Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

ഒരു ആത്മമിത്രത്തിന്റെ  വിയോഗം

ഡോ. എ.ഐ റഹ്മത്തുല്ല

ആ മുഖം വളരെ പ്രശോഭിതമായിരുന്നു. ഞാന്‍ വീണ്ടും വീണ്ടും നോക്കി. ആ മുഖം എന്റെ കണ്ണുകളില്‍നിന്ന് പിന്‍വാങ്ങാന്‍ തയാറല്ലായിരുന്നു. ഞാന്‍ തിരിഞ്ഞു നടക്കാന്‍ ശ്രമിച്ചപ്പോള്‍ എത്രയോ കാലമായി കേട്ടുകൊണ്ടിരുന്ന ആ ശബ്ദം... ആ വിളി.... റഹ്മത്തുല്ലാ... എന്റെ കാതുകളില്‍ അലയടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു.... ഞാന്‍ വീണ്ടും തിരിഞ്ഞു നോക്കി... ആ മുഖത്തിന്റെ ശോഭ എന്നെ വീണ്ടും ആശ്ചര്യപ്പെടുത്തി. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ അളിയന്‍ ജലാല്‍ സാഹിബിന്റെ ഫോണില്‍ ഞാന്‍ അദ്ദേഹത്തിന്റെ മുഖം കണ്ടിരുന്നു. അതില്‍നിന്ന് വ്യത്യസ്തമായ മുഖമാണ് ജൂണ്‍ 12-ന് ചാലിയം കടുക്കബസാറിനടുത്തുള്ള വസതിയില്‍ അദ്ദേഹത്തിന്റെ ജനാസ നമസ്‌കാരത്തിന് മുമ്പ് കണ്ടപ്പോള്‍ എനിക്ക് ദൃശ്യമായത്. ദശകങ്ങള്‍ക്ക് മുമ്പ് ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളില്‍ ഞങ്ങള്‍ രണ്ട് പേരും പഠിച്ചിരുന്ന കാലത്ത് ആ മുഖത്തുണ്ടായിരുന്ന കോമളത്തം ഇന്ന് ആ മുഖത്തേക്ക് തിരിച്ചു വന്നിരിക്കുന്നുവല്ലോ എന്ന് ഞാന്‍ വിസ്മയിച്ചു- ഇ.വി അബ്ദുല്‍ വാഹിദ് മാസ്റ്ററുടെ ചലനമറ്റ ശരീരം കണ്ടപ്പോള്‍ എന്നില്‍ അതുണ്ടാക്കിയ ചലനമാണ് ഞാന്‍ ഇവിടെ കുറിച്ചത്.
എന്റെ ഉമ്മയുടെ നാട് പരപ്പനങ്ങാടിയായിരുന്നു. പഴയ നാട്ടുനടപ്പ് പ്രകാരം ഉമ്മയുടെ ആദ്യ പ്രസവം ഉമ്മയുടെ സ്വന്തം വീട്ടില്‍ വെച്ചായത് വഴി മൂത്ത സന്തതിയായിരുന്ന ഞാന്‍ പരപ്പനങ്ങാടിയില്‍ ജനിച്ചു എന്നത് സ്വാഭാവികം. ഈ പരപ്പനങ്ങാടി ബന്ധമാണ് സ്‌കൂള്‍  വിദ്യാര്‍ഥി കാലത്ത് തന്നെ എന്നെ വാഹിദ് മാസ്റ്ററുമായി അടുപ്പിച്ചത്. ഒരു ജ്യേഷ്ഠനെപ്പോലെ ഈ അനിയന് പല നിര്‍ദേശങ്ങളും തന്നുകൊണ്ടിരുന്ന ആളായിരുന്നു അന്ന് വാഹിദ് സാഹിബ്. സ്‌കൂളില്‍ എന്റെ മീതെ രണ്ടു ക്ലാസുകള്‍ മുതിര്‍ന്നവരായിരുന്നു വാഹിദ് സാഹിബും, ഇന്ന് ലീഗ് നേതാവും മുന്‍മന്ത്രിയും പാര്‍ലമെന്റ് മെമ്പറുമെല്ലാമായിത്തീര്‍ന്ന ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബും എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുമെല്ലാം. മലയാളം പണ്ഡിറ്റ് ശേഖരന്‍ മാസ്റ്ററുടെ അരുമയായിരുന്ന ഇ.ടി അന്നേ നല്ല മലയാളത്തില്‍ പ്രസംഗിക്കുമായിരുന്നെങ്കിലും നിത്യനൈമിഷികമായിരുന്ന സംസാരഭാഷയില്‍ മലയാളത്തിന്റെ മനോഹാരിത സദാ നിലനിര്‍ത്തുന്നതില്‍ മുമ്പിലായിരുന്നത് വാഹിദ് സാഹിബ് തന്നെയായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. 1966-ല്‍ ഞാന്‍ പത്താംക്ലാസ് കഴിഞ്ഞുപോവുന്നതിന് രണ്ട് വര്‍ഷം മുമ്പ് തന്നെ അവര്‍ രണ്ടുപേരും ചാലിയം ഉമ്പിച്ചി ഹൈസ്‌കൂള്‍ വിട്ടുപോയിരുന്നു.
