Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 26

3265

1444 മുഹര്‍റം 28

ലിംഗ സമത്വമല്ല; വേണ്ടത്  അവസര സമത്വം

റഹ്മാന്‍ മധുരക്കുഴി

ഏറെ വിവാദമായി മാറിയിരിക്കുന്ന സമത്വവാദം (ജെന്‍ഡര്‍ ഇക്വാലിറ്റി) ജന്തുശാസ്ത്രമോ നരവംശ ശാസ്ത്രമോ അംഗീകരിക്കുന്നില്ല. ശാസ്ത്രീയമായി തന്നെ കേവല യുക്തിക്കും അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും നിരക്കുന്നതല്ല ലിംഗ സമത്വം എന്ന ആശയം. 'ലിംഗ സമത്വത്തിന്റെ (ജെന്‍ഡര്‍ ന്യൂട്രാലിറ്റി) പേരില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ തരത്തിലുള്ള വസ്ത്രമാക്കിയാല്‍ അത് അവരില്‍ ആണ്‍-പെണ്‍ സ്വത്വ വികല്‍പം (ഐഡന്റിറ്റി ക്രൈസിസ്) സൃഷ്ടിക്കുകയും വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യു'മെന്ന് പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോ. ജെ.ജെ പള്ളത്ത് പറയുന്നു. ലിംഗ സമത്വം എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്നും യഥാര്‍ഥത്തില്‍ സ്ത്രീക്കും പുരുഷനും അവസര സമത്വമാണ് വേണ്ടതെന്നുമാണ് പള്ളത്ത് പറയുന്നത്. പരസ്പര തുല്യതയല്ല; പരസ്പര പൂരകത്വമാണ് വേണ്ടത്.
സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍ അവഗണിച്ച് സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും പുരുഷ തുല്യരാവണമെന്നും തിരിച്ചും പറയുന്നത് പ്രകൃതി തത്ത്വങ്ങള്‍ക്ക് യോജിച്ചതല്ല. തുല്യത വേണ്ടത് സാമ്പത്തിക മേഖലയിലും അധ്വാനത്തിനുള്ള വേതനത്തിലും, സാമൂഹിക പദവിയിലും രാഷ്ട്രീയ-മത-കലാ-സാഹിത്യ മേഖലകളിലും മറ്റുമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമല്ല, സ്വത്വം നിലനിര്‍ത്തുന്ന യൂനിഫോമുകളാണാവശ്യം. ആണും പെണ്ണും തമ്മിലുള്ള വൈവിധ്യ ബോധം പെണ്ണിനെ ആണിന്റെ വസ്ത്രം ധരിപ്പിച്ചാല്‍ മാറുന്നതല്ല.
'സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാക്കല്‍ ക്ഷിപ്രസാധ്യമെന്ന് കരുതുന്നത് വ്യാമോഹമാണെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്റണ്‍ നമിലോവ് പറയുന്നത്: 'സമത്വത്തിന് പകരം നീതിയാണ് പ്രായോഗികമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പ്രായോഗിക തലത്തില്‍ സ്ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാക്കുക ലളിതമായ കാര്യമാണെന്ന് കരുതുന്നത് വെറും വ്യാമോഹം മാത്രമാണ്' (ദ ബയോളജിക്കല്‍ ട്രാജഡി ഓഫ് വുമണ്‍, ലണ്ടന്‍ 1932).
സ്ത്രീ-പുരുഷ സമത്വവാദം പ്രായോഗിക തലത്തില്‍ സ്ത്രീവിരുദ്ധമാണെന്നതാണ് യാഥാര്‍ഥ്യം. സ്ത്രീയും പുരുഷനും തമ്മിലുള്ള ജൈവികമായ അന്തരം നിലനില്‍ക്കുമ്പോള്‍ സ്ത്രീകളുടെ സ്വന്തമായ ഇടങ്ങള്‍ ഇല്ലാതാക്കുകയും പുരുഷന് മേധാവിത്വം ലഭിക്കുന്ന ജെന്‍ഡര്‍ ന്യൂട്രല്‍ ഇടങ്ങളിലേക്ക് കടന്നു ചെല്ലാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് അവര്‍ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. ഇതിന് സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.
സമത്വവാദത്തിന്റെ ഭാഗമെന്നോണം വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം അടിച്ചേല്‍പിക്കുകയില്ലെന്ന പൊതു വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന, സമത്വവാദത്തിന്റെ അപ്രായോഗികതയെക്കുറിച്ച യാഥാര്‍ഥ്യബോധം വ്യക്തമായതിനാലോ, പൊതുസമൂഹത്തില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്ന ഭയത്താലോ എന്തുമാവട്ടെ സ്വാഗതാര്‍ഹമെന്ന് പറയേണ്ടിയിരിക്കുന്നു. 

 


പാഠ്യപദ്ധതി പരിഷ്‌കരണവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും

അബ്ദുല്ല വാവൂര്‍

സ്‌കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളെ മുന്നിലുള്ള കസേരകളില്‍ ഇരുത്തി ഹെഡ്മാസ്റ്റര്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി:
''മോന്റെ പേരെന്താ?
ജീവന്‍
കൊള്ളാം, നല്ല പേര്
അഛന്റെ പേര്?
അന്‍വര്‍ റഷീദ്
അമ്മയുടെ പേരോ?
ലക്ഷ്മി ദേവി
ഹെഡ്മാസ്റ്റര്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി ചോദിച്ചു:
കുട്ടിയുടെ മതമേതാ ചേര്‍ക്കേണ്ടത്?
ഒന്നും ചേര്‍ക്കേണ്ട, മതമില്ലെന്ന് ചേര്‍ത്തോളൂ.
ജാതിയോ? അതും വേണ്ട.
ഹെഡ്മാസ്റ്റര്‍ കസേരയിലേക്ക് ചാരിയിരുന്ന് അല്‍പ്പം ഗൗരവത്തോടെ ചോദിച്ചു:
വലുതാകുമ്പോള്‍ ഇവന് ഏതെങ്കിലും മതം വേണമെന്ന് തോന്നിയാലോ?
അങ്ങനെ വേണമെന്ന് തോന്നുമ്പോള്‍ അവന് ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കട്ടെ.''
2007-ല്‍ എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് കൊണ്ടുവന്ന പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഏഴാം തരം സാമൂഹിക ശാസ്ത്രത്തിലെ 'മതമില്ലാത്ത ജീവന്‍' എന്ന അധ്യായത്തിലെ ഭാഗമാണിത്. പിഞ്ചു ബാല്യങ്ങളെ മത നിരാസത്തിലേക്കും നിരീശ്വര വാദത്തിലേക്കും നയിക്കുന്നതാണ് ഈ പാഠഭാഗങ്ങള്‍. ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ ആ പാഠഭാഗം പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നു.
ഇപ്പോള്‍ കേരളം മറ്റൊരു പാഠ്യപദ്ധതി പരിഷ്‌കരണ ഘട്ടത്തിലാണ്. പരിഷ്‌കരണത്തിന് മുന്നോടിയായി പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരിക്കയാണ്. സാധാരണ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് വന്നതിന് ശേഷമാണ് സംസ്ഥാനത്ത് ചട്ടക്കൂട് രൂപവത്കരിക്കല്‍. പക്ഷേ, ഇവിടെ മറിച്ചാണ് കാര്യങ്ങള്‍. ചട്ടക്കൂട് തയാറാക്കുന്നതിനായി പുറത്തിറക്കിയ സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പില്‍, 'ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം' എന്ന ശീര്‍ഷകത്തിലുള്ള പതിനാറാം അധ്യായത്തില്‍ വീണ്ടും വിവാദ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. സാര്‍വത്രികമായ വിദ്യാഭ്യാസത്തില്‍ പരമ പ്രധാനമാണ് സാമൂഹിക നീതിയും അക്കാദമിക മികവും. ഏതൊരു വിദ്യാഭ്യാസത്തിന്റെയും ലക്ഷ്യം അതിലുള്‍പ്പെടുന്ന എല്ലാവരെയും മികവിലെത്തിക്കുക എന്നതാവണം. വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏതു തരത്തിലുള്ള വേര്‍തിരിവുകളും ഈ ലക്ഷ്യത്തിന് വിഘാതമാവും. പ്രത്യേകിച്ച്, ലിംഗപരമായ വിവേചനങ്ങള്‍. ഇന്നലെകളില്‍ ആണ്‍-പെണ്‍ എന്ന വിഭാഗങ്ങളെ പരിഗണിച്ചാണ് ലിംഗ സമത്വത്തെ കുറിച്ച് പറഞ്ഞതെങ്കില്‍ മറ്റു വിഭാഗങ്ങളെയും (LGBTQ) പരിഗണിച്ചാവണം ഇനിയുള്ള വിദ്യാഭ്യാസമെന്ന് അധ്യായത്തിന്റെ തുടക്കത്തില്‍ പറയുന്നു (പേജ് 71).
ഇങ്ങനെ ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ കുറിപ്പ് മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാമത്തേത്, ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തിലെത്തിച്ച് ക്ലാസ്സ്മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സമത്വത്തോടെ പ്രവര്‍ത്തിക്കാന്‍ എന്തെല്ലാം ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണ്. മറ്റൊന്ന്, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം രൂപപ്പെടുത്താന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയും എന്നാണ്. ഈ ചര്‍ച്ചാ കുറിപ്പില്‍ നിന്ന് ഉരുത്തിരിയുന്ന രണ്ട് കാര്യങ്ങള്‍ വളരെ സ്പഷ്ടമാണ്: ഒന്ന്, സ്‌കൂളുകളില്‍ ആണ്‍-പെണ്‍ വേര്‍തിരിവില്ലാതെ കുട്ടികളെ ഇടകലര്‍ത്തി  ഇരുത്തണം. രണ്ട്, ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം എന്നതിന്റെ ഊന്നല്‍ കുട്ടികളുടെ വസ്ത്രധാരണത്തിലെ സമത്വത്തിലാണ്. കഴിഞ്ഞ വര്‍ഷാവസാനം ബാലുശ്ശേരി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ്സ് കോഡ് കൊണ്ടുവന്നു പരീക്ഷണം നടത്തിയിട്ടുണ്ട്. ആ യൂനിഫോം നടപ്പാക്കിയതില്‍ സര്‍ക്കാറിന് പങ്കില്ലെന്നാണ് അന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. എന്നാല്‍, പാഠ്യപദ്ധതി ചട്ടക്കൂടിനുള്ള ചര്‍ച്ചാ കുറിപ്പില്‍ വന്ന നിര്‍ദേശത്തെ പറ്റി മന്ത്രി പറഞ്ഞത്, പി.ടി.എയും സ്‌കൂള്‍ അധികൃതരും തീരുമാനമെടുത്താല്‍ സര്‍ക്കാര്‍ അത് പരിശോധിച്ചു നിര്‍ദേശം നല്‍കുമെന്നും ക്ലാസ്സ്മുറിയില്‍ കുട്ടികള്‍ ഇടകലര്‍ന്നിരിക്കുന്നതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല എന്നുമാണ് (ദ ഹിന്ദു 4-8-22).
സംസ്ഥാനത്ത് 138 സര്‍ക്കാര്‍ സ്‌കൂളുകളും 243 എയ്ഡഡ് വിദ്യാലയങ്ങളും ആണ്‍-പെണ്‍ വേര്‍തിരിവുള്ള വിദ്യാലയങ്ങളായുണ്ടെന്നും പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം അതില്‍ 21 എണ്ണം മിശ്ര വിദ്യാലയങ്ങളായി എന്നും വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. എസ്.എഫ്.ഐ കാമ്പസുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തിനായി മുറവിളി കൂട്ടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതൊക്കെ ചേര്‍ത്തുവായിക്കുമ്പോള്‍, സദാചാര നിഷ്ഠയില്ലാത്ത ഒരു സമൂഹ സൃഷ്ടിക്കുതകുമാറുള്ള ഉള്‍ച്ചേര്‍ക്കലുകള്‍ വരാനിരിക്കുന്ന പാഠ്യപദ്ധതിയില്‍ പ്രതീക്ഷിക്കാം.
2007-ലെ കേരള പാഠ്യപദ്ധതി ചട്ടക്കൂടില്‍ വിദ്യാഭ്യാസത്തിലെ ലിംഗപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി പാഠ്യപദ്ധതി രൂപവത്കരണത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ പറയുന്നുണ്ട് (കേരള പാഠ്യപദ്ധതി ചട്ടക്കൂട് -2007, പേജ് 99). സ്ത്രീധനം, സ്ത്രീ വിവേചനം, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ അതിന് സാധ്യത കൂടുതലുള്ള വിഷയങ്ങളില്‍-സാമൂഹിക ശാസ്ത്രം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍- ഉള്‍ക്കൊള്ളിക്കണം. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍, നിയമപരിരക്ഷ തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാകണം. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വനിതകള്‍, സാധാരണ സ്ത്രീകള്‍ എന്നിവരുടെ പ്രവര്‍ത്തന മേഖല പരിചയപ്പെടാന്‍ അവസരമൊരുക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തൊഴില്‍ പരിശീലനം നിര്‍ബന്ധമാക്കണം. സ്‌കൂള്‍ തലത്തില്‍ കൗണ്‍സലിംഗിന് അവസരം വേണം. ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം എവിടെ നില്‍ക്കുന്നു എന്ന് വിമര്‍ശനാത്മകമായി ചര്‍ച്ച ചെയ്യാതെ ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനത്തിന്റെ പിറകെ പോകുന്നതിന് എന്തര്‍ഥമാണുള്ളത്?
വിദ്യാഭ്യാസ കാര്യത്തില്‍ ആണ്‍-പെണ്‍ വിവേചനം വര്‍ഷങ്ങള്‍ക്ക് മുമ്പേ അവസാനിപ്പിച്ച സംസ്ഥാനമാണ് കേരളം. ഒന്നാം തരത്തില്‍ പ്രവേശനം നേടുന്ന കുട്ടികള്‍ സെക്കന്ററി ഘട്ടം അവസാനം വരെ കൊഴിഞ്ഞുപോക്കില്ലാതെ തുടരുന്നുണ്ട്. ഹയര്‍ സെക്കന്ററി തലത്തിലും യൂനിവേഴ്‌സിറ്റി തലത്തിലും ഈ തുടര്‍ച്ച നിലനിര്‍ത്തുന്നുണ്ട് .അക്കാദമിക മികവില്‍ പെണ്‍കുട്ടികള്‍ എത്രയോ മുന്നിലാണ്; ഇന്ത്യയില്‍ ഇക്കാര്യത്തില്‍ കേരളം ഒന്നാമതാണ്. ക്ലാസ്സ്മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ഒരുക്കുന്നതിലും അവിടെ സംഘചര്‍ച്ചയും സഹവര്‍ത്തിത പഠനവും ഒക്കെ നടക്കുമ്പോഴും ആണ്‍-പെണ്‍ വേര്‍തിരിവ് ഉള്ളതായി അറിയില്ല. സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.സി.സി, എന്‍.എസ്.എസ്, ലിറ്റില്‍ കൈറ്റ്‌സ്, റെഡ് ക്രോസ് തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൊക്കെ പലയിടത്തും പെണ്‍കുട്ടികള്‍ തന്നെയാണ് നേതൃത്വം. എന്നിട്ടും പുരോഗമനക്കാരാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ പറയുന്നു, വിദ്യാഭ്യാസത്തില്‍ ആണ്‍-പെണ്‍ വ്യത്യാസം ഇവിടെ നിലനില്‍ക്കുന്നുവെന്ന്. കേരളത്തിന് പുറത്ത് ജാതീയമായ വേര്‍തിരിവിന്റെ ഭാഗമായി ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ സ്‌കൂളിന് പുറത്തുണ്ട്. സ്വാതന്ത്ര്യ പൂര്‍വഘട്ടത്തില്‍ തന്നെ സ്ത്രീവിദ്യാഭ്യാസത്തില്‍ മാതൃക തീര്‍ത്ത കേരളത്തില്‍നിന്ന് കാര്യങ്ങള്‍ പകര്‍ത്തുകയാണ് പല സംസ്ഥാനങ്ങളും.
മതനിരാസവും നാസ്തികതയും പിഞ്ചു മനസ്സുകളില്‍ സന്നിവേശിപ്പിക്കാനായിരുന്നു 2007-ല്‍ പാഠ്യപദ്ധതിയിലെ 'മതമില്ലാത്ത ജീവനി'ലൂടെ ശ്രമിച്ചത്. ആണ്‍ വേഷം ധരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വഴിയൊരുക്കുന്നതിലൂടെയും ക്ലാസ്സ്മുറികളില്‍ കുട്ടികള്‍ ഇടകലര്‍ന്നിരിക്കണമെന്ന് നിര്‍ദേശിക്കുന്നതിലൂടെയും തലമുറയെ അധാര്‍മികതയിലേക്ക്  നയിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ചാല്‍, അവര്‍ ജീവിക്കുന്നത് പ്രാകൃത കാലത്താണെന്ന് മുദ്രകുത്താന്‍ എളുപ്പമാണല്ലോ. 
(കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും എസ്.എസ്.എ മുന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസറുമാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ-5-7
ടി.കെ ഉബൈദ്‌

ഹദീസ്‌

എതിര്‍ ലിംഗാനുകരണം ശപിക്കപ്പെട്ടതാണ്
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്