Prabodhanm Weekly

Pages

Search

2022 ജൂലൈ 08

3259

1443 ദുല്‍ഹജ്ജ് 09

വംശഹത്യാമുനമ്പിലുള്ള  സമുദായത്തെക്കുറിച്ച്  ഒരക്ഷരം മിണ്ടാതെ....

ബശീര്‍ ഉളിയില്‍

 പ്രതിവിചാരം /

ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹൃദയ ഭൂമിയായ ഗുജറാത്തിലുള്ളതിനെക്കാള്‍ ഏഴു മടങ്ങ് ശാഖകള്‍ ഉണ്ടായിട്ടും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി സ്ഥായിയായ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ആര്‍.എസ്.എസിന് കഴിയാതെ പോയ സംസ്ഥാനമാണ് കേരളം. അഥവാ, കേരള രാഷ്ട്രീയത്തെ സംബന്ധിച്ചേടത്തോളം ഒരു ദുരന്ത ഹാസ്യം (Tragicomedy) ആണ് രാജ്യം അടക്കിവാഴുന്ന പാര്‍ട്ടി. മര്യാദ പുരുഷോത്തമന്റെ അയോധ്യയും കൈലാസനാഥന്റെ കാശിയും യദുകുലനാഥന്റെ മഥുരയും അധീനപ്പെട്ടിട്ടും പരശുരാമന്‍ മഴുവെറിഞ്ഞു നേടിയ കേരളം പിടിക്കാന്‍ കഴിയാത്ത അരിശം കരഞ്ഞും കലിതുള്ളിയുമാണ് ഹിന്ദുത്വര്‍  തീര്‍ക്കുന്നത്. 2015 നവംബര്‍ മാസത്തില്‍ പുറത്തിറങ്ങിയ ആര്‍.എസ്.എസ് മുഖപത്രം ഓര്‍ഗനൈസറിലെ മുഖ്യലേഖനത്തിന്റെ തലക്കെട്ട് 'കേരളം ദൈവത്തിന്റെ സ്വന്തം നാടോ, അതോ ദൈവമില്ലാത്ത നാടോ?' (Kerala: God’s Own Country or Godless Country?) എന്നതായിരുന്നു. മുംബൈയിലെ മലയാളി അഭിഭാഷകനും നിയമാധ്യാപകനുമായ എം. സുരേന്ദ്രനാഥനാണ് ലേഖകന്‍. നന്നായി മദ്യപിക്കുകയും അനായാസം ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന, മാനസിക രോഗം ബാധിച്ചവരുടെ സംസ്ഥാനം; സുഊദി അറേബ്യയുടെയും പാകിസ്താന്റെയും സഹായം ലഭിക്കുന്ന ഇസ്‌ലാമിക തീവ്രവാദത്തിന്റെ നഴ്സറി; ദേശീയ നേതാക്കളുടെ അഭാവത്തില്‍ ചൈനയിലെയും റഷ്യയിലെയും മാര്‍ക്സിസ്റ്റുകളെയും ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ളവരെയും നേതാക്കളാക്കുന്ന ജനത.... എന്നിങ്ങനെയാണ് ലേഖനത്തിലെ പരാമര്‍ശങ്ങള്‍. 
വോട്ട് വാണിഭം, കുഴല്‍പ്പണം തുടങ്ങിയ 'ലളിത കല'കള്‍ തൊട്ട് കുതികാല്‍ വെട്ട്, അന്തഃഛിദ്രത തുടങ്ങിയ 'ആയോധനകല'കളില്‍ വരെ ഏര്‍പ്പെട്ടിരിക്കുന്ന കേരള ബി.ജെ.പിയില്‍ ആര്‍.എസ്.