Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

ജെ.ഡി.ടി  ഇസ്‌ലാമും  ഖസൂരി  കുടുംബവും

ഡോ. കെ.പി ഷംസുദ്ദീന്‍, തിരൂര്‍ക്കാട്

പൈതൃകം /

ലോകശ്രദ്ധ നേടിയ സമരമായിരുന്നു 1921-ലെ മാപ്പിളപോരാട്ടം. കൊടിയ ദാരിദ്ര്യം അനുഭവിച്ച ഒരു സമൂഹത്തെ നിര്‍ദയം വെടിവെച്ച് കൊല്ലുകയും വിദൂരസ്ഥലങ്ങളിലേക്ക് നാട്കടത്തുകയും അന്തിയുറങ്ങിയിരുന്ന കുടിലുകള്‍ തീവെച്ച് നശിപ്പിക്കുകയും സ്ത്രീകളെയും കുട്ടികളെയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുകൊണ്ടാണ് വിദേശികളായ മര്‍ദക ഭരണകൂടം അനാഥത്വത്തിലേക്ക് തള്ളിവിട്ടത്. സര്‍വരാലും കൈയൊഴിക്കപ്പെട്ട് കാരുണ്യത്തിന്റെ കനിവിനായി കാത്തുനിന്ന കലാപാനന്തര കാലത്തെ ആ സമൂഹത്തിന്റെ ദൈന്യത വിവരണാതീതമായിരുന്നു. ഇക്കാലത്താണ് ഇന്നത്തെ പാകിസ്താനിലുള്‍പ്പെട്ട പഞ്ചാബിലെ ലാഹോറിനടുത്ത ഖസൂര്‍ എന്ന പ്രദേശത്ത് നിന്ന് മനുഷ്യ സ്‌നേഹത്തിന്റെ ആള്‍രൂപമായ മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരിയും സംഘവും 1922 ഫെബ്രുവരി 25-ന് കോഴിക്കോട്ടെത്തിയത്. അവിഭക്ത പഞ്ചാബിലെ സംസ്ഥാന ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റും ലാഹോര്‍ ഹൈക്കോടതിയിലെ അഭിഭാഷകനുമായ ധനാഢ്യനായിരുന്ന മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയുടെ മൂത്ത പുത്രനായിരുന്നു മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി. നിസ്സഹകരണ സമരകാലത്ത് അബ്ദുല്‍ ഖാദര്‍ ഖസൂരി കോടതി ബഹിഷ്‌കരിക്കുകയുണ്ടായി. മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി ബി.എ ബിരുദധാരിയും സഹോദരന്‍ മൗലവി മുഹമ്മദലി ഖസൂരി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്ന് എം.എ. ബിരുദം നേടിയ വ്യക്തിയുമാണ്. ഇരുവരും സര്‍ക്കാര്‍ ഉദ്യോഗത്തിന് ശ്രമിക്കാതെ ബിസിനസ്സ് രംഗത്ത് മുഴുകുകയായിരുന്നു. രണ്ട് മക്കളുടെയും സഹകരണത്തോടെയാണ് മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരി ജംഇയ്യത്ത് ദഅ്‌വത്ത് വൊ തബ്‌ലീഗെ ഇസ്‌ലാം (ജെ.ഡി.ടി.ഐ) എന്ന സംഘടന സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം മഹാരാഷ്ട്രയിലെ പൂനെയും പഞ്ചാബിലെ ലാഹോറുമായിരുന്നു. മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരിയായിരുന്നു ഇതിന്റെ സെക്രട്ടറി. പൂനെ ജെ.ഡി.ടി.ഐയുടെ പ്രവര്‍ത്തകരായ ഖാദി അബ്ദുല്‍ വഹീദ്, മാസ്റ്റര്‍ അബ്ദുല്‍ മജീദ് എന്നിവര്‍ക്കൊപ്പമായിരുന്നു മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി കോഴിക്കോട്ടെത്തിയത്. മാര്‍ഷ്യല്‍ ലോ നിലവിലുള്ളത് കാരണം ആര്‍ക്കും മലബാറിലേക്ക് വരുന്നതിനോ മറ്റുള്ളവരെ കാണുന്നതിനോ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍, ഖസൂരിയും സംഘവും കളക്ടറില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങിയാണ് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതും ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും.
