യലിസ്റ്റ്/കമ്യൂണിസ്റ്റ് വിപ്ലവം റഷ്യയില്‍ വിജയിപ്പിച്ചതോടെ ഒരു പുതിയ ചരിത്രം രചിക്കപ്പെട്ടു എന്ന് എല്ലാവരും സമ്മതിക്കും. പൂര്‍വ യൂറോപ്പിലെ ലാത്വ്‌വിയ, ലിത്വാനിയ, എസ്‌തോണിയ, ജോര്‍ജിയ, യുക്രെയ്ന്‍, ബെലോറൂസ്.... എന്നിവയോടൊപ്പം മധ്യേഷ്യന്‍ രാജ്യങ്ങള്‍ കൂടി യു.എസ്.എസ്.ആറിന്റെ ഭാഗമാക്കപ്പെട്ടതോടെ 29 കോടി ജനങ്ങളും വന്‍ വിഭവശേഷിയുമുള്ള ലോക വന്‍ശക്തിയായി പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം മാറി. മുതലാളിത്ത രാജ്യമായ അമേരിക്കയോടൊപ്പം സോഷ്യലിസ്റ്റ് രാജ്യമായ സോവിയറ്റ് യൂനിയനും ആഗോള വന്‍ശക്തിയായി എണ്ണപ്പെട്ടു. രണ്ടിലൊരു പക്ഷത്ത് നിലയുറപ്പിക്കുകയല്ലാതെ മറ്റു രാജ്യങ്ങള്‍ക്ക് നിര്‍വാഹമില്ലാത്ത സ്ഥിതി വന്നു. അമ്പതുകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും യൂഗോസ്ലാവ്യന്‍ പ്രസിഡന്റ് മാര്‍ഷല്‍ ടിറ്റോയും ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറും ചേര്‍ന്ന് ചേരിചേരാ രാഷ്ട്ര സമുച്ചയത്തിന് ബീജാവാപം ചെയ്തുവെങ്കിലും ഫലത്തില്‍ അത് അമേരിക്കന്‍ വിരുദ്ധ സോവിയറ്റ് അനുകൂല ചേരിയായിരുന്നു. ചേരിചേരാ പ്രസ്ഥാനത്തോടൊപ്പം നിന്നത് സോവിയറ്റ് യൂനിയന്‍ ആയിരുന്നു താനും. രണ്ട് ലോക യുദ്ധങ്ങളോളം വിനാശകരമായി പരിണമിച്ചില്ലെങ്കിലും രണ്ട് വന്‍ ശക്തികള്‍ തമ്മിലെ ശീതസമരം ലോക സമാധാനത്തിന് വന്‍ ഭീഷണിയായി വളര്‍ന്നു. ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കാന്‍ സ്ഥാപിതമായ യു.എന്‍ തന്നെയും ശീതസമര ചതുരംഗ പലകയിലെ കരുവായി മാറുന്നതാണ് കണ്ടത്. ഈ പശ്ചാത്തലത്തിലാണ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.എസ്.യു) സെക്രട്ടറിയായും രാഷ്ട്രത്തലവനായും മിഖായേല്‍ ഗോര്‍ബച്ചേവ് രംഗപ്രവേശം ചെയ്യുന്നത്. 1931-ല്‍ ഒരു സാധാരണ റഷ്യന്‍ കര്‍ഷക കുടുംബത്തില്‍ പിറന്ന ഗോര്‍ബച്ചേവ് ബുദ്ധിശക്തിയും ഉന്നത വിദ്യാഭ്യാസവും നേതൃയോഗ്യതയും വഴി പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശ്വാസമാര്‍ജിച്ചെടുത്തിരുന്നു. സ്ഥാനമേറ്റ ഉടനെ മുന്‍ഗാമികളെപ്പോലെ സാമ്പ്രദായിക ശൈലിയില്‍ പാര്‍ട്ടിയെയും രാഷ്ട്രത്തെയും കൊണ്ടു
