Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

'സെര്‍ബിയന്‍ മുസ്‌ലിംകള്‍ക്ക്  പ്രതിസന്ധിയുണ്ട്;  പ്രതീക്ഷയും'

മുസ്തഫാ അഫന്ദി  യൂസുഫ് സാഹിച്ച്/ എ. റശീദുദ്ദീന്‍

അഭിമുഖം /


സെര്‍ബിയയിലെ പ്രധാന മുഫ്തിയും സൈന്യത്തിന്റെ ഇസ്ലാമിക ഉപദേഷ്ടാവുമാണ് മുസ്തഫാ അഫന്ദി യൂസുഫ് സാഹിച്ച്. അദ്ദേഹത്തിന്റെ പിതാവ് ഹംദിയാ യൂസുഫ് സാഹിച്ച് അഞ്ച് പതിറ്റാണ്ടോളം ബെല്‍ഗ്രേഡിലെ ബൈറാക്ലി മസ്ജിദിലെ പ്രധാന ഇമാമായിരുന്നു. 1992 മുതല്‍ 1995 വരെ നീണ്ടുനിന്ന ബോസ്നിയന്‍ യുദ്ധത്തിനു ശേഷം സെര്‍ബിയന്‍ മുസ്ലിംകളുടെ അവസ്ഥ എന്താണെന്ന് അറിയണമെന്ന ആഗ്രഹത്തോടെയാണ് മുഫ്തി മുസ്തഫയെ ചെന്നു കണ്ടത്. ഉസ്മാനിയാ ഭരണകാലത്ത് 273 മസ്ജിദുകളുണ്ടായിരുന്ന നഗരമാണ് സെര്‍ബിയയുടെ തലസ്ഥാന നഗരിയായ ബെല്‍ഗ്രേഡ്. അവയില്‍ ബൈറാക്ലി മസ്ജിദ് മാത്രമേ നിലവില്‍ ബാക്കിയുള്ളൂ. നഗരത്തിലെ 20,000-ത്തോളം മുസ്ലിംകളുടെ ഏക ആരാധനാലയമാണിത്. ഈ മസ്ജിദിനോടു ചേര്‍ന്നാണ് മുഫ്തി മുസ്തഫയുടെ ഓഫീസും മദ്‌റസയും സ്ഥിതി ചെയ്യുന്നത്. പുതിയ മസ്ജിദുകള്‍ നിര്‍മിക്കാനുള്ള അപേക്ഷകള്‍ തുടര്‍ച്ചയായി നിരസിക്കുകയാണ് സെര്‍ബിയന്‍ ഭരണകൂടം. മറുഭാഗത്ത് വിരലിലെണ്ണാവുന്ന ഏതാനും മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവര്‍ ധനസഹായം നല്‍കുന്നുമുണ്ട്.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഒറ്റ പുതിയ മസ്ജിദിനു പോലും ബെല്‍ഗ്രേഡില്‍ അനുമതി ലഭിച്ചിട്ടില്ല. ഉസ്മാനിയാ കാലഘട്ടത്തിലെ മസ്ജിദുകള്‍ തകര്‍ക്കപ്പെടുകയും ചിലത് പുനര്‍നിര്‍മാണമെന്ന പേരില്‍ സുദീര്‍ഘമായി അടച്ചിടുകയുമാണ് ഭരണകൂടം ചെയ്യുന്നത്. കൊസോവോ, ബോസ്നിയ, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയുമായി ചേര്‍ന്നുകിടക്കുന്ന സാന്‍സാക് പ്രവിശ്യയില്‍ ഏകദേശം 23 ലക്ഷം മുസ്ലിംകള്‍ ഈ രാജ്യത്ത് ജീവിക്കുന്നുണ്ട്. ഈ ഭാഗങ്ങളിലാണ് സെര്‍ബിയന്‍ മുസ്ലിംകള്‍ കടുത്ത പ്രതിസന്ധി നേരിടുന്നത്. യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള സെര്‍ബിയയുടെ അപേക്ഷ നിലവില്‍ തടസ്സപ്പെട്ടു നില്‍ക്കുന്നത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആരാധനാവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടക്കിയാണ്.
2016-ല്‍ നല്‍കിയ മറുപടിയില്‍ ഈ വിഷയത്തില്‍ കൃത്യമായ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ സെര്‍ബിയയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സൈനികരായ മുസ്ലിംകള്‍ക്കു വേണ്ടി മൂന്ന് പള്ളികള്‍ പണിതതൊഴിച്ചാല്‍ മറ്റു നടപടികളൊന്നും സെര്‍ബിയന്‍ ഗവണ്‍മെന്റ് ഇതേവരെ സ്വീകരിച്ചിട്ടില്ല. പ്രത്യക്ഷമായ മുസ്ലിംവിരുദ്ധത കാണിക്കുന്നില്ലെങ്കിലും ഓര്‍ത്തഡോക്സുകളുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള സെര്‍ബിയന്‍ ഭരണകൂടം സാങ്കേതികതകളുടെ മറപിടിച്ച് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് 1997-ല്‍ ബിരുദം നേടിയ മുസ്തഫാ അഫന്ദി യൂസുഫ് സാഹിച്ചിന് മാതൃഭാഷയായ സെര്‍ബിയന് പുറമെ ഇംഗ്ലീഷ്, അറബി ഭാഷകളിലും പ്രാവീണ്യമുണ്ട്. ബോസ്നിയന്‍ യുദ്ധാനന്തരം സെര്‍ബിയന്‍ സര്‍ക്കാര്‍ രൂപീകരിച്ച 'മുറിവുണക്കല്‍' പദ്ധതിയുടെ ഭാഗമായി 2002-ല്‍ ട്രൂത്ത് ആന്റ് റീകണ്‍സിലിയേഷന്‍ കമ്മിറ്റിയില്‍ മുസ്തഫ അംഗമായി. 2013-ല്‍ സെര്‍ബിയന്‍ സൈന്യത്തില്‍ മതാചാരങ്ങള്‍ക്ക് അംഗീകാരം നല്‍കിയപ്പോള്‍ വിവിധ പ്ലാറ്റൂണുകളിലെ ഇമാമുമാരുടെ തലവനായി ക്യാപ്റ്റന്‍ പദവിയില്‍ മുസ്തഫ നിയമിക്കപ്പെട്ടു. നിലവില്‍ മേജറാണ് ഇദ്ദേഹം. സെര്‍ബിയയുടെ ഹലാല്‍ അതോറിറ്റിയുടെ ഡയറക്ടര്‍ ജനറലും കൂടിയാണ് ഈ അമ്പത്തിരണ്ടുകാരന്‍.
സെര്‍ബിയന്‍ മുസ്ലിം ജീവിതത്തെ കുറിച്ച് ഏറെയൊന്നും തുറന്നു പറയുന്നില്ലെങ്കിലും ചില സൂചനകളിലൂടെയും സമീകരണങ്ങളിലൂടെയുമാണ് അദ്ദേഹം  സംസാരിച്ചത്. സെര്‍ബിയന്‍ മുസ്ലിംകളുടെ ജീവിത സാഹചര്യങ്ങള്‍ സങ്കീര്‍ണമാണെന്ന് സമ്മതിച്ച മുഫ്തി മുസ്തഫ, ലോകത്തെല്ലായിടത്തുമുള്ള ഇസ്ലാമിന്റെ അവസ്ഥയുമായി തുലനം ചെയ്താണ് അതിനെ വിലയിരുത്തുന്നത്.


