Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

ജീവിക്കുന്ന മൃതദേഹങ്ങളും  നിരീശ്വര തീര്‍ഥ കേന്ദ്രങ്ങളും

 ഡോ. ഉമര്‍ ഒ. തസ്‌നീം

ആത്മീയ നേതാക്കളുടെ ശവകുടീരങ്ങള്‍ കേന്ദ്രീകരിച്ചുള്ള തീര്‍ഥയാത്രകള്‍ നമ്മുടെ നാട്ടില്‍ വിപണി സാധ്യത കണ്ടെത്തിയിട്ടുള്ള വ്യവസായമാണ്. അഭീഷ്ടസാധ്യത്തിനും വിപത്തുക്കള്‍ അകറ്റുന്നതിനും ജനസഹസ്രങ്ങള്‍ ഇവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍, മതത്തെയും ദൈവത്തെയും അണ്ഡകടാഹത്തില്‍നിന്ന് തന്നെ പടിയടച്ച് പിണ്ഡം വെച്ചവരും, ഭയചകിതനായ മനുഷ്യന്‍ ചരിത്രത്തിന്റെ ഏതോ ദുര്‍ദശയിലുണ്ടാക്കിയ ഇത്തരം ഏടാകൂടങ്ങളാണ് സകല പ്രശ്നങ്ങള്‍ക്കും കാരണമെന്നു വിശ്വസിക്കുന്നവരും ഇത്തരത്തിലുള്ള തീര്‍ഥയാത്രകളില്‍ ഏര്‍പ്പെടുന്നതിനെ നെക്രോഫീലിയ (ശവകാമന) എന്നോ, ദൈവം മരിച്ചാലും തീരാത്ത ആത്മീയ അഭിവാഞ്ഛ എന്നോ വിശേഷിപ്പിക്കുക? ദെവത്തേയും ദിവ്യത്വവുമായി ബന്ധപ്പെട്ട സകലതിനെയും മനുഷ്യനെ മയക്കുന്ന കറുപ്പായും ലഹരിയെക്കാളും വിനാശകരമായ വിപത്തായും ഉദ്‌ഘോഷിച്ചവരുടെ ശവകുടീരങ്ങള്‍ ആത്മീയാചാര്യരുടെ ശവകുടീരങ്ങളെ കവച്ചുവെക്കുന്ന പുണ്യസ്ഥലികളാവുകയും, അവിടങ്ങളില്‍ അവരുടെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്നും പ്രേതങ്ങളായി ജീവിക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ എങ്ങനെയാണ് വിശദീകരിക്കാനാവുക?

ലെനിന്റെ 'മരിക്കാത്ത മൃതദേഹം'
നീത്ഷെ ദൈവത്തിന്റെ മരണം പ്രഖ്യാപിക്കുകയും ദൈവഹന്താവെന്ന പദവി സ്വയം എടുത്തണിയുകയും ആണ് ചെയ്തതെങ്കില്‍ സോവിയറ്റ് യൂനിയന്‍ സ്ഥാപകനായ വി.ഐ ലെനിന്‍ ദൈവത്തെ കൊല്ലുകയും, മതപുരോഹിതര്‍ ആളെ 'കബളിപ്പി'ക്കാന്‍ പറഞ്ഞ് വിശ്വസിപ്പിക്കുന്ന മരണാനന്തര സ്വര്‍ഗം ഭൂമിയില്‍ തന്നെ പണിയാന്‍ ശ്രമിക്കുകയും ചെയ്ത വിപ്ലവകാരിയായിരുന്നു. സോവിയറ്റ് അരുണോദയത്തിന്റെ പ്രഭാവകാലത്ത് ബൂട്ടും സൂട്ടുമണിഞ്ഞ ലെനിന്‍ നിസ്സഹായനും പതിതനുമായ ദൈവത്തെ ചവിട്ടിയോടിക്കുന്ന പോസ്റ്ററുകള്‍ റഷ്യയില്‍ എമ്പാടും പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പക്ഷേ, ദൈവത്തെ ചവിട്ടിപുറത്താക്കിയ ലെനിനും സ്റ്റാലിനും ഒരര്‍ഥത്തില്‍, ദൈവം കാലിയാക്കിയ സിംഹാസനത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു. ലെനിന്‍-സ്റ്റാലിന്‍ പൂജകള്‍ അക്കാലത്ത് റഷ്യയില്‍ വ്യാപകമായി നടന്നിരുന്നതായി അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നു.
