Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ബലികര്‍മത്തിന്റെ ശറഈ നിലപാട്

മൗലാനാ മൗദൂദി

ബക്രീദില്‍ മൃഗബലി നടത്താനുള്ള യാതൊരു കല്‍പനയും ഇസ്‌ലാമിലില്ല എന്നൊരു തെറ്റിദ്ധാരണ കുറച്ച് കാലമായി പത്രങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മുല്ലമാര്‍ കണ്ടുപിടിച്ച കേവലം ഒരു ആചാരം മാത്രമാണിത്. ഈ 'നിഷ്പ്രയോജനകര'മായ ആചാരത്തിന് വേണ്ടി പണം പാഴാക്കുന്നതിനെക്കാള്‍ ഭേദം അത് എന്തെങ്കിലും സാമൂഹിക കാര്യങ്ങള്‍ക്കായി ചെലവിടുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ചില ഹദീസ് നിഷേധികള്‍ ഈ ചിന്താഗതിയുടെ പ്രചാരണം തുടങ്ങിയിട്ടുണ്ടായിരുന്നു. അക്കാലത്ത് തന്നെ തര്‍ജുമാനുല്‍ ഖുര്‍ആന്‍ മാസികയില്‍ ഖുര്‍ആന്റെയും ഹദീസിന്റെയും, ബുദ്ധിപരമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഈയുള്ളവന്‍ അതിന് വിശദമായ ഖണ്ഡനം പ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാല്‍, വീണ്ടും ഈ ഫിത്‌ന തലപൊക്കിയതായാണ് കാണുന്നത്. അതിനാല്‍, സംക്ഷിപ്തമായി ഈ വിഷയത്തെക്കുറിച്ച ഇസ്‌ലാമിക വിധികള്‍ വിശദീകരിക്കേണ്ടതാവശ്യമാണെന്ന് ഞാന്‍ കരുതുന്നു. കാരണം, അജ്ഞത മൂലം ആരും ഈ ഫിത്‌നക്ക് ഇരയായിത്തീരരുതല്ലോ.

ബലിയുടെ വിധി ഖുര്‍ആനില്‍


ബലി കര്‍മത്തെക്കുറിച്ച് ഖുര്‍ആനില്‍ എന്തു പറയുന്നു എന്നാണ് എല്ലാറ്റിനും മുമ്പേ നാം നോക്കേണ്ടത്. ബലിയെ അത് ഹജ്ജിലും ഹജ്ജിനോടനുബന്ധിച്ച ചടങ്ങുകളിലും മാത്രം പരിമിതപ്പെടുത്തിയിട്ടുണ്ടോ? അതോ മറ്റ് സന്ദര്‍ഭങ്ങളിലും അതിന്റെ വിധി നല്‍കിയിട്ടുണ്ടോ? ഈ വിഷയത്തില്‍ രണ്ട് ഖുര്‍ആന്‍ സൂക്തങ്ങള്‍ തീര്‍ത്തും വ്യക്തമാണ്. അവയ്ക്ക് ഹജ്ജുമായി യാതൊരു ബന്ധവുമില്ല. സൂറ അല്‍അന്‍ആമിന്റെ അവസാന ഖണ്ഡങ്ങളില്‍ പറയുന്നു:

قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

''പ്രവാചകാ, താങ്കള്‍ പറയുക: എന്റെ നിസ്‌കാരവും ബലികര്‍മവും ജീവിതവും മരണവുമെല്ലാം ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു. അവന് യാതൊരു പങ്കുകാരനുമില്ല. അതിനായി ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. കല്‍പന അനുസരിക്കുന്നതില്‍ ഒന്നാമനാകുന്നു ഞാന്‍'' (അല്‍അന്‍ആം 162-163).
ഹജ്ജ് നിര്‍ബന്ധമാക്കപ്പെടുകയോ അതിന്റെ ചടങ്ങുകളും അനുഷ്ഠാനങ്ങളും നിര്‍ണയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത നബിയുടെ മക്കാ ജീവിതകാലത്താണ് ഈ സൂക്തം അവതരിച്ചിട്ടുള്ളത്. ഈ വിധിയുടെ വിവക്ഷ ഹജ്ജിലെ ബലികര്‍മമാണെന്ന് മനസ്സിലാക്കാവുന്ന നേരിയൊരു സൂചന പോലും അതിലില്ല. ഈ സൂക്തത്തിന്റെ മൂലപാഠത്തില്‍ ഉപയോഗിച്ചിട്ടുള്ള 'നുസുക്' എന്ന പദം ഖുര്‍ആനില്‍ മറ്റൊരിടത്ത് ബലികര്‍മം എന്ന അതേ അര്‍ഥത്തില്‍ തന്നെ പ്രയോഗിച്ചതായി കാണാം.

