Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

മുറിച്ചു മാറ്റിയും അടിച്ചു പരത്തിയും അഭിനവ പ്രൊക്രൂസ്റ്റസ്

ബശീര്‍ ഉളിയില്‍

 

പ്രതിവിചാരം / ബശീര്‍ ഉളിയില്‍


പ്രത്യയശാസ്ത്രശതങ്ങളുരുക്കീ 
പ്രകടനപത്രിക നീട്ടി,
ഇരുണ്ട ഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ 
നില്‍ക്കുകയാണീ നാട്ടില്‍
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്‌നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍...
(പ്രൊക്രൂസ്റ്റസ് - വയലാര്‍)

ഗ്രീക്ക് പുരാണങ്ങളിലെ ക്രൂരനായ ഒരു കാട്ടുകള്ളനാണ് പ്രൊക്രൂസ്റ്റസ്. വനത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരെ തന്റെ വീടാകുന്ന ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഇരുമ്പ് കട്ടിലില്‍ കിടത്തിയ ശേഷം അവരുടെ ശരീരം കട്ടിലിന്റെ ആകൃതിക്കനുസരിച്ച് മുറിച്ചു മാറ്റുകയോ അടിച്ചു പരത്തുകയോ ചെയ്യലാണ് അയാളുടെ രീതി. വിരുന്നിനെന്ന വ്യാജേനയാണ് ആളുകളെ ഗുഹയിലേക്ക് കൊണ്ടുപോവുക. മധുര പാനീയങ്ങള്‍ നല്‍കി മയക്കിയ ശേഷം പ്രൊക്രൂസ്റ്റസ് അവരെ കൊള്ളയടിക്കും. മയങ്ങി ഉണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കെട്ടും. ആ കട്ടിലിനുമുണ്ട് ഒരു പ്രത്യേകത. ഒരാളുടെയും  ശരീരം ആ കട്ടിലിന് പാകമായിരുന്നില്ല. അയാളുടെ  കട്ടിലിനെക്കാള്‍ വലുതാണ് അവരുടെ ഉടലുകളെങ്കില്‍, ഈര്‍ച്ച വാളുകൊണ്ട് കൈയും കാലും അരിഞ്ഞുകളയും. കട്ടിലിനെക്കാള്‍ ചെറുതാണെങ്കില്‍, ചുറ്റിക കൊണ്ട് കട്ടിലിന്റെ പാകത്തിന് അവയവങ്ങള്‍ അടിച്ചുപരത്തും. വനമധ്യത്തില്‍ വെച്ച് ഒരിക്കല്‍ തിസ്യൂസ് രാജകുമാരനെ പിടിച്ച പ്രൊക്രൂസ്റ്റസ് തുടര്‍ന്നു നടന്ന ഘോര യുദ്ധത്തിലാണ് കൊല്ലപ്പെടുന്നത് എന്നാണ് കഥ.
പ്രൊക്രൂസ്റ്റസിനു പകരം 'അഛേ ദിന്‍' മധുര ലഹരിയില്‍ ആളുകളെ മയക്കിക്കിടത്തി തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് അവരെ അരിഞ്ഞു മുറിച്ചും അടിച്ചു പരത്തിയും 'പാകമാക്കുന്ന' പ്രജാപതികളെയാണ് ഇതിഹാസങ്ങളില്‍ നിന്ന് സംഭവലോകത്തെത്തുമ്പോള്‍ നമുക്ക് കാണേണ്ടി വരുന്നത്. അമിത ദേശീയതയുടെയും തീവ്ര വംശീയതയുടെയും മാരകലഹരിയില്‍ മയക്കിയാണ് അവര്‍ പ്രജകളാകുന്ന  ഇരകളെ കൊള്ളയടിക്കുന്നത്. വഴങ്ങാത്തവരെ ജീവനോടെ തൊലിയുരിച്ചും നാവരിഞ്ഞും  നിശ്ശബ്ദരാക്കുന്നു. സഭാംഗങ്ങളുടെ വായില്‍ നിന്ന് വരുന്ന ചില വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണല്ലോ  ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പാര്‍ലമെന്റ് 'പ്യാരേ ദേശ് വാസിയോംസി'നെ ഇത്തവണ ഞെട്ടിച്ചുകളഞ്ഞത്.  