Prabodhanm Weekly

Pages

Search

2012 മെയ് 26

മുസ്ലിം നവോത്ഥാനത്തെ സാമുദായിക രാഷ്ട്രീയം എന്തു ചെയ്തു?

എ.വി ഫിര്‍ദൌസ്

ഇസ്ലാമിക സമൂഹത്തിന്റെ മൂല്യ സമ്പന്നത നിര്‍ണയിക്കപ്പെടുന്നത് നിരന്തരം നവീകരിക്കപ്പെടുന്ന സാമൂഹിക ചിന്തകളുടെയും പ്രവര്‍ത്തന പദ്ധതികളുടെയും അടിസ്ഥാനത്തിലാണ്. മൃതങ്ങളും നിര്‍ജീവങ്ങളുമായ പഴഞ്ചന്‍ ആശയങ്ങളെ ചുമക്കുന്ന ഒരു വിഭാഗം എന്ന അധഃപതനത്തില്‍ നിന്ന് ചലനാത്മകതയുള്ള പ്രബുദ്ധ ജനവിഭാഗത്തിലേക്ക് മുസ്ലിംകളെ പരിവര്‍ത്തിപ്പിക്കുന്നത് പ്രമാണബന്ധിതമായ പുനരാലോചനകള്‍ തന്നെയാണ്. സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പുതിയ കാഴ്ചപ്പാടുകളുടെയും വിനിമയങ്ങളുടെയും ആവിര്‍ഭാവങ്ങള്‍ക്കും പശ്ചാത്തലമായി സമൂഹത്തിലുണര്‍ന്നുവരുന്ന തര്‍ക്ക-വിതര്‍ക്കങ്ങളെ വിനിയോഗിച്ചുകൊണ്ട് നിരന്തരം നവോത്ഥാന വിധേയമാകേണ്ടുന്ന ഒരു വിഭാഗമാണ് മുസ്ലിംകള്‍ എന്നു മനസ്സിലാക്കാനാണ് വേദവും പ്രവാചക ചര്യയുമൊക്കെ ആവശ്യപ്പെടുന്നത്.
എന്നാല്‍, വര്‍ത്തമാനകാല കേരളീയ മുസ്ലിം സമൂഹത്തില്‍ മേല്‍പറഞ്ഞ തരത്തിലുള്ള ധൈഷണിക പുനര്‍നിര്‍മിതികളോ സാംസ്കാരിക മാനങ്ങളുള്ള പുതിയ സംവാദ രൂപീകരണങ്ങളോ സംഭവിക്കുന്നില്ല. മുസ്ലിംകള്‍ക്കിടയില്‍ രൂപപ്പെടുന്ന തര്‍ക്കങ്ങളും വിവാദങ്ങളുമൊക്കെ കേവലം സംഘടനാപരമായ വാഗ്വാദങ്ങളും അസൂയപ്പെടലുകളുമായി പര്യവസാനിക്കുകയാണ് പതിവ്. അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരുതരം നിര്‍ജീവ മതബോധത്തോടുള്ള വിധേയപ്പെടലാണ് ഇതിന് പിന്നിലെ കാരണങ്ങളില്‍ പ്രഥമവും പ്രധാനവും എന്ന് കണ്ടെത്താനാവും. ഇസ്ലാമിക പ്രബുദ്ധത എന്ന സാംസ്കാരികമായ അവസ്ഥയെ അസാധ്യമാക്കും വിധത്തില്‍ കേരളീയ മുസ്ലിംകളില്‍ ഗണ്യമായ ഒരു വിഭാഗം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു.
