Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

ഹിന്ദുത്വ ഇന്ത്യയും  ഇന്ത്യന്‍ മുസ്‌ലിംകളും - 2 പരീക്ഷണങ്ങള്‍ ഉമ്മത്തിന്റെ ശക്തിയാണ്

സയ്യിദ് സആദതുല്ലാ ഹുസൈനി  sadathusaini@gmail.com

സ്ഥിതിഗതികളുടെ സഞ്ചാരഗതി അത്ര ആശാവഹമല്ല. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനുള്ള സാധ്യതകളും നിലനില്‍ക്കുന്നു. ചില പ്രദേശങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളെയും  ഭയപ്പെടണം. ധാരാളം പേര്‍ അന്യായമായി ജയിലിലടക്കപ്പെട്ടേക്കും. തടവറയുടെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരും. മുസ്‌ലിംകളുടെ സ്ഥാപനങ്ങളും സംവിധാനങ്ങളും തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകും. അവരുടെ കൂട്ടായ്മകള്‍ തുരങ്കം വെക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടും. വിദ്യാഭ്യാസ-സാമ്പത്തിക രംഗത്ത് മുസ്‌ലിം സമുദായത്തിന്റെ വേഗതക്ക് കടിഞ്ഞാണിടാനുള്ള ഗൂഢാലോചനകള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അവരുടെ സാംസ്‌കാരികവും മതപരവുമായ വ്യക്തിത്വത്തിന് കൂടുതല്‍ ക്ഷതമേല്‍പ്പിക്കപ്പെടും. അവരുടെ ആരാധനാലയങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ പൂര്‍വാധികം ശക്തിപ്പെടും.
മുകളില്‍ സൂചിപ്പിച്ച ആശങ്കകളൊന്നും അസ്ഥാനത്തല്ല. എന്നാല്‍, ഇന്ത്യയിലെ മുസ്‌ലിംകളുടെ ചരിത്രത്തില്‍ ഇതൊന്നും പുതുമയുള്ള സംഭവങ്ങളല്ല. ഈ യാഥാര്‍ഥ്യം മനസ്സിലാക്കുകയും മുസ്‌ലിം സമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹം എത്ര ക്രൂരമായാണ് വഞ്ചിക്കപ്പെട്ടതെന്ന് നമുക്കറിയാം. മുസ്‌ലിംകളോടുള്ള പ്രതികാര ദാഹം ബ്രിട്ടീഷുകാര്‍ എങ്ങനെയാണ് തീര്‍ത്തതെന്ന് നാം ചരിത്രത്തില്‍ വായിച്ചതാണ്. ദല്‍ഹി മുതല്‍ കൊല്‍ക്കത്ത വരെ മുസ്‌ലിംകളുടെ മൃതദേഹങ്ങള്‍ മരക്കൊമ്പുകളില്‍ തൂങ്ങിയാടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. 1947-ലെ വിഭജന വേളയില്‍ ഏറ്റവും വേദനാജനകമായ കൂട്ടക്കൊലകള്‍ക്കാണ് മുസ്‌ലിം സമുദായം വിധേയമായത്. ഹൈദരാബാദിലെ പോലീസ് ആക്ഷന്‍ ഉള്‍പ്പെടെ, നിരവധി വലുതും ചെറുതുമായ പ്രാദേശിക ദുരന്തങ്ങള്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. നിരവധി കലാപ പരമ്പരകളുടെ ഇരകളാണ് ഇന്ത്യയിലെ മുസ്‌ലിം സമുദായം. വിവിധ കാരണങ്ങളാല്‍ പലപ്പോഴായി ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കടുത്ത ദുരുപയോഗങ്ങള്‍ക്ക് അവര്‍ ഇരകളായി. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തുടക്കം മുതല്‍ തന്നെ വിഭാഗീയ ശക്തികള്‍ ശക്തമായി വേരൂന്നിയിട്ടുണ്ട്. അവര്‍ എക്കാലത്തും ഈ രാജ്യത്ത് സജീവമാണ്. മുസ്‌ലിം സമുദായമാകട്ടെ, കാലങ്ങളായി വിദ്വേഷ പ്രചാരകരുടെ കടുത്ത വെല്ലുവിളികളെ പല ഘട്ടങ്ങളില്‍ അഭിമുഖീകരിച്ചാണ് കടന്നുവന്നിട്ടുള്ളതും. 
ചുരുക്കത്തില്‍, ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും പുതിയതല്ല. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, വര്‍ത്തമാന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ അതിവൈകാരികതയും ഭയവും നിരാശാബോധവും അന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് യഥാര്‍ഥത്തില്‍ പുതുതായി സംഭവിക്കുന്നത്. ഭയവും നിരാശയും തീവ്ര വൈകാരികതയുമാണ് ആശങ്കാജനകമാകുന്നത്. മുസ്‌ലിം ഉമ്മത്തിന്റെ ശത്രുക്കളുടെ പട്ടിക തയാറാക്കിയാല്‍, മുസ്‌ലിം സമുദായത്തെ പിടികൂടിയ ഭയവും നിരാശയും നിറഞ്ഞ അരക്ഷിത മനഃശാസ്ത്രമാണ് അവരുടെ ഏറ്റവും വലിയ ശത്രു എന്ന് പറയേണ്ടിവരും. ഒരു ജനതയെ ബാധിക്കുന്ന ഏറ്റവും വലിയ വിപത്ത് നിരാശയും ഭയവുമാണ്. സമ്മര്‍ദഭരിതമായ സാഹചര്യങ്ങളുടെ ആയുസ്സ് എപ്പോഴും ഹ്രസ്വമായിരിക്കുമെന്ന് നാം മനസ്സിലാക്കണം. എന്നാല്‍ മനോവീര്യമില്ലാത്ത, ഭയവും നിരാശയും നിറഞ്ഞ മനസ്സാണ് നമുക്കുള്ളതെങ്കില്‍, അതിന്റെ അനന്തരഫലങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കും എന്നതായിരിക്കും സംഭവിക്കുക. ഈ മനോഘടന ജീവിതത്തിന്റെ മുഴുവന്‍ പ്രതീക്ഷകളെയും ഇല്ലാതാക്കും. മനുഷ്യന്റെ ആത്മാഭിമാനത്തെ തകര്‍ക്കും. മുന്നോട്ട് പോകാനും വികസിപ്പിക്കാനുമുള്ള പ്രചോദനങ്ങള്‍ക്ക് കടിഞ്ഞാണിടും. 
