Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

ഒരു പെരുന്നാള്‍ സുദിനത്തില്‍

മൗലാനാ മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 പെരുന്നാള്‍ ദിനമായിരുന്നു അന്ന്. ബാലികാബാലന്മാരും യുവാക്കളും വൃദ്ധരും സ്ത്രീകളും  പുത്തനുടുപ്പണിഞ്ഞ് ഹര്‍ഷാരവങ്ങളോടെ ഈദ്ഗാഹിലേക്ക് നടന്നു നീങ്ങുകയാണ്. മദീനയുടെ തെരുവോരങ്ങളും ഊടുവഴികളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതം. ഈദ് നമസ്‌കാരത്തിനായി പ്രവാചകനും മറ്റൊരു വഴിയിലൂടെ പുറപ്പെട്ടു. വഴിയരികില്‍ കുട്ടികള്‍ പെരുന്നാളുടുപ്പണിഞ്ഞ് ഓടിച്ചാടി കളിക്കുന്നു. പെട്ടെന്ന് അവിടുന്ന് നിന്നു. അകലെ പിന്നിപ്പറിഞ്ഞ വസ്ത്രമുടുത്ത ഒരു ബാലന്‍ ദുഃഖഭാരത്തോടെ അവരെ നോക്കി നില്‍ക്കുന്നു. തിരുമേനി അവന്റെ അടുത്ത് ചെന്ന് സ്‌നേഹവാത്സല്യത്തോടെ അവന്റെ നെറുകില്‍ തലോടിക്കൊണ്ട് ചോദിച്ചു: ''മോനേ, നീയെന്താ കളിക്കാതെ ഒറ്റപ്പെട്ടു നില്‍ക്കുന്നത്? നീ പുതുവസ്ത്രം ധരിച്ചിട്ടുമില്ല. എന്തിനാണിത്ര ദുഃഖം?''
തലയുയര്‍ത്തി നോക്കിയെങ്കിലും അവന്‍ ഉടനെ തലതാഴ്ത്തി. സ്‌നേഹമസൃണവും സഹാനുഭൂതി നിറഞ്ഞതുമായ പ്രവാചകന്റെ വാക്കും പെരുമാറ്റവും അവന്റെ കണ്ണുകളെ ഈറനണിയിച്ചു. ''മുത്തഛാ, എനിക്ക് കളിക്കാനും ആനന്ദിക്കാനുമുള്ള ഭാഗ്യവും വിധിയുമില്ലല്ലോ!'' അവന്‍ അത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞു.
നബി(സ)യുടെ മനസ്സ് ആര്‍ദ്രമായി. അവനെ മാറോടണച്ചു കൊണ്ടു പറഞ്ഞു: ''മോനേ, എന്താണ് നിന്നെ ഇത്രയും ദുഃഖത്തിലാഴ്ത്തിയത്? എന്ത് ആപത്താണ് നിനക്ക് വന്നിരിക്കുന്നത്.?''
''മുത്തഛാ, എന്റെ പിതാവിന്റെ കഥ കേട്ടിട്ട് താങ്കള്‍ എന്ത് ചെയ്യാന്‍? .... ഞാന്‍ ഒരു അനാഥനാണ്. എന്റെ ഉപ്പ ജീവിച്ചിരിപ്പില്ല. ഉമ്മ മറ്റൊരാളോടൊപ്പം കഴിയുന്നു....'' അവന്റെ ശബ്ദം നേര്‍ത്തുപോയി. വാക്കുകള്‍ പൂര്‍ത്തിയാക്കാനായില്ല.
പ്രവാചകന്‍ ഒന്നുകൂടി കുട്ടിയെ തന്നിലേക്ക് ചേര്‍ത്തുപിടിച്ചുകൊണ്ട് ചോദിച്ചു: ''നിന്റെ പിതാവ് മരണപ്പെട്ടത് എപ്പോഴാണ്?''
''മുത്തഛാ, എന്റെ ഉപ്പ ശത്രുക്കളുമായുള്ള ഒരു യുദ്ധത്തില്‍ രക്തസാക്ഷിയായി. ഉമ്മയാകട്ടെ അതിനു ശേഷം വിവാഹിതയാവുകയും ഉപ്പയുടെ ബാക്കി മുതലുകള്‍ കൂടെ കൊണ്ടുപോവുകയും ചെയ്തു. ഞാനും സസന്തോഷം ഉമ്മയോടൊപ്പം പുതിയ വീട്ടില്‍ താമസിച്ചു. പക്ഷേ, ഏതാനും ദിവസങ്ങള്‍ക്കു ശേഷം എന്റെ രണ്ടാനഛന്‍ എന്നെ ആ വീട്ടില്‍ നിന്ന് പുറത്താക്കി. ഇപ്പോഴെനിക്ക് വീടില്ല; രക്ഷാകര്‍ത്താവുമില്ല. എന്നെ  താലോലിക്കാനാരുമില്ല. അതെ, എനിക്ക് തണലേകാന്‍ ആരുമില്ല മുത്തഛാ!'' കിതപ്പ് നിയന്ത്രിച്ചു കൊണ്ടവന്‍ തുടര്‍ന്നു: ''എന്റെ ഉമ്മയും എന്നെ പരിഗണിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല. എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലുമല്ല അവര്‍.''
കുട്ടിയുടെ വേവലാതിക്ക് കാതു കൊടുക്കുകയും കണ്ണീര്‍ കാണുകയും ചെയ്ത ലോകത്തിനാകമാനം കാരുണ്യമായ പ്രവാചകനും കരഞ്ഞു. ആ കുഞ്ഞു ബാലന്റെ ശിരസ്സില്‍ കൈവെച്ചു കൊണ്ട് സ്‌നേഹവാത്സല്യത്തോടെ പറഞ്ഞു: ''ഞാന്‍ - മുഹമ്മദ്. ഞാന്‍ നിന്റെ വാപ്പയും ആഇശ നിന്റെ മാതാവും ഫാത്തിമ നിന്റെ സഹോദരിയും ഹസനും ഹുസൈനും സഹോദരങ്ങളുമാകുന്നത് നീ ഇഷ്ടപ്പെടുമോ?''
പ്രവാചകന്റെ പേര് കേട്ടപ്പോള്‍  അത്ഭുതപരതന്ത്രനായ ബാലന്‍ അവിടുത്തെ മുഖത്തേക്ക് നോക്കി അങ്ങേയറ്റത്തെ വിനയത്തോടെയും ആദരവോടെയും പറഞ്ഞു: ''റസൂലേ, എന്നോടു ക്ഷമിച്ചാലും. സംസാരത്തിന്റെ തുടക്കത്തില്‍  വളരെ അപമര്യാദയോടെയാണ് ഞാന്‍ താങ്കളോട് സംസാരിച്ചത്. ഞാന്‍ താങ്കളെ നേരില്‍ കണ്ടിട്ടില്ല.... പ്രവാചകരേ, താങ്കളെപ്പോലുള്ള പിതാവിനെക്കാളും ആഇശയെപ്പോലുള്ള മാതാവിനെക്കാളും അത്യുത്തമരായി മറ്റാരാണുള്ളത്! ഫാത്വിമയെക്കാള്‍ ഉല്‍കൃഷ്ടയായ സഹോദരിയെയും ഹസന്‍ - ഹുസൈനെക്കാള്‍ നല്ലവരായ സഹോദരങ്ങളെയും എവിടുന്നു ലഭിക്കാനാണ്! എന്നെക്കാള്‍ വലിയ മഹാഭാഗ്യവാന്‍ ആരുണ്ട്! അല്ലാഹു ഈ കുടുംബത്തെ എനിക്ക് നല്‍കുമെങ്കില്‍...'' ബാലന്റെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ നിറഞ്ഞു.
നബി തിരുമേനി കുട്ടിയുടെ കൈപിടിച്ച് വീട്ടിലെത്തി ആഇശ ബീവിയോട് പറഞ്ഞു: ''ആഇശാ, ഇത് നിന്റെ മോനാണ്. അവനെ കുളിപ്പിക്കുക; നല്ല വസ്ത്രം ധരിപ്പിക്കുക; ഭക്ഷണം നല്‍കുക.''
നബിയുടെ ജീവിതാന്ത്യം വരെയും ആ കുട്ടി പ്രവാചകനോടൊപ്പം കഴിഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍  അഗാധമായി ദുഃഖിച്ചു;  അസ്വസ്ഥനായി. അവന്‍ പറഞ്ഞു: ''ഞാന്‍ വീണ്ടും അനാഥനായിരിക്കുന്നു.''
കുട്ടിയുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ അബൂബക്ര്‍ (റ) സസന്തോഷം അവന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുക്കുകയായിരുന്നു. 
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