ഒരു വേള ദൈവനിരാസം സൃഷ്ടിച്ച ആത്മീയ ശൂന്യത നികത്താന്‍ സോവിയറ്റ് ഭരണകൂടം കണ്ടെത്തിയ ഏറ്റവും വലിയ ഉരുപ്പടിയായിരുന്നു 1924-ല്‍ കാലയവനിക പുല്‍കിയ ലെനിനെ ചുറ്റിയുള്ള മിത്തുകളും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളും. എല്ലാവരെയും പോലെ തന്റെ മൃതദേഹം മറമാടപ്പെടണമെന്നായിരുന്നു ലെനിന്‍ ഒസ്യത്ത് ചെയ്തത്. ആചാര്യന്റെ മൃതദേഹം ലേപനം ചെയ്ത് സൂക്ഷിക്കുകയെന്നത് സ്റ്റാലിന്റെ ആശയമായിരുന്നു. മരിച്ച് 93 വര്‍ഷമായെങ്കിലും ഇന്നും ആ മൃതദേഹം 'സജീവമായി' റെഡ്സ്‌ക്വയറില്‍ നിലകൊള്ളുന്നു. റഷ്യയില്‍ ജീവനുള്ള ആരെക്കാളും ജീവന്‍ ഉള്ളത് ഈ മൃതദേഹത്തിനാണെന്ന് ബി.ബി.സി അവരുടെ ഒരു ഡോക്യുമെന്ററിയില്‍ അഭിപ്രായപ്പെടുകയുണ്ടായി.
വര്‍ഷം തോറും 'പുണ്യ'ദര്‍ശനത്തിനായി പതിനായിരങ്ങള്‍ റെഡ് സ്‌ക്വയറില്‍ എത്തുന്നു. തികഞ്ഞ മതകീയ മാനങ്ങളുള്ളതാണ് അവിടത്തെ സന്ദര്‍ശനം. ഒരു നിലക്കും കേമറ അകത്ത് കയറ്റിക്കൂടാ; അഞ്ച് മിനിറ്റില്‍ കൂടൂതല്‍ ആരും അകത്ത് തങ്ങരുത്. സംസാരത്തിനും പുകവലിക്കും പൂര്‍ണ നിരോധം. പുരുഷന്മാര്‍ കൊടും ശൈത്യത്തിലും തൊപ്പി ധരിക്കാനോ, കീശയില്‍ കയ്യിടാനോ പാടില്ല. കഅ്ബയെ വലം വെക്കുന്നത് പോലെ ഒരു അര്‍ധപ്രദക്ഷിണം നടത്തിയാണ് സന്ദര്‍ശകര്‍ 'പുണ്യദേഹ'ത്തിന്റെ ദര്‍ശനം നിറവേറ്റേണ്ടത്. സന്ദര്‍ശകര്‍ താഴോട്ട് നോക്കുന്നത് നേതാവിനോടുള്ള അനാദരവായി കണക്കാക്കപ്പെടുമെന്നതിനാല്‍, വളരെ ഉയരത്തിലുള്ള തറയിലാണ് ഭൗതികശരീരം കിടത്തിയിരിക്കുന്നത്.
ഭീമമായ ഒരു സംഖ്യയാണ് മൃതദേഹത്തിന്റെ പരിപാലനത്തിന് വര്‍ഷം തോറും റഷ്യ ചെലവഴിക്കുന്നത്. 2016-ല്‍ മാത്രം 140,000 പൗണ്ട് ഇതിനായി ചെലവ് വന്നു എന്നാണ് കണക്ക്. പ്രത്യേക രീതിയില്‍ വൈദ്യുതിയും വായുവും ക്രമീകരിച്ചാണ് ആ ഭൗതികാവശിഷ്ടം ഇങ്ങനെ കേട്കൂടാതെ സൂക്ഷിക്കുന്നത്. എല്ലാ വര്‍ഷവും ഒരു മാസം ലെനിനെ 'ഗ്ളിസറിന്‍ ചികിത്സ'ക്കായി റെഡ് സ്‌ക്വയറില്‍ നിന്ന് ഒരു സ്വകാര്യ കേന്ദ്രത്തിലേക്ക് മാറ്റുന്നു. പ്രശസ്ത എഴുത്തുകാരന്‍ പീറ്റര്‍ ഹിച്ച്കോക്കിന്റെ അഭിപ്രായത്തില്‍ മാര്‍ക്സിസത്തെ ആഗോള തലത്തില്‍ പിടികൂടിയിരിക്കുന്ന പ്രേതാസക്തിയുടെ നിദര്‍ശനം തന്നെയാണ് ലെനിന്റെ 'പുറംതോടി'നോട് കാണിക്കുന്ന ഈ ചിത്താനുരാഗം. 'പുറംതോട്' എന്ന് ഹിച്ച്കോക്ക് പ്രയോഗിക്കുന്നത് ബോധപൂര്‍വമാണ്. കാരണം, ഹൃദയവും മസ്തിഷ്‌കവും കരളും അടക്കം നീക്കം ചെയ്യപ്പെട്ട മാംസാവൃതമായ ഒരസ്ഥികൂടം മാത്രമാണ് ലെനിന്‍ എന്ന പേരില്‍ ഇന്ന് സന്ദര്‍ശകര്‍ റെഡ് സ്‌ക്വയറില്‍ കാണുന്ന ശരീരം. ആന്തരികാവയവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മൃതദേഹം അഴുകാതെ സംരക്ഷിക്കുക സാധ്യമല്ലെന്ന തിരിച്ചറിവാണ് അവ നീക്കം ചെയ്യാന്‍ അധികൃതരെ നിര്‍ബന്ധിച്ചത്.
