Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

വേറിട്ട വര്‍ത്തമാനങ്ങള്‍

 ഒ. അബ്ദുര്‍റഹ്മാന്‍

സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷക്കാലത്തെ മുസ്‌ലിം സ്ഥിതി സവിസ്തരമായി അന്വേഷിച്ച, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ സമിതി റിപ്പോര്‍ട്ടില്‍ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ- വിദ്യാഭ്യാസ- തൊഴില്‍ മേഖലകളില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥ പലയിടങ്ങളിലും പട്ടികജാതി പട്ടികവര്‍ഗങ്ങളുടേതിനെക്കാള്‍ ദയനീയമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കൂട്ടത്തില്‍ സാമാന്യം ഭേദപ്പെട്ട നിലയിലാണ് കേരളം എന്നാണ് സമിതിയുടെ അഭിപ്രായം. എന്നാല്‍, ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളോളം അഭിവൃദ്ധി കേരള മുസ്‌ലിംകള്‍ക്കില്ലെന്നും സച്ചാര്‍ വ്യക്തമാക്കിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ രണ്ട് ബാധ്യതകളാണ് കേരളീയ മുസ്‌ലിംകളില്‍ വന്നുചേരുന്നത്: ഒന്ന്, കേരളത്തില്‍ അവരുടെ പ്രശ്‌നപരിഹാരം ത്വരിതപ്പെടുത്താനും വികസനം സന്തുലിതമാക്കാനുമുള്ള കൂട്ടായ യത്‌നം. രണ്ട്, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ മുസ്‌ലിം സഹോദരരുടെ കൈപിടിച്ചുയര്‍ത്താനുള്ള ആസൂത്രിത യത്‌നം. ആദ്യത്തേത് താരതമ്യേന ശ്രമസാധ്യവും രണ്ടാമത്തേത് കഠിനപ്രയത്‌നം ആവശ്യപ്പെടുന്നതുമാണ്. ഈ രണ്ട് ചുമതലകളിലേക്കും സമുദായത്തിന്റെ സത്വര ശ്രദ്ധ ക്ഷണിക്കുന്നതാണ്   ബഷീര്‍ തൃപ്പനച്ചി  നടത്തിയ, വിവിധ സംഘടനാ നേതാക്കളുടെയും സമുദായ സ്‌നേഹികളുടെയും മുഖാമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുസ്‌ലിം സമുദായം: ചില വേറിട്ട വര്‍ത്തമാനങ്ങള്‍ എന്ന പുസ്തകം. നിലപാടുകളിലെ ഭിന്നതകളും വീക്ഷണ വ്യത്യാസങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ക്കുവേണ്ടി യോജിച്ച പോരാട്ടം സാധ്യമാണ്, അത് നടന്നേ പറ്റൂ എന്നുള്ളതാണ് എല്ലാവരും പൊതുവെ പ്രകടിപ്പിച്ച വികാരം.  അഭിമുഖങ്ങളില്‍ ഒന്നാമതായി ചേര്‍ത്തത് മില്ലി ഗസറ്റ് എഡിറ്ററും ദല്‍ഹി സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവിയും അഖിലേന്ത്യാ മുസ്‌ലിം മജ്‌ലിസെ മുശാവറയുടെ മുന്‍ സാരഥിയുമായ സഫറുല്‍ ഇസ്‌ലാം ഖാനുമായുള്ള സംഭാഷണമാണ്. അദ്ദേഹം ഏറ്റവും ശക്തമായി വിരല്‍ചൂണ്ടിയത് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്നേവരെ തുടര്‍ന്നുവരുന്ന മീഡിയ ആക്ടിവിസത്തോടുള്ള കുറ്റകരമായ വിമുഖതയിലേക്കാണ്. ദേശീയ മീഡിയ ഏതാണ്ട് ഒറ്റക്കെട്ടായി മുസ്‌ലിം തീവ്രവാദത്തിലേക്കും ഭീകരതയിലേക്കും രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടിരിക്കുേമ്പാള്‍ അതിലൂടെ, പ്രചരിക്കുന്ന വ്യാജങ്ങളുടെയും കിംവദന്തികളുടെയും അര്‍ധസത്യങ്ങളുടെയും സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ ദേശീയ മീഡിയകളില്‍ ഒന്നുപോലും മുസ്‌ലിം സമുദായത്തിനില്ലെന്ന സത്യം എടുത്തുപറയുന്ന കൂട്ടത്തില്‍, കേരളത്തില്‍ മീഡിയ വണ്ണിന്റെയും മാധ്യമത്തിന്റെയും സാന്നിധ്യം വേറിട്ട മാതൃകയായി അദ്ദേഹം അവതരിപ്പിക്കുന്നു. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളാല്‍ വേട്ടയാടപ്പെടുന്ന മുസ്‌ലിംകളുടെ നിസ്സഹായാവസ്ഥ പരാമര്‍ശിക്കവെ സഫറുല്‍ ഇസ്‌ലാം എടുത്തുപറയുന്ന ഒരു കാര്യം, തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ രാഷ്ട്രാന്തരീയ തലത്തില്‍ പല രാഷ്ട്രങ്ങളും ഭീമമായ ഫണ്ട് നീക്കിവെച്ചതിനാല്‍, അത് കൈപ്പറ്റുന്ന ഏജന്‍സികള്‍ തങ്ങള്‍  വെറുതെയിരിക്കുകയല്ലെന്ന് തെളിയിക്കാനുള്ള മാര്‍ഗമായി ന്യൂനപക്ഷ വേട്ടയെ ഉപയോഗിക്കുന്നുണ്ടെന്നാണ്. എങ്കില്‍ നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവരുന്ന ദുഃസ്ഥിതിക്ക് വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ലല്ലോ. വോട്ടുബാങ്കിന് മാത്രമായി മുസ്‌ലിം പ്രീണനം കാഴ്ചവെക്കുന്ന മതേതര പാര്‍ട്ടികളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് വ്യര്‍ഥമാണെന്നും സ്വന്തമായി രാഷ്ട്രീയ വേദികള്‍ ഉണ്ടാക്കുകയാണ് മുസ്‌ലിംകള്‍ വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം. 'വിഷന്‍ 26' എന്ന ബൃഹത്തായ പ്രോജക്ടിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച  പ്രഫ. സിദ്ദീഖ് ഹസനുമായുള്ള അഭിമുഖമാണ് ഈ സമാഹാരത്തിലെ ശ്രദ്ധേയമായ ഒരിനം. അദ്ദേഹത്തിന്റെ ശ്രമഫലമായി അസം, ബംഗാള്‍, ബിഹാര്‍, ദല്‍ഹി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അങ്ങേയറ്റം അധഃസ്ഥിതരായ മുസ്‌ലിംകളെ വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമ്പത്തികവുമായ രംഗങ്ങളില്‍ കൈപിടിച്ചുയര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തും നടപ്പാക്കിയും തുടരുന്ന മഹായത്‌നം സകല വിഭാഗീയതകള്‍ക്കും അതീതമായ മാനവിക മാനങ്ങളുള്ളതാണ്. അതേപ്പറ്റി അദ്ദേഹം നല്‍കുന്ന വിവരണം കേരളീയ മുസ്‌ലിം സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്നു; ഭിന്നതകള്‍ക്കതീതമായി വിവിധ കൂട്ടായ്മകളുടെ സഹകരണം ഉറപ്പുവരുത്താനും സിദ്ദീഖ് ഹസന്‍ ടീമിന് സാധിച്ചത് പ്രത്യാശാജനകവുമാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും റശീദലി ശിഹാബ് തങ്ങളുടെയും അഭിമുഖങ്ങള്‍, കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ ഭിന്ന മേഖലകളില്‍ വ്യത്യസ്ത കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കെ തന്നെ സമുദായത്തിന്റെ പൊതുവായ ഉന്നമനത്തിനും പ്രശ്‌നപരിഹാരത്തിനും യോജിച്ചുനീങ്ങാന്‍ ഒരു തടസ്സവുമില്ലെന്നും ഉണ്ടായിക്കൂടെന്നും അടിവരയിട്ട് പറയുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ യുവജന വിഭാഗത്തിന്റെ  സമുന്നത നേതാവും സുപ്രഭാതം പത്രാധിപരുമായ അബ്ദുസ്സമദ് പൂക്കോട്ടൂരുമായുള്ള ഉള്ളുതുറന്ന സംസാരം, ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ അടുത്തകാലത്തായി സംഘ്പരിവാര്‍, നിര്‍മത, ലിബറല്‍, ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ആശയപരമായ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനെ കുറിച്ച് സഗൗരവം ചര്‍ച്ച ചെയ്യുന്നു. 
('മുസ്‌ലിം സമുദായം: വേറിട്ട ചില വര്‍ത്തമാനങ്ങള്‍' എന്ന പുസ്തകത്തിന് ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയ അവതാരികയില്‍ നിന്ന്)
പ്രസാധനം: കൂര ബുക്‌സ്, പേജ്: 130, വില :199 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com