എന്നാല്‍, പ്രത്യാശയുടെ വെളിച്ചം ഹൃദയത്തിനകത്ത് ജ്വലിക്കുന്നുണ്ടെങ്കില്‍, കനത്ത പരാജയങ്ങള്‍ക്കും കൊടും ദുരന്തങ്ങള്‍ക്കും പോലും ഒരു ജനതയുടെ നട്ടെല്ല് തകര്‍ക്കാന്‍ കഴിയുകയില്ല. പ്രതീക്ഷയുടെ തീപ്പൊരികള്‍ ചാരത്തില്‍ ഒളിപ്പിച്ചുവെച്ചവരാണവര്‍. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍, പോസിറ്റീവായ മാറ്റങ്ങളുടെ നേരിയ ആവേശം പോലും ഈ തീപ്പൊരികളെ ജ്വലിപ്പിക്കുന്നു. മറുവശത്ത്, പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെട്ടാല്‍, നിഴലുകളും മിഥ്യാധാരണകളും ഭയപ്പെടുത്താന്‍ തുടങ്ങുന്നു. കുഞ്ഞു കാറ്റ് പോലും വിനാശകരമായ കൊടുങ്കാറ്റിന്റെ ഫലമാണുണ്ടാക്കുക. ഇപ്രകാരം ഭീരുക്കളായ ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യാനും നശിപ്പിക്കുവാനും ശത്രുവിന്റെ പോലും ആവശ്യമുണ്ടാകില്ല. ഭയത്തിന്റെയും മിഥ്യാധാരണകളുടെയും ഇരകളാക്കപ്പെട്ടവര്‍ സ്വയം മരണത്തിന് തലനീട്ടിക്കൊടുത്തവരായിരിക്കും; സ്വയമേ മരണം വിധിക്കുന്നവരുമാണവര്‍.
ഭയവും ഭീരുത്വവും ഈമാനിന്റെ നേര്‍ വിപരീതമാണ്. അല്ലാഹുവില്‍ ഉറച്ച ഈമാനുള്ള ഒരാള്‍ക്കും ഒരിക്കലും ഭയത്തിന്റെയോ നിരാശയുടെയോ ഇരയാകാന്‍ കഴിയില്ല. ഭയം പിശാചിന്റെ തന്ത്രമാണ്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ഇപ്രകാരം പറയുന്നു: ''അത് വാസ്തവത്തില്‍ പിശാചായിരുന്നുവെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കറിവായിരിക്കുന്നു. അവന്‍ തന്റെ മിത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഭാവിയില്‍ മനുഷ്യരെ ഭയപ്പെടാതിരിക്കുവിന്‍. നിങ്ങള്‍ വിശ്വാസികളെങ്കില്‍ എന്നെ ഭയപ്പെടുവിന്‍. നബിയേ, സത്യനിഷേധ രംഗത്ത് കഠിനാധ്വാനം ചെയ്യുന്നവരുടെ പ്രവര്‍ത്തനങ്ങളൊന്നും താങ്കളെ ദുഃഖിപ്പിക്കാതിരിക്കട്ടെ. അവര്‍ക്ക് അല്ലാഹുവിനെ ഒട്ടും ദ്രോഹിക്കാന്‍ സാധിക്കുകയില്ല. പരലോകത്ത് അവര്‍ക്കായി ഒരു വിഹിതവും വെച്ചേക്കരുതെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. അവസാനം ഭയങ്കരമായ ശിക്ഷയാണവര്‍ക്കുള്ളത്'' (ആലുഇംറാന്‍ 175-176). 
വര്‍ത്തമാന സാമൂഹിക-രാഷ്ട്രീയ സാഹചര്യം അധിക കാലമൊന്നും നിലനില്‍ക്കുകയില്ല. ഈ കാലയളവും കടന്നുപോകാനുള്ളതാണ്. കൂടുതല്‍ ശക്തവും ഫലപ്രദവുമായ വഴികള്‍ കണ്ടെത്തി ഈ പ്രതിസന്ധിയുടെ നാളുകളില്‍ നിന്ന് മുക്തമാകുക എന്നതായിരിക്കണം ഇക്കാലത്ത് നാം നിര്‍വഹിക്കുന്ന മുഴുവന്‍ പരിശ്രമങ്ങളുടെയും യഥാര്‍ഥ ലക്ഷ്യം. മുസ്‌ലിം സമുദായത്തിന്റെ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെട്ടതാകാന്‍, രാജ്യമൊട്ടുക്കും ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കാനുതകുന്ന ഇടപെടലുകളാണ് ഈ കാലയളവില്‍ നമുക്ക് നടത്താനുള്ളത്. നിലവിലെ സാഹചര്യം ഒരു 'ഫീഡ്ബാക്ക് സ്റ്റഡി'ക്കുള്ള സന്ദര്‍ഭം കൂടിയാണ്. ഈ സാഹചര്യങ്ങളെ ഫീഡ്ബാക്കായി എടുക്കേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം. പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലം ആത്മവിചാരണക്കും സ്വയം വിമര്‍ശനത്തിനുമുള്ള സന്ദര്‍ഭം കൂടിയാണ്. 
മുസ്‌ലിം സമൂഹം ചരിത്രത്തില്‍ നിരന്തരം ആവര്‍ത്തിച്ചുപോന്നതും ഇന്നും ആവര്‍ത്തിക്കുന്നതുമായ തെറ്റുകളും പോരായ്മകളും തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം. നാം നമ്മുടെ മനോഭാവങ്ങള്‍ പലതും മാറ്റേണ്ടതുണ്ട്. കൂടുതല്‍ ശക്തിയാര്‍ജിച്ച്  മികച്ച തന്ത്രങ്ങളുമായി ശരിയായ ദിശയിലേക്ക് നമ്മുടെ പോര്‍മുഖം തിരിച്ചുവെക്കണം. കഠിനവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ സാഹചര്യങ്ങള്‍ ചില സമൂഹങ്ങളെ ദുര്‍ബലമാക്കും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുക വഴി, ചില സമൂഹങ്ങള്‍ കൂടുതല്‍ ശക്തരും സ്വാധീനമുള്ളവരുമായി ഉയര്‍ന്നുവരികയും ചെയ്യും. ഇതിനായി, നമ്മുടെ മനോവീര്യം കരുത്തുള്ളതാകണം. ആത്മവിശ്വാസം ചോര്‍ന്നുപോകാതിരിക്കണം. അതേസമയം, നാം നമ്മെ കുറിച്ച് തന്നെ നിരന്തരമായ അവലോകനങ്ങള്‍ നടത്തിക്കൊണ്ടിരിക്കണം. ആത്മവിമര്‍ശനവും വിചാരണയും നടത്തണം. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സ്വയം പരിവര്‍ത്തനത്തിന് സന്നദ്ധരാകണം. നമ്മുടെ സൈദ്ധാന്തികരും ബുദ്ധിജീവികളും നേതാക്കളും ഇതിനു വേണ്ടിയാണ് കഠിന പ്രയത്‌നം നടത്തേണ്ടത്. ഇത് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായി അവര്‍ മനസ്സിലാക്കണം. ഒരു കാരണവശാലും അമിതമായ ഭയവും നിരാശയും സൃഷ്ടിക്കാന്‍ നാം ശ്രമിക്കരുത്.

അടിസ്ഥാന തത്ത്വങ്ങളില്‍
ഉറച്ചുനില്‍ക്കുക

നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍, ഇസ്‌ലാം വിരുദ്ധ ശക്തികളെ തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട സ്ട്രാറ്റജി നാം നമ്മുടെ അടിസ്ഥാന തത്ത്വങ്ങളില്‍ പതര്‍ച്ചയേതുമില്ലാതെ ഉറച്ചുനില്‍ക്കുക എന്നതാണ്. ഏകനായ അല്ലാഹുവിന്റെ മാത്രം അടിമത്തം സ്വീകരിക്കുകയും അവന്റെ കല്‍പ്പനകള്‍ പാലിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുക, മുഴു ജീവിതത്തിലും ഖുര്‍ആനും തിരുദൂതരുടെ സുന്നത്തും പിന്തുടരുക, സത്യസന്ദേശം പ്രചരിപ്പിക്കുക, അതിനായി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുക എന്നീ കാര്യങ്ങളാണ് ഇസ്‌ലാമിന്റെ അചഞ്ചലമായ അടിസ്ഥാന തത്ത്വങ്ങള്‍. നമ്മുടെ ഐഡന്റിറ്റി പ്രത്യേകമായ മുദ്രാവാക്യങ്ങളുമായോ ചിലതരം വസ്ത്രങ്ങളുമായോ മാത്രം ബന്ധപ്പെട്ട് നിലകൊള്ളുന്നതല്ല. മറിച്ച്, മുകളില്‍ സൂചിപ്പിച്ച അടിസ്ഥാന തത്ത്വങ്ങളുമായാണ് അത് കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്. വംശീയവും ജാതീയവും വര്‍ഗപരവുമായ എല്ലാ മുന്‍വിധികള്‍ക്കും അപ്പുറം നാം ഉയര്‍ന്നുനില്‍ക്കണം. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതും, എല്ലാത്തരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ പോരാടുക എന്നതും നമ്മുടെ മാറ്റമില്ലാത്ത ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ പെട്ടതാണ്. ഈ തത്ത്വങ്ങളില്‍ അസാധാരണവും അചഞ്ചലവുമായ സ്ഥിരോത്സാഹം പ്രകടിപ്പിക്കുന്നതാണ് ചെറുത്തുനില്‍പ്പിന്റെ യഥാര്‍ഥ രൂപം. പ്രതിസന്ധികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ സത്യത്തിന്റെ വക്താക്കള്‍ വിട്ടുവീഴ്ചയില്ലാത്തവിധം സത്യത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍, പ്രസ്തുത സത്യം തന്നെയാണ് ശരിയെന്ന ബോധ്യം വ്യാപകമാകും. മാത്രമല്ല, പലവിധ പരീക്ഷണങ്ങളും വെല്ലുവിളികളും പ്രതിബന്ധങ്ങളുമുണ്ടായിട്ടും എല്ലാം സഹിച്ചും ക്ഷമിച്ചും അവര്‍ തങ്ങളുടെ തത്ത്വങ്ങളില്‍ ഉറച്ചുനില്‍ക്കുകയും അതൊന്നും ഉപേക്ഷിക്കാതിരിക്കുകയും ചെയ്യുമ്പോള്‍, ആ തത്ത്വങ്ങളിലേക്ക് ജനങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുക. പ്രതിസന്ധികള്‍ നിറഞ്ഞ ഈ കാലം യഥാര്‍ഥ ശരിയെ സമൂഹ മധ്യേ ബോധ്യപ്പെടുത്തുന്നതിനായി അല്ലാഹു അവസരമൊരുക്കിത്തരിക കൂടിയാണ് ചെയ്യുന്നത്.
