Prabodhanm Weekly

Pages

Search

2022 ആഗസ്റ്റ് 05

3262

1444 മുഹര്‍റം 07

ഹദീസുകളെ എങ്ങനെ  സമീപിക്കണം? സംശയ നിവാരണങ്ങള്‍

അബുല്‍ അഅ്‌ലാ മൗദൂദി

ഹദീസുകളെക്കുറിച്ച പഠന പരമ്പര തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ചില അഹ്‌ലെ ഹദീസ് സുഹൃത്തുക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് നല്‍കിയ മറുപടികള്‍ ഇവിടെ ഉദ്ധരിക്കുന്നത് വായനക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന് കരുതുന്നു. ഒരു അഹ്‌ലെ ഹദീസ് സുഹൃത്ത് എഴുതുന്നു: 
1. മുസ്‌ലിംകള്‍ നാല് ഫിഖ്ഹുകളും അംഗീകരിക്കുന്നു എന്ന് ഏത് പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്?
2. ഹദീസുകളുടെ നിവേദന ശൃംഖലയും മുജ്തഹിദുകളുടെ തഫഖുഹും (മതാവഗാഹം) തമ്മില്‍ ഏതിന് ഏതിനെക്കാളേറെയാണ് ശ്രേഷ്ഠത?
3. മുഹദ്ദിസും ഫഖീഹും ഒരാള്‍ തന്നെ ആകാമോ, ഇല്ലേ?
4. ഇമാം അബൂഹനീഫ ഹദീസിലെ മത്ന്‍ (മൂലപാഠ ഉള്ളടക്കം) പരിഗണിച്ച് ദുര്‍ബല ഹദീസുകള്‍ സ്വീകരിക്കുകയും നിവേദന പരമ്പര പ്രബലമായ ഹദീസ് നിരാകരിക്കുകയും ചെയ്തതിന് ഏതെങ്കിലും ഉദാഹരണം ചൂണ്ടിക്കാണിക്കാമോ?
5. തങ്ങളുടെ അഭിപ്രായങ്ങള്‍ക്കെതിരെ നിവേദന പരമ്പര പ്രബലമായ ഹദീസുകള്‍ക്ക് മാത്രമേ സ്വീകാര്യതയുണ്ടാകൂ എന്ന ഇമാമുമാരുടെ പ്രസ്താവന ശരിയാണോ?
6. പ്രബലമായ പരമ്പരയിലൂടെ വന്ന ഹദീസുകള്‍ തള്ളാന്‍ അടിസ്ഥാനമായ 'ദിറായത്തി'(ഉള്ളടക്കം)ന്റെ മാനദണ്ഡം എന്താണ്? അങ്ങനെയൊരു മാനദണ്ഡം ഉപാധിയാക്കിയതിനുള്ള പ്രമാണം വിശദീകരിക്കാമോ?
7. അല്ലാഹുവിന്റെയോ റസൂലിന്റെയോ ഒരു വിധി മികച്ച ഊഹം അനുസരിച്ച് ലഭിക്കുകയും എന്നിട്ട് ദിറായത്തിന്റെ അടിസ്ഥാനത്തില്‍ അത് ഒഴിവാക്കി, സ്വന്തം തഫഖുഹിന്റെ (മതപരമായ അവഗാഹം) അടിസ്ഥാനത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ ഏതെങ്കിലും മുസ്‌ലിമിന് അവകാശമുണ്ടാകുമോ? അയാളുടെ ഗ്രാഹ്യതയിലും അബദ്ധം സംഭവിക്കാന്‍ സാധ്യതയില്ലേ?

ഉത്തരം
1. നാല് ഫിഖ്ഹുകളും സത്യമാണെന്ന് അംഗീകരിക്കുന്നത് ഏതെങ്കിലും മതപരമായ പ്രമാണ(നസ്സ്വ്)ത്തിന്റെ അടിസ്ഥാനത്തിലല്ല; പ്രത്യുത, നാല് ഫിഖ്ഹീ മദ്ഹബുകളും ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും വിധികള്‍ കണ്ടെത്താന്‍ ശരീഅത്തില്‍ പഴുതും അടിസ്ഥാനവുമുള്ള മൗലിക തത്ത്വങ്ങളെയാണ് സ്വീകരിക്കുന്നത് എന്നതു കൊണ്ടത്രെ. ശാഖാപരമായ കാര്യങ്ങളില്‍ അവക്കിടയില്‍ എത്രമാത്രം വ്യത്യാസമുണ്ടെങ്കിലും, അത്തരം അഭിപ്രായ ഭിന്നതകള്‍ക്ക് എത്രമാത്രം ന്യായമുണ്ടെങ്കിലും ശരി. പക്ഷേ, ഖുര്‍ആനിലും സുന്നത്തിലും സ്ഥാപിതമായതും, മുഴുവന്‍ സ്വഹാബിവര്യന്മാരും മസ്അലകള്‍ നിര്‍ധാരണം ചെയ്യാന്‍ ഉപയോഗപ്പെടുത്തിയതുമായ അതേ വഴി തന്നെയാണ് നിയമവിധികള്‍ നിര്‍ധാരണം ചെയ്യാന്‍ തത്ത്വത്തില്‍ ഈ നാലു മദ്ഹബുകളിലും ഉപയോഗിച്ചു വരുന്നത്.
2. ഹദീസുകളുടെ നിവേദന പരമ്പരക്കോ മുജ്തഹിദുമാരുടെ ഗ്രാഹ്യത(തഫഖുഹ്)ക്കോ ഏതെങ്കിലും ഒന്നിന് മറ്റൊന്നിനെക്കാള്‍ കേവലമായ മികവ് നല്‍കാന്‍ സാധിക്കുകയില്ല. നബിയില്‍നിന്ന് നമുക്കെത്തിച്ചേര്‍ന്ന റിപ്പോര്‍ട്ട് എത്രത്തോളം അവലംബനീയമാണെന്നതിന്റെ ഒരു സാക്ഷ്യമാണ് ഹദീസിന്റെ സനദ് അഥവാ നിവേദന ശൃംഖല. ഒരു റിപ്പോര്‍ട്ട് എത്രമാത്രം സ്വീകാര്യമാണ്, അല്ലെങ്കില്‍ സ്വീകാര്യമല്ല എന്ന് ഖുര്‍ആനിലും സുന്നത്തിലും ഉള്‍ക്കാഴ്ചയുള്ള ഒരു പണ്ഡിതന്‍ ഗവേഷണാന്വേഷണങ്ങള്‍ക്ക് ശേഷം എത്തിച്ചേരുന്ന നിഗമനത്തിന്റെയും അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിനാണ് മുജ്തഹിദിന്റെ തഫഖുഹ് എന്ന് പറയുന്നത്. അല്ലെങ്കില്‍ അത്തരം ഒരു റിപ്പോര്‍ട്ടില്‍നിന്ന് ലഭ്യമാകുന്ന ആശയം ശരീഅത്ത് വ്യവസ്ഥയുമായി എത്രമാത്രം പൊരുത്തപ്പെടുന്നതാണ്, അല്ലെങ്കില്‍ അല്ല എന്ന് ആ പണ്ഡിതന്‍ എത്തിച്ചേരുന്ന നിഗമനമാണത്. ഓരോന്നിനും സ്വന്തമായി വെവ്വേറെ സ്ഥാനമാണുള്ളത്; കോടതിയില്‍ സാക്ഷിമൊഴികള്‍ക്കും ന്യായാധിപന്റെ വിധിക്കും വെവ്വേറെ സ്ഥാനം ഉള്ളതുപോലെത്തന്നെ. അതായത്, സാക്ഷിമൊഴികള്‍ക്കാണ് കോടതിയില്‍ ന്യായാധിപന്റെ വിധിയെക്കാള്‍ മുന്‍ഗണനയെന്നോ ന്യായാധിപന്റെ വിധിക്കാണ് സാക്ഷിമൊഴികളെക്കാള്‍ പരിഗണനയെന്നോ നിരപേക്ഷം പറയാറില്ലല്ലോ. ഇതുപോലെത്തന്നെ മുഹദ്ദിസിന്റെ സാക്ഷ്യത്തിനാണ് ഫഖീഹിന്റെ ഇജ്തിഹാദീ അന്വേഷണത്തെക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് എന്നോ തിരിച്ചോ പറയാന്‍ പറ്റുകയില്ല.
3. മുജ്തഹിദുകളുടെ ഗ്രാഹ്യതക്കും അബദ്ധം സംഭവിക്കാം; ഹദീസുകളുടെ സനദിലും അതെ. എന്നാല്‍ എന്നെ സംബന്ധിച്ചേടത്തോളം, പണ്ഡിതനായ ഒരാള്‍ മുജ്തഹിദുമാരുടെ ഇജ്തിഹാദും ഹദീസുകളുടെ റിപ്പോര്‍ട്ടിംഗ് ശൃംഖലയും രണ്ടിലും ദൃഷ്ടി പതിപ്പിച്ച് മതവിധികളില്‍ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. ശറഈ വിധികളില്‍ സ്വയം അന്വേഷണ ഗവേഷണം നടത്താന്‍ പ്രാപ്തനല്ലാത്ത ആളാണെങ്കില്‍ അയാള്‍ ഏതെങ്കിലും മതപണ്ഡിതനെ അവലംബിക്കുകയാണെങ്കില്‍ അതും ശരിയാണ്. അങ്ങനെ അയാള്‍ അവലംബനീയമായ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ അതും ശരിയാണ്.
4. ഒരാള്‍ ഒരേസമയം തന്നെ മുഹദ്ദിസും ഫഖീഹും ആകാവുന്നതാണ്. അത്തരം ഒരു വ്യക്തി കേവല മുഹദ്ദിസോ കേവല ഫഖീഹോ ആയ വ്യക്തിയെക്കാള്‍ മുന്‍ഗണനാര്‍ഹനായിരിക്കും. എന്നാല്‍ എന്റെ മറുപടി തീര്‍ത്തും താത്ത്വികാടിസ്ഥാനത്തിലുള്ളതാണ്. ഏതെങ്കിലും വ്യക്തിയില്‍ ഇത് ബാധകമാക്കുമ്പോള്‍ തഫഖുഹില്‍ അയാളുടെ നിലവാരം ഹദീസ് മനഃപാഠത്തിലുള്ള അതേ നിലവാരം തന്നെയാണോ എന്ന് നോക്കേണ്ടത് അനിവാര്യമത്രെ.
5. ആവശ്യപ്പെട്ട ഉദാഹരണം ഇപ്പോള്‍ എന്റെ അടുക്കലില്ല. അത്തരം ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ ചര്‍ച്ചയുടെ പരമ്പര ഇനിയും നീളും.
6. മുജ്തഹിദുകളായ ഇമാമുമാര്‍ പറഞ്ഞതൊക്കെ ശരിയാണ്. ഞാനും ആ അഭിപ്രായക്കാരന്‍ തന്നെ. ഞാന്‍ എന്തൊക്കെ എഴുതിയോ അതിന്റെ താല്‍പര്യം ഇതത്രെ: ചിലപ്പോള്‍ പ്രബലമായ സനദിലൂടെ വരുന്ന ഹദീസ് ഉള്ളടക്കം പരിഗണിക്കുമ്പോള്‍ ദുര്‍ബലമായിരിക്കും. ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും നമുക്ക് ലഭിക്കുന്ന മറ്റു വിവരങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കില്ല ആ ഉള്ളടക്കം (മത്ന്‍). അത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നുകില്‍ ഹദീസ് വ്യാഖ്യാനിക്കുകയോ അല്ലെങ്കില്‍ തള്ളുകയോ അല്ലാതെ നിര്‍വാഹമുണ്ടാകില്ല.
7. ഖുര്‍ആനില്‍ 'ഹിക്മത്ത്' എന്ന് വ്യവഹരിക്കുന്ന ദീനീ ഗ്രാഹ്യത (ഫഹ്മുദ്ദീന്‍) ആണ് ദിറായത്തിന്റെ വിവക്ഷ. വൈദ്യകലയില്‍ 'കൈപുണ്യം' എന്ന് പറയാറുള്ള നൈപുണിക്കുള്ള അതേ സ്ഥാനമാണ് ശരീഅത്തില്‍ ഹിക്മത്തിനുള്ളത്. അതിന് ഭാഗ്യം സിദ്ധിക്കാത്തവര്‍, അല്ലെങ്കില്‍ അതിന്റെ നിലയും വിലയും സംബന്ധിച്ച ബോധമേ ഇല്ലാത്തവര്‍ക്ക് നല്ലത് എങ്ങനെ ലിഖിതമായി ലഭിച്ചോ അതനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, അതില്‍ അല്‍പമെന്തെങ്കിലും നേടാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ അഥവാ ഖുര്‍ആനിലും സുന്നത്തിലും ഉള്‍ക്കാഴ്ച ലഭിച്ചവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാത്ത പക്ഷം എന്റെ വീക്ഷണത്തില്‍ കുറ്റക്കാരാണ്. ആര്‍ക്കെങ്കിലും ഇതില്‍ എന്തെങ്കിലും വിഹിതം ലഭിച്ചിട്ടുണ്ടോ ഇല്ലേ, ഉണ്ടെങ്കില്‍ എത്രമാത്രം എന്ന് താങ്കള്‍ക്ക് തൂക്കി കണക്കാക്കാന്‍ പറ്റുംവിധം ഹിക്മത്തിന്റെയും തഫഖുഹിന്റെയും മതാവഗാഹത്തിന്റെയും ഒരു മാനദണ്ഡം താങ്കള്‍ക്ക് വിവരിച്ചുതരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല. വൈദ്യശാസ്ത്രത്തിലെ ചികിത്സാ നൈപുണിപോലെ, രത്‌നവ്യാപാരിയുടെ രത്‌നമൂല്യം കണ്ടെത്താനുള്ള വൈദഗ്ധ്യം പോലെ, അല്ലെങ്കില്‍ ഏതെങ്കിലും കലാകാരന്റെ സര്‍ഗശേഷി പോലെ അളന്ന് തൂക്കി നിര്‍ണയിക്കാന്‍ കഴിയാത്ത മാനദണ്ഡമാണിത്. എന്നാല്‍, ഇതിന്റെ പരിധി നിര്‍ണയിക്കാന്‍ സാധിക്കുകയില്ല എന്നതിന്റെ അര്‍ഥം ആ സംഗതിയേ ഇല്ലെന്നോ ശരീഅത്തില്‍ അതിന് യാതൊരു സ്ഥാനവുമില്ലെന്നോ അല്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- സൂക്തം: 48-51
ടി.കെ ഉബൈദ്‌

ഹദീസ്‌

മര്‍മത്തില്‍ തൊടുന്ന മുന്നറിയിപ്പുകള്‍
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്