فَمَن كَانَ مِنكُم مَّرِيضًا أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍۚ
''നിങ്ങളില്‍ ആരെങ്കിലും രോഗിയാവുകയാണെങ്കില്‍, അല്ലെങ്കില്‍ തലയില്‍ കീടബാധമൂലം മുണ്ഡനം ചെയ്യേണ്ടിവന്നാല്‍ പകരം നോമ്പ് നോല്‍ക്കുകയോ ദാനം ചെയ്യുകയോ ബലി നല്‍കുകയോ ചെയ്യുക'' (അല്‍ബഖറ 196). ഈ ഉദാഹരണത്തില്‍നിന്ന് സൂറഃ അല്‍അന്‍ആമിലെ ഉപര്യുക്ത സൂക്തത്തിലും 'നുസുക്' എന്ന പദത്തിന് കൊടുത്ത അര്‍ഥം ബലി എന്ന് തന്നെയാണെന്ന് മനസ്സിലാകും. അപ്പോള്‍ ഈ പദത്തെ ഇബാദത്തുകള്‍ (ആരാധനകള്‍) എന്ന അര്‍ഥത്തിലെടുക്കുമ്പോഴും ബലികര്‍മത്തിന്റെ വിവക്ഷ അതില്‍ ഉള്‍പ്പെടുന്നതാണ്.
സൂറത്തുല്‍ കൗസറിലേതാണ് രണ്ടാമത്തെ സൂക്തം: فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾
 ''നിന്റെ നാഥന് വേണ്ടി നീ പ്രാര്‍ഥിക്കുകയും ബലിനല്‍കുകയും ചെയ്യുക'' (അല്‍കൗസര്‍ 2).
ഈ സൂക്തവും മക്കയില്‍ അവതരിച്ചതാണ്. ബലിയുടെ നിയമം ഹജ്ജിന് മാത്രം ബാധകമാണെന്നതിലേക്ക് ഈ സൂക്തത്തിലും യാതൊരു സൂചനയുമില്ല. നഹ്ര്‍ എന്ന പദത്തിന് ഭാഷാ ശാസ്ത്രകാരന്മാര്‍ നെഞ്ചില്‍ കൈകെട്ടുക, ഖിബ്‌ലയുടെ നേരെ തിരിയുക, പ്രഥമ സമയത്ത് നിസ്‌കാരം നിര്‍വഹിക്കുക എന്നീ അര്‍ഥങ്ങളിലും വിവരിക്കാറുണ്ട്. എന്നാല്‍, അതൊക്കെ വിദൂരാര്‍ഥങ്ങളാണ്. സാധാരണ അറബി അര്‍ഥ കല്‍പനയില്‍ ഈ വാക്കിന് ബലി ചെയ്യുക എന്ന വിവക്ഷ തന്നെയാണ് നല്‍കപ്പെടുന്നത്. 'അഹ്കാമുല്‍ ഖുര്‍ആനി'ല്‍ അല്ലാമഃ ജസ്സ്വാസ്സ് എഴുതുന്നു:
''ഇതിന് ഒട്ടകത്തെ ബലിനല്‍കുക എന്ന് അര്‍ഥം പറഞ്ഞവരുടെ അഭിപ്രായം തന്നെയാണ് ശരിയായിട്ടുള്ളത്. കാരണം, ഈ വാക്കിന്റെ യഥാര്‍ഥ വിവക്ഷ ഇതു തന്നെയാണ്.  എന്ന കേവല പദം കേള്‍ക്കുമ്പോള്‍ ഒരു അറബിയുടെ മനസ്സില്‍ ഇതല്ലാതെ മറ്റൊരു വിവക്ഷയും കടന്നു വരില്ല. ഇന്ന ആള്‍ ഇന്ന് ഒരു 'നഹ്ര്‍' നടത്തി എന്ന് ആരെങ്കിലും പറഞ്ഞാല്‍ അയാള്‍ ഇന്ന് ഒട്ടകത്തെ അറുത്തിട്ടുണ്ടെന്നാണ് എല്ലാവരും മനസ്സിലാക്കുക. അയാള്‍ വലത് കരം ഇടത് കരത്തിന്മേല്‍ ബന്ധിച്ചു എന്നല്ല (വാള്യം 3, പേ: 585).
ഇക്കാരണത്താല്‍ തന്നെ ഷാഹ് വലിയ്യുല്ലാഹ്, ഷാഹ് അബ്ദുല്‍ ഖാദിര്‍, ഷാഹ് റഫീഉദ്ദീന്‍ സാഹിബ്, മൗലാനാ മഹ്മൂദുല്‍ ഹസന്‍, മൗലാനാ അശ്‌റഫലി ഥാനവി തുടങ്ങിയ വിവര്‍ത്തകന്മാരെല്ലാം ഈ വാക്കിന് ഐകകണ്‌ഠ്യേന ബലി എന്ന അര്‍ഥം തന്നെയാണ് നല്‍കിയിട്ടുള്ളത്.