എസിന് ഏതാണ്ട് പ്രതീക്ഷയറ്റ മട്ടാണ്. ഈയൊരു സാഹചര്യത്തിലാണ് 'പറ നിറയെ പതിരായാലും പാറ്റിനോക്കിയാല്‍ മണികാണും' എന്ന മട്ടില്‍ സകല പത്തായത്തിലും കയറി അരിച്ചുപെറുക്കാന്‍ തുടങ്ങിയിരിക്കുന്നത്. അല്‍പ്പത്തരവും ബുദ്ധിശൂന്യതയും ആവശ്യത്തിലധികം ഉണ്ടെങ്കിലും  രാഷ്ട്രീയവും സാംസ്‌കാരികവുമായ അധിനിവേശം നടത്താനുള്ള പാഠങ്ങള്‍ ചിന്തന്‍ ബൈഠക്കുകളിലൂടെ പരിവാരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. 'ഇടി'പ്പേടിയില്‍ നിന്ന് 'ഇഡി'പ്പേടിയിലേക്ക് സമൂഹത്തെ 'വളര്‍ത്തി' എന്നതാണ് ഇരുളിന്റെ മറവില്‍ കാക്കി ട്രൗസറിട്ട് ഒളിയാക്രമണം നടത്തിയിരുന്ന കാലത്തു നിന്ന് അധികാരമുള്ള കാലത്തെ 'സംഘ ശക്തി'യുടെ 'വളര്‍ച്ച!' വര്‍ഗീയ ധ്രുവീകരണം പരമാവധി സാധ്യമാക്കുന്നതിനൊപ്പം നിലവിലുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ പൊളിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി കേരളത്തിലെ രണ്ട് പ്രബല ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയും പ്രലോഭനങ്ങളിലൂടെ വശത്താക്കിയും പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് കേരള ബി.ജെ.പിയുടെ പുതിയ ലൈന്‍. ഉത്തരേന്ത്യയില്‍ പയറ്റി ജയിച്ച നക്കിക്കൊല്ലല്‍, ഞെക്കിക്കൊല്ലല്‍ തന്ത്രങ്ങള്‍ കേരളത്തില്‍ വിജയിക്കാതെ വന്നപ്പോള്‍ വിഭജനത്തിന്റെയും പ്രകോപനത്തിന്റെയും വിത്തിറക്കുകയും അതും ഫലം കാണാതെ വന്നപ്പോള്‍  രാഷ്ട്രീയ പാടവരമ്പത്തിരുന്ന്  നാവ് നീട്ടി ഇരപിടിക്കുന്ന യജ്ഞത്തിലേര്‍പ്പെട്ടിരിക്കുകയുമാണ് പ്രാന്തപ്രചാരക പുരുഷോത്തമന്മാര്‍.
ഓരോ തെരഞ്ഞെടുപ്പിലും വളര്‍ച്ച പടവലങ്ങ പോലെ താഴോട്ടാകുമ്പോഴും കേരളത്തെ എന്ത് വില കൊടുത്തും പിടിക്കുക തന്നെ ചെയ്യും എന്ന തീവ്ര വാശിമൂലമാണ് ഈ ഒടുവിലത്തെ അടവ് പയറ്റിനോക്കുന്നത്. പല്ലില്ലാത്ത വായ നോക്കി അണ്ണാക്ക് വരെ കൈയിടാന്‍ വല്ലാത്ത വിരുതുണ്ട് സംഘ് പരിവാരത്തിന്. കേഡര്‍ സംവിധാനമില്ലാത്ത ബഹുജന സംഘടനകളുടെ ഇടയില്‍ കയറി ഭഗ്‌നാശയരായ നേതൃമ്മന്യരെയും  ഒരു സംഘടനാ ചട്ടക്കൂട്ടിലും ഒതുങ്ങാതെ  ഒറ്റപ്പെട്ട തുരുത്തുകളില്‍ കഴിയുന്ന പാവങ്ങളെയും തെരഞ്ഞു പിടിച്ചു കുരുക്കില്‍ പെടുത്തുന്ന ഒരുമാതിരി 'സനാതന ജനജാഗ്രതാ' സമിതികള്‍. ഒപ്പം തരം നോക്കി തക്കത്തില്‍ കച്ചോടം ചെയ്യാന്‍ ഒക്കത്ത് പണവുമായി രാഷ്ട്രീയ ഭീമാസുരന്മാരും. 
