Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ഹിന്ദുത്വ ഇന്ത്യയും  ഇന്ത്യന്‍ മുസ്‌ലിംകളും

സയ്യിദ് സആദതുല്ലാ ഹുസൈനി

ഹിന്ദുത്വയും അതിന്റെ സൈദ്ധാന്തിക അടിത്തറകളും ആശയങ്ങളും വ്യക്തമാക്കുന്ന കുറെയേറെ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് മുമ്പെഴുതിയ ലേഖനങ്ങളില്‍ വന്നിട്ടുണ്ട്. ഒപ്പം ഹിന്ദുത്വയുടെ ആശയ പ്രചാരണത്തിന് സഹായകമാകും വിധം മതേതര രാഷ്ട്രീയ ചേരികള്‍ക്ക് സംഭവിച്ച ദൗര്‍ബല്യങ്ങളും പോരായ്മകളും ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഹിന്ദുത്വയെ ഫലപ്രദമായി നേരിടുന്നതില്‍ മുസ്‌ലിം രാഷ്ട്രീയത്തിന് സംഭവിച്ച പിഴവുകളും സ്ഖലിതങ്ങളും അവലോകന വിധേയമാക്കുകയും ചെയ്തുകഴിഞ്ഞു. മുസ്‌ലിംകളുടെ യഥാര്‍ഥ പദവിയും ഉത്തരവാദിത്വവും വ്യക്തമാക്കുകയും തദടിസ്ഥാനത്തില്‍ അവരില്‍ ഉണ്ടാകേണ്ട അനിവാര്യമായ മാറ്റങ്ങളും വികാസങ്ങളും സംബന്ധിച്ച വീക്ഷണങ്ങളും ഇതിനകം സമര്‍പ്പിച്ചു കഴിഞ്ഞു. വിശദമായി പഠന വിധേയമാക്കിയ ഹിന്ദുത്വയെ സംബന്ധിച്ച ഈ ചര്‍ച്ച അവസാനിപ്പിക്കുമ്പോള്‍, ഹിന്ദുത്വയുടെ വര്‍ത്തമാന സാഹചര്യം, അതുണ്ടാക്കുന്ന ഭയാനകമായ പ്രത്യാഘാതങ്ങള്‍, അത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍, നേരിടാന്‍ സ്വീകരിക്കേണ്ട നടപടികള്‍ ഇതേക്കുറിച്ചും ചില സുപ്രധാന കാര്യങ്ങള്‍ ഉണര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. 

ഹിന്ദുത്വ ആഗ്രഹിക്കുന്നതെന്ത്?

ഹിന്ദുത്വയുടെ സൈദ്ധാന്തിക അടിത്തറകളും പ്രായോഗിക നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ ചര്‍ച്ചകളില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്: ഹിന്ദുത്വ സൈദ്ധാന്തികരാരും ഏതെങ്കിലുമൊരു പോസിറ്റീവ് അജണ്ടയുടെ അടിസ്ഥാനത്തില്‍ ഇന്നേവരെയും യോജിപ്പിലെത്തുകയോ ഒന്നിച്ച് നില്‍ക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, ഈ പ്രസ്ഥാനത്തിന്റെ അടിത്തറ പണിയാന്‍ പാകത്തിലുള്ള പൊതുപദ്ധതിയോ രാജ്യത്തിന്റെ വികസനത്തിന് ഫലപ്രദവും അനുയോജ്യവുമായ ഏതെങ്കിലുമൊരു കാഴ്ചപ്പാടോ അവര്‍ക്കില്ല. രാജ്യത്തിന്റെ സാമ്പത്തിക വികസന അജണ്ടയുടെ ഭാഗമായി അവര്‍ സമര്‍പ്പിക്കുന്നത് ഒന്നുകില്‍ രാജ്യത്തെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പണ്ടേക്കും പണ്ടേ വാഗ്ദാനം ചെയ്യുന്നതെന്തോ അതുതന്നെയാണ്. അല്ലെങ്കില്‍ പിന്നെ അതിപുരാതന സാഹിത്യങ്ങളില്‍ പ്രതിപാദിച്ച, പുതിയ കാലവുമായി ഒരു ബന്ധവുമില്ലാത്ത സങ്കല്‍പങ്ങള്‍ മാത്രമാണ്. ദീന്‍ദയാല്‍ ഉപാധ്യായയുടെയും സ്വദേശി പ്രത്യയശാസ്ത്രത്തിന്റെയും സാമ്പത്തിക വികസന തത്ത്വങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് യഥാര്‍ഥത്തില്‍ ഇന്ന് രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികള്‍.1
