Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

കൊടുമയില്‍  മൊയ്തു മൗലവി

നൗഷാദ് പൈങ്ങോട്ടായി

കോഴിക്കോട് ജില്ലയിലെ  പൈങ്ങോട്ടായി  ഗ്രാമത്തിന്റെ മത-സാംസ്‌കാരിക-ധാര്‍മിക മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്ന നായകനായിരുന്നു കൊടുമയില്‍ മൊയ്തു മൗലവി. 1960-കളില്‍ ഹാജിസാഹിബും കെ.സി അബ്ദുല്ല മൗലവിയും വിത്ത്പാകിയ മണ്ണിലേക്ക്, തൊട്ടടുത്ത പ്രദേശമായ വേളം ശാന്തിനഗറിലെ പണ്ഡിതകുടുംബത്തില്‍ നിന്നാണ് മൗലവി പൈങ്ങോട്ടായിയിലെത്തുന്നത്. പണ്ഡിതനായ പിതാവില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയ ശേഷം പള്ളിദര്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, ആലിയാ അറബിക് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി.
പൈങ്ങോട്ടായിയില്‍ എത്തിയ നാള്‍മുതല്‍ കെ.എ മുഹമ്മദ് മൗലവിയോടൊപ്പം 'മിസാലി ബസ്തി' (മാതൃകാ ഗ്രാമം) എന്ന ആശയം പ്രയോഗവത്കരിക്കാനുള്ള അക്ഷീണദൗത്യത്തിലായിരുന്നു മൊയ്തു മൗലവി. തലമുറകള്‍ക്ക് ആത്മീയാക്ഷരങ്ങള്‍ അഭ്യസിപ്പിച്ചു കൊണ്ടാരംഭിച്ച അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍, പിന്നീട് ഒരു നാടിന്റെ നാഡിമിടിപ്പുകള്‍ തൊട്ടറിഞ്ഞു കൊണ്ടുള്ളതായി. പരിഷ്‌കരണ സംരംഭങ്ങള്‍ക്ക് അവധാനതയോടെ അദ്ദേഹം നേതൃത്വം നല്‍കി.
മൗലവിയുടെ ഗൗരവം സ്ഫുരിക്കുന്ന ഭാഷണങ്ങളും വശ്യമനോഹരമായ ഖുര്‍ആന്‍ പാരായണവും നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളെ തലമുറഭേദമന്യേ ആകര്‍ഷിക്കുന്നതായിരുന്നു. ദീര്‍ഘകാലം അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ എന്ന, പ്രദേശത്തെ മതപാഠശാലയുടെ പ്രിന്‍സിപ്പലായി സേവനം ചെയ്തു.  പ്രാദേശിക ജമാഅത്ത് ഹല്‍ഖാ അമീര്‍, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. സദാസമയം പുഞ്ചിരിച്ചും സര്‍വരോടും പിതൃനിര്‍വിശേഷമായി ഇടപെട്ടും പുതിയ തലമുറയിലടക്കം വലിയ സ്വാധീനം സൃഷ്ടിക്കുന്നതായിരുന്നു മൗലവിയുടെ പ്രവര്‍ത്തനങ്ങള്‍.