ഹദീസില്‍


ഖുര്‍ആന്‍ മജീദില്‍ വന്നിട്ടുള്ള ഈ വിധിയെ നബിതിരുമേനി എങ്ങനെയാണ് മനസ്സിലാക്കിയിരുന്നത് എന്നതാണ് ഇനി നമുക്ക് പരിശോധിക്കാനുള്ളത്. നബിതിരുമേനി ഹജ്ജില്‍ മാത്രമേ ബലി നടത്തിയിട്ടുള്ളുവോ, മദീന മുനവ്വറയില്‍ വച്ച് ബലി പെരുന്നാള്‍ ദിനത്തിലും ബലികര്‍മം നിര്‍വഹിച്ചിട്ടുണ്ടോ? ബക്രീദ് ദിനത്തില്‍ വല്ലപ്പോഴുമാണോ തിരുമേനി ബലി നിര്‍വഹിച്ചിരുന്നത്, അതോ എല്ലാ വര്‍ഷവും അത് നിര്‍വഹിക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തിയിരുന്നോ? അദ്ദേഹം വ്യക്തിഗതമായി മാത്രം നിര്‍വഹിച്ച അനുഷ്ഠാനമായിരുന്നോ അത്, അതല്ല മുസ്‌ലിംകളോടും അതിന് കല്‍പിക്കയുണ്ടായോ? ഈ വിഷയകമായി വന്നിട്ടുള്ള അവലംബനീയമായ ഹദീസുകള്‍ യാതൊരു ഏറ്റപ്പറ്റലും കൂടാതെ അപ്പടി ഉദ്ധരിക്കട്ടെ:

1. عَنِ البَرَاءِ قَالَ: قَالَ النَّبِيُّ ﷺ: إِنَّ أَوَّلَ مَا نَبْدَأُ بِهِ فِي يَوْمِنَا هَذَا أَنْ نُصَلِّيَ، ثُمَّ نَرْجِعَ فَنَنْحَرَ، مَنْ فَعَلَهُ فَقَدْ أَصَابَ سُنَّتَنَا، وَمَنْ ذَبَحَ قَبْلُ فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ، لَيْسَ مِنَ النُّسُكِ فِي شَيْءٍ
2. وَفي رِواية من ذبح بعد الصلوة تمّ نسكه وأصاب سنة المسلمين (البخاري كتاب الاضاحي)
'ബര്‍റാഉബ്‌നു ആസിബില്‍ നിന്ന്, നബി(സ)പറഞ്ഞതായി: നമ്മുടെ ഇന്നേ ദിവസം ആദ്യമായി നാം നിര്‍വഹിക്കുന്ന കര്‍മം നിസ്‌കാരമാകുന്നു. പിന്നീട് നിസ്‌കാര സ്ഥലത്ത്‌നിന്ന് മടങ്ങി ബലിനടത്തുന്നു. ആര്‍ ഇപ്രകാരം നിര്‍വഹിക്കുന്നുവോ അവര്‍ നമ്മുടെ ശരിയായ രീതിയനുസരിച്ചു പ്രവര്‍ത്തിച്ചു. ആര്‍ നിസ്‌കാരത്തിന് മുമ്പ് ബലിനടത്തിയോ അവര്‍ നിര്‍വഹിച്ചത് ബലിയല്ല; പ്രത്യുത സ്വന്തം വീട്ടുകാര്‍ക്ക് മാംസം തയാറാക്കുകയാണ് ചെയ്തത്.''