ഹിന്ദു രാഷ്ട്രം എന്ന ആശയം അര്‍ഥമാക്കുന്നതെന്താണ്? എന്താണ് അതിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്? ആധുനിക ഇന്ത്യയില്‍ നിന്ന് അത് എങ്ങനെ വ്യത്യസ്തമായിരിക്കും? അതിന്റെ നയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും പ്രത്യേകത എന്തൊക്കെയാണ്? ഹിന്ദുത്വ സൈദ്ധാന്തികര്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നല്‍കുന്ന ഉത്തരങ്ങളില്‍ നിരവധി വൈരുധ്യങ്ങള്‍ പ്രകടമായും കാണാന്‍ സാധിക്കും. ഗോള്‍വാള്‍ക്കറെപ്പോലുള്ള പഴയകാല ഹിന്ദുത്വ സൈദ്ധാന്തികര്‍ വേദങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രം സ്വപ്‌നം കാണുന്നവരാണ്.2 ശേഷാദ്രിയെപ്പോലുള്ള ആധുനിക സൈദ്ധാന്തികരാകട്ടെ ഹിന്ദുത്വ എന്നത് രാഷ്ട്രവും ഭരണകൂടവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു അരാഷ്ട്രീയ സങ്കല്‍പ്പമായി കണക്കാക്കുന്നു.3 ഇക്കാരണത്താലാണ് ചില ഹിന്ദുത്വ സൈദ്ധാന്തികര്‍ക്ക് ഹിന്ദു രാഷ്ട്രം എന്ന് വിളിക്കുന്നത്, ഉപരിപ്ലവമായ മുദ്രാവാക്യവും വികാര പ്രകടനവുമല്ലാതെ മറ്റൊന്നുമല്ല എന്ന തോന്നലുണ്ടാകുന്നത്.4
ഹിന്ദുത്വ രാഷ്ട്രീയം മുഴുവന്‍ നെഗറ്റീവ് അജണ്ടയിലാണ് ഊട്ടപ്പെട്ടിട്ടുള്ളത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രചോദനം അസൂയയാണ്. ഈ അസൂയക്ക് നിരവധി ഉറവിടങ്ങളുണ്ട്. സമകാലിക മുസ്‌ലിം സമൂഹത്തിന്റെ ആകര്‍ഷകവും മനോഹരവുമായ സാംസ്‌കാരിക മൂല്യങ്ങളും, ലളിതവും ആകര്‍ഷകവുമായ വിശ്വാസ സംഹിതകളും ഹിന്ദുത്വ സൈദ്ധാന്തികരെ അസൂയപ്പെടുത്തുന്നു. നാല് ലോകങ്ങളിലേക്കും നീണ്ടു കിടക്കുന്ന ഇസ്‌ലാമിന്റെ വ്യാപ്തിയും ആഗോള പദവിയും എക്കാലത്തും ഹിന്ദുത്വയുടെ കണ്ണിലെ കരടാണ്. ഇസ്‌ലാം എന്നത് ശക്തമായ നവോത്ഥാന സംരംഭമായി ആഗോളതലത്തില്‍ നിലയുറപ്പിക്കുന്നതും അതിന്റെ ശാശ്വതവും ഭദ്രവുമായ സൈദ്ധാന്തിക അടിത്തറയും ഹിന്ദുത്വയെ വിറളിപിടിപ്പിക്കുന്നതാണ്. എല്ലാറ്റിനുമുപരി ഇസ്‌ലാമിന്റെ ചരിത്രപരമായ പൈതൃകവും ശേഷിപ്പുകളും ഇസ്‌ലാമിനോട് അസൂയയും പകയും വര്‍ധിക്കാന്‍ കാരണമാകുന്നു. മേല്‍ സൂചിപ്പിച്ച എല്ലാ ഘടകങ്ങളും ചേര്‍ന്ന് ഒരുതരം 'കൂട്ടായ അസൂയ' (Collective Jealousy) എന്ന സവിശേഷമായ അവസ്ഥയാണ് ഇവര്‍ വളര്‍ത്തിയെടുത്തത്. 
