Prabodhanm Weekly

Pages

Search

2022 ജൂലൈ 29

3261

1443 ദുല്‍ഹജ്ജ് 30

ബൈഡന്റെ  പശ്ചിമേഷ്യന്‍ സന്ദര്‍ശനം 

'നിങ്ങള്‍ക്കൊരു സയണിസ്റ്റാവണമെങ്കില്‍ ഒരു ജൂതനാകേണ്ട ആവശ്യമില്ല.' തെല്‍അവീവിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ തനിക്ക് നല്‍കിയ സ്വീകരണത്തിനുള്ള മറുപടിപ്രസംഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഊന്നിപ്പറഞ്ഞത് ഇക്കാര്യമാണ്. 1973-ല്‍ താന്‍ അമേരിക്കന്‍ സെനറ്റര്‍ ആയിരുന്നപ്പോള്‍ നടത്തിയ  ഇസ്രായേല്‍ സന്ദര്‍ശനവും ബൈഡന്‍ അനുസ്മരിക്കുന്നുണ്ട്. ആ സന്ദര്‍ശന ശേഷം അമേരിക്കയില്‍ തിരിച്ചെത്തിയ ബൈഡന്‍ സെനറ്റില്‍ പറഞ്ഞത്, ഇസ്രായേല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ നാം അമേരിക്കക്കാര്‍ ഇസ്രായേല്‍ ഉണ്ടാക്കുമായിരുന്നു എന്നാണ്! ജനിച്ചത് ക്രിസ്ത്യാനിയായിട്ടാണെങ്കിലും താന്‍ അടിമുടി സയണിസ്റ്റാണെന്ന് ബൈഡന്‍ വളച്ചുകെട്ടില്ലാതെ പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. ആ ബൈഡനാണ് രണ്ടാഴ്ച മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലക്കുള്ള തന്റെ ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് ഇറങ്ങിത്തിരിച്ചത്. സയണിസ്റ്റ് താല്‍പര്യ സംരക്ഷണം മാത്രമായിരുന്നു ആ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ മുകളില്‍ പരാമര്‍ശിച്ച ആ പ്രസംഗം ആദ്യാവസാനം കേട്ടാല്‍ മതിയാകും. ആ സന്ദര്‍ശനത്തിന് പ്രധാനമായും രണ്ട് സയണിസ്റ്റ് ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്: ഒന്ന്, ഇസ്രായേല്‍ കൂടി ഉള്‍പ്പെടുന്ന ഒരു അമേരിക്കന്‍-അറബ് സുരക്ഷാ സഖ്യം രൂപീകരിക്കുക. ആണവായുധങ്ങള്‍ വികസിപ്പിക്കാനും മേഖലയില്‍  മേധാവിത്വം നേടാനും ശ്രമിക്കുന്ന ഇറാനെയാണ് ഇത് മുഖ്യമായും ടാര്‍ഗറ്റ് ചെയ്യുന്നത്. രണ്ട്, അറബ് രാഷ്ട്രങ്ങളെ സമ്മര്‍ദത്തിലാക്കി ഇസ്രായേലുമായി ബന്ധങ്ങള്‍ സാധാരണ നിലയിലാക്കുകയും അങ്ങനെ എന്നന്നേക്കുമായി ഫലസ്ത്വീന്‍ ഫയല്‍ അടച്ചു സീല്‍ വെക്കുകയും ചെയ്യുക.
ഇതൊക്കെ ഒരൊറ്റ സന്ദര്‍ശനം കൊണ്ട് നേടിയെടുക്കാനാവുമെന്ന് ഒരാള്‍ക്കും അഭിപ്രായമുണ്ടാവുകയില്ല. ആ ദിശയിലേക്ക് കാര്യങ്ങള്‍ നീക്കിക്കൊണ്ടു പോവുകയാണ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലത്ത് തന്നെ ഇതിനുള്ള ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. 