Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

അധീശത്വ ഭാഷാ ലീലകളും ഇടതുപക്ഷവും

    കെ.പി ഹാരിസ്

''ഒരാളെ കള്ളനായി, നായരായി, മുസ്‌ലിമായി, പുലയനായി സംബോധന ചെയ്യുന്നത് പ്രത്യയശാസ്ത്രത്തിനകത്താണ്. അടുത്ത കാലത്ത് മധുരയിലെ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആന്റണി മാര്‍ക്‌സ് എന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍ പതിവിന് വിരുദ്ധമായി മുസ്‌ലിം ദോത്തിയായിരുന്നു ധരിച്ചത്. അയാള്‍ ഹാളിലേക്ക് പോകുമ്പോള്‍ പുറത്ത് നില്‍ക്കുന്ന പാറാവുകാരന്‍ (പരിചയമുള്ള) അദ്ദേഹത്തോട് ചോദിക്കുകയാണ്: ''മുസ്‌ലിം ദോത്തിയാണല്ലോ സര്‍, ബോംബുണ്ടോ കൈയില്‍.'' ഇത് യാദൃഛികമാണെന്ന് തോന്നാമെങ്കിലും ഇന്ത്യന്‍ പൗരന്റെ പൊതുബോധത്തെ പ്രത്യയശാസ്ത്രം എങ്ങനെ സംബോധന ചെയ്യുന്നു എന്നതിന് വ്യക്തമായ തെളിവാണ്'' (ഡോ. പി.കെ പോക്കര്‍, തത്ത്വചിന്തയും സൗഹൃദവും ഭയരഹിത ദേശ ചിന്തകള്‍).
തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്ത് ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നുതള്ളിയത്. അധിനിവേശത്തിനെതിരെ ചെറുത്ത് നില്‍പ്പുകള്‍ നടത്തുന്ന സമൂഹങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും അമേരിക്കന്‍ സാമ്രാജ്യത്വം നല്‍കുന്ന വിളിപ്പേരാണ് 'തീവ്രവാദികള്‍.' ഫലസ്ത്വീനില്‍ വിമോചന പോരാട്ടത്തില്‍ ഏര്‍പ്പെട്ട ചെറുത്ത് നില്‍പ്പ് സംഘങ്ങളെ ഇസ്രായേല്‍ എന്ന വംശീയ രാജ്യം വിളിക്കുന്നത് തീവ്രവാദികള്‍ എന്നാണ്. മതത്തിന്റെ പേരില്‍ ഒരു ജനതക്ക് പൗരത്വം നിഷേധിക്കുന്ന, പൗരത്വ നിയമത്തിനെതിരെ സമരം ചെയ്തവരെ ഇന്ത്യയിലെ മോദി ഭരണകൂടം വിളിക്കുന്നതും തീവ്രവാദികള്‍ എന്നു തന്നെ. സമരം ചെയ്യുന്നവരുടെ വേഷം കണ്ടാല്‍ അവരെ തിരിച്ചറിയാമെന്നും, ആ വേഷം തീവ്രവാദികളുടെതാണെന്നും പറഞ്ഞത് ഒരു പ്രധാനമന്ത്രി തന്നെയാണല്ലോ!
ഇപ്പോള്‍ ഇവിടെ നമ്മുടെ കേരളത്തിലും ഒരു മന്ത്രി, സമരത്തില്‍ പങ്കെടുത്ത ജനങ്ങളെയും വിളിച്ചു തീവ്രവാദികള്‍ എന്ന്. കോഴിക്കോട് ജില്ലയിലെ ആവിക്കല്‍തോട് നടന്ന മാലിന്യ പ്ലാന്റ് വിരുദ്ധസമരത്തില്‍ പങ്കെടുത്ത സമരക്കാരെയാണ് ഇടതുപക്ഷ മന്ത്രിസഭയിലെ അംഗമായ എം.വി ഗോവിന്ദന്‍ തീവ്രവാദികള്‍ എന്ന് വിളിച്ചത്. ഭരണകൂടത്തിനെതിരെ സമരം നയിക്കുന്നവരെ അമേരിക്കന്‍ സാമ്രാജ്യത്വവും മോദി ഭരണകൂടവും വിളിക്കുന്നതെന്തോ അതു തന്നെയാണ് കേരളത്തിലെ ഇടതുപക്ഷവും വിളിക്കുന്നത്. ഒരു സമരത്തില്‍ മുസ്‌ലിംകള്‍ കൂടുതല്‍ പങ്കെടുത്താല്‍ ആ സമരം തീവ്രവാദ സമരമായി! എന്തു കൊണ്ടാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും സംഘ് പരിവാറിന്റെയും അധീശ ഭാഷാ ലീലകളെ ഇടതുപക്ഷം ഏറ്റെടുക്കുന്നത്?  നമ്മുടെ പൊതുബോധത്തില്‍ വേരോടിയ മുസ്‌ലിംഭീതി തന്നെയാണ് ഇടതുപക്ഷത്തെയും സ്വാധീനിച്ചത് എന്നാണ് ഉത്തരം. പ്രവാചകനിന്ദ നടത്തിയ നൂപുര്‍ ശര്‍മയെ പിന്തുണച്ച്  ഫേസ്ബുക്കില്‍ ലൈക്ക് ചെയ്ത  ഉദയ്പൂരിലെ കനയ്യ ലാല്‍ എന്ന ടൈലറെ രണ്ട് മുസ്‌ലിം നാമധാരികള്‍ കൊലപ്പെടുത്തിയപ്പോള്‍ ഇടതുപക്ഷ പത്രപ്രവര്‍ത്തകരില്‍ നിന്ന് വന്ന പ്രതികരണവും ഇതേ പൊതുബോധത്തില്‍ നിന്നുള്ളതായിരുന്നു. മുസ്‌ലിം നാമധാരികളായ രണ്ടുപേര്‍ ഒരു ക്രൈം ചെയ്താല്‍ അത് പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ചുമലില്‍ വെച്ചു കൊടുത്താല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. അവര്‍ തന്നെ വികസിപ്പിച്ചെടുത്ത 'ഹിന്ദുത്വ ഫാഷിസം വേര്‍സസ് പൊളിറ്റിക്കല്‍ ഇസ്‌ലാം' എന്ന ബൈനറിയിലേക്ക് കാര്യങ്ങളെ ചുരുക്കി എഴുതാമെന്നര്‍ഥം. ഈ ലളിത യുക്തിയിലൂടെ മാത്രമേ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കഴിയൂ എന്ന് ഇടതുപക്ഷവും കരുതുന്നു. ഇത്രയും ഹീനമായ കൊലപാതകം നടത്തിയവര്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണ് എന്ന് കണ്ടെത്തുന്നതിന് മുമ്പേ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ ആളുകളാണ് ഇതിന് പിന്നില്‍ എന്ന നിഗമനത്തിലെത്താന്‍ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം  ഈ പൊതുബോധം തന്നെയാണ്.
ഹിന്ദുത്വഫാഷിസം അധികാരം കൈയാളുന്ന ഇന്ത്യയില്‍ മുസ്‌ലിം ജീവിതം അപരവല്‍ക്കരിക്കപ്പെട്ടതാണ് എന്ന് പ്രത്യേകിച്ച് ആരും കണ്ടത്തേണ്ടതില്ല. അത്രമാത്രം തീക്ഷ്ണമായ അനുഭവ പരിസരത്തിലൂടെയാണ് ആ ജനതയുടെ ജീവിതം മുന്നോട്ടു പോവുന്നത്.  ഇത്തരമൊരു സാഹചര്യത്തില്‍ ഇരകളാക്കപ്പെടുന്ന മുസ്‌ലിം സമൂഹത്തിന് പിന്തുണ നല്‍കേണ്ടുന്ന ഇടതുപക്ഷത്ത് നിന്ന് പോലും ഫാഷിസത്തിന്റെ ഭാഷകളെ സ്വാംശീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ഉണ്ടാവുന്നത് ഖേദകരം തന്നെ. ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ ചെറുത്ത് നില്‍പ്പുകള്‍ നടത്തുന്നവരെ വിളിക്കുന്നത് ഭീകരവാദികള്‍ എന്നാണ്. അഥവാ ചെറുത്ത് നില്‍പ്പ് സമരങ്ങളുടെ പിന്നില്‍ ഇസ്‌ലാമിസത്തിന്റെ ആളുകളാണെന്ന് പറഞ്ഞ് ഭീകരവാദ മുദ്ര പതിക്കുകയാണ് ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വവും ഇന്ത്യയില്‍ ഹിന്ദുത്വ ഫാഷിസവും  ചെയ്തുകൊണ്ടിരിക്കുന്നത്. ആ ഭാഷ തന്നെ കടമെടുത്തു കൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷവും ജനകീയ സമരങ്ങളെ നേരിടുന്നത്.
മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന എല്ലാ ഉണര്‍വുകളെയും പ്രതിരോധങ്ങളെയും തീവ്രവാദത്തിന്റെ ചാപ്പകുത്തി പൈശാചികവല്‍ക്കരിക്കുന്നത് ഇടതുപക്ഷം എത്തിപ്പെട്ട ഗതികേടാണോ,  അതോ വസ്തുതകളെ പഠിക്കാനും അപഗ്രഥിക്കാനും ആളില്ലാതെ പോയതാണോ? പൊതുബോധത്തോടൊപ്പം സഞ്ചരിച്ച് നിലനില്‍ക്കുന്ന അധീശ പ്രത്യയ ശാസ്ത്രത്തിന്റെ ഭാഷ അപ്പടി പകര്‍ത്താന്‍ ഒരു ഇടതുപക്ഷത്തിന്റെ ആവശ്യമില്ല.  നീതിക്കായുള്ള അന്വേഷണങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്ന് സ്വാഭാവികമായി രൂപം കൊള്ളുന്നതിനെ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പേര് പറഞ്ഞ് തീവ്രവാദ ചാപ്പചാര്‍ത്തി അടിച്ചമര്‍ത്താം എന്നത് ഇടതുപക്ഷ സമീപനത്തിന് യോജിച്ചതല്ല. കേരളത്തില്‍ അങ്ങോളമിങ്ങോളം നടന്ന കെ. റെയില്‍ വിരുദ്ധ സമരം മലബാര്‍ മേഖലയിലെത്തുമ്പോള്‍ ആ സമരത്തില്‍ പങ്കെടുത്തവരെയും മറ്റൊരു മന്ത്രി വിളിച്ചതും തീവ്രവാദികള്‍ എന്നാണ്. പൊതു ഇടങ്ങളിലെ മുസ്‌ലിം കര്‍തൃത്വം നിരന്തരം സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി പൈശാചികവല്‍ക്കരിക്കുന്ന  രീതിശാസ്ത്രമാണ് കണ്ടു വരുന്നത്. മുസ്‌ലിം സാമൂഹിക പ്രതിനിധാനങ്ങളെ എന്തുകൊണ്ട് ഇടതുപക്ഷം പോലും ഭയപ്പെടുന്നു എന്ന ചോദ്യത്തിന്, ലോകത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന മുസ്‌ലിംഭീതി കേരളത്തിലെ ഇടതുപക്ഷവും ആന്തരികവല്‍ക്കരിച്ചു എന്നാണ് ഉത്തരം. 


രാമ രാജ്യമോ അതോ 
രാക്ഷസ (രാവണ) 
രാജ്യമോ?

ഹബീബ് റഹ്മാന്‍ കൊടുവള്ളി

''ഫാഷിസത്തിന്റെ വസന്തകാലമായിരുന്ന 1939 മുതലേ സവര്‍ക്കറും അദ്ദേഹം നയിച്ച ഹിന്ദുമഹാസഭയും ആത്യന്തികമായി തെരഞ്ഞെടുത്ത അന്താരാഷ്ട്ര മാതൃക ഫാഷിസ്റ്റ് ജര്‍മനിയുടെതായിരുന്നു. 1939 മാര്‍ച്ച് 25-ന് ഹിന്ദു മഹാസഭയുടെതായി ഇറക്കിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു: ''ആര്യസംസ്‌കാരത്തിന്റെ ആത്മീയ ഉണര്‍ച്ചയ്ക്കുള്ള ജര്‍മനിയുടെ ആശയഗതിയും സ്വസ്തികയുടെ മഹിമവല്‍ക്കരണവും, ഇന്ത്യയിലെ മതബോധവും വിവേകവുമുള്ള ഹിന്ദുക്കള്‍ സ്വാഗതം ചെയ്യുന്നു'' (മതം, മാര്‍ക്സിസം, മതേതരത്വം /നൈനാന്‍ കോശി,  പേ: 49).
''ഫാഷിസ്റ്റ് ഭരണകൂടവുമായും മുസോളിനിയുമായും ബന്ധം പുലര്‍ത്തിയ ആദ്യ ഹിന്ദുദേശീയവാദി ബി.എസ്. മുണ്‍ജെ എന്ന ആര്‍.എസ്.എസ് നേതാവായിരുന്നു. ഹെഡ്ഗെവാറിന്റെ ഉപദേഷ്ടാവും ആത്മാര്‍ഥ സുഹൃത്തുമായിരുന്നു മുണ്‍ജെ. 1931 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വട്ടമേശാ സമ്മേളനത്തില്‍ പോയി മടങ്ങിവന്ന വേളയില്‍ മുണ്‍ജെ യൂറോപ്പാകെ ചുറ്റിസഞ്ചരിച്ചു. ഇറ്റലി സന്ദര്‍ശിക്കാനാണ് ഏറെ സമയം ചെലവഴിച്ചത്. അവിടെ അദ്ദേഹം വളരെ പ്രധാനപ്പെട്ട സൈനിക സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് അദ്ദേഹം മുസോളിനിയെ സന്ദര്‍ശിച്ചതാണ്'' (അതേ പുസ്തകം, പേ: 48).