നിങ്ങള്‍ ഭ്രാന്തമായി സ്‌നേഹിക്കാത്ത ഒന്നിനെ നിങ്ങള്‍ക്ക് വെറുക്കാന്‍ കഴിയില്ല എന്ന് സിദ്ധാന്തിച്ചവിഖ്യാത ഫ്രഞ്ച് എഴുത്തുകാരനായ ഫ്രാങ്കോയിസ് വോള്‍ട്ടയറെ (Francois Voltaire 1694-1778) ഉദ്ധരിച്ച് രാഷ്ട്ര മീമാംസകനായ ഗദ്ദാ വാര്‍ത്തി ഇപ്രകാരം എഴുതുന്നുണ്ട്: ''ഏതെങ്കിലുമൊരു കൂട്ടര്‍ക്ക് ഇസ്‌ലാമിനോടോ മുസ്‌ലിംകളോടോ 'സ്‌നേഹമുണ്ടെങ്കില്‍' അത് ഏതെങ്കിലും മതേതര സംഘടനകള്‍ക്കല്ല, മറിച്ച് ആര്‍.എസ്.എസിനാണ്. ആര്‍.എസ്.എസിന്റെ മിക്ക പരിപാടികളും ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രത്യേക നിരീക്ഷണങ്ങള്‍ (അഗാധമായ സ്വാധീനം) പ്രതിഫലിപ്പിക്കുന്നതായിരിക്കും. ആര്‍.എസ്.എസിന്റെ വീക്ഷണപ്രകാരം പല കാര്യങ്ങളിലും ഒരു മുസ്‌ലിം എന്നതിനര്‍ഥം, ആഴത്തിലുള്ള ഐക്യവും ഉയര്‍ന്ന അച്ചടക്കവും പരസ്പര സാഹോദര്യബന്ധങ്ങളും ആത്മാര്‍ഥതയും പരസ്പരം സ്‌നേഹവും വെച്ചുപുലര്‍ത്തുന്നവരാണവര്‍ എന്നതാണ്. ഒരാള്‍ മുസ്‌ലിമാകുക എന്നതിനര്‍ഥം പരസ്പരം ത്യാഗം ചെയ്യാനുള്ള ആത്മാര്‍ഥമായ വികാരവും തന്റെ സമുദായത്തിന് വേണ്ടി (തത്ത്വങ്ങള്‍ക്ക് വേണ്ടിയും) ആവശ്യമുള്ളപ്പോള്‍ യുദ്ധത്തിന് പോലും തയാറാകാനുള്ള സന്നദ്ധതയുമാണ്. ആധുനിക ലോകത്ത്, ഇത്തരമൊരു മതവും തത്ത്വവും ഉണ്ടാവുക എന്നത് അത്ഭുതകരമായ സ്വപ്‌നം മാത്രമാണ്. ഏറ്റവും ഭീകരമായ വേട്ടയാടലുകള്‍ക്ക് വിധേയരായിട്ടും (ആര്‍.എസ്.എസിന്റെ വീക്ഷണത്തില്‍) ആത്മീയവും ധാര്‍മികവും വൈകാരികവുമായി ഉയര്‍ന്നു നില്‍ക്കുന്നവരുടെ പട്ടികയില്‍ മുസ്‌ലിംകളുടെ സ്ഥാനം വളരെ മുകളിലാണുള്ളത്.''5
കൂട്ടായ അസൂയയുടെ ഭാഗമായി രൂപപ്പെട്ട ഈ മനഃശാസ്ത്രം വെറുപ്പിന്റെയും പ്രതികാരത്തിന്റെയും സാഡിസത്തിന്റെയും ഏറ്റവും ഭീതിതമായ അവസ്ഥകള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ, യാഥാര്‍ഥ്യമിതാണ്: കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ സാമ്പത്തികമായും രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നാക്കം പോയിരിക്കുന്നു. ഇസ്‌ലാമിനോടും മുസ്‌ലിം സമൂഹത്തോടും അസൂയ വെക്കാന്‍ കാരണമായ ഒന്നും അവശേഷിപ്പിക്കാത്ത വിധം അവര്‍ പിന്നോട്ട് പോയിരിക്കുന്നു. എന്നാല്‍ ഇന്നും അവശേഷിക്കുന്ന, മുസ്‌ലിംകളുടെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകങ്ങളും പാരമ്പര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് അരക്ഷിതത്വത്തിന്റെയും അപകര്‍ഷതയുടെയും ബോധം സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ പൈതൃകത്തെ അടിസ്ഥാനമാക്കി ഭൂരിപക്ഷ സമൂഹത്തെയാകെ ഭീതിയിലാഴ്ത്താനുള്ള ശ്രമമാണ് ഹിന്ദുത്വയുടെ വക്താക്കളും സൈദ്ധാന്തികരും വിവിധ ആഖ്യാനങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തെ ഹിന്ദുത്വയുടെ ഏറ്റവും പ്രധാന സവിശേഷതയായി ഈ ഭീതി സൃഷ്ടിക്കല്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
രാഷ്ട്ര മീമാംസകനായ രാജ് ശ്രീ ചന്ദ്ര6 നിലവിലുള്ള വംശീയ അക്രമങ്ങളുടെ പിന്നില്‍ മൂന്ന് പ്രധാന ആശയങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്: അതിലൊന്നാമത്തേത് 'സംഘടിത ആത്മരതി'(Collective Narcissism)യാണ്. അഥവാ, ചരിത്ര പാരമ്പര്യങ്ങളെ ഉയര്‍ത്തിക്കാട്ടി, സ്വന്തം ശ്രേഷ്ഠതയെക്കുറിച്ച മിഥ്യാധാരണകള്‍ കെട്ടിപ്പൊക്കുകയും അതിന്റെ പേരിലുള്ള ഗൃഹാതുരത്വം ഊതിവീര്‍പ്പിക്കുകയും ചെയ്തുകൊണ്ട്, ഭൂതകാല പാരമ്പര്യ സങ്കല്‍പ്പങ്ങളില്‍ പടുത്തുയര്‍ത്തിയ മിഥ്യാഭിമാനബോധമാണത്. രാജ് ശ്രീ ചന്ദ്രയുടെ അഭിപ്രായത്തില്‍, നാര്‍സിസത്തെ അടിസ്ഥാനമാക്കിയുള്ള ഈ 'തുരങ്ക ദര്‍ശന'(tunnel vision)ത്തിന് സാഹചര്യത്തിന്റെയും സംഭവങ്ങളുടെയും ചെറിയൊരു ഭാഗം മാത്രമേ പ്രകടമാക്കാന്‍ സാധിക്കുകയുള്ളൂ. രണ്ടാമതായി, ഇരകളുടെ സംഘടിത ബോധം വളര്‍ത്തിയെടുക്കുക (The Collective Sense of victimhood)എന്നതാണ്. ഈ രാജ്യത്തെ ഭൂരിപക്ഷവും അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷണങ്ങള്‍ക്ക് വിധേയമായവരുമാണെന്ന ധാരണ പരത്തുക എന്നതാണിത്. ഹിന്ദുക്കളുടെ മതപരമായ പുണ്യ സ്ഥലങ്ങള്‍, ഉത്സവങ്ങള്‍, ഘോഷയാത്രകള്‍, അവരുടെ പ്രതാപവും ആത്മാഭിമാനവും പ്രകടമാകുന്ന ചിഹ്നങ്ങളും അടയാളങ്ങളും, അതിന്റെ ചരിത്രവും പൈതൃകവും, ജനസംഖ്യാ ശാസ്ത്രവും താല്‍പ്പര്യങ്ങളും എല്ലാം അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഒരു പിന്നാക്ക ന്യൂനപക്ഷം അവരുടെ 'ഗൂഢാലോചന'കളിലൂടെ വര്‍ഷങ്ങളായി അവരെ അടിച്ചമര്‍ത്തുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു. ഇത്തരമൊരു ധാരണ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഹിന്ദുത്വ ചേരി എന്നും ശ്രമിച്ചിട്ടുണ്ട്. മൂന്നാമതായി, സംഘടിത പ്രതികാര മനോഭാവം (Collective Revenge) വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ്. അതായത്, കൃത്രിമമായുണ്ടാക്കിയ ഈ അടിച്ചമര്‍ത്തല്‍ പ്രക്രിയകള്‍ക്കെതിരെ പ്രതികാരം ചെയ്യല്‍ തങ്ങളുടെ ബാധ്യതയാണെന്ന വികാരം ഉത്തേജിപ്പിക്കാനുള്ള ശ്രമമാണ് ഹിന്ദുത്വ സൈദ്ധാന്തികര്‍ നടത്തുന്നത്. ചരിത്രത്തോട് നാം പകരം ചോദിക്കണം. മുസ്‌ലിം പ്രീണനത്തിന് പകരം വീട്ടണം. ന്യൂനപക്ഷങ്ങള്‍ കൈവശപ്പെടുത്തിയ അനര്‍ഹമായ സൗകര്യങ്ങള്‍ പിടിച്ചെടുക്കണം. അവര്‍ വഹിക്കുന്ന 'മുന്‍ഗണനാ' പദവികള്‍ തട്ടിയെടുക്കണം. നൂറ്റാണ്ടുകളായി അവര്‍ ആസ്വദിച്ച അധികാരം, പദവികള്‍, ആഗോള സ്വാധീനം, സാംസ്‌കാരിക ആകര്‍ഷണം എന്നിവ അവര്‍ക്ക് നിഷേധിക്കപ്പെടണം. ഇതെല്ലാം ഹിന്ദുക്കള്‍ക്ക് ലഭ്യമാകണം... ഇത്തരം വികാരങ്ങള്‍ വളര്‍ത്താനുള്ള ശ്രമങ്ങള്‍ എക്കാലത്തും ഹിന്ദുത്വ സൈദ്ധാന്തികര്‍ നടത്തിയിട്ടുണ്ട്.
എന്നാല്‍, ഇത്തരം നിഷേധാത്മക വികാരങ്ങളുടെ ആയുസ്സ് എക്കാലത്തും വളരെ ചെറിയതാണെന്ന വസ്തുത വിവിധ രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രം നമ്മോട് പറഞ്ഞുതരുന്നുണ്ട്. അതോടൊപ്പം തന്നെ ചരിത്രത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഇത്തരം നിഷേധാത്മക വികാരങ്ങള്‍ അതിന്റെ ഏറ്റവും തീവ്രമായ വൈകാരിക പ്രക്ഷുബ്ധത സൃഷ്ടിക്കേണ്ടതുമുണ്ട്. അത് ചരിത്രപരമായ അനിവാര്യത കൂടിയാണ്. എന്നാല്‍, ഈ വികാരങ്ങള്‍ മതപരമോ പ്രത്യയശാസ്ത്രപരമോ ആയ സുദൃഢമായ സൈദ്ധാന്തിക അടിത്തറകളില്‍ സ്ഥാപിക്കപ്പെട്ടതല്ലെങ്കില്‍ (കുരിശു യുദ്ധക്കാരുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ), അവക്ക് ശാശ്വതമായ തുടര്‍ച്ചയും സ്ഥായിയായ ഭാവിയും ഒരു കാരണവശാലും രൂപപ്പെടുത്തിയെടുക്കാന്‍ കഴിയില്ല.

സന്തുലിതവും കൃത്യവുമായ
നിരീക്ഷണം

ഹിന്ദുത്വയെയും അതുയര്‍ത്തുന്ന അപകടങ്ങളെയും വെല്ലുവിളികളെയും എങ്ങനെ മറികടക്കാം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിന് മുമ്പായി സാഹചര്യത്തെക്കുറിച്ചുള്ള കൃത്യമായ വിശകലനവും നിരീക്ഷണവും (Precise Observation) അനിവാര്യമാണ്. വെല്ലുവിളികള്‍ നിരീക്ഷിക്കുമ്പോഴുള്ള ചെറിയ പിഴവ് പോലും പരിഹാര ശ്രമങ്ങളെ തെറ്റായ പാതയിലേക്ക് നയിക്കും. സാഹചര്യം ശരിയായി മനസ്സിലാക്കുന്നതുവരെ ഉചിതമായ തന്ത്രം രൂപപ്പെടുത്തിയെടുക്കാനും സാധിക്കുകയില്ല. തന്ത്രങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള സാധ്യതയുമുണ്ടാകില്ല. നമുക്കിടയിലെ ബുദ്ധിജീവികള്‍ക്ക് പൊതുവെ എല്ലാ കോണുകളില്‍ നിന്നും സാഹചര്യങ്ങളെ വിശകലനം ചെയ്യാനും പരിഗണിക്കാനും സാധിക്കുന്നില്ലെന്ന് സൂചിപ്പിക്കേണ്ടിവന്നിരിക്കുന്നു. ഭയത്തിന്റെയും നിസ്സഹായതയുടെയും നിരാശയുടെയും മനോഭാവം തുരങ്ക സമാനമായ ഇടുങ്ങിയ  ഗര്‍ത്തത്തിലേക്കാണ് നയിക്കുക. അതുവഴി യഥാര്‍ഥ ദൃശ്യത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമാണ് കാണാന്‍ സാധിക്കുക. അപ്പോള്‍ നമ്മുടെ മുമ്പില്‍ ദൃശ്യപ്പെടുന്ന ചെറിയ ഭാഗത്ത് മാത്രം നമ്മുടെ ചിന്തകളും കര്‍മങ്ങളും കേന്ദ്രീകരിക്കപ്പെടുന്നു. ഭയപ്പെടുത്തുന്ന ഓരോ സംഭവങ്ങളും അതിന്റെ യഥാര്‍ഥ വലുപ്പത്തെക്കാള്‍ എത്രയോ മടങ്ങ് കൂടുതലായി അനുഭവപ്പെടുന്ന സാഹചര്യം ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉണ്ടാകുന്ന ഹൈപ്പ് സൃഷ്ടിക്കുന്നു. അതിനാല്‍, കൂട്ടക്കൊലകളുടെയും അട്ടിമറികളുടെയും പിടിച്ചുപറികളുടെയും ഓരോ സംഭവങ്ങളും വംശഹത്യയുടെ തുടക്കമാണെന്ന തോന്നല്‍ അനുഭവപ്പെടുന്നു. ബുള്‍ഡോസറുകളുടെ അസംബന്ധ രാഷ്ട്രീയം രാജ്യവ്യാപകമായി മുസ്‌ലിം സമൂഹത്തെ വംശീയമായി ഉന്മൂലനം (genocide) ചെയ്യാനുള്ള വിശാലമായ പദ്ധതിയുടെ തുടക്കമാണെന്ന ബോധം വ്യാപകമാകുന്നു. ചെറുതും വലുതുമായ വിഭാഗീയരുടെ ഭീരുത്വം നിറഞ്ഞ ഇത്തരം ക്രൂരതകള്‍, 200 മില്യന്‍ വരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ 'സ്‌പെയിനിന്റെ ചരിത്രം' ആവര്‍ത്തിക്കുന്നതിന്റെ ഭാഗമാണെന്ന ഭീഷണി അവരെ വേട്ടയാടുന്നു.
നിലനില്‍ക്കുന്ന ഭയവും തീവ്രമായ വികാരവിക്ഷുബ്ധതകളും സംഘടിത ഭ്രാന്തും (Collective Paranoia) നമ്മുടെ മനോവീര്യം കുറക്കുകയും മുന്നോട്ട് പോകാനും വികസിക്കാനുമുള്ള ആഗ്രഹങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം എന്നീ രംഗങ്ങളില്‍ വികസിക്കുകയും മുന്നേറുകയും, ധാര്‍മികവും സാമൂഹികവുമായ കരുത്ത് നേടുകയും ചെയ്യുക വഴി ദൗര്‍ബല്യവും പരാധീനതയും (Vulnerability) അതിജീവിക്കുക എന്നതാണ്  ഉമ്മത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും പ്രധാന ആവശ്യം. എന്നാല്‍, അരക്ഷിതാവസ്ഥയുടെ വികാരം എല്ലാ രംഗങ്ങളിലും നില്‍നില്‍ക്കുന്നതിനാല്‍ ഇത് സംഭവിക്കുന്നില്ല. അതിനുള്ള സാഹചര്യം ഉണ്ടാകുന്നുമില്ല. ജീവന്‍ ഗുരുതരമായ അപകടത്തിലാണ് എന്ന ബോധം മനുഷ്യേന്ദ്രിയങ്ങളെ സ്വാഭാവികമായും അവന്റെ സുരക്ഷയില്‍ പൂര്‍ണമായും കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുക. മറ്റെല്ലാ ആശങ്കകളും ഉപേക്ഷിക്കുകയും അവയെല്ലാം അസ്ഥാനത്താണെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുന്നു. അതിനാല്‍തന്നെ സാഹചര്യങ്ങളെ യഥാര്‍ഥ രീതിയില്‍ നിരീക്ഷിക്കുകയും സമീപിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്. യഥാര്‍ഥത്തില്‍ ഒന്നിനെ എപ്രകാരമാണോ സമീപിക്കേണ്ടത് അപ്രകാരം ഏറ്റക്കുറച്ചിലുകളില്ലാതെ സമീപിക്കാന്‍ നമുക്ക് സാധിക്കണം. 

