Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

ഖുര്‍ആനിലെ  മുഹ്‌സ്വനത്ത്,  മുഹ്‌സ്വിന്‍

നൗഷാദ് ചേനപ്പാടി


വാക്കും പൊരുളും /

വിവാഹിതക്ക് ഖുര്‍ആന്റെ പ്രയോഗം മുഹ്‌സ്വനത്ത്  എന്നും വിവാഹിതന്  മുഹ്‌സ്വിന്‍  എന്നുമാണ് (അന്നിസാഅ് 24,25, അല്‍മാഇദ 5 എന്നീ സൂക്തങ്ങള്‍ കാണുക).
മുഹ്‌സ്വിനും മുഹ്‌സ്വനത്തും വളരെ ആശയസംപുഷ്ടിയുള്ള പദങ്ങളാണ്. ഹിസ്വ്ന്‍  എന്ന പദമാണ് അതിന്റെ നിഷ്പത്തി. ഹിസ്വ്ന്‍ എന്നാല്‍ കോട്ട, പ്രവേശനം സാധ്യമല്ലാത്ത സുരക്ഷിതമായ സ്ഥലം, പടയങ്കി എന്നൊക്കെയാണ് അടിസ്ഥാനാര്‍ഥം. ഉള്ളിലുള്ളതിനെ  സംരക്ഷിച്ചുകൊണ്ട് അതിലേക്ക് പ്രവേശനം സാധ്യമല്ലാത്തവിധം അതിനെ വലയം ചെയ്തുനില്‍ക്കുന്ന ശക്തി എന്നാണ് അതിന്റെ കേന്ദ്രാശയം.
വീടുകളെയും കൊട്ടാരങ്ങളെയും  ഭരണകേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയും വിലമതിപ്പുള്ള മറ്റു  സ്ഥാപനങ്ങളെയും ശത്രുക്കള്‍ കടന്നാക്രമിക്കുന്നതില്‍ നിന്നു പ്രതിരോധിച്ചു നിര്‍ത്തുന്ന ശക്തമായ മതിലാണല്ലോ കോട്ട. ശരീരത്തെ കുന്തം, വാള്‍ പോലെയുള്ള ആയുധങ്ങളില്‍നിന്ന് സംരക്ഷിച്ചു നിര്‍ത്തുന്നതാണല്ലോ പടയങ്കി. അപ്പോള്‍ വിവാഹിതയായ സ്ത്രീക്ക് മുഹ്‌സ്വന എന്ന  പേരുവരാന്‍ കാരണം അവള്‍ കോട്ടക്കുള്ളില്‍ സുരക്ഷിതയായി നില്‍ക്കുന്നവളായതുകൊണ്ടാണ്. അതായത്, തന്റെ ചാരിത്ര്യത്തിന്റെയും അഭിമാനത്തിന്റെയും ശരീരത്തിന്റെയും സംരക്ഷണത്തിനുവേണ്ടി നിര്‍മിക്കപ്പെട്ട വിവാഹമാകുന്ന കോട്ടയില്‍ സുരക്ഷിതമായി നില്‍ക്കുന്നവള്‍ എന്നര്‍ഥം. ആ കോട്ട കെട്ടിക്കൊടുത്ത പുരുഷനാണ് മുഹ്‌സ്വിന്‍ അഥവാ വിവാഹിതന്‍. അപ്പോള്‍ സ്ത്രീയെ സംബന്ധിച്ചേടത്തോളം വിവാഹം ഒരു കോട്ടയാണ്. അന്യപുരുഷന്മാര്‍   എത്തിനോക്കാന്‍പോലും മടിക്കുന്ന, പേടിക്കുന്ന ശക്തവും അദൃശ്യവുമായ കോട്ട.
ഒരു സ്ത്രീ വിവാഹമോചിതയോ വിധവയോ ആകുമ്പോള്‍ സമൂഹത്തിന് അവളോടുള്ള മനോഭാവത്തില്‍ മാറ്റംവരുന്നത് ഇപ്പറഞ്ഞ കോട്ട അവിടെ ഇല്ലാതെ വരുന്നതുകൊണ്ടാണ്. ചാരിത്രശുദ്ധിയെ സൂക്ഷിക്കുന്ന ശക്തവും  നിതാന്തവുമായ മനോഭാവവും അഥവാ തഖ്‌വയും സ്ത്രീയെ സംബന്ധിച്ചേടത്തോളം ഒരു ഹിസ്വ്ന്‍ ആണെന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട് (അല്‍അമ്പിയാഅ് 91, അത്തഹ്‌രീം 12).