അഹങ്കാരി, അഴിമതിക്കാരന്‍, മന്ദബുദ്ധി, സ്വേച്ഛാധിപതി, നാട്യക്കാരന്‍, ഗുണ്ട, മുതലക്കണ്ണീര്‍, ഗൂഢാലോചന  തുടങ്ങി 65- ഓളം വാക്കുകള്‍ സഭ്യേതര (അണ്‍പാര്‍ലമെന്ററി) മായി പ്രഖ്യാപിച്ചിരിക്കുകയാണ് പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍! അഥവാ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകള്‍ക്കാണ് ഇപ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പറഞ്ഞതു പോലെ പുതിയ ഇന്ത്യയുടെ ഡിക്ഷണറിയാണ് പാര്‍ലമെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിവു പോലെ ഇത്തവണയും യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് 'വിലക്കപ്പെട്ട വാക്കുകളു'ടെ  ബുക്ക് ലെറ്റും  പുറത്തിറക്കിയത്.  സ്വന്തത്തെ കുറിച്ചുള്ള 'ബോധവും ആത്മവിശ്വാസവും' അത്രമേല്‍ ഉള്ളതു കൊണ്ട് തങ്ങളെ കുറിച്ചുള്ള വാക്കുകള്‍ തെരഞ്ഞെടുക്കാന്‍ മറ്റാരുടെയും സഹായം ആവശ്യമില്ല എന്നതായിരിക്കും ഭരണകക്ഷിയുടെ ഞായം. വിലങ്ങ് വീണ വാക്കുകളുടെ കൂട്ടത്തില്‍ മഹാഭാരത കഥയിലെ ഏറ്റവും വലിയ ദുഷ്ട കഥാപാത്രം 'ശകുനി'യുമുണ്ട്. സ്വന്തം നന്മ എന്നതിലുപരി താന്‍ വെറുക്കുന്നവരുടെ അധഃപതനം ആഗ്രഹിക്കുന്ന കഥാപാത്രമാണ് ശകുനി!
ചില വാക്കുകള്‍ സഭാ തളത്തില്‍ ഉയരുമ്പോള്‍, 'ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്' എന്ന മട്ടിലുള്ള ഒരു തരം മനോവിഭ്രാന്തി  (Paranoid Personality Disorder) യില്‍ നിന്നാണ് ഇമ്മാതിരി നിരോധനത്തിന്റെ തിട്ടൂരങ്ങള്‍ ഉയരുന്നത്. സംശയരോഗത്തിന്റെ സന്തതിയാണ് ഫാഷിസം. ചുറ്റുമുള്ളവരെല്ലാം തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് ഫാഷിസ്റ്റുകള്‍ എപ്പോഴും ഭയപ്പെടുന്നു. ഒരു അപരത്തെ  സൃഷ്ടിക്കുകയും അതിനെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും ചെയ്യുന്നു. സംശയം തീവ്രമാകുന്നതോടെ അത് ഭയമായി മാറുകയും 'അപര'ത്തെ വെറുക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഈ ഭയത്തെ മറികടക്കാനുള്ള എളുപ്പവഴി ആ 'അപര'ത്തെ നിഷ്‌കാസനം ചെയ്യലാണ്. അത് തന്നെയാണ് വംശഹത്യയുടെ മനഃശാസ്ത്രവും!
വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ പുതിയ ഉത്തരവ് തള്ളി പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് അടുത്ത ഉത്തരവ് പുറത്തു വന്നത്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണയോ സത്യഗ്രഹമോ പാടില്ല എന്നതാണ് ആ തിട്ടൂരം. പാര്‍ലമെന്റില്‍ എന്തു പറയാന്‍ പാടില്ല എന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തിപ്പടരുന്നതിനിടെയാണ്  പാര്‍ലമെന്റിനു പുറത്ത് എന്തൊക്കെ പാടില്ല എന്ന ഇണ്ടാസ് ഒരു കൂസലും കൂടാതെ പുറത്തിറക്കുന്നത്.
മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട് എന്നതാണ് ഏറ്റവും വലിയ തമാശ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്  നിര്‍മാണത്തിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ ദേശീയ ചിഹ്നമായ അശോകസ്തംഭം  പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജ-ഹോമാദികളോടെ  അനാഛാദനം ചെയ്തത്. ഇനിയിപ്പോ അടുത്തിടെ ആര്‍.എസ്.എസ് സംഘ് ചാലക് മോഹന്‍ ഭാഗവത്തിന്റെ പുതിയ ഹിന്ദുത്വ നിര്‍വചനമനുസരിച്ചുള്ള 'ദേശീയ ആചാര'ത്തിന്റെ ഭാഗമായിരിക്കുമോ മേല്‍ചൊന്ന പൂജാകര്‍മങ്ങള്‍?! രാജ്യത്തെ  മുസ്ലിം-ക്രിസ്ത്യന്‍ മതവിഭാഗങ്ങളെല്ലാം ഇനി മുതല്‍ അഹിന്ദുക്കള്‍ ആയിരിക്കില്ലെന്നും; മറിച്ച് അഭിമാനിയായ ഹിന്ദു, സന്ദേഹിയായ ഹിന്ദു, സൗഹൃദമില്ലാത്ത ഹിന്ദു, അജ്ഞനായ ഹിന്ദു എന്നിങ്ങനെയുള്ള 'നവ ചാതുര്‍വര്‍ണ്യ'ത്തിന്റെ ഭാഗമായിരിക്കുമെന്നും ഹൈന്ദവമായ എല്ലാ ആചാരങ്ങളും 'ദേശീയത' യുടെ ഭാഗമാണെന്നും വന്നാല്‍ ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വ ഇന്ത്യയിലേക്കുള്ള 'മഹത്തായ' കുതിച്ചു ചാട്ടത്തിന്റെ ആദ്യ ചുവട്‌വെപ്പായിരിക്കും ബ്രാഹ്മണ തന്ത്രിമാരുടെ കാര്‍മികത്വത്തില്‍ നടന്ന പ്രസ്തുത പൂജ. ഇന്ത്യയിലെ മുഴുവന്‍ ഹിന്ദുക്കളും ഹിന്ദുത്വ എന്ന പദത്തിനു കീഴില്‍ വരുമെന്ന് ആദ്യം നിര്‍വചിച്ചത് ഹൈന്ദവ ദേശീയതയുടെ തലതൊട്ടപ്പന്‍ സാക്ഷാല്‍ വി.ഡി സവര്‍ക്കറാണ്. മാത്രമല്ല ഹൈന്ദവത ഒരു മതമല്ല; ഒരു ജീവിത രീതിയാണ് എന്ന്  1995-ലെ ഒരു സുപ്രീം കോടതി വിധിയിലെ പരാമര്‍ശത്തിലൂടെ ഈ വാദഗതിക്ക് നിയമ പരിരക്ഷയുമുണ്ട്.
അനാച്ഛാദനം ചെയ്യപ്പെട്ട അശോകസ്തംഭത്തിനുമുണ്ട് വിശേഷങ്ങളേറെ. പല്ലുകള്‍ പുറത്തു കാണിക്കാത്ത, പക്വതയുടെയും സംയമനത്തിന്റെയും മുഖഭാവമാണ് അശോകന്റെ സിംഹങ്ങള്‍ക്കുണ്ടായിരുന്നതെങ്കില്‍, ക്രൂരമായി അലറുന്നതും ഭീകരമായി ദംഷ്ട്രങ്ങള്‍ പുറത്തുകാട്ടുന്നതും 'അമ്പത്താറിഞ്ച് നെഞ്ച്' വിരിച്ചു നില്‍ക്കുന്നതുമായ ക്രൗര്യത്തിന്റെ ഉടലാര്‍ന്ന സിംഹരൂപങ്ങളാണ്  പുതിയ പാര്‍ലമെന്റ് മന്ദിരത്തിലുയര്‍ന്നത്. മനുഷ്യ കൂട്ടക്കുരുതിക്ക് ഹേതുവായ കലിംഗയുദ്ധം സൃഷ്ടിച്ച മനഃസ്താപമാണ് സിംഹങ്ങളെ ഈ രൂപത്തിലും ഭാവത്തിലും ആവിഷ്‌കരിക്കാന്‍ അശോക ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ  ഉത്തര്‍പ്രദേശിലെ സാരനാഥിലുള്ള ഒറിജിനല്‍ അശോക സ്തംഭത്തിലെ സിംഹങ്ങള്‍ ഇതുപോലെ വന്യമോ രൗദ്രമോ അല്ല. ഹിന്ദുത്വം എത്രമേല്‍ ബുദ്ധനില്‍ നിന്നും ഇന്ത്യയുടെ  സഹവര്‍ത്തിത്വ പാരമ്പര്യങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവെന്ന് അലറിപ്പറയുന്നതാണ് പുതിയ സ്തംഭം. സ്തൂപം അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ ശരീരഭാഷയും കൃത്യമായ ഈ സന്ദേശം നല്‍കുന്നതാണ്. 'സിംഹമായാല്‍ ചിലപ്പോള്‍ പല്ല് കാണിച്ചെന്നുവരും. എല്ലാറ്റിനുമുപരി, ഇത് സ്വതന്ത്ര ഇന്ത്യയുടെ സിംഹമാണ്' എന്നായിരുന്നു സംഘ്  പരിവാര്‍ സഹയാത്രികനായ സിനിമാ താരം അനുപം ഖേറിന്റെ ട്വീറ്റ്. മര്യാദാപുരുഷോത്തമന്‍ ശ്രീരാമനും നിര്‍വ്യാജമായ രാമഭക്തിയാല്‍  പ്രസന്നവദനയായ ഹനുമാനും പ്രതികാര മനോഭാവത്തിന്റെ കനലെരിയുന്ന മുഖ ഭാവങ്ങള്‍ നല്‍കി ഹിന്ദുത്വ ഇന്ത്യയുടെ ഭാവി മുഖങ്ങള്‍ എവ്വിധമാകുമെന്ന് നേരത്തെ തന്നെ കൃത്യമായി സംഘ് പരിവാരം വരച്ചു വെച്ചിട്ടുണ്ട്. ഹിന്ദുത്വം എത്രമേല്‍ ബുദ്ധനില്‍ നിന്നും ഇന്ത്യയുടെ  സഹവര്‍ത്തിത്വ പാരമ്പര്യങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നുവെന്ന് അലറിപ്പറയുന്നതാണ് പുതിയ ദേശീയ ചിഹ്നവും വിലങ്ങു വീണ വാക്കുകളും.
2002-ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തെയും അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ള 1975-ലെ അടിയന്തരാവസ്ഥയെയും കുറിച്ച് ദി ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിച്ചത് മഹത്തായ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്റെ ആത്മാവ് ഇരുണ്ട രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ് എന്നായിരുന്നു. 1975-ലെ പ്രഖ്യാപിത അടിയന്തരാവസ്ഥയെ ഇന്നത്തെ ഫാഷിസ്റ്റു ഭരണവുമായി താരതമ്യം ചെയ്യുന്നത് പോലും ശരിയല്ല. അടിയന്തരാവസ്ഥയില്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ നിഷ്‌ക്രിയമാക്കപ്പെടുകയായിരുന്നുവെങ്കില്‍ പുതിയ കാലത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ ആ സ്ഥാപനങ്ങള്‍ ഫാഷിസത്തിന്റെ കുഴലൂത്തുകാരായി മാറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ചുറ്റും കനക്കുന്നത് കട്ടപിടിച്ച കൂരിരുട്ടാണ്. ആ ഇരുട്ടിനെ കീറിമുറിക്കാനുള്ള വജ്രസൂചികളാവാനുള്ള കരുത്താണ് യഥാര്‍ഥ ദേശസ്‌നേഹികള്‍ ആര്‍ജിക്കേണ്ടത്. 'ഇന്ത്യയില്‍ ഗ്യാസ് ചേമ്പറുകളില്ല; അതുകൊണ്ട് തന്നെ ഫാഷിസവുമില്ല' എന്ന്  ഇപ്പോഴും വിശ്വസിക്കുന്ന മൂഢ സൈദ്ധാന്തികരെ അവഗണിക്കാം. ബഹുസ്വരതയുടെയും സഹവര്‍ത്തിത്വത്തിന്റെയും അവസാന നാളവും അണയുന്നതിനു മുമ്പ് രാജ്യത്തെ തിരിച്ചുപിടിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍ ഇരുളടഞ്ഞ അഗാധ ഗര്‍ത്തത്തിലേക്കായിരിക്കും പതനം. 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്