Prabodhanm Weekly

Pages

Search

22 സെപ്റ്റംബര് 02

3266

1444 സഫര് 06

ഇന്ത്യയിലെ മദ്‌റസകള്‍ ചരിത്രം, ദൗത്യം

സദ്‌റുദ്ദീന്‍ വാഴക്കാട്  sadarvzkd@gmail.com 

സാമൂഹിക ശ്രേണിയുടെ എല്ലാ തലങ്ങളിലും അറിവിന്റെ ലഭ്യത ഉറപ്പുവരുത്തുന്ന വിജ്ഞാന ഗേഹങ്ങളാണ് മദ്‌റസകള്‍. വിശുദ്ധ മനസ്സും സൂക്ഷ്മതാ ബോധവും ലക്ഷ്യനിര്‍ണയവുമുള്ള തലമുറകളെ വാര്‍ത്തെടുത്ത്, സമൂഹ രൂപവത്കരണത്തിന്റെയും രാഷ്ട്ര നിര്‍മിതിയുടെയും കര്‍മമണ്ഡലങ്ങളില്‍ പങ്കാളികളാകാന്‍ പര്യാപ്തമാക്കുന്ന സംസ്‌കരണത്തിന്റെയും പരിശീലനത്തിന്റെയും കളരികളാണവ. പ്രപഞ്ചാധിപനായ ദൈവത്തെ അറിയാനും സമസൃഷ്ടിയായ മനുഷ്യനെ തിരിച്ചറിയാനും പഠിപ്പിക്കുന്ന മദ്‌റസാ പാഠ്യപദ്ധതി, തൊഴില്‍ കേന്ദ്രിത ലൗകികമാത്ര വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്നു. ജീവിതത്തിന് കൃത്യമായ ലക്ഷ്യബോധം ഉണ്ടാകുന്നതോടെ കേവല ഭൗതികതയുടെ അന്തസ്സാര ശൂന്യതകളെ അതിജയിച്ച തലമുറകളാണ് മദ്‌റസാ വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുന്നത്. 
എന്തൊക്കെ പരിമിതികളുണ്ടെങ്കിലും, ആത്മീയമായ ഉള്‍ക്കരുത്തിനാല്‍ സമ്പന്നരാണ് മദ്‌റസാ വിദ്യാഭ്യാസത്തിന് ഭാഗ്യം ലഭിച്ചവര്‍. പ്രതിസന്ധികളുടെ അഗ്‌നിശലാകകള്‍ അതിജയിച്ച് നിലനില്‍ക്കാന്‍ ഇന്ത്യയിലെ ഈ വലിയ ന്യൂനപക്ഷത്തെ പര്യാപ്തമാക്കിയതില്‍ ഈ വൈജ്ഞാനിക പ്രചോദനങ്ങള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. വിദ്വേഷത്തിന്റെ വിഷമൂട്ടിയും ആയുധമൂര്‍ച്ചകള്‍ പ്രയോഗിക്കാന്‍ പരിശീലിപ്പിച്ചും നാട് നിറയുന്ന ശാഖോപശാഖകളില്‍ നിന്ന് തികച്ചും ഭിന്നമായി, നീതിയുടെയും സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ശീലുകളാണ് മദ്‌റസകളില്‍ നിന്നുയരുന്നത് എന്നതാണ് ഏറ്റവും വലിയ സവിശേഷത. 
ചരിത്രവഴികള്‍
ഏതെങ്കിലും ചരിത്ര സംഭവത്തിന്റെ പശ്ചാത്തലത്തിലോ, അടിയന്തര സാഹചര്യത്തിലോ രൂപപ്പെട്ടുപോയതല്ല മുസ്‌ലിം സമൂഹത്തിലെ മദ്‌റസാ സംവിധാനങ്ങള്‍. ഭരണകൂടങ്ങള്‍ തീരുമാനിച്ച് തുടങ്ങിയതോ, അവരുടെ രക്ഷാകര്‍തൃത്വത്തില്‍ മാത്രം നിലനിന്നു വന്നതോ അല്ല ഈ സമ്പ്രദായം. ഇസ്‌ലാമിക ജീവിതത്തിന്റെ മൗലികാടിത്തറകളില്‍ ഒന്നായ അറിവ് ആര്‍ജിക്കുന്നതിന് വേണ്ടിയുള്ള അനിവാര്യ സംവിധാനമാണിത്. ഇസ്‌ലാമിന്റെ പ്രാരംഭം മുതല്‍, മുസ്‌ലിം സമൂഹത്തിനകത്ത് പ്രകൃത്യാ നിലനില്‍ക്കുന്ന, ചരിത്രത്തിന്റെ എല്ലാ ദശകളിലും ദേശങ്ങളിലും നിര്‍വിഘ്‌നം തുടര്‍ന്നുവരുന്ന മഹത്തായ ദൗത്യം എന്ന് മദ്റസകളെ വിശേഷിപ്പിക്കാം.