കോഴിക്കോട്ടെത്തിയ സംഘത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രശ്‌നം ആശയവിനിമയത്തിലുണ്ടായ ബുദ്ധിമുട്ടായിരുന്നു. ഉര്‍ദു ഭാഷ വശമില്ലാത്ത മാപ്പിള സമൂഹത്തോട് വിശദമായി കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കുക എന്നതായിരുന്നു വിഷമകരം. ഇക്കാര്യം സംബന്ധിച്ച് മുഹിയുദ്ദീന്‍ ഖസൂരി തന്റെ റുദാദെ അമല്‍ എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഈ അനുഭവത്തില്‍ നിന്നാണ് മാപ്പിള സമൂഹത്തെ ഉര്‍ദു പരിചയപ്പെടുത്താനും പഠിപ്പിക്കാനുമുള്ള അവരുടെ ഉദ്യമത്തിന് കൂടി തുടക്കമായത്. ആംഗ്യ ഭാഷയിലൂടെയായിരുന്നു ആദ്യനാളുകളില്‍ ആശയവിനിമയം. കോഴിക്കോട്ട് ഖസൂരിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ആവശ്യമായ സഹായ സഹകരണവുമായി അഹോരാത്രം കൂടെ നിന്നത് ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി മൊയ്തീന്‍ കോയ(പൊന്‍മാടത്ത്)യും മുഹമ്മദ് ഉസ്മാന്‍ വക്കീലുമായിരുന്നു.
ജംഇയ്യഅ് ദഅ്‌വത്ത് വൊ തബ്‌ലീഗെ ഇസ്‌ലാം സംഘം ഇവിടെ എത്താനുള്ള കാരണം ഉര്‍ദു പത്രങ്ങളായിരുന്നു. പ്രത്യേകിച്ച്, ലാഹോറില്‍ നിന്ന് മൗലാനാ സഫര്‍ അലി ഖാന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന സമീന്ദാര്‍ പത്രം. അക്കാലത്ത് ദേശീയ രംഗത്ത് ഉര്‍ദു പത്രങ്ങള്‍ക്കായിരുന്നു അനല്‍പമായ സ്വാധീനം. വൈദേശിക ഭരണകൂടത്തിനെതിരെ അതിശക്തമായി ശബ്ദിച്ചിരുന്നത് ഉര്‍ദു പത്രങ്ങളായിരുന്നു. ഇംഗ്ലീഷ് പത്രങ്ങള്‍ മിക്കതും ബ്രിട്ടീഷ് പക്ഷ നിലപാടിലായിരുന്നു. സമരഭടന്‍മാരിലും സാധാരണ ജനങ്ങളിലും ജാതി-മതഭേദമില്ലാതെ സ്വാധീനമുണ്ടായിരുന്നത് ഉര്‍ദു പത്രങ്ങള്‍ക്കായിരുന്നു. ഖിലാഫത്ത്, ഖിലാഫത്ത് ഉസ്മാനി, വക്കീല്‍, ഹംദം തുടങ്ങിയ നിരവധി ഉര്‍ദു പത്രങ്ങള്‍ മലബാറിലെ ദുരിതാവസ്ഥയെ കുറിച്ച് നിരന്തരം എഴുതിയിരുന്നു. മലബാറില്‍ നടന്ന സ്വാതന്ത്ര്യസമരത്തെ കുറിച്ച് ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പത്രമായിരുന്നു സമീന്ദാര്‍. എണ്‍പത്തി മൂന്ന് ലേഖനങ്ങളായിരുന്നു ഈ വിഷയ സംബന്ധമായി സമീന്ദാറില്‍ പ്രസിദ്ധീകരിച്ചത്. 
ഇതില്‍ പത്ത് ലേഖനങ്ങള്‍ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരിയുടെതായിരുന്നു. മലബാര്‍ മെ മൈ നെ ക്യാ ദേഖാ? (മലബാറില്‍ ഞാന്‍ കണ്ടതെന്ത്?), ഹാലാത്തെ മലബാര്‍ (മലബാറിന്റെ അവസ്ഥകള്‍), മലബാര്‍ മെ മുസല്‍മാനോ കി ഹാലാത്തെ സാര്‍ (മലബാറില്‍ മുസ്‌ലിംകളുടെ ദുരവസ്ഥ), ജെ.ഡി.ടി.ഐ കി ഖിദ്മാത്ത് മലബാര്‍ കാ ഇഅ്തിറാഫ് (ജെ.ഡി.ടി.ഐയുടെ സേവനവും മലബാറിന്റെ അംഗീകാരവും), ബേ കസ് ഒ ബേയാര്‍ മാപ്പിലെ  (ആരോരുമില്ലാത്ത നിസ്സഹായരായ മാപ്പിളമാര്‍), മലബാര്‍ കി ഹാലാത്തെ സാര്‍ സറാആന കി അശദ് സറൂറത്ത് (മലബാറിലെ ദുരവസ്ഥ- അടിയന്തര ധനസഹായത്തിന്റെ ആവശ്യകത), ഹാദിസയെ ഫാജിയ്യ മലബാര്‍ (മലബാറിലെ ദുര്‍ഘടമായ സംഭവം), കവായഫ് മലബാര്‍ (മലബാറിലെ സംഭവങ്ങള്‍ ഒറ്റനോട്ടത്തില്‍), മലബാര്‍ മെ ജംഇയ്യത്ത് ദഅ്‌വത്ത് വൊ തബ്‌ലീഗെ ഇസ്‌ലാം ക കാം - മാപ്പിള ഖൗം കി ആയിന്ദ സറൂറിയാത്ത് (ജംഇയ്യത്ത് ദഅ്‌വത്ത് വൊ തബ്‌ലീഗെ ഇസ്‌ലാമിന്റെ സേവന പ്രവര്‍ത്തനങ്ങളും മാപ്പിള സമുദായത്തിന് വേണ്ട ഭാവികാര്യങ്ങളും), സേട്ട് ഹാജി അബ്ദുല്ല ഹാറൂന്‍ ക ഗിരാന്‍ ഖദര്‍ അത്തിയ്യ (സേട്ട് ഹാജി അബ്ദുല്ല ഹാറൂനിന്റെ വിലമതിക്കാനാവാത്ത സംഭാവനകള്‍) എന്നിങ്ങനെയാണ് അവയുടെ ശീര്‍ഷകങ്ങള്‍.     
സമീന്ദാറിന്റെ പത്രാധിപരായ മൗലാനാ സഫറലി ഖാന്‍ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയുടെ അടുത്ത സുഹൃത്തായിരുന്നു. 1921 ഒക്‌ടോബര്‍ 5-ന് 'ഇഅ്ത്തിദാല്‍ പസന്താനെ മദ്രാസ് ഔര്‍ മലബാര്‍ ക ഖത്ത്‌ലെ ആം' (മിതത്വം പാലിക്കുന്ന മദ്‌റാസും മലബാറിലെ കൂട്ടക്കൊലയും) എന്ന ലേഖനമായിരുന്നു ആദ്യം സമീന്ദാറില്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്ന് നിരന്തരമായി ലേഖനങ്ങള്‍ മലബാറിലെ പോരാട്ടം സംബന്ധിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. വക്കം മൗലവിയുടെ സഹോദരീ ഭര്‍ത്താവ് എ.എം അബ്ദുല്‍ ഖാദര്‍ (അഫന്ദി) തിരുവിതാംകൂറില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മുസ്‌ലിം പത്രത്തിന്റെ പത്രാധിപരായിരുന്നു. മുസല്‍മാനാനെ മലബാര്‍ കി ദര്‍ദ്‌നാക്ക് ഫരിയാദ് (മലബാറിലെ മുസ്‌ലിംകളുടെ വേദനാജനകമായ വിലാപങ്ങള്‍) എന്ന പേരില്‍ 1922 ഫെബ്രുവരി 5-ന് സമീന്ദാറില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഉര്‍ദു ഭാഷയില്‍ ആദ്യമായി ലേഖനം എഴുതി പ്രസിദ്ധീകരിച്ച മലയാളി  അദ്ദേഹമാണെന്നാണ് മനസ്സിലാക്കാനാവുന്നത്.
