Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ഖിലാഫത്ത്  നീതിയുടെ പ്രതീകമാവുന്നു

കെ.പി പ്രസന്നന്‍ഒന്ന്

നബി (സല്ലല്ലാഹു അലൈഹി വസല്ലമ)യുടെ  ബോധം മറഞ്ഞു. എല്ലാറ്റിന്റെയും ഒടുക്കമെന്ന് ആഇശ(റ)ക്കു തോന്നി. കുറെ കഴിഞ്ഞപ്പോള്‍ അദ്ദേഹം കണ്ണ് തുറന്നു.
റസൂല്‍ കൊതിച്ചിരുന്ന  ആ യാത്ര തുടങ്ങി എന്നുറപ്പിച്ചപ്പോള്‍ ആഇശ(റ) മടിയിലുണ്ടായിരുന്ന ആ ശിരസ്സ് പതുക്കെ താഴെ ഇറക്കിവച്ചു.
തന്റെ ദുഃഖവും ജനങ്ങളുടെ ദുഃഖവും മരണത്തിന്റെ നിശ്ശബ്ദത ഭഞ്ജിച്ചുകൊണ്ട് ലോകത്തിന്റെ അതിരുകളിലേക്കു വ്യാപിക്കാന്‍ തുടങ്ങേണ്ടതുണ്ടെന്ന് അവര്‍ക്കു തോന്നി. ചിറകറ്റ പക്ഷിയെപ്പോലെ ഒരു നിലവിളിയോടെ പുറത്തേക്കു വന്ന ആഇശ(റ) ഇങ്ങനെയാണ്  പറഞ്ഞുപോയത്:
'അദ്ദേഹത്തിന് വേണ്ടിയല്ല ഞാന്‍ കരയുന്നത്. ഇതിനെക്കാള്‍ മെച്ചമുള്ള ഒരു ലോകത്തേക്കാണ് അദ്ദേഹം പോയിരിക്കുന്നത് എന്നെനിക്കുറപ്പാണ്. ഞാന്‍ വിലപിക്കുന്നത് ഞങ്ങളില്‍ നിന്ന്  സ്വര്‍ഗത്തിന്റെ  ബന്ധനം അറ്റു പോയല്ലോ എന്നോര്‍ത്താണ്.'
ജനങ്ങള്‍ സ്തബ്ധരായി. ഇസ്‌ലാം ആശ്ലേഷിച്ചശേഷം ആദ്യമായി, കരുത്തനായ ഉമര്‍ ഫാറൂഖി (റ) ന്റെ വിവേകം കൈമോശം വന്നു. ഉമര്‍ ഈ വാര്‍ത്ത വിശ്വസിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എന്റെ വാള്‍ സംസാരിക്കും എന്ന് ഭീഷണി മുഴക്കുക കൂടി ചെയ്തു. ആഇശ പിതാവായ അബൂബക്ര്‍ സ്വിദ്ദീഖി(റ)നെ കാര്യമറിയിക്കുന്നു. പാഞ്ഞെത്തി സ്വന്തം ചങ്ങാതിയുടെ അനക്കമറ്റ മുഖത്ത് ചുംബനമര്‍പ്പിച്ച ശേഷം അദ്ദേഹം ജനങ്ങളുടെ നേരെ തിരിഞ്ഞു. അവര്‍ വിലാപത്തിലും ആശങ്കയിലുമൊക്കെ ആയിരുന്നു.
'മുഹമ്മദിനെയാണ് നിങ്ങള്‍ ആരാധിച്ചിരുന്നതെങ്കില്‍ നിങ്ങള്‍ അറിയുക: മുഹമ്മദ് മരിച്ചുകഴിഞ്ഞു. അതല്ല, അല്ലാഹുവിനെയാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍ നിങ്ങളറിയുക: അല്ലാഹു എല്ലാ കാലത്തും ജീവിച്ചിരിക്കും. അവന്‍ മരിക്കുകയില്ല.'
പിന്നീടദ്ദേഹം വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള ഒരു സൂക്തം ഓതി: 'മുഹമ്മദ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിന് മുന്‍പും ദൈവദൂതര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിന്തിരിഞ്ഞു പോകുമോ?' (3:144)
വിശുദ്ധ ഖുര്‍ആന്റെ വചനങ്ങള്‍ കേട്ടമാത്രയില്‍ നഷ്ടപ്പെട്ട വിവേകം ഉമറില്‍ തിരിച്ചെത്തുന്നു. അബൂബക്ര്‍ സൃഷ്ടിച്ചെടുത്ത നിശ്ശബ്ദതയില്‍ കരുത്തനായ ഉമര്‍, മൃദു സ്വഭാവിയായ അബൂബക്‌റിന്റെ കരം പിടിച്ചു അനുസരണം പ്രഖ്യാപിക്കുന്നു- ആദ്യ ഖലീഫ.
