Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

പടച്ചവന് ഒരു പരിഭവക്കത്ത്

ഡോ. സമീര്‍ യൂനുസ്

'പടച്ചവന് ഒരു പരിഭവക്കത്ത്' എന്ന തലക്കെട്ടില്‍ എനിക്ക്, ഭര്‍തൃമതിയായ ഒരു സ്ത്രീയുടെ എഴുത്ത് കിട്ടി. വായനക്കാര്‍ക്ക് അതിന്റെ ഉള്ളടക്കം ഉപകാരപ്പെടുമെന്നതിനാല്‍ എഴുതിയ വ്യക്തിയുടെ പേരോ മേല്‍വിലാസമോ സൂചിപ്പിക്കാതെ അതിവിടെ ചേര്‍ക്കുന്നു. ആ കത്തിന്റെ ഉള്ളടക്കം നോക്കാം.
ഭര്‍ത്താവ് ജോലിസ്ഥലത്ത് നിന്ന് ഏറെ പരിക്ഷീണനായി വീട്ടിലേക്ക് കയറിവരുമ്പോള്‍ പ്രിയപ്പെട്ടവള്‍ അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിക്കുന്നു. അവള്‍ അണിഞ്ഞൊരുങ്ങി സുന്ദരിയായിട്ടുണ്ട്. തീന്‍ മേശയില്‍ സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി വെച്ചിട്ടുണ്ട്. പാചകത്തിന്റെ തിരക്കിനിടയിലും കുളിച്ച് വൃത്തിയായി ഏറ്റവും മനോഹരമായ വസ്ത്രം ധരിച്ച് അയാളെ അവള്‍ കാത്തിരിക്കുന്നുണ്ട്. പച്ചക്കറി അരിയുമ്പോള്‍ കൈവിരലുകളിലേറ്റ മുറിവുകള്‍ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്. ഉള്ളി തൊലിക്കുമ്പോള്‍ കണ്ണില്‍ നിന്ന് പുറത്തുചാടിയ ജലകണികകള്‍ അവള്‍ ഒരടയാളവും ബാക്കി വെക്കാതെ തുടച്ചുകളഞ്ഞിട്ടുണ്ട്. എല്ലാം പ്രിയനെ പ്രണയപൂര്‍വം സന്തോഷത്തോടെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിന്റെ ഭാഗം.
എന്നാല്‍, അതൊന്നും ഒട്ടും ഗൗനിക്കാതെ ഭര്‍ത്താവ് വീട്ടിലേക്ക് കയറിവന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ നീരസത്തിന്റെ മൂന്നു വര മുദ്രണം ചെയ്യപ്പെട്ടിരുന്നു. അയാള്‍ കണ്ണു കൊണ്ട് അവള്‍ക്കു നേരെ ഒരു നോട്ടം പോലുമെറിഞ്ഞില്ല. അവളണിഞ്ഞൊരുങ്ങിയതിനെക്കുറിച്ചോ വീട് അലങ്കരിച്ചതിനെക്കുറിച്ചോ പ്രശംസാ വാക്കുകളില്ല; കൃതജ്ഞതാ ഭാവം ഒട്ടുമേയില്ല. അയാള്‍ ഒരക്ഷരം മിണ്ടിയില്ല.
അതൊട്ടും കാര്യമാക്കാതെ അവള്‍ അയാളെ ഹൃദ്യമായിത്തന്നെ സ്വീകരിച്ചു. ശേഷം ഡൈനിംഗ് ടേബിളില്‍ അയാള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണം വിളമ്പി. എന്നിട്ടും അയാളുടെ മുഖത്തെ നിസ്സംഗത വിട്ടുമാറിയില്ല. അയാള്‍ അവളുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചതേയില്ല.
ഉള്ളില്‍ പ്രണയവും ഇഴയടുപ്പവും ഊഷ്മളതയും നിറക്കുന്ന ചുവപ്പ്, മഞ്ഞ, വെളുപ്പ് നിറത്തിലുള്ള റോസാപൂക്കളും അവക്ക് ചുറ്റും കത്തിച്ചുവെച്ച മെഴുകുതിരികളും അയാള്‍ ശ്രദ്ധിച്ചതേയില്ല. അവള്‍ വീട്ടില്‍ അത്രമേല്‍ പ്രണയാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. റോസാപൂക്കളുടെയും പ്രണയത്തിന്റെയും പെണ്ണിന്റെയും ഭാഷ മാത്രം പക്ഷേ, അയാള്‍ക്ക് മനസ്സിലാകുന്നില്ല. പ്രണയത്തിന്റെ നിയമ പുസ്തകത്തില്‍ അയാള്‍ നിരക്ഷരനാണ്.