അത്ര പെട്ടെന്നൊന്നും വലയില്‍ കുടുങ്ങാത്ത ഒരു കടല്‍ മീനിന്റെ പേരാണ്  അബു ദഫ്ദഫ് മണിക്ഫാനി.  അലി മണിക്ഫാന്‍ എന്ന അതുല്യ പ്രതിഭ കണ്ടെത്തിയ മീന്‍ ആയതു കൊണ്ടാണ് അതിന് അപ്പേരു വന്നത്. അദ്ദേഹത്തെ പോലും കെണിവെച്ചു വീഴ്ത്താനുള്ള വിരുത് തെളിയിച്ചു കൊണ്ടാണ് സനാതന സദാനന്ദന്മാര്‍ ചാക്കിട്ട് പിടിത്തത്തിന്റെ പുതിയ രഥയാത്ര തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 'കേസരി' വാരിക കോഴിക്കോട് നടത്തിയ 'അക്ഷര രഥയാത്ര'യ്ക്കിടയിലാണ് മണിക്ഫാനെ ഒരു ചതിയിലൂടെ വലയില്‍ വീഴ്ത്തിയത്.  ഒരു ലൈബ്രറി ഉദ്ഘാടനം എന്ന് തെറ്റിദ്ധരിപ്പിച്ചു ക്ഷണിച്ചുകൊണ്ടുപോയി തിരി കൊളുത്തിയ ഒരു വിളക്ക് കൈയില്‍ കൊടുത്ത് പ്രത്യേക രൂപത്തില്‍ വട്ടത്തില്‍ കറക്കാന്‍ പറഞ്ഞു പറ്റിക്കുകയായിരുന്നു. മുന്നില്‍ ഒരു പ്രതിമയുമുണ്ടായിരുന്നു. വിളക്ക് കൊണ്ടുള്ള കറക്കല്‍ ആരതി ആണെന്നോ, മുന്നിലുണ്ടായിരുന്ന രൂപം സരസ്വതി ദേവിയുടെതാണെന്നോ, ഇതിലൂടെ തന്നെ വട്ടം കറക്കി പറ്റിക്കുകയാണെന്നോ തിരിച്ചറിയാന്‍ മണിക്ഫാന് കഴിയാതെ പോയി. 'എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സി'ല്‍ ബിരുദാനന്തര ബിരുദമുണ്ടായിട്ടും മിസിസിനെ എം.ആര്‍.എസ് എന്ന് തെറ്റ് കൂടാതെ വായിച്ച പ്രധാന നേതാവിന്റെ അനുയായികള്‍ക്ക് ഭൂമി ഭാരതത്തില്‍ കിട്ടാവുന്ന ഏറ്റവും വിലപിടിപ്പുള്ള നിധിയായിരുന്നു, ഔപചാരിക വിദ്യാഭ്യാസം ഇല്ലാതിരുന്നിട്ടും സമുദ്ര ശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, ഭൂമി ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഖുര്‍ആന്‍ വിജ്ഞാനീയം എന്നീ മേഖലകളില്‍ ആഗോളപ്രശസ്തനായ അലി മണിക്ഫാന്‍ എന്ന ജീനിയസ്. തെറ്റ് മനസ്സിലാക്കിയ മണിക്ഫാന്‍ സമൂഹമാധ്യമങ്ങളിലൂടെ അതേറ്റു പറഞ്ഞു പശ്ചാത്തപിച്ചെങ്കിലും അതിനോടകം തന്നെ 'പത്മശ്രീ വിഭൂഷിതനാ'യ ഒരു 'മുസ്‌ലിം മതപണ്ഡിതന്റെ സംഘ സ്‌നേഹം' സോഷ്യല്‍ മീഡിയയിലൂടെ ആസേതുഹിമാചലം ആഘോഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. 
അതിനും നാല് വര്‍ഷം മുന്‍പ് 2018-ല്‍ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അന്‍വറിനെക്കൊണ്ട് ബി.ജെ.പി ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്യിച്ചു അതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയായിരുന്നു ആഘോഷം. തൊട്ടടുത്ത വര്‍ഷം ദീപസ്തംഭത്തില്‍ മഹാശ്ചര്യപ്പെട്ട് സംഘപഥത്തില്‍ ചേര്‍ന്ന് 'ദേശീയ ന്യൂനപക്ഷ മോര്‍ച്ച' അധ്യക്ഷ പദവിയിലെത്തിയ മുന്‍ കാലിക്കറ്റ് സര്‍വകലാശാലാ വി.സി അബ്ദുസ്സലാമിനെയും ദേശീയ ഉപാധ്യക്ഷ പദവിയിലെത്തിയ എ.പി അബ്ദുല്ലക്കുട്ടിയെയും മാറ്റിനിര്‍ത്തിയാല്‍ ഒട്ടുമിക്കതും ഇമ്മട്ടിലുള്ള ചതിയിലൂടെ ഉള്ള ചാക്കിട്ട് പിടിത്തം തന്നെയായിരുന്നു.  
നേരത്തെ മണിക്ഫാനെ 'വട്ടം കറക്കിയ' കേസരി തന്നെയാണ് ഇക്കുറി മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറിനെയും കെണി വെച്ച് വീഴ്ത്തിയത്. കോഴിക്കോട് കേസരി ഭവനില്‍ സ്ഥാപിച്ച 'സ്‌നേഹബോധി' എന്ന ബുദ്ധ ശില്‍പത്തിന്റെയും ചുവര്‍ ശില്‍പത്തിന്റെയും അനാഛാദന ചടങ്ങില്‍ മുഖ്യപ്രഭാഷണമായിരുന്നു കെ.എന്‍.എ ഖാദര്‍ നടത്തിയത്. ഖാദറിന്റെ പ്രഭാഷണത്തിന് മുമ്പ് ആര്‍.എസ്.എസിന്റെ പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയായ ജെ. നന്ദകുമാറിന്റെ അര മണിക്കൂര്‍  നീണ്ട മറ്റൊരു പ്രഭാഷണം അവിടെ നടന്നിരുന്നു.  ആ പ്രസംഗം അരമണിക്കൂറായി കുറഞ്ഞുപോയതില്‍ തനിക്ക് സങ്കടമുണ്ടെന്നും അത് കൂടുതല്‍ കേള്‍ക്കാനാണ് താന്‍ ആഗ്രഹിച്ചതെന്നും പറഞ്ഞാണ് കെ.എന്‍.എ ഖാദര്‍ സംസാരിച്ചു തുടങ്ങിയത്. കുമാരനാശാന്‍, വള്ളത്തോള്‍,  ഗീത, രാമായണം തുടങ്ങി പലതും ഉദ്ധരിച്ച് പ്രസംഗിച്ച ഖാദര്‍ തന്നെപ്പോലുള്ളവര്‍ക്ക് ഗുരുവായൂര്‍ ദര്‍ശനം നിഷേധിക്കപ്പെടുന്നതിലുള്ള ഖിന്നതയും പങ്കു വെച്ചു.
അല്ലെങ്കിലും ഗുരുവായൂരപ്പന്‍ പണ്ടേ ഖാദറിന്റെ ഒരു വീക്‌നെസ് ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഗുരുവായൂരപ്പന് കാണിക്ക അര്‍പ്പിച്ച് അത് തെളിയിച്ചതുമാണ്. ഖാദറിന്റെ സങ്കടം തീര്‍ക്കാന്‍ നന്ദകുമാര്‍ പൊന്നാടയണിയിച്ചു. തന്റെ നീണ്ട പ്രഭാഷണത്തിനിടയില്‍ ഒരിക്കല്‍ പോലും വംശഹത്യാമുനമ്പിലുള്ള തന്റെ സമുദായത്തിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചോ മുസ്ലിം സമുദായത്തെ പിന്തുണക്കുന്ന മതേതര വിശ്വാസികള്‍ പോലും അനുഭവിക്കുന്ന പീഡനങ്ങളെ കുറിച്ചോ ഖാദര്‍ ഒരക്ഷരം മിണ്ടിയില്ല.  ബ്രാഹ്മണ്യ ഹിന്ദുത്വത്തെ ആശയപരമായി ചോദ്യം ചെയ്ത് മാനവികതയും സമഭാവനയും അഹിംസയും ഉദ്ഘോഷിക്കുന്ന ഒരു മതം സ്ഥാപിച്ച ഗൗതമ  ബുദ്ധന്റെ പേരില്‍ 'സ്‌നേഹബോധി' എന്ന ശില്‍പം ഉണ്ടാക്കിയത് ഹിംസാത്മക വംശീയ ഉന്മൂലനങ്ങളെ ഒരു പ്രമാണമായി തന്നെ കൊണ്ടുനടക്കുന്ന  ആര്‍.എസ്.എസ് എന്നത് ഈ വര്‍ഷത്തെ ഏറ്റവും മികച്ച  ഫലിതം.  ശില്‍പത്തിന്റെ അനാഛാദനപരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തിയത് വംശീയ ഉന്മൂലനത്തിന്റെ  ബുള്‍ഡോസര്‍ രാജിലെ ഇരകളായ ഒരു സമുദായത്തിന്റെ പ്രതിനിധി എന്നത് മറ്റൊരു തമാശ.