മുഹമ്മദ് നബി ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച മക്കയിലെ പഠന - കൂടിയാലോചനാവേദിയായ ദാറുല്‍ അര്‍ഖം, പലായനം ചെയ്തുചെന്ന മദീനയില്‍ നിര്‍മിച്ച നബിയുടെ പള്ളിയിലെ വിജ്ഞാന സദസ്സ്, അതിന്റെ ചരിവിലെ അസ്ഹാബുസ്സുഫ്ഫ, വിവിധ ദേശങ്ങളില്‍ താമസമാക്കിയ നബി ശിഷ്യന്‍മാരുടെ വിജ്ഞാന വേദികള്‍ തുടങ്ങിയവയെ മദ്‌റസാ സംവിധാനങ്ങളുടെ ആദ്യ രൂപങ്ങളായി പരിഗണിക്കാം. പ്രാഥമിക ഇസ്‌ലാമിക പഠനത്തിനു വേണ്ടി സ്ഥാപിതമായ മക്തബുകള്‍, മക്കയും മദീനയും കയ്‌റോയും ഉള്‍പ്പെടെ മുസ്‌ലിം കേന്ദ്രങ്ങളിലെ പള്ളികളില്‍ രൂപപ്പെട്ടു വന്ന വലിയ ദര്‍സുകള്‍ തുടങ്ങിയവ മദ്‌റസാ സംവിധാനങ്ങളുടെ വ്യത്യസ്തങ്ങളായ ആവിഷ്‌കാരങ്ങളായിരുന്നു. മൊറോക്കോയിലെ ഫാസിലാണ് ക്രി. 859-ല്‍ വ്യവസ്ഥാപിതമായ ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെട്ടതെന്ന് ചരിത്ര രേഖകളില്‍ കാണുന്നു. ഇവയില്‍ നിന്നെല്ലാം അടിസ്ഥാന മാതൃകകള്‍ സ്വീകരിച്ച് കാലാന്തരത്തില്‍ വികസിച്ചു വന്നവയാണ് ഇന്ത്യയില്‍ വിവിധ ധാരകളുടേതായി നിലനില്‍ക്കുന്ന മദ്‌റസകള്‍. 
'പാഠശാല' എന്ന് അര്‍ഥം വരുന്ന പദമാണ് മദ്‌റസ. അധ്യാപനം എന്നാണ് ദര്‍സ് എന്ന വാക്കിന്റെ ആശയം. കോളേജ് തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മുസ്‌ലിം ലോകത്ത് പൊതുവെ മദ്‌റസ എന്ന് പ്രയോഗിച്ചിരുന്നത്. കല്‍ക്കത്തയിലെ 'മദ്‌റസ ആലിയ'യും കാസര്‍കോട്ടെ 'അല്‍മദ്‌റസത്തുല്‍ ആലിയ'യും ഈ ആശയത്തെകൂടി പ്രതിഫലിപ്പിക്കുന്ന പേരുകളുള്ള സ്ഥാപനങ്ങളത്രെ!
പതിമൂന്ന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടാകും ഇന്ത്യയിലെ മദ്‌റസാ സമ്പ്രദായത്തിന്. ക്രി. ഏഴാം നൂറ്റാണ്ടില്‍ ഇസ്‌ലാമിന്റെ വളര്‍ച്ചയോടെ ആദ്യമായി 'മക്തബുകള്‍' ആരംഭിച്ചത്  ദക്ഷിണേന്ത്യയിലെ മലബാറിലാണ്. പ്രാഥമിക മതപഠന സംവിധാനങ്ങളായിരുന്നു മക്തബുകള്‍. ഇസ്‌ലാമിക പ്രബോധകരും മുസ്‌ലിം വ്യാപാരികളും മറ്റുമാണ് ഇതിന് തുടക്കം കുറിച്ചത്. അടുത്ത നൂറ്റാണ്ടുകളില്‍, ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ വന്നെത്തിയ പണ്ഡിത പ്രബോധകര്‍, സ്വൂഫികള്‍, ഭരണാധികാരികള്‍ തുടങ്ങിയവരുടെ മുന്‍കൈയാലാണ് മദ്‌റസകള്‍ ആരംഭിച്ചത്. ക്രി. 8-10 നൂറ്റാണ്ടുകളില്‍ സിന്ധ് ഭരിച്ച അറബ് മുസ്‌ലിം ഭരണാധികാരികളുടെ കാലത്ത്, മദ്‌റസകള്‍ക്ക് ഔപചാരിക രൂപങ്ങള്‍ കൈവന്നു തുടങ്ങി. ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും അടയാളങ്ങളാകുമാറ്, പ്രധാന പ്രദേശങ്ങളില്‍ മദ്‌റസകള്‍ ഉയര്‍ന്നുവന്നുകൊണ്ടിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ദല്‍ഹി സുല്‍ത്താനേറ്റിന്റെ സ്ഥാപനത്തോടെ മദ്‌റസാ വിദ്യാഭ്യാസ സംവിധാനം വലിയ രീതിയില്‍ വികസിക്കാന്‍ തുടങ്ങി. വിവിധ പ്രവിശ്യകള്‍ രൂപപ്പെട്ടതോടെ മദ്‌റസാ ശൃംഖലകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. ക്രി. 1192-ല്‍ അജ്മീറില്‍ സ്ഥാപിക്കപ്പെട്ടതാണ് ഇന്ത്യയിലെ ആദ്യകാലത്തെ പ്രധാന മദ്‌റസകളിലൊന്ന്. മുഗള്‍ ഭരണകാലത്ത് (1526-1857) മദ്‌റസകള്‍ക്ക് വൈപുല്യവും വ്യവസ്ഥാപിതത്വവും കൈവന്നു. തങ്ങളുടെ അധികാര പരിധിയിലെ പ്രദേശങ്ങളില്‍, പള്ളികളുടെയും മത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിര്‍മാണം മുസ്‌ലിം ഭരണാധികാരികളുടെ പൊതു രീതിയായിരുന്നു. ഇവയില്‍ പലതും പിന്നീട് വലിയ മദ്‌റസകളായി വളര്‍ന്നു. തുഗ്ലക്ക് കാലഘട്ടത്തില്‍  ദല്‍ഹിയില്‍ മാത്രം 1000 മദ്‌റസകള്‍ ഉണ്ടായിരുന്നതായി ചില ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 
അക്ബറിന്റെ കാലത്ത് മദ്‌റസകളില്‍ ശാസ്ത്ര വിഷയങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അക്ബറിന്റെ കോടതിയില്‍ അംഗമായ ഇറാനിയന്‍ പണ്ഡിതന്‍ മീര്‍ ഫത്ഹുല്ലാ ശീറാസി, ആസ്‌ട്രോണമി, ഗണിതശാസ്ത്രം, വൈദ്യം, പ്രകൃതി ശാസ്ത്രം, തര്‍ക്കശാസ്ത്രം തുടങ്ങിയ ശാഖകളിലെ കൃതികള്‍ പണ്ഡിതന്‍മാര്‍ക്ക് പരിചയപ്പെടുത്തുകയും മദ്‌റസാ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയുണ്ടായി.
ഇത്തരം ഔപചാരിക മക്തബുകളും മദ്‌റസകളുമായിരുന്നു ഇന്ത്യയില്‍ ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ഒന്നാമത്തെ സംവിധാനം. നിരവധി മുസ്‌ലിം പണ്ഡിതന്മാര്‍, തങ്ങളുടെ വീട്ടിലോ, പ്രാദേശിക പള്ളികളിലോ നടത്തിയ ദീനീ ക്ലാസുകളും പ്രഭാഷണങ്ങളുമാണ് രണ്ടാമത്തേത്. അനൗപചാരിക മദ്‌റസകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാം. ഇന്ത്യയിലെ മുസ്‌ലിം ഭരണകാലത്ത് പ്രധാന പട്ടണങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഗംഭീരവും വിശാലവുമായ പള്ളികളുടെ രണ്ട് വശങ്ങളില്‍ റൂമുകള്‍ കാണാം. മദ്‌റസകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളായി ഇവ പ്രയോജനപ്പെടുത്തിയതിന്റെ അടയാളമാണിതെന്ന് അബുല്‍ ഹസന്‍ അലി നദ്‌വി നിരീക്ഷിച്ചിട്ടുണ്ട് (ഹിന്ദുസ്ഥാന്‍ കീ ഖദീം ഇസ്‌ലാമി ദര്‍ഗായേം, മക്തബെ മആരിഫ്, അഅ്‌സംഗഢ്, 1971, പേജ് 15). ഇത്തരം മദ്‌റസകളായിരുന്നു മുസ്‌ലിം ഭരണകാലത്ത് വിദ്യാഭ്യാസത്തിന്റെ അവലംബനീയ സംവിധാനങ്ങള്‍ എന്ന് മനാളിര്‍ അഹ്‌സന്‍ ഗീലാനി നിരീക്ഷിച്ചിട്ടുണ്ട് (ഹിന്ദുസ്ഥാന്‍ മേ മുസല്‍മാന്‍ കാ നിസാമെ തഅ്‌ലീം വ തര്‍ബിയ്യ, നദ്‌വത്തുല്‍ മുസ്വന്നിഫീന്‍, ദല്‍ഹി- 1944, 1/13-15). മുഅല്ലിം, മുഅദ്ദിബ് എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട സ്വകാര്യ വ്യക്തികള്‍ നടത്തിയ ഗുരുകുല വിദ്യാലയങ്ങളായിരുന്നു മൂന്നാമത്തേത്. വീടുകളിലോ പള്ളികളിലോ വെച്ച് തലമുറകള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കുക എന്നത്  സ്വന്തം ബാധ്യതയായി ആവേശത്തോടെ ഏറ്റെടുത്ത മതപണ്ഡിതര്‍ നിരവധിയായിരുന്നു. സ്വയം സന്നദ്ധരായി, പ്രതിഫലം കൈപ്പറ്റാതെയാണ് അവരില്‍ പലരും ഇത് ചെയ്തിരുന്നത്. ജീവിതമാര്‍ഗമായി മറ്റു തൊഴിലുകള്‍ ഉള്ളവര്‍ ദീനീ അധ്യാപനത്തിന് സൗജന്യമായി സമയം നീക്കിവെച്ചിരുന്നു. 
പ്രമുഖ ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ശിബ്‌ലി നുഅ്മാനിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്: ''വ്യക്തികളെ കേന്ദ്രീകരിച്ച്, അവരുടെ പേരില്‍ അടയാളപ്പെടുത്തിയാണ് ഒരു കാലത്ത് കോളേജുകള്‍ രൂപപ്പെട്ടത്. ഒരു പണ്ഡിതന്‍ ഉള്ളിടത്തേക്ക് ധാരാളം വിദ്യാര്‍ഥികളും വിജ്ഞാനാന്വേഷകരും വന്നെത്തുകയും അദ്ദേഹത്തെ പൊതിഞ്ഞു നില്‍ക്കുകയും ചെയ്യുമായിരുന്നു. രാപ്പകല്‍ ഭേദമന്യേ അദ്ദേഹം നടത്തുന്ന ക്ലാസുകള്‍ അവര്‍ പ്രയോജനപ്പെടുത്തി. അദ്ദേഹത്തിന്റെ സാധാരണ സംസാരം, ചലനം, പെരുമാറ്റ മര്യാദകള്‍ തുടങ്ങിയവ വരെ 'നിശ്ശബ്ദ ലക്ചറിങ്ങാ'യി മനസ്സിലാക്കപ്പെട്ടു. സാവകാശത്തില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നു. ഇതൊരു കോളേജും ജാമിഅയുമായി രൂപപ്പെടുന്നു. 
ഇന്ന് വ്യക്തികള്‍ക്ക് കോളേജുകളുടെയും യൂനിവേഴ്‌സിറ്റികളുടെയും വിലാസമാണ്. എന്നാല്‍, അക്കാലത്ത് വിദ്യാര്‍ഥികള്‍ പണ്ഡിതവ്യക്തിത്വങ്ങളുടെ ശിഷ്യത്വത്തിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് കോളേജുകളും യൂനിവേഴ്‌സിറ്റികളും സ്ഥാപിതമാകുന്നത് പ്രധാനമായും ചെറുതോ, വലുതോ ആയ ടൗണുകള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, അക്കാലത്ത് നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമങ്ങളിലും കുടിലുകളില്‍ പോലും ജീവസ്സുറ്റ കലാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു'' (മഖാലാത്തെ ശിബ്‌ലി, 3/102,103). വീടുകളിലും മറ്റും ഭൃത്യരും സേവകരുമായി ജീവിച്ച അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ടവര്‍ക്കും ബന്ദികള്‍ക്കും മറ്റും വിദ്യാഭ്യാസത്തിനുള്ള സംവിധാനം മുസ്‌ലിം ഭരണാധികാരികള്‍ ഒരുക്കിയിരുന്നു. ഫിറോസ് ഷാ തുഗ്ലക്കിന്റെ (1309-1388) കാലത്ത്  ഇത്തരത്തില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ ഗവണ്‍മെന്റിന്റെ ചെലവില്‍ വിദ്യാഭ്യാസം ചെയ്തിരുന്നു. പാരമ്പര്യ വിജ്ഞാനീയങ്ങള്‍ മാത്രമല്ല, കൈത്തൊഴിലുകളും മെക്കാനിക്കല്‍ വര്‍ക്കുകളും അവര്‍ പരിശീലിച്ചിരുന്നു (താരീഖെ ഫീറൂസ് ശാഹീ 339-340). അടിമ രാജവംശത്തിലെ പ്രമുഖനായ ഗിയാസുദ്ദീന്‍ മുഹമ്മദ് ഖില്‍ജി അടിസ്ഥാന വര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ വ്യാപക സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു (താരീഖെ ഫരിഷ്ത 2/ 255). ഇതിന്റെയെല്ലാം ക്രമാനുഗതമായ വികാസമാണ് പില്‍ക്കാലത്തുണ്ടായത്.
ജാതി വിവേചനത്തിന്റെ ഇരുണ്ട നൂറ്റാണ്ടുകളില്‍, വലിയൊരു വിഭാഗം മനുഷ്യര്‍ക്ക് അറിവ് വിലക്കിയ സാമൂഹികാന്തരീക്ഷത്തില്‍, നഗരങ്ങളിലും ഗ്രാമങ്ങളിലും കുടിലുകളില്‍ പോലും പ്രവര്‍ത്തിച്ചിരുന്ന പാഠശാലകളിലൂടെ മുസ്‌ലിം പണ്ഡിതര്‍ അറിവിനെ വിവേചനരഹിതമായി ജനകീയവല്‍ക്കരിച്ചു. ഒരു ഭാഗത്ത്, 'വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഉരുക്കി ഒഴിക്കാന്‍' മതവിധികള്‍ ഉയര്‍ന്നപ്പോള്‍, മറുഭാഗത്ത് ഇസ്‌ലാം വേദപഠനത്തെ സര്‍വ മനുഷ്യരിലേക്കും വ്യാപിപ്പിച്ചു. 
സമ്പന്നനും സാധാരണക്കാരനും ഭിന്നശ്രേണികളിലായി കരുതപ്പെട്ടവരും ഒരേ മദ്‌റസയില്‍ ഒന്നിച്ച് പഠിച്ച് സമത്വത്തിന്റെ പ്രായോഗിക സൗന്ദര്യത്തെ സാക്ഷ്യപ്പെടുത്തി. പൊതുപള്ളിക്കൂടങ്ങളില്‍ ഒരുമിച്ചിരിക്കാനും പൊതുനിരത്തില്‍ നടക്കാനും പോലും ജാതീയതയുടെ വിലക്കുള്ള കാലത്താണ് ഇത്തരം അതിര്‍വരമ്പുകളെ അതിലംഘിച്ച മദ്‌റസകളുടെ  രാഷ്ട്രീയ പ്രസക്തി അളന്നെടുക്കേണ്ടത്. ആ തലത്തില്‍, ഇന്ത്യന്‍ സാമൂഹിക ഘടനയില്‍ മദ്‌റസാ സംവിധാനം ചെലുത്തിയ സ്വാധീനം ഇനിയും പഠിക്കേണ്ടതുണ്ട്.

പ്രമുഖ മദ്‌റസകള്‍
വ്യത്യസ്ത മുസ്‌ലിം വിഭാഗങ്ങള്‍ തങ്ങളുടെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ സിലബസുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ ഇന്ത്യയിലുണ്ട്. ബറേല്‍വി, അഹ്‌ലെ ഹദീസ്, ദയൂബന്ദി, തബ്‌ലീഗ് ജമാഅത്ത്, സ്വൂഫി തുടങ്ങിയ ധാരകളെല്ലാം ചെറുതും വലുതുമായ നിരവധി മദ്‌റസകള്‍ നടത്തുന്നു. അശ്അരി -ഹനഫി സരണി പിന്തുണക്കുന്ന ലഖ്‌നൗവിലെ ദാറുല്‍ ഉലൂം നദ്‌വത്തുല്‍ ഉലമാ സവിശേഷതകള്‍ ഏറെയുള്ള, മദ്‌റസാ സംവിധാനത്തിന്റെ ഉയര്‍ന്ന തലത്തിലുള്ള മഹദ് കലാലയമാണ്.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ബംഗാള്‍, അസം എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ മദ്‌റസകളുടെ സിംഹഭാഗവും സ്ഥിതി ചെയ്യുന്നത്. അത്രതന്നെ വിപുലമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലമാ ലഖ്‌നോ, മദ്‌റസത്തുല്‍ ഇസ്വ്‌ലാഹ് അഅ്‌സംഗഢ്, ജാമിഅത്തുല്‍ ഫലാഹ് അഅ്‌സംഗഢ്, മളാഹിറുല്‍ ഉലൂം സഹാറന്‍പൂര്‍, മദീനത്തുല്‍ ഉലും ബാഗ്ബാരി, ജാമിഅ ഖാസിമിയ്യ മുറാദാബാദ്, ജാമിഅത്തുറസാ ബറേലി, മദ്‌റസ അമീനിയ ദല്‍ഹി, ജാമിഅ ഇസ്‌ലാമിയ്യ തഅ്‌ലീമുദ്ദീന്‍ ഗുജറാത്ത്, ജാമിഅ ഇസ്‌ലാമിയ്യ അറബിയ്യ ഭോപാല്‍, മന്‍ളറുല്‍ ഇസ്‌ലാം ബറേലി, ജാമിഅ നിസാമുദ്ദീന്‍ ന്യൂദല്‍ഹി, ജാമിഅ നഈമിയ്യ മുറാദാബാദ്, ജാമിഅ അംജദിയ്യ റിസ്വിയ്യ, അല്‍ ജാമിഅത്തുല്‍ ഇസ്‌ലാമിയ്യ മൗ- യു.പി,  അല്‍ജാമിഅത്തുസ്സലഫിയ്യ സൂറത്ത്, അല്‍ജാമിഅത്തുസ്സലഫിയ്യ വരാണസി, അല്‍ജാമിഅത്തുല്‍ അശ്‌റഫിയ്യ മുബാറക്പൂര്‍, മദ്‌റസ റഹീമിയ്യ ദല്‍ഹി തുടങ്ങി ഇന്ത്യയിലെ പ്രധാന മദ്‌റസകള്‍ തന്നെ നിരവധിയുണ്ട്. പ്രാഥമിക മദ്‌റസകളായും മറ്റും ആരംഭിച്ച ഇവയില്‍ പലതും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റികളാണിന്ന്. 
ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മദ്‌റസകളുള്ളത്. മുഹമ്മദ് ഖാസിം നാനൂഥവി സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ മദ്‌റസാ സംവിധാനം ദയൂബന്ദ് ദാറുല്‍ ഉലൂം സ്ഥിതി ചെയ്യുന്നതും യു.പിയില്‍ തന്നെ. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിന് കീഴില്‍ 20,000- ലേറെ ദയൂബന്ദി മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ദയൂബന്ദ് പ്രസ്ഥാനം മദ്‌റസാ വിദ്യാഭ്യാസത്തില്‍ മാത്രമല്ല, ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായക സ്വാധീനം ചെലുത്തിയ മുന്നേറ്റത്തിന്റെ തലവാചകമാണ്. മാത്രമല്ല, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പോരാളികളായിരുന്നു മദ്‌റസാ പ്രസ്ഥാനം. 1857-ലേതുള്‍പ്പെടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച മദ്‌റസകളുടെ ചരിത്രവും, അക്കാരണത്താല്‍ തന്നെ മദ്‌റസകള്‍ക്കെതിരെ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച ശത്രുതാപരമായ നിലപാടുകളും വര്‍ത്തമാനകാല ഇന്ത്യയെ ഓര്‍മിപ്പിക്കേണ്ടതു തന്നെയാണ്. 

മതപാഠശാലകള്‍ മാത്രമല്ല
മദ്‌റസകള്‍ക്ക്, വിശേഷിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതരം പരിമിതികളുണ്ട് എന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, മൂന്ന് പ്രധാന കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഒന്ന്, പ്രാഥമിക മതപഠനം മുതല്‍ ഉയര്‍ന്ന തലത്തിലെ ഗവേഷണ പഠനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വിപുലമായ അക്കാദമിക സംവിധാനങ്ങളാണ് പൊതുവെ മദ്‌റസകള്‍ക്കുള്ളത്. വിഭിന്ന ധാരകളില്‍ ഇതിന്റെ സ്വഭാവം വ്യത്യസ്തമാകാം. രണ്ട്, കേവല മതപഠനം എന്ന് വിശേഷിപ്പിക്കാവുന്ന, ആരാധനാനുഷ്ഠാന നിയമബന്ധിതമായ വിഷയങ്ങളില്‍ പരിമിതമായ പാഠശാലകളല്ല മദ്‌റസകള്‍. ഭാഷ, ഗണിതം, വൈദ്യം, ശാസ്ത്രം, തൊഴില്‍, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളും വ്യത്യസ്ത രീതികളില്‍, ആരാധനാ - അനുഷ്ഠാന നിയമങ്ങളോടൊപ്പം മദ്‌റസകളില്‍ പഠിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴയതും വലുതുമായ ദാറുല്‍ ഉലൂം ദയൂബന്ദില്‍ വൈദ്യശാസ്ത്രത്തില്‍ ബിരുദം നല്‍കുന്ന കോഴ്‌സുകളുണ്ട്.
 വിശേഷിച്ചും ഉത്തരേന്ത്യയിലെ മദ്‌റസകളെ, കേരളത്തിലെ പ്രാഥമിക മദ്‌റസകളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ പാടില്ലാത്തതാണ്. ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ഇന്ത്യയില്‍ പൊതുവെ മദ്‌റസകള്‍ പൊതു സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും തുല്യമായ സമാന്തര വിദ്യാഭ്യാസ സംവിധാനമാണ്. സര്‍ക്കാര്‍ പാഠ്യപദ്ധതി അനുസരിച്ചുള്ള സ്‌കൂള്‍ - കോളേജുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും പരീക്ഷകളും മദ്‌റസകളില്‍ ഉണ്ടാകില്ലെങ്കിലും, നേരത്തെ സൂചിപ്പിച്ച ഭാഷാ-ശാസ്ത്ര വിഷയങ്ങളില്‍ പലതും മദ്‌റസാ സിലബസിന്റെ ഭാഗമാണ്. മതവിഷയങ്ങള്‍ അഭ്യസിപ്പിക്കുന്നതോടൊപ്പം സ്‌കൂള്‍ സിലബസിലെ വിഷയങ്ങളെല്ലാം പഠിപ്പിക്കുന്ന നിരവധി മദ്‌റസകളുണ്ട്. ഉത്തരേന്ത്യയിലെ ആയിരക്കണക്കായ ഗ്രാമങ്ങളിലെ, ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അക്ഷരാഭ്യാസം മുതല്‍ ബിരുദം വരെ നല്‍കുന്ന യഥാര്‍ഥ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മദ്‌റസകളാണ്. പലയിടങ്ങളിലും താരതമ്യേന ഗവണ്‍മെന്റ് സ്‌കൂളുകളെക്കാള്‍ നിലവാരം മദ്‌റസകള്‍ പുലര്‍ത്തുന്നുണ്ട്. ഇത്തരം കോഴ്‌സുകള്‍ക്ക് അംഗീകാരവും അവ വിജയിക്കുന്നവര്‍ക്ക് തുല്യതാ സര്‍ട്ടിഫിക്കറ്റുകളും വിവിധ സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കി വരുന്നുണ്ട് എന്നതും ശ്രദ്ധിക്കണം.  ഇത്തരം കലാലയങ്ങളില്‍ നിന്ന് ബിരുദം നേടിയവര്‍ക്ക് മറ്റു യൂനിവേഴ്‌സിറ്റികളില്‍ പി.ജിക്ക് പ്രവേശനം ലഭിക്കുന്നു. ഇന്ത്യയിലെ ആയിരക്കണക്കിന് മദ്‌റസകള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരവുമുണ്ട്. ഇതിനാണിപ്പോള്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചെലവും, ഗവണ്‍മെന്റ് സ്‌കൂളുകളുടെ നിലവാരക്കുറവും പലരെയും മദ്‌റസകളിലേക്ക് ആകര്‍ഷിക്കുന്നുമുണ്ട്. ദരിദ്രരായ ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്ന ഈ മദ്‌റസകള്‍ ഇല്ലാതാകുക എന്നതിനര്‍ഥം, കേവല മതപഠനം ഇല്ലാതാകുന്നു എന്നതല്ല, ഒരു ജനവിഭാഗത്തിന് വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെടുന്നു എന്നാണ്. ഇനിയും പരിഷ്‌കരിക്കപ്പെടേണ്ട പല ഘടകങ്ങളും മദ്‌റസകള്‍ക്കുണ്ട് എന്നത് ശരിയായിരിക്കെത്തന്നെ, അവയുടെ നിലനില്‍പ്പ് ഉറപ്പുവരുത്തുക പ്രഥമ പരിഗണനയര്‍ഹിക്കുന്ന വിഷയമാണല്ലോ.
മൂന്നാമത്തേത് വളരെ പ്രധാനമാണ്: ഉത്തരേന്ത്യയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളായ മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ മുസ്‌ലിംകള്‍ മാത്രമല്ല. ഇതര മതക്കാരും മദ്‌റസയില്‍ പഠിച്ചിട്ടുണ്ട്, അതിപ്പോഴും തുടരുകയും ചെയ്യുന്നു.  ഹൈന്ദവ നവോത്ഥാനത്തിന്റെ ആചാര്യനായി വിശേഷിപ്പിക്കപ്പെടുന്ന രാജാ റാം മോഹന്‍ റോയ്, മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. രാജേന്ദ്രപ്രസാദ്, ഹിന്ദി സാഹിത്യകാരന്‍ മുന്‍ഷി പ്രേംചന്ദ് തുടങ്ങിയവര്‍ മദ്‌റസകളുടെ കൂടി ഉല്‍പ്പന്നങ്ങളാണെന്ന് ചരിത്രം പറയുന്നു. കല്‍ക്കത്തയിലെ മദ്‌റസ ആലിയയിലാണ് രാജാറാം മോഹന്‍ റോയ് പഠിച്ചിരുന്നത്. സംസ്‌കൃതത്തിലും ഹിന്ദു മതത്തിലും വ്യുല്‍പ്പത്തിയുണ്ടായിരുന്ന അദ്ദേഹത്തിന്, പേര്‍ഷ്യന്‍ - അറബി ഭാഷകളിലും പരിജ്ഞാനമുണ്ടായിരുന്നു. പ്രമുഖ വ്യക്തിത്വങ്ങളായതിനാല്‍ ഇവരുടെ പേരുകള്‍ ഇവ്വിധം രേഖപ്പെടുത്തപ്പെട്ടുവെങ്കില്‍, അന്നും എന്നും പ്രമുഖരല്ലാത്ത സഹോദര സമുദായാംഗങ്ങളായ നിരവധിപേര്‍ മദ്റസകളില്‍ വിദ്യാര്‍ഥികളായിരിക്കുക സ്വാഭാവികമാണല്ലോ. 
വര്‍ത്തമാനകാലത്തും ഉത്തരേന്ത്യയിലെ ചില മദ്‌റസകളില്‍ സഹോദര സമുദായാംഗങ്ങള്‍ വിദ്യാഭ്യാസം ചെയ്യുന്നുണ്ട്. ചണ്ഡീഗഢിലെ മൂന്ന് മദ്റസകളില്‍ മുസ്‌ലിമേതര വിദ്യാര്‍ഥികള്‍ പഠിക്കുന്നതായി മുമ്പ് റിപ്പോര്‍ട്ട് വന്നിരുന്നു. തങ്ങളുടെ പ്രദേശത്ത്, വീടുകളോടടുത്ത് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ സ്‌കൂളിന് സമാനമായ വിദ്യാഭ്യാസം ലഭിക്കുന്നതുകൊണ്ടാണ് ഇവിടെ പ്രവേശനം നേടുന്നതെന്ന് ആ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വിശദീകരിക്കുകയുണ്ടായി. ഉത്തര്‍പ്രദേശിലെയും പശ്ചിമ ബംഗാളിലെയും മദ്‌റസകളിലും ഹൈന്ദവ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പഠിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയുണ്ടായി. പശ്ചിമ ബംഗാളിലെ ഒരു മദ്‌റസയില്‍ മൊത്തം 1,400 വിദ്യാര്‍ഥികളില്‍ 60 ശതമാനം അമുസ്‌ലിംകളാണെന്ന് മുമ്പ് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെയുള്ള മുപ്പത്തിരണ്ട് അധ്യാപകരില്‍ പതിനൊന്ന് പേര്‍ അമുസ്‌ലിംകളായിരുന്നു എന്നതും ചേര്‍ത്തുവായിക്കുക. ഒരു ഘട്ടത്തില്‍ സംസ്ഥാനത്തെ മദ്‌റസകളിലെ അമുസ്‌ലിം പ്രാതിനിധ്യം പതിനഞ്ചു ശതമാനം വരെ ആയിരുന്നുവത്രെ! മദ്‌റസകളിലെ അമുസ്‌ലിം പങ്കാളിത്തം മതവിഭാഗങ്ങള്‍ക്കിടയില്‍ പരസ്പരം അറിയാനും അനുഭവിക്കാനും അവസരമൊരുക്കുകയും സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പ്രയോഗ തലത്തില്‍ പകര്‍ന്ന് നല്‍കുകയും ചെയ്യുന്നുവെന്ന നിരീക്ഷണവും പ്രസക്തമാണ്. 
70257 86574
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 8-11
ടി.കെ ഉബൈദ്‌

ഹദീസ്‌

അഭിവാദ്യത്തിന്റെ ഉദാത്ത രീതി
സഈദ് ഉമരി മുത്തനൂര്‍/ sayeedumari@gmail.com