സമീന്ദാര്‍ അടക്കമുള്ള ഇന്ത്യയിലെ ഉര്‍ദു പത്രങ്ങളില്‍ മലബാറിനെക്കുറിച്ച് വന്ന ലേഖനങ്ങളും വാര്‍ത്തകളുമാണ്, മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരി ജെ.ഡി.ടി.ഐയുടെ കീഴില്‍ തന്റെ മക്കളെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മലബാറിലേക്കയക്കാനുള്ള പ്രധാന കാരണമായിത്തീര്‍ന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം 1930-ല്‍ സമീന്ദാര്‍ പത്രത്തിന്റെ പത്രാധിപര്‍ മൗലാനാ സഫര്‍ അലി ഖാനും മലബാര്‍ സന്ദര്‍ശിക്കുകയും സമീന്ദാറില്‍ മലബാര്‍  എന്ന ശീര്‍ഷകത്തിലും നാര്‍ജിലിസ്താന്‍ എന്ന പേരിലും രണ്ട് കവിതകള്‍ എഴുതുകയുമുണ്ടായി. 
ഖിലാഫത്ത് പ്രക്ഷോഭകാലത്ത് ശക്തമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം നടത്തിയ നേതാവായിരുന്നു മുഹമ്മദ് അബ്ദുര്‍റഹിമാന്‍ സാഹിബ്. ജയില്‍ മോചിതനായതിനു ശേഷം 1923 ഡിസംബര്‍ 26-ന് ആന്ധ്രയിലെ കാക്കിനാഡയില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. മൗലാനാ മുഹമ്മദലി ജൗഹര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍, മലബാര്‍ മാപ്പിളമാരുടെ ദുരിതങ്ങള്‍ സവിസ്തരം വിവരിച്ച് അബ്ദുര്‍റഹിമാന്‍ സാഹിബ് പ്രസംഗിച്ചു. അടുത്ത ദിവസം 27-ന് കാക്കിനാഡയില്‍ വെച്ച് തന്നെ മൗലാനാ ശൗക്കത്തലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലേന്ത്യാ ഖിലാഫത്ത് കമ്മിറ്റിയുടെ സമ്മേളനത്തിലും പ്രസ്തുത വിഷയങ്ങള്‍ വികാര നിര്‍ഭരമായിട്ടാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതേ തുടര്‍ന്നായിരുന്നു മൗലാനാ ശൗക്കത്തലി ചെയര്‍മാനായി മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകൃതമായത്. സമ്മേളനത്തിനിടയില്‍ വെച്ച് തന്നെ ഉത്തരേന്ത്യയിലെ ഉദാരമതികളായ പല ധനികരെയും നേരില്‍ കണ്ട് മാപ്പിളമാരുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി സഹായാഭ്യര്‍ഥന നടത്തി. ഇക്കൂട്ടത്തില്‍ പഞ്ചാബി (ലാഹോര്‍) ലെ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയെയും കണ്ടിരുന്നു. ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയില്‍ നിന്നായിരുന്നു. 
മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരിയുടെ അനുജന്‍ മൗലാനാ മുഹമ്മദ് അലി ഖസൂരിയുടെതായിരുന്നു ജെ.ഡി.ടി.ഐക്ക് ലഭിച്ച വലിയ ധനസഹായം. ബോംബെയിലായിരുന്ന അദ്ദേഹത്തിന്റെ വ്യാപാരം പിന്നീട് മദ്രാസിലേക്ക് മാറ്റുകയായിരുന്നു. അതിനു ശേഷം ജെ.ഡി.ടി.ഐ അനാഥശാലയുടെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധാലുവായി. പിതാവ് മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിക്കൊപ്പം അദ്ദേഹം മലബാറില്‍ വരികയും ജെ.ഡി.ടി.ഐ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.
മലബാറിലെ പാലക്കാട് താലൂക്കില്‍ മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി സന്ദര്‍ശനം നടത്തുമ്പോള്‍ കെ.എം സീതി സാഹിബും കൂടെയുണ്ടായിരുന്നു. ഖസൂരിയുടെ സഹോദരന്‍ മൗലവി മുഹമ്മദ് അലി ഖസൂരിയായിരുന്നു എല്ലാവിധ സഹായവും നല്കിയിരുന്നതെന്ന് സീതി സാഹിബ് തന്റെ ഒരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജെ.ഡി.ടി.ഐയില്‍വെച്ച് മലബാര്‍ സന്ദര്‍ശനത്തിലൂടെ മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരിയെ ആദ്യവും അവസാനവുമായി നേരിട്ട് കണ്ടത് ചാരിതാര്‍ഥ്യജനകമാണെന്ന് സീതി സാഹിബ് സ്മരിക്കുന്നുണ്ട്. 1942 ഡിസംബറിലാണ് മൗലാനാ അബ്ദുല്‍ ഖാദര്‍ ഖസൂരി ലാഹോറില്‍ മരണപ്പെടുന്നത്. 
മലബാറിലെ ദുരിതബാധിതരെ സഹായിക്കാന്‍ ഏറ്റവും കൂടുതല്‍ ഫണ്ട് എത്തിച്ചത് ജെ.ഡി.ടി.ഐ ആയിരുന്നു. ഇതില്‍ കൂടുതല്‍ തുക ലാഹോര്‍ പഞ്ചാബില്‍ നിന്നായിരുന്നു. മൂവായിരത്തിലധികം രൂപയാണ് 'മജ്‌ലിസ് ഖിലാഫത്ത് പഞ്ചാബ് ലാഹോര്‍' എന്ന പേരിലുള്ള സംഘം കോഴിക്കോട് ജെ.ഡി.ടി.ഐ മുഖേന എത്തിച്ചത്. ഇന്ത്യയിലെ ഇതര പ്രദേശങ്ങളില്‍ നിന്ന് വ്യക്തിപരമായി കിട്ടിയ സംഭാവനകള്‍ വേറെയുമുണ്ടായിരുന്നു. മലയാളികളില്‍ നിന്ന് പണം നല്കിയ പട്ടികയില്‍ കെ. സീതി, അഴീക്കോട്, കൊടുങ്ങല്ലൂര്‍, കൊച്ചിന്‍ സ്റ്റേറ്റ്, 23 രൂപ, എന്നാണ് മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി എഴുതി വെച്ച ലിസ്റ്റില്‍ കാണുന്നത്. ഇത് കെ.എം സീതി സാഹിബിന്റെ പിതാവ് സീതി മുഹമ്മദ് സാഹിബ് ആയിരിക്കാനാണ് സാധ്യത. 1922 ജൂണ്‍ 8 എന്നാണ് തീയതി രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റു മലയാളികളുടെ സംഭാവനപട്ടികയില്‍ അമുസ്‌ലിമായ റാംജി കല്യാണ്‍ജി 5 രൂപ സംഭാവന ചെയ്തതായി കാണുന്നുണ്ട്. എന്‍.പി കുഞ്ഞി അഹമ്മദ് കോട്ടക്കല്‍ 5 രൂപ, കെ.എ മുഹമ്മദ് ഇബ്‌റാഹീം സാഹിബ് കോഴിക്കോട് 12 രൂപ എന്നിങ്ങനെ കാണാം. സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരികള്‍ എന്നിവയില്‍ നിന്നെല്ലാമായി 72,000 രൂപയാണ് ജെ.ഡി.ടി.ഐ ശേഖരിച്ചത്. 1922 വരെയുള്ള കണക്ക് മാത്രമാണിത്. കണക്കുകള്‍ ജംഇയ്യത്ത് ദഅ്‌വത്ത് വൊ തബ്‌ലീഗെ ഇസ്‌ലാം പൂനെ മലബാര്‍ റിലീഫ് വര്‍ക്ക് എന്ന പേരില്‍ തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാഹോറിലെ സര്‍ദാര്‍ ചിത്രസിംഗ് മാനേജറായ ഹിന്ദുസ്താനി പ്രസ്സില്‍ നിന്നാണ് മൊഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്നത്തേതുമായി തട്ടിച്ചുനോക്കിയല്‍ കോടിക്കണക്കിന് രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനമാണ് മലബാറില്‍ അവര്‍  നടത്തിയതെന്ന് കാണാനാകും. 
