Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന

വി.പി റശാദ്

'ഒരു കാലം വരും, സന്‍ആ മുതല്‍ ഹദ്‌റമൗത് വരെ ഏതൊരാള്‍ക്കും ഒറ്റക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുന്ന നിര്‍ഭയത്വത്തിന്റെ കാലം.' മക്കയില്‍ മുസ്ലിംകളുടെ നിലനില്‍പ് പോലും പ്രതിസന്ധിയിലായ ഘട്ടത്തില്‍ ഖബ്ബാബിനോട്   റസൂല്‍ (സ) പങ്കുവെച്ച സ്വപ്‌നമാണിത്. നീതിയും നിര്‍ഭയത്വവും പുലരുന്ന  ഒരു പുതുലോകത്തെക്കുറിച്ച ഭാവന റസൂല്‍ (സ) സ്വഹാബികള്‍ക്ക് പകര്‍ന്നുകൊടുത്തിരുന്നു. ആ  ഭാവനയെ നെഞ്ചേറ്റിയാണ് അവര്‍ കര്‍മപഥത്തില്‍ കുതിച്ചത്.
റസൂല്‍ മദീനയിലേക്ക് പലായനം ചെയ്യുമ്പോള്‍ വഴിമധ്യേ തല കൊയ്യാനായി  സുറാഖയെത്തുന്നു. ഒരു നാള്‍ കിസ്‌റയുടെ വളകള്‍ നിന്റെ കൈയില്‍ അണിയിക്കപ്പെടും എന്നാണ് ആ സന്ദര്‍ഭത്തില്‍ റസൂല്‍ (സ) സുറാഖയോട് പറഞ്ഞത്. സുറാഖ അന്തംവിട്ട് നിന്ന നിമിഷമായിരുന്നു അത്. സുറാഖക്ക് സങ്കല്‍പിക്കാന്‍ പോലും പറ്റാത്തവിധം അത്രയും വിദൂരത്ത് നില്‍ക്കുന്ന സ്വപ്‌നമായിരുന്നു അത്. റസൂലാകട്ടെ  ദൃഢബോധ്യത്തോടെ തന്നെയാണ് അങ്ങനെ പറഞ്ഞത്. കാരണം, പ്രവാചകന് അങ്ങനെ പ്രതീക്ഷ വെച്ചു പുലര്‍ത്താന്‍ കഴിയും വിധം മറ്റൊരു ലോകക്രമത്തെ കുറിച്ച ഭാവനയുണ്ടായിരുന്നു. ഒരു പുതു ലോകം നിര്‍മിക്കാനുള്ള, പുതിയൊരു നാഗരികതക്ക് ഗേഹം പണിയാനുള്ള യാത്രയിലായിരുന്നു റസൂല്‍.
മക്കയില്‍ ശത്രുപക്ഷത്തിന്റെ എതിര്‍പ്പ് ശക്തമായ സന്ദര്‍ഭം. റസൂല്‍ (സ) കഅ്ബയില്‍ പ്രവേശിക്കാന്‍ ആഗ്രഹിച്ച് നടക്കുകയാണ്. കഅ്ബയുടെ മുന്നിലെത്തിയപ്പോള്‍ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ഉസ്മാനുബ്‌നു ത്വല്‍ഹ റസൂലിനെ തടഞ്ഞു. അകത്തേക്ക് കയറാന്‍ സമ്മതിച്ചില്ല. എന്നു മാത്രമല്ല, മോശമായി പെരുമാറുകയും ചെയ്തു. അന്നേരം റസൂല്‍ ഉസ്മാനുബ്‌നു ത്വല്‍ഹയോട് പറഞ്ഞു: 'ഒരു നാള്‍ ഈ താക്കോല്‍ എന്റെ കൈകളില്‍ കിട്ടും.' അഥവാ കഅ്ബയുടെ പൂര്‍ണാധികാരം! നിലനില്‍ക്കുന്ന സാമൂഹിക ക്രമം തലകീഴായി മറിഞ്ഞ്, പകരം ഉയരാന്‍ പോകുന്ന മറ്റൊരു സാമൂഹിക- നാഗരിക ക്രമത്തിലേക്ക് സ്വപ്‌നം നെയ്യുകയായിരുന്നു റസൂല്‍ (സ).