അടിച്ചമര്‍ത്തലുകളും അക്രമങ്ങളും നടക്കുന്നിടങ്ങളില്‍ നാം മൗനികളാകരുത്. ജീവനും സ്വത്തിനും നേരെ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ സ്വയം പ്രതിരോധിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണം. സ്വയം പ്രതിരോധം ഇസ്‌ലാമിന്റെ പ്രധാന നിയമങ്ങളിലൊന്നാണ്. സ്വയം പ്രതിരോധത്തിനുള്ള അവകാശം രാജ്യത്തിന്റെ നിയമവും ഭരണഘടനയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. മരണ ഭയമില്ലാതെ ധൈര്യമായി നമ്മെയും നമ്മുടെ സഹോദരങ്ങളെയും നാടിനെയും ഗ്രാമങ്ങളെയും രക്ഷിക്കാന്‍ ആവത് ശ്രമിക്കേണ്ടത് നമ്മുടെ കടമയാണ്. മത-ജാതി വ്യത്യാസമില്ലാതെ ഇരകളുടെ പക്ഷത്ത് നില്‍ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യേണ്ടവരാണ് നാം. എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെയും നാം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കണം. അടിച്ചമര്‍ത്തപ്പെട്ടവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുക. പക്ഷേ, ഇത് മാത്രമാണ് നമ്മുടെ ഉത്തരവാദിത്വം എന്ന് നാം കരുതരുത്. നാം നടത്തുന്ന പ്രതികരണങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സാധുതയുള്ളതാണ്. അതോടൊപ്പം, പെട്ടെന്നുണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളോടുള്ള താല്‍ക്കാലിക പ്രതികരണം മാത്രമാണിതെന്നും നാം മനസ്സിലാക്കണം. ഇതില്‍ മാത്രം നമ്മുടെ ദൗത്യം പരിമിതപ്പെടുത്താന്‍ ന്യായമില്ല. അഥവാ, ഇത്തരം പ്രതികരണം അനിവാര്യതയാണ്; എന്നാല്‍ എല്ലാം തികഞ്ഞതല്ല. 

ഇടപെട്ടുകൊണ്ടേയിരിക്കുക

രാജ്യത്തിന്റെ മൊത്തം ജനതയെ നാം നേരത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരുന്നുവല്ലോ. അതില്‍ നാലാമത്തെ വിഭാഗം, വര്‍ഗീയതയ്‌ക്കെതിരെ ധീരമായി നിലകൊള്ളുന്നവരാണ്. ഈ വിഭാഗത്തെ ശക്തിപ്പെടുത്തുക എന്നതാണ് നമ്മുടെ കടമ. ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന തേട്ടം കൂടിയാണത്. ഈ വിഭാഗത്തെ സാധ്യമായ എല്ലാ വഴികളിലൂടെയും നാം സഹായിച്ചുകൊണ്ടിരിക്കണം. വര്‍ഗീയതക്കെതിരെ ധീരമായി നിലകൊള്ളുന്നവരുടെ എണ്ണവും വണ്ണവും വര്‍ധിക്കേണ്ടത് അനിവാര്യമാണ്. മൂന്നാമത്തെ വിഭാഗം, വര്‍ഗീയത ഇഷ്ടപ്പെടാത്തവരും എന്നാല്‍ നിശ്ശബ്ദതയുടെ മൂടുപടത്തില്‍ ഒളിച്ചിരിക്കുന്നവരുമാണ്. ഈ വിഭാഗമാണ് മഹാഭൂരിപക്ഷം. ഇക്കൂട്ടരുടെ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തി രാജ്യത്ത് ക്രമസമാധാനം സ്ഥാപിക്കുവാനും അക്രമങ്ങള്‍ ഇല്ലായ്മ ചെയ്യുവാനും വേണ്ടി നിലകൊള്ളാന്‍ അവരെ നിരന്തരം പ്രേരിപ്പിക്കേണ്ടതുണ്ട്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വക്താക്കളുടെ അജണ്ടയില്‍ ഇരകളാക്കപ്പെടുന്നവരാണ് രണ്ടാമത്തെ വിഭാഗം. ഇവരെ ഹിന്ദുത്വയുടെ ഇരകളാകുന്നതില്‍നിന്ന് തടയാന്‍ ആവശ്യമായത് നാം ചെയ്തുകൊണ്ടിരിക്കണം. വെറുപ്പും വിദ്വേഷവും ബോധപൂര്‍വം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്‌തെടുക്കാന്‍ ശ്രമിക്കുന്ന ഒന്നാമത്തെ വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള നിരന്തര ശ്രമങ്ങളും നാം നടത്തണം.
എല്ലാവരുമായുമുള്ള ഇടപഴകല്‍ പരമാവധി വര്‍ധിപ്പിക്കുക എന്നതാണ് ഇതിനുള്ള പരിഹാര മാര്‍ഗം. രാജ്യത്ത് വിഭാഗീയത വളരാനുള്ള പ്രധാന കാരണം വ്യത്യസ്ത ജാതി വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതകളാണ്. രണ്ട് തരത്തിലാണ് ഈ ഭിന്നതകളുണ്ടാകുന്നത്. അതില്‍ ഒന്നാമത്തേത് സാമൂഹിക മനഃശാസ്ത്രത്തിന്റെ ഭാഷയില്‍, 'മനോഭാവ ധ്രുവീകരണം' (Attitude Polarisation) എന്നറിയപ്പെടുന്നു.1  രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തുടങ്ങിവെക്കുന്ന വിയോജിപ്പുകള്‍ പിന്നീട് ഓരോ വിഭാഗത്തിന്റെയും വിയോജിപ്പുള്ള വീക്ഷണം മറു വിഭാഗത്തിന്റെ പ്രതികരണത്തോടുള്ള പ്രതികരണമായി കൂടുതല്‍ തീവ്രത പ്രാപിക്കുന്നു. അതുവഴി ഇരുകൂട്ടരും പരസ്പരം ശക്തമായി എതിര്‍ക്കുന്ന സാഹചര്യം രൂപപ്പെടുന്നു. ഓരോരുത്തരും അവരവരുടെ ചിന്തകള്‍ക്കും മനോഭാവങ്ങള്‍ക്കുമനുസരിച്ച് ഓരോ സംഭവത്തെയും സിദ്ധാന്തീകരിക്കുന്ന (theorise) ഘട്ടത്തിലെത്തിച്ചേരുന്നു. ഒരേ സ്ഥലത്ത്, ഒരേ പ്രതിഭാസം ഒരു വിഭാഗത്തിന് ഒരു രൂപത്തിലും മറു വിഭാഗത്തിന് വിപരീത രൂപത്തിലും അനുഭവപ്പെടുന്ന സാഹചര്യം അതുവഴി സൃഷ്ടിക്കപ്പെടുന്നു. ഇതാണ് മനോഭാവ ധ്രുവീകരണം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. സമീപകാലത്തുണ്ടായ പല സംഭവങ്ങളും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. 'ബുള്‍ഡോസര്‍ രാജ്' എന്ന പേരില്‍ അറിയപ്പെടുന്ന, ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കുന്ന സംഭവങ്ങളെ മുസ്‌ലിം സമൂഹത്തെ സാമൂഹികമായി അടിച്ചമര്‍ത്താനുള്ള വലിയ ഗൂഢാലോചനയായി മുസ്‌ലിംകള്‍ മനസ്സിലാക്കുന്നു. അതേസമയം, മുസ്‌ലിംകളല്ലാത്ത വലിയൊരു ജനവിഭാഗം കലാപകാരികളെ ശിക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. രാംനവമി സംഭവങ്ങളെ സംബന്ധിച്ച് മുസ്‌ലിം സമൂഹം മനസ്സിലാക്കുന്നത്, കൂട്ടകലാപങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഭാഗമായി ബോധപൂര്‍വം സൃഷ്ടിച്ചതായിരുന്നു അതെന്നാണ്. അതേസമയം, വലിയൊരു വിഭാഗം ഹിന്ദുക്കള്‍ തങ്ങളുടെ മതപരമായ ഘോഷയാത്രകള്‍ക്ക് നേരെ കല്ലേറിനുള്ള രാജ്യവ്യാപകമായ സംഘടിത പ്രചാരണമാണെന്നാണ് വിശ്വസിച്ചത്. ചിന്താപരമായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍, മൂര്‍ത്തമായ തെളിവുകളെയും യാഥാര്‍ഥ്യങ്ങളെയും സ്വന്തം വീക്ഷണകോണില്‍ നിന്ന് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതുവഴി ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള അര്‍ഥവത്തായ സംഭാഷണങ്ങള്‍ പോലും അസാധ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.
ധ്രുവീകരണത്തിന്റെ രണ്ടാമത്തെ ഇനം, സാമൂഹിക ധ്രുവീകരണം (Social Polarisation) അല്ലെങ്കില്‍ സ്ഥലപരമായ ധ്രുവീകരണം (Spatial Polarisation) എന്ന് വിളിക്കപ്പെടുന്നതാണ്. അതായത് പെരുമാറ്റം, ആശയവിനിമയം, സൗഹൃദ ബന്ധങ്ങള്‍, മാനവിക അടുപ്പങ്ങള്‍ എന്നീ കാര്യങ്ങളിലെല്ലാം ഒരു വിഭാഗത്തിന് മറ്റേ വിഭാഗവുമായി ആശയവിനിമയം നടത്തുന്നതും അവരുമായി ബന്ധം സ്ഥാപിക്കുന്നതും കൂടുതല്‍ ദുഷ്‌കരവും പ്രയാസം നിറഞ്ഞതുമാകുന്നു. അല്ലെങ്കില്‍ അതിന്റെ സാധ്യതകള്‍ പാടെ കുറഞ്ഞുവരുന്നു. ഇക്കാര്യത്തില്‍ ഏറെ ആശങ്കാജനകമായ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.
ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്. അതിന് വലിയ തോതിലുള്ള പ്രചാരണം ആവശ്യമാണ്. നമ്മുടെ ജീവിതത്തിലെ സാധാരണമായ ദൈനംദിന ഇടപെടലുകള്‍ ധ്രുവീകരണ അജണ്ടകള്‍ പരാജയപ്പെടുത്തുന്നതിന് വളരെയധികം അനിവാര്യമാണ്. കൂടാതെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള വിടവുകളും അകല്‍ച്ചകളും പരിഹരിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളും പ്ലാറ്റ്‌ഫോമുകളും രൂപവത്കരിക്കേണ്ടതുണ്ട്.2 ജര്‍മന്‍ സാമൂഹികശാസ്ത്രജ്ഞനായ യുര്‍ഗന്‍ ഹാബര്‍മാസ് (Jurgen Habermas) 'പൊതുമണ്ഡലം' (Public Sphere) എന്ന പേരില്‍ ഒരു സിദ്ധാന്തം അവതരിപ്പിക്കുന്നുണ്ട്. പൊതുമണ്ഡലത്തെ നിര്‍വചിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം എഴുതുന്നു: “Public Sphere is made up of privat people gathered together as  a public and articulating the needs of society with the state” (പൊതുമണ്ഡലം നിര്‍മിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തികള്‍ പൊതുസമൂഹമെന്ന നിലയില്‍ ഒത്തുചേര്‍ന്നു കൊണ്ടാണ്. അതോടൊപ്പം സമൂഹത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഭരണകൂടത്തിന് മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്യുന്നതിനാണ്).3
വ്യക്തികളെ പരസ്പരം അടുപ്പിക്കുന്ന സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ് പൊതുമണ്ഡലം (Public Sphere). പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരസ്പരം ചിന്തകളെ സ്വാധീനിക്കുകയും അതുവഴി രാഷ്ട്രീയ പ്രക്രിയകളെ വരെ സ്വാധീനിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. ഹേബര്‍മാസിന്റെ അഭിപ്രായത്തില്‍, സാധാരണവും ദൈനംദിനവുമായ മനുഷ്യ ഇടപെടലുകളിലൂടെ നടക്കുന്ന ബന്ധങ്ങളും ഇടപെടലുകളുമാണ് ലൈഫ് വേള്‍ഡ് (Life World)എന്ന പേരില്‍ അറിയപ്പെടുന്നത്.4 ഗ്രാമങ്ങളിലെ ചോപ്പാലകള്‍, നഗരങ്ങളിലെ ചായക്കടകള്‍, കുട്ടികള്‍ തമ്മിലുള്ള കളികളിലൂടെയുള്ള ബന്ധം, കുടുംബപരമായ ചടങ്ങുകള്‍, മേളകളും ഉത്സവങ്ങളും നടക്കുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പരമുണ്ടാകേണ്ട ബന്ധങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വ്യവസ്ഥിതിയെ സ്വാധീനിക്കുന്നത് പൊതുമണ്ഡലമാണെന്ന് ഹേബര്‍മാസ് പറയുന്നു. അതുകൊണ്ടുതന്നെ സമൂഹത്തെ മുഴുവന്‍ ഭരിക്കുന്നത് വ്യവസ്ഥിതിയാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നുണ്ട്.
ചുരുക്കത്തില്‍, രാജ്യത്തെ നിലവിലെ മുസ്‌ലിം വിരുദ്ധ സാഹചര്യങ്ങള്‍ രൂപപ്പെടുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് മനോഭാവത്തിലെ വ്യത്യാസമാണ്. ഇതിനുള്ള പരിഹാരം മുസ്‌ലിംകളെയും അമുസ്‌ലിംകളെയും പൊതുരംഗത്ത് പരസ്പരം അടുപ്പിക്കുക എന്നതാണ്. ദിവസവും അവര്‍ക്കിടയില്‍ അര്‍ഥവത്തായ സംഭാഷണങ്ങള്‍ നടക്കേണ്ടതുണ്ട്. എല്ലാവരും അവരവരുടെ മതവും തത്ത്വങ്ങളും വിശ്വാസങ്ങളും പരസ്പരം മനസ്സിലാക്കണം. ദഅ്‌വത്ത് മുസ്‌ലിംകളുടെ ഒഴിച്ചുകൂടാനാകാത്ത ബാധ്യതയും ഉത്തരവാദിത്വവുമാണ്. അതോടൊപ്പം, അവര്‍ ഒരുമിച്ച് ഒരു പൊതുമണ്ഡലം രൂപീകരിക്കുകയും ചെയ്യണം. അതായത്, നീതിയുടെ അജണ്ടകള്‍ക്ക് വേണ്ടി അവര്‍ ഒരുമിച്ച് പോരാടണം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നീതിയുടെ രാഷ്ട്രീയ പ്രസക്തിയും പ്രാധാന്യവും കൂടുതലായി ബോധ്യമാവുക.5 

സാമൂഹിക ഇടപെടലുകള്‍

നാം സ്വീകരിക്കേണ്ട സ്ട്രാറ്റജിയില്‍ മൂന്നാമത്തേത്, ഗവണ്‍മെന്റുകളുമായും ഹിന്ദുത്വ സൈദ്ധാന്തികരും ബുദ്ധിജീവികളുമായും സിവില്‍ സമൂഹവുമായും ഉദ്ദേശ്യപൂര്‍വമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുക എന്നതാണ്. സര്‍ക്കാരിന്റെയും ഹിന്ദുത്വ ശക്തികളുടെയും അനുചിതമായ നടപടികളെയും നയനിലപാടുകളെയും പ്രത്യയശാസ്ത്രങ്ങളെയും നമുക്ക് ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കാം. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഷം വമിപ്പിക്കുന്ന എല്ലാ ഘടകങ്ങളെയും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യാം. അതേസമയം, സര്‍ക്കാരുമായും ഹിന്ദുത്വ സൈദ്ധാന്തികരും ബുദ്ധിജീവികളുമായും ഫലപ്രദവും അര്‍ഥവത്തായതുമായ സംവാദങ്ങള്‍ക്ക് നമുക്ക് തുടക്കം കുറിക്കുകയും ചെയ്യാം. ഹിന്ദുത്വ പ്രസ്ഥാനം രാജ്യത്തെ പൊതുവായി സ്വാധീനിച്ചുകഴിഞ്ഞിരിക്കുന്നു എന്ന യാഥാര്‍ഥ്യം നാം അംഗീകരിച്ചേ മതിയാകൂ. എന്നാല്‍, ആ സ്വാധീനത്തിന്റെ ഘടകങ്ങള്‍ വൈവിധ്യമുള്ളതാണെന്ന് നേരത്തെ സൂചിപ്പിച്ചിരുനു. ഹിന്ദുത്വ പ്രസ്ഥാനവും അത് പ്രസരിപ്പിക്കുന്ന ആശയങ്ങളും കഴിയുന്നത്ര മിതത്വത്തിന്റെ പക്ഷത്തേക്ക് ചായുകയും ചരിയുകയും വേണം. താരതമ്യേന മിതത്വമുള്ള ഘടകങ്ങളുടെ ശക്തിയും സ്വാധീനവും അതിനകത്ത് ആന്തരികമായി വര്‍ധിക്കുകയും വേണം. ഇതാണ് ഇപ്പോള്‍ രാജ്യത്തിന്റെയും രാജ്യ നിവാസികളുടെയും രക്ഷക്ക് പ്രധാനമായും സംഭവിക്കേണ്ടത്. സര്‍ക്കാരിനോട് അടുപ്പമുള്ള മിതവാദികളായ സൈദ്ധാന്തികരെയും ബുദ്ധിജീവികളെയും, അധികാര കേന്ദ്രങ്ങളില്‍ സ്വാധീനമുള്ള വ്യക്തികളെയും സ്വാധീനിക്കാനും അതുവഴി സര്‍ക്കാരിന്റെ നയങ്ങള്‍ പരമാവധി മിതത്വമുള്ളതാക്കി മാറ്റാനുമുള്ള പോരാട്ടമാണ് ഈ സന്ദര്‍ഭത്തില്‍ നടക്കേണ്ടത്. നാം പലപ്പോഴും വലതു പക്ഷത്തോടും ഇടതു പക്ഷത്തോടും ഒരേപോലെ വിയോജിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും സാമുദായിക സൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യത എന്ന നിലയില്‍, പൊതു ലക്ഷ്യം നേടിയെടുക്കുന്നതിനായി നമുക്ക് ഇടതുപക്ഷങ്ങളുമായി സഹകരിക്കാം. അതോടൊപ്പം വലതുപക്ഷങ്ങളുടെ മിതത്വമുള്ള ഘടകങ്ങളുമായി സഹകരിക്കാനും നമുക്ക് സാധിക്കണം. നമ്മുടെ ആവശ്യമിതാണ്: ആശയപരമായ നമ്മുടെ നിലപാടുകള്‍ക്കും ബന്ധങ്ങള്‍ക്കും അതീതമായി മൗലികാവകാശങ്ങളുടെ സംരക്ഷണം, നീതി നിര്‍വഹണവും ക്രമസമാധാന പാലനവും ഉറപ്പുവരുത്തല്‍, ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണം, മുസ്‌ലിംകളുടെ നീതിയും അവരുടെ വളര്‍ച്ചയും പുരോഗതിയും ആഗ്രഹിക്കുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളുമായും സഹകരിക്കാനും ബന്ധപ്പെടുവാനും നാം ശ്രമിക്കേണ്ടതുണ്ട്.

നീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം

നീതിയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക എന്നത് നമ്മുടെ പ്രധാനപ്പെട്ട മറ്റൊരു സ്ട്രാറ്റജിയാണ്. നീതിയുടെ രാഷ്ട്രീയം ഇക്കാലത്ത് വളരെ പ്രധാനപ്പെട്ടതാണെന്ന് നാം മനസ്സിലാക്കുന്നു. മുസ്‌ലിംകളുടെയും അവരുടെ മതത്തിന്റെയും തത്ത്വങ്ങള്‍ നിറവേറ്റുക എന്ന അടിസ്ഥാനത്തില്‍ മാത്രമല്ല നീതിയുടെ രാഷ്ട്രീയത്തെ നാം ഉയര്‍ത്തിപ്പിടിക്കേണ്ടത്. മറിച്ച്, രാജ്യത്തിന്റെയും രാജ്യ നിവാസികളുടെയും ശോഭനമായ ഭാവിയിലേക്കും മാന്യമായ ജീവിതത്തിലേക്കുമുള്ള ചവിട്ടുപടികള്‍ കൂടിയാണിത്. മുസ്‌ലിംകള്‍ അവരുടെ പുറംചട്ടയില്‍ നിന്ന് പുറത്തുകടന്ന് രാജ്യത്തിന്റെയും മുഴുവന്‍ രാജ്യനിവാസികളുടെയും ഇഹപര നന്മയ്ക്കായി നിലകൊള്ളുക എന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രധാന തേട്ടം. മുസ്‌ലിം സമൂഹം മുഖ്യധാരയില്‍ നിന്ന് വിഛേദിക്കപ്പെട്ട പ്രത്യേക ഐഡന്റിറ്റി നിലനിര്‍ത്തുന്നവരാകരുത്. മറ്റുള്ളവര്‍ക്കെല്ലാം അജ്ഞാതമായ പാരമ്പര്യങ്ങളിലും മൂല്യങ്ങളിലും നിലകൊള്ളുന്ന അന്യവല്‍ക്കരിക്കപ്പെട്ട സമൂഹമായി മാറിനില്‍ക്കുകയുമരുത്. മറിച്ച്, എല്ലാ ജനവിഭാഗങ്ങളുടെയും ക്ഷേമത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ബോധമുള്ള, ചലനാത്മകവും സജീവവും ശക്തവുമായ ജനസമൂഹമായി മുസ്‌ലിംകള്‍ മാറണം. ഈ യാഥാര്‍ഥ്യം മനസ്സിലാക്കി മുസ്‌ലിംകള്‍ തങ്ങളുടെ മുന്‍കാല പ്രകൃതങ്ങളില്‍ മാറ്റംവരുത്തി പുതിയ തിരിച്ചറിവും പുതിയ പ്രതീക്ഷകളുമായി മുന്നോട്ട് വരികയാണ് വേണ്ടത്. നിലനില്‍ക്കുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ അല്ലാഹു നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഇതാണെന്നാണ് നാം മനസ്സിലാക്കുന്നത്.
മുകളില്‍ സൂചിപ്പിച്ച അതിപ്രധാന ദൗത്യനിര്‍വഹണത്തിന്റെ ഭാഗമായി അഞ്ച് പ്രധാനപ്പെട്ട നിര്‍ദേശങ്ങളാണ് ഈ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്:
1.    ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ നാം തുടര്‍ന്നുകൊണ്ടിരിക്കും. സമഗ്രവും സമ്പൂര്‍ണവുമായ ഇസ്‌ലാമിന്റെ തത്ത്വങ്ങളും ജീവിത വീക്ഷണങ്ങളും സമൂഹ മധ്യേ നാം അവതരിപ്പിച്ചുകൊണ്ടിരിക്കും. ഇതാണ് മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന ദൗത്യം. നാം ഇസ്‌ലാമിലും അതിന്റെ അടിസ്ഥാന തത്ത്വങ്ങളിലും ഉറച്ചുനില്‍ക്കണം. നമ്മുടെ ഭാഷയിലൂടെയും പ്രവൃത്തികളിലൂടെയും പ്രതീക്ഷകളിലൂടെയും ആഗ്രഹങ്ങളിലൂടെയും ഉദ്ദേശ്യലക്ഷ്യങ്ങളിലൂടെയുമെല്ലം ഇസ്‌ലാമിന്റെ സാക്ഷികളാകുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യാം.
2.    അതേസമയം സമാന്തരമായി, നീതിയോടും സമത്വത്തോടും പരമാവധി അടുക്കാനും സമൂഹത്തെ മുഴുവന്‍ അതേ വഴിക്ക് തിരിച്ചുവിടാനുമുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും വേണം. നീതി എല്ലാവര്‍ക്കുമുണ്ടാകേണ്ടതാണ്. ഈ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും നീതി എന്നതായിരിക്കണം നമ്മുടെ അടിയന്തരമായ രാഷ്ട്രീയ ലക്ഷ്യം.
3.    നീതിയുടെ അടിസ്ഥാനത്തില്‍ പുതിയൊരു രാഷ്ട്രീയ അജണ്ടയും കാഴ്ചപ്പാടും രൂപപ്പെടുത്തിയെടുക്കാന്‍ സാധിക്കണം. ഈ ലേഖന പരമ്പരയില്‍ ഇതു സംബന്ധിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ വ്യക്തതയുള്ള ഒരു പൊതു അജണ്ട രൂപപ്പെടുത്തിയെടുക്കാനും നമുക്ക് സാധിക്കണം.
4.    നമ്മുടെ മുഴുവന്‍ രാഷ്ട്രീയ ഇടപെടലുകളുടെയും ശ്രമങ്ങളുടെയും അടിസ്ഥാനം ഈ അജണ്ടയായിരിക്കണം. ഇത് നമ്മുടെ മുഴുവന്‍ കാമ്പയിനുകളുടെയും പ്രധാന പ്രചാരണ വിഷയമാക്കുകയും വേണം. ചെറുതും വലുതുമായ മുഴുവന്‍ പൊതു സര്‍ക്കിളുകളിലും ഇത് ചര്‍ച്ചാ വിഷയമാക്കാനും സാധിക്കണം. ഇത് സംബന്ധിച്ച വിശദമായ പഠനങ്ങളും പുസ്തകങ്ങളും തയാറാക്കണം. ഡോക്യുമെന്ററികളും സിനിമകളും നിര്‍മിക്കണം. ഈ സന്ദേശങ്ങളുമായി നമുക്ക് ജനങ്ങളിലേക്കിറങ്ങാം. ഇതിന്റെ പ്രചാരണത്തിന് വേണ്ട എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കാം. അത്, ഈ ദൗത്യ നിര്‍വഹണം നേരത്തെ സൂചിപ്പിച്ച പൊതുമണ്ഡലത്തിന്റെയും അതില്‍ നമ്മുടെ പങ്കാളിത്തത്തിന്റെയും അടിസ്ഥാനമാണെന്ന് നാം മനസ്സിലാക്കണം. എത്രത്തോളമെന്നാല്‍, ഇസ്‌ലാമിക പ്രബോധനവും നീതിയുടെ അജണ്ടയുമായിരിക്കണം നമ്മെ തിരിച്ചറിയാനുള്ള പ്രധാന അടയാളങ്ങള്‍.
5.    ഈ അജണ്ട നമ്മുടെ മുഴുവന്‍ രാഷ്ട്രീയ ചര്‍ച്ചകളുടെയും ഇടപെടലുകളുടെയും അടിസ്ഥാനമായി മാറണം. സര്‍ക്കാരുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും, ഈ അജണ്ടയില്‍ നിന്നുകൊണ്ട് നമുക്ക് സംസാരിക്കാം. ഈ അജണ്ടയെ പൊതു രാഷ്ട്രീയത്തിന്റെ അജണ്ടയായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുമുണ്ടാകണം. പ്രസ്തുത അജണ്ടയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിക്കുകയും അതിനായി ചെറുതും വലുതുമായ ഫോറങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക എന്നതും നമ്മുടെ ഉത്തരവാദിത്വമാകണം. 
(അവസാനിച്ചു)

അടിക്കുറിപ്പ്

1. Cordelia Fine (2006) - A Mind of its Own: How Your Brain Distorts and Deceives; W.W.Norton; New York.
2.  اقامت دین کی شاہراہ എന്ന പേരില്‍ ഞാനെഴുതിയ പുസ്തകത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പേജ് 110-124.
3. Jürgen Habermas (1991) -The Structural Transformation of the Public Sphere: An Inquiry into a category of Bourgeois Society. Trans. Thomas Burger with Frederick Lawrence. Cambridge, MA: MIT Press; p. 176.
4. Jurgen Habermas- Further Reflections on the Public Sphere. In Habermas and the Public Sphere. Ed. Craig Calhoun. Trans. Thomas Burger; MIT Press; Cambridge; 1992.
5. സിന്ദഗി നൗ 2021 ഡിസംബര്‍ - 2022 മെയ് ലക്കങ്ങള്‍ കാണുക.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com