പതിറ്റാണ്ടുകള്‍ ദീര്‍ഘിച്ച ഒരു പിന്മാറ്റം കാലാന്തരത്തില്‍ ഒരു സഹജശീലമായി മാറിയതിന്റെ തിക്തഫലങ്ങള്‍ പലവിധത്തില്‍ കേരളീയ സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹിക നവീകരണത്തിന്റെ ആദ്യ ലാഞ്ഛനകള്‍ പ്രകടമായ ഘട്ടത്തിന് അര്‍ഥവത്തും പരിണാമാത്മകവുമായ തുടര്‍ച്ച സംഭവിച്ചിരുന്നുവെങ്കില്‍, കേരളീയ മുസ്ലിം സമൂഹത്തിന്റെ ചിത്രം തീര്‍ച്ചയായും മറ്റൊന്നായിപ്പോകുമായിരുന്നു. മാറുന്ന കാലത്തോടൊപ്പം ഇസ്ലാമിക സംസ്കൃതിയെ അതിന്റെ ജൈവ മൌലികതയില്‍ തന്നെ മുന്നോട്ടുകൊണ്ടുപോകാനും ഇസ്ലാം ഉന്നയിക്കുന്ന ഇടപെടലുകളിലൂടെ സ്വന്തം ഭാഗധേയം അര്‍ഥപൂര്‍ണമായി നിര്‍വഹിച്ചുകൊണ്ട് വിവിധ ഘട്ടങ്ങളോട് പ്രതികരിക്കാനും അതുവഴി കാലത്തിനു മുമ്പില്‍ നടക്കാനും മുസ്ലിംകള്‍ക്ക് സാധിക്കുമായിരുന്നു. അത് അസാധ്യമാക്കിയത് മുഖ്യമായും കേരളീയ മുസ്ലിം സമൂഹത്തിലെ സാമുദായിക രാഷ്ട്രീയത്തിന്റെ ഇടപെടലുകളാണ് എന്ന് ഇന്നലെകളെ നിഷ്പക്ഷ വായനക്ക് വിധേയമാക്കിയാല്‍ തെളിഞ്ഞുകിട്ടും.
കേരളത്തിലെ മുസ്ലിം നവോത്ഥാന യത്നങ്ങളുടെ ആദ്യഘട്ടം പിന്നിടുമ്പോള്‍ കാണുന്നത് ശിഥിലീകരിക്കപ്പെട്ട ചില കാഴ്ചപ്പാടുകളെ സ്വന്തമാക്കി വേര്‍തിരിഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പുകളെയാണ്. ഒരു സമഗ്രതയായി വികസിക്കാനും സമ്പന്നമായ നവോത്ഥാന ഭാവിയിലേക്ക് വളരാനും ആദ്യകാല നവോത്ഥാന ചലനങ്ങള്‍ക്ക് സാധിക്കുകയുണ്ടായില്ല. വിഭജനത്തിന് മുമ്പും ശേഷവും എന്ന വിധത്തില്‍ കേരളത്തിലെയും (ഇന്ത്യയിലെ മൊത്തത്തിലും) മുസ്ലിം നവോത്ഥാന നീക്കങ്ങളെ പകുത്തെടുത്ത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ ഇടപെടലുകളുടെ ചിത്രം കൂടുതല്‍ വ്യക്തമാണ്.
