Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

ഉമ്മത്ത് കണ്ണ് തുറന്നു കാണേണ്ട സ്വപ്‌നമാണ് 'ഹറം'

ഡോ. അബ്ദുല്‍ വാസിഅ്

സുദീര്‍ഘമായ പ്രവാചക പരമ്പരയിലെ അപൂര്‍വ പ്രതിഭാസമായിരുന്നു ഇബ്റാഹീം (അ). ലോകത്ത് അറിയപ്പെടുന്ന ദൈവിക മതങ്ങളൊക്കെയും ഏകസ്വരത്തില്‍ പ്രശംസിക്കുകയും, അഭിമാനം കൊള്ളുകയും, തങ്ങളുടെ മാതൃകയെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുന്ന ദൈവദൂതന്‍. വേദ സമൂഹങ്ങളൊക്കെയും ഇബ്റാഹീമീ പാരമ്പര്യം അവകാശപ്പെടുകയും അതിന്റെ പേരില്‍ പരസ്പരം തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുന്ന ഘട്ടമെത്തിയപ്പോഴാണ് ഖുര്‍ആന്‍ അവര്‍ക്കിടയില്‍ മധ്യം പറഞ്ഞത്: ''വേദക്കാരേ, ഇബ്‌റാഹീമിന്റെ കാര്യത്തില്‍ നിങ്ങളെന്തിനു തര്‍ക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ദേഹത്തിനു ശേഷമാണല്ലോ. നിങ്ങള്‍ ഒട്ടും ആലോചിക്കാത്തതെന്ത്? നിങ്ങള്‍ക്ക് അറിവുള്ള കാര്യത്തില്‍ നിങ്ങള്‍ ഒരുപാട് തര്‍ക്കിച്ചു. ഇപ്പോള്‍ നിങ്ങളെന്തിന് അറിയാത്ത കാര്യത്തിലും തര്‍ക്കിക്കുന്നു? അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.  ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നില്ല. തീര്‍ച്ചയായും ജനങ്ങളില്‍ ഇബ്‌റാഹീമിനോട് ഏറ്റം അടുത്തവര്‍ അദ്ദേഹത്തെ പിന്‍പറ്റിയവരും ഈ പ്രവാചകനും അദ്ദേഹത്തില്‍ വിശ്വസിച്ചവരുമാണ്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷകനാകുന്നു'' (ആലു ഇംറാന്‍ 65-68). കേവല അവകാശവാദങ്ങള്‍ക്കപ്പുറം ഇബ്റാഹീമിയന്‍ മില്ലത്തിനെ കൃത്യമായി അനുധാവനം ചെയ്യുന്നവരാണ് ജനങ്ങളില്‍ അദ്ദേഹത്തോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് എന്നായിരുന്നു ഖുര്‍ആനിക വിധിതീര്‍പ്പ്.
ലോകത്തുടനീളം മതവിശ്വാസികള്‍ ഒരേ സ്വരത്തില്‍ പാരമ്പര്യം അവകാശപ്പെടുമാറ് ഇബ്റാഹീം പ്രവാചകന്‍ എന്ത് അത്ഭുതമാണ് സൃഷ്ടിച്ചതെന്ന അന്വേഷണം ജിജ്ഞാസയുണര്‍ത്തുന്നത് തന്നെയാണ്. ലോകചരിത്രം കണ്ട ക്രൂരനായ സ്വേഛാധിപതികളിലൊരാള്‍ നാടു ഭരിക്കുന്ന കാലത്തും, ദേശത്തുമായിരുന്നു ഇബ്റാഹീമി(അ)ന് തന്റെ ചരിത്രദൗത്യം നിര്‍വഹിക്കേണ്ടിയിരുന്നത്. മെസപ്പൊട്ടേമിയന്‍ നാഗരികതയുടെ തണലില്‍ വളര്‍ന്ന്, അഹന്തയുടെയും അഹങ്കാരത്തിന്റെയും ഉച്ചിയിലെത്തിയ നംറൂദിനെ ഖുര്‍ആന്‍ വരച്ചുവെക്കുന്നതിങ്ങനെയാണ്: ''നീ കണ്ടില്ലേ; ഇബ്‌റാഹീമിനോട് അദ്ദേഹത്തിന്റെ നാഥന്റെ കാര്യത്തില്‍ തര്‍ക്കിച്ചവനെ. കാരണം, അല്ലാഹു അവന്ന് രാജാധികാരം നല്‍കി. ഇബ്‌റാഹീം പറഞ്ഞു: ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ് എന്റെ നാഥന്‍. അയാള്‍ അവകാശപ്പെട്ടു: ഞാനും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. ഇബ്‌റാഹീം പറഞ്ഞു: എന്നാല്‍ അല്ലാഹു സൂര്യനെ കിഴക്കുനിന്നുദിപ്പിക്കുന്നു. നീ അതിനെ പടിഞ്ഞാറുനിന്ന് ഉദിപ്പിക്കുക. അപ്പോള്‍ ആ സത്യനിഷേധി ഉത്തരംമുട്ടി. അക്രമികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'' (അല്‍ബഖറ 258).
തന്റെ ജനതക്ക് മേല്‍ പരമാധികാരം അവകാശപ്പെട്ട, ദൈവിക വിശേഷണങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ മാത്രം ദുരാഗ്രഹിയായ ഭരണാധികാരി.  ഇവിടെയാണ് ഇബ്റാഹീമിയന്‍ അത്ഭുതം പിറന്ന് വീഴുന്നത്. അക്രമിയായ ഭരണാധികാരിയെയോ സവര്‍ണ വരേണ്യ വര്‍ഗത്തെയോ നേരിടുന്നതും ചെറുക്കുന്നതും പ്രവാചകന്മാരുടെ ചരിത്രത്തില്‍ ഇബ്റാഹീമിന് മുമ്പും ശേഷവും സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ലോകം കണ്ട ഏറ്റവും വലിയ സ്വേഛാധിപതികളിലൊരാള്‍ ആളിക്കത്തുന്ന വേളയില്‍ സമാധാനത്തിലും നിര്‍ഭയത്വത്തിലും അധിഷ്ഠിതമായ സാമൂഹിക ക്രമം സ്വപ്നം കണ്ട, അതിന് വേണ്ടി പരിശ്രമിച്ച പ്രതിഭാസമായിരുന്നു ഇബ്റാഹീം. ഖുര്‍ആന്‍ വിവരിക്കുന്ന ഇബ്റാഹീം കണ്ണ് തുറന്നു നിരന്തരമായി സ്വപ്നം കണ്ടിരുന്ന  പോരാളിയായിരുന്നു. ഭൂമിയില്‍ ഒരു വശത്ത് നംറൂദിന്റെ നേതൃത്വത്തില്‍ അക്രമവും അരക്ഷിതത്വവും നിറഞ്ഞ സാമൂഹിക ക്രമം നിലനില്‍ക്കെ തന്നെ മക്ക കേന്ദ്രീകരിച്ച് സ്വസ്ഥതയും സമാധാനവും കളിയാടുന്ന ക്ഷേമരാഷ്ട്രത്തിന് ശിലയിടുകയാണ് ഇബ്റാഹീം ചെയ്തത്. ഇറാഖില്‍ നിന്ന് ഹിജ്റ ചെയ്ത് മക്കയില്‍ കാലെടുത്തു വെച്ച്, ഇബ്റാഹീം തന്റെ നാഥനോട് ചോദിച്ച 'വരം മറ്റൊന്നായിരുന്നു. ''ഇബ്‌റാഹീം പ്രാര്‍ഥിച്ചതോര്‍ക്കുക: എന്റെ നാഥാ, ഇതിനെ നീ നിര്‍ഭയമായ നാടാക്കേണമേ! ഇവിടെ പാര്‍ക്കുന്നവരില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി കായ്കനികള്‍ നല്‍കേണമേ. അല്ലാഹു അറിയിച്ചു: അവിശ്വസിച്ചവനും നാമതു നല്‍കും. ഇത്തിരി കാലത്തെ ജീവിതസുഖം ഞാനവനു നല്‍കും. പിന്നീട് നാമവനെ നരക ശിക്ഷക്കു വിധേയനാക്കും. അത് ചീത്ത താവളം തന്നെ'' (അല്‍ബഖറ 126).
ലോകചരിത്രത്തില്‍ ആദ്യമായി അംന് അഥവാ നിര്‍ഭയത്വം അടിത്തറയായ ഒരു നാഗരികത സ്വപ്നം കണ്ടതും അതിന്റെ മാതൃകയെന്നോണം ഹറമിനെ പുനരാവിഷ്‌കരിച്ചതും ഇബ്റാഹീമായിരുന്നു. അതിനാലായിരിക്കണം ഏറ്റവുമൊടുവില്‍ അതേ മക്കയില്‍ തന്നെ നിയുക്തനായ സാക്ഷാല്‍ മുഹമ്മദ് നബി (സ)യോട് ഇബ്റാഹീം തുടങ്ങിവെച്ചതിനെ പിന്തുടരാന്‍ നിര്‍ദേശിച്ചത്: ''പിന്നീട് നിനക്കു നാം ബോധനം നല്‍കി, ഏറ്റവും ചൊവ്വായ പാതയില്‍ നിലയുറപ്പിച്ച ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരണമെന്ന്. അദ്ദേഹം ബഹുദൈവവിശ്വാസികളില്‍ പെട്ടവനായിരുന്നില്ല'' (അന്നഹ്ല്‍ 123).
അതായത്, ഇബ്റാഹീമിന്റെ സ്വപ്നത്തിന്റെ പൂര്‍ത്തീകരണമായിരുന്നു അല്ലാഹു തിരുദൂതരെ ഏല്‍പിച്ച നിയോഗദൗത്യം. സ്വാഭാവികമായും, മക്കയില്‍ തന്റെ അനുചരന്മാര്‍ സത്യനിഷേധികളില്‍ നിന്ന് ക്രൂരമായ പീഡനങ്ങള്‍ക്കിരയായ വേളയില്‍ തിരുദൂതര്‍ (സ) അവരുടെ കണ്ണിലും ഖല്‍ബിലും നിറച്ചു വെച്ചത് ഇബ്റാഹീമിയന്‍ സ്വപ്നമായിരുന്നു. ഖുറൈശികളുടെ അതികഠിനമായ പീഡനം സഹിക്ക വയ്യാതെ തിരുദൂതരുടെ മുന്നില്‍ പരാതിയുമായെത്തിയ ഖബ്ബാബുബ്നുല്‍ അറത്തി(റ)ന് അവിടുന്ന് പകര്‍ന്നുനല്‍കിയ സ്വപ്നമിങ്ങനെയായിരുന്നു: ''അല്ലാഹുവാണ, ഈ ഉദ്യമം അല്ലാഹു പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും. സ്വന്‍ആ മുതല്‍ ഹദ്‌റമൗത്ത് വരെ ഒരു യാത്രക്കാരന്, അല്ലാഹുവിനെയും തന്റെ ആട്ടിന്‍ പറ്റങ്ങളെ ആക്രമിച്ചേക്കാവുന്ന ചെന്നായ്ക്കളെയും ഒഴികെ, മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന കാലം പുലരുക തന്നെ ചെയ്യും.''
വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു തന്റെ അത്ഭുതകരമായ സൃഷ്ടികളുടെ നാമങ്ങളുദ്ധരിച്ച് ശപഥം ചെയ്യുന്ന ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. ആകാശ ഭൂമികള്‍, സൂര്യചന്ദ്രനക്ഷത്രാദികള്‍, പര്‍വതങ്ങള്‍, ചില  വൃക്ഷങ്ങള്‍, ചെടികള്‍, രാപ്പകലുകള്‍ തുടങ്ങിയവ അവയ്ക്കുദാഹരണങ്ങളാണ്. ഭൂമിയിലെ അത്ഭുതങ്ങളും പ്രതിഭാസങ്ങളുമായതു കൊണ്ടാണ് അവക്ക് മേല്‍പറഞ്ഞ ദൈവികാംഗീകാരം ലഭിക്കാനിടയാക്കിയത്. ഇപ്രകാരം അല്ലാഹു പ്രത്യേകം പരാമര്‍ശിച്ച്, ശപഥം ചെയ്യാനുപയോഗിച്ച അത്ഭുത പ്രതിഭാസമാണ് 'അല്‍ബലദുല്‍ അമീന്‍' അഥവാ നിര്‍ഭയ രാഷ്ട്രം. അല്ലാഹുവിന്റെ കാവലില്‍ തിരുദൂതര്‍ ഭൂമിയില്‍ നിര്‍മിച്ച, വിശ്വാസികള്‍ ഭൂമിയില്‍ നിര്‍മിക്കേണ്ട അത്ഭുതമാണത്. ഇബ്റാഹീം (അ) തുടക്കം കുറിച്ച്, മുഹമ്മദ് നബി (സ) പൂര്‍ത്തീകരിച്ച, ലോക മുസ്‌ലിം ഉമ്മത്ത് വീണ്ടെടുക്കേണ്ട അല്ലാഹുവിന്റെ ഭൂമിയില്‍ അപൂര്‍വമായെങ്കിലും ആവര്‍ത്തിക്കപ്പെടുന്ന അത്ഭുതം. ''നിങ്ങളില്‍ നിന്ന് സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: അവന്‍ അവരെ ഭൂമിയിലെ പ്രതിനിധികളാക്കും. അവരുടെ മുമ്പുള്ളവരെ പ്രതിനിധികളാക്കിയതുപോലെത്തന്നെ. അവര്‍ക്കായി അല്ലാഹു തൃപ്തിപ്പെട്ടേകിയ അവരുടെ ജീവിതവ്യവസ്ഥ സ്ഥാപിച്ചുകൊടുക്കും. നിലവിലുള്ള അവരുടെ ഭയാവസ്ഥക്കുപകരം നിര്‍ഭയാവസ്ഥ ഉണ്ടാക്കിക്കൊടുക്കും. അവര്‍ എനിക്കു മാത്രമാണ് വഴിപ്പെടുക. എന്നില്‍ ഒന്നിനെയും പങ്കുചേര്‍ക്കുകയില്ല. അതിനുശേഷം ആരെങ്കിലും സത്യത്തെ നിഷേധിക്കുന്നുവെങ്കില്‍ അവര്‍ തന്നെയാണ് ധിക്കാരികള്‍'' (അന്നൂര്‍ 55).
ദൈവദൂതന്മാരുടെ നേതൃത്വത്തില്‍, വിശ്വാസികളുടെ പ്രയത്നത്താല്‍ രൂപപ്പെട്ട നിര്‍ഭയ രാഷ്ട്രം ഭൂമിയിലെ അല്ലാഹുവിന്റെ സ്വര്‍ഗമായിരുന്നു. ഇബ്റാഹീം പ്രവാചകന്‍ മാലോകരെ ക്ഷണിച്ചിരുന്നത് അല്ലാഹുവിന്റെ ഭൂമിയില്‍ സ്വര്‍ഗം പണിയുന്നതിലേക്കായിരുന്നു.
ഹറം കേവലമൊരു ആരാധനാലയമല്ല. മുസ്‌ലിം ഉമ്മത്ത് കണ്ണ് തുറന്നു കാണുന്ന സ്വപ്നമാണ് ഹറം. ''ഓര്‍ക്കുക: ആ ഭവനത്തെ നാം ജനങ്ങളുടെ മഹാസംഗമ സ്ഥാനമാക്കി; നിര്‍ഭയമായ സങ്കേതവും'' (അല്‍ബഖറ 125). ''അതില്‍ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീമിന്റെ പ്രാര്‍ഥനാസ്ഥലം; അവിടെ പ്രവേശിക്കുന്നവന്‍ നിര്‍ഭയനായിരിക്കും'' (ആലു ഇംറാന്‍ 97).
ഇസ്‌ലാം ലോകത്ത് പണിതുയര്‍ത്താന്‍ ശ്രമിക്കുന്ന സാമൂഹിക സംവിധാനത്തിന്റെ ഉത്തമ മാതൃകയാണ് ഹറം. ''അവര്‍ കാണുന്നില്ലേ; നാം നിര്‍ഭയമായ ഒരാദരണീയ സ്ഥലം ഏര്‍പ്പെടുത്തിയത്. അവരുടെ ചുറ്റുവട്ടത്തുനിന്ന് ആളുകള്‍ റാഞ്ചിയെടുക്കപ്പെട്ടുകൊണ്ടിരിക്കെയാണിത്. എന്നിട്ടും അസത്യത്തില്‍ അവര്‍ വിശ്വസിക്കുകയാണോ; അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തള്ളിപ്പറയുകയും?'' (അല്‍അന്‍കബൂത്ത് 67).
ഹാജിമാര്‍ കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യുമ്പോള്‍ തങ്ങള്‍ നിര്‍മിക്കേണ്ട സാമൂഹിക ക്രമത്തെ ഹൃദയത്തില്‍ കോറിയിടുകയാണ് ചെയ്യുന്നത്. ദിനേന അഞ്ച് നേരം കഅ്ബയിലേക്ക് മുഖം തിരിച്ച് നമസ്‌കരിക്കുന്ന ഓരോ വിശ്വാസിയും കണ്ണില്‍ നിറച്ചു വെക്കുന്നതും മറ്റൊന്നല്ല. ഹറമില്‍ നിന്ന് ഹജ്ജ് നിര്‍വഹിച്ച് ലോകത്തിന്റെ പല കോണുകളിലേക്കും തിരിച്ചു വരുന്ന ഹാജിമാര്‍ അവിടങ്ങളിലെല്ലാം 'ഹറം' അഥവാ നിര്‍ഭയമായ ഇടം പണിയുകയാണ് വേണ്ടത്. ഇബ്റാഹീം പണിതുയര്‍ത്തിയ ഹറം ലോകത്ത് വ്യാപിക്കുന്നതിന് പകരം, നംറൂദിന്റെ അഗ്നികുണ്ഡങ്ങള്‍  പടര്‍ന്ന് കത്തിക്കൊണ്ടിരിക്കുന്നുവെന്നതാണ് മാനവസമൂഹം ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