വിദ്യാഭ്യാസത്തിന് ശേഷം, ചെറുപ്രായത്തില്‍ തന്നെ പൈങ്ങോട്ടായിയിലെത്തി, നാടിന് തികച്ചും അപരിചിതമായ ഒരു പ്രസ്ഥാനത്തെയും ധാര്‍മികമൂല്യങ്ങളിലധിഷ്ഠിതമായ മഹല്ല് സംവിധാനത്തെയും ശൂന്യതയില്‍ നിന്ന് കെട്ടിപ്പടുക്കാനുള്ള പരിശ്രമങ്ങളില്‍ നേതൃപരമായ പങ്ക് നിര്‍വഹിച്ചാണ് ആ ഗുരുവര്യന്‍ കണ്ണടക്കുന്നത്. ധീരമായ ഇടപെടലുകളിലൂടെ നാട്ടിന്റെ നായകന്മാരായി മുന്നില്‍ നടന്നവരുടെ വിയോഗം സംഭവിക്കുമ്പോള്‍ സംഭവബഹുലമായ ഒരധ്യായം മാത്രമല്ല, ഒരു നാട് തന്നെയാണ് അനാഥമാവുന്നത്. അടുക്കും ചിട്ടയുമുള്ള ജീവിതം, വൃത്തിയും കണിശതയുമുള്ള ഓഫീസ് സംവിധാനം, സൂക്ഷ്മതയും ജാഗ്രതയുമുള്ള കണക്കെഴുത്തുകള്‍ തുടങ്ങി, ഏര്‍പ്പെടുന്ന ജോലികളില്‍ സൂക്ഷ്മതയും ശ്രദ്ധയും വേണമെന്ന് അദ്ദേഹം കുട്ടികളെയും നാട്ടുകാരെയും സ്വജീവിതം കൊണ്ട് പഠിപ്പിച്ചു.
ഭാര്യ: ബിയ്യാത്തു. മക്കള്‍: സി. മുഹമ്മദലി, (ഹൈസ്‌കൂള്‍ അധ്യാപകന്‍), ഇഖ്ബാല്‍ (അബുദാബി), സല്‍മ, സക്കീന, റഹീന, റജിന. 
സഹോദരങ്ങള്‍: അബ്ദുര്‍റഹ്മാന്‍, കാസിം, ഇബ്രാഹീം, മര്‍ഹൂം കുഞ്ഞബ്ദുല്ല, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. സഹോദരി: മൈമൂന.
കെ.കെ അബൂബക്കര്‍ (മിനിസ്റ്ററി ഓഫ് ഇന്‍ഫര്‍മേഷന്‍, അബുദാബി) അഹമ്മദ് വള്ള്യാട്, റഫീഖ്, ജവാദ് പാലേരി (ബിസിനസ് - ഷാര്‍ജ), ഖൈറുന്നിസ, സുല്‍ഫ എന്നിവര്‍ ജാമാതാക്കളാണ്.
പ്രശസ്ത ഹദീസ് പണ്ഡിതനും ചേന്ദമംഗല്ലൂര്‍, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജുകളില്‍ പ്രിന്‍സിപ്പലുമായിരുന്ന വി. അബ്ദുല്ലാ ഉമരി സഹോദരീഭര്‍ത്താവാണ്.