ഭീതി വിതച്ച്, വെറുപ്പ് ഉത്പാദിപ്പിച്ച്, അരിക് വല്‍ക്കരിച്ച് നേട്ടം കൊയ്യുകയും അധികാരമുറപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ഇന്ത്യയിലെ ഫാഷിസ്റ്റ് ശക്തികള്‍ പയറ്റുന്നത്. നിങ്ങള്‍ക്ക് ഈ ദേശത്ത് ജീവിക്കണമെന്നുണ്ടെങ്കില്‍ 'യോഗി, യോഗി' എന്ന മന്ത്രം ഉരുവിടുക എന്നായിരുന്നു കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ 'ഹിന്ദു യുവവാഹിനി'  മുസ്ലിംകള്‍ക്ക് നല്‍കിയ നിര്‍ദേശം. ഈ തെരഞ്ഞെടുപ്പില്‍ 'ദേശ് മേ മോദി, പ്രദേശ് മേ യോഗി' എന്നതായിരുന്നു മുദ്രാവാക്യം. താല്‍ക്കാലികമായി ഇതുകൊണ്ട് അവര്‍ നേട്ടമുണ്ടാക്കി.
എന്നാല്‍ ചരിത്രം പഠിപ്പിക്കുന്നത്, ഇത്തരക്കാരെ കാത്തിരിക്കുന്നത് ഇരട്ട തിരിച്ചടിയായിരിക്കും എന്നാണ്. മര്‍ദക ഭരണകൂടങ്ങള്‍ക്കൊന്നും സത്യത്തിന്റെയും നീതിയുടെയും മുന്നേറ്റത്തെ അതിജയിക്കാന്‍ സാധിച്ചിട്ടില്ല. ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികള്‍ തീവ്രചിന്താഗതിക്കാരും വര്‍ഗീയവാദികളുമല്ല എന്ന് മനസ്സിലാക്കി മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പരിശ്രമിച്ചാല്‍ തകര്‍ത്തെറിയാന്‍ കഴിയുന്നതേയുള്ളൂ ഇവരുടെ ഭീഷണി. അതിന് ഇഛാശക്തിയുള്ള നേതൃത്വമാണാവശ്യം.
എം.എല്‍.എമാരെയും എം.പി.മാരെയും മാത്രമല്ല സംസ്ഥാന സര്‍ക്കാറുകളെത്തന്നെ ചാക്കിട്ടു പിടിച്ചും കീഴ്‌മേല്‍ മറിച്ചും തുടരുന്ന വൃത്തികെട്ട രാഷ്ട്രീയക്കളി ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. തങ്ങള്‍ക്കിഷ്ടമില്ലാത്ത സകല നേതാക്കളെയും ഇ.ഡി കുരുക്കിലും കള്ളക്കേസിലും കുടുക്കി നിര്‍ലജ്ജം വേട്ടയാടുന്നു. സഞ്ജീവ് ഭട്ടും ടീസ്റ്റയും ആര്‍.ബി ശ്രീകുമാറുമെല്ലാം പ്രശ്‌നക്കാരാകുന്നതും, അവര്‍ ഒരു മുസ്‌ലിം വിരുദ്ധ ഉന്മൂലന നീക്കത്തിനെതിരെ ഒച്ചവെച്ചതുകൊണ്ട് കൂടിയാണല്ലോ. നേരത്തെതന്നെ വംശനാശം സംഭവിച്ച ആക്റ്റിവിസ്റ്റ് സമൂഹത്തില്‍ നിന്ന് അത്തരക്കാര്‍ കൂടി വേട്ടയാടപ്പെടുന്നതോടെ നാം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ബി.ജെ.പി-മോദി ഭരണത്തില്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് അരുന്ധതി റോയ് പറയുന്നത് നോക്കൂ: 'ആര്‍.എസ്.എസ് ഇനിമേല്‍ വെറുമൊരു നിഴല്‍ ഭരണകൂടമോ സമാന്തര ഭരണകൂടമോ ആയിരിക്കില്ല. അസ്സല്‍ ഭരണകൂടം തന്നെയാണത്. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കുപുറമെ വര്‍ധിച്ചുവരുന്ന വര്‍ഗ-ജാതി സംഘര്‍ഷങ്ങള്‍ക്കുമിടയിലാണ് നമുക്കിന്ന് ജീവിക്കേണ്ടിവരുന്നത്. അതിനാവശ്യമുള്ള വിഭവങ്ങള്‍ ബി.ജെ.പിയുടെ പാചകപ്പുരകളില്‍ തയാറാക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദൂരവ്യാപകമായി നിലനില്‍ക്കുന്ന കലാപങ്ങള്‍ വ്യാവസായികാടിസ്ഥാനത്തില്‍ പടച്ചുവിടാനാണ് അവരുടെ ശ്രമം.'
മുസ്ലിമായാല്‍ ഉത്തരാഖണ്ഡ് മോഡലില്‍ അടിച്ചു കൊല്ലുന്ന, ഒന്നും മിണ്ടാതിരുന്നാല്‍ ഗുല്‍ബര്‍ഗി മോഡലില്‍ തീവെച്ചുകൊല്ലുന്ന, ഭരണകൂട ഭീകരതക്കെതിരെ തെരുവില്‍ ശബ്ദമുയര്‍ത്തിയാല്‍ യു.പി മോഡലില്‍ ബുള്‍ഡോസര്‍ രാജിലൂടെ ചതച്ചരക്കുന്ന, അവര്‍ക്കു വേണ്ടി കോടതിയില്‍ പോയാല്‍ ഗുജറാത്ത് മോഡലില്‍ കേസെടുക്കുന്ന, അവര്‍ക്കു വേണ്ടി പ്രതിഷേധിച്ചാല്‍ ദല്‍ഹി മോഡലില്‍ കസ്റ്റഡിയിലെടുക്കുന്ന ഒരു ഭീകര ഫാഷിസ്റ്റ് ഭരണകൂടം! ഈ സംഘ് പരിവാര്‍ സര്‍ക്കാരിന്റെ ഭീകര ഹസ്തത്തില്‍ നിന്ന് ഉന്നത ശീര്‍ഷരായ ഹിന്ദുക്കള്‍ക്ക് പോലും രക്ഷയില്ല. അതുകൊണ്ടാണല്ലോ സഞ്ജീവ് ഭട്ടും ഹേമന്ത് കര്‍ക്കരെയും ജസ്റ്റിസ് ലോയയും സുബോധ് കുമാറും ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും പന്‍സാരെയും എന്തിനധികം, ഗാന്ധിജി വരെയും വേട്ടയാടപ്പെട്ടത്! 
ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുന്നവരെപ്പോലും ഒരു മുന്നറിയിപ്പുമില്ലാതെ അര്‍ധരാത്രിയില്‍ പോലും എങ്ങോട്ടെന്നറിയാതെ പിടിച്ചു കൊണ്ടുപോകുന്നു. അവരുടെ വീടുകള്‍ പോലും പിഴുതെടുക്കുന്നു. ഏറ്റവും ഒടുവില്‍, ഗുജറാത്ത് കലാപങ്ങളടക്കമുള്ള കൊടും ക്രൂരതകളെ ചോദ്യം ചെയ്ത സാമൂഹിക-സാംസ്‌കാരിക നേതാക്കളെയും പത്ര പ്രവര്‍ത്തക- ആക്റ്റിവിസ്റ്റുകളെയും കല്‍ത്തുറുങ്കിലടക്കുന്നു. അതും പോരാഞ്ഞിപ്പോള്‍ വസ്തുതകള്‍ സത്യസന്ധമായി വിളിച്ചുപറയുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും കൂച്ചു വിലങ്ങിടുന്നു. ഇതിനൊക്കെ നിയമ നിര്‍മാണ സഭകളും പാര്‍ലമെന്റും ഉദ്യോഗസ്ഥവൃന്ദവും, എന്തിനധികം കോടതികള്‍ പോലും നിശ്ശബ്ദരാകുന്നു. ഭീതിപ്പെടുത്തുന്ന വല്ലാത്ത ഒരു 'വെള്ളരിക്കാ പട്ടണം' തന്നെയിത്. അതുകൊണ്ടാണ് ചോദിച്ചുപോകുന്നത്, ഇത് രാമ രാജ്യമോ അതോ രാക്ഷസ (രാവണ) രാജ്യമോ?!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്