Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

സ്‌നേഹവും സൗഹൃദവും പൂത്തുലഞ്ഞ സുവര്‍ണകാലം

 പി.കെ ജമാല്‍   pkjamal@hotmail.com 

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ നിലനിന്ന സ്‌നേഹ സൗഹൃദങ്ങളെക്കുറിച്ചും, വിവിധ  നേതാക്കള്‍ക്കിടയില്‍ സവിശേഷമായി കാണപ്പെട്ടിരുന്ന പരസ്പരാദരവിനെയും സഹവര്‍ത്തിത്വ മനോഭാവെത്തയും കുറിച്ചും, ആ കാലഘട്ടത്തിന്റെ സാക്ഷി എന്ന നിലക്കും നിരവധി വ്യക്തികളുമായി ബന്ധപ്പെട്ട അനുഭവങ്ങളുള്ള ആളെന്ന നിലക്കും വിശദമായി എഴുതേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. ജമാഅത്ത്-മുജാഹിദ് നേതാക്കള്‍ക്കിടയില്‍ സജീവമായി വര്‍ത്തിച്ച ആശയൈക്യത്തിന്റെ ഒരു അന്തര്‍ധാരയുണ്ടായിരുന്നു. മുജാഹിദ് പശ്ചാത്തലത്തില്‍നിന്ന് വന്നവരായിരുന്നു ജമാഅത്ത് നേതാക്കളില്‍ പലരും എന്നതാവാം ഒരു കാരണം. അന്ന് ഇരു സംഘടനകളുടെയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന പലരും ഒരേ സ്ഥാപനത്തില്‍ ഇരുന്ന് പഠിച്ചവരോ പിന്നീട് പഠിപ്പിച്ചവരോ ഒരേ പള്ളി ദര്‍സുകളില്‍ ഓതിയവരോ ആയിരുന്നു. സുന്നി-മുജാഹിദ്-ജമാഅത്ത് നേതൃനിരയില്‍ പില്‍ക്കാലത്ത് തിളങ്ങിനിന്ന മഹദ് വ്യക്തിത്വങ്ങള്‍ ഏറിയ കൂറും, അന്ന് മൊട്ടിട്ട സ്‌നേഹബന്ധം മരണംവരെ കരുതലോടെ കാത്തുസൂക്ഷിച്ചവരായിരുന്നു.
പ്രശസ്ത സുന്നി പണ്ഡിതനും ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലും സമസ്ത നേതാവുമായിരുന്ന ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി അബ്ദുല്ല മൗലവിയും തമ്മില്‍ നിലനിന്ന സുദൃഢ സ്‌നേഹബന്ധം ഓര്‍ക്കുന്നു. കെ.സി അബ്ദുല്ല മൗലവിയും, മുജാഹിദ് നേതാക്കളും പണ്ഡിതന്മാരുമായ ശൈഖ് മുഹമ്മദ് മൗലവി, കെ.സി അബൂബക്കര്‍ മൗലവി, കെ.പി മുഹമ്മദ് മൗലവി തുടങ്ങിയവരും തമ്മില്‍ നിലനിന്ന ഊഷ്മള ബന്ധവും മറക്കാന്‍ പറ്റാത്തതാണ്.