സെര്‍ബിയയില്‍ എന്താണ് ഇപ്പോഴത്തെ അവസ്ഥ? പ്രത്യേകിച്ചും ഇവിടത്തെ മുസ്ലിം ജീവിതം എങ്ങനെയാണ്?
ഇസ്ലാമിന് ലോകത്തെല്ലായിടത്തുമുള്ളതിനെക്കാള്‍ എതിര്‍പ്പ് കൂടിയതോ കുറഞ്ഞതോ ആയ പ്രത്യേക സാഹചര്യമൊന്നും സെര്‍ബിയയിലും ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. ഞങ്ങള്‍ക്കു ചുറ്റിലുമുള്ള ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചും പൂര്‍ണമായ ധാരണയൊന്നും എനിക്കില്ല. എങ്കില്‍ പോലും ബാഹ്യമായി മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളുടെ വെളിച്ചത്തിലാണിത് പറയുന്നത്. ലോകത്ത് ദൈവം പറഞ്ഞയച്ച അവസാനത്തെ പ്രവാചകന്റെ അനുയായികളാണ് നമ്മള്‍. ദൈവത്തിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുകയാണ് നമ്മുടെ ദൗത്യം. നാം മറ്റുള്ളവരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ജനതയാണ്. ഒരേയൊരു ദൈവം എന്ന ആശയത്തെ എതിര്‍ക്കുന്ന ധാരാളം ശത്രുക്കള്‍ നമുക്ക് ചുറ്റിലുമുണ്ടാവാം. ഒരൊറ്റ ദൈവമെന്നു പറയുമ്പോള്‍ ഭൂമിയിലെ മനുഷ്യരെ യോജിപ്പിച്ചു നിര്‍ത്തുന്ന പ്രധാനപ്പെട്ട ഘടകം കൂടിയാണത്. ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തുക എന്നത് ഒട്ടും ആഗ്രഹിക്കാത്ത ധാരാളം പേരുണ്ട്. അത്തരക്കാര്‍ ലോകത്തെല്ലായിടത്തുമെന്ന പോലെ ഇവിടെയുമുണ്ട്.

പൗരന്മാര്‍ എന്ന നിലയില്‍ എങ്ങനെയാണ് സെര്‍ബിയന്‍ മുസ്ലിംകള്‍ മുന്നോട്ടു പോകുന്നത്?
സെര്‍ബിയന്‍ ഭരണഘടന പ്രകാരം ഇവിടെ എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങളുണ്ട്. വിദ്യാഭ്യാസപരവും മതപരവുമായ അവകാശങ്ങളില്‍ എല്ലാവരും തുല്യരാണ്. അതേസമയം ഈ ഭരണഘടന നടപ്പാക്കുന്നിടത്ത് പ്രായോഗിക തലത്തില്‍ അസമത്വങ്ങളുമുണ്ട്. മുസ്ലിംകള്‍ മാത്രമായി നേരിടുന്ന പ്രശ്നങ്ങളുണ്ടോ എന്നു ചോദിച്ചാല്‍ വ്യക്തമായി ഉത്തരം പറയുക എളുപ്പമല്ല. എന്നാല്‍, മറ്റൊരു കോണിലൂടെ നോക്കുമ്പോള്‍ ഉണ്ടെന്നും പറയേണ്ടി വരും. സെര്‍ബിയയുടെ തെക്കന്‍ മേഖലയില്‍ 90 ശതമാനവും മുസ്ലിംകള്‍ ജീവിക്കുന്ന മേഖലകളുണ്ട്. കൊസോവോയുടെയും ബോസ്നിയയുടെയും അതിര്‍ത്തികളോടു ചേര്‍ന്ന ഭാഗങ്ങളാണിത്. പൊതുവെ ഗ്രാമീണ മേഖലയിലും പ്രത്യേകിച്ച് ഈ പ്രദേശങ്ങളിലും ജീവിക്കുന്നവരിലേക്ക് വികസന പദ്ധതികള്‍ നല്ലൊരളവില്‍ എത്താറില്ല. ഈ മേഖലകളില്‍ സാമ്പത്തിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും രൂക്ഷമാണ്. അതേസമയം അവിടങ്ങളില്‍ ജീവിക്കുന്ന എല്ലാവരെയും ഒരുപോലെയാണ് ഈ പ്രതിസന്ധികള്‍ ബാധിക്കുന്നത്. രാഷ്ട്ര തലസ്ഥാനത്തു നിന്ന് അകലങ്ങളിലേക്ക് പോകുന്തോറും ഇത്തരം പ്രശ്നങ്ങള്‍ കൂടിവരുന്നതായി കാണാം.

മസ്ജിദുകള്‍, മദ്‌റസകള്‍ തുടങ്ങിയവയുടെ കാര്യത്തില്‍ എന്താണ് സെര്‍ബിയയുടെ നിലപാട്? യൂറോപ്യന്‍ യൂനിയന്‍ 2016-ല്‍ നല്‍കിയ നിര്‍ദേശത്തോട് അവര്‍ അനുകൂലമായി പ്രതികരിക്കുന്നുണ്ടോ?
സത്യസന്ധമായി പറയുകയാണെങ്കില്‍ ഇല്ല എന്നാണ് ഉത്തരം. 2017 റമദാനിലാണ് സിമൂനിലെ പള്ളി അവര്‍ തകര്‍ത്തത്. ബൈറാക്ലി മസ്ജിദ് ആവശ്യങ്ങള്‍ക്ക് മതിയാകാതെ വന്നപ്പോഴാണ് ഇങ്ങനെയൊരെണ്ണം കൂടി പ്രദേശത്തെ മുസ്ലിംകള്‍ ഉണ്ടാക്കിയത്. അതിന് കൃത്യമായ അപേക്ഷയും നല്‍കിയിരുന്നു. നഗരത്തിലെ മറ്റ് കെട്ടിടങ്ങള്‍ക്കൊന്നും ബാധകമല്ലാതിരുന്ന ചില ന്യായങ്ങള്‍ നിരത്തി അര്‍ധരാത്രിയിലാണ് ബുള്‍ഡോസറുമായി വന്ന് അവര്‍ പള്ളി തകര്‍ത്തത്. നിലവില്‍ ഞങ്ങള്‍ ചെയ്യുന്നത് മുനിസിപ്പാലിറ്റിയില്‍ നേരത്തെ ഉണ്ടായിരുന്ന വീടുകള്‍ പണം കൊടുത്തു വാങ്ങി മസ്ജിദുകളാക്കി മാറ്റുകയാണ്. മുസ്ലിം പള്ളികള്‍ക്ക് നല്‍കുന്ന അപേക്ഷകള്‍ അകാരണമായി തടഞ്ഞുവെക്കുന്ന ബ്യൂറോക്രസി സെര്‍ബിയയിലുണ്ട്. എന്നാല്‍, ഒരു രാജ്യമെന്ന നിലയില്‍ ഇവിടത്തെ ഭരണഘടന ഇത്തരമൊരു തരംതിരിവ് അംഗീകരിച്ചിട്ടില്ല. താങ്കള്‍ സൂചിപ്പിച്ച യൂറോപ്യന്‍ യൂനിയന്റെ നിര്‍ദേശത്തിലടക്കം സംഭവിച്ചത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകളാണ്. മസ്ജിദുകളുടെ കാര്യമിരിക്കട്ടെ, മുസ്ലിംകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ പോലും അത്യസാധാരണമായ കാലവിളംബം ഇവിടെ പതിവാണ്. ഇതെല്ലാം ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ അടുത്ത ദിവസങ്ങളില്‍ സെര്‍ബിയന്‍ പ്രസിഡന്റിനെ കാണുന്നുണ്ട്. ഈ വിഷയങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നത്.

സാംസ്‌കാരികമായ പ്രതിസന്ധികള്‍ ഉണ്ടെന്നു തന്നെയല്ലേ പറഞ്ഞുവരുന്നത്?
ഇസ്ലാം ഈ രാജ്യത്തേക്ക് വരുന്നത് ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉസ്മാനിയാ ചക്രവര്‍ത്തിമാരിലൂടെയാണ്. ഈ ചക്രവര്‍ത്തിമാരെ സെര്‍ബിയന്‍ ചരിത്രം വിശേഷിപ്പിക്കുന്നത് കടന്നുകയറ്റക്കാരായാണ്. ഈ രാജ്യത്ത് ഭൂരിപക്ഷവും മുസ്ലിംകള്‍ ആയിരുന്ന ഒരു കാലഘട്ടം ചരിത്രത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇന്ന് പക്ഷേ, മൂന്ന് ശതമാനത്തോളമാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ. 30 വര്‍ഷം മുമ്പ് സെര്‍ബിയ ബോസ്നിയയുമായി യുദ്ധം ചെയ്തിട്ടുണ്ട്. ഓര്‍ത്തഡോക്സുകള്‍ മുസ്ലിംകള്‍ക്കെതിരെ രംഗത്തു വന്നു. സെര്‍ബിയയിലെ മുസ്ലിം നേതാക്കള്‍ എന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ സമാധാനം കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിച്ചത്. പ്രത്യേകിച്ചും ഇവിടെ സെര്‍ബിയയില്‍. ഭാവി തലമുറകള്‍ക്കു വേണ്ടി ഇസ്ലാമിനെ ഈ രാജ്യത്ത് നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. യുദ്ധമുണ്ടായപ്പോള്‍ സെര്‍ബിയയിലും അതിന്റെ അനുരണനങ്ങളുണ്ടായി. ബോസ്നിയയില്‍ മാത്രമല്ല കൊസോവോയിലും വലിയ മട്ടില്‍ മുസ്ലിംകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു.
ബോസ്നിയയും കൊസോവോയും സെര്‍ബിയയില്‍ നിന്ന് വേര്‍പെടുത്തിയതിനെ എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. യൂഗോസ്ലാവിയയെ പല കഷണങ്ങളായി വിഭജിച്ചത് മുസ്ലിംകളെയാണ് ശിഥിലമാക്കിയത്. ഒറ്റ രാജ്യമായിരുന്ന കാലത്ത് ആറ് ദശലക്ഷം മുസ്ലിംകളാണ് യൂഗോസ്ലാവിയയില്‍ ഉണ്ടായിരുന്നത്. ഇന്നവര്‍ ദുര്‍ബലരായി മാറി. ഇന്ത്യ-പാകിസ്താന്‍ വിഭജനം പോലെയാണ് ഞാനതിനെ നോക്കിക്കാണുന്നത്.

സെര്‍ബിയ എന്ന രാജ്യത്തിന്റെ പ്രധാന മുഫ്തിയും സൈന്യത്തിന്റെ ഉപദേശകനുമായി ഇരിക്കുക എന്നത് എളുപ്പമാണോ?
സെര്‍ബിയന്‍ പൗരന്മാരായ മുസ്ലിംകള്‍ ബഹുമാനിക്കപ്പെടുന്നുണ്ട് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. ഞാന്‍ സൈന്യത്തിന്റെ ഉപദേശകനാണ്. സൈന്യത്തിനകത്ത് ഇത്രയും വലിയ പദവി നല്‍കുക എന്നത് ചെറിയ കാര്യമല്ല. മറ്റ് മതസ്ഥര്‍ക്കുള്ള എല്ലാ അവകാശങ്ങളും സെര്‍ബിയയുടെ മുസ്ലിം സൈനികര്‍ക്കുമുണ്ട്. ഇതിനകം മൂന്ന് പള്ളികള്‍ സെര്‍ബിയന്‍ സൈന്യത്തിനായി സ്ഥാപിച്ചിട്ടുണ്ട്. സൈന്യത്തിനകത്ത് ഇങ്ങനെ കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല.  നല്ല രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള അവസരവും ലഭിക്കുന്നുണ്ട്.  മുസ്ലിം പ്രോജക്ടുകള്‍ക്ക് ഗവണ്‍മെന്റിന്റെ ധനസഹായവും ലഭിക്കുന്നു. ഉദാഹരണത്തിന് ഞങ്ങള്‍ക്കൊരു മദ്‌റസയുണ്ടാക്കണം. പദ്ധതി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ചാല്‍ ധനസഹായം ലഭിക്കും. പ്രാദേശിക സംവിധാനങ്ങളെയാണ് ഇതിനായി കൂടുതലും ആശ്രയിക്കുക. പണി പൂര്‍ത്തിയായ മദ്‌റസകള്‍ക്ക് 50,000 യൂറോ വരെയുള്ള തുക വാര്‍ഷിക അലവന്‍സായും തരും.

പക്ഷേ, സെര്‍ബിയന്‍ സൈന്യം ബോസ്നിയന്‍ മുസ്ലിംകള്‍ക്കെതിരെ പോരാടിയിട്ടുണ്ടല്ലോ?
അതെ, തീര്‍ച്ചയായും പോരാടിയിട്ടുണ്ട്. പക്ഷേ, നിങ്ങള്‍ ഇന്ന് ഈ രാജ്യത്തെ ജനങ്ങളോട് ചോദിക്കുക, എന്തിനാണ് അവര്‍ ആ യുദ്ധം ചെയ്തതെന്ന്? ഒരാള്‍ക്കു പോലും കൃത്യമായ മറുപടി ഉണ്ടാവില്ല. ആ യുദ്ധം ആരംഭിക്കുന്നതിന്റെ തൊട്ടു മുമ്പെ പോലും ആര്‍ക്കും അറിയുമായിരുന്നില്ല എന്താണ് യുദ്ധം കൊണ്ട് അന്തിമമായി ലക്ഷ്യം വെക്കുന്നതെന്ന്. അതെല്ലാം വെറുതെ കാമറകള്‍ക്കു മുന്നില്‍ നടത്തുന്ന പ്രചാരണ കോലാഹലം മാത്രമായാണ് ജനങ്ങള്‍ മനസ്സിലാക്കിയത്. ഏതോ ബേക്കറിക്കാരന്‍ സൈക്കിളില്‍ പോകുമ്പോള്‍ അയാളെ വഴിയില്‍ സൈന്യം തടയുന്നതിന്റെയും ഞാന്‍ നിങ്ങളുടെ ഈ കാമറാ നാടകം വകവെക്കുന്നില്ലെന്ന് അയാള്‍ കയര്‍ക്കുന്നതിന്റെയും പ്രശസ്തമായ ആ ദൃശ്യം നിങ്ങള്‍ കണ്ടിരിക്കുമല്ലോ. പക്ഷേ അതൊരു തമാശയല്ലെന്ന് ജനങ്ങള്‍ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. തങ്ങളുടെ സഹോദരന്മാര്‍ തെരുവില്‍ മരിച്ചു വീഴാന്‍ തുടങ്ങി. പക്ഷേ, എന്തിനു വേണ്ടിയാണ് കൊല്ലപ്പെടുന്നതെന്ന് അവര്‍ക്ക് അറിയുമായിരുന്നില്ല. ഒരുപക്ഷേ, അവരുടെ പേരുകള്‍ വേറെയായതു കൊണ്ട്, അതല്ലെങ്കില്‍ മതവിശ്വാസം മറ്റൊന്നായതു കൊണ്ട് അവര്‍ കൊല്ലപ്പെട്ടു. അതല്ലെങ്കില്‍ ചിലരതിനെ മുതലെടുത്ത് ഇതൊരു മതകീയ യുദ്ധമാക്കാന്‍ ബോധപൂര്‍വം ശ്രമിച്ചു.

അതൊരു മതകീയ യുദ്ധമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്- ശരിയല്ലേ?
ബാഹ്യമായി നോക്കുമ്പോള്‍ അതൊരു മതകീയ യുദ്ധമാണെന്ന് തെളിയിക്കാവുന്ന നിരവധി ഘടകങ്ങള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും. പക്ഷേ, അടിസ്ഥാനപരമായി അത് ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള യുദ്ധമായിരുന്നു. ആ താല്‍പര്യങ്ങള്‍ മതപരമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയാണ് ആ യുദ്ധം സംഘടിപ്പിക്കപ്പെട്ടത്. സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ആ യുദ്ധത്തെ വിശ്വാസവുമായി ചേര്‍ത്തുവെക്കാന്‍ കഴിയില്ല തന്നെ. ബോസ്നിയയില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സെര്‍ബിയയില്‍ ഞങ്ങളും ക്രിസ്ത്യന്‍ നേതാക്കളും ജനങ്ങളെ ഒരുമിച്ചു നിര്‍ത്താനാണ് ശ്രമിച്ചത്. 47 വര്‍ഷം ഇവിടെ ഇമാമായിരുന്ന എന്റെ പിതാവ് അക്കൂട്ടത്തില്‍ ഒരാളായിരുന്നു. അല്ലാഹു അദ്ദേഹത്തിന്റെ സല്‍ക്കര്‍മങ്ങള്‍ സ്വീകരിക്കുമാറാകട്ടെ. ബോസ്നിയയില്‍ നിന്ന് വരുന്നവര്‍ക്കായി ഇവിടെ ധാരാളം അഭയകേന്ദ്രങ്ങള്‍ തുറന്നു. അവര്‍ അതിര്‍ത്തി കടന്ന് ബെല്‍ഗ്രേഡിലേക്കാണ് വന്നു കൊണ്ടിരുന്നത്. എന്തുകൊണ്ട് മുസ്ലിംകള്‍ അന്നതിന് ധൈര്യപ്പെട്ടു? മുസ്ലിംകള്‍ ആയതു കൊണ്ടു മാത്രമാണ് കൊല്ലപ്പെടുന്നതെങ്കില്‍ ബെല്‍ഗ്രേഡിലും ആ അവസ്ഥക്ക് മാറ്റം ഉണ്ടാവുകയില്ലല്ലോ. യുദ്ധത്തിന്റെ കാരണം മറ്റെന്തോ ആയിരുന്നു. ബോസ്നിയന്‍ സെര്‍ബുകളും ഇവിടെയുള്ള സെര്‍ബുകളും തമ്മിലുള്ള വ്യത്യാസമായിരിക്കാം അത്. വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ളവരാണ് സെര്‍ബുകള്‍. ഇവിടെ ഞാനൊരിക്കലും അവരെ ക്രൂരന്മാരായി കണ്ടിട്ടില്ല. ഏതെങ്കിലും മതമോ വംശമോ രാഷ്ട്രമോ അല്ല മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്. അത് പിശാചിന്റെ പ്രവൃത്തിയാണ്. അടിസ്ഥാനപരമായി പിശാച് മാത്രമാണ് മനുഷ്യകുലത്തിന്റെ ശത്രു. മൂന്നില്‍ രണ്ടും വെള്ളം കൊണ്ടുണ്ടാക്കിയ മനുഷ്യനെ തീ കൊണ്ട് സൃഷ്ടിക്കപ്പെട്ട ശൈത്താന്‍ പരാജയപ്പെടുത്തുകയാണ്. നമുക്ക് അവന്റെ തീ കെടുത്താന്‍ കഴിയുന്നില്ല.

ഇവിടെ മുസ്ലിംകളും ഓര്‍ത്തഡോക്സുകളും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണോ?
വലിയൊരളവോളം അതെ. പരസ്പരം മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ ധാരാളമായി നടക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇവിടെയുള്ള പള്ളിയിലും മദ്‌റസയിലും നിത്യവും ധാരാളം പേര്‍ ഇസ്ലാമിനെ കുറിച്ച് പഠിക്കാനായി എത്തുന്നുണ്ട്. നഗരത്തിലേക്ക് സംഘങ്ങളായി എത്തുന്ന വിനോദ സഞ്ചാരികള്‍ ഈ മസ്ജിദിലേക്ക് വരുമ്പോള്‍ അവര്‍ക്ക് ഇസ്ലാമിനെ കുറിച്ച് പറഞ്ഞുകൊടുക്കാനായി ഇവിടെ സംവിധാനമുണ്ട്. ഞങ്ങള്‍ക്ക് മദ്‌റസയുണ്ട്. ലൈബ്രറിയുണ്ട്. ഇവിടത്തെ സ്ത്രീ സമൂഹത്തിനിടയില്‍ പ്രവര്‍ത്തിക്കാനായി ഞങ്ങള്‍ക്ക് വനിതാ വിഭാഗമുണ്ട്. ഖുര്‍ആന്‍ പഠന കേന്ദ്രമുണ്ട്. സെര്‍ബിയന്‍ ഭാഷയിലേക്ക് ഖുര്‍ആന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വേറെ ധാരാളം ഇസ്‌ലാമിക പുസ്തകങ്ങളുമുണ്ട്. അതിന് നിയമപരമായി എല്ലാ അനുവാദവും ഇവിടെയുണ്ട്. സെര്‍ബിയയിലെ പാരമ്പര്യ മതം എന്ന നിലയില്‍  19-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ ഇസ്ലാം ഇവിടെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനിക സെര്‍ബിയയുടെ ഭാഗമാണ് ഇവിടത്തെ മുസ്ലിംകള്‍. അതായത്, ഉസ്മാനിയാ ചക്രവര്‍ത്തിമാര്‍ പിന്‍വാങ്ങിയതിനു ശേഷമുള്ള കാലത്തും ക്രൈസ്തവ സെര്‍ബിയ ഈ രാജ്യത്തെ പൗരന്മാരായ മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്തിയിട്ടില്ല.