മൃതദേഹം കേട്കൂടാതെ സൂക്ഷിക്കുക പഴയ സോവിയറ്റ് യൂനിയനെ സംബന്ധിച്ചേടത്തോളം ഏറെ സാഹസികമായിരുന്നു. അതിമാനുഷ ഭാവങ്ങളോട് കൂടിയ ഒരു ദിവ്യസ്വരൂപമായാണ് വിപ്ലവാനന്തര റഷ്യയില്‍ ലെനിന്‍ അവതരിക്കപ്പെട്ടത്. പ്രഭാത അസംബ്ലികളില്‍ വിശക്കുന്ന കുട്ടികളോട് അധ്യാപകര്‍ പറയും: നിങ്ങള്‍ ദൈവത്തെ വിളിച്ച് അപ്പത്തിനായി പ്രാര്‍ഥിക്കൂ; കുട്ടികള്‍ തളര്‍ന്ന കൈകളുമായി ദൈവത്തോട് അപ്പത്തിനായി കെഞ്ചും. ഏറെ നേരത്തെ പ്രാര്‍ഥനക്ക് ശേഷവും ദൈവത്തിന്റെ അപ്പം കിട്ടാതെ വരുമ്പോള്‍ അധ്യാപകര്‍ അവരോട് പറയും: ഇനി നിങ്ങള്‍ ലെനിനെ വിളിച്ച് അപ്പത്തിനായി പ്രാര്‍ഥിക്കൂ. കുട്ടികള്‍ ലെനിന്റെ പേര് ഉച്ചരിക്കേണ്ട താമസം സ്‌കൂള്‍ പേന്‍ട്രിയില്‍ നിന്ന് ബ്രെഡും പാലും കുട്ടികളുടെ മുമ്പില്‍ ട്രോളികളില്‍, അലാവുദ്ദീന്റെ മാന്ത്രിക വിളക്ക് ഉരസ്സിയപോലെ പ്രത്യക്ഷപ്പെടും!
വിശക്കുമ്പോള്‍ തങ്ങളുടെ മുമ്പില്‍ 'റൊട്ടിയുമായി പ്രത്യക്ഷപ്പെട്ട' ലെനിന് സോവിയറ്റ് യൂനിയനിലെ ഒരു തലമുറ ദൈവികപരികല്‍പ്പന നല്‍കിയതില്‍ അദ്ഭുതമില്ല. തുടക്കത്തില്‍ ഏതാനും ദിവസം പ്രദര്‍ശിപ്പിക്കുവാനാണ് മൃതദേഹം എംബാം ചെയ്തതെങ്കിലും ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ത്യാഗ സ്മരണകള്‍ എന്നും കെടാതെ സൂക്ഷിക്കുവാന്‍ നേതാവിന്റെ തിരുശേഷിപ്പുകള്‍ക്ക് കഴിയുമെന്ന് സ്റ്റാലിന്‍ കണക്ക് കൂട്ടി. അത് മമ്മിഫൈ ചെയ്ത് സൂക്ഷിക്കുവാന്‍ ശാസ്ത്രജ്ഞന്മാരുടെയും ഡോക്ടര്‍മാരുടെയും വന്‍സംഘത്തെ തന്നെ ചുമതലപ്പെടുത്തി. 'ബിയോണ്ട് റഷ്യ' എന്ന ചാനല്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചേക്കാവുന്ന യുക്തിയെ കുറിച്ച് ചില സൂചനകള്‍ നല്‍കുന്നുണ്ട്. ശാസ്ത്രം പുരോഗമിക്കുന്ന മുറക്ക് ഒരു നാള്‍ ലെനിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഉന്നതങ്ങളിലുള്ള ചിലരെങ്കിലും വിശ്വസിച്ചിരുന്നുവത്രെ. ശുദ്ധ ഭൗതികതയില്‍ അധിഷ്ഠിതമായ എല്ലാ പ്രപഞ്ചവീക്ഷണങ്ങള്‍ക്കും ജീവന്‍ എന്ന പ്രതിഭാസം എന്നും ഒരു പ്രഹേളികയായിരുന്നു. അതിനാല്‍, ഭൗതിക മാത്ര ചിന്തയില്‍ ഇത്തരം വ്യാമോഹങ്ങളുടെ സാധ്യതകള്‍ ഒരിക്കലും തള്ളിക്കളഞ്ഞു കൂടാ.
പക്ഷേ, ലെനിന്റെ ശരീരം കേട്കൂടാതെ സൂക്ഷിക്കുക ശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം അപകടകരമായ ഒരു ദൗത്യമായിരുന്നു. സംഘത്തിലെ പലരെയും സ്റ്റാലിന്‍ ദുരൂഹ സാഹചര്യങ്ങളില്‍ വകവരുത്തിയതായി ഹിച്ച്കോക്ക് എഴുതുന്നു. അമ്പതുകളില്‍ മൃതദേഹത്തില്‍ ഒരു മുഴ പൊന്തിയത് ശാസ്ത്രജ്ഞരെ ഏറെ ആശങ്കയിലാഴ്ത്തി. ഏറെ ശ്രമകരമായ നീക്കങ്ങള്‍ക്കൊടുവിലാണ് അത് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞത്; പ്രശ്നം ഒരു മൃതദേഹത്തിന്റെ 'ആരോഗ്യ'വുമായി ബന്ധപ്പെട്ടതാണല്ലോ! രണ്ടാം ലോകയുദ്ധകാലത്തും അമൂല്യമായ ഉരുപ്പടിയുടെ സംരക്ഷണം ഒരു പ്രശ്നമായി. സോവിയറ്റ് ആകാശത്ത് മണംപിടിച്ച് വട്ടമിട്ട് പറക്കുന്ന നാത്സീ ബോംബറുകളില്‍ നിന്ന് മൃതദേഹം സംരക്ഷിക്കാന്‍ ജീവനുള്ളവരെ രക്ഷിക്കുന്നതിനെക്കാള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന കാര്യത്തില്‍ സ്റ്റാലിന് സംശയമില്ലായിരുന്നു. ഓബ്ജക്റ്റ് വണ്‍ എന്ന കോഡ്നെയ്ം നല്‍കി 'ആദരണീയ' ദേഹത്തിന്റെ ഒളിത്താവളം നിരന്തരം മാറ്റിയാണ് ലുഫ്റ്റ്വ്ഫയുടെ കഴുകക്കണ്ണുകളില്‍ പെടാതെ അന്ന് മൃതദേഹത്തെ സോവിയറ്റ് പട്ടാളം സംരക്ഷിച്ചത്.
1955-ല്‍ സ്റ്റാലിന്‍ മരിച്ചപ്പോള്‍ ടിയാന്റെ മൃതദേഹം എന്ത് ചെയ്യണമെന്നതും വിഷയമായി. ലെനിന്റെ ശരീരം എംബാം ചെയ്ത് സൂക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്ന പ്രഫസ്സര്‍ വൊറോബിയേവ് ഇതിനകം മരിച്ചിരുന്നു; മൃതദേഹത്തിനകത്ത് ഒരു പ്രത്യേകതരം ഇലക്ട്രിക് മോട്ടോര്‍ ഘടിപ്പിച്ച് ഹ്യുമിഡിറ്റി നിയന്ത്രിച്ചായിരുന്നു തന്റെ ദൗത്യത്തില്‍ അദ്ദേഹം വിജയിച്ചത്. അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഴാര്സ്‌കിനാണ് സ്റ്റാലിന്റെ മൃതദേഹം സംരക്ഷിക്കാനുള്ള ചുമതല കിട്ടിയത്. തന്റെ ജോലി അദ്ദേഹം ഭംഗിയായി തന്നെ നിര്‍വഹിച്ചു. എന്നാല്‍, ലെനിന്റെ തിരുശേഷിപ്പുകള്‍ക്കുണ്ടായ അതേ വിധിയല്ല 30 വര്‍ഷം സ്വേഛപ്രമത്തതയോടെ റഷ്യ അടക്കിവാണ സ്റ്റാലിനുണ്ടായത്. ക്രൂഷ്ചേവ് തുടക്കമിട്ട 'അപസ്റ്റാലിനീകരണം' ഒരു കൊടുങ്കാറ്റായി മാറിയ അറുപതുകളില്‍ സ്റ്റാലിനുമായി ബന്ധപ്പെട്ട എല്ലാം ഒരു ദുഃസ്വപ്നത്തിലെ പിശാച്ബാധ ഒഴിപ്പിക്കുന്നതു പോലെ പിഴുത് കളയുവാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി ലെനിന് സമീപം അന്ത്യവിശ്രമം കൊള്ളുകയായിരുന്ന സ്റ്റാലിനെ ആരും കാണാതെ റെഡ് സ്‌ക്വയറില്‍ നിന്ന് നീക്കി. അതിന് വിചിത്രമായ ഒരു കാരണവും കണ്ടെത്തി. 1961-ലെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്സാണ് രംഗം. കമ്യൂണിസ്റ്റ് ഭക്തയായ ഒരു പ്രതിനിധി എഴുന്നേറ്റ് തനിക്കുണ്ടായ വിചിത്രമായ ഒരു സ്വപ്നം വിവരിച്ചു: ഞാന്‍ എല്ലാ കാര്യങ്ങളിലും ലെനിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്; സ്റ്റാലിന്റെ കൂടെ ഇനിയും കഴിയാനാവില്ലെന്ന് സ്വപ്നത്തില്‍ ലെനിന്റെ ആത്മാവ് വന്ന് ഇന്നലെ പലവുരു എന്നോട് ആവശ്യപ്പെടുകയുണ്ടായി. തന്റെ വിശ്വസ്തയായ അനുയായിയുടെ 'ദിവ്യ ബോധനം' ക്രൂഷ്ചേവ് ഗൗരവത്തിലെടുത്തു. രായ്ക്കുരാമാനം സ്റ്റാലിന്റെ മൃതദേഹം ക്രെംലിനിലെ വിശുദ്ധ ചുമരുകള്‍ക്കപ്പുറം ഒരു മൂലയിലേക്ക് മാറ്റാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഹിച്ച്കോക്ക് എഴുതുന്നു: His remains remain hidden outside the Kremlin's walls ( Hitchcocke 38).