പല വിധത്തിലുള്ള ശത്രുക്കള്‍ ഒറ്റ മുന്നണിയായി, അഹ്‌സാബായി സംഘടിച്ച് ചുറ്റും നിന്ന് റസൂലിനും കൂട്ടര്‍ക്കുമെതിരെ ആക്രമണം അഴിച്ചുവിടാന്‍ ഒരുങ്ങിയ ഘട്ടം. മഹാനായ സ്വഹാബി സല്‍മാനുല്‍ ഫാരിസി  പറഞ്ഞ തന്ത്രത്തെ പ്രതി കിടങ്ങ് കുഴിച്ച് അവരെ പ്രതിരോധിക്കാന്‍ റസൂല്‍ തീരുമാനിക്കുന്നു. പട്ടിണി കാരണം വയറ്റത്ത് കല്ല് വെച്ച് കെട്ടിയാണ് കിടങ്ങു കുഴിക്കുന്നത്. അതിനിടയില്‍ വലിയ പാറ പൊട്ടിക്കണം. റസൂല്‍ പാറയില്‍ വെട്ടാന്‍ തുടങ്ങി. മൂന്ന് വെട്ടില്‍ പാറ തകര്‍ന്നു. ഓരോ തവണ വെട്ടുമ്പോഴും യഥാക്രമം ശാം, പേര്‍ഷ്യ, യമന്‍ എന്നീ നാടുകളിലെ ആധിപത്യമിതാ തന്റെ കൈകളിലേക്ക് വന്നിരിക്കുന്നു എന്ന് റസൂല്‍ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. വരാനിരിക്കുന്ന പുതിയ ലോകക്രമത്തെ കുറിച്ച ഭാവനയും സൂചനയുമായിരുന്നു ആ പ്രഖ്യാപനങ്ങള്‍.
ഇസ്‌ലാം അങ്ങനെയാണ്, മനുഷ്യര്‍ക്ക് ഒരു നവലോക ഭാവന ഇസ്‌ലാം സമ്മാനിക്കുന്നു.  വംശീയതയെ മുറിച്ചുകടന്ന്  വിമോചനത്തിലേക്കു  വാതിലുകള്‍ തുറക്കുന്ന, അനീതിയിലധിഷ്ഠിതമായ സാമൂഹിക ഘടനയെ മറികടന്ന് നീതിയുടെ സാമൂഹികക്രമം സാക്ഷാല്‍ക്കരിക്കുന്ന  പുതുലോകം. ആ പുതുലോകത്തിന്റെ പ്രതീകമായിരുന്നു ബിലാല്‍; വംശീയതയുടെ അടിവേരറുത്ത സാമൂഹികക്രമത്തിന്റെ  പ്രതീകം. ചരിത്രത്തിലുടനീളം, സഞ്ചരിച്ച വഴികളിലെല്ലാം നീതിയുടെയും വിമോചനത്തിന്റെയും പുതുവെളിച്ചവും നവഭാവനകളും കൊളുത്തിവെച്ചാണ് ഇസ്‌ലാം കടന്നുപോയത്.
ഇസ്‌ലാമിലൂടെ  സാധ്യമാകുന്ന ഈ നവലോക ഭാവന കൊണ്ടുനടക്കുകയും അത് സാക്ഷാത്കരിക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോവുകയും ചെയ്യുന്നവരാണ് മുസ്ലിംകള്‍. അഥവാ ചെറിയ ചില ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടമല്ല മുസ്‌ലിം ചെറുപ്പം. 
നിലനില്‍ക്കുന്ന സാമൂഹിക ക്രമത്തിനപ്പുറം മറ്റൊരു സാമൂഹിക - നാഗരിക ക്രമത്തെ കുറിച്ച ഭാവനയുള്ള വിഭാഗങ്ങള്‍ക്ക് മാത്രമേ അടിച്ചമര്‍ത്തലുകളില്‍ നിന്ന് സമ്പൂര്‍ണ വിമോചനം സാധ്യമാവുകയുള്ളൂ. അവിടെയാണ് ഒരു പുതുലോക ഭാവനയുടെ പ്രസക്തി നമുക്ക് ബോധ്യമാകുന്നത്.
