Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 16

3268

1444 സഫര് 20

പറയുന്നതൊന്ന്,  ചെയ്യുന്നത് മറ്റൊന്ന്


നമ്മുടെ പ്രിയ നാട് ജീവിതത്തിന്റെ സകല തുറകളിലും പുരോഗമിച്ചു കാണണമെന്നാണ് ഓരോ പൗരനും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. പട്ടിണി, നിരക്ഷരത, യാചന, തൊഴിലില്ലായ്മ, വിവേചനം, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമം, ചൂഷണം- ഇതില്‍ നിന്നൊക്കെ രാജ്യത്തെ രക്ഷപ്പെടുത്തണം. എല്ലാവര്‍ക്കും ക്ഷേമവും സുരക്ഷിതത്വവും സമാധാനവും നീതിയും സാമൂഹിക സമത്വവും വിദ്യാഭ്യാസവും ലഭ്യമാവുന്ന ഒരു വിജയമാതൃക ലോകത്തിന് സമര്‍പ്പിക്കാനാവണം.... ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത് ഭാരതീയ സമൂഹത്തിന്റെ ഐക്യവും ക്ഷേമവും ലക്ഷ്യം വെച്ചാണ്. അങ്ങനെ അവരെ ഒരു മാതൃകാ സമൂഹമാക്കണം... ഭാരതീയ ചിന്ത ഒരിക്കലും വ്യക്തിപരമായ ചിന്തയല്ല, ഒരൊറ്റ സമൂഹം എന്ന നിലക്കാണ് അത് ചിന്തിച്ചിട്ടുള്ളത്. ആ സാമൂഹിക ചിന്തയെ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്....
രാഷ്ട്രീയ സ്വയം സേവക് സംഘി(ആര്‍.എസ്.എസ്)ന്റെ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്,  സംഘടനയുടെ ദല്‍ഹി ഘടകം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹമാണ് മുകളില്‍ കൊടുത്തത്. ഏതൊരു ഇന്ത്യന്‍ പൗരന്റെയും ആഗ്രഹവും പ്രതീക്ഷയും സ്വപ്‌നവുമാണിതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. മോഹന്‍ ഭാഗവത് ഈയടുത്ത് നടത്തിയ പ്രസംഗങ്ങളിലെല്ലാം ഇത്തരം വാക്യങ്ങള്‍ ധാരാളമായി കയറിവരുന്നുണ്ട്. അദ്ദേഹത്തോട് തിരിച്ചങ്ങോട്ട് ചില ചോദ്യങ്ങള്‍ ചോദിക്കാതെ നിവൃത്തിയില്ല. ഭാരതം ഏക സമാജമാണെന്ന് പറഞ്ഞല്ലോ. അതില്‍ എല്ലാ മതക്കാരും പെടുമോ? അതോ ഒരു പ്രത്യേക മതക്കാരെ മാത്രമാണോ ഏക സമാജം കൊണ്ട് ഉദ്ദേശിക്കുന്നത്? ഇന്ത്യ മറ്റു രാജ്യങ്ങളെപ്പോലെയല്ല. ഇവിടെ പല വര്‍ഗങ്ങളിലും ജാതികളിലും മതങ്ങളിലും പെട്ടവരാണ് വസിക്കുന്നത്.  ഒരേ ഭാഷയല്ല അവര്‍ സംസാരിക്കുന്നത്. പലതരം സാമൂഹിക, സാംസ്‌കാരിക മുദ്രയുള്ളവരാണ്. മറ്റെങ്ങും കാണാത്ത വിധം വൈവിധ്യവും വൈജാത്യവും പുലര്‍ത്തുന്ന ഈ ജനവിഭാഗങ്ങള്‍ വളരെ അത്ഭുതകരമായ രീതിയില്‍ നൂറ്റാണ്ടുകളായി ഇവിടെ പരസ്പര സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും ജീവിതം നയിച്ചുവരികയാണ്. എന്തു പേരുദോഷമുണ്ടായാലും ഈ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ത്തേ അടങ്ങൂ എന്ന വാശിയിലാണ് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന സംഘ് പരിവാര്‍ വിഭാഗങ്ങള്‍. ഇതിന് തെളിവ് തേടി എങ്ങും പോകേണ്ടതില്ലാത്ത വിധം നമ്മുടെ രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക- മതകീയ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇന്ത്യന്‍ സമൂഹത്തെ നെടുകെ പിളര്‍ക്കുന്ന അവരുടെ വിധ്വംസക പ്രവൃത്തികള്‍. ഭരണകൂടവും അതിന്റെ ഏജന്‍സികളും ഇതിന് കൂട്ടുനില്‍ക്കുന്നു. അപ്പോള്‍ ആര്‍.എസ്.എസ് അതിന്റെ ദര്‍ശനവും കാഴ്ചപ്പാടുമായി അവതരിപ്പിക്കുന്നത് കേള്‍ക്കാന്‍ ഇമ്പമുള്ള ഏക സമൂഹം, എല്ലാവര്‍ക്കും നീതി പോലുള്ള ആശയങ്ങള്‍. പ്രവൃത്തി പഥത്തില്‍ കാണുന്നത് അതിന് തീര്‍ത്തും വിരുദ്ധമായ വിധ്വംസക - ധ്രുവീകരണ നീക്കങ്ങള്‍. പ്രസംഗത്തില്‍ പറയുന്ന വിശാല ചിന്ത പ്രവൃത്തിയില്‍ കാണാനേയില്ല. രാഷ്ട്രീയ എതിരാളികളെ അവര്‍ക്ക് ഒട്ടും സഹിക്കാന്‍ പറ്റുന്നില്ല. സത്യം വിളിച്ചു പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ ഭരണകൂട മെഷിനറിയുടെ സഹായത്തോടെ കാരാഗൃഹത്തിലടക്കുന്നു.
ദാഹിച്ചു വലഞ്ഞ ഒമ്പത് വയസ്സുകാരന്‍ തന്റെ സ്വന്തം അധ്യാപകന്റെ പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ആ ബാലനെ തല്ലിക്കൊന്നിട്ട് ദിവസങ്ങളേ ആയുള്ളൂ! സംസ്‌കാര സമ്പന്നരെന്ന് കരുതപ്പെടുന്ന അധ്യാപകര്‍ പോലും ഈ വിധം ജാതിവെറി കേറി പിശാചുക്കളായി മാറുന്ന ഒരു സമൂഹം ലോകത്തിന് എന്ത് മാതൃക കാഴ്ചവെക്കും എന്നാണ് മോഹന്‍ ഭാഗവത് പറയുന്നത്? പതിനാലു പേരെ നിര്‍ദയം വെട്ടിക്കൊല്ലുകയും ഒരു സ്ത്രീയെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത കാപാലികരെ വളഞ്ഞ വഴിയിലൂടെ ജയിലില്‍ നിന്നിറക്കി കൊണ്ടുവന്ന് പൂവും മാലയുമിട്ട് സ്വീകരിച്ചവരാണോ ലോകത്തിന് വഴികാട്ടാന്‍ പോകുന്നത്?
വെറുതെ വാചകമടിച്ച് പരിഹാസ്യരാകുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക: ഏതൊരു സമൂഹം അതിക്രമങ്ങളില്‍ നിന്നും കൈയേറ്റങ്ങളില്‍ നിന്നും മുക്തി നേടുന്നുവോ,  ഏറ്റക്കുറച്ചിലില്ലാതെ എല്ലാവര്‍ക്കും നീതി ലഭ്യമാക്കുന്നുവോ, അവര്‍ സ്വയം തന്നെ ഉന്നത ധാര്‍മിക ഗുണങ്ങളുടെ വാഹകരാകുന്നുവോ അപ്പോള്‍ മാത്രമേ അവരില്‍ നിന്ന് ഒരു മാതൃകാ സമൂഹത്തെ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഈ മൂന്ന് ഗുണങ്ങള്‍ ഇല്ലെങ്കില്‍ ഒരു സമൂഹത്തിനും മാതൃക കാണിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, അവര്‍ ജീര്‍ണിച്ച് തകര്‍ന്നടിയുക തന്നെ ചെയ്യും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-14-15
ടി.കെ ഉബൈദ്‌

ഹദീസ്‌

മദ്യം കുറ്റകൃത്യങ്ങളുടെ മാതാവ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട് mhdpkd@gmail.com