മറ്റൊരു റിപ്പോര്‍ട്ടില്‍ ഉള്ളത് ഇങ്ങനെയാണ്:
''ആര്‍ നിസ്‌കാരാനന്തരം ബലി നടത്തിയോ, അയാളുടെ ബലി പൂര്‍ണത നേടി. അവര്‍ മുസ്‌ലിംകളുടെ നടപടിക്രമം പാലിച്ചു'' (ബുഖാരി- കിതാബുല്‍ അദാഹീ)
ഈ റിപ്പോര്‍ട്ട് ബക്രീദുമായി ബന്ധപ്പെട്ടതാണെന്ന് വ്യക്തം. അതിന് ഹജ്ജുമായി യാതൊരു ബന്ധവുമില്ല. എന്തുകൊണ്ടെന്നാല്‍ ആദ്യം ബലി നടത്തുന്നത് മുസ്‌ലിംകളുടെ നടപടി (സുന്നത്ത്)ക്ക് വിരുദ്ധവും ശേഷം ബലി നല്‍കുന്നത് മുസ്‌ലിംകളുടെ നടപടിയുമായി പൊരുത്തപ്പെടുന്നതുമായ സവിശേഷമായൊരു നിസ്‌കാരം ഹജ്ജിലില്ല.

3. قال يحيى بن سعيد سمعت أبا أمامة بن سهل قال كنا نسمن الأضحية بالمدينة وكان المسلمون يسمنون (البخاري- كتاب الأضاحي)

'അബൂ ഉമാമ ഇബ്‌നു സഹല്‍ അന്‍സ്വാരിയില്‍നിന്ന് കേട്ടതായി യഹ്‌യബ്‌നു സഈദ് പറയുന്നു: അബൂ ഉമാമ പറഞ്ഞു: ''ഞങ്ങള്‍ മദീനയില്‍ ബലി മൃഗങ്ങളെ നന്നായി തീറ്റിപ്പോറ്റി തടിപ്പിക്കാറുണ്ടായിരുന്നു. സാധാരണ മുസ്‌ലിംകളും അങ്ങനെ തടിപ്പിക്കാറുണ്ടായിരുന്നു'' (ബുഖാരി- കിതാബുല്‍ അദാഹീ)

4. عن أنس بن مالك رضي الله عنه قال كان النبي صلى الله عليه وسلم يضحي بكبشين وأنا أضحي بكبشين (بخاري - كتاب الأضاحي)

നബി തിരുമേനിയുടെ സേവകനായ അനസ് പറയുന്നു: ''നബി തിരുമേനി രണ്ട് ആടുകളെ ബലി നടത്തിയിരുന്നു. ഞാനും രണ്ട് ആടുകളെ ബലിനടത്തി'' (ബുഖാരി- കിതാബുല്‍ അദാഹീ)

5. عن عائشة رضي الله عنها قالت: الأضحية كنا نملح منه فنقدم به إلى النبي صلى الله عليه وسلم بالمدينة (البخاري - كتاب الأضاحي)

'ഹസ്‌റത്ത് ആഇശ പറയുന്നു: ''ഞങ്ങള്‍ ബലി മാംസം ഉപ്പുപുരട്ടി, എന്നിട്ട് നബിക്ക് സമര്‍പ്പിക്കാറുണ്ടായിരുന്നു'' (ബുഖാരി- കിതാബുല്‍ അദാഹീ).