മുസ്ലിംകളെ കാലാകാലങ്ങളില്‍ തങ്ങള്‍ അഭിലഷിക്കുന്ന വിധത്തില്‍ നിയന്ത്രിക്കുക എന്നതാണ് സാമുദായിക രാഷ്ട്രീയ അജണ്ടയുടെ ആകെത്തുക. വിഭജനത്തിനു മുമ്പുള്ള ഘട്ടത്തില്‍ പാകിസ്താനു വേണ്ടി പടപൊരുതുകയും ജിന്നക്കു വേണ്ടി തക്ബീര്‍ മുഴക്കുകയും ചെയ്യുന്നതില്‍ ഒതുങ്ങുന്ന ഒരു സങ്കുചിത നിര്‍വചനമായിരുന്നു മുസ്ലിമിന് സാമുദായിക രാഷ്ട്രീയം നല്‍കിയിരുന്നത്. പാകിസ്താന് എതിരായി നില്‍ക്കുകയും വിഭജനവാദത്തെ എതിര്‍ക്കുകയും ചെയ്യുന്ന ദേശീയവാദികളായ സാത്വിക മുസ്ലിംകള്‍ക്ക് ആ ഘട്ടത്തില്‍ നല്‍കപ്പെട്ടിരുന്ന കാഫിര്‍ വിശേഷണം മേല്‍പറഞ്ഞ സങ്കുചിത നിര്‍വചനത്തിന്റെ ഫലമായിരുന്നു. ഇസ്ലാം എന്നാല്‍ സാമുദായിക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങള്‍ക്ക് പൂര്‍ണമായ വിധേയപ്പെടലും കുഫ്ര്‍ എന്നാല്‍ അത്തരം ഉപജാപങ്ങളെ തിരിച്ചറിഞ്ഞ് ചെറുക്കലുമാണ് എന്ന മാനദണ്ഡം അക്കാലത്ത് സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടാണ് മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെപ്പോലുള്ള കേരളത്തിലെ മുസ്ലിം നേതാക്കള്‍ക്ക് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കാഫിര്‍ വിളികള്‍ കേള്‍ക്കേണ്ടിവന്നത്. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനെ കാഫിറാക്കിയവര്‍ സ്വാതന്ത്യ്രത്തിനു ശേഷവും പിന്തുടര്‍ന്നത് വിഭജനവാദക്കാലത്തെ അവരുടെ മാനദണ്ഡങ്ങളുടെ പ്രഛന്ന രൂപങ്ങളെത്തന്നെയായിരുന്നുവെന്നത് പിന്നീട് കേരളത്തിലെ പല മുസ്ലിം സംഘടനകളുടെയും സ്വത്വത്തില്‍ അരാഷ്ട്രീയമായ തമോതലങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. സ്വയം ഒരു മതമായി വര്‍ത്തിക്കുകയും സാമുദായിക രാഷ്ട്രീയമാണ് ഇസ്ലാം മതത്തിന്റെ അസ്തിത്വമെന്ന് തെറ്റിദ്ധരിപ്പിക്കുമാറ് ആ മതനാട്യത്തെ വളര്‍ത്തുകയും അതോടൊപ്പം തന്നെ മതം അതിന്റെ ജൈവികതയില്‍ ആവശ്യപ്പെടുന്ന ഘടകങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിനെ അതിന്റെ വിനിയോഗ സാധ്യതകളില്‍ നിന്നും യഥാര്‍ഥ പ്രയോജനങ്ങളില്‍ നിന്നും തടഞ്ഞുവെക്കുന്ന ഒരു മതില്‍കെട്ടായി കേരളീയ മുസ്ലിംകള്‍ക്കിടയില്‍ സാമുദായിക രാഷ്ട്രീയം വര്‍ത്തിച്ചുവന്നു.
സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ അവയുടെ പ്രവര്‍ത്തനമേഖലകള്‍ നിര്‍ണയിക്കുന്നതില്‍ നിന്ന് സാമുദായിക രാഷ്ട്രീയം നിര്‍ബന്ധപൂര്‍വം തന്നെ തടഞ്ഞുവെക്കുകയുണ്ടായി. ആചാരാനുഷ്ഠാനങ്ങളുടെയും കര്‍മശാസ്ത്രപരമായ ചര്‍വിത ചര്‍വണങ്ങളുടെയും ഖാല-ഖീലകളുടെയും മേഖലകളില്‍ തര്‍ക്കിച്ചു കാലം കഴിക്കലാണ് സുന്നീ-മുജാഹിദ് പ്രസ്ഥാനങ്ങളുടെ ബാധ്യതയെന്നും അതിനപ്പുറമുള്ള സ്വത്വ പ്രകാശനങ്ങളെക്കുറിച്ച് ചിന്തിച്ചുപോയാല്‍ അത് മതരാഷ്ട്ര വാദത്തോട് താദാത്മ്യപ്പെടലായിരിക്കുമെന്നും സംഘടനകളെ സാമുദായിക രാഷ്ട്രീയം ഭീതിപ്പെടുത്തി. ഒരിക്കലും അവസാനിക്കാത്ത ചില അഖീദാ പ്രശ്നങ്ങളും കര്‍മശാസ്ത്ര തര്‍ക്കങ്ങളും കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലുണ്ട് എന്ന ഒരു ഭീമന്‍ മുന്‍വിധിയെ അതിന്റെ പര്‍വത സമാനമെന്നു തോന്നിപ്പിക്കുന്ന ആകാരത്തോടെ സംഘടനകള്‍ക്കിടയില്‍ ഇളക്കം തട്ടാതെ നിലനിര്‍ത്തുന്നതില്‍ സാമുദായിക രാഷ്ട്രീയം നടത്തിയ ഉപജാപങ്ങള്‍ പൂര്‍ണമായും വിജയിച്ചു.