ജനങ്ങള്‍ക്ക് വേണ്ടത് വേണ്ട സമയത്ത് നല്‍കുന്ന അവരുടെ സേവകനെന്ന ഉത്തരവാദിത്വം നിര്‍വഹിച്ചു എന്നത് തന്നെയാണ്  അബൂബക്‌റിനെ ആ സ്ഥാനത്തിനര്‍ഹനാക്കിയത്. വ്യക്തിക്കപ്പുറത്തേക്കും സന്ദേശം നിലനില്‍ക്കേണ്ടതുണ്ട് എന്ന് ആ നിമിഷത്തില്‍ തിരിച്ചറിഞ്ഞത് അബൂബക്ര്‍(റ) മാത്രമായിരുന്നു.


രണ്ട്
ജനങ്ങളുടെ സാരഥ്യം  മുഹമ്മദ് നബി (സ)യില്‍ നിന്ന് അബൂബക്ര്‍ സ്വിദ്ദീഖി(റ)ലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത് നിര്‍ണായകമായ ഒരു ചരിത്ര മുഹൂര്‍ത്തത്തിലായിരുന്നു. ഉമര്‍(റ) നടത്തിയ സന്ദര്‍ഭോചിതമായ ആ കരം ഗ്രഹിക്കലിലൂടെ സംഭവിച്ചതെന്താണെന്ന് പലരും തിരിച്ചറിയും മുന്‍പ് തന്നെ നേതൃത്വം അബൂബക്ര്‍ സ്വിദ്ദീഖിനായിരിക്കുമെന്ന് ഏറക്കുറെ തീര്‍ച്ചപ്പെട്ടു കഴിഞ്ഞിരുന്നു.
രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ട ദിനം തന്നെ ചന്തയിലേക്ക് കച്ചവടത്തിന് ഇറങ്ങി പുറപ്പെട്ട അബൂബക്‌റിനെ ഉമറാണ് തടഞ്ഞത്. 'എന്റെ കുടുംബത്തിന്റെ അന്നത്തിനുള്ള വക എങ്ങനെ ഉണ്ടാകും?' എന്നായിരുന്നു  അബൂബക്‌റിന്റെ ന്യായമായ ചോദ്യം. രാഷ്ട്രസാരഥ്യം  പ്രവാചക മാതൃക നിലനിര്‍ത്താനുള്ള ഉപാധി മാത്രമായി അദ്ദേഹം കണ്ടു. ചുമതലാ ബോധത്തിന്റെ തെളിമയായിരുന്നു അബൂബക്ര്‍(റ). ആ വിഹ്വലതയില്‍ 'അല്ലാഹുവിന്റെ വിചാരണയില്ലാത്ത ഒരു മരമായിരുന്നു ഞാനെങ്കില്‍' എന്നദ്ദേഹം ആത്മഗതം ചെയ്തു പോയിട്ടുണ്ട്. രാജ്യ പരിപാലനത്തിന്റെ തിരക്കിലും അനാഥയായ ഒരു വൃദ്ധയുടെ വീട്ടില്‍ രഹസ്യമായി സേവനത്തിനെത്തുന്ന അബൂബക്‌റിനെ കണ്ട് ഉമര്‍ അന്ധാളിച്ചു നിന്നുപോയിട്ടുണ്ട്. ദൈവികവും മാനവികവുമായ ഒരു ജീവിതക്രമത്തിന്റെ സൃഷ്ടിപ്പിനായി ജീവിതം സമര്‍പ്പിച്ച ഈ രണ്ടു പേരും അല്ലാഹുവിന്റെ പ്രവാചകന്റെ ആദ്യ രണ്ടു ഉത്തരാധികാരികളായിത്തീര്‍ന്നു എന്നതും അല്ലാഹുവിന്റെ പ്രത്യേക തീരുമാനം തന്നെയായിരിക്കാം.
കടുത്ത പനി കാരണം മരണാസന്നനായപ്പോള്‍, നല്ലൊരു ഭിഷഗ്വരനെ വരുത്തിയാലോ എന്ന സുഹൃത്തുക്കളുടെ ആഗ്രഹം തടയിട്ടു കൊണ്ട് അബൂബക്ര്‍ മൊഴിഞ്ഞത് 'ഏറ്റവും വലിയ ഭിഷഗ്വരന്‍ സമീപിച്ചു കഴിഞ്ഞു' എന്നാണ്. എന്നെയോര്‍ത്തുള്ള ദുഃഖം ഇസ്‌ലാമിക സേവനത്തിലും നിങ്ങളുടെ നാഥനോടുള്ള കര്‍മത്തിലും വീഴ്ച വരുത്താതിരിക്കട്ടെ എന്ന മുന്നറിയിപ്പോടെ  അദ്ദേഹം അല്ലാഹുവിലേക്ക് മടങ്ങി.