6. عن أبي عبيد مولى ابن الزبير أنه شهد العيد يوم الأضحى مع عمر بن الخطاب رضي الله عنه فصلى قبل الخطبة ثم خطب الناس فقال يا أيها الناس إن رسول الله صلى الله عليه وسلم قد نهاكم عن صيام هذين العيدين أما أحدهما فيوم فطركم من صيامكم وأما الآخر فيوم تأكلون من نسككم (البخاري-كتاب الأضاحي)

ഇബ്‌നു സുബൈറിന്റെ മൗലാ അബൂഉബൈദില്‍നിന്ന്. ''അദ്ദേഹം ബക്രീദ് നാളില്‍ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ കൂടെ നിസ്‌കാരം നിര്‍വഹിച്ചു. അദ്ദേഹം ആദ്യം നിസ്‌കരിക്കുകയും തുടര്‍ന്ന് പ്രഭാഷണം നടത്തുകയും ചെയ്തു. പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ജനങ്ങളേ, നബിതിരുമേനി ഈ രണ്ട് പെരുന്നാള്‍ ദിനങ്ങളിലും നോമ്പ് നോല്‍ക്കുന്നത് നിങ്ങള്‍ക്ക് വിലക്കിയിരിക്കുന്നു. അതിലൊന്ന് നിങ്ങളുടെ നോമ്പവസാനിക്കുന്നതിനോടനുബന്ധിച്ചുള്ള പെരുന്നാളാകുന്നു. എന്നാല്‍, മറ്റേ ഈദ് നിങ്ങള്‍ ബലിമാംസം തിന്നുന്ന ദിനമാണ്'' (ബുഖാരി- കിതാബുല്‍ അദാഹീ).
ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഹജ്ജില്‍ ബക്രീദ് നിസ്‌കാരം എന്ന ഒരു നിസ്‌കാരമേ ഇല്ല. അതിനാല്‍, ഉമറിന്റെ ഈ പ്രസംഗം തീര്‍ച്ചയായും മദീനയില്‍ നടന്നതാണ്.
അദ്ദേഹം പരാമര്‍ശിച്ച ബക്രീദിലെ ബലിയുടെ ബന്ധം മക്കക്ക് പുറത്തുള്ള പ്രദേശങ്ങളുമായിട്ടാണ്.

7. قال ابو الزبير أنه سمع جابر بن عبد الله يقول صلى بنا رسول الله صلى الله عليه وسلم يوم النحر بالمدينة فتقدم رجال فنحروا وظنوا أن النبي صلى الله عليه وسلم قد نحر فأمر النبي صلى الله عليه وسلم من كان نحر قبله أن يعيد بنحر آخر ولا ينحروا حتى ينحر النبي صلى الله عليه وسلم (مسلم- باب وقت الاضحية)

ജാബിറുബ്‌നു അബ്ദില്ലാ പറയുന്നത് താന്‍ കേട്ടതായി അബുസ്സുബൈര്‍ പറയുന്നു: ''നബിതിരുമേനി ബലിദിനം മദീനയില്‍ വച്ച് ഞങ്ങളെയും കൂട്ടി നിസ്‌കരിച്ചു. അപ്പോള്‍ നബി ബലിനിര്‍വഹിച്ചിട്ടുണ്ടെന്ന് ധരിച്ച് ചില ആളുകള്‍ മുന്നോട്ടു വന്ന് ബലി നടത്തി. അപ്പോള്‍, തനിക്ക് മുമ്പ് ബലി നടത്തിയവര്‍ മറ്റൊരു ബലി കൂടി നടത്താന്‍ കല്‍പിക്കുകയും താന്‍ ബലിനടത്തുന്നത് വരെ ആരും ബലി നടത്തരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തു.''

8. عَن جَابر قَال: صلَّيتُ مع رسولِ اللهِ عيد الأضحَى، فلمَّا انصرف أتى بكبشٍ فذبَحهُ، فقال: بسمِ اللهِ واللهُ أكبرُ، اللَّهمَّ هذا عنِّي وعمَّن لم يُضحِّ مِن أُمَّتي (مسند أحمد، أبودود، ترمذي)