അവരിരുവരും ഭക്ഷണം കഴിക്കാനിരുന്നു. അയാളുടെ കൈകള്‍ ധൃതിയില്‍ പാത്രങ്ങളില്‍ നിന്ന് പാത്രങ്ങളിലേക്ക് ചലിച്ചു. ആര്‍ത്തിയോടെയും ഇഷ്ടത്തോടെയും വാരിവലിച്ച് കഴിച്ചു. അവള്‍ പാചകത്തില്‍ നല്ല കൈപുണ്യമുള്ളവളാണെന്ന് പറയുകയും പ്രശംസിക്കുകയും ചെയ്യാത്തവരായി ആരുമില്ല. എന്നാല്‍, അയാള്‍ മാത്രം ഇതുവരെ ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.
എന്താണ് സംഭവിക്കുന്നതെന്ന് അവള്‍ക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. താന്‍ ധരിച്ച പുതിയ വസ്ത്രം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു കാണില്ലേ? - അവള്‍ സന്ദേഹിച്ചു. അല്‍പ നേരത്തെ ആലോചനക്ക് ശേഷം ബെഡ് റൂമില്‍ ചെന്ന് അവള്‍ വിവാഹ ദിനത്തിലണിഞ്ഞ, നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന  വസ്ത്രത്തില്‍ അണിഞ്ഞൊരുങ്ങി.
പ്രണയത്തിന്റെയും വിരഹത്തിന്റെയും ഓര്‍മകള്‍ അയവിറക്കി ഒരിക്കല്‍ അവള്‍ അയാളോട് ചോദിച്ചു: 'വിവാഹ സുദിനത്തിലെ ആ വസ്ത്രത്തെക്കുറിച്ച് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?'
നിര്‍വികാരതയോടെ പരുക്കന്‍ ശബ്ദത്തില്‍ അയാള്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'അതെ, ഓര്‍മയുണ്ട്. കല്യാണ സമ്മാനമായി വാങ്ങിയ ഈ ഡ്രസ്സ് ഏഴു വര്‍ഷമായി നീ അണിയുന്നു. അതിനാല്‍ തന്നെ അത് നരച്ച് പഴകിയിട്ടുണ്ട്. പിന്നെ നിനക്ക് ഇപ്പോള്‍ പ്രായവുമേറിയിട്ടുണ്ട്. നിന്റെ  പ്രായത്തിനനുസൃതമായ വസ്ത്രമാണ് നിനക്ക് നല്ലത്.'
ഇത് കേട്ടപ്പോള്‍ അവളുടെ മുഖം മങ്ങി. ഇപ്പോള്‍ ഈ വസ്ത്രം ധരിച്ചത് തെറ്റായിപ്പോയി എന്ന് അവളുടെ ഉള്ളം മന്ത്രിച്ചു. അനുരാഗാത്മകവും പ്രണയാര്‍ദ്രവുമായ മനോഹരമായ ഭൂതകാലത്തേക്ക് ഭര്‍ത്താവിന്റെ ഓര്‍മകളെ കൂട്ടിക്കൊണ്ടു പോകാന്‍ വേണ്ടിയായിരുന്നു അവള്‍, വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ ആ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞത്. പക്ഷേ, ഫലം അവള്‍ പ്രതീക്ഷിച്ചതായിരുന്നില്ല. അതിനാല്‍  ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ അവള്‍ പുതിയ വഴികള്‍ തെരഞ്ഞു തുടങ്ങി.
അല്‍പ നേരത്തെ ആലോചനകള്‍ക്കു ശേഷം അവള്‍ പ്രണയപൂര്‍വം അയാളോടൊട്ടി ഇരുന്നു. ആര്‍ദ്രമായി അവള്‍ ചോദിച്ചു: 'സുഗന്ധം പൊഴിക്കുന്ന സുന്ദരമായ ഇതളുകളുള്ള ഈ റോസാ പൂക്കള്‍ എന്തു ഭംഗിയാണല്ലേ, ഈ മെഴുകുതിരി വെട്ടത്തില്‍ നമ്മള്‍ മാത്രം. എന്താ ഞാന്‍ സുന്ദരിയല്ലേ? പ്രിയപ്പെട്ടവനേ... പറയൂ.'
അയാള്‍ നിര്‍വികാരതയോടെ ഇങ്ങനെ  പറഞ്ഞു: 'എനിക്കൊന്നും മനസ്സിലാകുന്നില്ല. നമ്മുടെ വീട്ടില്‍ കറന്റുണ്ടായിരിക്കെ നമ്മളെന്തിനാണ് മെഴുകുതിരിയും കത്തിച്ച് മങ്ങിയ വെളിച്ചത്തില്‍ നില്‍ക്കുന്നത്? നമ്മുക്കിരുവര്‍ക്കും പ്രായമേറെയായില്ലേ? പിന്നെ എന്തിനാണ് കൗമാരക്കാരെപ്പോലെ നാം പെരുമാറുന്നത്? നിനക്ക് ഒരല്‍പം യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറിക്കൂടേ?'