പോവാനല്ല, അതിനോടകം സാമ്പത്തികമായും സാംസ്‌കാരികമായും തകര്‍ച്ചയിലേക്ക് കുതിച്ചുകൊണ്ടിരുന്ന യു.എസ്.എസ്.ആറിനെ ജനാധിപത്യത്തിലൂടെ അഴിച്ചുപണിത് ശുദ്ധ വായു ശ്വസിക്കാനും സോഷ്യലിസത്തിന് മാനുഷിക മുഖം നല്‍കാനുമാണ് അദ്ദേഹം തീരുമാനിച്ചത്. അതിനായി അദ്ദേഹം ആദ്യമായി ഗ്ലാസ്സ്‌നോസ്തും (തുറന്ന ചര്‍ച്ച) തുടര്‍ന്ന് പെരിസ്‌ട്രോയ്ക്കയും (അഴിച്ചുപണി, പരിഷ്‌കാരം) നടപ്പാക്കി. പക്ഷേ, അദ്ദേഹം ഉദ്ദേശിച്ച ഫലമല്ല ഇതുമൂലം ഉണ്ടായത്. പരാതികളുടെയും വിമര്‍ശനങ്ങളുടെയും പ്രളയം ഗോര്‍ബിയെയും സഹപ്രവര്‍ത്തകരെയും മുക്കിക്കളഞ്ഞു. അവശ്യ ജീവിത സാധനങ്ങളുടെ ലഭ്യതക്ക് പോലും ജനം മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടിവന്ന സാഹചര്യത്തിന് മാറ്റമുണ്ടായില്ല. രാജ്യത്തെ പെട്ടെന്ന് സുസ്ഥിതിയിലേക്ക് നയിക്കാന്‍ ഗോര്‍ബിക്ക് കഴിയുമെന്ന പ്രതീക്ഷ സഫലമാവാതെ വന്നപ്പോള്‍ അസ്വാസ്ഥ്യം പൂര്‍വാധികം ശക്തമായി. നേരത്തെ ഗോര്‍ബി തിരിച്ചറിഞ്ഞ രോഗം മൂര്‍ഛിച്ചതാണ് കാരണം. രാജ്യത്തിന്റെ പുരോഗതിയുടെ വേഗം നഷ്ടപ്പെടാന്‍ തുടങ്ങി. സാമ്പത്തിക പരാജയങ്ങള്‍ തുടര്‍ച്ചയായുണ്ടായി. വൈഷമ്യങ്ങള്‍ കുത്തനെ കൂടാനും വഷളാകാനും തുടങ്ങി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ വര്‍ധിച്ചു (പെരിസ്‌ട്രോയ്ക്ക, പേജ് 11). ഞങ്ങളുടെ ജനതയുടെ ആശയപരവും ധാര്‍മികവുമായ മൂല്യങ്ങളിലും ക്രമേണ ചോര്‍ച്ചയുണ്ടാകാന്‍ തുടങ്ങി (അതേ പുസ്തകം, പേജ് 14). പൊതു ധാര്‍മിക മൂല്യങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങി. വിപ്ലവത്തിന്റെയും ആദ്യ പഞ്ചവത്സര പദ്ധതികളുടെയും മഹത്തായ ദേശാഭിമാന യുദ്ധത്തിന്റെയും യുദ്ധാനന്തര പുനരുദ്ധാരണത്തിന്റെയും വീരോചിതമായ നാളുകളില്‍ ഊട്ടി വളര്‍ത്തിവന്ന അന്യോന്യമുള്ള ഐക്യദാര്‍ഢ്യം എന്ന മഹത്തായ മൂല്യം ദുര്‍ബലമായിക്കൊണ്ടിരുന്നു. മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കന്യമായ ജനക്കൂട്ട സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളര്‍ത്തി (അതേ പുസ്തകം, പേജ് 15,16).
