Prabodhanm Weekly

Pages

Search

2022 സെപ്റ്റംബര് 09

3267

1444 സഫര് 13

 റയ്‌സൂനിയുടെ പ്രസ്താവനയും ദേശരാഷ്ട്ര സങ്കീര്‍ണതകളും

മുഅ്തസ്സുല്‍ ഖത്വീബ്

തന്റെ വ്യക്തിപരമായ 'മൊറോക്കന്‍' ബോധ്യങ്ങള്‍ തുറന്നു പറഞ്ഞ ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷന്‍ ശൈഖ് അഹ്മദ് റയ്‌സൂനി വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് തിരികൊളുത്തിയിരിക്കുന്നത്. ചിലര്‍ അദ്ദേഹത്തെ ചീത്തവിളിക്കാനും ഈ അവസരം ഉപയോഗിച്ചു. സംവാദത്തിന്റെ തലം വിട്ട് വ്യക്തിഹത്യയിലേക്ക് കാര്യങ്ങളെത്തി. കഴിഞ്ഞ ജൂലൈ 29-ന് ഒരു മൊറോക്കന്‍ ചാനല്‍ റയ്‌സൂനിയുമായുള്ള ഒരു ദീര്‍ഘ അഭിമുഖം സംപ്രേഷണം ചെയ്തതോടെയാണ് വിവാദത്തിന്റെ തുടക്കം. പല വിഷയങ്ങളെക്കുറിച്ചും അതില്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. അതിലൊന്നാണ് സ്വഹ്‌റാഅ് മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നം. മൊറോക്കോക്കാരുടെ കണ്ണില്‍ ഈ ഭൂമേഖല മൊറോക്കോയുടെ ഭാഗമാണ്; അവരുടെ ഒരു പ്രവിശ്യയാണ്. അവിടെ വിമോചന സമരം നടത്തുന്ന പോളിസാരിയോ മുന്നണിയും അവരെ പിന്തുണക്കുന്ന അള്‍ജീരിയക്കാരും അതിനെ 'വെസ്റ്റേണ്‍ സഹാറ' എന്ന സ്വതന്ത്രരാജ്യമായി കാണുന്നു. ഐക്യരാഷ്ട്ര സഭയെ സംബന്ധിച്ചേടത്തോളം അത് തര്‍ക്ക പ്രദേശവുമാണ്.
സ്വഹ്‌റാഅ് പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മൊറോക്കോക്കാരനായ റയ്‌സൂനിയുടെ മറുപടി ഇങ്ങനെയായിരുന്നു: 'മൊറോക്കന്‍ പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്ന അല്ലാലുല്‍ ഫാസിയുടെ നിലപാട് തന്നെയാണ് ഇക്കാര്യത്തില്‍ എനിക്കുമുള്ളത്. അതായത്, മൊറോക്കോ കൊളോണിയല്‍  അധിനിവേശത്തിന് മുമ്പ് എങ്ങനെയായിരുന്നുവോ ആ അതിരുകളിലേക്ക് തിരികെ പോവണം. അങ്ങനെ വരുമ്പോള്‍ പടിഞ്ഞാറന്‍ സഹാറ മൊറോക്കോയുടെ ഭാഗമായി മാറും. ഇതേ കാര്യം തന്നെയാണ് മൗറിത്താനിയയുടെ കാര്യത്തിലും പറയാനുള്ളത്. വെസ്റ്റേണ്‍ സഹാറയും മൗറിത്താനിയയും കൊളോണിയല്‍ നിര്‍മിതികളാണ്.'
അഭിമുഖത്തില്‍ രണ്ട് പക്ഷത്തെയാണ് റയ്‌സൂനി കടന്നാക്രമിക്കുന്നത്. ഒന്ന് അള്‍ജീരിയയെ. അഭിമുഖത്തില്‍ ആ രാജ്യത്തിന്റെ പേര് അദ്ദേഹം പറയുന്നില്ല. 'നമ്മുടെ ഒരു സഹോദര രാജ്യം, ഒരു അറബ്- ഇസ്‌ലാമിക രാജ്യം ഈ കൊളോണിയല്‍ നിര്‍മിതി'യെ സഹായിക്കുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. രണ്ടാമതായി വിമര്‍ശിക്കുന്നത് മൊറോക്കോയെ തന്നെയാണ്. ഇക്കാര്യത്തില്‍ 'ജനാഭിലാഷങ്ങള്‍ക്കൊത്ത് നീങ്ങാന്‍ മൊറോക്കോക്ക് കഴിഞ്ഞില്ല' എന്നാണ് വിമര്‍ശനം. ഭരണചക്രം നിയന്ത്രിക്കുന്നവര്‍ക്ക് മൊറോക്കോയുടെ അഖണ്ഡത ശക്തിപ്പെടുത്തുന്ന നീക്കങ്ങളില്‍ താല്‍പ്പര്യമില്ലെന്നും 'ഇസ്രായേലാണ് നമുക്ക് ഉപകാരപ്പെടുക' എന്നാണ് അവര്‍ കരുതുന്നതെന്നും റയ്‌സൂനി കുറ്റപ്പെടുത്തുന്നു. 2020-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെസ്റ്റേണ്‍ സഹാറയില്‍ മൊറോക്കോയുടെ പരമാധികാരം അംഗീകരിച്ചതും അതിന്റെ വിലയായി മൊറോക്കോ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയതും ഇവിടെ ഓര്‍ക്കാം.
ശൈഖ് റയ്‌സൂനി പിന്നെ നടത്തിയ പരാമര്‍ശങ്ങളാണ് ഏറെ പ്രകോപനപരം. അതിങ്ങനെ: ''നമ്മുടെ ജനത തങ്ങളുടെ ധനം കൊണ്ടും ശരീരം കൊണ്ടും 'ജിഹാദ്' ചെയ്യാന്‍ തയാറാണ്. ഗ്രീന്‍ മാര്‍ച്ച് (മുന്‍ രാജാവ് ഹസന്‍ രണ്ടാമന്റെ കാലത്ത് 1975-ല്‍ ഈ പ്രദേശത്തേക്ക് നടത്തിയ സമാധാനപരമായ ജനകീയ മാര്‍ച്ച്) പോലെ അങ്ങോട്ട് മില്യന്‍ മാര്‍ച്ച് നടത്താനും ഒരുക്കമാണ്... ഏത് തരത്തിലുള്ള ജിഹാദും ... അത് സ്വഹ്‌റാഇലാവട്ടെ, തന്‍ദൂഫില്‍ (അള്‍ജീരിയന്‍ നഗരം) ആകട്ടെ.''
ഇവിടെ ഒരു മൊറോക്കോക്കാരന്‍ ഒരു മൊറോക്കോ ചാനലിനോട് മൊറോക്കന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുക മാത്രമാണ്. ചില താരതമ്യങ്ങളിലൂടെ സമകാലികതയെയും സമീപ ചരിത്രത്തെയും ബന്ധിപ്പിക്കുന്നു. ഒന്നാമതായി, സമീപകാല ചരിത്രത്തില്‍ മൊറോക്കോ വെട്ടിമുറിക്കപ്പെട്ടത് അദ്ദേഹം അംഗീകരിക്കുന്നില്ല. രണ്ടാമതായി പറയുന്നത് ജനാഭിലാഷത്തോടൊപ്പം നില്‍ക്കണമെന്നാണ്. ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കിയതിനെ വിമര്‍ശിക്കുകയാണ് മൂന്നാമതായി ചെയ്യുന്നത്. പ്രസ്താവനക്കെതിരെ അള്‍ജീരിയക്കാരും മൗറിത്താനിയക്കാരും വെസ്റ്റേണ്‍ സഹാറയിലെ പോളിസാരിയോ മുന്നണിയും രംഗത്തു വന്നത് ആഗോള മുസ്‌ലിം പണ്ഡിത വേദിയുടെ അധ്യക്ഷന്‍ എന്ന നിലക്ക് അദ്ദേഹത്തെ വലിയ പ്രതിസന്ധിയില്‍ തന്നെയാണ് കൊണ്ടെത്തിച്ചത്.
അള്‍ജീരിയയിലെ ഇസ്‌ലാമിസ്റ്റ് കക്ഷിയായ മുജ്തമഉസ്സില്‍മ്,   ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള റയ്‌സൂനിയുടെ അതിഭാഷണത്തെ ശക്തമായി വിമര്‍ശിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ കലാപാഹ്വാനം നടത്തിയിരിക്കുകയാണെന്നും താന്‍ വഹിക്കുന്ന ആഗോള പദവി ദുരുപയോഗം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി. റയ്‌സൂനിയുടെ പ്രസ്താവന മൗറിത്താനിയയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണെന്ന് തന്നെയാണ് മൗറിത്താനിയന്‍ പണ്ഡിത സഭാ സെക്രട്ടറി ജനറല്‍ ശൈഖ് ബിന്‍ സ്വാലിഹും ആരോപിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കലാപത്തിന് പരസ്യാഹ്വാനം നടത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ മട്ടില്‍ സ്വഹ്‌റാവീ പണ്ഡിത സമിതിയുടെയും പ്രസ്താവന വന്നിട്ടുണ്ട്.
കൊളോണിയല്‍ ഭരണത്തിന് ശേഷം വെട്ടിമുറിക്കപ്പെട്ട രാജ്യങ്ങള്‍ (ദൗല ഖുത്വ്‌രിയ്യ) ഉണ്ടായിത്തീര്‍ന്നതാണ് യഥാര്‍ഥത്തില്‍ ഈ തര്‍ക്കങ്ങളുടെയെല്ലാം യഥാര്‍ഥ കാരണം. ദേശരാഷ്ട്രങ്ങള്‍ എന്ന് പിന്നീടവ പേര് വിളിക്കപ്പെട്ടു. ഇങ്ങനെ പല കഷണങ്ങളായി വെട്ടി മുറിച്ചപ്പോള്‍ പലതരം അതിര്‍ത്തി തര്‍ക്കങ്ങള്‍ ഉടലെടുത്തു. ഇതിലാണ് വിവാദങ്ങളുടെ അടിവേര് കിടക്കുന്നത്. റയ്‌സൂനിയുടെ പ്രസ്താവനയും അതിനെതിരെ വന്ന പ്രതികരണങ്ങളും അവരവര്‍ വിശ്വസിക്കുന്ന രാഷ്ട്രാതിര്‍ത്തികള്‍ മുമ്പില്‍ വെച്ചു കൊണ്ടുള്ളതാണ്. കൊളോണിയല്‍ പൂര്‍വ വിശാല മൊറോക്കോയാണ് റയ്‌സൂനിയുടെ മനസ്സിലുള്ളത്. കൊളോണിയല്‍ ഭരണത്തിന് ശേഷം ബന്ധപ്പെട്ട  രാഷ്ട്രങ്ങള്‍ ഒപ്പിട്ട അന്താരാഷ്ട്ര കരാറുകളും മറ്റും വെച്ചാണ് അദ്ദേഹത്തിന്റെ അള്‍ജീരിയന്‍ - മൗറിത്താനിയന്‍ പ്രതിയോഗികള്‍ സംസാരിക്കുന്നത്. സ്വഹ്റാവികളാവട്ടെ ഇതൊരു തര്‍ക്ക പ്രദേശമാണ് എന്നു പോലും അംഗീകരിക്കാതെ വെസ്റ്റേണ്‍ സഹാറ എന്ന സ്വതന്ത്ര രാഷ്ട്ര വിഭാവനയിലാണ് പ്രശ്‌നത്തില്‍ ഇടപെടുന്നത്.
ഇവിടത്തെ ഒന്നാമത്തെ പ്രശ്‌നം, മൂന്ന് കക്ഷികളും വിഷയത്തില്‍ പ്രതികരിക്കുന്നത് ഇസ്‌ലാമിക ശര്‍ഈ നിയമം പാലിക്കണം എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ്. ഒരു ദേശരാഷ്ട്ര പരിസരത്ത് ഇതുണ്ടാക്കുന്ന സങ്കീര്‍ണതകള്‍ ചില്ലറയല്ല. ജിഹാദ്, ബഗ്‌യ് (അതിക്രമം), ദഫ്ഉ സ്വാഇല്‍ (ശത്രുവെ പ്രതിരോധിക്കല്‍ ) തുടങ്ങിയ ഫിഖ്ഹീ സംജ്ഞകളെ ഈ അതിര്‍ത്തി തര്‍ക്കങ്ങളില്‍ എങ്ങനെ വ്യാഖ്യാനിച്ചാലും പ്രശ്‌നമായിരിക്കും. ഖുത്വ്‌രി/ദേശ രാഷ്ട്രങ്ങള്‍ക്ക് ഇസ്‌ലാമികമായ നിയമാനുസൃതത്വമുണ്ടോ എന്ന വലിയ ചോദ്യവും ഉയരും. ദീനീ സംജ്ഞകളെ ഇറക്കിക്കൊണ്ടു വരാതെ അതത് ദേശത്തെ ജനങ്ങള്‍ രാഷ്ട്രീയമായി കൈകാര്യം ചെയ്യേണ്ടതല്ലേ ഇത്തരം വിഷയങ്ങള്‍ എന്ന ചോദ്യവും ഉയരുന്നുണ്ട്. മതവും രാഷ്ട്രീയവും വേര്‍പിരിയുന്ന ബിന്ദുവേത് എന്ന തര്‍ക്കവും തുടര്‍ന്ന് ഉടലെടുക്കും.
രണ്ടാമത്തെ പ്രശ്‌നം, ഇടപെടുന്ന എല്ലാ കക്ഷികളും തനി ദേശീയ പരിപ്രേക്ഷ്യത്തില്‍ (മഗ്‌രിബി, മൗറിത്താനി, ജസാഇരി, സ്വഹ്‌റാവി ...) ആണ് പ്രശ്‌നങ്ങളെ കാണുന്നത് എന്നതാണ്. അതിന്റെ ഇടുക്കവും പരിമിതിയും പറയേണ്ടതില്ല. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ആഗോള മുസ്‌ലിം പണ്ഡിത സമിതി ജനറല്‍ സെക്രട്ടറി അലി ഖുറദാഗി നടത്തിയ പ്രസ്താവന ദേശീയതകളെ മറികടക്കുന്ന ഒന്നായിത്തോന്നാമെങ്കിലും അതേ പ്രസ്താവനയില്‍ അദ്ദേഹം അള്‍ജീരിയയെ പുകഴ്ത്തിയത് അദ്ദേഹവും പക്ഷം ചേരുന്നു എന്ന പ്രതീതിയുണ്ടാക്കുന്നു.
ഫിഖ്ഹും രാഷ്ട്രീയവും തമ്മിലുള്ള പ്രശ്‌ന സങ്കീര്‍ണതയാണ് വിഷയത്തിന്റെ മൂന്നാമത്തെ തലം. തന്റെ അഭിമുഖത്തില്‍ റയ്‌സൂനി ഓര്‍മയിലേക്ക് കൊണ്ടുവരുന്നത് ഹസന്‍ രണ്ടാമന്‍ രാജാവിന്റെ കാലത്ത് മൂന്ന് ലക്ഷത്തിലധികം മൊറോക്കോക്കാര്‍ അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ച് (അല്‍ മസീറത്തുല്‍ ഖദ്‌റാഅ്) ആണ്. സ്വഹ്‌റാ മേഖലയിലേക്ക് കടക്കാന്‍ അവര്‍ രാജാവിന്റെ അനുവാദം കാത്ത് നിന്നു. പിന്നെ സ്വഹ്‌റാ മേഖലയില്‍ ഇടപെട്ടത് മാര്‍ച്ച് നടത്തിയ ഈ ജനങ്ങളല്ല; മൊറോക്കന്‍ സൈന്യമാണ്. ഇതെല്ലാം കൂടി ചേര്‍ന്ന ഒന്നിനെയാണ് റയ്‌സൂനി 'ജിഹാദ്' എന്ന പദം കൊണ്ട് ധ്വനിപ്പിക്കുന്നത്. പലരും ഇത് കലാപാഹ്വാനമാണെന്ന് പറഞ്ഞത് അതുകൊണ്ടാണ്. ഇത് തിരിച്ചറിഞ്ഞു കൊണ്ടാണ് ശൈഖ് റയ്‌സൂനി പിന്നീട് നടത്തിയ പ്രസ്താവനയില്‍, താന്‍ ജിഹാദ് എന്ന പദപ്രയോഗം പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചത്.
നാലാമത്തെ പ്രശ്‌നം റയ്‌സൂനി വഹിക്കുന്ന ഔദ്യോഗിക സ്ഥാനമാണ്. ഒരു കക്ഷിയുടെയും ഭാഗമല്ല റയ്‌സൂനി. അതുകൊണ്ട് അദ്ദേഹത്തിന് ധീരമായി തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്നു. മൊറോക്കോക്കാരന്‍ എന്ന നിലയില്‍ തന്റെ വ്യക്തിപരമായ ബോധ്യങ്ങള്‍ തുറന്നുപറഞ്ഞതും അതുകൊണ്ടാണ്. പക്ഷേ, അദ്ദേഹം ഒരു ആഗോള സമിതിയുടെ അധ്യക്ഷന്‍ കൂടിയാണല്ലോ. ഇവിടെ ആഗോളീയതയും പ്രാദേശികതയും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുന്നു. അതുകൊണ്ടാണ് ആഗോള പണ്ഡിത സമിതിയുടെ സെക്രട്ടറി ജനറലിന് വിശദീകരണ കുറിപ്പ് ഇറക്കേണ്ടി വന്നത്.
അഞ്ചാമത്തെ പ്രശ്‌നം റയ്‌സൂനിക്കെതിരെ ഉയര്‍ന്ന, 'അദ്ദേഹം മഖ്‌സനിയാണ്'  എന്ന ആരോപണം. മൊറോക്കോയില്‍ രാജാവ് നേതൃത്വം നല്‍കുന്ന ഭരണ സംവിധാനമാണ് മഖ്‌സന്‍. അതായത്, രാജാവ് ചൊല്ലിക്കൊടുത്തതാണ് റയ്‌സൂനി പറയുന്നത് എന്നര്‍ഥം. ഇവിടെയും പ്രശ്‌നമുണ്ട്: 1972-ല്‍  മൊറോക്കോ മൗറിത്താനിയയെ ഔദ്യോഗികമായി അംഗീകരിക്കുകയും അതിര്‍ത്തികാര്യങ്ങളില്‍ അള്‍ജീരിയയുമായി കരാര്‍ ഒപ്പുവെക്കുകയും 1989-ല്‍ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ അത് സംബന്ധമായ രേഖകള്‍ പരസ്പരം കൈമാറുകയും ചെയ്തതാണ്. അതിനാല്‍ തന്നെ ചില നിലപാടുകളില്‍ ചേര്‍ച്ചയുണ്ടെന്ന് കരുതി ആ പണ്ഡിതനെ രാജാവിന്റെ ആളായി ചിത്രീകരിക്കുന്നത് ശരിയല്ല. 
(ഖത്തറിലെ ഹമദ് ബ്‌നു ഖലീഫ യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകനാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-12-13
ടി.കെ ഉബൈദ്‌

ഹദീസ്‌

ദീര്‍ഘായുസ്സിലെ ലാഭനഷ്ടങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