നിങ്ങള്‍ മതസംഘടനകളാണ്, നിങ്ങള്‍ മതം മാത്രം നോക്കിക്കോളൂ എന്ന തിട്ടൂരത്തിന് വിധേയപ്പെട്ടവരാക്കി കേരളത്തിലെ സുന്നി-മുജാഹിദ് പ്രസ്ഥാനങ്ങളെ പരിവര്‍ത്തിപ്പിച്ച സാമുദായിക രാഷ്ട്രീയം മതത്തെ അതിന്റെ സമഗ്രതയില്‍ നിന്ന് ശിഥിലമാക്കുകയും ആ തെറ്റായ ശീലം താത്ത്വികാടിത്തറയായി സ്വീകരിക്കുകയുമാണ് ചെയ്തത്. മതമെന്നാല്‍ നമസ്കാരം, നോമ്പ്, ഹജ്ജ്, സകാത്ത്, ഖബ്ര്‍ സിയാറത്ത്, ഖുര്‍ആന്‍ പാരായണം, അത്തറുപൂശല്‍, ഉളുഹിയ്യത്ത്, ഫിത്വ്ര്‍ സകാത്ത് എന്നിങ്ങനെ ഏതാനും കാര്യങ്ങള്‍ മാത്രമാണെന്നും അവക്കപ്പുറത്ത് ഒരു സംസ്കാരവും, സമൂഹത്തിന്റെയും വ്യക്തിയുടെയും ജീവിതത്തെ ആപാദചൂഡം നിര്‍ണയിക്കുന്ന ഒരു സമഗ്ര മാര്‍ഗദര്‍ശനവുമാണ് മതമെന്ന് ചിന്തിക്കയേ വേണ്ടെന്നുമുള്ള സാമുദായിക രാഷ്ട്രീയത്തിന്റെ തിട്ടൂരത്തിന് വിധേയപ്പെട്ട ഒന്നാം നിമിഷം തന്നെ പല സംഘടനകളും ഉപ്പുഗുണം നഷ്ടപ്പെട്ട ഉപ്പുകല്ലുകളായി മാറിക്കഴിഞ്ഞിരുന്നു.