'അബ്രഹാം അക്കോഡ്' ഒക്കെ അതിന്റെ ഭാഗമായി ഉണ്ടായിട്ടുള്ളതാണ്. അതില്‍ ചില പ്രമുഖ അറബ് രാജ്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. ജിദ്ദ ഉച്ചകോടിയിലേക്ക് ഗള്‍ഫ് രാഷ്ട്രങ്ങളെ കൂടാതെ ഈജിപ്തിനെയും ഇറാഖിനെയും ജോര്‍ദാനെയും കൂടി ക്ഷണിച്ചത്  അതുകൊണ്ടാണ്. പക്ഷേ, പ്രത്യക്ഷത്തില്‍ നോക്കിയാല്‍ അമേരിക്കയും ഇസ്രായേലും ഉദ്ദേശിച്ച കാര്യങ്ങളിലൊന്നും ഒരു പുരോഗതിയും ഈ സന്ദര്‍ശനം കൊണ്ട് ഉണ്ടായിട്ടില്ല. ഒരു അറബ്-അമേരിക്കന്‍ - ഇസ്രായേല്‍ സുരക്ഷാ സഖ്യമാണോ ഉണ്ടാവാന്‍ പോകുന്നത് എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സുഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ഇബ്‌നു ഫര്‍ഹാന്‍ പറഞ്ഞത്, അങ്ങനെയൊരു അജണ്ട തന്നെ ജിദ്ദയിലെ ഈ അറബ് - അമേരിക്കന്‍ ഉച്ചകോടിക്ക് ഇല്ല എന്നാണ്. ഉച്ചകോടിയില്‍ പങ്കെടുത്ത അറബ് രാഷ്ട്രങ്ങള്‍ ഫലസ്ത്വീന്‍ പ്രശ്‌നത്തിലെ തങ്ങളുടെ നിലപാടുകള്‍ വ്യക്തമായി അമേരിക്കന്‍ പ്രസിഡന്റിനെ ധരിപ്പിച്ചതായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഉച്ചകോടിക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയിലും പുതുതായൊന്നും എഴുതിച്ചേര്‍ക്കാന്‍ കഴിയാതിരുന്നതും അതുകൊണ്ടാണ്. എന്നല്ല, ഇറാനെ മുഖ്യ ശത്രുവായി പ്രഖ്യാപിക്കാന്‍ പോലും കഴിഞ്ഞില്ല. ബൈഡന്റെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഇറാന്‍ നടത്തിയ ചില നയതന്ത്ര നീക്കങ്ങള്‍ ഒരു പരിധി വരെ വിജയിച്ചു എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ജോര്‍ദാന്‍ രാജാവ് ഉള്‍പ്പെടെയുള്ളവര്‍ ഒരു 'പുതിയ മധ്യ പൗരസ്ത്യ' ത്തെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നുവെങ്കിലും അത്തരം സംസാരങ്ങളൊന്നും ജിദ്ദ ഉച്ചകോടിയില്‍ ഉണ്ടായതേയില്ല. ഇതൊക്കെ മുന്നില്‍ വെച്ച് ബൈഡന്റെ സന്ദര്‍ശനം പരാജയമായിരുന്നു എന്നു കരുതുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരില്‍ അധിക പേരും.
ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുത്ത അറബ് രാഷ്ട്രങ്ങള്‍ പ്രത്യക്ഷത്തിലെങ്കിലും തങ്ങളുടെ ഇസ്രായേല്‍ അനുനയ നിലപാടുകളില്‍ നിന്ന് പിന്നാക്കം പോന്നതായാണ് കാണാനാവുക. ജനരോഷം ഭയന്നുള്ള തന്ത്രപരമായ പിന്‍വലിയലാകാം അത്. ഏതായാലും അക്കാര്യത്തില്‍ അമേരിക്കന്‍ നിലപാട് മാറാന്‍ പോകുന്നില്ല. അറബ് രാഷ്ട്രങ്ങള്‍ക്ക് മീതെ സമ്മര്‍ദതന്ത്രങ്ങള്‍ പ്രയോഗിച്ച് അമേരിക്ക മുന്നോട്ടു പോകും. ഫലസ്ത്വീന്‍ വിഷയത്തില്‍ ട്രംപിന്റെ അതേ നിലപാടുകാരനാണ് ബൈഡന്‍. അധിനിവിഷ്ട ജറൂസലമിനെ ട്രംപ് ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചപ്പോള്‍, ബൈഡന്‍ തന്റെ ഇസ്രായേല്‍ സന്ദര്‍ശന വേളയിലുള്ള പ്രസ്താവനയെ 'ജറൂസലം പ്രഖ്യാപനം' എന്നാണ് വിളിച്ചത്. ട്രംപിന്റെ തുടര്‍ച്ചയാണ് ബൈഡനും എന്നര്‍ഥം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-45-47
ടി.കെ ഉബൈദ്‌

ഹദീസ്‌

ജീവിതത്തെ മനോഹരമാക്കുന്ന ഊഷ്മള ബന്ധങ്ങള്‍
സി.കെ മൊയ്തു, മസ്‌ക്കറ്റ്