Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

എന്നിട്ടും നാസ്തികര്‍ ആക്രോശിക്കുകയാണ്!

/ എ. അബു, കുന്ദംകുളം

പ്രതികരണം

പ്രപഞ്ചോല്‍പത്തിയെ പറ്റി മൂന്ന് സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. മഹാ വിസ്‌ഫോടന സിദ്ധാന്തം (Big Bang Theory), സ്പന്ദന സിദ്ധാന്തം (Oscillation Theory), സ്ഥിര സ്ഥിതി സിദ്ധാന്തം (Steady State Theory) എന്നിങ്ങനെ. താത്ത്വികവും സാങ്കല്‍പികവുമായ ഈ സിദ്ധാന്തങ്ങളില്‍ ഒന്നുപോലും പ്രപഞ്ചത്തിന്റെ സൃഷ്ടി-സ്ഥിതി-സംഹാര പ്രക്രിയകളെ പൂര്‍ണമായി വിവരിക്കാന്‍ പോന്നതല്ല (മഹാ പ്രപഞ്ചം/ പ്ര. ജി.കെ ശശിധരന്‍).
പൂര്‍വഗാമികളായ മഹര്‍ഷിമാര്‍ ബ്രഹ്മാണ്ഡ രഹസ്യങ്ങളെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചവരായിരുന്നു. മഹാ പ്രപഞ്ചം ചലിക്കുന്ന അവസ്ഥയിലാണെന്ന് അവര്‍ മനസ്സിലാക്കി. ഈ പമ്പരങ്ങള്‍ കറക്കിവിട്ടത് ആരാണെന്നവര്‍ ചോദിച്ചിരുന്നു. ചിന്തിച്ചും അപഗ്രഥിച്ചും, ഇതിന്റെ പിന്നില്‍ ഏകവും അദ്വിതീയവുമായ ഒരു ശക്തിയുണ്ടെന്നും അത് സത്യത്തിന്റെ സത്യമാണെന്നുമുള്ള ജ്ഞാനം അവര്‍ ആര്‍ജിച്ചെടുത്തു (ശ്വേതാശ്വതരോപനിഷത്ത്).
'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു, എന്നിട്ട് നാം അവയെ വേര്‍പ്പെടുത്തി' എന്ന് അല്ലാഹു പറയുന്നു (വിശുദ്ധ ഖുര്‍ആന്‍ 21:30). വേദവചനം മഹാ വിസ്‌ഫോടനത്തിന് മുമ്പുള്ള അവസ്ഥയാണെന്നും പ്രപഞ്ചോല്‍പത്തിയെക്കുറിച്ചുള്ള ആധുനിക വീക്ഷണങ്ങളോട് അത് യോജിക്കുന്നുവെന്നും വ്യാഖ്യാനിക്കപ്പെടുന്നു. 'ആദിയില്‍ ആകാശം വാതകമായിരുന്നു' (വിശുദ്ധ ഖുര്‍ആന്‍ 41:11). മഹാ വിസ്‌ഫോടനത്തിനു ശേഷം രൂപം കൊണ്ട വാതകമേഘത്തെയാവാം ഇത് സൂചിപ്പിക്കുന്നത്. മഹാ വിസ്‌ഫോടനാനന്തരം പ്രപഞ്ചം കണികകള്‍ (വാതകമേഘം-ചലയൗഹമ) കൊണ്ട് നിറഞ്ഞു. അങ്ങിങ്ങ് സാന്ദ്രതയിലെ വ്യതിയാനങ്ങള്‍ പിന്നീട് താരാപഥങ്ങള്‍ (Galaxy) രൂപം കൊള്ളുന്നതിലേക്ക് നയിച്ചു. പ്രപഞ്ചത്തിന്റെ താപനില കുറഞ്ഞുവന്നതോടെ വാതകങ്ങള്‍ കൂടിച്ചേരാന്‍ തുടങ്ങി. ഗുരുത്വാകര്‍ഷണമായിരുന്നു ഇതിനു പിന്നില്‍. ഹൈഡ്രജനും ഹീലിയവുമായിരുന്നു പ്രധാന ഘടകം.
പദാര്‍ഥങ്ങള്‍ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം (Mass) വരുന്നത് ഹിഗ്‌സ്‌ബോസോണ്‍ (Higgs Boson) എന്ന ബലകണികയുമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ്. പ്രപഞ്ചത്തിലെ പദാര്‍ഥങ്ങള്‍ക്കെല്ലാം പിണ്ഡമുണ്ട്. അപ്പോള്‍ ഹിഗ്‌സ് ബോസോണ്‍ എന്ന ഒരു കണിക ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് പീറ്റര്‍ ഹിഗ്‌സ് കണ്ടെത്തി. എന്നാല്‍, കണങ്ങള്‍ക്ക് പിണ്ഡം വന്നത് എങ്ങനെയെന്നത് ശാസ്ത്രജ്ഞന്മാര്‍ക്ക് വിശദീകരിക്കാനായില്ല. അതുകൊണ്ട് ഈ അത്ഭുത കണത്തിന് 'ദൈവകണം' എന്ന് പേരിട്ടു. ശാസ്ത്ര ലോകം ദൈവാസ്തിത്വം പറയാതെ പറഞ്ഞുപോയി!

സ്ഥിതി

പ്രപഞ്ച വസ്തുക്കളുടെ പരസ്പരാകര്‍ഷണം മൂലം ഈ മഹാ പ്രപഞ്ചം സന്തുലിതാവസ്ഥയിലാണ്. പ്രാഥമിക ഭൗതിക കണിക(Electron)കള്‍ക്ക് മുതല്‍ താരാപഥങ്ങള്‍(Galaxy)ക്ക് വരെ നിശ്ചിത ഭ്രമണ(Orbit) പഥങ്ങളുണ്ട്. ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച വേദഗ്രന്ഥത്തില്‍, സമസ്ത വസ്തുക്കളും (നിശ്ചിത ഭ്രമണപഥത്തില്‍) ചുറ്റി സഞ്ചരിക്കുന്നു എന്ന് പ്രസ്താവിക്കുന്നുണ്ട് (വിശുദ്ധ ഖുര്‍ആന്‍ 36:40, 21:33). ശാസ്ത്രം പടിപടിയായി വളര്‍ന്നാണ് വിശുദ്ധ വചനത്തിന്റെ ആശയത്തിനടുത്തെത്തിയത്.
ഈജിപ്തുകാരനായ ക്ലാഡിയഡ് ടോളമി ഭൂകേന്ദ്ര സിദ്ധാന്തം (Geocentric Theory) മുന്നോട്ടുവെച്ചത് സി.ഇ രണ്ടാം നൂറ്റാണ്ടിലാണ്. നിശ്ചലമായ ഭൂമിക്ക് ചുറ്റും സൂര്യനും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്നു എന്ന സിദ്ധാന്തം.
അതുവരെ അചഞ്ചലമായി നിന്നിരുന്ന അരിസ്‌റ്റോട്ടലിന്റെ ആശയങ്ങളെ പിന്‍തള്ളി പോളണ്ടുകാരനായ നിക്കോളാസ് കോപ്പര്‍ നിക്കസ്, പതിനാറാം നൂറ്റാണ്ടില്‍ ഹെലിയോ സെന്‍ട്രിക് (Heleo Centric) ജ്യോതിശ്ശാസ്ത്ര മാതൃക അവതരിപ്പിച്ചു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനെ ഭ്രമണം ചെയ്യുന്നു. അദ്ദേഹത്തിന്റെ 'ഓണ്‍ ദ റവല്യൂഷന്‍സ് ഓഫ് സെലസ്റ്റിയല്‍സ് സ്ഫിയേഴ്‌സ്' ആധുനിക ജ്യോതിശ്ശാസ്ത്രത്തിന് തുടക്കം കുറിച്ച കൃതിയാണ്. ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചുള്ള സൈദ്ധാന്തിക വിവരങ്ങള്‍, ഭൂമി, ചന്ദ്രന്‍, സൂര്യന്‍ തുടങ്ങിയവയുടെ ഭ്രമണപഥങ്ങള്‍, നക്ഷത്രങ്ങളുടെ നിരീക്ഷണ വിവരങ്ങള്‍ തുടങ്ങിയവ വിശദമായി വിവരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലാണ് ഭൂമി ചഞ്ചലമാണെന്ന യാഥാര്‍ഥ്യം ശാസ്ത്രം വെളിപ്പെടുത്തിയത്. വേദസത്യങ്ങളുടെ സമീപമെത്താന്‍ ശാസ്ത്രത്തിന് ഒരു സഹസ്രാബ്ദം വേണ്ടിവന്നു എന്നര്‍ഥം.
ആകാശഗോളങ്ങളുടെ പ്രയാണം ഗണിതശാസ്ത്ര നിയമങ്ങള്‍ (Mathamatical Laws) അനുസരിച്ചും സന്തുലിതവുമാണ് (വിശുദ്ധ ഖുര്‍ആന്‍ 55:5,7). സൂര്യനു ചുറ്റുമുള്ള ഗോളങ്ങളുടെ ഭ്രമണപഥത്തില്‍ ആരവും (Radius) ഭ്രമണസമയവുമായുള്ള ബന്ധം (R3/T2 Constant) ജോഹന്നാസ് കെപ്ലര്‍ സിദ്ധാന്തിച്ചു. സര്‍ ഐസക് ന്യൂട്ടന്‍ പ്രവേഗവും (Velocity) ആരവും സമയവും തമ്മിലുള്ള അനുപാതം (VxR2/T2) സമര്‍ഥിച്ചു.

വിച്യുതി (നാശം)

ക്ഷീരപഥത്തിലെ ഒരിടത്തരം നക്ഷത്രമാണ് സൂര്യന്‍ എങ്കിലും പതിനഞ്ച് ലക്ഷം ഭൂമിയെ ഉള്‍ക്കൊള്ളാനുള്ള വ്യാപ്തമുണ്ട്. സൂര്യന്‍ വിളക്കാണ് (വിശുദ്ധ ഖുര്‍ആന്‍ 71:16,78:13). കത്തണമെങ്കില്‍ ഇന്ധനം അനിവാര്യമാണ്. ഒട്ടും മലിനീകരണമില്ലാത്ത ഹൈഡ്രജനാണ് അതില്‍ നിറച്ചുവെച്ചിരിക്കുന്നത്. ഒരു സെക്കന്റില്‍ അറുനൂറ് മില്യന്‍ ടണ്‍ ഹൈഡ്രജന്‍ ന്യൂക്ലിയര്‍ ഫ്യൂഷനിലൂടെ ഹീലിയമായി മാറുന്നു. അതില്‍ നാലു മില്യന്‍ ടണ്‍ ചൂടും വെളിച്ചവും പരത്താന്‍ ഉപയോഗിക്കുന്നു.
ഇന്ധനം കുറഞ്ഞാല്‍ അത് നിറയ്ക്കാനുള്ള സംവിധാനമൊന്നും ഉപരിലോകത്തില്ല. വിളക്ക് അണയുകതന്നെ ചെയ്യും. യുഗങ്ങളോളം ഉപയോഗിക്കാനുള്ള ഹൈഡ്രജന്‍ സ്‌റ്റോക്കുണ്ടെങ്കിലും പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനം വരെ കുറഞ്ഞാല്‍ സൂര്യന്റെ മട്ടും ഭാവവും മാറും. ചുവന്ന രാക്ഷസനായി (Red Giant) പരിണമിച്ച് ഭൂമിയെ വിഴുങ്ങും. സൂര്യന്‍ കെട്ടടങ്ങും (വിശുദ്ധ ഖുര്‍ആന്‍ 81: 1), നക്ഷത്രങ്ങള്‍ നിഷ്പ്രഭമാകും (വിശുദ്ധ ഖുര്‍ആന്‍ 77:8).
സൂര്യനെപ്പോലെ ഭാരം കുറഞ്ഞ നക്ഷത്രങ്ങളുടെ പത്ത് ശതമാനത്തിനും ഇരുപത് ശതമാനത്തിനും ഇടക്കുള്ള അളവില്‍ ഹൈഡ്രജന്‍ കത്തിത്തീരുമ്പോള്‍ താപ ആണവ പ്രതിപ്രവര്‍ത്തന(Thermo nuclear reaction)ത്തിനു വേണ്ട ഇന്ധനം കാതല്‍ ഭാഗത്ത് ഇല്ലാതെ വരും. കാതല്‍ ഭാഗം ചുരുങ്ങുന്നത് കൊണ്ട് ഊര്‍ജം നക്ഷത്രത്തിന്റെ ഉപരിഭാഗത്തേക്ക് നീങ്ങുകയും നക്ഷത്രത്തെ വീര്‍പ്പിക്കുകയും ചെയ്യും. ഇങ്ങനെ വീര്‍ത്ത് തണുക്കുന്നതിലൂടെ നക്ഷത്രം കൂടുതല്‍ ചുവക്കുന്നു. ഇതാണ് ചുവന്ന ഭീമനക്ഷത്രാവസ്ഥ. ചുവന്ന ഭീമന്മാര്‍ ചുവപ്പ് ആവരണം വെടിഞ്ഞ് താപമെല്ലാം നഷ്ടപ്പെട്ട് ഒടുവില്‍ 'കറുത്ത കുള്ള'(ആഹമരസ ഉംമൃള)ന്മാരായി മാറും. സൂര്യന്റെ ഒടുവിലത്തെ അവസ്ഥ.
നീല ഭീമന്മാര്‍ (Blue Giants) വളരെ വലുപ്പമുള്ളവയും താപമേറിയവയുമാണ്. ഹീലിയമാണ് ഇവയുടെ ഇന്ധനം. ഇവ പിന്നീട് സൂപ്പര്‍ നോവയായി മാറുകയും ഒടുവില്‍ വലിയൊരു തമോഗര്‍ത്തത്തിന് (Black Hole) കാരണമാവുകയും ചെയ്യും. ഈ പ്രപഞ്ചം തമോദ്രവ്യങ്ങളാല്‍ (Black Matters) നിറഞ്ഞ് ഉപയോഗ ശൂന്യമാകും.
രുധിര ഭീമന്മാരില്‍ ചിലത് വെള്ള കുള്ളന്മാര്‍ (White Dawrf) ആയും മാറും. കാര്‍ബണ്‍ കൊണ്ട് നിര്‍മിതമായ മങ്ങിയ നക്ഷത്രങ്ങളാണ് വെള്ള കുള്ളന്മാര്‍. അവ രണ്ടാം പ്രപഞ്ച(Second Universe) ത്തിലേക്ക് കടക്കും. മനുഷ്യരെപ്പോലെ തന്നെ നക്ഷത്രങ്ങളും ജനിക്കുന്നു, ജീവിക്കുന്നു, മരിക്കുന്നു....
ഖുര്‍ആന്‍ വെളിപ്പെടുത്തുന്ന ജ്യോതിശ്ശാസ്ത്രം, കൃത്യവും കണിശവും എക്കാലത്തും പ്രസക്തവുമാണ്. പതിനേഴാം നൂറ്റാണ്ടു മുതലാണ് ജ്യോതിശ്ശാസ്ത്ര രംഗത്ത് വളര്‍ച്ചയുണ്ടായത്. അതിനാല്‍ ഏഴാം നൂറ്റാണ്ടില്‍ ജീവിച്ച ഏതെങ്കിലും ജനതക്ക് ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ വ്യാഖ്യാനിക്കാന്‍ ജ്യോതിശ്ശാസ്ത്രത്തില്‍ വേണ്ടത്ര ജ്ഞാനം ഉണ്ടായിരുന്നോ? ഉണ്ടെന്ന് പറയുന്നത് അല്‍പജ്ഞന്റെ ജല്‍പനമാണ്. എന്നിട്ടും ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് അറിയാത്തതും പിന്നീട് ശാസ്ത്രം തെളിയിച്ചതുമായ എന്തെങ്കിലും ശാസ്ത്രീയ പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ടോ എന്ന് വേദനിന്ദകന്മാര്‍ വെല്ലുവിളിക്കുന്നു! വിശുദ്ധ വേദഗ്രന്ഥത്തിലെ പല പരാമര്‍ശങ്ങളും ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിബൃഹത്തായ സാങ്കേതിക സംജ്ഞകള്‍ അന്തര്‍ലീനമായ ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയം പൂര്‍ണമായി വിശദീകരിക്കാന്‍ ആധുനിക ശാസ്ത്രത്തിന് ഇനിയും വളരെ മുന്നോട്ടു പോകേണ്ടതുണ്ട്.
ഇരുപത്തൊന്നാം നൂറ്റാണ്ടു വരെ ആര്‍ജിച്ചെടുത്ത സൈദ്ധാന്തിക വിജ്ഞാനങ്ങള്‍ പോലും ഖുര്‍ആനിലെ ശാസ്ത്ര സംബന്ധമായ ആയത്തുകള്‍ വിവരിക്കാന്‍ മതിയാകാതെ വരുമ്പോള്‍, അജ്ഞാന നിദ്രയില്‍ ആണ്ടുകിടന്നിരുന്ന ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് അറിയാത്തതല്ല ഇതൊന്നും എന്നുള്ള നാസ്തികരുടെ ആക്രോശങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കേണ്ടതില്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്