എല്ലാ ഹിന്ദുത്വരും ഒരുപോലെയല്ല

ഹിന്ദുത്വ പ്രസ്ഥാനം സൃഷ്ടിച്ച വികാരങ്ങള്‍ പലരെയും പലവിധത്തിലും ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. അവരില്‍ യാഥാസ്ഥിതിക മതവിശ്വാസികളും മതചിഹ്നങ്ങളോട് ആഴത്തിലുള്ള വൈകാരിക അടുപ്പമുള്ളവരും മതപരമായ ആഢ്യത മുതലെടുത്ത് കൂടെക്കൂടിയവരുമുണ്ട്. ചില പ്രത്യേക ജാതികളുടെ മേല്‍ക്കോയ്മയും പരമ്പരാഗത ജാതി വ്യവസ്ഥയുടെ പുനരുജ്ജീവനവും സ്വപ്‌നം കാണുന്ന വര്‍ഗീയവാദികളും അതില്‍ ആകൃഷ്ടരാണ്. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ആശയങ്ങളാലും അവരുടെ ദേശീയ കാഴ്ചപ്പാടുകളാലും സ്വാധീനിക്കപ്പെട്ട തീവ്ര ദേശീയവാദികളുമുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ശൈലികള്‍ക്ക് മൂര്‍ച്ച പോരെന്നും, അതിനാല്‍ തന്നെ അവയോട് അതൃപ്തിയുള്ളവരും കൂടുതല്‍ ആക്രമണോത്സുകവും കര്‍ക്കശവുമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്ന അതിതീവ്രവാദികളും ഇവരുടെ കൂട്ടത്തിലുണ്ട്. മുസ്‌ലിംകളുടെയോ മറ്റു ന്യൂനപക്ഷങ്ങളുടെയോ സ്ഥാനത്തെക്കാള്‍ തങ്ങളുടെയും തങ്ങളുടെ സമുദായങ്ങളുടെയും സാമ്പത്തിക, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം കുറവാണെന്ന് കരുതുന്ന നിക്ഷിപ്ത താല്‍പര്യക്കാരും അവരുടെ കൂട്ടത്തിലുണ്ട്.
ക്രിസ്തുമതം, ഇസ്‌ലാം, യഹൂദമതം എന്നിവയുടെ പൊതുവായ മതസങ്കല്‍പ്പങ്ങളിലും ഈ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രസ്ഥാനങ്ങളിലും ആകൃഷ്ടരായ, വിദേശത്ത് താമസിക്കുന്ന ഹിന്ദുത്വ ആശയക്കാര്‍ സമാനമായ സ്വഭാവത്തില്‍ ഹിന്ദുമതത്തിന്റെ സംഘടിത രൂപവും മിഷനറി സംവിധാനവും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. കൂടാതെ ചെറുതും വലുതുമായ ധാരാളം ക്രിമിനല്‍ സംഘങ്ങള്‍ ഹിന്ദുത്വ ആശയത്തില്‍ അഭയം പ്രാപിച്ചവരായിട്ടുണ്ട്. ഇന്ത്യ ആഗോളതലത്തില്‍ പുരോഗമിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്ന താരതമ്യേന മിതവാദികളായ നിരവധി ദേശീയവാദികളും ഹിന്ദുത്വയില്‍ ആകൃഷ്ടരാണ്. പഴയ മതേതര പാര്‍ട്ടികളുടെ പാരമ്പര്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അഴിമതി നിറഞ്ഞ സാമ്പത്തിക ഇടപാടുകളും രാജ്യപുരോഗതിക്ക് തടസ്സമായി കാണുന്നവരാണവര്‍. ചുരുക്കത്തില്‍, ഹിന്ദുത്വ ആശയങ്ങളുടെ സംഘടിത രൂപഘടനയില്‍ ഇത്തരത്തിലുള്ള വിവിധ തട്ടുകളിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വൈവിധ്യമാര്‍ന്ന ഘടകങ്ങള്‍ സംയോജിപ്പിച്ച് അവയെ ഒരൊറ്റ സംഘടിത പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നത് നിസ്സംശയം അവരുടെ സംഘടനാ സ്ട്രാറ്റജിയുടെ വിജയവും പൂര്‍ണതയുമാണ് വിളിച്ചോതുന്നത്. എന്നാല്‍, ഇത്തരം പലജാതി വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മുന്നണിക്ക് സ്ഥായിയായി നിലനില്‍ക്കാന്‍ സാധിക്കുകയില്ല. അധികം താമസിയാതെ അതിന്റെ തെറ്റ് രേഖ (Fault Line)കൂടുതല്‍ പ്രകടമാവുകയും കുഴപ്പങ്ങള്‍ തലപൊക്കി തുടങ്ങുകയും ചെയ്യും. എന്നാല്‍ പുറമെനിന്നു നോക്കുന്ന ഒരാള്‍ക്ക് തികച്ചും സമാന ചിന്താഗതിക്കാരായ, യോജിപ്പുള്ള, വളരെ സംഘടിതമായ ഒരു വിഭാഗമാണ് ഇവര്‍ എന്ന് തോന്നിയേക്കാം. എന്നാല്‍, അടുത്തറിയുമ്പോള്‍ അവര്‍ക്കിടയിലെ ഭിന്നതകളും കലഹങ്ങളും പ്രകടമാകും.
ഹിന്ദുത്വയില്‍ ആകൃഷ്ടരായ വിവിധ തരത്തിലുള്ള ആളുകളുടെ താല്‍പര്യങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും വളരെയധികം വൈവിധ്യങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം. അവരുടെ നിഷേധാത്മക വികാരങ്ങളുടെ തീവ്രതയുടെ കാര്യത്തിലും വൈവിധ്യങ്ങളേറെയാണ്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതയുമാണ്. മുസ്‌ലിംകളോട് കടുത്ത വിദ്വേഷമുള്ള മതഭ്രാന്തന്മാരും മിതവാദികളും അവര്‍ക്കിടയിലുണ്ട്. നിലനില്‍ക്കുന്ന സാഹചര്യം കൃത്യമായി വിലയിരുത്താനും മനസ്സിലാക്കാനും ശ്രമിക്കുമ്പോള്‍ മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ കൂടി മനസ്സില്‍ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ യാഥാര്‍ഥ്യം കണക്കിലെടുക്കാതെയാണ് കാര്യങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍, നമ്മുടെ വിശകലനങ്ങളും കണക്കുകൂട്ടലുകളും തെറ്റാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണ്. യാഥാര്‍ഥ്യബോധമില്ലാത്ത വിശകലനങ്ങളാകട്ടെ തെറ്റായതും പല വിധ ദോഷങ്ങള്‍ ഉണ്ടാകാനിടയുള്ളതുമായ നടപടികളുടെ ഉറവിടമായി മാറുകയും ചെയ്യും. 
(തുടരും)

References:
1.    Deen Dayal Upadhyay, Ed. VR Pandit (2002) - Integral Humanism, Deendayal Research Institute, Delhi.
2.    M.S. Golwalkar (1939)- We or Our Nationhood Defined, Bharat Publications, Nagpur, Chapter 2.
3.     Seshadri Chari- Decoding Hindu Rashtra in India Today, Nov 8, 2019.
4.    Aakar Patel (2020)- Our Hindu Rashtra; Westland; NOIDA; see the INTRODUCTION.
5.    Ajay Gudavarthy- Are Muslims Targets of Envy or Phobia? In https: //www.newsclick.in/Muslims-Targets-Envy-Phobia; retrieved on 18-05-2022.
6.    https: //thewire.in/politics/narcissism-victimhood-and-revenge-the-three-sounds-of-neo-nationalism
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്