കോഴിക്കോട് നഗരത്തില്‍ അന്ന് ജമാഅത്ത്-മുജാഹിദ് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇസ്‌ലാമിക പ്രഭാഷണ പരമ്പരകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇരു സംഘടനകളിലെയും നേതൃനിരയില്‍ പ്രശസ്തരായ പണ്ഡിത വ്യക്തിത്വങ്ങളാണ് പ്രഭാഷണം നടത്തിയത്. കോഴിക്കോട് പട്ടാള പള്ളിയില്‍ ജമാഅത്ത് അമീറുമാരായിരുന്ന ഹാജി വി.പി മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൗലവിയും ഖത്വീബുമാരായിരുന്നിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ പള്ളിയിലും കടപ്പുറം പള്ളിയിലും കെ.സി പല സന്ദര്‍ഭങ്ങളിലും ഖുത്വ്ബകള്‍ നടത്തി. പാളയം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ റൗദത്തുല്‍ ഉലൂം അറബിക്കോളേജ് പ്രിന്‍സിപ്പലും മുജാഹിദ് നേതാവുമായിരുന്ന സി.പി അബൂബക്കര്‍ മൗലവിയായിരുന്നു ഖത്വീബ്. ആ കാലഘട്ടത്തില്‍, മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അതിഥികളായി ജമാഅത്ത് പണ്ഡിതന്മാരായ എം.വി മുഹമ്മദ് സലീം മൗലവി, കെ.എ ഖാസിം മൗലവി, എന്‍.എം ശരീഫ് മൗലവി തുടങ്ങിയവര്‍ പല സന്ദര്‍ഭങ്ങളില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. മുഹ്‌യിദ്ദീന്‍ പള്ളിയില്‍ അവരുടെയെല്ലാം ഖുത്വ്ബകള്‍ ശ്രവിക്കാന്‍ ഭാഗ്യമുണ്ടായി. സി.പി അബൂബക്കര്‍ മൗലവി സദസ്സില്‍ ഇരിക്കവെ തന്നെ, സി.പി ഒരു വര്‍ഷത്തോളം മുഹ്‌യിദ്ദീന്‍ പള്ളിയില്‍ സലീം മൗലവിയെക്കൊണ്ട് ഖുത്വ്ബ നടത്തിച്ചിരുന്നു; പരസ്പരാദരവിന്റെ മികച്ച ഉദാഹരണം.
അന്ന് കോഴിക്കോട് പട്ടാള പള്ളിയിലെ ഖത്വീബ് പ്രമുഖ പണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറിയുമായ എ.കെ അബ്ദുല്ലത്വീഫ് മൗലവിയായിരുന്നു. കോഴിക്കോട്ടെ മുസ്‌ലിം ബഹുജനങ്ങള്‍ക്ക് ഇസ്‌ലാമിക പ്രബുദ്ധതയുണ്ടാക്കിയ മഹദ് വ്യക്തിത്വമാണ് അബ്ദുല്ലത്വീഫ് മൗലവി. തൗഹീദിനെക്കുറിച്ച് അബ്ദുല്ലത്വീഫ് മൗലവി നടത്തിയ ഖുത്വ്ബകള്‍ കേട്ടും ചൊല്ലിപ്പഠിച്ചും വളര്‍ന്നവരായിരുന്നു പില്‍ക്കാലത്ത് കോഴിക്കോട്ടെ മുസ്‌ലിം പൗരസമൂഹത്തിനും പള്ളികള്‍ക്കും നേതൃത്വം നല്‍കിയ വ്യാപാര പ്രമുഖരായ സി.കെ ആലിക്കോയ ഹാജിയും അയമുഞ്ഞി ഹാജിയും പോലുള്ളവര്‍. ഇവര്‍ ഇരുവരുമായിരുന്നു പട്ടാള പള്ളിയുടെ നേതൃസ്ഥാനത്ത്. കോഴിക്കോട് ടൗണ്‍ ജമാഅത്ത് അമീറും പ്രമുഖ കൊപ്ര വ്യാപാരിയും ലുഅ്‌ലുഅ്-മര്‍ജാന്‍ പള്ളികളുടെ പ്രസിഡന്റുമായിരുന്ന പി.എ ആലിക്കോയ എന്ന ഇല്ലു ഹാജി സി.കെ ആലിക്കോയ ഹാജിയുടെ ജാമാതാവാണ്. എ.കെ അബ്ദുല്ലത്വീഫ് മൗലവിക്ക് അസുഖമോ അസൗകര്യമോ ഉള്ള സന്ദര്‍ഭങ്ങളില്‍, അദ്ദേഹത്തിന്റെയും സി.കെ ആലിക്കോയ ഹാജിയുടെയും നിര്‍ബന്ധ പ്രകാരം ഈയുള്ളവന്‍ പലപ്പോഴും പട്ടാള പള്ളിയില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. എം.വി മുഹമ്മദ് സലീം മൗലവിയും നാല് മാസം തുടര്‍ച്ചയായി അവിടെ ഖുത്വ്ബ നിര്‍വഹിച്ചു.
