Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

മതപരിത്യാഗം പ്രവാചക കാലഘട്ടത്തില്‍

ത്വാഹാ ജാബിര്‍ അല്‍ അല്‍വാനി

 

ഗ്രന്ഥഭാഗം /

പ്രമാണങ്ങള്‍, നിയമസംഹിതകള്‍, ആരാധനകള്‍, മൂല്യങ്ങള്‍, വിധികള്‍ തുടങ്ങി ഇസ്ലാമിനെ രൂപപ്പെടുത്തുന്നവയുടെയെല്ലാം അടിസ്ഥാന സ്രോതസ്സ് വിശുദ്ധ ഖുര്‍ആനാണ്. തിരുസുന്നത്ത് എല്ലാ അര്‍ഥത്തിലും വിശുദ്ധ ഖുര്‍ആന്റെ വിശദീകരണവും പ്രായോഗിക മാതൃകയുമാകുന്നു. വ്യത്യസ്ത പ്രമാണങ്ങളാണെങ്കിലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. അവക്കിടയില്‍ ഒരു വിധത്തിലുമുള്ള വൈരുധ്യമോ വിയോജിപ്പോ സാധ്യമല്ല. ഖുര്‍ആനിക അധ്യാപനങ്ങള്‍ വിശദീകരിക്കുന്ന തിരുസുന്നത്ത് അക്കാര്യം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഖുര്‍ആനിന്റെ തത്ത്വങ്ങളും ജ്ഞാന രീതിശാസ്ത്രങ്ങളും  മതസ്വാതന്ത്ര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അവിശ്വാസികളും മതപരിത്യാഗികളും പരലോകത്ത് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് താക്കീത് നല്‍കുകയും ചെയ്യുന്നു. പ്രവാചക കാലഘട്ടത്തില്‍ തന്നെ മതപരിത്യാഗത്തിന്റെയും കപടതയുടെയും അനവധി സംഭവങ്ങളുണ്ട്. എത്രത്തോളമെന്നാല്‍, ഒരു ഘട്ടത്തില്‍ അത്തരമാളുകള്‍ തിരുദൂതര്‍ക്കും മുസ്ലിം സമുദായത്തിനും ഉപദ്രവമേല്‍പിക്കുന്നിടത്തോളമെത്തി. 'മുഹമ്മദ് അവന്റെ അനുചരരെ കൊല്ലുന്നു'വെന്ന അപവാദം പരക്കുമെന്ന് നിരീക്ഷിച്ച പ്രവാചകന്‍ (സ) അവര്‍ക്ക് നേരെയുള്ള നടപടികളില്‍ നിന്ന് മുസ്ലിംകളെ വിലക്കി. വധശിക്ഷക്കര്‍ഹമായ കുറ്റം ചെയ്താലല്ലാതെ മുഹമ്മദ് (സ) ആരുടെയും ജീവനെടുക്കാന്‍ കല്‍പിച്ചിരുന്നില്ല.
ഉദാഹരണത്തിന് പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്ലാം സ്വീകരിച്ചവരില്‍ ചിലര്‍,  പ്രവാചകന്‍ താന്‍ ഇസ്‌റാഅ്-മിഅ്‌റാജ് യാത്ര നടത്തി എന്ന് പറഞ്ഞപ്പോള്‍ ആ  സംഭവം നിഷേധിക്കുകയും വിശ്വാസം വെടിയുകയും ചെയ്തതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു. പ്രവാചക കാലഘട്ടത്തില്‍ വധിക്കപ്പെട്ട മതപരിത്യാഗികള്‍ അവര്‍ ഏര്‍പ്പെട്ട യുദ്ധക്കുറ്റങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ മൂലമാണ് ശിക്ഷിക്കപ്പെട്ടതെന്ന് നിരവധി ഹദീസുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രസ്തുത വധശിക്ഷാവിധികളുടെ കാരണം പരിത്യാഗമായിരുന്നില്ലെന്ന് ചുരുക്കം. 