മാവോവിന്റെ ശവകുടീരം

ക്രൂരതയുടെയും നരമേധത്തിന്റെയും കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ല ചൈനീസ് കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന മാവോ. 'മാവോ ദ അണ്‍നോണ്‍ സ്റ്റോറി' എഴുതിയ ജാങ് ചാങ്ങും ജോ ഹാളിഡേയും പറയുന്നത് മാവോവിന്റെ ക്രൂരതയും നയവൈകല്യങ്ങളും നിമിത്തം 70 മില്യന്‍ ചൈനക്കാരെങ്കിലും മരിച്ചുവെന്നാണ്. സാംസ്‌കാരിക വിപ്ലവം എന്ന പേരില്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍ അരങ്ങേറിയ ഉന്‍മൂലന പ്രക്രിയ പഴയ കണ്‍ഫ്യൂഷ്യനിസത്തിന്റെ കുഴിച്ചുമൂടലിനൊപ്പം തന്നെ മാവോ എന്ന പുതിയ ഒരു ദൈവത്തിന്റെ സംസ്ഥാപനത്തിനാണ് സാക്ഷ്യം വഹിച്ചത്. 1960-കളില്‍ അരങ്ങേറിയ ആ വിപ്ലവ ദൗത്യത്തിന്റെ ഭാഗമായി മാവോവിന്റെ ശിരസ്സ് ആലേഖനം ചെയ്ത 4.8 ബില്യന്‍ ബാഡ്ജുകള്‍ വിതരണം ചെയ്യപ്പെട്ടു. മാവോചിത്രങ്ങള്‍ ആലേഖനം ചെയ്ത ഇത്തരം ഏലസ്സുകള്‍ ഇന്നും ചൈനയില്‍ സുലഭമാണെന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നു. ഹിച്ച്കോക്കിന്റ അഭിപ്രായത്തില്‍, ഇത്തരം ഏലസ്സുകള്‍ വാഹനാപകടങ്ങള്‍ തടയാന്‍ വരെ ഉതകുമെന്നാണ് ചില നിഷ്‌കളങ്ക കമ്യൂണിസ്റ്റുകള്‍ കരുതിയിരുന്നത് എന്നാണ്.
മാവോവിന്റെ പ്രഭാവകാലത്ത് ചൈനീസ് വിദ്യാലയങ്ങളില്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്ന ഗാനങ്ങളില്‍ തങ്ങളുടെ നേതാവ് പതിനായിരം വര്‍ഷം ജീവിക്കുമെന്നായിരുന്നു ചൊല്ലിയിരുന്നത്. അപസര്‍പ്പകത്വം നിറഞ്ഞ ഒരു അതിശയ ജീവിതമായിരുന്നു, ഹുനാന്‍ പ്രവിശ്യയിലെ ഒരു സാദാ കര്‍ഷകകുടുംബത്തില്‍ ജനിച്ച മാവോയുടേത്. ഇതില്‍ പലതും, കമ്യൂണിസത്തെ അടിക്കാന്‍ കിട്ടുന്ന ഒരു വടിയും പാഴാക്കരുതെന്ന് വാശി പിടിച്ചിരുന്ന, Better dead than red എന്ന് വിശ്വസിച്ചിരുന്ന പടിഞ്ഞാറന്‍ പ്രോപഗാണ്ടിസ്റ്റുകളുടെ ഭാവനാവിലാസങ്ങളായിരുന്നിരിക്കണം. ജീവിതത്തിലൊരിക്കലും മാവോ പല്ല് തേച്ചിരുന്നില്ല എന്നത് ഇതില്‍ താരതമ്യേന നിരുപദ്രവമായ ഒന്ന് മാത്രം. ദന്തസ്നാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ നരിയും സിംഹവും പല്ല് തേക്കാറില്ല എന്നായിരുന്നുവത്രെ ചെയര്‍മാന്റെ മറുപടി. എണ്ണമറ്റ സ്ത്രീകളുമായി മാവോയെ ബന്ധിപ്പിച്ചുള്ള കഥകള്‍ക്ക് കണക്കില്ല. ഇത്തരം കഥകള്‍ എല്ലാം തന്നെ പക്ഷേ മാവോ എന്ന അതിമാനുഷനെ ദരിദ്ര ചൈനീസ് മനസ്സുകളില്‍ കൂടുതല്‍ ഇതിഹാസവല്‍ക്കരിക്കാനാണ് ഉതകിയത്.
