Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

പി.പി കുഞ്ഞി മുഹമ്മദ്

പി. സൈതലവി, മൂന്നിയൂര്‍

1960- കളില്‍ മൂന്നിയൂര്‍ ആലിന്‍ ചുവട് പ്രദേശത്ത് ഇസ്‌ലാമിക പ്രസ്ഥാനത്തെ കരുപ്പിടിപ്പിക്കുന്നതില്‍ സി. കുഞ്ഞി മുഹമ്മദ്,  കെ. അലവി എന്നിവരോടൊപ്പം സജീവമായി രംഗത്തുണ്ടായിരുന്ന പി.പി. കുഞ്ഞി മുഹമ്മദും കഴിഞ്ഞ മെയ് 27-ന് അല്ലാഹുവിലേക്ക് യാത്രയായി.
ജീവിത വിശുദ്ധി കൊണ്ട് ഇസ്‌ലാമിക പ്രസ്ഥാനത്തെ അടയാളപ്പെടുത്തിയ പി.പി സാമൂഹിക, വിദ്യാഭ്യാസ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഇന്ന് ഏറെ പ്രശസ്തമായിത്തീര്‍ന്ന മലബാര്‍ സെന്‍ട്രല്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍ മുഖ്യ പങ്ക് വഹിച്ചത് പി.പി.യായിരുന്നു. സ്ഥാപനത്തില്‍ നിന്ന് യാതൊരു വേതനവും സ്വീകരിക്കാതെയാണ് അദ്ദേഹം അതിന്റെ മാനേജര്‍ സ്ഥാനം വഹിച്ചിരുന്നത്. സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി അവസാനം യാത്രാ ചെലവുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം സന്നദ്ധനായി.
നേരത്തെ പ്രവാസിയായിരുന്ന പി.പി. ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ചിട്ടും, ചിലതൊന്നും മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്ന് കണ്ടതിനാല്‍ നല്ല ശമ്പളമുള്ള ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് സുഊദിയില്‍ തന്നെ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയ അദ്ദേഹം കൂടെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളിലും സജീവമായി.
1991-ല്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച അദ്ദേഹം  നാട്ടില്‍ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. ചെമ്മാട് മസ്ജിദുല്‍ മനാര്‍ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി തിരൂരങ്ങാടി ജനസേവനം കോഡിനേറ്റര്‍ തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ അദ്ദേഹം ഭംഗിയായും ക്യത്യമായും നിര്‍വഹിക്കുകയുണ്ടായി.
പ്രദേശത്ത് കുടിവെള്ളത്തിനായി പദ്ധതി തയാറാക്കിയപ്പോള്‍  അതിന്റെ  ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാട്ടുകാര്‍ നിര്‍ദേശിച്ച പേര്‍ പി.പിയുടെതായിരുന്നു; സ്‌നേഹപൂര്‍വം അദ്ദേഹം ആ പദവി നിരസിക്കുകയാണുണ്ടായത്. ജനങ്ങളിലേക്കിറങ്ങാന്‍ നല്ലൊരു ചാന്‍സ് ലഭിച്ചിട്ടും അത് നിരസിച്ചതിനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, ഒരു കമ്മിറ്റിയില്‍  ഒരാളോ ഏതാനും പേരോ  മാത്രം സത്യസന്ധത പുലര്‍ത്തിയാല്‍ അത് വിജയിക്കണമെന്നില്ല എന്നായിരുന്നു മറുപടി. അധികം താമസിയാതെ തന്നെ സാമ്പത്തിക ക്രമക്കേട് മൂലം പദ്ധതി ഇല്ലാതായി. പി.പിയുടെ  ദീര്‍ഘ വീക്ഷണം സത്യമായി പുലര്‍ന്നു. ഹിറാ സമ്മേളനത്തിന് ശേഷമാണ് അദ്ദേഹം ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അംഗത്വമെടുത്തത്.
കുറച്ച്  കാലം രോഗശയ്യയില്‍ കിടന്നപ്പോള്‍ ഹല്‍ഖാ യോഗം തന്റെ വീട്ടില്‍ വെച്ച് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. മരണത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഹല്‍ഖാ അമീറും, അസി. അമീര്‍ മുജീബ് റഹ്മാനും അദ്ദേഹത്തെ കണ്ട് മടങ്ങിയത്.
മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളുമടക്കം ആറു മക്കളുണ്ട്.

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