ജാബിറുബ്‌നു അബ്ദില്ലാഹില്‍നിന്ന്. അദ്ദേഹം പറഞ്ഞു: ''ഞാന്‍ നബിയോടൊപ്പം ബലിപെരുന്നാള്‍ നിസ്‌കരിച്ചു. അദ്ദേഹം നിസ്‌കാരത്തില്‍നിന്ന് വിരമിച്ചപ്പോള്‍ ഒരാള്‍ അവിടെ ഒരാടിനെ കൊണ്ടുവന്നു. 'ബിസ്മില്ലാഹി, അല്ലാഹു അക്ബര്‍' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം അതിനെ അറുത്തു. അദ്ദേഹം പറഞ്ഞു: അല്ലാഹുവേ ഇത് എനിക്ക് വേണ്ടിയും അറുക്കാന്‍ കഴിയാത്ത എന്റെ സമുദായത്തില്‍പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ്'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി).

9. عن علي بن الحسين عن أبي رافع أن رسول الله صلى الله عليه وسلم كان إذا ضحى اشترى كبشين سمينين أقرنين أملحين فإذا صلى وخطب الناس أتي بأحدهما وهو قائم في الصلاة فذبحه بنفسه بالمدينة (مسند أحمد)

അബൂറാഫിഇല്‍നിന്ന് അലി ഇബ്‌നു ഹുസൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു: ''ബലിപെരുന്നാളിനോടനുബന്ധിച്ച് നബി തടിച്ചുകൊഴുത്ത, കൊമ്പുള്ള, കറുപ്പും വെളുപ്പും കലര്‍ന്ന രണ്ട് ആടുകളെ വാങ്ങി. അദ്ദേഹം നിസ്‌കാരത്തില്‍നിന്നും ഖുത്വ്ബയില്‍നിന്നും വിരമിച്ചപ്പോള്‍ മദീനയില്‍ ഈദ്ഗാഹില്‍ നിന്ന് കൊണ്ടു തന്നെ അവയിലൊന്നിനെ അറുത്തു.''

10. عن ابى هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم: من وجد سعة فلم يضح فلا يقربن مصلانا (مسند أحمد، ابن ماجه)

അബൂഹുറയ്‌റയില്‍നിന്ന്. നബി പറഞ്ഞതായി അദ്ദേഹം പറഞ്ഞു: ''കഴിവുണ്ടായിട്ടും ബലിചെയ്യാത്തവന്‍ നമ്മുടെ ഈദ് ഗാഹില്‍ വരേണ്ടതില്ല'' (അഹ്മദ്, ഇബ്‌നു മാജ).

11. عن ابن عمر قال: قام رسول الله صلى الله عليه وسلم بالمدينة عشر سنين يضحي (ترمذي)

ഇബ്‌നു ഉമറില്‍നിന്ന്: ''നബിതിരുമേനി ബലികര്‍മം നിര്‍വഹിച്ചുകൊണ്ട് പത്ത് വര്‍ഷം മദീനയില്‍ വസിക്കുകയുണ്ടായി'' (തിര്‍മിദി).
വ്യത്യസ്ത സഹാബികളില്‍നിന്നുള്ള ഈ പതിനൊന്ന് റിപ്പോര്‍ട്ടുകളും 'സിഹാഹുസ്സിത്ത' എന്നറിയപ്പെടുന്ന അവലംബനീയമായ ആറ് ഹദീസ് ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതാണ്. ബലി ഹജ്ജ് തീര്‍ഥാടകര്‍ക്ക് മാത്രമായുള്ളതല്ലെന്നും കഴിവുള്ള ഏവരും അവരവരുടെ സ്ഥലത്ത് വച്ച് ബലിപെരുന്നാളില്‍ നിര്‍വഹിക്കേണ്ടതാണെന്നുമാണ് ഖുര്‍ആനിലെ പരാമൃഷ്ട വിധികളില്‍നിന്ന് നബിതിരുമേനി മനസ്സിലാക്കിയിട്ടുള്ളതെന്ന് ഇതില്‍നിന്ന് തെളിയുന്നു. നബി സ്വയം പ്രവര്‍ത്തിച്ചിട്ടുള്ളതും ഇതര മുസ്‌ലിംകളോട് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതും ഇസ്‌ലാമിലെ സുന്നത്ത് അഥവാ നടപടിക്രമമായി മുസ്‌ലിംകളില്‍ നടന്നു വരുന്നതുമാണിത്. 
(വിവ: വി.എ.കെ)
(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