സത്യനിഷേധികള്‍ക്കെതിരെ സമരം ചെയ്യാന്‍ അല്ലാഹു അവന്റെ ദൂതനോട് കല്‍പിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍, മതപരിത്യാഗികളെ വധിക്കണമെന്ന അര്‍ഥത്തിലുള്ള ദൈവദത്തമായ ശിക്ഷാവിധികള്‍ വിശുദ്ധ ഖുര്‍ആനിലോ തിരു സുന്നത്തിലോ വന്നിട്ടില്ല. ദൈവനിശ്ചയ പ്രകാരമുള്ള നിര്‍ണിത വിധി ഇക്കാര്യത്തിലുണ്ടായിരുന്നെങ്കില്‍ അതീവ സൂക്ഷ്മാലുവായിരുന്ന തിരുദൂതര്‍ അത് നടപ്പാക്കാന്‍ ലവലേശം മടിക്കുമായിരുന്നില്ലല്ലോ.
വിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും എങ്ങനെ ശിക്ഷിക്കപ്പെടണമെന്ന സുവ്യക്ത വിധിയില്ലാത്തതിനാല്‍ ചില കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ സ്വഹാബാക്കളുടെ ഏകാഭിപ്രായത്തെയും (അവരുടെ വീക്ഷണത്തില്‍) ദുര്‍ബല സനദുള്ള ഒരു ഹദീസിനെയും ചില സംഭവങ്ങളെയും അവലംബിച്ചാണ് മതപരിത്യാഗി വധിക്കപ്പെടണമെന്ന് അഭിപ്രായപ്പെടുന്നത്. ഇവ ഖണ്ഡിതമായ തെളിവുകളല്ലെന്ന് മാത്രമല്ല, വിശ്വാസ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്ന ഇരുനൂറോളം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധവുമാണ്.
സി.ഇ  627-ല്‍ മുസ്ലിംകള്‍ക്കും ഖുറൈശികള്‍ക്കുമിടയില്‍ നടന്ന ഹുദൈബിയ സന്ധി ഈ വിഷയത്തില്‍ പ്രസക്തമാണ്. പത്തു കൊല്ലക്കാലത്തെ സമാധാനമാണ് കരാര്‍ ചെയ്തതെങ്കിലും ഖുറൈശികള്‍ ലംഘിച്ചതിനാല്‍ രണ്ട് കൊല്ലം മാത്രമാണ് സന്ധി നിലനിന്നത്. പ്രസ്തുത സന്ധിയിലെ ഒരു പ്രധാന ഉപാധി, ആരെങ്കിലും ഇസ്ലാം ഉപേക്ഷിച്ച് ഖുറൈശികളിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിച്ചാല്‍ യാതൊരു പ്രതികാര നടപടിയും ഭയപ്പെടാതെ മടങ്ങാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് ഉണ്ടായിരിക്കും എന്നതായിരുന്നു. പ്രസ്തുത വിഷയത്തില്‍ ഖണ്ഡിതമായ ശിക്ഷാ വിധി ഉണ്ടായിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ ഉപാധി മുസ്ലിംകള്‍ക്ക് സ്വീകാര്യമാവുമായിരുന്നില്ല. ഇനി ഹുദൈബിയ സന്ധിക്ക് ശേഷമാണ് മതപരിത്യാഗികള്‍ക്കുള്ള ശിക്ഷാവിധി സ്ഥാപിതമായത് എന്നാണെങ്കില്‍ ആ വാദത്തിന് വ്യക്തമായ ചരിത്ര പിന്തുണയുമില്ല. യഥാര്‍ഥത്തില്‍ അത്തരമൊരു വിധി സ്ഥാപിതമായിട്ടേ ഇല്ല എന്നതാണ് വസ്തുത.
പ്രവാചകന്‍ തന്റെ ജീവിതകാലത്ത് ഒരു മതപരിത്യാഗിയെയും മതപരിത്യാഗത്തിന്റെ പേരില്‍ വധിച്ചിട്ടില്ലെന്നത് തീര്‍ച്ചയാണ്. അല്ലാഹു അത്തരക്കാരെ വധിക്കാന്‍ കല്‍പിച്ചിരുന്നെങ്കില്‍ തിരുദൂതര്‍ അത് നിറവേറ്റുമായിരുന്നു. പ്രവാചകകാലത്ത് വധിക്കപ്പെട്ട മതപരിത്യാഗികളാവട്ടെ മുസ്ലിം സമുദായത്തോട് ശത്രുത പ്രഖ്യാപിച്ചവരും കലാപക്കൊടി ഉയര്‍ത്തിയവരുമായിരുന്നു. 
(Apostasy in Islam : A Historical and Spiritual Analysis എന്ന കൃതിയില്‍ നിന്ന്. വിവ: പി.എ ബാസില്‍  ശാന്തപുരം) 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