വിശുദ്ധമായാണ് അബൂബക്ര്‍(റ) ജനങ്ങളെ നയിച്ചിരുന്നത്. പിന്‍ഗാമിയായി ഉമറിനെ നാമനിര്‍ദേശം ചെയ്തതിലടക്കം ആ സൂക്ഷ്മത കാണാവുന്നതാണ്. ഖലീഫ ഉപയോഗിച്ച തുച്ഛമായ സാധനങ്ങള്‍, ശമ്പളമൊക്കെ പുതിയ നേതാവായ ഉമറിന് കൈമാറ്റം ചെയ്തപ്പോള്‍ ഉമര്‍(റ) പറഞ്ഞുപോയതും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്:
'അബൂബക്‌റിനെ അല്ലാഹു അനുഗ്രഹിക്കട്ടെ. ഈ മാതൃക പിന്‍ഗാമികള്‍ക്ക് ഒരു ഭാരം തന്നെയായിരിക്കും.'
രാഷ്ട്രസാരഥ്യം ദുഷിപ്പിക്കാത്ത മനുഷ്യരെ കാണേണ്ടതുണ്ടെങ്കില്‍, ഭരണം ജനസേവനമായി പരിവര്‍ത്തിപ്പിച്ച മാതൃക കണ്ടെത്തേണ്ടതുണ്ടെങ്കില്‍ തിരുനബി (സ) യെയും സച്ചരിതരായ ഖലീഫമാരെയും വായിക്കേണ്ടതുണ്ട്.

മൂന്ന്്
സമാധാനം കളിയാടുന്ന ഒരു ദേശമാണ് അബൂബക്‌റില്‍ നിന്ന് ഉമറിന് ലഭിച്ചത്. (അവര്‍ രണ്ടു പേരിലും അല്ലാഹു തൃപ്തിപ്പെടട്ടെ). സാമൂഹിക നീതി ഉമറിന്റെ ഭരണ നൈപുണ്യത്തിന്റെ തേരിലേറി ദേശങ്ങള്‍ താണ്ടി. ഇസ്‌ലാമിക സാമ്രാജ്യം ഏറെ വലുതായി. അച്ചടക്കം, വ്യവസ്ഥ, നീതി എന്നിവ സമഞ്ജസമായി സ്ഥാപിക്കപ്പെട്ടത് ഉമറിന്റെ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്.
നീതി നടപ്പാവുന്നതിന്റെ എത്രയെത്ര ചരിത്ര മുഹൂര്‍ത്തങ്ങളാണ് ആ കാലഘട്ടം വരച്ചിട്ടതെന്നോ!
'അംറേ, എപ്പോഴാണ് നിങ്ങള്‍ ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്, മാതാക്കള്‍ അവരെ സ്വതന്ത്രരായിട്ടാണല്ലോ പ്രസവിച്ചത്?'
ഈജിപ്ത് ഗവര്‍ണറായിരുന്ന അംറുബ്‌നുല്‍ ആസ്വി(റ)ന്റെ മകന്‍ അധികാര ഗര്‍വില്‍ ഒരു സാധാരണക്കാരനെ അന്യായമായി മര്‍ദിച്ചു എന്ന പരാതി മദീനയിലെത്തി. പരാതിക്കാരന് തിരിച്ചടിക്കാന്‍ അവസരം നല്‍കിയശേഷം ഖലീഫ ഉന്നയിച്ച ഈ ചോദ്യം ഇസ്‌ലാം വിളംബരം ചെയ്യുന്ന മനുഷ്യ സ്വാതന്ത്ര്യത്തിന്റെ പ്രഘോഷണമായിരുന്നു.
അഹങ്കാരം, അധികാരം, സമ്പത്ത് തുടങ്ങിയ ഇലാഹുകള്‍ മാതൃകാ സമൂഹത്തിലേക്ക് നുഴഞ്ഞുകയറുന്നത് തടയാനുള്ള പോരാട്ടമായിരുന്നു ഉമറിന്റെ കാലഘട്ടം. അതില്‍ ഉമറിനോളം വിജയിച്ച മറ്റൊരു ഖലീഫ ഇല്ല താനും. പല പ്രമുഖരും നടപടികള്‍ക്ക് വിധേയമായിട്ടുണ്ട്. സമൂഹത്തിലെ ഏതൊരു  സാധാരണക്കാരനും കിട്ടുന്ന അവകാശം മാത്രമേ ഖലീഫ യായിരിക്കുമ്പോള്‍  അദ്ദേഹം  സ്വീകരിച്ചിരുന്നുള്ളൂ.
സ്വജീവിതത്തിനു കുറച്ചു കൂടി ശ്രദ്ധ കൊടുക്കണമെന്ന, മകളും വിശ്വാസികളുടെ മാതാവുമായിരുന്ന ഹഫ്സ്വ(റ)യുടെ അഭ്യര്‍ഥനയോട് ഉമര്‍ പ്രതികരിച്ചതിങ്ങനെ:
'ഞാന്‍ അങ്ങനെ ചെയ്താല്‍, എന്റെ രണ്ടു കൂട്ടുകാരില്‍ നിന്ന് വഴിപിരിഞ്ഞു പോകലായിരിക്കുമത്. യാത്രയുടെ അവസാനം അവരെയെനിക്ക് കണ്ടുമുട്ടേണ്ടതുണ്ട്.'
ഒരിക്കലദ്ദേഹം ഇങ്ങനെ പറഞ്ഞു: 'അല്ലാഹുവാണ, ഞാന്‍ ഖലീഫയാണോ രാജാവാണോ എന്നെനിക്കറിയില്ല. രാജാവാണെങ്കില്‍ അതൊരു പേടിക്കേണ്ട സംഗതി തന്നെ.'
കൊച്ചു കുട്ടികളെ കണ്ടാല്‍ ഉമര്‍ പറയും: 'മോനേ, എനിക്കു വേണ്ടി നീ പ്രാര്‍ഥിക്കണം, ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.'
സമ്പത്ത് ഒഴുകിയെത്തിയപ്പോഴൊക്കെ രാഷ്ട്ര പുനര്‍ നിര്‍മാണത്തിന് വേണ്ടി ചെലവഴിച്ചുകൊണ്ട് സുശക്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തശേഷമാണ് ഉമര്‍ യാത്രയാവുന്നത്. മദീനയില്‍ വച്ചുള്ള മരണം, രക്തസാക്ഷിയാവുക- ഇത് രണ്ടും ഉമറിന്റെ ആഗ്രഹമായിരുന്നു. ഇത് രണ്ടും പൂര്‍ത്തീകരിക്കാനെന്നോണമാണ്  ഖലീഫക്ക്  മദീനാപള്ളിയില്‍ വച്ച് കുത്തേറ്റത്. മാരകമായി പരിക്കേറ്റു എന്ന് ബോധ്യപ്പെട്ട സന്ദര്‍ഭത്തില്‍ ഉമറിന് അബൂബക്‌റിന്റെ മാതൃക പിന്തുടരാമായിരുന്നു. മകനായിരുന്ന അബ്ദുല്ലാഹിബ്‌നു ഉമറിനെ ഖലീഫയായി നിയോഗിക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നു.
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) സാത്വികനാണ്, പണ്ഡിതനാണ്, ഭരണ നിര്‍വഹണത്തില്‍ പിതാവിനോടൊപ്പം പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. പക്ഷേ, ഉമറിന്റെ പ്രതികരണമിങ്ങനെയായിരുന്നു:
'ഖത്ത്വാബിന്റെ കുടുംബത്തില്‍ ഭരണ നിര്‍വഹണമെന്ന ഭാരത്തിന് അല്ലാഹു വിചാരണ ചെയ്യുന്ന മറ്റൊരാള്‍ കൂടി ഉണ്ടാവുന്നത് ഞാനിഷ്ടപ്പെടുന്നില്ല.'
ഖിലാഫത്ത് എന്നത് ജനങ്ങളെയും ഭൂമിയെയും സംസ്‌കരിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണെന്ന് മനസ്സിലാക്കിയ തെളിച്ചമുള്ള ഖലീഫമാരും, അധികാരമാണെന്നു തെറ്റിദ്ധരിച്ച രാജാക്കന്മാരും ഇസ്‌ലാമിക ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഖിലാഫത്തിനെ കുറിച്ചുള്ള നമ്മുടെ ധാരണകളും പ്രധാനമാണല്ലോ.
തുടര്‍ന്ന് പിന്‍ഗാമിയെ നിശ്ചയിക്കാനായി ആറംഗ സമിതിയെ ചുമതലപ്പെടുത്തിയതിനു ശേഷമാണ് ഉമറിന്റെ അല്ലാഹുവിലേക്കുള്ള തിരിച്ചുപോക്ക്. ഓരോ നേതൃത്വ കൈമാറ്റങ്ങളും വികസിച്ച രീതി ആധുനിക ജനായത്ത രീതികളിലേക്കുള്ള അടയാളങ്ങളായി.
ജനങ്ങളുടെ സേവകരായി അടയാളപ്പെടുത്തിയ ഈ ഖലീഫമാരുടെ മാതൃകകള്‍ നമ്മെ അതിശയിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെ ദുരധികാരത്തിന്റെ ദംഷ്ട്രങ്ങളില്‍ കുരുങ്ങിയ  മനുഷ്യരുടെ വിലാപങ്ങളില്‍ ഖിലാഫത്ത് നീതിയുടെ പ്രതീകമാവുന്നു. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്