എന്തൊരു ക്ഷമയാണ് ഈ ഭാര്യക്ക്. അവള്‍ ഒരിക്കല്‍ പോലും നിരാശപ്പെട്ടില്ല. അവള്‍  ഇങ്ങനെ ആത്മഗതം ചെയ്തു: ഭര്‍ത്താവിനോടുള്ള അദമ്യമായ പ്രണയത്താലും അനുരാഗത്താലും സന്തോഷവും സ്‌നേഹവും ആനന്ദവും നിറഞ്ഞ ഒരു ചുറ്റുപാട് സൃഷ്ടിച്ചെടുക്കുന്നതിനായി ഞാന്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മേശയില്‍ നിരത്തിവെച്ച വിഭവസമൃദ്ധമായ പലതരം ഭക്ഷണത്തെക്കുറിച്ച് ഞാന്‍ അയാളോട് അഭിപ്രായങ്ങള്‍ ചോദിച്ചു തുടങ്ങി.
സാലഡിനെ കുറിച്ച് ചോദിച്ചപ്പോള്‍  ഇത്തിരി കൂടി കുരുമുളകു പൊടി ആകാമായിരുന്നു എന്നും സൂപ്പിനെ കുറിച്ച് ചോദിച്ചപ്പോള്‍ ചൂടിത്തിരി കുറഞ്ഞുപോയി എന്നും ചോറിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഉപ്പ് കുറവാണെന്നും പൊരിച്ച മാംസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതില്‍ കുറച്ചുകൂടി മസാല ചേര്‍ത്തിരുന്നെങ്കില്‍ കൂടുതല്‍ മെച്ചപ്പെടുമായിരുന്നുവെന്നും അയാള്‍  പറഞ്ഞു.
ഇതും കൂടി കേട്ടപ്പോള്‍ കടുത്ത നിരാശയും മോഹഭംഗവും എന്നെ വലയം ചെയ്യുന്നതായി തോന്നി. എന്റെ ആത്മാവ് അസ്വസ്ഥതകളാല്‍ പുകഞ്ഞു. നീണ്ട ഒരു പകല്‍ മുഴുക്കെ വീട്ടുജോലികളില്‍ മുഴുകിയതിന്റെ കഠിന ക്ഷീണം നിമിത്തം ഭര്‍ത്താവിന് ശുഭരാത്രി നേര്‍ന്ന് ഞാന്‍ കിടപ്പറയിലേക്ക് ഉറങ്ങാന്‍ ചെന്നു. ഒരു യന്ത്രം കണക്കെ നാളെ വീണ്ടും വീട്ടു ജോലികളിലേക്ക് തിരികെ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടായിരുന്നു കിടത്തം.
പെട്ടെന്നൊന്നും  ഉറക്കം വന്നില്ല. എന്റെ മനസ്സ് ഭര്‍ത്താവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂതകാല ഓര്‍മകള്‍ വീണ്ടും തിരികെ കൊണ്ടുവന്നു. വിവാഹാലോചനയുടെ സമയത്ത് അദ്ദേഹം എത്രമാത്രം എന്നെ പുകഴ്ത്തിയിരുന്നു. എന്റെ സൗന്ദര്യത്തെയും സ്വഭാവത്തെയും പ്രകീര്‍ത്തിക്കാനും പ്രശംസിക്കാനും മണിക്കൂറുകള്‍ അയാള്‍ ചെലവഴിച്ചിരുന്നു. അന്നേരത്തെല്ലാം, അതിശയോക്തിപരമായി എന്നെ പുകഴ്ത്തുന്നത് കുറക്കണം എന്ന് ഞാന്‍ അദ്ദേഹത്തോട് പലപ്പോഴും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ന് ഞാന്‍ അയാളില്‍ നിന്ന് വളരെ നേര്‍ത്ത ഒരു പ്രശംസാ വാചകം കേള്‍ക്കാന്‍ കൊതിച്ചുകൊണ്ട് ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. നന്നായി അണിഞ്ഞൊരുങ്ങുന്നു. വീട് വൃത്തിയാക്കി വെക്കുന്നു. അടുക്കളയില്‍ അയാള്‍ക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം പാകം ചെയ്യുന്നതിന് കുറേ നേരം ചെലവിടുന്നു. എന്നാല്‍, അതൊന്നും അയാളുടെ ചെറിയ നോട്ടത്തില്‍ പോലും  ചെന്നെത്തുന്നില്ല. ഒരു നല്ല വാക്കും ഞാന്‍ കേള്‍ക്കുന്നില്ല. ഇനി എനിക്ക് എന്റെ പരിഭവങ്ങള്‍ പറയാന്‍ അല്ലാഹു മാത്രമേയുള്ളൂ!
ദാമ്പത്യ ജീവിതത്തെ മനോഹരമാക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും നന്ദിയുടെയും പ്രശംസയുടെയും പുകഴ്ത്തലുകളുടെയും വാക്കുകളും സമീപനങ്ങളും വഹിക്കുന്ന പങ്ക് അതുല്യമാണെന്ന് മനഃശാസ്ത്ര വിദഗ്ധരും സാമൂഹിക വിചക്ഷണരും നിരീക്ഷിക്കുന്നുണ്ട്. ചില ദമ്പതികള്‍ കൃതജ്ഞത രേഖപ്പെടുത്തുന്നതിലും പ്രശംസ ചൊരിയുന്നതിലും അങ്ങേയറ്റത്തെ പിശുക്ക് കാണിക്കുന്നവരാണ്.
ഭാര്യ തയാറാക്കിയ ഒരു വിഭവത്തെക്കുറിച്ച് നല്ല വാക്ക് പറയുന്നതും അതേക്കുറിച്ച് നന്ദിയോടെ സ്മരിക്കുന്നതും അവളില്‍ സൃഷ്ടിക്കുന്ന സ്വാധീനം ചെറുതല്ല. ആ വാക്കുകളും സമീപനവും അവളില്‍ എന്തെന്നില്ലാത്ത ഊര്‍ജം നിറക്കുന്നു. അവള്‍ അതുവഴി കൂടുതല്‍ സംതൃപ്തയാകും. അവളുടെ ജീവിതം കൂടുതല്‍ നിറമുള്ളതായിത്തീരും. പ്രിയ ഭര്‍ത്താക്കന്മാരേ, നിങ്ങള്‍ക്ക് യാതൊരു സാമ്പത്തിക ചെലവും ഇല്ലാത്ത ഒന്നാണിത്. ആ വാക്കുകള്‍ അവളുടെ ജീവിതത്തിലും ദാമ്പത്യത്തിലും കൊണ്ടുവരുന്ന മാറ്റങ്ങളും സ്വാധീനങ്ങളും അതുല്യമാണ്. അത് ദമ്പതികള്‍ക്കിടയില്‍ പ്രണയവും കരുതലും ഊഷ്മളമാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഇത്തരം നന്ദി വാക്കുകള്‍ ഭാര്യമാരുടെ മനസ്സുകളില്‍ ഭര്‍ത്താക്കന്മാരെ കുറിച്ച മതിപ്പ്  വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ദാമ്പത്യ ജീവിതത്തില്‍ പരസ്പര ബഹുമാനവും പ്രശംസയും നന്ദിയും ഉള്ളുതുറന്ന് പ്രകടിപ്പിക്കാത്തതിന്റെ പേരില്‍ എത്രയോ കുടുംബ ബന്ധങ്ങള്‍ ശിഥിലമായിട്ടുണ്ട്.
സ്വന്തം ഭാര്യ ഭര്‍ത്താവിന് വേണ്ടി അണിഞ്ഞൊരുങ്ങുമ്പോഴും ഭക്ഷണം പാചകം ചെയ്യുമ്പോഴും വീട് വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യുമ്പോഴും, അവള്‍ ആഗ്രഹിക്കുന്ന നല്ല വാക്കുകളും പെരുമാറ്റവും സമീപനവും ഭര്‍ത്താവില്‍ നിന്ന് ലഭിക്കാതിരിക്കുമ്പോള്‍ അവള്‍ അയാള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പും അണിഞ്ഞൊരുങ്ങലും പലപ്പോഴും ഉപേക്ഷിക്കുന്നു. പുകഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്ന അന്യപുരുഷന്മാരുടെ കരുതലും ചേര്‍ത്തുനിര്‍ത്തലും പലപ്പോഴും അവളെ അവിഹിതമായ ബന്ധങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. പരിഗണന മറ്റൊരിടത്ത് തെരയുന്നു.
ദാമ്പത്യ ജീവിതത്തില്‍ കൃതജ്ഞതയും നന്ദിയും അഭിനന്ദനങ്ങളും നഷ്ടപ്പെടുമ്പോള്‍ പലപ്പോഴും ജീവിതം നാം അറിയാതെ തന്നെ നരക തുല്യമായി മാറുന്നു. 
(വിവ: എ.പി ശംസീര്‍) 
shamseerap@gmail.com
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