മതമെന്നാല്‍ എന്ത് എന്നും അതിന്റെ ദൌത്യങ്ങള്‍ ഏവയെന്നും മതത്തിന്റെ വൈയക്തികവും സാമൂഹികവുമായ കാലിക ദൌത്യങ്ങള്‍ ഏതൊക്കെയെന്നും തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് മതനവോത്ഥാനത്തെ എങ്ങനെയാണ് നിര്‍ണയിക്കാന്‍ കഴിയുക? നവോത്ഥാനം എന്ന വാക്ക് ഉപയോഗിക്കുന്നതില്‍ ഇവരൊക്കെ പരസ്പരം മത്സരിക്കുന്നത് ഇന്നിന്റെ കാഴ്ചയാണ്. ഇരു വിഭാഗം സമസ്തകളുടെയും ഇരു വിഭാഗം മുജാഹിദുകളുടെയും സാഹിത്യങ്ങളിലും സംഭാഷണങ്ങളിലും ആവശ്യത്തിലും അതിലധികവും 'നവോത്ഥാനം' കടന്നുവരുന്നുണ്ട്. പക്ഷേ, അരാഷ്ട്രീയവത്കരിക്കപ്പെട്ട ഒരു മതബോധത്തിന്റെ അപഹാസ്യങ്ങളായ വിക്രിയകളെ നോക്കി കാലം പരിഹസിച്ചു ചിരിക്കുന്നത് അവര്‍ കാണുന്നേയില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ നിഴലിനു കീഴില്‍ സുഖസ്വര്‍ഗം കണ്ടെത്തുന്നവര്‍ മതത്തെയും നവോത്ഥാനത്തെയും കുറിച്ച് നടത്തുന്ന പാതിരാ പ്രസംഗങ്ങള്‍ കേവലം ശബ്ദമലിനീകരണ സംരംഭങ്ങള്‍ മാത്രമായി അവസാനിക്കുന്നത് തിരിച്ചറിയപ്പെടേണ്ട കാലം വൈകിയിരിക്കുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളിലൂടെ കേരളത്തിലെ പ്രബലങ്ങളായ ചില മുസ്ലിം സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവന്ന സാമുദായിക രാഷ്ട്രീയത്തോടുള്ള വിധേയത്വം യഥാര്‍ഥത്തില്‍ ആ സംഘടനകളെ തന്ത്രപൂര്‍വമായൊരു ധൃതരാഷ്ട്രാലിംഗനത്തില്‍ അമര്‍ത്തി നിര്‍ത്തുകയാണുണ്ടായത്.
യഥാര്‍ഥത്തില്‍ എന്താണ് നവോത്ഥാനമെന്ന് ചിന്തിച്ചു തുടങ്ങിയാല്‍ സാമുദായിക രാഷ്ട്രീയത്തിന്റെ ദൂഷിത വലയത്തില്‍ നിന്ന് സംഘടനകള്‍ക്ക് പുറത്തുവരാതിരിക്കാനാവില്ല. ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സക്രിയ രാഷ്ട്രീയത്തിന്റെ പക്ഷം ചേര്‍ന്നു നിന്നുകൊണ്ട് മതകീയ മൂല്യങ്ങളെ അവയുടെ യഥാര്‍ഥ പ്രയോജനങ്ങളില്‍ ചെലുത്തുക എന്നത് തീര്‍ച്ചയായും നവോത്ഥാനത്തിന്റെ സത്യസന്ധമായ നിര്‍വചന പരിധിയില്‍ വരുന്നതാണ്. അധികാര രാഷ്ട്രീയത്തിലേക്കുള്ള കോണിപ്പടികളായി തങ്ങളെ സാമുദായിക രാഷ്ട്രീയം ഉപയോഗിക്കുകയാണെന്നും ആ പതിതാവസ്ഥയില്‍തന്നെ ഖിയാമം നാള്‍ വരെയും തങ്ങളെ നിലനിര്‍ത്താനാണ് സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ അഭിലഷിക്കുക എന്നും കേരളത്തിലെ സംഘടനകള്‍ തിരിച്ചറിയേണ്ടതുണ്ട്.