ചരിത്രത്തില്‍ നടന്ന അതിജീവന പോരാട്ടങ്ങള്‍ പരിശോധിച്ചു നോക്കൂ. ലോകത്തെ അധീശ ശക്തികള്‍ ജീവിതത്തെ കുറിച്ചും ലോകത്തെ കുറിച്ചും സമൂഹത്തെ സംബന്ധിച്ചും ചില സങ്കല്‍പങ്ങളും ഭാവനകളും നിര്‍മിച്ചു. ആ സങ്കല്‍പങ്ങളും ഭാവനകളുമാണ് യാഥാര്‍ഥ്യമെന്ന് അവര്‍ കൃത്രിമമായി സ്ഥാപിച്ചു. അങ്ങനെ അത് മുഖ്യധാരയുടെ സങ്കല്‍പങ്ങളും ഭാവനകളുമായി മാറി. ഉദാഹരണത്തിന്, പാശ്ചാത്യ നാടുകളിലെ വെള്ള വംശീയ വാദികള്‍ തങ്ങള്‍ ജന്മനാ തന്നെ കറുത്തവരെക്കാള്‍ മഹത്വമുള്ളവരാണെന്ന സങ്കല്‍പം നിര്‍മിച്ചെടുത്തു. കറുത്തവര്‍ താഴ്ന്നവരും ബുദ്ധിശൂന്യരും അക്രമാസക്തരുമാണെന്നും തങ്ങളുടെ അടിമകളായി ജീവിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്നും അവര്‍ വാദിച്ചു. അധികാരം കൈയാളാന്‍ കറുത്തവര്‍ അര്‍ഹരല്ലെന്നും വെള്ളക്കാര്‍ക്ക് മാത്രമാണ് അതിന് അര്‍ഹതയുള്ളതെന്നും അവര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. അങ്ങനെ വെള്ളക്കാര്‍ അധികാരം വാഴുന്ന നാടാണ് പുരോഗമന സുന്ദര ലോകം എന്ന  ഭാവന അവര്‍ രൂപപ്പെടുത്തി. അങ്ങനെയൊരു ലോക ഭാവനയില്‍ കറുത്തവര്‍ എന്നും അടിമകളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ്. അവര്‍ക്കെതിരെ വെള്ളക്കാര്‍ നടത്തുന്ന അക്രമങ്ങളെല്ലാം ഏറ്റുവാങ്ങാന്‍ അവര്‍ ജന്മനാ  അര്‍ഹരായി ഗണിക്കപ്പെട്ടു. ഈയൊരു ലോകഭാവനയും സങ്കല്‍പവുമാണ് കറുത്തവര്‍ക്കെതിരെയുള്ള എല്ലാ ഹിംസകള്‍ക്കും അനീതികള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ന്യായമായി മാറിയത്.
ഈ സങ്കല്‍പങ്ങള്‍ യാഥാര്‍ഥ്യങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവര്‍ അവരുടെ വംശീയ അടിത്തറകളില്‍ നിന്നുകൊണ്ട് വിജ്ഞാനങ്ങള്‍ ഉല്‍പാദിപ്പിച്ചു. അങ്ങനെ അവരുടെ വിജ്ഞാനം ലോകത്ത് ഏവര്‍ക്കും സ്വീകാര്യമായ മുഖ്യധാരാ വിജ്ഞാനങ്ങളായി മാറി. അവരുടെ ഭാവനകളും സങ്കല്‍പങ്ങളും സമൂഹത്തിന്റെ പൊതുബോധങ്ങളായി. സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ച് പിന്നീട് പൊതുസമൂഹം നടത്തുന്ന വിശകലനങ്ങളെല്ലാം ഈ സങ്കല്‍പങ്ങളുടെ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുകൊണ്ടും  ഈ വിജ്ഞാനങ്ങളുടെ അടിസ്ഥാനത്തിലുമായിരിക്കും. സ്വാഭാവികമായും  ഈ ചട്ടക്കൂടില്‍ നിന്നു കൊണ്ട് ആര്  വിശകലനം നടത്തിയാലും വെള്ളവംശീയ ശക്തികള്‍ വരച്ച വൃത്തത്തിനപ്പുറം പോവുകയില്ല. അങ്ങനെ അടിച്ചമര്‍ത്തപ്പെട്ടവര്‍ എന്നും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടേയിരുന്നു. മേല്‍ക്കോയ്മാ ശക്തികള്‍ തങ്ങളുടെ രാഷ്ട്രീയ-വൈജ്ഞാനിക അധികാര പ്രയോഗം തുടര്‍ന്നുകൊണ്ടുമിരുന്നു.