ഉദ്ധരിക്കാന്‍ ഒട്ടേറെ ഖണ്ഡികകള്‍ ഇനിയുമുണ്ട്. 'ഞങ്ങളുടെ രാജ്യത്ത് ജനാധിപത്യ പ്രക്രിയ സാധാരണ ഗതിയില്‍ വികസിച്ചിരുന്നുവെങ്കില്‍ ഇന്നത്തെ പല പ്രയാസങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം' (പേജ് 28) എന്ന് ഗോര്‍ബി വിലപിക്കുന്നതില്‍ സത്യമുണ്ടെങ്കിലും ജനാധിപത്യ പ്രക്രിയ തന്നെയും ആരോഗ്യകരമാവണമെങ്കില്‍ ഭരിക്കുന്നവര്‍ക്കും ഭരണീയര്‍ക്കും ഒരുപോലെ ധാര്‍മിക ബോധവും ഉത്തരവാദിത്വ ബോധവും ഉണ്ടാവണമെന്നും, അതാവട്ടെ കേവലം വോട്ട് രാഷ്ട്രീയത്തിലൂടെ ഉണ്ടാക്കിയെടുക്കാവുന്ന ഗുണങ്ങളല്ലെന്നും ധാര്‍മിക സദാചാര സംഹിതകളെ പാടേ നിരാകരിച്ച, കേവല ഭൗതിക പ്രത്യയശാസ്ത്രത്തില്‍ അടിയുറപ്പിച്ച രാഷ്ട്രീയ-സാമൂഹിക വ്യവസ്ഥയില്‍ നിന്നത് പ്രതീക്ഷിക്കാനേ വയ്യെന്നും ഗോര്‍ബച്ചേവ് മനസ്സിലാക്കിയില്ല. യുവാക്കളും യുവതികളും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി മാറി, രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ നിന്ന് തീര്‍ത്തും അകലം പാലിച്ചതിന്റെ ഭയാനക ഫലങ്ങളാണ് സോവിയറ്റ് യൂനിയനില്‍ ദൃശ്യമായതെന്ന് 'പെരിസ്‌ട്രോയ്ക്ക'യിലെ വരികളില്‍നിന്ന് വായിച്ചെടുക്കാം. സ്ത്രീയെ പുരുഷ തുല്യയാക്കുന്നതില്‍ വിജയിച്ചപ്പോള്‍ സ്ത്രീയാകുന്നതില്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് യുവ തലമുറയില്‍ വിനാശകരമായ പ്രവണതകള്‍ സൃഷ്ടിച്ചതെന്നും ഗോര്‍ബി നിരീക്ഷിക്കുന്നുണ്ട്. ലിംഗ സമത്വത്തിനും കുടുംബ ജീവിത നിരാസത്തിനും വേണ്ടി പോരാടുന്ന തങ്ങളുടെ നാട്ടിലെ കമ്യൂണിസ്റ്റ് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളും അവയെ നയിക്കുന്നവരും  പഠിക്കേണ്ടതാണീ പാഠം. 'ഇഷ്ടപ്പെടുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് ഇഷ്ടമുള്ളേടത്തോളം കൂടെ കഴിയാനും ഇഷ്ടമില്ലാത്തപ്പോള്‍ വേര്‍പിരിയാനും അനുവദിക്കുന്നതാണ് സോഷ്യലിസ്റ്റ് വിവാഹം' എന്ന് ഇ.എം.എസ് ശരീഅത്ത് വിവാദകാലത്ത് വിശദീകരിച്ചത് ഓര്‍ക്കുന്നത് നന്നാവും.
ഗോര്‍ബച്ചേവ് മനപ്പൂര്‍വം തകര്‍ത്തതല്ല, അടിമുതല്‍ മുടിവരെ തകര്‍ച്ചയെ നേരിടുന്ന പ്രത്യയശാസ്ത്രത്തെയും രാഷ്ട്രത്തെയും യഥാര്‍ഥ പ്രതിവിധി കണ്ടെത്താതെ ചികിത്സിക്കാന്‍ മിനക്കെട്ടതാണ് അദ്ദേഹത്തിന്റെ പരാജയമെന്ന് വ്യക്തമാണ്. ജോസഫ് സ്റ്റാലിന്റെ ഉരുക്ക് മുഷ്ടിയും ഇരുമ്പ് മറയും, സര്‍വോപരി മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തെക്കുറിച്ച പ്രതീക്ഷകളുമാണ് 33 വര്‍ഷക്കാലം സോവിയറ്റ് യൂനിയനെ നിലനിര്‍ത്തിയത്. പിന്‍ഗാമിയായി നികിത ക്രൂഷ്‌ചേവ് അധികാരമേറ്റതു മുതല്‍ റിവിഷനിസം (തിരുത്തല്‍ വാദം) ആരംഭിച്ചിരുന്നു. അദ്ദേഹം