Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

 മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

വായിക്കാത്ത വാര്‍ത്തകള്‍ കേട്ടിരിക്കുമ്പോള്‍

പ്രധാനമന്ത്രി
ലോകത്തിന്റെ നെറുകയില്‍
ഭാരത പ്രതാപപ്പതാക വീശുന്നു,
പ്രധാനമന്ത്രി
നോട്ടു നിരോധത്തിന്റെ വിക്ഷേപണത്തറയില്‍ നിന്ന്
കുതിക്കാന്‍ വെമ്പുന്ന
ഭാരത ഇക്കോണമിയുടെയും
രൂപയുടെയും റോക്കറ്റ്
തൊടുക്കുന്നു,
പ്രധാനമന്ത്രി
ഭാരതപ്പൂങ്കാവനത്തിന്റെ 
സൗന്ദര്യവത്കരണത്തിന്
വെളിയിട വിസര്‍ജനം
നിരോധിക്കുന്നു.
പ്രധാനമന്ത്രി
പാത്രം മുട്ടി
കൊറോണ ഭാരത യുദ്ധവിജയത്തില്‍
മന്‍കീ ബാത്ത് നടത്തുന്നു.
പ്രധാനമന്ത്രി
ഭാരതത്തിന്റെ മഹിമ മാനംമുട്ടെ 
ഉയര്‍ത്താന്‍ ലോകത്തില്‍ ഏറ്റവും വലിയ
വെണ്ണക്കല്‍ പ്രതിമ 
അനാച്ഛാദനം ചെയ്യുന്നു.
പ്രധാനമന്ത്രി
ഡിജിറ്റല്‍ വിപ്ലവത്തിലൂടെ ഗ്രാമരാജ്യത്തെ
ത്രേതായുഗത്തിലെ
രാമരാജ്യത്തിലേക്ക് നയിക്കുന്നു.
പ്രധാനമന്ത്രി വിശ്വകാവികതയുടെ
അശ്വമേധത്തിനൊരുങ്ങുന്നു.
പ്രധാനമന്ത്രി...
പ്രധാനമന്ത്രി...
പ്രധാനമന്ത്രി... എന്നും മറ്റും
പ്രാതലിനേ തുടങ്ങുന്ന
പ്രസാര്‍ ഭാരതിയുടെ രാജസ്തുതിയില്‍
മനം മടുത്ത്, 
ആകാശവാണി
വായിക്കാത്ത മറുപുറ നേരുകള്‍ 
കാതോര്‍ത്തിരിക്കെ,
ടു വീലറില്‍ പായുന്ന പത്രപ്പയ്യന്‍
ഉമ്മറത്തേക്ക് വീശിയെറിഞ്ഞ പത്രം 
കൃത്യം മൂക്കിന് കൊണ്ടു!

കണ്ണുരുട്ടിക്കാട്ടി ജീവ-
ശ്വാസമൂറ്റി വലിച്ചെടുത്തും
കല്ലുവെച്ച നുണ പെരുക്കിയും
തിടം വെച്ച വെറുപ്പിന്റെ
കെടുനഞ്ഞ് കോരിപ്പാര്‍ന്നുമുള്ള
കര്‍സേവയില്‍
തകര്‍ന്നു പോയ
ജനാധിപത്യത്തിന്റെ
നാലാം തൂണിന്റെ
ഈ മെലിഞ്ഞ സാക്ഷ്യപത്രം 
വരികള്‍ക്കിടയിലൂടെ
വായിച്ചാല്‍ മാത്രം ചിലപ്പോള്‍
ദിക്കുകളും ദിശകളും
തിരിഞ്ഞുകിട്ടിയേക്കാം എന്നതിനാല്‍
ഒന്നോടിച്ചുനോക്കി
അറിഞ്ഞതിന്റെ ബാക്കിപത്രം
അവിടെയിട്ട്
നാല്‍ക്കവലയിലേക്ക് നടന്നു.

വഴിയോരത്ത് പൊതു ടാപ്പിന് ചുറ്റും കുടിവെള്ളത്തിനായി
പ്ലാസ്റ്റിക് കുടങ്ങള്‍ നിരത്തി
കൂലിവേലക്കാരികളുടെ കലപില.

നെറ്റ് വര്‍ക്ക് ഡൗണായ
ഗ്രാമീണ്‍ ബാങ്കിന് മുമ്പില്‍ 
എഫ്.ഡിക്കാരുടെയും
ലോണ്‍ അപേക്ഷകരുടെയും തൊഴിലുറപ്പുകാരികളുടെയും നീളുന്ന ക്യൂ
മാനുഷരെല്ലാരുമൊന്നുപോലെയെന്ന
മാവേലിക്കാലം വരയുന്നു!

കവലക്കപ്പുറം റെയില്‍വേ
പുറമ്പോക്കില്‍
ഒറ്റയും തെറ്റയുമിരുന്ന്
മുട്ടുശാന്തി വരുത്തുന്ന
ചേരി നിവാസികള്‍
നിരോധന ഉത്തരവു കൊണ്ട്
നാണം മറയ്ക്കാന്‍
പെടാപ്പാട് പെടുന്നു.
കൊലവിളിച്ചും തെറി വിളിച്ചും
കത്തി, താടി വേഷങ്ങള്‍
ആര്‍ത്തട്ടഹാസം മുഴക്കുമൊരു ജാഥ
അടുത്തു വരുന്നതു കണ്ട്
ആളുകള്‍ ധിറുതിയില്‍
അകന്നു മാറുന്നു.
ആര്‍ക്കും ആരെയും വിശ്വാസമില്ല.
ആര്‍ക്കും ഒരിടവും സുരക്ഷിതമല്ല.
അപ്പോള്‍ പോലും 
ഒരു കാലന്‍ കോഴി കൂവി.
ഓരോ വളവും ഓരോ ഭയക്കയം.
 
വീട്ടിലേക്കു തിരിച്ചെത്തിയപ്പോള്‍
ഗ്യാസ് തീര്‍ന്നു, വീണ്ടും നിറക്കാന്‍
കാശ് തന്നതു പോരെന്നൊ-
രാവലാതിയടുക്കളപ്പുറത്ത്
പുകയുന്നു.
ഓള്‍ ഇന്ത്യാ റേഡിയോയില്‍
അടുത്ത വാര്‍ത്തക്ക് നേരമായോ...?

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