ഈ സങ്കല്‍പങ്ങളുടെ അടിത്തറയില്‍ രൂപപ്പെട്ട സാമൂഹിക ഘടനയില്‍ ജീവിക്കുന്ന കറുത്തവരും ഇതേ ധാരണയില്‍  തന്നെയായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങള്‍ അടിച്ചമര്‍ത്തലുകള്‍ക്കും അടിമത്തത്തിനും ജന്മനാ അര്‍ഹരാണെന്നും അതൊരു യാഥാര്‍ഥ്യമാണെന്നും അവര്‍ ധരിച്ചു. എന്നാല്‍,  അധീശ ശക്തികളുടെ ഭാവനകള്‍ക്കും  സങ്കല്‍പങ്ങള്‍ക്കും പുറത്തുകടന്ന്  ചിലര്‍ ചിന്തിക്കാന്‍ തുടങ്ങി. മറ്റുള്ളവരെപ്പോലെ തങ്ങള്‍ക്കും ആത്മാഭിമാനത്തോടെ ജീവിക്കാനും അധികാരം കൈയാളാനും  സാധിക്കുന്ന ഒരു ലോകം സാധ്യമാണെന്ന് അവര്‍ സങ്കല്‍പിക്കുകയും  അങ്ങനെയുള്ളൊരു ലോകത്തെക്കുറിച്ച ഭാവന രൂപപ്പെടുത്തുകയും ചെയ്തു. വെള്ള വംശീയ ശക്തികള്‍ രൂപപ്പെടുത്തിയ വൈജ്ഞാനിക ചട്ടക്കൂടിന് പുറത്തു കടന്ന് അവര്‍ പ്രശ്‌നങ്ങളെ വിശകലനം ചെയ്യാന്‍ തുടങ്ങി. നാളിതുവരെ തങ്ങള്‍ അനുഭവിച്ച അടിമത്തത്തിനും അനീതിക്കും വെള്ള വംശീയതക്കുമെതിരെ പോരാടാന്‍ ഈ ഭാവന അവര്‍ക്ക് പ്രേരണയും കരുത്തും നല്‍കി. അങ്ങനെയാണ് കറുത്തവരുടെ വിമോചനപ്പോരാട്ടം ലോകത്ത് ശക്തിപ്പെട്ടത്.
ഇന്ത്യയില്‍ കീഴാള ജാതിക്കാരുടെ അവസ്ഥയും ഇതുപോലെത്തന്നെയായിരുന്നു. ബ്രാഹ്മണ സവര്‍ണ  ശക്തികള്‍ വര്‍ണാശ്രമ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു ജീവിത സങ്കല്‍പത്തെയും ഭാവനയെയും മുന്നോട്ടുവെച്ചു. അതാണ് യാഥാര്‍ഥ്യമെന്ന് അവര്‍ വരുത്തിത്തീര്‍ത്തു. ആ ജീവിത സങ്കല്‍പത്തില്‍ ബ്രാഹ്മണര്‍ ജന്മനാ ഉന്നതരും മഹത്വമുള്ളവരും ആയിരുന്നു. ദലിതര്‍ ജന്മനാ തൊട്ടുകൂടാത്തവരും സവര്‍ണരെ സേവിക്കേണ്ടവരും അവര്‍ക്ക് അടിമപ്പണി ചെയ്യേണ്ടവരുമായിരുന്നു. സവര്‍ണ ശക്തികളുടെ അടിമകളായി ജീവിക്കേണ്ടവരാണ് തങ്ങളെന്ന സങ്കല്‍പത്തെ മറികടന്ന് ദലിത് സമൂഹത്തില്‍ ചിലര്‍ ചിന്തിക്കാന്‍ തുടങ്ങി.  മറ്റുള്ളവരെപ്പോലെ ആത്മാഭിമാനവും അധികാരവുമുള്ള ജീവിതം തങ്ങള്‍ക്കും സാധ്യമാണെന്ന് അവര്‍ ചിന്തിക്കുകയും  ജാതിയില്ലാത്ത  ലോകത്തെക്കുറിച്ച ഭാവന രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് ബ്രാഹ്മണ അനീതിക്കെതിരെയും ജാതീയ വിവേചനങ്ങള്‍ക്കെതിരെയും അംബേദ്കറെ പോലുള്ളവരുടെ നേതൃത്വത്തില്‍ വലിയ ദലിത് പോരാട്ടങ്ങള്‍  നടന്നത്.
ഇതാണ് ഭാവനയുടെ  ശക്തി. നിലവിലുള്ള ചിന്താരീതിയെ മറികടന്ന് മറ്റൊരു സാമൂഹിക ക്രമത്തെ കുറിച്ച് ആലോചിക്കാനും അതിനു വേണ്ടി പോരാടാനും  അതിലൂടെ സാധിക്കും.
ഇസ്ലാം സമ്മാനിച്ച ലോകഭാവന, അധീശ ശക്തികളുടെ അനീതിക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ എക്കാലത്തും പോരാടാന്‍ മുസ്ലിംകള്‍ക്ക് കരുത്ത് നല്‍കിയിട്ടുണ്ട്. 'മനുഷ്യരെല്ലാവരും ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണെ'ന്ന് പ്രഖ്യാപിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. സമത്വത്തിന്റെയും നീതിയുടെയും സാമൂഹിക ക്രമം ലോകത്ത് യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുത്ത സത്യദീന്‍. ഈയൊരു ദര്‍ശനത്തിന്റെ വക്താക്കള്‍ വംശീയതക്കും വിവേചനത്തിനും മുന്നില്‍ ഒരിക്കലും നിശ്ശബ്ദരായി ഇരിക്കില്ലല്ലോ. വംശീയതയും ജാതീയതയും ആഴത്തില്‍ വേരൂന്നിയ ലിബറല്‍ ആധുനിക ലോക ക്രമത്തില്‍ അതിനെതിരെ വിമര്‍ശനം ഉന്നയിക്കാനും  പ്രതിരോധം തീര്‍ക്കാനും, അതിനെ മറികടക്കുന്ന മറ്റൊരു ലോകം സാധ്യമാണെന്ന ചിന്തയെ മുന്നോട്ടുവെക്കാനും  അതുകൊണ്ടാണ് മുസ്ലിംകള്‍ക്ക്  സാധിക്കുന്നത്.
ഭാവന എന്നാല്‍ പ്രായോഗിക തലത്തില്‍  അസാധ്യമായ സംഗതിയല്ല. ഭാവനകളാണ് യാഥാര്‍ഥ്യങ്ങളെ നിര്‍മിക്കുക.  സ്വന്തമായൊരു സാമൂഹിക നാഗരിക ഭാവനയുള്ളതുകൊണ്ട് തന്നെ മുസ്ലിംകള്‍ ഒരിക്കലും എവിടെയും ഇരകളുടെ സ്ഥാനത്താവുകയില്ല. നിലവിലുള്ള അടിച്ചമര്‍ത്തലുകളെ എങ്ങനെയെല്ലാം  പ്രതിരോധിക്കാം എന്ന് ആലോചിക്കുന്നതോടൊപ്പം  മറ്റൊരു ലോകത്തെ നിര്‍മിക്കുന്ന പ്രക്രിയയിലായിരിക്കും മുസ്ലിംകള്‍. ഇസ്‌ലാമിലൂടെ സാധ്യമാകുന്ന ലോകഭാവന നമ്മളില്‍ ഇല്ലാതെ പോയാല്‍ നാം കേവലം ഇരകളുടെ സ്ഥാനത്തേക്ക് ചുരുങ്ങിപ്പോകും. സ്വന്തമായി അജണ്ടകളില്ലാത്തവരായി മാറും. ഒന്നുകില്‍ മറ്റുള്ളവരുടെ ഇരകളാകും. അല്ലെങ്കില്‍, 'നിങ്ങള്‍ സ്വന്തം നിലക്ക് നിങ്ങളുടെ  കര്‍തൃത്വത്തില്‍ ഒന്നും ചെയ്യേണ്ട, നിങ്ങളുടെ രക്ഷക്ക് വേണ്ടത് ഞങ്ങള്‍ ചെയ്തുകൊള്ളാം, നിങ്ങള്‍ ഞങ്ങളുടെ കൂടെ നിന്നാല്‍ മതി' എന്നു പറഞ്ഞ് മുസ്ലിംകളുടെ സാമൂഹിക-രാഷ്ട്രീയ കര്‍തൃത്വത്തെ നിഷേധിക്കുന്ന കൂട്ടരുടെ കീഴിലൊതുങ്ങിപ്പോകും.
എസ്.ഐ.ഒവിന്റെ നാല്‍പത് വര്‍ഷത്തെ ഇടപെടലുകളെ ഈ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടു കൂടി  വിലയിരുത്താനാവും.  ഇന്ത്യയിലെ മുഖ്യധാരാ-സവര്‍ണ- അധീശ വ്യവഹാരങ്ങളെയും അവയിലൂടെ രൂപപ്പെട്ട പൊതുബോധങ്ങളെയും നിരന്തരം വിമര്‍ശനവിധേയമാക്കാന്‍ എസ്.ഐ.ഒ വിന് സാധിച്ചത് മറ്റൊരു ലോകക്രമത്തെ കുറിച്ച ഭാവനയുള്ളതു കൊണ്ടാണ്. ലോകം മുഴുവന്‍ അല്ലാഹുവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണെന്ന ഇസ്ലാമിക സങ്കല്‍പമാണ് ദേശീയതക്കും ദേശരാഷ്ട്രത്തിനും അപ്പുറം ചിന്തിക്കാനും അവയെ വിമര്‍ശന വിധേയമാക്കാനും സംഘടനക്ക് പ്രേരണയാകുന്നത്. ദേശീയത, മതേതരത്വം തുടങ്ങിയ അധീശ വ്യവഹാരങ്ങളുടെ രാഷ്ട്രീയ മണ്ഡലത്തിലും സാമൂഹികതയിലും കലയിലും സൗന്ദര്യ ശാസ്ത്രത്തിലും എല്ലാം എസ്.ഐ.ഒവിന് വിമര്‍ശന ഭാഷ രൂപപ്പെടുത്താനും, വിമോചന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാനും സാധിച്ചത് ഇസ്ലാം നല്‍കുന്ന പുതിയ ഭാവനകള്‍ ഏറ്റെടുത്തതു കൊണ്ടാണ്. ജാതി കേന്ദ്രീകൃതമായ ഹിന്ദുത്വ വംശീയതയുടെ ഫാഷിസകാലത്ത് ഇസ്‌ലാം പ്രതിരോധത്തിന്റെ പുതുഭാഷയെ നമുക്ക് സമ്മാനിക്കുന്നു. ജാതിയില്ലാത്ത, വിവേചനങ്ങള്‍ക്കതീതമായ ഒരു ലോകം പുലരണമെന്ന് ശക്തമായി ആഹ്വാനം ചെയ്യുന്നതുകൊണ്ടാണ്  ഇസ്ലാം ഹിന്ദുത്വയുടെ ഏറ്റവും വലിയ ശത്രുവായി മാറുന്നത്.
