Prabodhanm Weekly

Pages

Search

2012 മെയ് 26

ധീരമാതാവിന്റെ കഥ

സുബൈര്‍ കുന്ദമംഗലം

ചരിത്രം  
ഇബ്നു സുബൈര്‍: ധീരമാതാവിന്റെ വീരപുത്രന്‍-2

ധീരയായ മഹിളാ രത്നമാണ് ഇബ്നു സുബൈറിന്റെ മാതാവ് അസ്മ ബിന്‍ത് അബീബക്കര്‍. ഇസ്ലാമിന് പതിനേഴ് അനുയായികള്‍ മാത്രമുള്ളപ്പോള്‍ പതിനെട്ടാമത്തവളായി അസ്മ കലിമ ചൊല്ലി. ഇസ്ലാമിന്റെ പാതയില്‍ അവര്‍ ഒട്ടേറെ സഹിച്ചു.
പ്രവാചകന്റെ ഹിജ്റ വേള. കൂട്ടിന് അസ്മയുടെ പിതാവ് അബൂബക്കറുമുണ്ട്. നിര്‍ണായക നിമിഷങ്ങളായിരുന്നു അത്. ശത്രുക്കള്‍ പ്രവാചകന്റെ ശിരസ്സിന് ഇനാം പ്രഖ്യാപിച്ചിരിക്കുന്നു. അതീവ രഹസ്യമായാണ് ഇരുവരുടെയും പലായനം. സൈകതഭൂമിയും പാറക്കെട്ടുകളും താണ്ടി പാത്തും പതുങ്ങിയും അവര്‍ സൌര്‍ ഗുഹയിലെത്തി. അവിടെ ഒളിച്ചിരുന്ന നബിക്കും സതീര്‍ഥ്യനും ഭക്ഷണമെത്തിക്കുന്ന ജോലിയാണ് അസ്മക്കുണ്ടായിരുന്നത്. അങ്ങനെ ഇസ്ലാമിന്റെ അരുണോദയത്തില്‍ അത്യുജ്ജ്വലമായ വീരേതിഹാസം അടയാളപ്പെടുത്താന്‍ ആ മഹതിക്ക് സൌഭാഗ്യമുണ്ടായി.
ഒരിക്കല്‍ ഭക്ഷണം കെട്ടിപ്പൊതിയാന്‍ കയറില്ലാതെ വിഷമിച്ചപ്പോള്‍ അസ്മ തന്റെ അരപ്പട്ട രണ്ടായി പകുത്ത് അതിലൊന്നു കൊണ്ട് ഭക്ഷണപ്പൊതിയും മറ്റേത് കൊണ്ട് വെള്ളത്തിന്റെ തോല്‍സഞ്ചിയും ബന്ധിച്ചു. വിവരമറിഞ്ഞ തിരുനബി അസ്മക്ക് സ്വര്‍ഗത്തില്‍ രണ്ട് അരപ്പട്ട ലഭിക്കട്ടെയെന്ന് പ്രാര്‍ഥിച്ചു. ദാതുന്നിതാഖൈന്‍ (ഇരട്ടപ്പട്ടക്കാരി) എന്ന് ചരിത്രത്തില്‍ അസ്മ വിശ്രുതയായത് അങ്ങനെയാണ്.
ഒരു ദിവസം അസ്മ നബിക്കും പിതാവിനും ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ അബൂജഹ്ലും സംഘവും അവിടെയെത്തി. പ്രവാചകനെ തേടിയാണ് അവരെത്തിയത്. മുഹമ്മദിന്റെയും അബൂബക്കറിന്റെയും ഒളിസങ്കേതമാണ് അവര്‍ക്ക് അറിയേണ്ടത്. എത്ര നിര്‍ബന്ധിച്ചിട്ടും അസ്മ ആ രഹസ്യം വെളിപ്പെടുത്തിയില്ല. ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ആ ധീര വനിത ഇസ്ലാമിന്റെ ബദ്ധവൈരികളെ നേരിട്ടു. അവസാനം അസ്മക്ക് രോഷാകുലനായ അബൂജഹ്ലിന്റെ പ്രഹരമേറ്റു. അന്നവര്‍ ഗര്‍ഭിണിയായിരുന്നു.
അമവി സൈന്യവുമായുള്ള പോരാട്ടത്തില്‍ പരാജയത്തിന്റെ കയ്പനുഭവപ്പെട്ട ഇബ്നു സുബൈര്‍ രഹസ്യമായി ഉമ്മയുടെ അടുത്തെത്തി. ഉമ്മയോട് വിട പറയുകയായിരുന്നു ലക്ഷ്യം.
വാര്‍ധക്യത്തിന്റെ അവശത പേറുന്ന, കാഴ്ച മങ്ങിയ ആ മാതാവിന് മകന്റെ സന്ദര്‍ശനം ഇഷ്ടപ്പെട്ടില്ല. അവര്‍ അമര്‍ഷത്തോടെ ഇബ്നു സുബൈറിനോട്: "കഅ്ബാലയത്തിനുള്ളില്‍ നിന്റെ സൈന്യത്തിന് നേരെ ഹജ്ജാജിന്റെ പീരങ്കികള്‍ ഉതിര്‍ക്കുന്ന പാറക്കല്ലുകള്‍ മക്കയെ പ്രകമ്പനം കൊള്ളിക്കുമ്പോള്‍ നീ ഇവിടെ വന്നതെന്തിന്?''
"ഉമ്മാ, നിങ്ങളുടെ അഭിപ്രായമറിയാനാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ ഞാനിവിടെ എത്തിയത്. ഉമ്മാ.... അവരെന്നെ കൈയൊഴിച്ചു കളഞ്ഞു. ഹജ്ജാജിന്റെ ഭീഷണിക്ക് വഴങ്ങി എന്റെ സൈനികരില്‍ ഭൂരിഭാഗവും കൂറുമാറി. മക്കളും കുടുംബവും വരെ എന്നെ ഉപേക്ഷിച്ചു. അവശേഷിക്കുന്ന അനുയായികള്‍ക്കും ക്ഷമ നശിച്ചിരിക്കുന്നു. ബനൂ ഉമയ്യക്കാര്‍ സംഭാഷണത്തിന് തയാറാണ്. അബ്ദുല്‍ മലികിനെ അംഗീകരിച്ചാല്‍ അവരെന്നെ സംരക്ഷിക്കും.''
മകന്റെ വാക്കുകള്‍ കേട്ട് അസ്മ പൊട്ടിത്തെറിച്ചു. സ്വന്തം മനസ്സാക്ഷിയെയും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരെയും വഞ്ചിക്കരുതെന്നും ശത്രുസൈന്യത്തോട് വിട്ടുവീഴ്ചക്ക് മുതിരരുതെന്നും അവര്‍ മകനെ ഉപദേശിച്ചു. ഇത് കേട്ട് ഇബ്നു സുബൈര്‍ ഉമ്മയോട്: "ഉമ്മാ, ഞാനിന്ന് കൊല്ലപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു.''
"ഹജ്ജാജിന് കീഴടങ്ങുന്നതിനേക്കാള്‍ അതാണ് നിനക്ക് അഭികാമ്യം.''
"കൊല്ലപ്പെടുന്നതില്‍ എനിക്ക് പേടിയില്ല ഉമ്മാ... പക്ഷേ, അവരെന്നെ അംഗഭംഗം വരുത്തുമോയെന്നാണെന്റെ ആധി.''
"മോനെ, കൊല്ലപ്പെട്ടാല്‍ പിന്നെന്തു വേദന? അറുത്തിട്ട ആടിന്റെ തൊലിയുരിഞ്ഞാല്‍ അതിന് വേദനിക്കുമോ?''
ഉമ്മയുടെ ധീരമായ മറുപടി മകന് ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നു. അന്നത്തെ സൂര്യാസ്തമയത്തിന് മുമ്പായി ഇബ്നു സുബൈര്‍ വധിക്കപ്പെട്ടു. ചരിത്രത്തില്‍ തുല്യതയില്ലാത്ത രക്തസാക്ഷ്യമായിരുന്നു അത്. ദൈവിക വചനത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ ആ വീര കേസരിയെ ഹജ്ജാജിന്റെ പട്ടാളം തെരുവില്‍ കുരിശിലേറ്റി.
വത്സലയായ ആ മാതാവ് 97-ാം വയസ്സില്‍ പൊന്നുമോന്റെ തൂക്കിലേറ്റപ്പെട്ട മയ്യിത്ത് കാണാനായി അവിടെയെത്തി. വിവരമറിഞ്ഞ ഹജ്ജാജ് അവിടെ പാഞ്ഞെത്തി ഇപ്രകാരം പറഞ്ഞു: "ഉമ്മാ, അമീറുല്‍ മുഅ്മിനീന്‍ അബ്ദുല്‍ മലിക്ക് നിങ്ങള്‍ക്ക് നന്മ നേര്‍ന്നിരിക്കുന്നു. അങ്ങേക്ക് വല്ലതും ആവശ്യമുണ്ടോ?'' അസ്മാഇനെ പരിഹസിക്കുകയും നിന്ദിക്കുകയുമായിരുന്നു ഹജ്ജാജ്.
ഹജ്ജാജിന്റെ പരിഹാസം കേട്ട അസ്മ പൊട്ടിത്തെറിച്ചു: "ഞാന്‍ നിന്റെ ഉമ്മയല്ല. ആ രക്തസാക്ഷിയുടെ മാതാവാണ് ഞാന്‍. എനിക്ക് നിന്റെയോ അബ്ദുല്‍ മലിക്കിന്റെയോ ഒരു ചുക്കും വേണ്ട. എന്നാല്‍ നബിതിരുമേനിയില്‍ നിന്ന് കേട്ട ഒരു ഹദീസ് നിന്നെ കേള്‍പ്പിക്കാം. അവിടുന്ന് പ്രതിവചിച്ചു: "സഖീഫ് ഗോത്രത്തില്‍ ഒരു കള്ളപ്രവാചകനും മുടിയനും ജന്മം കൊള്ളും. കള്ളപ്രവാചകനെ നാം കണ്ടുകഴിഞ്ഞു. വിനാശകാരിയായ ആ മുടിയന്‍ നീയല്ലാതെ മറ്റാരുമല്ല.''
ഇബ്നു സുബൈറിന്റെ രക്തസാക്ഷ്യത്തിന് ശേഷം ഏതാനും നാളുകള്‍ മാത്രമേ അസ്മ ജീവിച്ചിരുന്നുള്ളൂ.
(അവസാനിച്ചു)
്വൌയമശൃസഴാ@ഴാമശഹ.രീാ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം