Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

കുറ്റകൃത്യങ്ങളുടെ  വാര്‍ത്താ പ്രളയം സൃഷ്ടിച്ച് കേരളം

എ.പി ശംസീര്‍

കുറിപ്പ് /

കേരളത്തെക്കുറിച്ച് പൊതുവിലും മലയാളി മുസ്‌ലിമിനെക്കുറിച്ച് സവിശേഷമായും പറയുന്ന പോരിശകളേറെയുണ്ട്. വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, മനുഷ്യവിഭവശേഷി, സാമൂഹിക കെട്ടുറപ്പ് തുടങ്ങിയ കാര്യങ്ങളില്‍ കേരളം കൈവരിച്ച പുരോഗതിയും ആര്‍ജിച്ചെടുത്ത നേട്ടങ്ങളും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് തുല്യതയില്ലാത്തതും താരതമ്യമര്‍ഹിക്കാത്തതുമാണ്. വിദ്യാഭ്യാസവും സാക്ഷരതയും ഒരു സമൂഹത്തിന്റെ പുരോഗമനാത്മകമായ കുതിപ്പിനും സാമൂഹിക സഹവര്‍ത്തിത്വത്തിനും സാമ്പത്തിക വളര്‍ച്ചക്കും ഗതിവേഗം കൈവരുത്തുമെന്നതിന് കേരളം എന്നും മികച്ച ഉദാഹരണം തന്നെയാണ്. മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയില്‍ മേല്‍പറഞ്ഞ ഘടകങ്ങള്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നുള്ളതും അനിഷേധ്യം.
പക്ഷേ, ഏറെ കാലങ്ങളായി മീഡിയയില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ വാര്‍ത്താ പ്രളയം കേരളത്തെ ബഹുദൂരം പിറകോട്ട് വലിക്കുന്നുണ്ട്. നാം കൃത്രിമമായി നിര്‍മിച്ചെടുത്ത പ്രബുദ്ധതയുടെയും സാംസ്‌കാരിക പുരോഗതിയുടെയും മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്.
കേരളത്തെക്കുറിച്ച് നാം നിര്‍മിച്ചെടുത്തതെല്ലാം അതിശയോക്തി കലര്‍ന്ന കേവലം അവകാശവാദങ്ങളായിരുന്നുവെന്നതിന് ദൈനം ദിന കുറ്റകൃത്യങ്ങളുടെ കുതിച്ചുയരുന്ന ഗ്രാഫ് സാക്ഷി.
കഴിഞ്ഞ കുറെ മാസങ്ങളായി മലയാള മാധ്യമങ്ങളുടെ പ്രധാനപ്പെട്ട തലക്കെട്ടുകളും വാര്‍ത്തകളും കൊലപാതകം, സ്ത്രീ പീഡനം, ലഹരി ഉപയോഗം, സാമ്പത്തിക തട്ടിപ്പുകള്‍, സ്വര്‍ണ കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളെയും അവയുടെ പിന്നിലെ ഉദ്വേഗഭരിതമായ കഥകളെയും കുറിച്ചുള്ളതായിരുന്നു.
കേരളത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും സാംസ്‌കാരിക നായകനും കവിയും, സര്‍വോപരി പുരോഗമന -സ്ത്രീപക്ഷ എഴുത്തുകാരനുമായിരുന്ന ഒരാള്‍ക്കെതിരെ പല കോണുകളില്‍ നിന്നായി ഉന്നയിക്കപ്പെട്ട ഗുരുതരമായ സ്ത്രീപീഡന ആരോപണങ്ങള്‍ കേരളം വേണ്ടത്ര ഗൗരവത്തില്‍ ചര്‍ച്ചക്കെടുത്തില്ല. രക്ഷക വേഷമണിഞ്ഞ വലിയൊരു വിഭാഗം സാംസ്‌കാരിക സിംഹങ്ങളും വേട്ടക്കാരായിരുന്നുവെന്ന കയ്‌പേറിയ സത്യം  ഇരകള്‍ക്ക് മാത്രമല്ല ഇത്തരക്കാരെ വിശ്വാസത്തിലെടുക്കുന്ന ലിബറല്‍ ജനാധിപത്യവാദികള്‍ക്കും ഉണ്ടാക്കുന്ന ആഘാതം ആഴമേറിയതാണ്. നടിയെ ആക്രമിച്ച കേസ് മുതല്‍ മേല്‍ സൂചിപ്പിച്ച സംഭവമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ ഇരകളായ സ്ത്രീകള്‍ക്ക് നീതി അകലെയാണെന്നത് കേരളീയ സമൂഹത്തിന്റെ അരക്ഷിത ബോധം വര്‍ധിപ്പിക്കുന്നുണ്ട്. പ്രിവിലേജ്ഡായ വിഭാഗം മുതല്‍ സമൂഹത്തിന്റെ വിവിധ തുറകളിലും തട്ടുകളിലും സ്ത്രീ പീഡന വാര്‍ത്തകള്‍ തുടര്‍ക്കഥകളാകുന്നതില്‍ നീതിയും നിയമവും മൂകസാക്ഷിയാകുന്നത് ഒരു ഹേതുവായിട്ടുണ്ട്.
കേരളത്തെ പിടിമുറുക്കിയിരിക്കുന്ന കുറ്റകൃത്യങ്ങളില്‍ നിലവില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നത് ലഹരിയാണ്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ ഒരു ജനതയെ മദ്യത്തില്‍ കുളിപ്പിച്ചു കിടത്തുന്ന മദ്യനയവുമായി മുന്നോട്ട് പോകുമ്പോള്‍ മറുഭാഗത്ത് നിരോധിത ലഹരി വസ്തുക്കളുടെ ഇറക്കുമതിയും ഉപഭോഗവും അതോടനുബന്ധിച്ച കുറ്റകൃത്യങ്ങളും സര്‍വകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. ഇതെഴുതുന്ന നേരത്ത് മാത്രം കേരളത്തിലെ ഒരു ബ്ലോഗര്‍, പരസ്യമായി കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് കൗമാരക്കാരിയായ ഒരു പെണ്‍കുട്ടിക്ക് 'ക്ലാസ്സെ'ടുത്തതിന് പോലീസ് അറസ്റ്റിലായ വാര്‍ത്തയും, കണ്ണൂര്‍ ജില്ലയിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് കഞ്ചാവ് നല്‍കി മയക്കിക്കിടത്തി ലൈംഗികമായി പീഡിപ്പിച്ച സ്വന്തം സഹപാഠിയായ ആണ്‍ സുഹൃത്തിനെക്കുറിച്ച വാര്‍ത്തയും മുന്നിലുണ്ട്. അപകടകരമായ ലഹരിവസ്തുക്കളുടെ വിപണനവും ഉപയോഗവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഒരു ദിവസം മാത്രം നൂറുകണക്കിന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇത്തരം ലഹരി മാഫിയകളുടെ വലയിലകപ്പെടുന്നവരില്‍ വലിയൊരു വിഭാഗം പ്രായപൂര്‍ത്തിയെത്തിയിട്ടില്ലാത്ത പെണ്‍കുട്ടികളാണെന്നത് കേരളം അകപ്പെട്ട ദുരന്തത്തിന്റെ ആഴവും ആഘാതവും വര്‍ധിപ്പിക്കുന്നു!
പലതരം സാമ്പത്തിക തട്ടിപ്പുകള്‍ക്ക് കേരളം പല കുറി സാക്ഷിയായിട്ടുണ്ട്. ഒരു കാലത്ത് മണിചെയിന്‍ തട്ടിപ്പുകാരുടെ പറുദീസയായിരുന്നു കേരളം. പെട്ടെന്ന് പണമിരട്ടിപ്പിക്കാനും അതു വഴി സമ്പന്നനാകാനുമുള്ള മലയാളിയുടെ അത്യാര്‍ത്തി അവനെ പലവുരു ദുരന്തങ്ങളുടെ വന്‍ ചുഴിയിലകപ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ അത്തരം മണി ചെയ്ന്‍ തട്ടിപ്പുകള്‍ക്കെതിരെ കേരളത്തിലെ പ്രബുദ്ധരായ യുവജന സംഘടനകള്‍ ബോധവത്കരണം നടത്തുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കേവലം ഇരുപത്തിരണ്ട് വയസ്സ് പ്രായമുള്ള പയ്യന്‍, ഇരട്ടി ലാഭം നല്‍കാമെന്ന വ്യാജേന  ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും പറ്റിച്ച് നൂറു കോടി രൂപയുമായാണ് കടന്നുകളഞ്ഞത്. പണത്തോടുള്ള ആര്‍ത്തി മൂത്ത് മലയാളി എത്ര പെട്ടെന്നാണ് അവന്റെ ഭൂതകാലാനുഭവങ്ങള്‍ മറന്നതെന്ന് നോക്കൂ!
ഏറ്റവുമൊടുവില്‍ കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ചത് സ്വര്‍ണക്കടത്ത് മാഫിയാ സംഘങ്ങള്‍ നടത്തുന്ന നിഷ്ഠുരമായ കൊലപാതകങ്ങളാണ്. പേരാമ്പ്ര സ്വദേശി ഇര്‍ഷാദിന്റെ ദാരുണമായ മരണം സ്വര്‍ണക്കടത്ത് മാഫിയാ സംഘങ്ങളുടെ കൈകളാലാണെന്ന് പോലീസ് പറയുന്നു. നേരത്തെയും സ്വര്‍ണക്കടത്ത് മാഫിയാ സംഘങ്ങളുടെ മര്‍ദനത്തിനിരയായി ചിലര്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് സ്വപ്‌നം കണ്ട് ഹതാശയരായ, നിസ്സഹായരായ ചെറുപ്പമാണ് പണത്തോടുള്ള മോഹം കൊണ്ട് ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നത്. അവരുടെ നിസ്സഹായത മുതലാക്കുന്ന വന്‍കിട സ്രാവുകള്‍ പലപ്പോഴും നിയമത്തിന്റെ മുന്നില്‍ സുരക്ഷിതരുമാണ്.
കേരളീയ സമൂഹം പൊതുവായും മുസ്‌ലിം സംഘടനകള്‍ സവിശേഷമായും അതീവ ശ്രദ്ധ പതിപ്പിക്കേണ്ട ഗുരുതരമായ സാമൂഹികാന്തരീക്ഷമാണ് മുന്നിലുള്ളത്. ഭരണകൂടം ഇത്തരം കുറ്റകൃത്യങ്ങളെ അമര്‍ച്ച ചെയ്യാന്‍ കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും ഇരയോടൊപ്പം നില്‍ക്കുന്നു എന്ന് മൊഴിഞ്ഞ് വേട്ടക്കാരന്റെ തോളില്‍ കയ്യിട്ട് നടക്കുന്ന കാഴ്ചയാണ് കാണാറുള്ളത്. 'കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകില്‍ സുലഭം' എന്ന് കുഞ്ചന്‍ നമ്പ്യാര്‍ പാടിയിട്ട് കാലം കുറെയായെങ്കിലും അതിന്റെ പലവിധ വേര്‍ഷനുകള്‍ പൂര്‍വാധികം ശക്തിയോടെ ഇവിടെ നിലനില്‍ക്കുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്