Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 12

3263

1444 മുഹര്‍റം 14

അരക്ഷിതമായ മുസ്‌ലിം ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന 'ഹീമോലിംഫ്'

കെ. അന്‍സാര്‍

സുദര്‍ശന്‍ ഗമാരെ സംവിധാനം നിര്‍വഹിച്ച് റിയാസ് അന്‍വര്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹീമോലിംഫ് എന്ന ബോളിവുഡ് ചിത്രം ഇന്ത്യയിലെ മുസ്ലിം ജീവിതങ്ങള്‍ക്ക് നവീനമായൊരു ദൃശ്യത നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ സിനിമ ഗൗരവ ശ്രദ്ധ അര്‍ഹിക്കുന്നു. ബോളിവുഡ് സിനിമകളില്‍ സാധാരണയായി കണ്ടുവരാറുള്ള മുസ്ലിം കഥാപാത്രങ്ങളില്‍ നിന്നുള്ള ഒരു തിരിഞ്ഞുനടത്തം കൂടിയാണ് ഈ സിനിമ. 2006 മുംബൈ ബോംബ് സ്‌ഫോടന കേസുകളില്‍ വ്യാജമായി പ്രതിചേര്‍ക്കപ്പെട്ടു ഒന്‍പത് വര്‍ഷക്കാലം വിചാരണത്തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന അബ്ദുല്‍ വാഹിദ് ശൈഖിന്റെ ജീവിതാനുഭവങ്ങളാണ് സിനിമ പ്രമേയമാക്കുന്നത്. ഹീമോലിംഫ് വിവിധയിടങ്ങളില്‍ റിലീസായെങ്കിലും കേരളത്തില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ആശീര്‍വാദ് തിയേറ്ററില്‍ എസ്.ഐ.ഒ സംവേദന വേദി നടത്തിയ പ്രീമിയറിലാണ്. ഹിന്ദുത്വ പ്രോപഗണ്ടാ സിനിമകള്‍ നിറഞ്ഞാടുമ്പോള്‍ ഇത്തരമൊരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈയെടുത്തത് എസ്.ഐ.ഒവിന്റെ ഭാഗത്തുനിന്നുണ്ടായ ധീരമായ നീക്കമാണ്.
എത്രമാത്രം സാധാരണമെന്ന് തോന്നിച്ചാലും ഇന്ത്യയിലെ മുസ്ലിം ജീവിതങ്ങള്‍ ഏതു നിമിഷവും കീഴ്‌മേല്‍ മറിയാവുന്ന, അരക്ഷിതത്വം നിറഞ്ഞ ഒന്നാണെന്ന യാഥാര്‍ഥ്യബോധമാണ് സിനിമയിലെ അബ്ദുല്‍ വാഹിദ് ശൈഖിന്റെ കഥാപാത്രം പങ്കുവെക്കുന്നത്. മുംബൈയില്‍ ഞെരുങ്ങിയതും സാധാരണവുമായ കുടുംബജീവിതം നയിച്ചുകൊണ്ടിരുന്ന സ്‌കൂള്‍ അധ്യാപകനായ ശൈഖിനെ തേടി സ്‌കൂളിലേക്ക് എത്തുന്ന ആന്റി ടെററിസം സ്‌ക്വാഡ് (എ.ടി.എസ്) അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.ടി.എസ് ഉദ്യോഗസ്ഥരുടെ നിരന്തര ചോദ്യംചെയ്യലുകളും മൂന്നാംമുറ പ്രയോഗങ്ങളുമാണ് നേരിടേണ്ടി വരുന്നത്. ഒടുവില്‍ മുംബൈ സ്‌ഫോടനങ്ങള്‍ നടത്താനായെത്തിയ രണ്ടു പാകിസ്താന്‍ ഭീകരര്‍ക്ക് അഭയം നല്‍കിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ കേസില്‍ പെടുത്തുകയാണ്. അങ്ങനെ സമാന സ്വഭാവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റു പന്ത്രണ്ട് മുസ്ലിം യുവാക്കളോടൊപ്പം ശൈഖും ജയിലിലാവുന്നു. ജയിലിലെ അവരുടെ ജീവിതവും നിയമപോരാട്ടങ്ങളുമാണ് സിനിമയുടെ തുടര്‍ന്നുള്ള കഥാഗതിയെ നിര്‍ണയിക്കുന്നത്.
നിലവിലെ ഇന്ത്യന്‍ ഭരണകൂട വ്യവസ്ഥക്ക് കീഴില്‍ ഒരു സാധാരണ  മുസ്ലിംജീവിതം എത്രമാത്രം പ്രയാസം നിറഞ്ഞതാണെന്ന് സിനിമ കാട്ടിത്തരുന്നു. നിങ്ങള്‍ ഒരു മുസ്‌ലിമാണെങ്കില്‍, മറ്റുള്ളവരെ അപേക്ഷിച്ച് നിങ്ങളുടെ ജീവിതങ്ങള്‍ ഏറെ അരക്ഷിതമാണ്. ഇത്തരം സാഹചര്യങ്ങളില്‍ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ ബാധ്യസ്ഥമായിട്ടുള്ള നിയമപാലക സംവിധാനങ്ങള്‍ തന്നെയായിരിക്കും അതിന്റെ സര്‍വ സന്നാഹങ്ങളോടും കൂടി നിങ്ങളുടെ എതിര്‍പക്ഷത്ത് ഉണ്ടാവുക. എത്രമാത്രം സുതാര്യവും സുശക്തവുമാണെന്ന് വാദിച്ചാലും മുസ്ലിം പ്രശ്‌നങ്ങളിലേക്ക് വരുമ്പോള്‍ നിയമവ്യവസ്ഥ കേവലം നോക്കുകുത്തിയോ മര്‍ദകപക്ഷമോ ആയിത്തീരുന്നു എന്ന വിമര്‍ശനമാണ് സിനിമ ഉറക്കെ വിളിച്ചുപറയുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-52-54
ടി.കെ ഉബൈദ്‌

ഹദീസ്‌

അനീതിക്ക് കുടപിടിക്കാതിരിക്കുക
ഫായിസ് നിസാര്‍