 

തഫഖുഹ്, തദബ്ബുര്‍, തഫക്കുര്‍, തദക്കുര്‍
തഫഖുഹ്  എന്നാല്‍ പ്രത്യക്ഷമായ അറിവുകൊണ്ട് പരോക്ഷമായ  അറിവിലേക്കെത്തിച്ചേരുക, ബാഹ്യമായ  അടയാളങ്ങളില്‍ നിന്നും അവസ്ഥകളില്‍ നിന്നും ആന്തരികമായ യാഥാര്‍ഥ്യത്തിലെത്തിച്ചേരുക. അേപ്പാള്‍ ഫിഖ്ഹിന്റെ അര്‍ഥം  العلم بالشّئ وفهمه - ഒരു കാര്യത്തെപ്പറ്റി അറിയുകയും അതിനെ ശരിയായി ഗ്രഹിക്കുകയും ചെയ്യുക- എന്നതാണ്. ക്രമാനുഗതമായി പഠിച്ചുമനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും തഫഖുഹ് എന്നാണ് പറയുക.
''സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് പുറപ്പെടാവതല്ല. അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം മതത്തില്‍ അറിവുനേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത്? തങ്ങളുടെ ജനം അവരുടെ അടുത്തേക്ക് മടങ്ങിവന്നാല്‍ അവര്‍ക്ക് ഉദ്‌ബോധനം നല്‍കാനുള്ള അറിവു നേടാനാണത്. അതുവഴി അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നവരായേക്കാം'' (അത്തൗബ 122).
ഇവിടെ, ദീനില്‍ അവഗാഹം അഥവാ ഫിഖ്ഹ് നേടാന്‍ പോകണമെന്ന് പറയുന്നേടത്താണ് തഫഖുഹ് പറഞ്ഞിട്ടുള്ളത്. ദീനില്‍ അതിലെ ഓരോ വിഷയത്തിലും അവഗാഹം നേടുന്നത് ഒറ്റയടിക്കല്ല. പടിപടിയായിട്ടാണ്. ഇന്ന് ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്‌നവും പ്രതിസന്ധിയും ദീനില്‍ അവഗാഹം നേടിയവര്‍ ആകാശകുസുമങ്ങളെപ്പോലെ അത്യന്തം വിരളമാണെന്നതാണ്.  فحل فقيه -ഫഖീഹായ ഒട്ടകക്കൂറ്റന്‍- എന്ന പ്രയോഗമാണതിന്റെ നിഷ്പത്തി. അതായത്, ഒരു ആണൊട്ടകം ഇണചേരാന്‍ ഒരു പെണ്ണൊട്ടകത്തെ സമീപിക്കുന്നു. അപ്പോള്‍ അവള്‍ ഗര്‍ഭിണിയാണെങ്കില്‍ ആണൊട്ടകത്തിന്റെ മുഖത്തേക്ക് മൂത്രമൊഴിക്കും. അല്ലെങ്കില്‍ അവളുടെ പുറംഭാഗത്ത് ഒരു പ്രത്യേക ഗന്ധമുണ്ടായിരിക്കും. ഇതു മനസ്സിലാക്കി, അവള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ് ആണൊട്ടകം പിന്തിരിഞ്ഞു പോകുന്നു. ഇങ്ങനെയുള്ള ഒട്ടകത്തെയാണ് അറബികള്‍ 'ഫഹ്‌ലുന്‍ ഫഖീഹ്' എന്നു പറയുക. അതായത്, ബാഹ്യമായ അടയാളങ്ങളില്‍നിന്നും ചേഷ്ടകളില്‍നിന്നും ആന്തരിക യാഥാര്‍ഥ്യം ഗ്രഹിക്കാന്‍ കഴിയുന്ന ഒട്ടകം എന്ന്.
എന്നതുപോലെയാവണം ഇസ്‌ലാമിലെ പണ്ഡിതനും. ദീനും ശരീഅത്തും, അതിന്റെ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും പഠിക്കുകയും അതിന്റെ അഗാധതകളിലേക്ക് ഊൡിട്ടിറങ്ങുകയും അവിടെ  മുങ്ങിത്തപ്പി അതിന്റെ ആന്തരിക യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിച്ചു മനസ്സിലാക്കി,   കാലഘട്ടത്തിന്റെ നാഡിമിടിപ്പുകളും ജനങ്ങളുടെ ചിന്താഗതികളും പ്രവണതകളും മനസ്സിലാക്കി അവ ജനങ്ങള്‍ക്ക് പഠിപ്പിച്ചും മനസ്സിലാക്കിയും കൊടുക്കുന്നവനാണ് ഫഖീഹ് അഥവാ ഇസ്‌ലാമിലെ പണ്ഡിതന്‍. അപ്പോഴാണ് ഇസ്‌ലാമും മുസ്‌ലിംകളും കാലത്തിന്റെയും ലോകത്തിന്റെയും മുന്നില്‍ നടക്കുന്ന, ആദര്‍ശത്തിന്റെയും ജീവിതവ്യവസ്ഥയുടെയും വക്താക്കളാവുക.

തദബ്ബുര്‍
1. 'ഈ ജനം ഖുര്‍ആനെക്കുറിച്ചു ചിന്തിക്കുന്നില്ലേ? അല്ലാഹു അല്ലാത്ത മറ്റാരില്‍നിന്നെങ്കിലും വന്നതായിരുന്നുവെങ്കില്‍ അവര്‍ അതില്‍ നിരവധി വൈരുധ്യങ്ങള്‍ കാണുമായിരുന്നു' (അന്നിസാഅ് 82).
2. 'ഈ ജനം ഖുര്‍ആനെക്കുറിച്ചു ചിന്തിക്കുന്നില്ലേ; അതോ, അവരുടെ ഹൃദയങ്ങളിന്മേല്‍  പൂട്ടുകളുണ്ടോ?' (മുഹമ്മദ് 24).
3. 'ഇക്കൂട്ടര്‍ ഈ വചനത്തെക്കുറിച്ച് അശേഷം ചിന്തിക്കാത്തതെന്ത്? അവരുടെ പൂര്‍വികര്‍ക്കൊന്നും ലഭിച്ചിട്ടില്ലാത്ത ആശയമാണോ അത് മുന്നോട്ടു വെച്ചിട്ടുള്ളത്?' (അല്‍മുഅ്മിനൂന്‍ 68).
4. 'നാം താങ്കള്‍ക്ക് അവതരിപ്പിച്ചുതന്ന അനുഗൃഹീതമായ വേദമാണിത്. ഈ ജനം ഇതിലെ സൂക്തങ്ങളില്‍ ചിന്തിക്കേണ്ടതിനും സദ്ബുദ്ധിയുള്ളവര്‍ പാഠമുള്‍ക്കൊള്ളേണ്ടതിനും' (സ്വാദ് 29).
ഈ ഖുര്‍ആനിക സൂക്തങ്ങള്‍ ശ്രദ്ധിക്കുക. ഇവിടെ ആദ്യത്തെയും രണ്ടാമത്തെയും ആയത്തുകളില്‍ 'യതദബ്ബറ'ക്കു ശേഷം ഖുര്‍ആന്‍   എന്നും മൂന്നാമത്തെയും നാലമത്തെയും ആയത്തുകളില്‍ 'ഇദ്ദബ്ബറ' ക്കു ശേഷം 'ഖൗല്' എന്നും 'ആയാത്ത്'  എന്നുമാണ്  വന്നിട്ടുള്ളത്. ഖുര്‍ആനെപ്പറ്റി മുഴുവനായി ചിന്തിക്കുന്നതിന് കൂടുതല്‍ സമയവും ദീര്‍ഘമായ പരിചിന്തനവും ആവശ്യമാണ്. അപ്പോഴേ അത് അല്ലാഹുവില്‍ നിന്നുള്ളതാണെന്നും അതില്‍ പരസ്പര വൈരുധ്യമില്ലെന്നും ബോധ്യപ്പെടൂ. എന്നാല്‍, അതിനെ അപേക്ഷിച്ച് അതിലെ ചില വചനങ്ങളെപ്പറ്റിയോ ആയത്തുകളെപ്പറ്റിയോ ചിന്തിക്കുന്നതിന് കുറഞ്ഞ സമയവും ഹ്രസ്വമായ ആലോചനയും മതിയാകുന്നതാണ്. 'തദബ്ബറ' യും 'ഇദ്ദബ്ബറ'യും തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസം അതാണ്. തദബ്ബറ ബുദ്ധിപരമായ-അഖ്‌ലിയ്യ്- ആലോചനയും ഇദ്ദബ്ബറ മാനസികമായ, ഹൃദയപൂര്‍വമായ-ഖല്‍ബിയ്യ്- ആലോചനയുമാണെന്ന്, ഈ ആയത്തുകളെക്കുറിച്ചും അതിന്റെ മുന്‍പിന്‍ ആയത്തുകളെക്കുറിച്ചുമുള്ള സൂക്ഷ്മ പഠനം നടത്തിയ ഖുര്‍ആന്‍ പണ്ഡിതനായ ഡോ. ഫാദില്‍ സാമര്‍റായി അഭിപ്രായപ്പെടുന്നു.
ഒരു കാര്യത്തിന്റെ പര്യവസാനത്തെപ്പറ്റി ചിന്തിക്കുന്നതിനെയാണ് തദബ്ബുര്‍ എന്നു പറയുക. ഖുര്‍ആനെയും അതിന്റെ ആയത്തുകളെയും പറ്റി ചിന്തിക്കുന്നതിനു മാത്രമേ തദബ്ബറ, ഇദ്ദബ്ബറ എന്ന പ്രയോഗം ഖുര്‍ആനില്‍ വന്നിട്ടുള്ളൂ.

തഫക്കുര്‍ 
അല്ലാഹുവിന്റെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കുന്നതിനാണ് തഫക്കുര്‍ പ്രയോഗിക്കുക. ഉദാ: 'വയതഫക്കറൂന ഫീ ഖല്‍ഖിസ്സമാവാത്തി വല്‍ അര്‍ദി....' ചിന്തിച്ചു പുതിയ പുതിയ അറിവുകളും യുക്തികളും കരസ്ഥമാക്കുന്നതിനാണ് തഫക്കുര്‍ എന്നു പറയുക.

തദക്കുര്‍
പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത കാര്യങ്ങള്‍, അശ്രദ്ധയാലോ മറവിയാലോ മനസ്സില്‍ നിന്ന് മാഞ്ഞുപോയെങ്കില്‍ വീണ്ടും അതിനെ ബോധമണ്ഡലത്തിലേക്കു കൊണ്ടുവരികയും നിലനിര്‍ത്തുകയും ചെയ്യുന്നതിനെ 'തദക്കുര്‍' എന്നും പറയുന്നു. 
 70255 53850

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com