എ.കെ അബ്ദുല്ലത്വീഫ് മൗലവി, റൗദത്തുല്‍ ഉലൂമില്‍ പ്രഫസറായിരുന്ന അബുസ്സ്വലാഹ് മൗലവി, അബൂബക്കര്‍ മൗലവി (നന്മണ്ട) തുടങ്ങിയ മുജാഹിദ് പണ്ഡിത പ്രമുഖര്‍ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ സേവനമനുഷ്ഠിച്ചവരാണ്. അബുസ്സ്വലാഹ് മൗലവി ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍ 'ഇല്‍മുല്‍ അഫ്‌ലാക്' പഠിപ്പിക്കുന്ന വിസിറ്റിംഗ് പ്രഫസറായിരുന്നു. ഫാറൂഖ് കോളേജ് പ്രഫസര്‍മാരായിരുന്ന വി. മുഹമ്മദ്, എം.എ ശുക്കൂര്‍ എന്നിവരും ശാന്തപുരത്ത് സേവനമനുഷ്ഠിച്ച പ്രമുഖരാണ്. സംഘടനാ-കക്ഷി ഭിന്നതകള്‍ക്കതീതമായി ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിന് തങ്ങളാലാവുന്ന വിധം സംഭാവനകള്‍ അര്‍പ്പിച്ചവരുമായിരുന്നു അവരെല്ലാം.
ആ കാലഘട്ടത്തില്‍ മുസ്‌ലിം ലീഗിനെ നയിച്ച സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, ഇ. അഹ്മദ്, ശിഹാബ് തങ്ങള്‍, സി.കെ.പി ചെറിയ മമ്മുക്കേയി,  ഉമര്‍ പാണ്ടികശാല, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ തുടങ്ങിയ സമുന്നത വ്യക്തിത്വങ്ങളെക്കുറിച്ച നിരവധി നല്ല ഓര്‍മകള്‍ അയവിറക്കാനുണ്ട്. ടി.പി കുട്ട്യമ്മു സാഹിബ് ചന്ദ്രിക പത്രത്തിന്റെ മാനേജിംഗ് എഡിറ്ററായി ചുമതലയേറ്റതിന് ശേഷം, ഈയുള്ളവനെ ചന്ദ്രിക പത്രാധിപ സമിതിയില്‍ നിയമിച്ചു. 1971-ലായിരുന്നു അത്. 1977-ല്‍ കുവൈത്തിലേക്ക് പോകുന്നത് വരെയും ചന്ദ്രിക പത്രത്തില്‍ ഉത്തരവാദപ്പെട്ട പല സ്ഥാനങ്ങളും വഹിച്ചു. ലീഗ് നേതാക്കളില്‍ ഉന്നത സ്ഥാനീയരായ പലരും ജമാഅത്തിനോട് പുലര്‍ത്തിയ വിശാല വീക്ഷണത്തിന്റെയും സൗഹൃദ മനോഭാവത്തിന്റെയും നിരവധി അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാനുണ്ട്; ബാഫഖി തങ്ങള്‍, സി.എച്ച്, പൊതുമരാമത്ത് മന്ത്രിയായിരുന്ന പി.എം അബൂബക്കര്‍ എന്നിവരുമായി ബന്ധപ്പെട്ട്. അന്ന് ഇ.ടി മുഹമ്മദ് ബശീറിന് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലാണ് ജോലി. എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ന്യൂസ് എഡിറ്ററായ പി.എം അബൂബക്കര്‍ ആയിരുന്നു എസ്.ടി.യു പ്രസിഡന്റ്. ഇ.ടി ബശീര്‍, പി.എമ്മിനെ കാണാന്‍ മിക്ക സായാഹ്നങ്ങളിലും വരും. അന്ന് ഇ.ടിയുമായി സ്ഥാപിതമായ സ്‌നേഹബന്ധം ഇന്നും സജീവമായി നിലനില്‍ക്കുന്നു.
1971 മുതല്‍ 1977 വരെ ചന്ദ്രിക ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലിചെയ്ത കാലത്തെക്കുറിച്ച ധന്യമായ പല ഓര്‍മകളും മനസ്സിലുണ്ട്. പത്രത്തില്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കപ്പെട്ട സന്ദര്‍ഭം. ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും ഉള്ള ജോലിക്ക് പുറമെ വാരാന്തപ്പതിപ്പിന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചു. പല സന്ദര്‍ഭങ്ങളിലും മുഖ പ്രസംഗം എഴുതുകയുമുണ്ടായി. ഇതെല്ലാം ഞാന്‍, ശാന്തപുരം കോളേജിലെ പൂര്‍വവിദ്യാര്‍ഥിയും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനും ആണെന്ന് അറിഞ്ഞ് തന്നെയായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ ജമാഅത്ത് അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബ് നടത്തിയ ഇംഗ്ലീഷ് പ്രഭാഷണം പരിഭാഷപ്പെടുത്തിയത് ഈയുള്ളവനാണ്. ചന്ദ്രിക സഹപത്രാധിപര്‍ പ്രസംഗം പരിഭാഷപ്പെടുത്തി എന്ന് പ്രാധാന്യപൂര്‍വം പിറ്റേന്ന് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത് ഓര്‍ക്കുന്നു. അത്രത്തോളം വിശാല മനസ്സുണ്ടായിരുന്നു അക്കാലത്ത്. 
ഒരു സായാഹ്നത്തില്‍ മാനേജിംഗ് എഡിറ്റര്‍ ടി.പി കുട്ട്യമ്മു സാഹിബിന്റെ അധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്. യൂത്ത് ലീഗ് നേതാക്കളും പത്രാധിപ സമിതി അംഗങ്ങളുമായ പി.കെ മുഹമ്മദ് എന്ന മാനു സാഹിബ്, കെ.കെ മുഹമ്മദ്, എം.എസ്.എഫ് നേതാവ് കെ.പി കുഞ്ഞിമൂസ, റഹീം മേച്ചേരി, ഹകീം (കാനേഷ്) പൂനൂര്‍, സി.കെ താനൂര്‍, ആറ്റക്കോയ പള്ളിക്കണ്ടി, മമ്മുട്ടി തായി, ടി.സി മുഹമ്മദ്, കെ.പി.സി.കെ അലി തുടങ്ങി എല്ലാവരുമുണ്ട്. ലീഗ് പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ യോഗത്തിലേക്ക് കയറിവന്നു, ഓരോരുത്തരെയും പരിചയപ്പെട്ടു. എന്റെ ഊഴമെത്തിയപ്പോള്‍ കുട്ട്യമ്മു സാഹിബ്: 'ജമാല്‍, ശാന്തപുരം ഇസ്‌ലാമിയാ കോളേജില്‍നിന്ന് പഠിച്ച് പുറത്തുവന്നതാണ്.' തങ്ങള്‍ തലയാട്ടി. ഞാനത് മറന്നു. തങ്ങള്‍ മറന്നില്ല. ഒരു മാസം കഴിഞ്ഞു കാണും. തങ്ങള്‍ എന്നെ കുട്ട്യമ്മു സാഹിബിന്റെ റൂമിലേക്ക് വിളിപ്പിച്ചു. ശാന്തപുരത്തെ വിദ്യാഭ്യാസ രീതിയെക്കുറിച്ചും പഠനക്രമത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞു. നന്മക്ക് വേണ്ടി പ്രാര്‍ഥിച്ചു. ചേകനൂരിന്റെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി കോഴിക്കോട് ടൗണ്‍ ഹാളില്‍, മുസ്‌ലിം പേഴ്‌സണല്‍ ലോ പൊളിച്ചെഴുതാന്‍ സിമ്പോസിയം നടത്തിയതിന്റെ പിറ്റേ ദിവസമായിരുന്നു അത്. ബാഫഖി തങ്ങള്‍ കുട്ട്യമ്മു സാഹിബിന്റെ നേരെ തിരിഞ്ഞ്: 'ഞാന്‍ ഇന്നലെ കാറിലിരുന്ന് ഒരു പ്രസംഗം ശ്രവിച്ചു. ആ കുട്ടിയുടെ പ്രസംഗം വളരെ നന്നായി. എനിക്ക് ഇഷ്ടപ്പെട്ടു. എനിക്ക് അതൊന്ന് കിട്ടണം. പരിപാടിയെക്കുറിച്ച് പത്രത്തില്‍ എഴുതണം.' കുട്ട്യമ്മു സാഹിബ്: 'ആ കുട്ടി ഒ. അബ്ദുര്‍റഹ്മാനാണ്. ശാന്തപുരത്തിന്റെയും ചേന്ദമംഗല്ലൂരിന്റെയും സന്തതി.' എ.ആര്‍ അന്ന് പ്രബോധനത്തില്‍ ജോലി ചെയ്യുകയാണ്. അന്ന് തന്നെ പ്രബോധനത്തില്‍ ആളയച്ച് തങ്ങള്‍ ആ കാസറ്റ് വരുത്തി, പകര്‍ത്തി നന്ദിയോടെ തിരിച്ചേല്‍പിച്ചു. 'മോഡേണിസം തുടക്കവും തകര്‍ച്ചയും' എന്ന തലക്കെട്ടില്‍ പിറ്റേ ദിവസം ചന്ദ്രികയില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു.
സി.എച്ച് മുഹമ്മദ് കോയ അന്ന് ചന്ദ്രികയുടെ മുഖ്യ പത്രാധിപരാണ്. ശാന്തപുരം അദ്ദേഹത്തിന്റെ മനസ്സിലും ഭാസുര ചിത്രം വരച്ചിട്ടിരുന്നു. സംസാരത്തില്‍ അത് സൂചിപ്പിച്ചത് ഞാനോര്‍ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ച അടിയന്തരാവസ്ഥാ ഘട്ടം. സുഭദ്രാ ജോഷിയുടെ നേതൃത്വത്തിലുള്ള 'സാമ്പ്രദായികതാ വിരോധി കമ്മിറ്റി', ആനന്ദമാര്‍ഗ്, ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളെക്കുറിച്ച് പ്രസിദ്ധീകരിച്ച കൃതികളുടെ കൂമ്പാരവുമായി സി.എച്ച് ദല്‍ഹിയില്‍നിന്ന് വന്നിരിക്കുന്നു. 'ഇതില്‍ ജമാഅത്തിനെക്കുറിച്ച് എഴുതിയതെല്ലാം അസംബന്ധം. അതൊന്നും കൊടുക്കേണ്ട. മറ്റുള്ളവ നോക്കി ആവശ്യമെങ്കില്‍ കൊടുത്തേക്കൂ'- സി.