സമൂഹവുമായും ആഗോള സാഹചര്യങ്ങളുമായും പാരിസ്ഥിതിക-ആവാസ വ്യവസ്ഥകളിലെ നാനാവിധ പ്രശ്നമുഖങ്ങളുമായും, പാര്‍ശ്വവത്കൃത ജീവിതങ്ങളോടുള്ള തോളുരുമ്മലിന്റെ വിവിധ ഘട്ടങ്ങളുമായും- ഇങ്ങനെ ജീവിതത്തെ അതിന്റെ കാലത്തില്‍ നിന്നുകൊണ്ട് സമഗ്രമായും സമ്പൂര്‍ണമായും വിലയിരുത്തുമ്പോള്‍ ഉയര്‍ന്നുവരുന്ന ബഹുശ്ശതം വിഷയങ്ങളുമായും ബന്ധപ്പെട്ട ഇടപെടലിന്റെയും ആശയ-കര്‍മ വിനിമയങ്ങളുടെയും ഒരു സമ്പന്ന തലമുള്ളതാണ് ഇസ്ലാമിന്റെ യഥാര്‍ഥ രാഷ്ട്രീയം. ഒരു പ്രത്യേക ചിഹ്നത്തില്‍ വോട്ടു ചെയ്യലാണ് മുസ്ലിംകളുടെ രാഷ്ട്രീയം എന്ന ഇട്ടാവട്ട സങ്കല്‍പം തകര്‍ന്നടിയുമെന്നതുകൊണ്ടാണ് മുസ്ലിംകളെയും മുസ്ലിം സംഘടനകളെയും അവ്വിധം ശരിയായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസ്ഥാനങ്ങളോട് സാമുദായിക രാഷ്ട്രീയം എക്കാലത്തും ശാത്രവം പുലര്‍ത്തിവന്നിട്ടുള്ളത്. സ്വന്തം നിലനില്‍പിന് അപകടം വരുത്തുന്നവരെന്ന് തോന്നുന്നവരോട് ശത്രുത പുലര്‍ത്തുകയും അവരെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുകയെന്ന സ്വാഭാവിക തിന്മയാണ് സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കളില്‍നിന്ന് അത്തരം പ്രസ്ഥാനങ്ങള്‍ നേരിട്ടുവരുന്നത് എന്നര്‍ഥം.
തീര്‍ച്ചയായും നവോത്ഥാനം ഒരു രാഷ്ട്രീയമായ ഉള്ളടക്കം കൂടിച്ചേര്‍ന്നതാണ്. രാഷ്ട്രീയത്തെ ഹരിച്ചെടുത്തു കളഞ്ഞു കിട്ടുന്ന വലിയ പൂജ്യമല്ല ഇസ്ലാമികമായ അര്‍ഥത്തിലുള്ള നവോത്ഥാനം. ദൌര്‍ഭാഗ്യവശാല്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ ധരിച്ചിരിക്കുന്നത് അഥവാ അവര്‍ ധരിപ്പിക്കപ്പെട്ടിരിക്കുന്നത് നവോത്ഥാനം അരാഷ്ട്രീയമായ ചില ശബ്ദകോലാഹലങ്ങളും ആചാരജഡിലങ്ങളായ ദുര്‍വാശികളുമാണ് എന്നാണ്. മുസ്ലിം നവോത്ഥാനത്തോട് സാമുദായിക രാഷ്ട്രീയം ചെയ്ത ഏറ്റവും വലിയ അപരാധമാണ് ഈ തെറ്റിദ്ധരിപ്പിക്കല്‍. രാഷ്ട്രീയത്തെ വോട്ടു ചെയ്യലും കൊടിപിടിക്കലും ചുമരെഴുത്തും മുദ്രാവാക്യം വിളിക്കലുമാക്കിച്ചുരുക്കുകയും അത്തരം ചില അനുഷ്ഠാനങ്ങള്‍ അനുഷ്ഠിക്കാന്‍ സാമുദായിക രാഷ്ട്രീയക്കാരായ ഞങ്ങളുണ്ട് എന്ന് സംഘടനകളെ ധരിപ്പിക്കുകയും ഇത്തരം കാര്യങ്ങളിലേക്ക് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മതം രാഷ്ട്രീയത്തില്‍ ഇടപെടലാണ് എന്ന മൂഢബോധം രൂഢമാക്കുകയും ചെയ്തുകൊണ്ടാണ് മത-രാഷ്ട്രീയ വേര്‍തിരിവുകളെക്കുറിച്ചുള്ള യമണ്ടന്‍ അബദ്ധങ്ങള്‍ സാമുദായിക രാഷ്ട്രീയത്തിന്റെ വക്താക്കള്‍ കേരളത്തിലെ മുസ്ലിം സംഘടനകളുടെ തലച്ചോറില്‍ നട്ടുവളര്‍ത്തിയത്.
