Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

പി. അബൂബക്കര്‍  മാസ്റ്റര്‍

പി.വി അബ്ദുല്‍ ഖാദര്‍ പൊന്നാനി

പൊന്നാനിയിലെ മണ്‍മറഞ്ഞ പ്രസ്ഥാന നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തന മണ്ഡലത്തില്‍ മുന്നില്‍ നിന്ന വ്യക്തിത്വമാണ് 2022 മെയ് 11-ന് നമ്മെ വിട്ടു പിരിഞ്ഞ പി. അബൂബക്കര്‍ മാസ്റ്റര്‍. പൊന്നാനി മൊയ്തീന്‍ പള്ളിക്കടുത്ത് പ്രവര്‍ത്തിച്ചിരുന്ന 'ഹംദര്‍ദ് ഹല്‍ഖ'യിലൂടെ 1960-കളിലാണ് അബൂബക്കര്‍ മാസ്റ്റര്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. ജ്യേഷ്ഠ സഹോദരനും ശാന്തപുരം ഇസ്‌ലാമിയാ കോളേജിലെ പ്രഥമ ബാച്ചുകാരനുമായ പി. സ്വാലിഹ് ആണ് പ്രസ്ഥാനത്തിലേക്ക് വഴികാട്ടിയത്. 1969-ല്‍, കെ.എന്‍. അബ്ദുല്ലാ മൗലവി, സി.വി ഉമ്മര്‍, ടി.വി മുഹമ്മദ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കെ.വി സൈനുദ്ദീന്‍ ഹാജിയുടെ വീട്ടില്‍ വെച്ച് ചേര്‍ന്ന പൊന്നാനി ഐ.എസ്.എസിന്റെ രൂപീകരണ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഐ.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭാരവാഹിത്വം വഹിച്ചുകൊണ്ട് മരണം വരെ സജീവമായി പ്രവര്‍ത്തിച്ചു. മരിക്കുമ്പോള്‍ വൈസ് പ്രസിഡന്റ് പദവിലായിരുന്നു.
പലിശക്കെതിരെ കണിശമായ നിലപാടു പുലര്‍ത്തിയ അദ്ദേഹം ഐ.എസ്.എസിന് കീഴില്‍ പലിശ രഹിത നിധിയുടെയും 'നോബിള്‍ വെല്‍ഫെയര്‍ വിംഗ്' എന്ന ചാരിറ്റി ഗ്രൂപ്പിന്റെയും രൂപീകരണത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. 1990-ല്‍ തീരദേശ വാസികളുടെ ഉന്നമനം ലക്ഷ്യമാക്കി പൊന്നാനി മരക്കടവ് പ്രദേശം കേന്ദ്രീകരിച്ച് ഹിറാ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കാനും അദ്ദേഹം മുന്നില്‍ നിന്നു. ജീവിതത്തില്‍ ആദര്‍ശ പ്രതിബദ്ധത പുലര്‍ത്തിയ മാസ്റ്റര്‍ സഹജീവികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കുന്നതിനായി പ്രവര്‍ത്തിക്കാനും സമയം കണ്ടെത്തി. ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടിലിരിക്കുന്ന അവസ്ഥയിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. തന്റെ വിപുലമായ സൗഹൃദ വൃന്ദത്തിലേക്ക് കത്തുകളെഴുതിയും അവര്‍ക്ക് ഫോണ്‍ വിളിച്ചും ഫണ്ട് ശേഖരിച്ച് പ്രോജക്ടുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചു. എല്ലാ പ്രോജക്ടുകള്‍ക്കും സ്വന്തം വിഹിതം നിക്ഷേപിച്ച ശേഷമേ മറ്റുള്ളവരോട് ചോദിക്കാറുള്ളൂ.
ഈയിടെ മരക്കടവ് ഹിറാ ട്രസ്റ്റിനും പള്ളിക്കും സ്ഥിര വരുമാനത്തിനായി ഒരു പ്രസ്ഥാന പ്രവര്‍ത്തകന്‍ വഖ്ഫ് ചെയ്ത ഭൂമിയില്‍ ട്രസ്റ്റിന് തന്റെ വകയായി ഒരു വീട് പണിയാന്‍ സ്വന്തം കൈകൊണ്ട് തറക്കല്ലിട്ടു പണി തുടങ്ങുകയും പൂര്‍ത്തീകരണച്ചുമതല മകന്‍ ഹാറൂനിനെ ഏല്‍പ്പിക്കുകയും ചെയ്തു കൊണ്ടാണ് അദ്ദേഹം കടന്നുപോയത്. ദീര്‍ഘകാലം താന്‍ നാസിമായി പ്രവര്‍ത്തിച്ച പൊന്നാനി ഹല്‍ഖയിലെ ഒരു പ്രവര്‍ത്തകന്റെ വീടുപണിയും മാസ്റ്റര്‍ ശേഖരിച്ച ഫണ്ട് ഉപയോഗിച്ച് നടന്നുവരുന്നുണ്ട്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രമുഖരെ സംഘടിപ്പിച്ച് പൊന്നാനിയില്‍ 'സണ്‍ഡേ ക്ലബ്ബ്' രൂപീകരിച്ചതും കാരുണ്യ പ്രവര്‍ത്തനങ്ങളിലെ താല്‍പര്യം കാരണത്താലായിരുന്നു. അധ്യാപക വൃത്തിയില്‍ നിന്ന് സ്വയം വിരമിച്ച് 'ബ്രദേഴ്‌സ് ടെക്‌സ്റ്റോറിയം' എന്ന തന്റെ വ്യാപാര സ്ഥാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. കച്ചവടത്തിലെ സത്യസന്ധതയും ക്വാളിറ്റിയിലെ കണിശതയും സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് മുതല്‍ക്കൂട്ടായി. 'ബ്രദേഴ്‌സില്‍ മാത്രം നല്ലത്' എന്നല്ല 'നല്ലത് മാത്രം ബ്രദേഴ്‌സില്‍' എന്നാണ് തന്റെ സ്ഥാപനത്തിന്റെ 'മോട്ടോ' എന്ന് അദ്ദേഹം പറയുമായിരുന്നു.
ഭാര്യ: കാട്ടിലകത്ത് സക്കീന. മക്കള്‍: ഫൈസല്‍ അബൂബക്കര്‍ (ദമാം), ഉമര്‍ ഫാറൂഖ് (കുവൈത്ത്), ഹാറൂന്‍ അബൂബക്കര്‍ (ബ്രദേഴ്‌സ് ടെക്‌സ്റ്റോറിയം), സ്വലാഹുദ്ദീന്‍ അബൂബക്കര്‍ (ദുബൈ), സലീം അബൂബക്കര്‍ (ബ്രദേഴ്‌സ് ടെക്‌സ്റ്റോറിയം), ഖദീജ (ഷാര്‍ജ).

 


എം.പി മുഹമ്മദ്

എം.പി എന്ന് സുഹൃത്തുക്കളും നാട്ടുകാരും സ്‌നേഹപൂര്‍വം വിളിച്ചിരുന്ന മധുരക്കുഴി പുളിക്കത്തൊടി മുഹമ്മദ് (83) നാഥനിലേക്ക് യാത്രയായി. വെല്‍ഫെയര്‍ പാര്‍ട്ടി ചീക്കോട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, ജമാഅത്തെ ഇസ്‌ലാമി എടവണ്ണപ്പാറ യൂനിറ്റ് മുന്‍ പ്രസിഡന്റ്, എടവണ്ണപ്പാറ മസ്ജിദുല്‍ ഹുദാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. പ്രവാസ ലോകത്തെ ജനസേവന പ്രവര്‍ത്തനം, എടവണ്ണപ്പാറയിലെ പ്രമുഖ ചാരിറ്റി സംഘടനയായ 'ആശ്വാസ'ത്തിന്റെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനായി രംഗത്തു വരാന്‍ അദ്ദേഹത്തിന് പ്രചോദനമായി.
വാര്‍ധക്യത്തിലെത്തിയെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പോടെ സുസ്‌മേര വദനനായി ഇടപഴകുന്ന അദ്ദേഹത്തിന്റെ സ്വഭാവവിശേഷം സര്‍വരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. കുടുംബാംഗങ്ങളെ ദീനീ ബോധമുള്ളവരും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അനുഭാവികളുമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ഭാര്യ: സി.ടി ഫാത്വിമ. മക്കള്‍: മുശ്താഖ് അലി (ഖത്തര്‍), സക്കീര്‍ അലി(ഖത്തര്‍), താജുന്നിസ, ശബീബ.

