Prabodhanm Weekly

Pages

Search

2022 ജൂലൈ 22

3260

1443 ദുല്‍ഹജ്ജ് 23

ശൈഖ് മഹ്മൂദ് അഫന്‍ദി (1929-2022)

അബൂ സ്വാലിഹ

ഒരു ദശലക്ഷം പേരെങ്കിലും ആ ജനാസയെ അനുഗമിച്ചിട്ടുണ്ടാകും. അവരുടെ മുന്‍നിരയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമുണ്ട്. തൊണ്ണൂറ്റി മൂന്നാം വയസ്സില്‍ കഴിഞ്ഞ ജൂണ്‍ 23-ന് ഇഹലോകത്തോട് വിട പറഞ്ഞ നഖ്ശബന്ദി സ്വൂഫി സരണിയിലെ ഇസ്മാഈല്‍ ആഗാ വിഭാഗത്തിന്റെ തലവന്‍ ശൈഖ് മഹ്മൂദ് അഫന്‍ദിയുടെ ജനാസയായിരുന്നു അത്. നിശ്ശബ്ദനായ ഈ പ്രബോധകന് തുര്‍ക്കികത്തും പുറത്തുമുള്ള സ്വീകാര്യതയുടെ തെളിവുകളിലൊന്നായിരുന്നു അന്ത്യ കര്‍മങ്ങളിലെ ഈ ജന ബാഹുല്യം. പില്‍ക്കാലത്ത് 'അഫന്‍ദി ഹസ്‌റത്തലേരി' എന്ന് സ്‌നേഹപൂര്‍വം വിളിക്കപ്പെട്ട അദ്ദേഹം  വടക്ക് കിഴക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സന്‍ ജില്ലയിലാണ് ജനിച്ചത്. ആറാം വയസ്സില്‍ തന്നെ ഖുര്‍ആന്‍ മനപ്പാഠമാക്കാന്‍ തുടങ്ങിയ അദ്ദേഹം യുവത്വത്തിലേക്ക് കടക്കുമ്പോഴേക്കും വിവിധ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ വ്യുല്‍പത്തി നേടിയിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗം കേള്‍ക്കാമെന്ന് കരുതി യുട്യൂബ് പരതിയാല്‍ കിട്ടിക്കൊള്ളണമെന്നില്ല. പ്രശസ്ത അറബി കോളമിസ്റ്റ് വസ്വ്ഫി അബൂ സൈദ് വിശേഷിപ്പിച്ചതു പോലെ, 'മിനിറ്റുകളേ അദ്ദേഹം ഉറങ്ങാറുള്ളൂ, സത്യത്തിലെന്ന് ഉറപ്പാവും വരെ അദ്ദേഹത്തിന് സമാധാനമുണ്ടാവില്ല, മൃദുലമായല്ലാതെ സംസാരിക്കുകയില്ല, സദ്ഗുണങ്ങളുടെ പുനരുജ്ജീവനത്തിനേ സമയം ചെലവിടുകയുള്ളൂ.'
1952-ല്‍ സൈനിക സേവനം കഴിഞ്ഞതിന് ശേഷം ശൈഖ് ഹൈദര്‍ അഫന്‍ദിയെ കണ്ടുമുട്ടിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇസ്തംബൂളിലെ ഫാതിഹ് മേഖലയിലുള്ള ഇസ്മാഈല്‍ ആഗാപള്ളിയില്‍ ഇമാമത്ത് നില്‍ക്കാന്‍ ശൈഖ് ഹൈദര്‍, മഹ്മൂദ് അഫന്‍ദിയെ ക്ഷണിച്ചു. 1996 വരെ ഇമാം പദവിയില്‍ തുടര്‍ന്നു. അത് കേവലം ആരാധനാ കാര്യങ്ങളിലുള്ള നേതൃത്വമായിരുന്നില്ല. ഒരു പ്രമുഖ നഖ്ശബന്ദി സ്വൂഫി സരണിയുടെ നേതൃത്വം തന്നെ അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ശൈഖ് ഹൈദറിന്റെ മരണ ശേഷം ആ സരണിയെ എല്ലാ അര്‍ഥത്തിലും മുന്നോട്ടു നയിച്ചത് മഹ്മൂദ് അഫന്‍ദി തന്നെയാണ്.
സ്വൂഫിയായിരുന്നതുകൊണ്ട് അരാഷ്ട്രീയക്കാരനായിരിക്കും എന്ന് കരുതരുത്. പള്ളികളും മതപാഠശാലകളും ക്ലബ്ബുകളായും കാലിത്തൊഴുത്തുകളായും മാറ്റുന്നത് കാണേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അറബി ഭാഷക്കെതിരെ തുറന്ന യുദ്ധ പ്രഖ്യാപനവുമുണ്ടായി. സമൂഹത്തെ അള്‍ട്രാ സെക്യുലര്‍ ആക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജീവന്‍ പണയം വെച്ചും അദ്ദേഹം പൊരുതി. സമൂഹത്തിന് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചെറുത്ത് നില്‍പ്പുകള്‍. അദ്ദേഹത്തിനെതിരെ പല തവണ വധശ്രമങ്ങളുണ്ടായി.  ഇസ്തംബൂളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിപ്പാര്‍പ്പിക്കാനും നീക്കമുണ്ടായി. ഒപ്പം ഒരു മുഫ്തിയെ കൊന്നുവെന്ന കുറ്റവും അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തി. പട്ടാളത്തിന്റെ ഒത്താശയോടെ നടന്ന ഈ നീക്കങ്ങള്‍ക്കൊന്നും മഹ്മൂദ് അഫന്‍ദിയെ കുടുക്കാനോ തളര്‍ത്താനോ കഴിഞ്ഞില്ല. കുറച്ച് കാലം ജയിലില്‍ കഴിയേണ്ടി വന്നെങ്കിലും കുറ്റം തെളിയിക്കാനാവാതെ വന്നതിനാല്‍ വിട്ടയക്കേണ്ടി വന്നു. 2016-ല്‍ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെതിരെ പട്ടാള അട്ടിമറി ശ്രമമുണ്ടായപ്പോള്‍ മുന്‍നിരയില്‍ നിന്ന് ചെറുത്തവരില്‍ മഹ്മൂദ് അഫന്‍ദിയുടെ അനുയായികളും ഉണ്ടായിരുന്നു.
അപ്പോഴും ജനസേവന പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും സംഘത്തിന്റെയും പ്രധാന പ്രവര്‍ത്തന മേഖല. ഇതിനു വേണ്ടി വഖ്ഫ് സ്വത്തുക്കള്‍ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി, വിപുലമായ നെറ്റ്‌വര്‍ക്ക് രൂപപ്പെടുത്തി. തുര്‍ക്കിയില്‍ മാത്രമല്ല ആഫ്രിക്ക, ഏഷ്യ, ബാള്‍ക്കന്‍ മേഖലകളിലെ നാല്‍പതിലധികം രാജ്യങ്ങളിലായി അദ്ദേഹം പണിതുയര്‍ത്തിയ സ്ഥാപന ശൃംഖലകള്‍ വ്യാപിച്ചു കിടക്കുന്നു. 

ഇഖ്‌വാന്‍ ചരിത്രത്തിലെ അജ്ഞാത ഏടുകള്‍ 

അത്തരം ഏടുകള്‍ ഇനിയും ധാരാളം ഉണ്ടെന്നാണ് അറബ് കോളമിസ്റ്റ് അസ്വാം തലീമ പറയുന്നത്. അതിന് തെളിവായി എടുത്തുകാട്ടുന്നത് ശൈഖ് അഹ്മദ് ഹസന്‍ അല്‍ ബാഖൂരി എഴുതിയ 'ഓര്‍മകളുടെ ബാക്കി' (ബഖായാ ദിക്‌റയാത്ത്) എന്ന ഓര്‍മക്കുറിപ്പും. ഈജിപ്തിലെ ഒരു പ്രമുഖ അസ്ഹരി പണ്ഡിതനാണ് ബാഖൂരി. പക്ഷേ, ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഔദ്യോഗിക ചരിത്രത്തിലെങ്ങും ഇങ്ങനെയൊരാളെ കാണുകയില്ല. ഇമാം ഹസനുല്‍ ബന്ന രക്തസാക്ഷിയായ ശേഷം സംഘടനയുടെ രണ്ടാമത്തെ സാരഥി (മുര്‍ശിദുല്‍ ആം) ആയി തെരഞ്ഞെടുക്കപ്പെട്ടത് ഹസനുല്‍ ഹുദൈബിയാണ് എന്നേ ഔദ്യോഗിക ചരിത്ര രേഖയില്‍ കാണൂ. തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം സാരഥ്യമേറ്റയാള്‍ എന്ന അര്‍ഥത്തില്‍ അത് ശരിയാണെങ്കിലും അതിനിടയില്‍ എഴുതപ്പെടാതെ പോയ ഒന്നേ മുക്കാല്‍ വര്‍ഷത്തെ ഒരു ചരിത്രമുണ്ട്. അതാണ് ബാഖൂരി പറയുന്നത്. ഇഖ്വാന്റെ രണ്ടാമത്തെ സാരഥി (തെരഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും) താനായിരുന്നുവെന്നാണ് ബാഖൂരിയുടെ വെളിപ്പെടുത്തല്‍. ഓര്‍മക്കുറിപ്പില്‍ അദ്ദേഹം എഴുതുന്നത് കാണുക: ''ഇഖ്‌വാന്‍ പിരിച്ചു വിടാന്‍ മുന്‍കൈയെടുത്ത ഈജിപ്ഷ്യന്‍ പ്രധാനമന്ത്രി മഹ്മൂദ് ഫഹ്മി നഖ്‌റാശി 1948 അവസാനത്തില്‍ വധിക്കപ്പെടുകയും കുറ്റം ഇഖ്‌വാന്റെ മേല്‍ ചാര്‍ത്തപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ അടിയന്തരമായി കാണണമെന്നാവശ്യപ്പെട്ട് ഇമാം ബന്ന എനിക്ക് ആളയച്ചു. ഞാന്‍ ചെന്നപ്പോള്‍ ഇമാം ബന്ന മുറിയില്‍ ഒറ്റക്കാണ്. ഒരാളെയും കടത്തിവിടരുതെന്ന് ശട്ടംകെട്ടി സ്വന്തം മരുമകനെ വാതില്‍ക്കല്‍ കാവല്‍ നിര്‍ത്തിയിട്ടുമുണ്ട്. ശബ്ദം താഴ്ത്തി ബന്ന എന്നോട് പറഞ്ഞു: 'ഞാന്‍ ഉടനെ അപ്രത്യക്ഷനാകും.' അപ്രത്യക്ഷനാവുകയോ, എങ്ങനെ? എനിക്കൊന്നും മനസ്സിലായില്ല. ബന്ന വിശദീകരിച്ചു: ''ഒരു ദീര്‍ഘിച്ച അപ്രത്യക്ഷമാകല്‍. ഒരു പക്ഷേ, ഇനി നാം പരസ്പരം കണ്ടെന്ന് വരില്ല.... ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്‌നം കണ്ടു. രണ്ട് തവണ ആ സ്വപ്‌നം ആവര്‍ത്തിച്ചു. പിശാചിന്റെ ദുര്‍മന്ത്രണങ്ങളില്‍ നിന്ന് അഭയം തേടി ഞാന്‍ കിടന്നു. മൂന്നാം തവണയും അതേ സ്വപ്‌നം! അപ്പോള്‍ ഞാനുറപ്പിച്ചു. ഇതില്‍ എന്തോ കാര്യമുണ്ട്. സ്വപ്‌നം ഇതാണ്: അബൂബക്ര്‍ സ്വിദ്ദീഖ് കയറിയ ഒട്ടകത്തിന്റെ മൂക്കുകയര്‍ പിടിച്ച് ഞാന്‍ നില്‍ക്കുന്നു. പിന്നെ ഒരു കൈ നീണ്ട് വന്ന് ആ കയര്‍ എന്നില്‍ നിന്ന് വാങ്ങുന്നു. എന്റെ ദൗത്യം അവസാനിച്ചു എന്നാണതിന്റെ സൂചന. അപ്പോള്‍ ഞാന്‍ അപ്രത്യക്ഷനാകാതെ തരമില്ല. അത് എങ്ങനെയായിരിക്കും എന്ന് പറയാനാവില്ല. എങ്ങനെയായിരുന്നാലും നമ്മുടെ ഈ പ്രബോധന പ്രവര്‍ത്തനം തുടരണം. അതിന് താങ്കള്‍ എന്റെ സ്ഥാനത്ത് നില്‍ക്കണം.''
താന്‍ ഈ വിവരം ഇഖ്‌വാനിലെ പ്രമുഖരെ അറിയിച്ചെന്നും ഇമാം ബന്നയെ ആള്‍മാറാട്ടം നടത്തിയെങ്കിലും ഈജിപ്തില്‍ നിന്ന് സിറിയയിലെത്തിക്കാന്‍ അവര്‍ പ്ലാന്‍ ചെയ്തുവെന്നും പ്ലാന്‍ ഇമാം ബന്നാക്ക് സ്വീകാര്യമല്ലാത്തതിനാല്‍ അത് ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബാഖൂരി തുടര്‍ന്നെഴുതുന്നു. താമസിയാതെ ഇമാം ബന്ന രക്തസാക്ഷിയായി. നേതാക്കളില്‍ പലരും ജയിലിലുമായി. കാര്യങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം വേണ്ടി വന്നു. ഈ ഇടക്കാലത്ത് ഇഖ്‌വാനെ നയിച്ച അസ്ഹരി പണ്ഡിതനാണ് ബാഖൂരി. നേതാക്കള്‍ ജയില്‍ മോചിതരായ ശേഷം പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കിയ ബാഖൂരി മുന്നോട്ടു വെച്ച നിര്‍ദേശവും എല്ലാവര്‍ക്കും സ്വീകാര്യമായി. പുതിയ നേതാവ് ഭരണകൂടത്തിന് സ്വീകാര്യനായ പൊതുവ്യക്തിത്വമാവണം. അങ്ങനെയാണ് ലീഗല്‍ അഡൈ്വസറായ ഹസന്‍ ഹുദൈബി തെരഞ്ഞെടുക്കപ്പെട്ടത്. ഹുദൈബി സ്ഥാനമേറ്റെടുക്കാന്‍ കൂട്ടാക്കിയില്ല. വളരെ നിര്‍ബന്ധിച്ച ശേഷമാണ് അദ്ദേഹം ഏറ്റെടുക്കാന്‍ തയാറായത്.
 സ്ഥാനമേറ്റെടുക്കാന്‍ ഹസന്‍ ഹുദൈബി മൂന്ന് വ്യവസ്ഥകള്‍ മുന്നോട്ടു വെച്ചു. ഒന്ന്, തനിക്ക് സഹായിയായി ഒരു നിയമജ്ഞന്‍ തന്നെ വേണം. അങ്ങനെയാണ് ആ സ്ഥാനത്തേക്ക് അബ്ദുല്‍ ഖാദിര്‍ ഔദയെ തെരഞ്ഞെടുക്കുന്നത്. രണ്ട്, ഇഖ്‌വാന്റെ കേന്ദ്ര സമിതിയില്‍ നിന്ന് അബ്ദുല്‍ ഹകീം ആബിദീന്‍, ത്വാഹിര്‍ ഖശ്ശാബ് എന്നിവരെ നീക്കം ചെയ്യണം. മൂന്ന്, ഇഖ്‌വാനെ പല വിധ പരീക്ഷണങ്ങളില്‍ അകപ്പെടുത്തിയ തന്‍ളീം ഖാസ്വ് എന്ന പോഷക ഘടകത്തെ പിരിച്ചു വിടണം. ഈ മൂന്ന് വ്യവസ്ഥകളും അംഗീകരിച്ചുകൊടുക്കുകയും ചെയ്തു.
അത്യന്തം സങ്കീര്‍ണമായ ഒരു ഘട്ടത്തില്‍ ഇടക്കാല സാരഥിയായി സംഘടനയെ ഭദ്രമായ നിലയിലേക്ക് കൊണ്ടെത്തിച്ച അഹ്മദ് ഹസന്‍ അല്‍ ബാഖൂരി, സംഘടനയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ തൂക്കിയ സാരഥികളുടെ ലിസ്റ്റില്‍ പോലും ഇടം പിടിച്ചില്ല! ലിസ്റ്റില്‍ വേറെ ഇടക്കാല സാരഥിമാരെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. മുഹമ്മദ് മഹ്ദി ആകിഫ് സാരഥിയാകുന്നതിന് മുമ്പ് കുറച്ചു കാലം മുഹമ്മദ് ഹിലാല്‍ ആയിരുന്നു ഇടക്കാല സാരഥി. അദ്ദേഹത്തിന്റെ പേര്‍ പോലും ലിസ്റ്റിലുണ്ട്. ഇങ്ങനെ ചില സുപ്രധാന 'മിസ്സിംഗുകള്‍' ഇഖ്‌വാന്റെ ചരിത്ര രചനയില്‍ പതിവാണ് താനും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -41-44
ടി.കെ ഉബൈദ്‌