മാവോയില്‍ ദൈവത്തെ കണ്ട സാംസ്‌കാരിക വിപ്ലവാനന്തര തലമുറക്ക് അതിനാല്‍ തന്നെ തങ്ങളുടെ നേതാവിന്റെ മരണം ഉള്‍ക്കൊള്ളാവുന്നതിനപ്പുറമായിരുന്നു.  മാവോ മരിക്കുന്നത് ഒരര്‍ധരാത്രിയാണ്; ചൈനീസ് റേഡിയോ ആ വാര്‍ത്ത പുറത്ത് വിടുന്നത് വൈകീട്ട് നാല് മണിക്ക്. നേതാവിനെ ഒരു നോക്ക് കാണാന്‍ പത്ത് ലക്ഷത്തോളം ആളുകളാണ് ബീജിംഗിലെ ഗ്രൈറ്റ് ഹോളിലേക്ക് ഒഴുകിയത്. ദുഃഖം അടക്കാനാവാതെ അവരില്‍ പലരും വിങ്ങിപ്പൊട്ടി. ലെനിന്റേത് പോലെ തങ്ങളുടെ നേതാവിന്റെ ശരീരവും സൂക്ഷിക്കണമെന്ന് തീരുമാനിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. റഷ്യ-ചൈനീസ് ബന്ധം ഇതിനിടെ പൂര്‍ണമായി ഉലഞ്ഞിരുന്നു. അതിനാല്‍, തന്നെ റഷ്യക്കാര്‍ക്ക് കഴിയുന്നത് ഒക്കെ തങ്ങള്‍ക്കും കഴിയുമെന്ന് ലോകത്തിന് കാട്ടിക്കൊടുക്കുകയെന്ന ഉദ്ദേശ്യം കൂടിയുണ്ടായിരുന്ന മാവോയുടെ 'മയ്യിത്ത്' മറമാടാതിരിക്കുന്നതിന് പിന്നില്‍.
മൃതദേഹം സൂക്ഷിക്കാനുള്ള സ്ഫടിക പേടകം നിര്‍മിക്കുക തന്നെ വലിയ വെല്ലുവിളിയായി. മന്ദിരത്തിന്റെ രൂപകല്‍പ്പനയാവട്ടെ അങ്ങേയറ്റം സങ്കീര്‍ണവും ശ്രമകരവുമായ പ്രക്രിയയായിരുന്നു. ആ ഉദ്യമം വിവരിച്ച് A Place Where the Great Man Rests എന്ന പേരില്‍  ഒരു പുസ്തകം തന്നെ എഴുതപ്പെട്ടിട്ടുണ്ട്. ആയിരത്തിലധികം ചൈനീസ് കമ്പനികളും ഏഴ് ലക്ഷത്തോളം സന്നദ്ധ സേവകരും സ്മൃതിമന്ദിരത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായെന്നാണ് കണക്ക്. ലെനിന്റേത് പോലെത്തന്നെ വമ്പിച്ച പണച്ചെലവോടെയും ഉപചാരങ്ങളോടെയുമാണ് മാവോയുടെയും ശവമന്ദിരം പരിപാലിക്കുന്നതെങ്കിലും അവിടം സന്ദര്‍ശിക്കുന്നവരെ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമുണ്ട്. തങ്ങള്‍ ഉപചാരമര്‍പ്പിക്കുന്നത് മാവോയുടെ യഥാര്‍ഥ ഭൗതികാവശിഷ്ടങ്ങള്‍ക്ക് തന്നെയാണോ എന്ന് തീര്‍പ്പാക്കാന്‍ കഴിയാത്തതാണ് ആ പ്രശ്‌നം. കാരണം, മാവോവിന്റെ ശവക്കല്ലറയില്‍ ശയിക്കുന്നത് വെറും ഒരു മെഴുക് പ്രതിമയാണെും യഥാര്‍ഥ 'മയ്യിത്ത്' എന്നോ തടി രക്ഷിച്ചിട്ടുണ്ടെന്നുമാണ് പല ചൈനീസ് നിരീക്ഷകരും പറയുന്നത്. 1998-ല്‍ നീണ്ട കാലയളവിന് ശേഷം ശവക്കല്ലറ പൊതുജനങ്ങള്‍ക്കായി തുറക്കപ്പെട്ടപ്പോള്‍, ഇംഗ്ലണ്ടിലെ ഇന്‍ഡിപെന്‍ഡന്റ് പത്രം ഇത് സംബന്ധമായി എഴുതിയ തലവാചകം Chiana's Great Leader Waxes Implausibly എന്നായിരുന്നു. വാചാലമായി സംസാരിക്കുക എന്നതിന് ഇംഗ്ലീഷുകാര്‍ Waxes eloquently എന്നാണ് പറയാറുള്ളത്. അതിനെ Waxes Implausibly ആക്കി ഇപ്പോള്‍ നേതാവിന്റെ സ്ഥാനത്ത് കിടക്കുന്നത് വെറും ഒരു മെഴുക് കോലമാണെന്ന് ഭംഗ്യന്തരേണ സൂചിപ്പിക്കുയായിരുന്നു തലവാചകം. മെഴുക് പ്രതിമയെന്ന നിലക്ക് പോലും ഉരുപ്പടിയുടെ 'ക്വാളിറ്റി' മോശമാണെന്നായിരുന്നു റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍; ലണ്ടനിലെ പ്രസിദ്ധമായ മേഡം ട്യുസ്സോഡ്സില്‍ നിന്ന് നിലവാരമില്ലാത്തതിനാല്‍ തിരിച്ചയക്കപ്പെട്ട ഒരു മെഴുക് പ്രതിമയെപ്പോലെ ചെയര്‍മാന്റെ മൃതശരീരം തോന്നിക്കുന്നുവെന്ന പരിഹാസവും റിപ്പോര്‍ട്ടിലുണ്ട്. യഥാര്‍ഥ 'മാവോ ദേഹം' എന്നോ ചിതയില്‍ കത്തിയെരിഞ്ഞെന്ന് ചൈനീസ് വിമതന്‍ ബൊവോ ഗെയെ വെളിപ്പെടുത്തിയത് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, എല്ലാ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും ലെനിനെയോ മാവോവിനെയോ പോലെ മരണാനന്തര 'ഭാഗ്യ'മുണ്ടായെന്ന് നിനച്ചു കൂടാ. കമ്യൂണിസ്റ്റ് സ്വര്‍ഗം സ്ഥാപിക്കാനായി ഏറ്റവും ക്രൂരമായ നരനായാട്ടുകള്‍ നടത്തിയത് ഒരുവേള മാവോയോ സ്റ്റാലിനോ ആയിരുന്നില്ല,  കംബോഡിയന്‍ നേതാവായിരുന്ന പോള്‍പോട്ടായിരുന്നു. 1975 മുതല്‍ 79 വരെയുള്ള ചുരുങ്ങിയ കാലയളവില്‍, 1.5 മുതല്‍ 3 മില്യണ്‍ കംബോഡിയക്കാരെയാണ് പോള്‍പോട്ടിന്റെ കിങ്കരന്‍മാര്‍ യമപുരിയിലേക്കയച്ചത്. മൊത്തം കംബോഡിയന്‍ ജനസംഖ്യയുടെ നാലിലൊന്നാണ് ഇങ്ങനെ കൊലചെയ്യപ്പെട്ടതത്രെ. സ്റ്റാലിന്റെ ക്രൂരതകള്‍ക്ക് പലപ്പോഴും ഇരകളായത് താര്‍താരി മുസ്‌ലിംകളായിരുന്നെങ്കില്‍ പോള്‍പോട്ടിന്റെ മൃഗീയ താണ്ഡവം പ്രധാനമായും ചാം മുസ്‌ലിംകളെയും വിയറ്റ്‌നാമീസ് വംശജരെയും ലക്ഷ്യം വെച്ചുള്ളതായിരുന്നു. സോവിയറ്റ്-ചൈനീസ് ശീതയുദ്ധകാലത്ത് ചൈനയുടെ ഉറ്റതോഴനായിരുന്ന പോള്‍പോട്ടിനെ ഒടുവില്‍ കമ്യൂണിസ്റ്റുകള്‍ തള്ളിപ്പറയുകയും സന്തത സഹചാരിയായിരുന്ന ടാ മോക് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയുമാണുണ്ടായത്. 1998-ല്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം മൂന്ന് ദിവസം ഐസിലും മെത്തനോളിലും സൂക്ഷിക്കാന്‍ ടാ മോക് ഉത്തരവിട്ടു. പോള്‍ പോട്ട് യഥാര്‍ഥത്തില്‍ തന്നെ മരിച്ചുവെന്നത് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഈ നടപടി. മൂന്ന് നാളുകള്‍ക്ക് ശേഷം, അവര്‍ അഭയം തേടിയ, കാട്ടുപ്രദേശത്ത് ഭാര്യയും രണ്ട് സഹായികളും ചേര്‍ന്ന് ചവറും ടയറുകളും കൂട്ടിയുണ്ടാക്കിയ ചിതയില്‍ ആ കശാപ്പുകാരന്‍ എരിഞ്ഞമരുകയായിരുന്നു. 
ഏറെ വര്‍ഷങ്ങള്‍, പോള്‍പോട്ടിനെ ദഹിപ്പിച്ച കാട്ടുപ്രദേശം അവഗണിക്കപ്പെട്ടു കിടന്നെങ്കിലും ഈ അടുത്തായി, നമ്മുടെ നാട്ടിലെ യാഥാസ്ഥിതിക പുരോഹിതരുടെ മഖ്ബറകളിലേത് പോലെ ചില 'ആത്മീയ' കലാപരിപാടികള്‍ക്ക് സ്ഥലം സാക്ഷിയായിരിക്കുകയാണ്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന സ്വര്‍ണ ഫലകം പതിച്ച മേശ ഇതിന് തെളിവാണ്. തായ് വംശീയനായ ഒരു കുലീനജാതന് ഒരിക്കല്‍ ഒരു സ്വപ്നദര്‍ശനമുണ്ടായി: അതില്‍ പോള്‍പോട്ട് അദ്ദേഹത്തിന്റെ ചെവിയില്‍, സമ്മാനം നേടാന്‍ പോകുന്ന ലോട്ടറിയുടെ നമ്പര്‍ മന്ത്രിച്ചു കൊടുത്തു. നന്ദി സൂചകമായി ചിതാസ്ഥലിക്ക് ഇങ്ങനെ ഒരു പാരിതോഷികം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു. ജീവിച്ചിരിക്കുമ്പോള്‍ ആത്മീയതയുമായി ബന്ധപ്പെട്ട എല്ലാറ്റിനോടും സന്ധിയില്ലാസമരം പ്രഖ്യാപിച്ചിരുന്ന പോള്‍പോട്ടിനെ ദഹിപ്പിച്ച വനാന്തരത്തിലേക്ക് ഇന്ന് ചിലര്‍ സൗഭാഗ്യമന്വേഷിച്ച് തീര്‍ഥയാത്ര നടത്തുന്നു! വിചിത്രം തന്നെ- ജോണ്‍സണ്‍ പറയുന്നു.
മാര്‍ക്സും എംഗല്‍സും തങ്ങളുടെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തുടങ്ങുന്നത് പ്രേതത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്: 'യൂറോപ്പ് ഒരു പ്രേതബാധയെ അഭിമുഖീകരിക്കുന്നു- കമ്യൂണിസത്തിന്റെ പ്രേതം. പഴയ യൂറോപ്പിലെ എല്ലാ ശക്തിസ്വരൂപങ്ങളും അതിന്റെ ഉച്ചാടനത്തിനായി ഒരവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നു... ആഗോള തലത്തിലുള്ള കമ്യൂണിസ്റ്റുകള്‍, തങ്ങളുടെ കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും എന്തെന്ന് വ്യക്തമാക്കി ഒരു നയരേഖയുണ്ടാക്കി കുട്ടിക്കഥകളിലെ ഈ പ്രേതത്തെ നേരിടേണ്ട സമയമാണിത്.' സോവിയറ്റ് യൂനിയന്റെ പതനത്തോടെ മാര്‍ക്സ് പറഞ്ഞ ഈ പ്രേതം എന്നന്നേക്കുമായി മറമാടപ്പെട്ടുവെന്നും ചരിത്രം അവസാനിച്ചുവെന്നും ഇനി വരാനിരിക്കുന്നത് പടിഞ്ഞാറന്‍ ഉദാരജനാധിപത്യത്തിലേക്കുള്ള പാശ്ചാത്യേതര ലോകത്തിന്റെ അനുക്രമമായ മാറ്റമാണെന്നുമാണ് The End of History and the Last Manല്‍ ഫ്രാന്‍സിസ് ഫുക്കയാമ വാദിച്ചത്. ഫുക്കയാമയുടെ ഈ വാദങ്ങള്‍ ഖണ്ഡിക്കുവാനാണ് 'മാര്‍ക്സിന്റെ ഭൂതങ്ങള്‍' (Spectres of Marx) എന്ന വിഖ്യാത പ്രബന്ധത്തില്‍ ഫ്രഞ്ച് ചിന്തകനായ ഴാക്വസ് ദെറീദ മുഖ്യമായും ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ലോകത്ത് അസമത്വവും ദാരിദ്ര്യവും നിലനില്‍ക്കുവോളം, വിമോചനം സ്വപ്നം കാണുന്നവര്‍ക്ക് പ്രതീക്ഷയായി മാര്‍ക്സിന്റെ പ്രേതം സമ്പന്നന്റെ സങ്കല്‍പ്പങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടേയിരിക്കും. കാരണം, സോവിയറ്റ് യൂനിയന്റെ പതനം മാര്‍ക്സിസത്തിന്റെ ഭൗതിക ശരീരത്തിന്റെ മാത്രമായുള്ള ദമനക്രിയയായിരുന്നു; അത്തരം ഒരു മറമാടലിനും ആത്മാവിനെ തളച്ചിടാനാവില്ല; അത് പ്രേതമായി മാറുകയും അതിന്റെ ലക്ഷ്യം നേടുവോളം ജീവിച്ചിരിക്കുന്നവരെ വേട്ടയാടുകയും ചെയ്യുന്നു. ലെനിന്റെയും മാവോയുടെയും ജീവിക്കുന്ന മൃതദേഹങ്ങള്‍ പക്ഷേ നമ്മോട് പറയുന്നത്, അവിടങ്ങളില്‍ മറമാടപ്പെട്ടത് മാര്‍ക്സിസത്തിന്റെ ആത്മാവാണെന്നും അവശേഷിക്കുന്നത് ജീവസ്സില്ലാത്ത ജഡങ്ങള്‍ മാത്രമാണെന്നുമാണ്. 

Reference
Hithcok, Peter (2010)- 'Uncanny Marxism. Or, Do Androids Dream of Electric Lenin?' in Popular Ghosts: The Haunted Spaces of Everyday Culture. Edited by Maria Del Pilar Blanco and Esther Peeren. New York: Continuum.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