ബോസ്നിയന്‍ വംശഹത്യയില്‍ സെര്‍ബിയക്ക് ഒരു പങ്കും ഇല്ലെന്നാണോ?
അത് നിഷേധിക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, ഒരു രാജ്യം എന്ന നിലയില്‍ സെര്‍ബിയ എന്ത് നിലപാട് സ്വീകരിച്ചു എന്നതാണ് പ്രധാനം. യുദ്ധം ഞങ്ങള്‍ക്ക് ഒന്നും നേടിത്തന്നില്ല. ഇന്ന് അത് തിരിച്ചറിയുന്നതു കൊണ്ടാണ് ബോസ്നിയ അടക്കം എല്ലാ ബാല്‍ക്കന്‍ രാജ്യങ്ങളുടെയും കൂട്ടായ്മക്കു വേണ്ടി സെര്‍ബിയ മുന്നില്‍ നില്‍ക്കുന്നത്.

സെര്‍ബിയന്‍ പൊതുസമൂഹത്തില്‍ ഇസ്ലാമിന് സ്വീകാര്യതയുണ്ടോ?
ഉണ്ടല്ലോ. ഇവിടെ ധാരാളം പേര്‍ ഇസ്ലാം സ്വീകരിക്കുന്നുമുണ്ട്. ഞാനത് കൊട്ടിഘോഷിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇസ്ലാമോേഫാബിയ ലോകത്തെല്ലായിടത്തുമെന്ന പോലെ ഇവിടത്തെ മാധ്യമങ്ങളിലുമുണ്ട്. അതിന്റെ സ്വാഭാവികമായ തുടര്‍ച്ചയെന്നോണം ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുമുണ്ട്. ഏതെങ്കിലുമൊരാള്‍ ഖുര്‍ആന്റെ കോപ്പി കത്തിക്കുമ്പോള്‍, അതല്ലെങ്കില്‍ പ്രവാചകനെ പറ്റി ദുഷിച്ച് പറയുമ്പോള്‍ അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതും പ്രധാനമാണ്. അത്തരക്കാരെ രോഗാതുരമായ മനസ്സുള്ളവരായി  കാണുക. മനുഷ്യ മനസ്സുകളില്‍ നിന്ന് അന്ത്യനാള്‍ വരെയും അതിനെ ആര്‍ക്കും മായ്ച്ചുകളയാനോ കത്തിച്ചു കളയാനോ കഴിയില്ലല്ലോ. ഞാന്‍ ഖുര്‍ആനിലേക്കു പൂര്‍ണമായി തിരിയുന്നത് 1999 മുതല്‍ക്കാണ്. നിങ്ങള്‍ എപ്പോള്‍ മുതല്‍ക്കാണോ അതിനെ ഗൗരവത്തോടെ സമീപിക്കുന്നത് അവിടം തൊട്ടാണ് നിങ്ങള്‍ക്കത് അവതീര്‍ണമാകുന്നത്. 15 നൂറ്റാണ്ടുകള്‍ മുമ്പെ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥം എന്ന മുഖവുരയോടെയല്ല ഞാനിവിടെ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ഇതവരുടെ തലമുറക്കു വേണ്ടി ഇറങ്ങിയതാണെന്ന അര്‍ഥത്തിലാണ്; അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന ഒരു  ഗ്രന്ഥമായാണ്. നിങ്ങളെ നിര്‍മിച്ച ഫാക്ടറിയില്‍ നിന്നുള്ള മാന്വല്‍ ആയാണ് ഞാനതിനെ പരിചയപ്പെടുത്താറുള്ളത്. ദിവസവും എടുത്തു നോക്കണം. അല്ലാതെ പുണ്യപുരാതനമായ, ഭക്ത്യാദരവുകളോടെ സൂക്ഷിച്ചുവെക്കേണ്ട, എന്നിട്ടതില്‍ 'പുണ്യധൂളികള്‍' വന്നടിയേണ്ട ഒരു കിത്താബ് ആയിട്ടല്ല. നിങ്ങള്‍ എന്ന ഉല്‍പന്നത്തെ അനുകൂലമല്ലാത്ത, തികച്ചും വ്യത്യസ്തമായ  സാഹചര്യങ്ങളില്‍ എങ്ങനെ സമാധാനപൂര്‍വം പ്രവര്‍ത്തിപ്പിക്കാനാവും എന്നതിന്റെ നിര്‍ദേശങ്ങളാണ് ഈ മാന്വലിലുള്ളത്. 