ഇസ്ലാമിക നാഗരികതയെ കേന്ദ്രീകരിച്ച ശക്തമായ ഭാവനകളും ചടുലമായ ചുവടുവെപ്പുകളും നിറഞ്ഞതാണ് എസ്.ഐ.ഒവിന്റെ നാല്‍പത് വര്‍ഷങ്ങള്‍. അതിലൂടെ തന്നെയാണ് ആത്മീയതയും ഭൗതികതയും സമന്വയിക്കുന്ന പുതുലോക നിര്‍മിതിയുടെ പോരാട്ടങ്ങള്‍ തുടരേണ്ടതും. ഇങ്ങനെയൊരു പുതുലോകത്തെക്കുറിച്ച ഭാവന മുസ്‌ലിം ചെറുപ്പത്തിനു  നാം പകര്‍ന്നുകൊടുക്കണം.
ഹിന്ദുത്വ വംശീയതയുടെ നട്ടുച്ചയില്‍ ഇന്ത്യയിലെ മുസ്ലിം സമൂഹം നില്‍ക്കുന്ന സന്ദര്‍ഭമാണിത്. മുസ്ലിംകളെ വംശീയമായി ഉന്മൂലനം നടത്താന്‍ ഹിന്ദുത്വശക്തികള്‍ വ്യത്യസ്ത പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും അവ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഭീകര നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്.  മുസ്ലിം വംശഹത്യക്കുള്ള ആഹ്വാനം പൊതുസ്ഥലങ്ങളില്‍ യാതൊരു തടസ്സവും കൂടാതെ ഹിന്ദുത്വ ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്ലാമോഫോബിയ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നുകയും ചെയ്തിരിക്കുന്നു. ഇസ്ലാമുമായും മുസ്ലിംകളുമായും  ബന്ധപ്പെട്ടതെല്ലാം പൈശാചികവല്‍ക്കരിക്കുകയും വംശീയതയുടെ വിഷക്കുഴലിലൂടെ അവക്കെതിരെ നുണകളും  അനീതിയും ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. .
ഹിന്ദുത്വ വംശീയതക്കും ഇസ്ലാമോഫോബിയക്കും  എതിരെ രാഷ്ട്രീയവും അക്കാദമികവും സാംസ്
കാരികവുമായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. ആ പോരാട്ടം ഒട്ടും എളുപ്പമല്ല എന്ന കാര്യത്തില്‍ സംശയമില്ല. വലിയ പോരാട്ടങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത്. കഴിഞ്ഞുപോയ നാളുകളെക്കാള്‍ വിപ്ലവതീക്ഷ്ണമായിരിക്കും വരുംനാളുകള്‍.  ചരിത്രത്തില്‍ ഇസ്‌ലാം  കടന്നുവന്ന വഴികളിലെല്ലാം ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിച്ചിരുന്നു.  വിശ്വാസത്തിന്റെ കരുത്തുകൊണ്ട് പോരാട്ടം നയിച്ച്  പ്രതിസന്ധി ഘട്ടങ്ങളെ മറികടന്ന് അതിജീവനത്തിന്റെ ത്രസിപ്പിക്കുന്ന മാതൃകകള്‍ സമ്മാനിച്ചാണ് ഇസ്‌ലാം ഇവിടം വരെ എത്തിയത്.  പകച്ചു നില്‍ക്കാന്‍ നാം ദുര്‍ബലരല്ല. നിരാശ നമ്മുടെ വിശ്വാസത്തിന് എതിരാണ്. കീഴടങ്ങി നമുക്ക് ശീലമില്ല. നിസ്സഹായരായി കരഞ്ഞുനില്‍ക്കാന്‍ നാം കേവല ഇരകളല്ല. നമുക്ക് സഞ്ചരിക്കാന്‍ ഇനിയും ഏറെ ദൂരമുണ്ട്. വിശ്വാസത്തിന്റെ ഊര്‍ജത്താല്‍ ശക്തമായി പോരടിച്ച് ഹിന്ദുത്വ വംശീയതയും  ഇസ്‌ലാമോഫോബിയയും നിറഞ്ഞുനില്‍ക്കുന്ന ഈ കാലത്തെയും അതിജീവിച്ച് പുതുലോക നിര്‍മാണ പ്രക്രിയയില്‍ നാം പ്രയാണം തുടരും. 
(എസ്.ഐ.ഒ കേരള സെക്രട്ടറിയാണ് ലേഖകന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്