കാലഘട്ടങ്ങളോടുള്ള മൂല്യാധിഷ്ഠിതമായ പൊരുത്തപ്പെടലുകളും പോരാട്ടങ്ങളും നവോത്ഥാനത്തിന്റെ സ്വാഭാവികമായ അനിവാര്യതകളാണ്. സമരോത്സുകമായ ഇടപെടലുകള്‍ ഇല്ലാതെയും സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കാതെയും ഇസ്ലാമിനെ സുഖസുഷുപ്തികളുടെ വസന്തകാലങ്ങളിലൂടെ മാത്രം മുന്നോട്ടു നയിക്കാമെന്ന് ധരിക്കുന്നവര്‍ക്ക് നവോത്ഥാനത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശം പോലും ഇസ്ലാം അംഗീകരിച്ചുകൊടുക്കുന്നില്ല. മതത്തിന്റെ നിലനില്‍പിന് അതിന്റെ രാഷ്ട്രീയ ദൌത്യങ്ങളെ തിരസ്കരിക്കണം എന്ന ബാഹ്യമായ തിട്ടൂരത്തിനു മുന്നില്‍ മുട്ടുമടക്കുന്ന പ്രസ്ഥാനങ്ങള്‍ നവോത്ഥാനത്തെക്കുറിച്ചു നടത്തുന്ന ഗീര്‍വാണങ്ങളെ വാചാടോപ വിപ്ളവങ്ങള്‍ എന്നേ വിളിക്കാനാവൂ.
മതത്തില്‍നിന്ന് രാഷ്ട്രീയത്തെ അഥവാ ശരിയായ അര്‍ഥത്തിലുള്ള രാഷ്ട്രീയത്തെ മാറ്റിനിര്‍ത്താന്‍ കേരളത്തിലെ മുസ്ലിം സംഘടനകളെ നിര്‍ബന്ധിച്ചുകൊണ്ടുള്ള സാമുദായിക രാഷ്ട്രീയത്തിന്റെ തിട്ടൂരം മുസ്ലിം നവോത്ഥാനത്തിന്റെ സാധ്യതകള്‍ക്കു മുന്നില്‍ കനത്ത ഒരു തടസ്സമതിലാണ് രൂപപ്പെടുത്തിയത്. സാമുദായിക രാഷ്ട്രീയത്തെ സ്വന്തം രക്ഷകരുടെ ആള്‍ക്കൂട്ടമായിക്കണ്ട സംഘടനകളാവട്ടെ സ്വത്വം വിസ്മരിച്ചുകൊണ്ടുള്ള കീഴടങ്ങലാണ് നടത്തിയത്. ഈ കീഴടങ്ങലിനിടയിലും നവോത്ഥാനം പോലെയുള്ള ആശയബന്ധിതങ്ങളായ മേഖലകളില്‍ ആശയദരിദ്രരായ ഇവര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ കേരളീയ മുസ്ലിം ചരിത്രത്തില്‍ പരിഹാസ്യമായി മാറുകയാണ് ചെയ്യുന്നത്.
കീഴടങ്ങലില്‍ സുഖം കണ്ടെത്തുന്നവര്‍ക്ക് ഉന്നയിക്കാന്‍ അവകാശവാദങ്ങള്‍ പലതുമുണ്ടായിരിക്കാം. സമുദായം നേടിയ അവകാശങ്ങള്‍, നേട്ടങ്ങള്‍, അധികാര/ ഭരണകൂട മണ്ഡലങ്ങളില്‍ ചെലുത്തിയ സ്വാധീനങ്ങള്‍, വിദ്യാഭ്യാസ-സാമ്പത്തിക മേഖലകളിലെ മുസ്ലിം മുന്നേറ്റങ്ങള്‍ എന്നിങ്ങനെ പല അവ്യക്ത വാദങ്ങളും സാമുദായിക രാഷ്ട്രീയത്തിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഉന്നയിക്കപ്പെടാറുണ്ട്. എന്നാല്‍, മുസ്ലിം ബഹുജനങ്ങളെ സ്വതന്ത്രമായ വികാസ പരിണാമങ്ങളുടെ സാധ്യതകളില്‍നിന്ന് സങ്കുചിതമായ അധികാര താല്‍പര്യങ്ങളുമായി കൂട്ടിക്കെട്ടിയ കുടിലതകള്‍ ഉപയോഗിച്ച് മാറ്റിനിര്‍ത്തിയ സാമുദായിക രാഷ്ട്രീയത്തിന്റെ സാന്നിധ്യം കേരളത്തിലില്ലായിരുന്നുവെങ്കില്‍ എന്താകുമായിരുന്നുവെന്ന് ഒരു അപഗ്രഥനം കൂടി അതോടൊപ്പം നടത്തിയാലാണ്, സാമുദായിക രാഷ്ട്രീയം കൊണ്ട് മുസ്ലിം സമുദായത്തിന് എന്ത് ലഭ്യമായി എന്ന് കൃത്യമായി തിട്ടപ്പെടുത്താനാവൂ. സ്വതന്ത്രമായി അധ്വാനിച്ചും അഭിമാനത്തോടെ പ്രയത്നിച്ചും കാലത്തെ കീഴടക്കാനുള്ള ക്ഷമതയില്‍ നിന്ന് സാമുദായിക രാഷ്ട്രീയം മുസ്ലിം ഗാത്രത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്തത്.
കേരളീയ മുസ്ലിം പൊതുമണ്ഡലം, സാമുദായിക രാഷ്ട്രീയത്തെ പിന്തുണക്കുന്നവര്‍ ഉള്‍പ്പെടെ, സാമുദായിക രാഷ്ട്രീയത്തിന്റെ നേട്ട-കോട്ടങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്താന്‍ സന്നദ്ധമാകേണ്ട ഘട്ടമാണ് ഇത്. ഇത്തരമൊരു കണക്കെടുപ്പിന് ഇനിയും വൈകിയാല്‍ നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും. നവോത്ഥാന മുന്നേറ്റങ്ങളുടെ അതിവിപുലവും സാര്‍വത്രികവുമായ നേട്ടങ്ങളുടെ ശൃംഖല കേരളീയ മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെടുകയും ജാതി രാഷ്ട്രീയത്തിലെ വിലപേശല്‍ കുതന്ത്രക്കാരായി ഇതര സമുദായങ്ങളാല്‍ സാമുദായിക രാഷ്ട്രീയക്കാര്‍ വിലയിരുത്തപ്പെടുകയും ചെയ്ത ഈ സന്ദര്‍ഭം ഒരു സമഗ്രമായ വിലയിരുത്തലിന് എന്തുകൊണ്ടും അനുയോജ്യമാണ്. ഇസ്ലാമിക ചിഹ്നങ്ങളുടെ അസ്ഥാനത്തുള്ള വിനിയോഗങ്ങള്‍ കൊണ്ട് മാത്രം സാമുദായിക രാഷ്ട്രീയം കേരളീയ മുസ്ലിംകളുടെ യഥാര്‍ഥ പ്രാതിനിധ്യം നേടിയെടുക്കുകയോ ഇസ്ലാം വിഭാവനം ചെയ്യുന്ന സക്രിയമായ ജൈവരാഷ്ട്രീയത്തിന്റെ വക്താക്കളാവുകയോ ചെയ്യുന്നില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം