Prabodhanm Weekly

Pages

Search

2012 മെയ് 26

ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രവചനം അസാധ്യമാക്കുന്ന രാഷ്ട്രീയ അടിയൊഴുക്കുകള്‍

കെ.എച്ച് റഹീം മസ്കത്ത്

വിപ്ളവാനന്തര ഈജിപ്തിന്റെ ചരിത്രത്തില്‍ ഏറെ സവിശേഷതയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. 82 മില്യന്‍ ജനസംഖ്യയുള്ള ഈജിപ്തില്‍ 52 മില്യന്‍ വോട്ടര്‍മാരാണ് രാജ്യത്തിനകത്തും പുറത്തുമായി വോട്ടുചെയ്യുന്നത്. ഇതുവരെ പത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടന്നു. അതിലൂടെ മൂന്നു പ്രസിഡന്റുമാര്‍ അധികാരത്തിലെത്തി. പത്തില്‍ ഒമ്പതു പ്രാവശ്യവും ഒന്നിലധികം സ്ഥാനാര്‍ഥികളെ അനുവദിക്കാത്ത ഏക സ്ഥാനാര്‍ഥി റഫറണ്ടമായിരുന്നു, ഫലം നേരത്തെ തീരുമാനിക്കപ്പെട്ടതും. നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാതിരുന്നാല്‍ ഈജിപ്തിലും അറബ് ഇസ്ലാമിക ലോകത്തും അത് ചരിത്ര സംഭവമാകും.
വിപ്ളവം നടന്ന അറബ് നാടുകളില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ആദ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഈജിപ്തിലേത്. കഴിഞ്ഞകാല ഏകാധിപത്യത്തിന്റെ മര്‍ദന പീഡനങ്ങളെ അതിജീവിച്ചു വളര്‍ന്നു വന്ന സ്ഥാനാര്‍ഥികള്‍ ഇലക്ഷനില്‍ വിജയിക്കാനുള്ള വര്‍ധിച്ച സാധ്യതയുമുണ്ട്. ഒരു ഇസ്ലാമിക പ്രതിഛായയുള്ള സ്ഥാനാര്‍ഥി കൂടിയാകുമ്പോള്‍ പ്രത്യേകിച്ചും. അറബ് ലോകത്ത് നേതൃപരമായ പങ്കു വഹിക്കുന്ന രാഷ്ട്രമെന്ന നിലയിലും ഈജിപ്ഷ്യന്‍ തെരഞ്ഞെടുപ്പ് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നു.

ഇഖ്വാനും തെരഞ്ഞെടുപ്പും
1948 മുതല്‍ നിരോധം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇഖ്വാന് നേരിട്ട് ഇടപെടാന്‍ സാധിച്ചിട്ടില്ല. 2011-ലെ ജനുവരി വിപ്ളവത്തിന് ശേഷം ഇഖ്വാന്‍ രൂപവത്കരിച്ച ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി(എഫ്.ജെ.പി)യാണ് ഇഖ്വാന്റെ ഇന്നത്തെ രാഷ്ട്രീയ പ്രതിനിധാനം. പാര്‍ലമെന്റ് ഇലക്ഷന്‍ പ്രഖ്യാപിച്ചപ്പോള്‍ എഫ്.ജെ.പിയെ മുന്നില്‍ നിര്‍ത്തി ഒരു വിശാല ജനാധിപത്യ സഖ്യത്തിന് ഇഖ്വാന്‍ മുന്‍കൈയെടുത്തു. അമ്പതിലധികം പാര്‍ട്ടികള്‍ അണിചേര്‍ന്ന സഖ്യത്തില്‍ വിവിധ ഇസ്ലാമിക കക്ഷികള്‍ക്ക് പുറമേ ഇടതു ദേശീയ ലിബറല്‍ പാര്‍ട്ടികളും ഭാഗമായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ സഖ്യം ശിഥിലമായി.
ഇലക്ഷന്‍ ഫലം പുറത്തു വന്നപ്പോള്‍ എഫ്.ജെ.പി നയിച്ച ജനാധിപത്യ സഖ്യം 498ല്‍ 235 സീറ്റുകള്‍ നേടി പാര്‍ലമെന്റില്‍ ഏറ്റവും വലിയ കക്ഷിയായി മാറി. കേവല ഭൂരിപക്ഷത്തിനു പതിനാലു സീറ്റുകള്‍ കുറവ്. സഖ്യം നേടിയ മൊത്തം സീറ്റുകളില്‍ 213 എണ്ണം എഫ്.ജെ.പിയുടെ വകയാണ്. സലഫി ധാരയില്‍ നിന്നുള്ള അന്നൂര്‍ പാര്‍ട്ടി നയിക്കുന്ന ഇസ്ലാമിക് ബ്ളോക്ക് 123 സീറ്റ്കളുമായി രണ്ടാമതെത്തിയപ്പോള്‍ ഇടതു ദേശീയ ലിബറല്‍ കക്ഷികള്‍ക്ക് നേടാനായത് 108 സീറ്റുകള്‍ മാത്രം.
തുടര്‍ന്ന് നടന്ന മജ്ലിസ് ശൂറ(ഉപരിസഭ)യിലേക്കുള്ള തെരഞ്ഞെടുപ്പില്‍, 180ല്‍ 105 സീറ്റുകള്‍ (58.33%) നേടി എഫ്.ജെ.പിയുടെ ജനാധിപത്യ സഖ്യം ഒന്നാമതെത്തി. 45 സീറ്റുകളുമായി (25%)സലഫികള്‍ രണ്ടാമതും കേവലം 26 സീറ്റുകളുമായി(14.45%) ഇടതു ദേശീയലിബറലുകള്‍ മൂന്നാമതുമെത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷികള്‍ക്ക് കിട്ടിയ വിജയം പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള ശുഭ സൂചനയാണ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ്
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കേണ്ടതില്ല എന്നാണ് ഇഖ്വാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ജനാധിപത്യ വഴിയിലൂടെ രാഷ്ട്രത്തെ നയിക്കാന്‍ കഴിയുന്ന പൊതു സമ്മതനായ സ്ഥാനാര്‍ഥിയെ പിന്തുണക്കാനാണ് ഇഖ്വാന്റെ കേന്ദ്ര കൂടിയാലോചന സമിതി 2011 ഏപ്രിലില്‍ തീരുമാനിച്ചത്. വിപ്ളവാനന്തരം രൂപം കൊള്ളുന്ന പാര്‍ലമെന്റിനും അധികാരത്തില്‍ വരുന്ന പ്രസിഡന്റിനും ലോക രാഷ്ട്രങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ആ തീരുമാനം ഉതകുമെന്നായിരുന്നു വിലയിരുത്തല്‍. കേന്ദ്രത്തിന്റെ തീരുമാനം ഇഖ്വാന്റെ അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായി. പ്രസ്ഥാനത്തിലെ രണ്ടാംനിര നേതാക്കളില്‍ ചിലര്‍ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കേന്ദ്ര കൂടിയാലോചന സമിതിയിലെ മുന്‍ അംഗം ഡോ. അബ്ദുല്‍ മുന്‍ഇം അബുല്‍ ഫത്തൂഹാണ് അവരില്‍ പ്രധാനി. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വയം മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
അണികള്‍ക്കിടയിലെ ആശയക്കുഴപ്പം മാറ്റിയെടുക്കാന്‍ ഇഖ്വാന് കഴിഞ്ഞുവെങ്കിലും അബുല്‍ ഫത്തൂഹിനെ മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവരികയും ഇഖ്വാനുമായി സഹകരിച്ചതിന്റെ പേരില്‍ പലവട്ടം ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്ത സീനിയര്‍ നേതാവാണ് അബുല്‍ ഫത്തൂഹ്. അബുല്‍ ഫത്തൂഹുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്തുണ നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ഇഖ്വാന്‍. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വീകാര്യനായ പൊതു സ്ഥാനാര്‍ഥിക്ക് വേണ്ടി ഇഖ്വാന്‍ ശ്രമിച്ചു.
മറുഭാഗത്ത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക കക്ഷികള്‍ നേടിയ മേല്‍ക്കൈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കം ശക്തിപ്പെട്ടുവന്നു. ഭരണത്തിലിരിക്കുന്നവരാണ് അതിനു പിന്നില്‍. മുബാറക്കിന്റെ ഭരണം അവസാനിച്ചുവെങ്കിലും ഭരണ സിരാ കേന്ദ്രങ്ങളില്‍ മുബാറക്ക് അനുയായികള്‍ക്കാണ് സ്വാധീനമുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇഖ്വാന്‍ കണ്ടിരുന്ന പൊതു സ്ഥാനാര്‍ഥികളെ മത്സരരംഗത്തു നിന്ന് പിന്‍തിരിപ്പിക്കുന്നതില്‍ അവര്‍ വിജയിച്ചു. ഭരണ രംഗത്ത് മുബാറക്ക് അനുയായികളുടെ സാന്നിധ്യമാണ് പൊതുസ്ഥാനാര്‍ഥികള്‍ പിന്മാറാനുള്ള പ്രധാന കാരണം. പൊതുസ്ഥാനാര്‍ഥി ഉണ്ടാകാതിരിക്കാന്‍ സൈന്യവും നേരിട്ട് ഇടപെട്ടു. അഴിമതി വിരുദ്ധനും ജനക്ഷേമ തല്‍പരനുമായ പ്രസിഡന്റിനേക്കാളുപരി, ഭരണത്തില്‍ സ്വതന്ത്രമായി ഇടപെടാന്‍ അനുവദിക്കുന്ന ഒരാളെയാണ് സൈന്യവും അന്വേഷിച്ചത്.
പഴയ ഏകാധിപത്യത്തിന്റെ സ്തുതിപാഠകരായിരുന്ന ദേശീയ മീഡിയയും തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിക്കളിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മീഡിയ ഉയര്‍ത്തിക്കാട്ടിയത് അംറ് മൂസയെയും അഹ്മദ് ശഫീഖിനെയുമാണ്. ഇരുവരും മുബാറക്കിന്റെ ശക്തരായ അനുയായികളും മുബാറക്കിന്റെ കാലശേഷം പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കാത്തിരുന്നവരുമാണ്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ഈ രണ്ടു പേരെയും മീഡിയ ഉയര്‍ത്തിക്കാണിക്കുകയും പൊതു സ്ഥാനാര്‍ഥി ഇല്ലാതെ വരികയും ചെയ്തപ്പോള്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇഖ്വാന്‍ നിര്‍ബന്ധിതമായി. മത്സരാര്‍ഥികളുടെ ചിത്രം ഏകദേശം വ്യക്തമാകുന്നത് വരെ ഇഖ്വാന്‍ കാത്തുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസം അവസാന വാരത്തില്‍ തീരുമാനം തിരുത്തിക്കൊണ്ട് ഇഖ്വാന്റെ പ്രഖ്യാപനം വന്നു.
മുബാറക്ക് ഭരണത്തിലെ അവശിഷ്ടങ്ങള്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് തടയണം. വിപ്ളവത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ഒരാളെ പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിപ്പിക്കണം. ഇതിനായി പൊതുസ്ഥാനാര്‍ഥിയെ കിട്ടിയില്ലെങ്കില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിക്കണം, ഇഖ്വാന്‍ തീരുമാനിച്ചു.
വിപ്ളവാനന്തരം അന്താരാഷ്ട്ര തലത്തില്‍ ഇഖ്വാന് ലഭിച്ച സ്വീകാര്യതയും പുതിയ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതണം. പാര്‍ലമെന്റില്‍ എഫ്.ജെ.പി നേടിയ വിജയം അന്താരാഷ്ട്ര തലത്തില്‍ ഇഖ്വാന്റെ പ്രതിഛായ തെളിച്ചമുള്ളതാക്കി. രാഷ്ട്ര നേതാക്കളും പാശ്ചാത്യ മാധ്യമങ്ങളും എഫ്.ജെ.പിയെ അഭിനന്ദിക്കുന്നതില്‍ മടി കാണിച്ചില്ല. ഈജിപ്ത് സന്ദര്‍ശിച്ച വിവിധ രാഷ്ട്ര നേതാക്കള്‍ എഫ്.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചകള്‍ നടത്തി. ഇക്കഴിഞ്ഞ മാര്‍ച്ച് 4-ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എഫ്.ജെ.പി ചെയര്‍മാനുമായി കയ്റോവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈജിപ്തിലെ സലഫികളുടെ ആത്യന്തിക നിലപാടുകള്‍ കൂടിയായപ്പോള്‍ ആഗോള മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഖ്വാന് മോഡറേറ്റ് ഇസ്ലാമിന്റെ പ്രതിഛായയും ലഭിച്ചു. സ്വന്തം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നതില്‍ നിലനിന്നിരുന്ന ആശങ്ക അകറ്റാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഇത് ഉപകരിച്ചു.

ഖൈറത് ശാത്വിര്‍
ഇഖ്വാന്റെ ഉപ കാര്യദര്‍ശിയായ ഖൈറത് ശാത്വിറിനെയാണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഇഖ്വാന്‍ നിര്‍ദേശിച്ചത്. ശ്രദ്ധേയനായ സംഘാടകന്‍, ചിന്തകന്‍, ദീര്‍ഘ വീക്ഷണമുള്ള നേതാവ് എന്നീ തലങ്ങളില്‍ പ്രസിദ്ധനായ ശ്വാതിര്‍ ആധുനിക ഈജിപ്തിനു തികച്ചും സ്വീകാര്യനായ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്നു.
2011-ല്‍ ലോകത്തെ സ്വാധീനിച്ച 100 ചിന്തകരെ ആഗോള മാധ്യമങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ ഇസ്ലാമിക ചിന്താ ധാരയില്‍ നിന്നുള്ള നാലില്‍ ഒരാള്‍ ശ്വാതിറായിരുന്നു. 1995 മുതല്‍ ഇഖ്വാന്റെ കേന്ദ്ര സമിതിയിലെത്തിയ ശ്വാതിര്‍ 2008 മുതല്‍ പ്രസ്ഥാനത്തിന്റെ ഒന്നാം ഉപ കാര്യദര്‍ശിയാണ്. ഇഖ്വാനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പലവട്ടം ജയില്‍ശിക്ഷ അനുഭവിച്ച അദ്ദേഹം മുബാറക് അധികാരം ഒഴിയുമ്പോള്‍ ജയിലിലായിരുന്നു.
മന്‍സൂറ സര്‍വകലാശാലയില്‍ എഞ്ചിനീയറിംഗ് പ്രഫസറായിരിക്കെ ഇഖ്വാനുമായി ബന്ധപ്പെട്ടതിനാല്‍ 1981ല്‍ അന്‍വര്‍ സാദത്ത് അദ്ദേഹത്തെ ജോലിയില്‍ നിന്ന് പുറത്താക്കി. അതോടെ സ്വന്തം ബിസിനസ് സ്ഥാപനവുമായി രംഗത്ത് വന്ന ശാത്വിര്‍ ഇന്ന് അറബ് ലോകത്ത് അറിയപ്പെടുന്ന ബിസിനസ് സംഘാടകനും മള്‍ട്ടി ബില്യനയറുമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈജിപ്തിനു അദ്ദേഹത്തിന്റെ നേതൃത്വം ഏറെ ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ടു. പാശ്ചാത്യ ലോകവുമായി ശ്വാതിര്‍ പുലര്‍ത്തിയ സുഹൃദ് ബന്ധം പാശ്ചാത്യ മാധ്യമങ്ങളുടെ പിന്തുണയും നേടിക്കൊടുത്തു.
പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പട്ടിക പൂര്‍ണമാകുന്നതിനു മുമ്പേ ഭാവി പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടത് ശ്വാതിറിനായിരുന്നു. അദ്ദേഹത്തിനു മുന്നില്‍ ഇതര സ്ഥാനാര്‍ഥികള്‍ അപ്രസക്തരായിരുന്നു. വിജയം ഉറപ്പിച്ചു പ്രചാരണം തുടങ്ങിയ ശ്വാതിറിനു ലഭിച്ച വന്‍ സ്വീകാര്യതയില്‍ മറുപക്ഷം വിറളിപൂണ്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇസ്ലാമിക ചേരിയില്‍ നിന്ന് ഒരാള്‍ ജയിച്ചുവരുന്നതിലെ അപകടം ഒഴിവാക്കാന്‍ അവരും രംഗത്തെത്തി.
വൈകാതെ, കേന്ദ്ര ഇലക്ഷന്‍ കമീഷന്‍ ശ്വാതിറിനെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനായി പ്രഖ്യാപിച്ചു. മുബാറക് സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയ ജയില്‍ ശിക്ഷയുടെ പേരിലായിരുന്നു കമീഷന്റെ തീരുമാനം. വിപ്ളവാനന്തരം ലഭിച്ച പൊതുമാപ്പ് കമീഷന്‍ പരിഗണിച്ചില്ല. തീരുമാനത്തിനെതിരെ സമര്‍പ്പിച്ച അപ്പീലും കമീഷന്‍ തള്ളിക്കളഞ്ഞു. കമീഷനെതിരെ കോടതില്‍ പോകാനുള്ള നിയമപരമായ അനുവാദവും ഉണ്ടായിരുന്നില്ല. കമീഷനില്‍ ആകെയുള്ള മൂന്നു അംഗങ്ങളും മുബാറക് സര്‍ക്കാരിന്റെ കാലത്ത് ജഡ്ജിമാരായി നിയോഗിക്കപ്പെട്ടവരാണ്. തീരുമാനത്തിനു പിന്നിലെ യുക്തി വായിക്കാന്‍ ഇതില്‍ കൂടുതല്‍ മറ്റൊന്നും ആവശ്യവുമില്ല.

മുഹമ്മദ് മര്‍സി
ശ്വാതിറിനെതിരെ നടന്ന ആസൂത്രിത ഗൂഢാലോചന വൈകിയാണെങ്കിലും ഇഖ്വാന്‍ തിരിച്ചറിഞ്ഞു. ശ്വാതിറിനെ അയോഗ്യനാക്കാനുള്ള തല്‍പര കക്ഷികളുടെ നീക്കം മനസ്സിലാക്കി, ഡോ. മുഹമ്മദ് മര്‍സിയെ ഡമ്മി സ്ഥാനാര്‍ഥിയായി ഇഖ്വാന്‍ നിര്‍ദേശിച്ചു. നോമിനേഷന്‍ അവസാനിക്കുന്നതിനു ഒരു ദിവസം മുമ്പാണ് ഡമ്മി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ഇഖ്വാന്‍ തീരുമാനിക്കുന്നത്.
ഇഖ്വാന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഥമ പ്രസിഡന്റാണ് ഡോ. മര്‍സി. ശ്വാതിറിനെപ്പോലെ ജനസമ്മിതിയില്ലെങ്കിലും ശക്തനായ പാര്‍ലമെന്റേറിയനാണ് ഡോ. മര്‍സി. 2000-'05 കാലത്ത് ഇഖ്വാന്‍ പിന്തുണച്ച പാര്‍ലമെന്റ് അംഗങ്ങളുടെ നേതാവായിരുന്നു അദ്ദേഹം. ഇക്കാലത്ത് ലോകത്തിലെ ഏറ്റവും നല്ല പാര്‍ലമെന്റേറിയനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോക്ടറേറ്റും പാശ്ചാത്യ യൂനിവേഴ്സിറ്റികളിലെ അധ്യാപന വൃത്തിയും പടിഞ്ഞാറുമായി ഡോ. മര്‍സിക്ക് സുഹൃബന്ധങ്ങളും നല്‍കി.
ഒരു വ്യക്തിയേക്കാള്‍ ഒരു സംഘം ചിന്തകരുടെയും ആസൂത്രകരുടെയും പ്രതിനിധിയായിട്ടാണ് ഇഖ്വാന്‍ ഡോ. മര്‍സിയെ പരിചയപ്പെടുത്തുന്നത്. രാഷ്ട്രം നേരിടുന്ന പ്രതിസന്ധികള്‍ക്ക് ഇഖ്വാന് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുണ്ട്. അത് പലരുടെയും ചിന്തയുടെയും ആസൂത്രണത്തിന്റെയും ഫലമായി ഉണ്ടായതാണ്. അതാണ് ഡോ. മര്‍സി മുന്നോട്ടു വെക്കുന്നത്. ആകയാല്‍ മര്‍സിയെ ഒരു വ്യക്തി എന്ന നിലയിലല്ല, ഒരു ചിന്താധാരയുടെ പ്രതിനിധി എന്ന നിലയിലാണ് ഉയര്‍ത്തിക്കാണിക്കുന്നത്. ഈജിപ്ത് നേരിടുന്ന സമകാലിക പ്രതിസന്ധികള്‍ക്ക് പരിഹാരമായി ഒരു നവോത്ഥാന പദ്ധതി(ഞലിമശമിൈരല ജൃീഷലര)യും ഇഖ്വാന്‍ മുന്നോട്ടു വെക്കുന്നു.

ഇതര പാര്‍ട്ടികളുടെ പിന്തുണ
ഈജിപ്തിലെ ഇസ്ലാമിക ചേരിയില്‍ സലഫികള്‍ക്ക് അനിഷേധ്യ സ്ഥാനമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇത് നന്നായി വ്യക്തമാവുകയും ചെയ്തു. സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചിച്ചപ്പോള്‍ സലഫികളുമായി ഇഖ്വാന്‍ കൂടിയാലോചിച്ചിരുന്നു. സലഫികളുടെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടിയായ അന്നൂര്‍ ശ്വാതിറിന് പിന്തുണ അറിയിക്കുകയും ചെയ്തു. പാര്‍ലമെന്റിലെ മാന്‍ഡേറ്റ് വെച്ചു നോക്കിയാല്‍ ഇഖ്വാന് വിജയം ക്ഷിപ്രസാധ്യമായിരുന്നു.
ശ്വാതിറിനു ശേഷം മര്‍സി സ്ഥാനാര്‍ഥിയായപ്പോള്‍ പിന്തുണയുടെ കാര്യത്തില്‍ വിവിധ സലഫി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. ഇസ്ലാമിക കാഴ്ചപ്പാട് പുലര്‍ത്തുന്ന, കൂടുതല്‍ വിജയ സാധ്യതയുള്ള ഒരു സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാമെന്ന കാര്യത്തില്‍ അവര്‍ ഏകോപിച്ചു. ഇസ്ലാമിക കാഴ്ചപ്പാടുള്ള മൂന്നു പ്രമുഖ സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. ഇതില്‍ നിന്ന് വിജയ സാധ്യതയില്ലാത്ത മുഹമ്മദ് സലിം അല്‍ അവ്വയെ അവര്‍ മാറ്റി നിര്‍ത്തി. ബാക്കിയുള്ള രണ്ടു പേര്‍ക്കിടയില്‍ ചര്‍ച്ച നടന്നു. അന്നൂര്‍ പാര്‍ട്ടി അബുല്‍ ഫത്തൂഹിനെ പിന്തുണച്ചപ്പോള്‍ മറ്റു സലഫി പാര്‍ട്ടികളായ അല്‍ ഇസ്ലാഹ് പാര്‍ട്ടിയും സലഫി ഫ്രണ്ടും ദഅ്വ സലഫിയയും ഡോ. മര്‍സിക്കു പിന്തുണ നല്‍കി.

പ്രതീക്ഷകള്‍
തെരഞ്ഞെടുപ്പ് നിയമ പ്രകാരം പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ ആകെ പോള്‍ ചെയ്തതിന്റെ 51 ശതമാനം വോട്ട് ലഭിക്കണം. മത്സരരംഗത്തുള്ള 13 സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും നിശ്ചിത ശതമാനം വോട്ട് കിട്ടിയില്ലെങ്കില്‍ കൂടുതല്‍ വോട്ട് നേടിയ രണ്ടു സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ഒരിക്കല്‍ കൂടി വോട്ടെടുപ്പ് നടത്തും. അതില്‍ ജയിക്കുന്നവര്‍ക്ക് പ്രസിഡന്റ് ആകാം.
ആദ്യ റൌണ്ടിലെ വോട്ടെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ഥി നിശ്ചിത ശതമാനം വോട്ടു നേടി ജയിക്കാനുള്ള സാധ്യത വിദൂരമായിക്കഴിഞ്ഞു. ജൂണ്‍ 17,18 തീയതികളിലെ രണ്ടാം റൌണ്ട് മത്സരമായിരിക്കും അന്തിമമായി പ്രസിഡന്റിനെ തീരുമാനിക്കുക.
ദേശീയ മാധ്യമങ്ങളിലെ അഭിപ്രായ സര്‍വേ പ്രകാരം വിജയ സാധ്യതയില്‍ ഒന്നാം സ്ഥാനത്ത് അംറ് മൂസയാണ്. രണ്ടാമത് അബുല്‍ ഫതൂഹും അതിനു പിന്നിലായി മര്‍സിയും അഹ്മദ് ഷഫീഖും. അല്‍ ജസീറയും മര്‍സാവി ഡോട്ട്കോമും നടത്തിയ വ്യത്യസ്ത സര്‍വേകളില്‍ ഡോ. മര്‍സിയാണ് ഒന്നാമത് നില്‍ക്കുന്നത്.
ദേശീയ മാധ്യമങ്ങളുടെ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത പെയ്ഡ് ന്യൂസുകള്‍ ആണെന്ന് ഇഖ്വാന്‍ പ്രതികരിച്ചു. 'ഇന്റര്‍നെറ്റില്‍ നടത്തുന്ന സര്‍വേ ഫലങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. അതിനു യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ല. തല്‍പര കക്ഷികളുടെ മനോധര്‍മം അനുസരിച്ച് കെട്ടിയുണ്ടാക്കുന്നത്. അതിലുപരി നെറ്റ് ഉപയോഗിക്കുന്ന ചെറിയ ശതമാനം ജനങ്ങളുടെ അഭിപ്രായമേ അതില്‍ പ്രതിഫലിക്കുന്നുള്ളൂ'- ഇഖ്വാന്റെ ഔദ്യോഗിക വക്താവ് മഹ്മൂദ് ഗസലാന്‍ പറയുന്നു.
ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍ ശരിയാണെന്ന് വന്നാലും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ അംറ് മൂസയും അഹ്മദ് ഷഫീഖും ഒന്നിച്ചോ അതല്ലാതെ ഇസ്ലാമിക ചേരിക്ക് പുറത്തുള്ള മറ്റൊരാളോ വരാനുള്ള സാധ്യത അപൂര്‍വമാണ്. അംറ് മൂസയോടൊപ്പം ആദ്യ രണ്ടില്‍ എത്തുന്ന ഒരാള്‍ അബുല്‍ ഫത്തൂഹോ മര്‍സിയോ ആകാം. രണ്ടിലൊരാള്‍ രണ്ടാം റൌണ്ടില്‍ ഉണ്ടാകാനാണ് കൂടിയ സാധ്യത. അങ്ങനെ വന്നാല്‍ ഇസ്ലാമിക കക്ഷികളുടെ വോട്ടുകള്‍ ആദ്യ റൌണ്ടില്‍ ഭിന്നിക്കുമെങ്കിലും രണ്ടാം റൌണ്ടില്‍ ഒന്നിക്കാനും അതുവഴി അവരുടെ സ്ഥാനാര്‍ഥിയുടെ വിജയം എളുപ്പമാക്കാനും സാധിക്കും.
അബുല്‍ ഫത്തൂഹിന് പിന്തുണ നല്‍കുമ്പോള്‍ ഇക്കാര്യം അന്നൂര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. രണ്ടാം റൌണ്ടില്‍ ഡോ. മര്‍സിയാണ് എത്തുന്നതെങ്കില്‍ നൂറിന്റെ പിന്തുണ മര്‍സിക്കായിരിക്കുമെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മര്‍സിയെ പിന്തള്ളി അബുല്‍ ഫത്തൂഹ് രണ്ടാമതെത്തിയാല്‍, രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അദ്ദേഹത്തെ പിന്തുണക്കാന്‍ ഇഖ്വാന്‍ നിര്‍ബന്ധിതമാകും. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയെങ്കിലും ഇഖ്വാന്‍ സമര്‍പ്പിച്ച ഇസ്ലാമികാദര്‍ശങ്ങള്‍ അബുല്‍ ഫത്തൂഹ് തള്ളിപ്പറഞ്ഞിട്ടില്ല.
തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും ആയി നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും സൈന്യത്തിനും ഭരണകൂടത്തിനും അസ്വീകാര്യരായ സ്ഥാനാര്‍ഥികള്‍ മുന്നിലെത്തുമ്പോള്‍ സാഹചര്യം മാറിക്കൂടായ്കയില്ല. ഒന്നാം റൌണ്ടില്‍ നീതിപൂര്‍വമായ ഇലക്ഷന്‍ നടന്നാലും അടുത്ത റൌണ്ടില്‍ സുതാര്യത കൈമോശം വരുമോ എന്ന ആശങ്ക അസ്ഥാനത്തല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം