Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

ഗുരുവി നോടുള്ള  ആദരം

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

ചരിത്രം /

ഹര്‍റാന്‍ പട്ടണത്തിലെത്തിയ ഒരു യാത്രക്കാരന്‍ ക്ഷുരകനില്‍ നിന്നുണ്ടായ അപമര്യാദയെക്കുറിച്ച് അല്‍പം ശബ്ദമുയര്‍ത്തി ഗുണദോഷിക്കുകയായിരുന്നു. അന്നേരം അവിടത്തെ ഗ്രാമത്തലവന്‍ കുളിപ്പുരയില്‍ നിന്ന് പുറത്തിറങ്ങി വന്നു. ജോലിക്കാര്‍ വേഗത്തില്‍ വാഹനമൊരുക്കിയെങ്കിലും അയാള്‍ അതില്‍ കയറാതെ ശബ്ദം കേട്ട ഭാഗത്തേക്കു പോയി. യാത്രക്കാരനോട് ചോദിച്ചു: 'താങ്കള്‍ മുഹമ്മദുബ്‌നു ഇദ്‌രീസാണോ?'
'അതെ..'
അതോടെ അയാള്‍ തന്റെ വാഹനം വളരെ ബഹുമാനത്തോടെ ഇമാം ശാഫിഈയുടെ മുന്നില്‍ നിര്‍ത്തിയ ശേഷം താഴ്മയോടെ പറഞ്ഞു: 'താങ്കള്‍ അതില്‍ ഇരുന്നു എന്റെ വീടു വരെ വന്നാലും...' ഇമാം യാതൊരു വൈമനസ്യവുമില്ലാതെ അതില്‍ കയറി. വാഹനം മുന്നോട്ട് നീങ്ങി. ഗോത്ര മുഖ്യന്റെ വീട്ടില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
ആതിഥേയന്റെ അതിരറ്റ സന്തോഷവും അസാധാരണമായ വൈകാരികതയും ഇമാമിനെ അത്ഭുതപ്പെടുത്തി. ആരാണിത്? ഒരു അപരിചിതനായ യാത്രക്കാരനോട് ഇത്രയും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കുന്നതെന്തുകൊണ്ട്? ഇതിനെന്തെങ്കിലും കാരണങ്ങളുണ്ടാവാതിരിക്കില്ല. ഇമാം ആത്മഗതം ചെയ്തു.
അല്‍പനേരം കഴിഞ്ഞപ്പോള്‍ ഭക്ഷണ സുപ്രയില്‍ തരാതരം ഭക്ഷ്യ വിഭവങ്ങള്‍ നിരത്തപ്പെട്ടു. ആതിഥേയന്‍ വെള്ളവുമായി വന്ന് ഇമാമിനോട് കൈ കഴുകാന്‍ അഭ്യര്‍ഥിച്ചു. കൈ കഴുകി സുപ്രക്കടുത്തിരുന്നു, ഭക്ഷണത്തോട് യാതൊരു പ്രതിപത്തിയുമില്ലാത്ത പോലെ.
ഗ്രാമത്തലവന്‍ വിനയപുരസ്സരം ഇമാമിനോട് ഭക്ഷണം കഴിക്കാന്‍ അഭ്യര്‍ഥിച്ചു: 'ഞാന്‍ ഈ ഭക്ഷണം കഴിക്കുകയില്ല'- ഇമാം നീരസത്തോടെ മറുപടി പറഞ്ഞു.
ഗ്രാമത്തലവന്‍: '(പരിഭവത്തോടെ) എന്താണ് താങ്കളുടെ നീരസത്തിനു കാരണമെന്ന് അറിയിച്ചാലും.'
ഇമാം: 'താങ്കള്‍ ആരാണെന്നും എന്നെ എങ്ങനെ തിരിച്ചറിഞ്ഞെന്നും വ്യക്തമാക്കുന്നതു വരെ ഞാന്‍ ഒരു ഉരുള പോലും തിന്നുകയില്ല.'
ഗ്രാമത്തലവന്‍: 'ഇതെന്തൊരത്ഭുതം! താങ്കള്‍ ശാന്തനായി ഭക്ഷണം കഴിക്കുക. ഞാന്‍ താങ്കളുടെ ശിഷ്യനാണ്. താങ്കള്‍ ബഗ്ദാദിലായിരുന്നപ്പോള്‍ ഒരു പുതിയ കൃതി രചിച്ചത് വായിച്ചു കേള്‍പ്പിച്ചിരുന്നു. ആ സദസ്സിലെ ഒരു ശ്രോതാവായിരുന്നു ഞാനും. താങ്കള്‍ എന്റെ ഗുരുവര്യനാണ്. താങ്കളെ പരിചരിക്കുക എന്റെ കടമയും.'