അബ്ദുല്‍ വാഹിദ് മാസ്റ്ററുടെ പിതാവ് ഇ.വി ബീരാന്‍കുട്ടി മാസ്റ്റര്‍ തന്റെ ജന്മനാടായിരുന്ന പരപ്പനങ്ങാടി വിട്ട് അടുത്ത പ്രദേശമായ മൂന്നിയൂര്‍കാരിയായിരുന്ന സ്വന്തം സഹധര്‍മിണി മദാരി ഫാത്തിമയെയും കൂട്ടി ചാലിയത്തേക്ക് താമസം മാറ്റിയത് അക്കാലത്തെ ദീനീവിജ്ഞാന കേന്ദ്രമായിരുന്ന 'സ്വാലിഹാത്തി' ന്റെ പ്രശസ്തിയോര്‍ത്ത് മാത്രമായിരുന്നില്ല. ചാലിയത്തെ പ്രഗത്ഭ അറബി പണ്ഡിതനായിരുന്ന ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രസിദ്ധ 'കുതുബ്ഖാന'യെക്കുറിച്ച് കേട്ടിട്ടുമുണ്ടായിരുന്നില്ല. മദ്‌റസത്തുല്‍ മനാറിലെ അധ്യാപന ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം മക്കളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ താല്‍പര്യം കാണിക്കാന്‍ കൂടി ഉദ്ദേശിച്ചായിരുന്നു. പരപ്പനങ്ങാടിയിലെ 'പൊന്നാരന്‍ മമ്മീറ്റിയാക്കാന്റെ മരുകമന്‍ പുയ്യാപ്ല'യായിരുന്ന എന്റെ ഉപ്പയെന്ന സര്‍ക്കാറുദ്യോഗസ്ഥനെ ഇടക്കിടക്ക് കണ്ടുമുട്ടാറുണ്ടായിരുന്നു ബീരാന്‍കുട്ടി മാഷ്. വളരെ വാത്സല്യപൂര്‍വമായിരുന്നു അന്നത്തെ ഈ പയ്യനോട് മാഷ് പലതും ഉപദേശിച്ചിരുന്നതും സ്വന്തം പുത്രനോട് എന്നെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ നിര്‍ദേശിച്ചിരുന്നതുമെല്ലാം. ആ ജ്യേഷ്ഠനായിരുന്ന ഇ.വി അബ്ദുല്‍ വാഹിദുമായി പില്‍ക്കാലത്ത് വളര്‍ന്നു വന്ന സുഹൃദ്ബന്ധം വളരെ അവാച്യമായത്ര ദൃഢമായിരുന്നുവെന്ന് ഇപ്പോള്‍ ഓര്‍ക്കുകയാണ്.
ജീവിതത്തിലെ പല സന്ദിഗ്ധ ഘട്ടങ്ങളിലും ഞാന്‍ ഈ ജ്യേഷ്ഠ സഹോദരനെ ശ്രദ്ധയോടെ വീക്ഷിക്കാറുണ്ടായിരുന്നു. ഞാന്‍ ആഫ്രിക്കയില്‍നിന്ന് കുടുംബസമേതം നാട്ടിലേക്ക് വരുന്ന വഴി 'ഉംറ' നിര്‍വഹിക്കാനായി മക്കയിലെത്തുമ്പോള്‍ താമസിച്ചിരുന്നത് ജിദ്ദയില്‍ വാഹിദ് സാഹിബിന്റെയും കുടുംബത്തിന്റെയും ഒപ്പമായിരുന്നു. ഞങ്ങള്‍ രണ്ടുപേരുടെയും ജീവിതപങ്കാളികള്‍ അരീക്കോട്ടുകാരായിരുന്നുവെന്നത് യാദൃഛികതകളില്‍ പെട്ടതായിരുന്നുവെങ്കിലും, വാഹിദ് സാഹിബ് അതിനെയെല്ലാം ദൈവിക ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് എണ്ണിയത്. സംസാരഭാഷയില്‍ അരീക്കോടന്‍ 'സ്ലാങ്' ഒട്ടും കലര്‍ത്താതിരിക്കാനുള്ള അദ്ദേഹത്തിന്റെ ബോധപൂര്‍വമായ ശ്രമത്തില്‍ അപൂര്‍വമായെങ്കിലും കടന്നുകയറാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഇടക്ക് ഞാന്‍ പറഞ്ഞു: ''വാഹിദ് മാഷേ, ഏറനാടന്‍ പ്രയോഗങ്ങള്‍ പലതും കുഞ്ചന്‍ നമ്പ്യാര്‍ക്ക് പോലും വലിയ ഇഷ്ടമായിരുന്നു.''
പക്ഷേ, അദ്ദേഹത്തിന്റെ മലയാളത്തെക്കാള്‍ ആസ്വാദ്യമായിരുന്നത് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് ആയിരുന്നുവെന്നതാണ് സത്യം. ടി.ടി.സിക്ക് ശേഷം ചാലിയം ഉമ്പിച്ചി ഹൈസ്‌കൂളില്‍ അധ്യാപകനായി തുടരുന്നതിനിടയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡിഗ്രിയും ബി.എഡുമെല്ലാം അദ്ദേഹം സമ്പാദിച്ചു. ഇതിന്റെ പ്രയോജനം തിരൂര്‍ക്കാട് കോളേജിലെ വിദ്യാര്‍ഥികള്‍ക്കാണ് നീണ്ട കാലം ലഭിച്ചത്. എന്നാല്‍, ഈ അധ്യാപന വൈദഗ്ധ്യം പ്രഭാഷണ കലയിലേക്ക് കൂടി വികസിപ്പിച്ചുകൂടേ എന്ന് ചോദിച്ചിരുന്നത്, അദ്ദേഹത്തിന്റെ സഹധര്‍മിണി ആമിന ടീച്ചറുടെ മൂത്ത സഹോദരന്‍ പ്രഫ. അബ്ദുര്‍റശീദ് സാഹിബിന്റെ കൂടി താല്‍പര്യ പ്രകാരമായിരുന്നു. അദ്ദേഹം എന്റെ കോളേജ് വിദ്യാര്‍ഥിയായിരിക്കെ ഹോസ്റ്റല്‍ മുറി പങ്കാളിയും ചിരകാല സുഹൃത്തുമാണ്. ധനശാസ്ത്രത്തില്‍ പ്രഫസറും പലിശ മുക്ത സമ്പദ് ശാസ്ത്രത്തിന്റെ അറിയപ്പെടുന്ന വക്താവുമാണ്. വാഹിദ് സാഹിബിന് ഈ കുടുംബ ബന്ധങ്ങളും സുഹൃദ് ബന്ധങ്ങളും നിലനിര്‍ത്തുന്നതില്‍ അതിയായ ശുഷ്‌കാന്തിയായിരുന്നു. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിലെ അധ്യാപകനായിരുന്ന മമ്മദ് മൗലവിയുടെയും ആയിശുമ്മ ടീച്ചറുടെയും മകളായ ആമിനയെ വാഹിദ് സാഹിബ് വിവാഹം ചെയ്ത നാള്‍ തൊട്ടുതന്നെ എന്റെ കുടുംബവുമായി അദ്ദേഹത്തിന്റെ ഭാര്യാ കുടുംബത്തിന് അടുത്ത ബന്ധമായിരുന്നു.
വാഹിദ് സാഹിബിന്റെ മൂത്തമകനും കോളേജ് അധ്യാപകനുമായ നബീല്‍ വാഹിദ് പിതാവിനെ കുറിച്ചെഴുതിയ കുറിപ്പ് ഇവിടെ ഉദ്ധരിക്കുന്നത് സംഗതമെന്ന് കരുതുന്നു: ''തവക്കുലിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായിരുന്നു അദ്ദേഹം. തന്നെ സന്ദര്‍ശിക്കാന്‍ വന്നവരോടെല്ലാം രോഗത്തിന്റെ ഗൗരവം വിശദീകരിക്കുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് മരണത്തെ ആത്മവിശ്വാസത്തോടെ പ്രതീക്ഷിച്ചിരിക്കാന്‍ തക്ക ഈമാനിക കരുത്തുണ്ടായിരുന്നു അദ്ദേഹത്തിന്. സാധാരണ ഈ ഘട്ടത്തില്‍ പലരും സന്ദര്‍ശകരെ വിലക്കുമ്പോള്‍ എല്ലാവരുടെയും പ്രാര്‍ഥന കിട്ടുമല്ലോ എന്ന് പറഞ്ഞ് സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചത് ആത്മവിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ്. അവസാന ദിനങ്ങളില്‍ സംസാരിക്കാന്‍ പ്രയാസപ്പെടുമ്പോഴും മരണത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു.''
ജീവിതകാലം മുഴുക്കെ അധ്യാപകനായി കഴിഞ്ഞുകൂടിയ ഈ ദാര്‍ശനികന് ചെയ്യാന്‍ കഴിയുമായിരുന്ന ഒരു മഹത്തായ സംരംഭമായിരുന്നു 'സ്മൃതിപുരുഷന്‍'. പൗരപ്രമുഖനും ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മാസ്റ്ററും മികച്ച അധ്യാപകനുള്ള രാഷ്ട്രപതി അവാര്‍ഡ് ജേതാവുമായിരുന്ന എ.കെ ഉമ്പിച്ചി ബാവ മാസ്റ്ററുടെ ജീവചരിത്രം അനാവരണം ചെയ്തുകൊണ്ട് പുറത്തിറക്കപ്പെട്ട ഈ സമാഹാരം വാഹിദ് മാസ്റ്ററുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലനമായിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ സജീവ പ്രവര്‍ത്തകനും പ്രാദേശിക നേതാവുമായിരുന്നു വാഹിദ് സാഹിബ്. പ്രസ്ഥാനത്തെ ചാലിയത്ത് കെട്ടിപ്പടുക്കുന്നതില്‍ കൊണ്ടോട്ടിക്കാരന്‍ ബാവ സാഹിബിന്റെ വലംകൈയായി തുടക്കം മുതലേ ഉണ്ടായിരുന്ന വാഹിദ് മാഷ് പരേതനായ സി.സി അബ്ദുല്‍ ഖാദര്‍ മൗലവി, സി.സി നൂറുദ്ദീന്‍ അസ്ഹരി തുടങ്ങിയവരുടെ കൂടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നെങ്കിലും നന്മക്ക് വേണ്ടിയുള്ള എല്ലാ വിഭാഗക്കാരുടെ പ്രവര്‍ത്തനങ്ങളുമായും വളരെയധികം സഹകരിച്ചു.
അടുപ്പത്തിലുള്ള വല്ലവരും മരിച്ചെന്നറിഞ്ഞാല്‍ ഓടിയെത്തുന്നവരില്‍ മുമ്പിലുണ്ടാവുന്നത് വാഹിദ് മാഷ് ആയിരിക്കും. വിവാഹാഘോഷത്തിന് ക്ഷണിക്കപ്പെട്ടാല്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത ഒരു കിറ്റുമായിട്ടായിരിക്കും അദ്ദേഹം ചെല്ലുക. ബന്ധുക്കളുടെ ഗൃഹപ്രവേശ പരിപാടിയാണെങ്കില്‍ മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്റെ സെറ്റുമായിട്ടായിരിക്കും അദ്ദേഹം എത്തുക. ഇങ്ങനെ പലര്‍ക്കും പലതും പറയാനുണ്ടാവും വാഹിദ് സാഹിബിനെക്കുറിച്ച്. ആ നന്മകളെല്ലാം അദ്ദേഹത്തിന്റെ പരലോക വിജയത്തിനായുള്ള പ്രാര്‍ഥനകളുടെ കൂടെ മാറ്റിവെക്കുകയേ നമുക്ക് സാധ്യമാവുകയുള്ളൂ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