വിശദീകരണം ചോദിച്ച ലീഗ് നേതൃത്വത്തോട്, കേസരി സംഘടിപ്പിച്ചത് സാംസ്‌കാരിക പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ പങ്കെടുത്തതാണെന്നാണ് ഖാദര്‍ പറഞ്ഞത്. ദിവസങ്ങള്‍ക്കു മുമ്പുതന്നെ തീരുമാനിച്ച് നോട്ടീസടിച്ച് പത്രാപ്പീസുകളില്‍ അറിയിച്ച് നടന്ന ഒരു പരിപാടിയില്‍ 'അബദ്ധത്തില്‍' പങ്കെടുത്തതാണെന്ന് പറയുന്നത് വിശ്വസനീയമല്ല. മേല്‍പറഞ്ഞ 'കേസരീയം ആട്ടക്കഥ'  'സ്‌നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും' സംവദിക്കാന്‍ ചേര്‍ന്ന നിഷ്‌കളങ്കമായ ഒരു സാംസ്‌കാരിക പരിപാടി ആയിരുന്നില്ല എന്നറിയാത്ത ആളൊന്നുമല്ല ഖാദര്‍. വെറുപ്പിന്റെ വിഷത്തിന് കറുത്ത മഷി പുരട്ടി അഞ്ജനമെന്ന് പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസിന്റെ സംസ്‌കാരമാണ് കേസരി പ്രതിനിധാനം ചെയ്യുന്നത്.  വിദ്വേഷം മാത്രം പ്രസരിപ്പിക്കുന്ന 'ഹിന്ദുത്വ'യെ സനാതന ഹിന്ദുമതത്തിന്റെ തനിപ്പകര്‍പ്പാണ് എന്ന ആര്‍.എസ്.എസ് നുണക്ക് നല്‍കിയ സത്യവാങ്മൂലമാണ് യഥാര്‍ഥത്തില്‍ ഖാദറിന്റെ  പരാമര്‍ശങ്ങള്‍. ശ്രദ്ധക്കുറവിനാല്‍ ബി.ജെ.പി ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്ത ഖമറുന്നിസ അന്‍വറിനെ, ചെയ്ത തെറ്റിന് ക്ഷമാപണം നടത്തിയിട്ടും വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് തല്‍ക്ഷണം പുറത്താക്കിയ മുസ്ലിം ലീഗ് 'മാറിയ സാഹചര്യത്തില്‍' കെ.എന്‍.എ ഖാദറിന്റെ കാര്യത്തില്‍ അത്തരമൊരു തീരുമാനമെടുത്തില്ല. ചെറുതായൊന്നു താക്കീത് ചെയ്തു വിടുക മാത്രമാണ് ചെയ്തത്. അര്‍ഥവും അധികാരവും പ്രലോഭനങ്ങളും ഉപയോഗിച്ചു സംഘ് പരിവാര്‍ സമുദായ ഗാത്രത്തില്‍ പറ്റിപ്പിടിച്ചു കയറുന്നത് തിരിച്ചറിയാന്‍ മുസ്ലിം സാമുദായിക - രാഷ്ട്രീയ നേതൃത്വത്തിന് എത്രയും പെട്ടെന്ന് സാധിക്കുന്നുവോ അത്രയും നല്ലത്!
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-37-40
ടി.കെ ഉബൈദ്‌

ഹദീസ്‌

അറഫാ ദിനത്തിന്റെ പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്‌