മുസ്ലിം ലോകത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? 
പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്നെ പറയുന്നുണ്ട്. ഒരു ആത്മാവിനും അതിന് വഹിക്കാനാവാത്ത ഭാരം അല്ലാഹു നല്‍കുകയില്ല. ഇത് നമ്മുടെ സ്രഷ്ടാവായ അല്ലാഹു നല്‍കിയ  വാഗ്ദാനമാണ്. നാം അഭിമുഖീകരിക്കുന്ന ഏതൊരു പ്രശ്നത്തെയും ആ അര്‍ഥത്തില്‍ വളരെ നിസ്സാരമായി കാണാനാവും. അതിനെ ക്ഷമയോടെ നേരിട്ട് മുന്നോട്ടു പോവുക എന്നതാണ് പ്രധാനം. ദുനിയാവിലെ ഏത് പ്രതിസന്ധിക്കും ഉത്തരമുണ്ട്. പ്രശ്നം എന്ന വാക്ക് ഇംഗ്ലീഷില്‍ എഴുതുന്നത് പ്രോബ്ലം എന്നാണല്ലോ. ആ വാക്കിനകത്ത് പ്രോബ് അഥവാ അന്വേഷിക്കുക എന്നതു കൂടി അടക്കം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനെ മുന്‍നിര്‍ത്തി നാം ചില തീരുമാനങ്ങള്‍ എടുക്കുകയാണ് വേണ്ടത്. നിനക്ക് ദുനിയാവിലെ മറ്റെന്തിനെക്കാളും ഉത്തമമായത് മരണാനന്തര ജീവിതമാണ് എന്നും അല്ലാഹു മറ്റൊരു അധ്യായത്തില്‍ പറയുന്നുണ്ട്. എന്നെ പ്രചോദിപ്പിക്കുന്നത് ഈ ആയത്തുകളാണ്. ഈ ദുനിയാവില്‍ നിലനില്‍ക്കാന്‍ നിങ്ങള്‍ക്കൊരു പ്രചോദനം വേണ്ടതുണ്ട്. അത് വിശുദ്ധ ഖുര്‍ആന്‍ ആയിരിക്കണം. നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദുനിയാവില്‍ നിന്നും പോയേ പറ്റൂ. അന്തിമമായ ആ യാത്രയില്‍ അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാന്‍ ആവശ്യമായ വിഭവങ്ങളാണ് നാം കരുതിവെക്കേണ്ടത്. നാം അഭിമുഖീകരിക്കുന്ന പരീക്ഷണങ്ങളോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം. നിങ്ങള്‍ ഇന്ത്യയിലാണോ പാകിസ്താനിലാേണാ സെര്‍ബിയയിലാണോ ചൈനയിലാണോ എന്നതൊന്നും അവന്റെ മുമ്പില്‍ വിഷയമല്ല. നിങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടാവരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവനത് നല്‍കുമായിരുന്നില്ല. അവന്‍ അത് നല്‍കുന്നു എന്നതിന്റെ അര്‍ഥം നിങ്ങള്‍ക്കത് പരിഹരിക്കാന്‍ സാധ്യമാണ് എന്നു കൂടിയാണ്.

താങ്കളുടെ അഭിപ്രായത്തില്‍ മുസ്ലിംകള്‍ എന്ത് ചെയ്യണം? 
ഏത് വെല്ലുവിളികളെയും അല്ലാഹുവിനെ മുന്‍ നിര്‍ത്തി ഏറ്റെടുക്കണം. എല്ലാ പ്രവാചകന്മാരുടെ  കാലത്തും ജനങ്ങളും അല്ലാഹുവും തമ്മിലുള്ള ബന്ധങ്ങള്‍ ഏതോ പ്രകാരത്തില്‍ ദുര്‍ബലമായിത്തുടങ്ങിയിരുന്നു. പക്ഷേ, അവരെല്ലാം ജനങ്ങള്‍ക്ക് നല്‍കിയ പാഠം ഒന്നാണ്. മൂസാ പ്രവാചകന്റെ കാലത്ത് അത് ശാലോം, ഈസാ നബിയുടെ കാലത്ത് ശലീം, അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് സലാം. ഹൃദയത്തിനും അല്ലാഹുവിനുമിടയിലുള്ള സമാധാനമാണ് അവര്‍ പഠിപ്പിച്ചത്. അത് അല്ലാഹുവില്‍ നിന്നുള്ളതാണ്. അല്ലാഹുവിന് വേണ്ടി പോരാടണം, അവനെ നമ്മുടെ നിത്യജീവിതത്തിലേക്ക് കൊണ്ടുവരണം. നന്മയും തിന്മയും അവനില്‍ നിന്നാണെന്ന ഉത്തമ ബോധ്യം വേണം. സുജൂദിലായിരിക്കുമ്പോള്‍ നിങ്ങള്‍ അവനുമായി നേരിട്ടുള്ള സംഭാഷണത്തിലാണെന്ന് മറക്കരുത്. ആ സമയത്ത് നിങ്ങള്‍ മന്ത്രിക്കുന്ന ഓരോ വാക്കും ആകാശത്ത് പ്രതിധ്വനിക്കുന്നുണ്ട്. പാകിസ്താനിലോ ഇന്ത്യയിലോ ഉള്ള നിങ്ങള്‍ മന്ത്രിക്കുന്നത് സെര്‍ബിയയില്‍ ഞാന്‍ മന്ത്രിക്കുന്നതിനെക്കാള്‍ ഉച്ചത്തില്‍ അവന്‍ കേള്‍ക്കുന്നുണ്ട് എന്ന ബോധ്യം വേണം. സൃഷ്ടികളല്ല സ്രഷ്ടാവ് ആണ് നമുക്ക് ഒരു പ്രശ്നം ഇട്ടുതരുന്നത്; അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍. നിങ്ങളോട് യുദ്ധകാഹളം മുഴക്കിയെത്തുന്നവരോട് പുഞ്ചിരിയോടെ സംസാരിക്കൂ. നിങ്ങള്‍ അവരെ അല്‍പ്പം പോലും ഭയക്കുന്നില്ല. അവര്‍ നിങ്ങളുടെ മുമ്പിലുയര്‍ത്തുന്ന പ്രശ്നത്തെ നേരിടുന്നതിനുള്ള വഴികളും അല്ലാഹു പറഞ്ഞു തന്നിട്ടുണ്ട്. അതാണ് അവന്റെ ഗ്രന്ഥം. അത് നിങ്ങള്‍ സ്വീകരിക്കുന്നുണ്ടോ ഇല്ലേ എന്നാണ് അവന്‍ ഉറ്റുനോക്കുന്നത്. ഇസ്ലാം ഇത്രയും കാലം ലോകത്തുടനീളം വ്യാപിച്ചത് അങ്ങനെയാണ്.
ഇന്ന് പക്ഷേ, അല്ലാഹുവിനെ മുന്‍നിര്‍ത്തിയല്ല നാം യുദ്ധം ചെയ്യുന്നത്. സ്വൂഫിയാണോ സലഫിയാണോ ആരാണ് ശരിയെന്നും ആരുടെ ഉസ്താദാണ്, മൗലാനയാണ് മറ്റവരുടേതിനെക്കാള്‍ മികച്ചതെന്നും തെളിയിക്കാനാണ്. ഖുര്‍ആനെ മാറ്റിനിര്‍ത്തി സുന്നത്തിന് അമിത പ്രാധാന്യം നല്‍കുന്ന ഒരുപാട് സംഘടനകള്‍ ഇന്ന് ലോകത്തുണ്ട്. പരസ്പരം വിയോജിക്കാന്‍ കാരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്ന പണിയാണ് അവരുടേത്. പക്ഷേ, ഒരക്ഷരം പോലും മാറ്റാനാവാതെ ഖുര്‍ആനെ കാലാകാലങ്ങളോളം സംരക്ഷിക്കുമെന്ന് അല്ലാഹു തന്നെ ഉറപ്പു നല്‍കിയ കാര്യമാണ്.

അവസാനമായി ഒരു കാര്യം കൂടി: മേഖല വീണ്ടും പ്രക്ഷുബ്ധമാവുകയാണല്ലോ. ഉക്രയിന്‍ യുദ്ധം, ബാല്‍ക്കന്‍ രാജ്യങ്ങളില്‍ തന്നെ വീണ്ടും അസ്വസ്ഥതകള്‍...? 
സൈന്യത്തിന്റെ ആത്മീയ മേധാവികളിലൊരാള്‍ എന്ന നിലയില്‍ ഞാനത് അസ്വസ്ഥതയോടെയാണ് വീക്ഷിക്കുന്നത്. ബോസ്നിയയില്‍ കാര്യങ്ങള്‍ വീണ്ടും വഷളാവുന്നുണ്ട്. ഈ രാജ്യങ്ങളിലെ രാഷ്ട്രീയക്കാരാണ് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുന്നത്. ആത്മീയ നേതാക്കള്‍ക്ക് അതിലൊരു പങ്കുമില്ല. ബാല്‍ക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മ രൂപീകരിച്ച് പഴയ യുഗോസ്ലാവിയന്‍ മാതൃകയില്‍ മുന്നോട്ടു പോകാനുള്ള പദ്ധതി സെര്‍ബിയ മുന്നോട്ടു വെച്ചിട്ടുണ്ടെങ്കിലും ബോസ്നിയന്‍ നേതൃത്വം അത് നിരസിക്കുകയാണുണ്ടായത്. ഒരുപക്ഷേ, മേഖല വീണ്ടും പ്രക്ഷുബ്ധമായിക്കൂടെന്നില്ല. നമ്മള്‍ അല്ലാഹുവിന്റെ ഭൂമിക്ക് കൂടുതല്‍ അതിരുകളും മതില്‍ക്കെട്ടുകളും പണിഞ്ഞ് അവരവരുടേതാക്കാനുള്ള തത്രപ്പാടിലാണ്. സമുദ്രങ്ങളുടെയും മലകളുടെയും നദികളുടെയുമൊക്കെ പേരില്‍, അവയുടെ സംരക്ഷകരായി ചമഞ്ഞ്, അത്തരം പദവികള്‍ പേരുകള്‍ക്കൊപ്പം എഴുതിച്ചേര്‍ത്ത് പണ്ട് ഫിര്‍ഔന്‍ ചെയ്തതു പോലെയാണ് നമ്മള്‍ മുന്നോട്ടു പോകുന്നത്. ഫിര്‍ഔനെ മൂസ നേരിട്ടതു പോലെ നമ്മുടെ കാലത്ത് ഒട്ടനേകം ഛത്രാധിപതികളെ നേരിടേണ്ടി വരുന്നുണ്ട്. അബൂജഹലിനെതിരെ പ്രവാചകനായ മുഹമ്മദ് കാണിച്ചതും ഇതേ മാതൃകയാണ്. ഒന്നുകില്‍ അല്ലാഹുവിന്റെ വഴി. അല്ലെങ്കില്‍ ഭൗതിക വാദത്തിന്റെ വഴി. മകനെ അറുക്കണമെന്ന് ദൈവം കല്‍പ്പിക്കുന്നത് ഇബ്‌റാഹീം നബി മൂന്നുതവണ സ്വപ്നം കണ്ടു. അതിനെ മറികടക്കാനാണ് അദ്ദേഹത്തിലെ പിതാവ് ആദ്യം ശ്രമിച്ചത്. ഒടുവിലാണ് ആ കല്‍പ്പന അദ്ദേഹം ശിരസാവഹിച്ചത്. നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മരിക്കേണ്ടി വന്നാല്‍ അതിന് സന്നദ്ധനാവുമോ അതോ ദുനിയാവിന്റെ സൗകര്യങ്ങളുമായി രാജിയായി ജീവിക്കുമോ? ഇതാണ് ചോദ്യം. അല്ലാഹുവാണ് നിങ്ങളുടെയും ഭൂമിയുടെയും ഉടമസ്ഥന്‍. അവന്‍ തന്നതാണ് ജീവിതം. അവനാണ് നിങ്ങളുടെ മരണവും നിശ്ചയിക്കുന്നത്. അവനെ ആ അര്‍ഥത്തില്‍ ആരെങ്കിലും ഓര്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുണ്ടോ എന്നതാണ് പ്രശ്‌നം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്