എച്ചിന്റെ നിര്‍ദേശം. ഈയുള്ളവന്റെ ഐഡന്റിറ്റിയും പഠന പശ്ചാത്തലവും വ്യക്തമായും വിശദമായും അറിയുന്ന സി.എച്ച് എന്തൊരു വിശാലതയോടും സ്‌നേഹവായ്‌പോടും കൂടിയാണ് പെരുമാറിയത്! വിദേശത്ത് പോയ സി.എച്ച്, എന്റെ പേരില്‍ യാത്രാ വിവരണങ്ങള്‍ അയച്ചുതന്നു; എഡിറ്റ് ചെയ്യാനുള്ള പൂര്‍ണ സ്വാതന്ത്ര്യത്തോടെ. അന്ന് ചന്ദ്രികയുടെ പരസ്യം പ്രബോധനത്തിലും പ്രബോധനത്തിന്റെ പരസ്യം ചന്ദ്രികയിലും തുടരെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പെരുന്നാള്‍ വേളകളില്‍, കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോവില്‍ സി.എച്ചിന്റെ പ്രഭാഷണം ഉണ്ടാവും. ഒരു തവണ, ''ആയത്തുകളും ചരിത്രവും എല്ലാം വെച്ച് പ്രസംഗം എഴുതിത്തരണം, തിരുവനന്തപുരം എ.ഐ.ആറില്‍നിന്ന് മന്ത്രി അവുക്കാദര്‍ കുട്ടി നഹയുടെ പ്രഭാഷണവും ഉണ്ട്. നഹയെ നമുക്ക് നഹിയാക്കണം''- പൊട്ടിച്ചിരിച്ച് സി.എച്ച് പറഞ്ഞു. കോഴിക്കോട് എ.ഐ.ആറില്‍ സി.എച്ചിന്റെ പ്രഭാഷണം അതിമനോഹരമായിരുന്നു. ആയത്തുകളൊക്കെ ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഞങ്ങള്‍ തമ്മിലെ സ്‌നേഹബന്ധം കുവൈത്തിലായിട്ടും തുടര്‍ന്നു. സി.എച്ചും സീതിഹാജിയും കുവൈത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ഞാന്‍ ചെന്ന് കാണുകയും ദീര്‍ഘനേരം സംസാരിച്ചിരിക്കുകയും ചെയ്തത് ഓര്‍ക്കുന്നു.
കുവൈത്ത് ചര്‍ച്ച് ഹാളില്‍ നടന്ന പ്രസംഗം കഴിഞ്ഞ് സി.എച്ച് തന്നോടൊപ്പം എന്നെയും അദ്ദേഹം താമസിക്കുന്ന ഹില്‍ട്ടന്‍ ഹോട്ടലില്‍ കൊണ്ടുപോയി സല്‍ക്കരിച്ചതും ഓര്‍ക്കുന്നു.
മര്‍ഹൂം കെ.സി അബ്ദുല്ല മൗലവിയോട് സ്‌നേഹവും ആദരവും ബഹുമാനവുമായിരുന്നു സി.എച്ചിന്. സി.എച്ച് കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ കിടക്കുമ്പോള്‍ കെ.സിയെ ചേന്ദമംഗല്ലൂരില്‍നിന്ന് ആളയച്ചു വരുത്തി, കട്ടിലില്‍ പിടിച്ചിരുത്തി കരംഗ്രഹിച്ച് പൊറുക്കാന്‍ ആവശ്യപ്പെട്ടതിനും പ്രാര്‍ഥിക്കാന്‍ അഭ്യര്‍ഥിച്ചതിനും ഞാന്‍ സാക്ഷിയായി. കിടക്കയില്‍നിന്ന് പ്രയാസപ്പെട്ട് എഴുന്നേറ്റാണ് കെ.സിയെ ആലിംഗനം ചെയ്ത് വാതില്‍ വരെ ചെന്ന് യാത്രയാക്കിയത്.
പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. അബ്ദുസ്സമദ് സമദാനി തുടങ്ങിയവരുമായുള്ള ഊഷ്മള സ്‌നേഹബന്ധം ധന്യമായ 'ചന്ദ്രികാ ജീവിത'ത്തിന്റെ തുടര്‍ച്ചയും ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തോടുള്ള അവരുടെ സ്‌നേഹാദരവും മതിപ്പും തന്നെ ആയിക്കാണാനാണ് എനിക്കിഷ്ടം. ഫാറൂഖ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സമദാനി, ചന്ദ്രികയില്‍ ജോലി ചെയ്തിരുന്ന എന്നെ ഫാറൂഖ് കോളേജില്‍ സ്റ്റഡി ക്ലാസുകള്‍ക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അദ്ദേഹം കുവൈത്തില്‍ സന്ദര്‍ശനാര്‍ഥം വന്ന നാളുകളിലും ഈ ബന്ധവും ഓര്‍മയും തേച്ചുമിനുക്കിയിരുന്നു. കുഞ്ഞാലിക്കുട്ടി സാഹിബിനെ കുറിച്ചോര്‍ക്കുമ്പോള്‍ ഒരു സംഭവം എടുത്തു പറയേണ്ടതുണ്ട്: കുവൈത്തില്‍ ലീഗിന്റെ പോഷക സംഘടനയായ കുവൈത്ത് കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്ററും കേരള ഇസ്‌ലാമിക് ഗ്രൂപ്പും തമ്മില്‍ ഒരു ഘട്ടത്തില്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന അകല്‍ച്ചയും ഭിന്നതയും ഉണ്ടായിരുന്നു. താഴേ തട്ടിലേക്ക് വരെ ഈ ഭിന്നത വളര്‍ന്നു. മനസ്സുകള്‍ അങ്ങേയറ്റം അകന്നിരുന്നു. ആ ഘട്ടത്തില്‍ കുവൈത്തില്‍ പര്യടനത്തിനെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഡോ. എം.കെ മുനീറിന്റെയും ഇടപെടലും മാധ്യസ്ഥവും ഈ അകല്‍ച്ച അവസാനിപ്പിക്കാന്‍ സഹായകമാവുമെന്ന് കരുതിയ കെ.ഐ.ജി സംഘം, മര്‍ഹൂം കെ.എം അബ്ദുര്‍റഹീം സാഹിബിന്റെ നേതൃത്വത്തില്‍ ഇരുവരെയും സമീപിച്ച് പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. ഇരുവരുടെയും ഗുണകാംക്ഷാപരമായ ഇടപെടലോടെ, വര്‍ഷങ്ങളുടെ പഴക്കമുള്ള അകല്‍ച്ച എന്നന്നേക്കുമായി അവസാനിച്ചു. പിന്നീട് സ്‌നേഹ സൗഹൃദങ്ങളുടെ പൂക്കാലമായിരുന്നു. അന്ന് പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്ത് കുഞ്ഞാലിക്കുട്ടി സാഹിബ് സമാപനത്തില്‍ പറഞ്ഞ വാക്കുകള്‍ എനിക്കോര്‍മയുണ്ട്: ''കെ.എം.സി.സിയുടെ ജനകീയാടിത്തറയും കെ.ഐ.ജിയുടെ ബൗദ്ധിക-ധിഷണാ സമ്പത്തും ഒരുമിച്ച് ചേര്‍ന്നാല്‍ എന്തൊരു മാറ്റമായിരിക്കും ഈ സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുക എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? മറ്റൊരിടത്തുമില്ലാത്ത സുസമ്മത വ്യക്തിത്വങ്ങളും സ്വാധീനവും കുവൈത്തില്‍ ഇരു സംഘടനകള്‍ക്കുമുണ്ടെന്ന കാര്യം നിങ്ങള്‍ മറക്കരുത്.''
ലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഇ. അഹ്മദ് സാഹിബിന്റെയും ബഹുമാനാര്‍ഥം ഡോ. അമീര്‍ അഹ്മദ് തന്റെ വസതിയില്‍ നടത്തിയ സല്‍ക്കാരത്തിലും, ഇരുവരും ഒരുമയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതും, ഇ. അഹ്മദ് സാഹിബ് ദല്‍ഹിയില്‍ തനിക്കുള്ള ഗാഢമായ ജമാഅത്ത് നേതൃത്വവുമായുള്ള ബന്ധം അനുസ്മരിച്ചതും ഞാനോര്‍ക്കുന്നു.
ഐക്യവും സ്‌നേഹവും സൗഹൃദവും അന്നത്തെക്കാള്‍ ഏറെ ആവശ്യമായ ഈ സവിശേഷ സാഹചര്യത്തില്‍, ആ സുവര്‍ണ കാലഘട്ടത്തിലെ നന്മകള്‍ നമുക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമോ എന്നതാണ് മുസ്‌ലിം സംഘടനാ നേതൃത്വങ്ങള്‍ ഉത്തരം നല്‍കേണ്ട ചോദ്യം. 
99472 57497
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com