Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 19

3264

1444 മുഹര്‍റം 21

സാമൂഹിക ഘടനയെ അട്ടിമറിക്കാനുള്ള നീക്കം 

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ലോകമെങ്ങുമുള്ള ഫെമിനിസ്റ്റ് / സ്ത്രീവാദ ആശയധാരകള്‍ സംഘടനാ സ്വഭാവം കൈക്കൊള്ളുന്നത്. ആഗോള, ദേശീയ തലങ്ങളില്‍ നിരവധി സംഘങ്ങള്‍ രൂപം കൊണ്ടു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അണിനിരന്ന ഈ സ്ത്രീവാദ സംഘങ്ങള്‍ കേവലം അനൗദ്യോഗിക കൂട്ടായ്മകളാണ് എന്ന് ധരിക്കരുത്. പലതും ഗവണ്‍മെന്റ് സഹായത്തോടെ ഔദ്യോഗികമായിത്തന്നെയാണ് പ്രവര്‍ത്തിച്ചു വന്നത്. പഴയതും പുതിയതുമായ അത്തരം 600 വലിയ  സംഘങ്ങളില്‍ അറുപതെണ്ണം ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഉദാഹരണത്തിന്, 1897-ല്‍ സ്ഥാപിതമായ വിമന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് ബ്രിട്ടീഷുകാര്‍ കോളനികളാക്കി വെച്ചിരുന്ന ഏതാണ്ടെല്ലാ നാടുകളിലും ശാഖകളുണ്ട്. മൊത്തം 6300 ശാഖകള്‍; രണ്ടര ലക്ഷത്തോളം അംഗങ്ങള്‍. അസോസിയേറ്റഡ് കണ്‍ട്രി വിമന്‍ ഓഫ് ദ വേള്‍ഡ് എന്ന സ്ത്രീവാദ സംഘത്തിനാവട്ടെ എഴുപത് രാഷ്ട്രങ്ങളിലായി ഒമ്പത് ദശലക്ഷം അംഗങ്ങളുണ്ട്. ദി അസോസിയേഷന്‍ ഫോര്‍ വിമന്‍സ് റൈറ്റ്‌സ് ഇന്‍ ഡവലപ്‌മെന്റ് എന്ന സംഘത്തിന് 180 രാജ്യങ്ങളിലായി അക്കാദമിക്കുകളും ബിസിനസുകാരും രാഷ്ട്രീയ നയനിര്‍മാതാക്കളും ആക്ടിവിസ്റ്റുകളുമായി മാത്രം ആറായിരം അംഗങ്ങള്‍. ഇതിന്റെ വാര്‍ഷിക പ്രവര്‍ത്തന ചെലവ് നാല് ദശലക്ഷം ഡോളര്‍ വരും. സ്ത്രീ പഠനങ്ങള്‍ക്കായി മാത്രം ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ വിമണ്‍ വര്‍ഷാന്തം നീക്കിവെക്കുന്നത് പന്ത്രണ്ട് ദശലക്ഷം ഡോളറാണ്. അമേരിക്കയിലെ ഏറ്റവും സജീവമായ സ്ത്രീവാദ പ്രസ്ഥാനമെന്ന് കരുതപ്പെടുന്ന നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ വിമണിന് അമേരിക്കയിലുള്ളത് 550 ശാഖകള്‍; അഞ്ച് ലക്ഷത്തിലധികം അംഗങ്ങള്‍. 2003-ല്‍ സ്ഥാപിതമായ വേള്‍ഡ് പള്‍സ് എന്ന സ്ത്രീ വാദ കൂട്ടായ്മ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടേകാല്‍ ലക്ഷത്തോളം ഇടങ്ങളില്‍ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിരിക്കുന്നു.
സ്ത്രീവാദ നെറ്റ്വര്‍ക്കിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍ ഏതാനും ഉദാഹരണങ്ങള്‍ മാത്രം നല്‍കിയതാണ്. ഈ സംഘങ്ങളുടെ പ്രവര്‍ത്തന ഫലമായി ലിംഗ വിവേചനം കുറെയൊക്കെ അവസാനിപ്പിക്കാനും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസ - തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധ്യമായിട്ടുണ്ട് എന്ന വസ്തുത ആരും നിഷേധിക്കുകയില്ല. പക്ഷേ, ഈ സംഘങ്ങളുടെ മുഖ്യ അജണ്ട ഇതൊന്നുമല്ല. നിലവിലുള്ള സാമൂഹിക ഘടന അട്ടിമറിക്കുക എന്നതാണത്. പരമ്പരാഗത ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ കുടുംബ ഘടന ലിംഗ വിവേചനത്തിന് കാരണമാണെന്നും അതിനാല്‍ ലിംഗ സമത്വം സാധ്യമാക്കാന്‍ ഈ കുടുംബ ഘടനയെ അട്ടിമറിക്കേണ്ടതുണ്ടെന്നും അവര്‍ ഉറച്ചു വിശ്വസിക്കുന്നു. സ്വന്തം നിലക്ക് ആ സംഘടനകള്‍ അവരുടെ അജണ്ടകളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ 'അതവരുടെ സ്വാതന്ത്ര്യം' എന്ന് പറഞ്ഞൊഴിയാമായിരുന്നു. പക്ഷേ, ആഗോള വേദികളില്‍ നുഴഞ്ഞ് കയറിയാണ് അവര്‍ തങ്ങളുടെ അജണ്ട നടപ്പാക്കുന്നത്. 1995-ല്‍ ബീജിംഗില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട സ്ത്രീ  സമ്മേളനത്തിലെ പ്രമേയങ്ങള്‍ പരമ്പരാഗത കുടുംബ ഘടനക്കെതിരെയുള്ള തുറന്ന യുദ്ധമാണ് എന്ന ആരോപണമുയര്‍ന്നിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്നതാണ് തുടര്‍ന്നിങ്ങോട്ടുള്ള യു.എന്നിന്റെ പ്രവര്‍ത്തനങ്ങളും. 2030-ല്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ചുള്ള പതിനേഴ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഐക്യരാഷ്ട്ര സഭ വിശദീകരിച്ചിട്ടുണ്ട്. അതില്‍ അഞ്ചാമതായി എണ്ണിപ്പറഞ്ഞിട്ടുള്ളത് ലിംഗ സമത്വമാണ്. ലിംഗ വിവേചനം നിലനില്‍ക്കുന്നുവെന്ന മുറവിളികൂട്ടിയാണ് ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തിലുള്ള ലിംഗ സമത്വ പദ്ധതികള്‍ക്ക് ഐക്യരാഷ്ട്ര സഭയെപ്പോലുള്ള പൊതുവേദിയെ ഉപയോഗിക്കുന്നത്. ഇവിടെ എണ്ണിപ്പറഞ്ഞതും അല്ലാത്തതുമായ സംഘടനകള്‍ യു. എന്നിന്റെ മറപറ്റി നടത്തുന്ന പ്രചാരവേലകള്‍ക്ക് അങ്ങനെ ഔദ്യോഗികവും ആധികാരികവുമായ സ്വരം കൈവരുന്നു. മുസ്‌ലിം ലോകത്ത് നില നില്‍ക്കുന്ന ശക്തമായ കുടുംബ ഘടനയെയാണ് ഇത് പ്രധാനമായും നോട്ടമിടുന്നതെന്ന കാര്യം വളരെ വ്യക്തമാണ്. എന്നിട്ടും ഒരു മറു സ്വരം പോലും കേള്‍പ്പിക്കാതെ ഇതിനൊക്കെ ഫണ്ട് ചെയ്യാന്‍ വിധിക്കപ്പെട്ടിരിക്കുന്നു മുസ്‌ലിം രാഷ്ട്രങ്ങളും! 
ഈ വിപുലമായ നെറ്റ്വര്‍ക്കില്‍ കണ്ണി ചേരുക മാത്രമാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറും ചെയ്യുന്നത്. അത്യന്തം ജീര്‍ണമായ പാശ്ചാത്യ മുതലാളിത്ത ആശയങ്ങളുടെ പ്രചാരകരായി ഇടതുപക്ഷ ഭരണകൂടം മാറുന്ന വിധിവൈപരീത്യം! പാഠ്യപദ്ധതിയിലോ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണത്തിലോ അത് ഒതുങ്ങില്ല. സമ്മര്‍ദങ്ങള്‍ കാരണം അജണ്ടകളില്‍ ചിലത് ഭരണകൂടം താല്‍ക്കാലികമായി മാറ്റിവെക്കുമെങ്കിലും അതൊക്കെ പല വേഷമണിഞ്ഞ് പുനരവതരിക്കാനിരിക്കുകയാണ്. ധാര്‍മികതയെയും സദാചാരത്തെയും അതിനനുസൃതമായ സാമൂഹിക ഘടനയെയും അട്ടിമറിക്കാനുള്ള ഈ വിപുലമായ നെറ്റ്വര്‍ക്കിനെ പ്രതി ജനങ്ങള്‍ സദാ ജാഗ്രത പാലിച്ചേ മതിയാവൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-42 / അശ്ശൂറാ- 1-4

ഹദീസ്‌

ഇഹലോകത്തെ രക്ഷാ ശിക്ഷകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്