റഹ്മാന്‍ മധുരക്കുഴി


പി.വി.സി 
അബ്ദുല്ലാ മൗലവി

പി.വി.സി അബ്ദുല്ലാ മൗലവി അല്ലാഹുവിലേക്ക് യാത്രയായി. ദയൂബന്ദില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്ന് കേരളത്തിലും കര്‍ണാടകയിലുമായി ധാരാളം ശിഷ്യന്‍മാരുണ്ട്. യാഥാസ്ഥിതിക വിഭാഗത്തിന്റെ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന കാലത്തും ദീനീ വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ആ കാലത്തെ അറിയപ്പെടുന്ന പണ്ഡിതനായിരുന്ന ഇസ്മാഈല്‍ മുസ്‌ലിയാരുടെ നിലപാടുകള്‍  അദ്ദേഹത്തെയും സ്വാധീനിച്ചിരുന്നു. പടന്നയില്‍ യാഥാസ്ഥിതിക വിഭാഗത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന കാലത്ത് ഇസ്സുദ്ദീന്‍ മൗലവിക്ക് പലപ്പോഴും താങ്ങായി വര്‍ത്തിക്കാന്‍ പി.വി.സിയുടെ പിതാവായിരുന്ന ഇസ്മാഈല്‍ മുസ്‌ലിയാര്‍ക്ക് കഴിഞ്ഞിരുന്നു. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരിക്കാം പി.വി.സി വിശാലമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയത്.
പടന്നയില്‍ ഇസ്‌ലാമികപ്രസ്ഥാനം കടുത്ത എതിര്‍പ്പുകള്‍ നേരിടുന്ന കാലത്താണ് ജമാഅത്ത്  നിയന്ത്രണത്തിലുള്ള ഐ.സി.ടി സ്ഥാപനങ്ങളുമായി അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചത്.
പലപ്പോഴായി വലിയ ജുമുഅത്ത് പള്ളിയിലും, കാലിക്കടവ് ജുമുഅത്ത് പള്ളിയിലും, തബ്‌ലീഗ് നിയന്ത്രണത്തിലുള്ള മസ്ജിദുല്‍ അബ്‌റാറിലും ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മസ്ജിദ് ഉമര്‍ ഫാറൂഖിലും ഖുത്വ്ബ നിര്‍വഹിക്കാനവസരമുണ്ടായി എന്നത് പടന്നയില്‍ അദ്ദേഹത്തിന് മാത്രം അവകാശപ്പെട്ടതായിരിക്കും. സംഘടനാ പക്ഷപാതിത്തങ്ങള്‍ക്കപ്പുറം വിശാല കാഴ്ചപ്പാടുള്ള ഒരു സംഘം പണ്ഡിതന്‍മാര്‍ തന്നെയുണ്ടായിരുന്നു ജില്ലയില്‍. അല്ലാഹുവിലേക്ക് യാത്രയായ കണ്ണാടിപ്പള്ളിയിലെ അബ്ദുല്‍ ഹകീം മൗലവി, മഞ്ചേശ്വരം പാണ്ട്യ ജുമുഅത്ത് പള്ളിയിലെ മഹ്മൂദ് മുസ്‌ലിയാര്‍ തുടങ്ങിയവരുടെ പിന്നാലെ പി.വി.സി അബ്ദുല്ലാ മൗലവിയും അല്ലാഹുവിലേക്ക് യാത്രയായി. വിശാലമായ കാഴ്ചപ്പാടുള്ള ഈ പണ്ഡിതന്മാര്‍ക്കിടയില്‍ വലിയ സൗഹൃദമായിരുന്നു.
പഴയ കാലങ്ങളില്‍ കര്‍മശാസ്ത്ര വിഷയങ്ങള്‍  തീര്‍പ്പാക്കാന്‍ പടന്നക്കാര്‍ കാര്യമായും അവലംബിച്ചിരുന്നത് പി.വി.സിയെയും പരേതനായ എല്‍.കെ.സി മുഹമ്മദ് കുഞ്ഞി മൗലവിയെയും ആയിരുന്നു. സാധാരണയായി സ്ഥാപനങ്ങളില്‍ കണ്ടുവരുന്നത്രയും വിപുലമായ ഒരു ഗ്രന്ഥശേഖരം തന്നെ പി.വി.സിക്ക് സ്വന്തമായുണ്ടായിരുന്നു. യാത്ര വയ്യാതായപ്പോള്‍ വീട്ടിനരികില്‍ ഒരു നമസ്‌കാരപ്പള്ളിയൊരുക്കി, നമസ്‌കാര ശേഷം അവിടെ പ്രഭാഷണം നടത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു. മക്കള്‍ക്ക് ദീനീ വിദ്യാഭ്യാസം നല്‍കുന്ന  കാര്യത്തിലും അദ്ദേഹം ശ്രദ്ധിച്ചു.
 ബശീര്‍ ശിവപുരം


ഡി.പി മുഹമ്മദ്   എന്ന കുഞ്ഞോന്‍

എടരിക്കോട് മമ്മാലിപ്പടി സ്വദേശിയായ ദേവര്‍ പറമ്പില്‍ കുഞ്ഞോന്‍ സാഹിബ് ഇക്കഴിഞ്ഞ ജൂലൈ 3-ന് അല്ലാഹുവിലേക്ക് യാത്രയായി. തൊള്ളായിരത്തി എണ്‍പതുകളില്‍ തന്റെ ഗ്രാമത്തില്‍നിന്ന് 6 കി.മീ  നടന്നു പറപ്പൂര്‍ ഇസ്‌ലാമിയാ കോളേജ് പള്ളിയിലെത്തി ഖുത്വ്ബകള്‍ കേട്ടതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് എടരിക്കോടും മൂച്ചിക്കലിലും നടന്നിരുന്ന സ്റ്റഡിക്ലാസുകളില്‍ കുഞ്ഞോന്‍ ഒരു യുവ സാന്നിധ്യമായിരുന്നു. പഠന കാലത്തു തന്നെ എടരിക്കോട് ഒരു പൊതു വായനശാല(ബുഖാറ ലൈബ്രറി)ക്ക് തുടക്കം കുറിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച അദ്ദേഹം പ്രവാസ ജീവിതം ആരംഭിച്ച കാലം മുതല്‍ നാട്ടിലെ പൊതു പള്ളി, മദ്‌റസ എന്നിവയുടെ പുനരുദ്ധാരണത്തിന് മുന്‍പന്തിയിലുണ്ടായിരുന്നു. ഗള്‍ഫ് ജീവിത കാലത്ത്, മദ്‌റസാ നടത്തിപ്പില്‍ സാമ്പത്തിക പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ ഗള്‍ഫില്‍ ഒരു കൂട്ടായ്മ രൂപീകരിക്കാനും തന്റെ പങ്ക് മുറ തെറ്റിക്കാതെ മരണം വരെ എത്തിക്കാനും നിഷ്‌കര്‍ഷ പുലര്‍ത്തി. താന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച പലിശ രഹിത നിധിയിലൂടെ നിരവധി പേര്‍ക്കു സഹായമെത്തിച്ചു.
രോഗബാധിതനാകുന്നത് വരെ മമ്മാലിപ്പടി ഹല്‍ഖയില്‍ സെക്രട്ടറിയായും അതിന് മുമ്പ് കോട്ടക്കല്‍ ഏരിയാ ട്രഷററായും സേവനമനുഷ്ഠിച്ചു. പ്രബോധനം, ആരാമം, മലര്‍വാടി എന്നിവയുടെ വിതരണം വര്‍ഷങ്ങളോളം കാര്യക്ഷമമായി കൈകാര്യം ചെയ്തിരുന്നത് അദ്ദേഹമായിരുന്നു.
കുടുംബത്തെ പ്രസ്ഥാനവല്‍ക്കരിക്കുന്നതിലും മാതൃകയായി.
അദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ തൊഴിലെടുത്ത പലര്‍ക്കും പങ്കുവയ്ക്കാനുള്ളത് അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തെക്കുറിച്ചാണ്.
അബ്ദുസ്സലാം എടരിക്കോട്


കെ.എം ഇസ്മയില്‍ മൂപ്പന്‍

വടക്കഞ്ചേരി കാര്‍കുന്‍ ഹല്‍ഖാ അംഗമായിരുന്ന കെ.എം ഇസ്മയില്‍ മൂപ്പന്‍ (89) 2022 ജൂലൈ 8-ന് അല്ലാഹുവിലേക്ക് യാത്രയായി. 1960-കളുടെ തുടക്കത്തില്‍ കുടുംബാംഗമായ ഹൈദര്‍ മൂപ്പന്‍ മുഖേന തോണിപ്പാടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാവുകയും പിന്നീടതില്‍ സജീവമായി നിലകൊള്ളുകയും ചെയ്തു കെ.എം ഇസ്മയില്‍ മൂപ്പന്‍. കിലോമീറ്ററുകളോളം കാല്‍നടയായും കാളവണ്ടിയിലും യാത്ര ചെയ്ത് ആലത്തൂരിലെയും മറ്റും പ്രാസ്ഥാനിക യോഗങ്ങളിലും പരിപാടികളിലും അദ്ദേഹം സ്ഥിര സാന്നിധ്യമായി.
1973-ല്‍ അദ്ദേഹവും കുടുംബവും വടക്കഞ്ചേരിയില്‍ എത്തുകയും പിന്നീട് വടക്കഞ്ചേരിയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ വ്യക്തികളിലൊരാളായി മാറുകയും ചെയ്തു. പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തവും സജീവതയും നൈരന്തര്യവും കൊണ്ട് സഹപ്രവര്‍ത്തകരുടെയും പോഷക സംഘടനാ പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയുമെല്ലാം 'വലിയ മൂപ്പനാ'യി അദ്ദേഹം. പ്രാസ്ഥാനിക ആവശ്യങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കി സ്വന്തം ജീവിതത്തെ ക്രമപ്പെടുത്തിയ അദ്ദേഹം പ്രായാധിക്യത്തിന്റെ അവശതകള്‍ തന്നെ തളര്‍ത്തുന്നത് വരെയും  ആ ജീവിത ശീലങ്ങള്‍ മുറുകെ പിടിച്ചു. ഹല്‍ഖാ യോഗങ്ങളിലെ കൃത്യത, ജീവിതത്തിലുടനീളം കാത്ത് സൂക്ഷിച്ച കൃത്യനിഷ്ഠ, ബൈത്തുല്‍ മാലില്‍ ബാധ്യത വരാതിരിക്കാനുള്ള കണിശത, പ്രസ്ഥാന സാഹിത്യങ്ങളുടെ വായന തുടങ്ങി തന്റെ നിലപാടുകളിലും ശീലങ്ങളിലും ശരിയെന്ന ബോധ്യങ്ങളിലും വിട്ടുവീഴ്ചകളില്ലാതെ, ആരെയും കൂസാതെ ധീരതയോടെ അദ്ദേഹം നിലയുറപ്പിച്ചു.
പ്രസ്ഥാന നേതാക്കളെയും പ്രവര്‍ത്തകരെയും വീട്ടില്‍ കൊണ്ടുപോയി സല്‍ക്കരിക്കുന്നതിലും മികച്ച മാതൃകയായിരുന്നു ഇസ്മയില്‍ മൂപ്പന്‍. പ്രാസ്ഥാനിക നിര്‍ദേശമനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദഅ്വാ സ്‌ക്വാഡുകളുടെ ഭാഗമായിട്ടുണ്ട്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രസാധനങ്ങളുടെ ഏജന്‍സി ഏറ്റെടുക്കല്‍ പ്രതിസന്ധിയിലായ സന്ദര്‍ഭത്തില്‍ മാധ്യമം, പ്രബോധനം, ബോധനം, ആരാമം, മലര്‍വാടി തുടങ്ങി എല്ലാത്തിന്റെയും പ്രാദേശിക ഏജന്റാവുകയും പ്രബോധനം, ആരാമം, മലര്‍വാടി എന്നിവ അദ്ദേഹം പൂര്‍ണമായി കിടപ്പിലാവുന്നത് വരെ (മരണപ്പെടുന്നതിന്റെ മൂന്ന് മാസം മുമ്പ് വരെ) വരിക്കാര്‍ക്ക് അവരുടെ കൈകളിലും വീടുകളിലും എത്തിച്ച് നല്‍കുകയും പതിവായിരുന്നു. 50 വര്‍ഷത്തിലധികം വടക്കഞ്ചേരിയില്‍ എം.കെ.എസ് ജ്വല്ലറി എന്ന വെള്ളിക്കട നടത്തിയ അദ്ദേഹം കച്ചവടത്തിലും സാമ്പത്തിക ഇടപാടുകളിലും തികഞ്ഞ സൂക്ഷ്മാലുവായിരുന്നു. ജമാഅത്തെ ഇസ്ലാമിക്ക് വടക്കഞ്ചേരിയില്‍ പള്ളിയും സംവിധാനങ്ങളും ഉണ്ടാകുന്നതിന് മുമ്പ് നാട്ടിലെ പൊതു മഹല്ലില്ലും പള്ളി കമ്മിറ്റിയിലും ഖജാന്‍ജിയായും പിന്നീട് പ്രാസ്ഥാനിക സംരംഭങ്ങളുടെ ചുമതലക്കാരനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.
വടക്കഞ്ചേരി ദഅ്‌വത്തുല്‍ ഇസ്ലാം സംഘം, ടൗണ്‍ ജുമാമസ്ജിദ് പരിപാലന കമ്മിറ്റി, മര്‍ഹമ സക്കാത്ത് കമ്മിറ്റി, ടൗണ്‍ ഈദ്ഗാഹ് കമ്മിറ്റി, വടക്കഞ്ചേരി സൗഹൃദ കൂട്ടായ്മ തുടങ്ങി പ്രാദേശിക സംരംഭങ്ങളിലും സജീവമായിരുന്നു.
എം.കെ സൈനബയാണ് ഭാര്യ. അലി മൂപ്പന്‍, അബ്ബാസ് മൂപ്പന്‍, കമര്‍ ലൈല, റംലത്ത്, മുംതാസ് എന്നിവര്‍ മക്കളാണ്.
എസ്. മുജീബ്‌റഹ്മാന്‍

പരേതരെ അല്ലാഹു മഗ്ഫിറത്തും
മര്‍ഹമത്തും സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി 
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
എത്യോപ്യയിലെത്തിയതിനു ശേഷം ഭര്‍ത്താവ് ഉബൈദുല്ലാഹിബ്നു ജഹ്ശിന് ക്രിസ്ത്യന്‍ പുരോഹിതന്മാരുമായിട്ടായിരുന്നു അടുത്ത ബന്ധം. ഒടുവിലദ്ദേഹം ക്രിസ്തുമത വിശ്വാസിയായിത്തീരുകയും ചെയ്തു. 'ഞാന്‍  ക്രിസ്തു മതത്തെ ശരിയായി മനസ്സിലാക്കുന്നു. ഇനി എന്റെ കൂടെ ജീവിക്കണമെങ്കില്‍ ക്രിസ്തു മതം സ്വീകരിക്കണം' എന്ന ഭര്‍ത്താവിന്റെ വാക്കുകള്‍ ഉമ്മു ഹബീബ(റ)യെ പിടിച്ചുലച്ചു. പക്ഷേ, ഏതൊരു ആദര്‍ശത്തിന് വേണ്ടിയാണോ നാടും വീടും വിട്ടത്,  അത് ഉപേക്ഷിക്കാന്‍ മാത്രം ദുര്‍ബലമായിരുന്നില്ല മഹതിയുടെ വിശ്വാസം. അപ്പോഴേക്കും മക്കയില്‍  മുശ്‌രിക്കുകളിലെ  പ്രധാനികള്‍ തന്നെ സത്യദീനിലേക്ക് വന്നുതുടങ്ങിയിരുന്നു. ദ്രോഹങ്ങളും അക്രമങ്ങളും അല്‍പ്പാല്‍പ്പമായി കുറഞ്ഞു വരുന്നതായും വിവരം കിട്ടി. എത്യോപ്യയിലെത്തിയ സത്യവിശ്വാസികള്‍ മക്കയിലേക്കുള്ള  മടക്കയാത്ര ആരംഭിച്ചു. പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഭയത്താല്‍ ഉമ്മു ഹബീബ (റ) മക്കയിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. അന്യനാട്ടില്‍, തുണയായ ഭര്‍ത്താവും നഷ്ടപ്പെട്ട് ഒരു പൊടിക്കുഞ്ഞുമായി  മഹതി ആ പ്രതിസന്ധി ഘട്ടത്തെ വിജയകരമായി തരണം ചെയ്തു.
എത്യോപ്യയിലേക്ക് പലായനം ചെയ്ത വിശ്വാസികള്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍  ഉമ്മു ഹബീബ(റ)യുടെ കദന കഥ നബി തിരുമേനിയെ കേള്‍പ്പിച്ചു. വിവരമറിഞ്ഞ പ്രവാചകന്റെ ഹൃദയം വല്ലാതെ നോവുകയും മഹതിയെ അഹ്‌ലുബൈത്തില്‍/പ്രവാചക പത്‌നിമാരില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തു. സ്വപ്നത്തില്‍, തന്നെ ആരോ ഉമ്മുല്‍ മുഅ്മിനീന്‍ എന്ന് വിളിക്കുന്നതായി ഉമ്മു ഹബീബക്ക് തോന്നിയതായും അന്ന് മുതല്‍ നബിപത്നി പദവി മഹതി ആഗ്രഹിച്ചതായും ചരിത്രത്തില്‍ വിവരണമുണ്ട്. പിതാവ് അബൂ സുഫ്യാന് ഇസ്‌ലാമിനോടുള്ള ശത്രുത കുറക്കാന്‍ ഈ വിവാഹം കാരണമാകും എന്ന പ്രതീക്ഷയും ഇതിന് പിന്നിലുണ്ടായിരുന്നു. ഉമ്മു ഹബീബ(റ)യുടെ ഇദ്ദാ കാലം കഴിഞ്ഞതിന് ശേഷം നബി (സ) അബ്സീനിയന്‍ രാജാവിലേക്ക് വിവാഹഭ്യര്‍ഥനയുമായി അംറുബ്നു ഉമയ്യയെ പറഞ്ഞയച്ചു. വിവാഹത്തിന് സമ്മതമാണെന്ന് അവര്‍ അറിയിച്ചപ്പോള്‍, തന്റെ കുടുംബത്തിലെ ഖാലിദുബ്നു സഈദിബ്നില്‍ ആസ്വിയെ വലിയ്യാക്കി മഹതി ഉമ്മുല്‍ മുഅ്മിനീന്‍ പദവി സ്വീകരിച്ചു.
ഇസ്ലാമിന്റെ കടുത്ത പ്രതിയോഗികളില്‍ ഒരാളായിരുന്നു പിതാവ് അബൂ സുഫ്യാനെങ്കിലും  അല്ലാഹുവിന്റെ വിധി മറ്റൊന്നായിരുന്നു. മക്കാ വിമോചനത്തോടെ അദ്ദേഹവും ഇസ്ലാം സ്വീകരിച്ചു. അവര്‍ക്ക് ഖുറൈശികളില്‍ ഉണ്ടായിരുന്ന സ്ഥാനം മനസ്സിലാക്കി നബി (സ) പറഞ്ഞു: ''അബൂ സുഫ്യാന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ നിര്‍ഭയരായിരിക്കും.'' പിതാവിന്റെ ഇസ്ലാം സ്വീകരണം മകളെയും അതിയായി സന്തോഷിപ്പിച്ചു.
പ്രവാചക പത്നിമാരില്‍ കൂടുതല്‍ അറിവുള്ളവരുടെ കൂട്ടത്തിലായിരുന്നു മഹതി. ആഇശ, ഉമ്മു സലമ, ശേഷം ഉമ്മു ഹബീബ (റ) ഇവര്‍ക്കായിരുന്നു ഖുര്‍ആനിലും ഫിഖ്ഹിലും കൂടുതല്‍ പാണ്ഡിത്യം.  സാഹിത്യ തല്‍പ്പരയും കൂടിയായിരുന്നു. ഹി. 44/664 -ല്‍  73-ാം വയസ്സില്‍ ഉമ്മു ഹബീബ (റ) ഇഹലോകവാസം വെടിഞ്ഞു. അവരുടെ ഖബ്‌റിടം മദീനയിലെ ബഖീഉല്‍ ഗര്‍ഖദിലാണെന്നും ദമസ്‌കസിലാണെന്നും രണ്ടഭിപ്രായമുണ്ട്. 60-ലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഉമ്മു ഹബീബ (റ) ജീവിതത്തിലുടനീളം പലതരം പരീക്ഷണങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും സത്യദീനില്‍ ദൃഢചിത്തയായി നിലകൊണ്ടു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്