കെ.ടി  ഇബ്‌റാഹീം

ശാന്തപുരത്തുകാര്‍ക്കും അബുദാബി -മുസഫ്ഫക്കാര്‍ക്കും ഏറെ സുപരിചിതനായ കാടംതൊടി ഇബ്രാഹീം (വല്ല്യാക്ക) അല്ലാഹുവിലേക്ക് യാത്രയായി. കുറെക്കാലമായി പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അസ്വസ്ഥത തോന്നി വിദഗ്ധ പരിശോധനയ്ക്ക് വിധേയനായപ്പോള്‍ വേറൊരു രോഗത്തിനു കൂടി അടിപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമായി. ഏതാനും ദിവസങ്ങള്‍ക്കകം അല്ലാഹുവിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.
ശാന്തപുരം ഇസ്‌ലാമിയ കോളേജ് ആദ്യകാല വിദ്യാര്‍ഥിയായിരുന്നു. തുടര്‍ന്ന് ചായ കച്ചവടം നടത്തി. 25 വര്‍ഷം യു.എ.ഇ യിലെ മുസഫ്ഫയില്‍ ജോലി ചെയ്തു. മര്‍ഹൂം  കെ.ടി അബ്ദുര്‍റഹീം സാഹിബ് യു.എ.ഇയില്‍ ഉള്ളപ്പോള്‍ മുസഫ്ഫയിലെ പ്രസ്ഥാന പ്രവര്‍ത്തന രംഗത്ത് മുന്‍നിരയിലുണ്ടായിരുന്നു. മുസഫ്ഫ ഘടകത്തിന്റെ അമീറുമായിരുന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ ശേഷം കൃഷിയിലും കച്ചവടത്തിലും പ്രസ്ഥാന - പൊതു പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായിരുന്നു. ശാന്തപുരം മഹല്ല് കമ്മിറ്റി അംഗം, ശാന്തപുരം മഹല്ല് കൗണ്‍സിലര്‍, ശാന്തപുരം നോര്‍ത്ത് പ്രഥമ ഹല്‍ഖാ നാസിം, മദ്‌റസാ-പള്ളി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ശാന്തപുരം നോര്‍ത്തിലുള്ള നിസ്‌കാര പള്ളി വിപുലീകരണ പ്രക്രിയക്ക് തുടക്കംകുറിച്ചത് അദ്ദേഹമായിരുന്നു.
പൊതു കാര്യങ്ങളില്‍ ഇടപെടുകയും പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു. ആരാധനകളിലും സകാത്ത്, ദാനധര്‍മങ്ങളിലും, കുടുംബത്തെ ഇസ്‌ലാമിക വല്‍ക്കരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു.
മക്കള്‍ ഇസ്‌ലാമിയ കോളേജ് പൂര്‍വ വിദ്യാര്‍ഥികളും, പ്രസ്ഥാനഘടനയിലുള്ളവരുമാണ്. ഭാര്യ: ആഇശ. മക്കള്‍: ഫാത്വിമ, സത്താര്‍, അശ്‌റഫ്, ഉമ്മുഹബീബ. മരുമക്കള്‍: മുഹമ്മദുണ്ണി വാണിയമ്പലം, റംലത്ത്, ലൈല, ബഷീര്‍ വണ്ടൂര്‍.


എ.കെ ഖാലിദ് മാസ്റ്റര്‍ ശാന്തപുരം

 

 

പച്ചിലേരി അബൂബക്കര്‍

മര്‍ഹൂം പച്ചിലേരി ആലി ഹാജിയുടെ മകന്‍ പച്ചിലേരി അബൂബക്കര്‍ സാഹിബ് വിടവാങ്ങി.
നൊച്ചാടിന്റെ സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളില്‍ ശ്രദ്ധേയമായ കാല്‍വെപ്പുകള്‍ നടത്തി മൂന്നാം വയസ്സിലേക്ക് പ്രവേശിക്കുന്ന നൊച്ചാട് സകാത്ത് സെല്ലിന്റെ സാരഥിയായിരുന്നു.
അദ്ദേഹം ചെയര്‍മാനായിരിക്കെ, കണ്‍വീനറായി എനിക്കും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനായി. ഉപദേശനിര്‍ദേങ്ങളുമായി സകാത്ത് സെല്ലിന്റെ ചലനങ്ങള്‍ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു. അതിന്റെ പ്രഥമ സംരംഭമായ 'ഒരു കുടുംബത്തിന് തൊഴില്‍ - ഒരു ഓട്ടോ' എന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം മാതൃകാപരമായിരുന്നു.
നിത്യരോഗികള്‍ക്ക് ചികിത്സാ സഹായമെത്തിക്കുന്നതിലും, ചികിത്സ കാരണം കടത്തിലായ കുടുംബങ്ങളെ അതില്‍നിന്ന് കരകയറ്റുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സകാത്ത് സെല്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. സദ്വൃത്തരായ സന്താനങ്ങളാല്‍ അനുഗൃഹീതനായിരുന്നു അബൂബക്കര്‍ സാഹിബ്.


എന്‍.പി.എ കബീര്‍

പരേതരെ അല്ലാഹു മഗ്ഫിറത്തും
മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത
സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