സ്ഥാനഭ്രഷ്ടനായി ബ്രഷ്‌നേവ് അധികാരമേറ്റപ്പോള്‍ ഒരിക്കല്‍ കൂടി സ്റ്റാലിനിസം നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും അഫ്ഗാന്‍ അധിനിവേശം ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ ബ്രഷ്‌നേവിനും വിനയായി വന്നു. പിന്നെ വന്ന യൂറി ആന്ദ്രപ്പോവും ചെര്‍ണങ്കോയും ഹ്രസ്വകാലമേ ജീവിച്ചുള്ളൂ. തുടര്‍ന്നാണ് 1985-ല്‍ ഗോര്‍ബി സ്ഥാനമേല്‍ക്കുന്നത്. തന്റെ രാജ്യത്തിന്റെ ദൈന്യാവസ്ഥ ശക്തമായ ഒരേറ്റുമുട്ടലിന് ഒരിക്കലും പ്രാപ്തമല്ലെന്ന് തിരിച്ചറിഞ്ഞ ഗോര്‍ബി, അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനുമായി കണ്ട് ശീത സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നൊബേല്‍ നേടിക്കൊടുത്തത്. അതുപക്ഷേ, വര്‍ഗ വഞ്ചനയും ഒറ്റിക്കൊടുക്കലുമായാണ് സോവിയറ്റ് യൂനിയനോട് ഗൃഹാതുരത്വം പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ചിത്രീകരിക്കുന്നത്. അതിലൊരു ശരിയുമില്ലെന്ന് വിധിക്കാന്‍ ഗോര്‍ബിയുടെ പില്‍ക്കാല ജീവിതം സഹായിക്കുന്നില്ല. തങ്ങളുടെ യഥാര്‍ഥ പ്രതിയോഗിയെ ഇരുത്താനും തളര്‍ത്താനും അമേരിക്ക കരുനീക്കങ്ങള്‍ നടത്തിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പക്ഷേ, പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളൊന്നടങ്കം കമ്യൂണിസത്തോട് വിട ചൊല്ലണമെങ്കില്‍ യാങ്കി കുത്തിത്തിരിപ്പുകള്‍ മാത്രം പോരാ. ഇന്നും പൂര്‍വ യൂറോപ്പിലും മധ്യേഷ്യയിലും എടുത്തു പറയാവുന്ന ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും നിലവിലില്ല. ഇത് പ്രത്യയശാസ്ത്രപരമായ തിരിച്ചടിയായിത്തന്നെ വിലയിരുത്തുന്നതല്ലേ കരണീയം? അല്ലെങ്കിലും ചരിത്രത്തിന്റെ ഗതിമാറ്റാന്‍ കമ്യൂണിസത്തിന്റെ ഉപജ്ഞാതാക്കള്‍ ആവിഷ്‌കരിച്ച ഒരു പ്രത്യയശാസ്ത്രം, ലെനിനും സ്റ്റാലിനും തദടിസ്ഥാനത്തില്‍ വിജയിപ്പിച്ചെടുത്ത ഒരു മഹാ വിപ്ലവം, മുക്കാല്‍ നൂറ്റാണ്ട് നീണ്ട സോവിയറ്റ് യൂനിയന്‍ എന്ന പരീക്ഷണം-എല്ലാം നിശ്ശേഷം തരിപ്പണമാക്കാന്‍ ഒരു ഭരണാധികാരിക്ക് സാധിച്ചു എന്ന് വിശ്വസിക്കണമെങ്കില്‍ ബുദ്ധിപരമായ പാപ്പരത്തം കുറഞ്ഞ അളവിലൊന്നും പോരാ. കമ്യൂണിസത്തിന്റെ മൗലിക സിദ്ധാന്തങ്ങളായ വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനവും മിച്ച മൂല്യ സിദ്ധാന്തവുമടക്കം തീര്‍ത്തും പൊള്ളയായിരുന്നു എന്നാണ് വാസ്തവത്തില്‍ തെളിയിക്കപ്പെട്ടത്. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സോഷ്യല്‍ ഡെമോക്രസിയെയെങ്കിലും മാറിപ്പിടിക്കാന്‍ നേരം വൈകിയിരിക്കുന്നു എന്നേ വിലയിരുത്താനാവൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് mhdpkd@gmail.com