ഇതു കേട്ട ഇമാം അത്യന്തം ആഹ്ലാദിച്ചു. എഴുന്നേറ്റ് നിന്ന് ഗ്രാമത്തലവനെ ആശ്ലേഷിച്ചു കൊണ്ട് പറഞ്ഞു: 'മതവിജ്ഞാനത്താലുണ്ടാവുന്ന ബന്ധം വളരെ സുശക്തമായ ബന്ധമാണ്.'
എന്നിട്ട് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിച്ചു.
സൗഭാഗ്യവാനായ ശിഷ്യന്റെ ആതിഥ്യത്തില്‍ മൂന്നു ദിവസം പിന്നിടുന്നു. അവര്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ ശിഷ്യന്‍ പറഞ്ഞു: 'ഹര്‍റാന്‍ പട്ടണത്തിന്റെ പല ഭാഗത്തുമായി എന്റെ കീഴില്‍  ഫലഭൂയിഷ്ഠമായ നാലു ഗ്രാമങ്ങളുണ്ട്. അവ ഞാന്‍ താങ്കള്‍ക്ക് പാരിതോഷികമായി നല്‍കാം. ശിഷ്ട ജീവിതം ഇവിടെ കഴിച്ചുകൂട്ടണമെന്നാണ് എന്റെ അതിയായ അഭിലാഷം.'
ഇമാം: 'നാലു ഗ്രാമങ്ങളും എനിക്കു തന്നാല്‍ താങ്കളുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകും?'
ശിഷ്യന്‍: 'അതെപ്പറ്റി താങ്കള്‍ ചിന്താകുലനാവേണ്ടതില്ല. ഈ കാണുന്ന പെട്ടികളില്‍ ഓരോന്നിലും നാല്‍പതിനായിരം ദീനാറുണ്ട്. ആ സംഖ്യ കൊണ്ട് ഞാന്‍ കച്ചവടം ചെയ്യും.'
ഇമാം: ''പ്രിയ സഹോദരാ... ഐഹിക സമ്പത്തും സുഖവിഭവങ്ങളും സംഭരിക്കാനല്ല ഞാന്‍ വീട് വിട്ട് ഇറങ്ങിയത്. 'നീ വിജ്ഞാന വിഹായസ്സില്‍ ഉദിച്ചു നില്‍ക്കുന്ന സൂര്യനാവണ'മെന്ന, എന്റെ വന്ദ്യവയോധികയായ മാതാവിന്റെ പ്രാര്‍ഥന സഫലീകരിക്കാനാണ്''- അല്‍പം ആവേശത്തോടെ അദ്ദേഹം പറഞ്ഞു.
'എന്നാല്‍, താങ്കള്‍ ഈ സംഖ്യ സ്വീകരിച്ചാലും ... ഉല്‍കൃഷ്ടമായ ലക്ഷ്യസാക്ഷാല്‍ക്കാരത്തിനായുള്ള സുദീര്‍ഘ യാത്രയില്‍ ഉപകാരപ്പെട്ടേക്കാം.' സ്‌നേഹാദരങ്ങളാല്‍ തന്നെ വീര്‍പ്പുമുട്ടിച്ച, സാത്വികനായ ശിഷ്യന്റെ ആഗ്രഹം കണക്കിലെടുത്ത് സംഖ്യ സസന്തോഷം ഇമാം സ്വീകരിക്കുകയും വിടപറഞ്ഞ് പോവുകയും ചെയ്തു.
യാത്രക്കിടയില്‍ കണ്ടുമുട്ടിയ മഹാ പണ്ഡിതന്മാരായ അഹ്മദുബ്‌നു ഹമ്പല്‍, സുഫ്യാനുസ്സൗരി, ഔസാഈ തുടങ്ങി പലര്‍ക്കും സുമനസ്സോടെ ആ പണം വീതിച്ചു നല്‍കി. അങ്ങനെ റംല പട്ടണത്തിലെത്തിയപ്പോള്‍ നാല്‍പതിനായിരം ദീനാറില്‍ നിന്ന് പത്ത് ദീനാര്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. 
(റോഷന്‍ സിതാരെ എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റഷീദ് അന്തമാന്‍  / 99332 64848)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com