മദ്രാസിലെ വ്യാപാരിയായിരുന്ന മൗലവി മുഹമ്മദലി ഖസൂരി കാലങ്ങള്‍ക്ക് ശേഷം അസുഖബാധിതനായി ലാഹോറിലേക്ക് തിരിച്ചുപോയി. അദ്ദേഹത്തിന്റെ മച്ചുനനായ മദ്രാസിലെ പ്രമുഖ വ്യാപാരിയും സൗത്ത് ഇന്ത്യന്‍ മുസ്‌ലിം എജുക്കേഷന്‍ അസോസിയേഷന്‍ പ്രസിഡന്റുമായ മൗലവി  നസീര്‍ ഹുസൈന്‍ സാഹിബ് കോഴിക്കോട് ജെ.ഡി.ടി.ഐക്ക് താങ്ങും തണലുമായിരുന്നു. കെ.എം സീതി സാഹിബ് ഇവരോടെല്ലാം അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. 
പല തവണ കേരളം സന്ദര്‍ശിച്ച മൗലാനാ മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി 1943 ഡിസംബര്‍ 11-ന് ജെ.ഡി.ടി.ഐ അനാഥശാലയുടെ ഒരു ശാഖയായി ആരംഭിച്ച തിരൂരങ്ങാടി  യതീം ഖാനയുടെ ഉദ്ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ട് ജെ.ഡി.ടി.ഐയുടെ ആദ്യകാല സെക്രട്ടറി ഉര്‍ദുവില്‍ ഒരു കവിത രചിച്ചു. ഈ കവിത ആലപിക്കാനായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ വിദ്യാര്‍ഥികളായിരുന്ന തിരൂര്‍ക്കാട്ടെ എം. ഉമറും ഉണ്ടായിരുന്നു. സയ്യിദ് അബ്ദുര്‍റഹിമാന്‍ ബാഫഖി തങ്ങളായിരുന്നു യതീം ഖാനയുടെ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്. അബ്ദുസ്സത്താര്‍ ഹാജി ഇസ്ഹാഖ് സേട്ടു സാഹിബായിരുന്നു അധ്യക്ഷത വഹിച്ചത്. 1960 ആഗസ്റ്റ് 9-ന് മുഹിയുദ്ദീന്‍ അഹമ്മദ് ഖസൂരി കോഴിക്കോട് ജെ.ഡി.ടി.ഐ സന്ദര്‍ശിക്കാനെത്തി.
ജെ.ഡി.ടി.ഐയെ സംബന്ധിച്ച ആഴമേറിയ പഠനവും ഗവേഷണവും ഇനിയുമേറെ നടക്കേണ്ടതുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഈ വിഷയം പുതുതലമുറ സഗൗരവം പഠിക്കേണ്ടതും വസ്തുതാപരമായ കാര്യങ്ങള്‍ വരാനിരിക്കുന്ന തലമുറകള്‍ക്ക് കൈമാറേണ്ടതുമാണ്. ചരിത്രത്തെ വക്രീകരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്ന ഭരണകൂട ഭീകരതയുടെ ചെയ്തികള്‍ കൂടുതല്‍ ശക്തമായിരിക്കെ ഖസൂരി കുടുംബവും അവരുടെ കൂട്ടായ്മയും, മലബാറിന്റെ വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അതിജീവനത്തിനായി ചെയ്ത കാര്യങ്ങള്‍ അര്‍ഹിക്കും വിധം അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഖസൂരി കുടുംബത്തിന്റെ വേര് ഇന്നത്തെ പാകിസ്താനിലുള്‍പ്പെട്ട ലാഹോര്‍ ആയതും ബോധപൂര്‍വമായ തമസ്‌കരണത്തിന് കാരണമായേക്കും. 
നൂറ്റാണ്ട് പിന്നിട്ട ജെ.ഡി.ടി.ഐയുടെ ചരിത്രം അക്കാലത്തെ പത്ര മാസികകളും രേഖകളും വെച്ച് ഇനിയുമേറെ അനാവരണം ചെയ്യാന്‍ സാധിക്കും. തീര്‍ച്ചയായും അത്തരം കണ്ടെത്തലുകള്‍ മലബാറിന്റെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളാകും എന്നതിലും സംശയമില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്