Prabodhanm Weekly

Pages

Search

2012 മെയ് 26

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുമ്പോള്‍

ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കുമ്പോള്‍

ഇന്ത്യാ ഗവണ്‍മെന്റിന്റെ ഹജ്ജ് നയം സംബന്ധിച്ച് മെയ് 8-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ പ്രാധാന്യമുള്ളതാണ്. ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന സബ്സിഡി പത്തുകൊല്ലത്തിനകം നിര്‍ത്തലാക്കണമെന്നും ആ തുക മുസ്ലിം സമുദായത്തിന്റെ സാമൂഹിക- വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്നുമുള്ള ഉത്തരവാണ് അതില്‍ ഏറെ ശ്രദ്ധേയം. ചില കേന്ദ്രങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സമുദായം പൊതുവില്‍ സ്വാഗതം ചെയ്തിരിക്കുകയാണീ വിധിയെ. സാമ്പത്തികശേഷിയും ശാരീരികക്ഷമതയും യാത്രാ സൌകര്യവും ഉള്ളവര്‍ക്കേ ശരീഅത്ത് ഹജ്ജ് നിര്‍ബന്ധമാക്കിയിട്ടുള്ളൂ. പരസഹായത്തോടെ ഹജ്ജ് ചെയ്യാന്‍ ആരോടും കല്‍പിച്ചിട്ടില്ല. ഇതാണ് സബ്സിഡി നിഷേധത്തെ സ്വാഗതം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഹജ്ജ് സബ്സിഡി ഹജ്ജ്യാത്രികര്‍ക്ക് ആശ്വാസമാണെങ്കിലും സമുദായത്തിന് ഭാരമാകുന്നു എന്നതാണ് മറ്റൊരു കാരണം. ശുദ്ധ മതചടങ്ങായ ഹജ്ജിനുവേണ്ടി മുസ്ലിംകള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ശതകോടികള്‍ ചോര്‍ത്തുന്നുവെന്നും അത് ഭരണഘടനക്കും മതേതരത്വത്തിനും വിരുദ്ധമാണെന്നും ഏറെ കാലമായി തല്‍പര കക്ഷികള്‍ പ്രചരിപ്പിച്ചുവരുന്നു. ഇതര സമുദായങ്ങളില്‍ മുസ്ലിംവിരുദ്ധ മനോഭാവം വളരാന്‍ അതു കാരണമാകുന്നുമുണ്ട്. സബ്സിഡി പടിപടിയായി നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി, അത് ഭരണഘടനക്കോ സെക്യുലരിസത്തിനോ വിരുദ്ധമായതുകൊണ്ടല്ലെന്നും അമര്‍നാഥ് തീര്‍ഥാടനം, കുംഭമേള തുടങ്ങിയ മതചടങ്ങുകള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുള്ള സൌകര്യമൊരുക്കിക്കൊടുക്കുന്നതുപോലെ ഭരണഘടനാ വിധേയം തന്നെയാണെന്നും ഹജ്ജ് സബ്സിഡി ഖുര്‍ആനിന് നിരക്കാത്തതുകൊണ്ടാണ് അവസാനിപ്പിക്കാനാവശ്യപ്പെടുന്നതെന്നും വ്യക്തമാക്കിയത് ഉചിതമായി. സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്ന് ഹാജിമാര്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന മട്ടിലാണ് ഹജ്ജ് സബ്സിഡിയെക്കുറിച്ചുള്ള പ്രചാരണം. മുസ്ലിംകള്‍ക്ക് സര്‍ക്കാര്‍ ഒന്നും കൊടുക്കുന്നില്ല എന്നതാണ് വാസ്തവം. ന്യായമായ യാത്രാകൂലിയും താമസത്തിനുള്‍പ്പെടെയുള്ള മറ്റു ചെലവുകളും ഹജ്ജ് കമ്മിറ്റി ഹാജിമാരില്‍നിന്ന് ഈടാക്കുന്നുണ്ട്. ഹജ്ജ് സീസണില്‍ എയര്‍ ഇന്ത്യ കഴുത്തറുപ്പന്‍ ചാര്‍ജ് വര്‍ധന നടപ്പാക്കുന്നു. ഈ കൊടും ചൂഷണത്തില്‍നിന്ന് ഹജ്ജ് യാത്രികരെ ഒഴിവാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് ആ കുറവ് നികത്താനെന്ന പേരില്‍, നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന എയര്‍ ഇന്ത്യക്ക് ശതകോടികള്‍ കൈമാറുകയും ചെയ്യുന്നു. ഹാജിമാരെ കൊണ്ടുപോവുകയും കൊണ്ടുവരികയും ചെയ്യുന്നത് സുഊദി എയര്‍ലൈന്‍സായാലും എയര്‍ ഇന്ത്യക്ക് 'നഷ്ടപരിഹാരം' കിട്ടുന്നു. യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ അതിന്റെ ഒരു പോക്കറ്റില്‍നിന്ന് മറ്റേ പോക്കറ്റിലേക്ക് മാറ്റിവെക്കുന്ന പണമാണീ കൊട്ടിഘോഷിക്കപ്പെടുന്ന ഹജ്ജ് സബ്സിഡി. സാധാരണ ടിക്കറ്റ് നിരക്കും ഹജ്ജ് സീസണ്‍ ടിക്കറ്റ് നിരക്കും തമ്മിലുള്ള അന്തരം നികത്തുന്നതിന് സര്‍ക്കാറിന്റെ വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൊടുക്കേണ്ട സംഖ്യയും ഹജ്ജ് സബ്സിഡിയായി ചെലവഴിച്ചതായി പറയുന്ന സംഖ്യയും തമ്മില്‍ വലിയ അന്തരമുണ്ട്. ഉദാഹരണത്തിന് 2010-ലും 2011-ലും ഹജ്ജ് കമ്മിറ്റി മുഖേന യാത്ര ചെയ്ത ഹാജിമാരുടെ എണ്ണം യഥാക്രമം 125850ഉം 125000ഉം ആയിരുന്നു. 16000 രൂപയായിരുന്നു ഈ വര്‍ഷങ്ങളില്‍ സാധാരണ ടിക്കറ്റ് നിരക്ക്. സീസണ്‍ സ്പെഷല്‍ നിരക്ക് യഥാക്രമം 47675ഉം 54800ഉം. ഈ വര്‍ഷങ്ങളില്‍ ഓരോ ടിക്കറ്റിനും നല്‍കേണ്ട സബ്സിഡി 31675ഉം 38800 രൂപയുമായിരുന്നു. ഇതനുസരിച്ച് 2010-ല്‍ 398 കോടിയും 2011-ല്‍ 485 കോടിയുമാണ് മൊത്തം സബ്സിഡി. പക്ഷേ 2010-ല്‍ 600 കോടിയും 2011-ല്‍ 685 കോടിയും സബ്സിഡി ഇനത്തില്‍ ചെലവായെന്നാണ് കണക്ക്. രണ്ടു വര്‍ഷങ്ങളിലും 202 കോടി വീതം അധികം. ഈ തുക എവിടെ എങ്ങനെ ചെലവായി? സംഭവത്തില്‍ ഗുരുതരമായ അഴിമതികള്‍ നടമാടുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. പണം ചോരുന്ന വഴികളിലൊന്നാണ് പ്രധാനമന്ത്രിയുടെ സൌഹൃദ സംഘമെന്ന പേരില്‍ രാഷ്ട്രീയ വി.ഐ.പികള്‍ നടത്തുന്ന സൌജന്യ പഞ്ചനക്ഷത്ര ഹജ്ജ്. ഓരോ വര്‍ഷവും മുപ്പതിലധികം പേരാണ് ഇങ്ങനെ ഹജ്ജ് ടൂര്‍ നടത്തുന്നത്. ഒരേ നേതാക്കള്‍ പലവട്ടം ഹജ്ജ് ചെയ്ത് പുണ്യം വാരിക്കൂട്ടുന്നു! ഒരൊറ്റ നേതൃ കുടുംബത്തില്‍ നിന്നുതന്നെ മൂന്നു പേര്‍ വരെ സൌഹൃദ സംഘത്തില്‍ കയറിപ്പറ്റി സൌജന്യ ഹജ്ജ് തരപ്പെടുത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ സുഖസൌകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള കലശലായ മോഹം കൊണ്ടാണത്രെ ഇവരൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് തീര്‍ഥാടനം നടത്തുന്നത്. ഹാജിമാരുടെ കാര്യം നോക്കാന്‍ സുഊദിയില്‍ ഇന്ത്യന്‍ എംബസിയും ഉദ്യോഗസ്ഥരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി സൌഹൃദ ഹജ്ജ് സംഘത്തിന്റെ എണ്ണം തല്‍ക്കാലം നാലോ അഞ്ചോ ആയി കുറക്കാനും കാലക്രമത്തില്‍ പൂര്‍ണമായി നിര്‍ത്തലാക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഹജ്ജ് തീര്‍ഥാടനത്തെ കേവലം കച്ചവടമായി കാണുന്ന ടൂര്‍ ഓപ്പറേറ്റര്‍മാരെയും കോടതി വിമര്‍ശിച്ചിരിക്കുന്നു. ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ഹജ്ജിന് അവസരം നല്‍കൂ എന്ന സര്‍ക്കാറിന്റെ പുതിയ നയവും കോടതി ഇടപെടലിന്റെ ഫലമാണ്. സബ്സിഡി നിര്‍ത്തലാക്കണമെന്ന കോടതിവിധിയുടെ ഫലം ഹജ്ജ് തീര്‍ഥാടകരെ വിമാനക്കമ്പനികളുടെയും ട്രാവല്‍ ഏജന്‍സികളുടെയും ചൂഷണത്തിനെറിഞ്ഞുകൊടുക്കലായിക്കൂടാ. ദൈവഭക്തിയാല്‍ പ്രചോദിതരായി ആത്മസംസ്കരണാര്‍ഥം സഞ്ചരിക്കുന്ന ഹജ്ജ് തീര്‍ഥാടകര്‍ വ്യാപാര യാത്രികരോടും വിനോദ സഞ്ചാരികളോടുമുള്ളതില്‍ നിന്ന് വ്യത്യസ്തമായ സമീപനം തീര്‍ച്ചയായും സര്‍ക്കാറില്‍നിന്ന് അര്‍ഹിക്കുന്നുണ്ട്. പൌരസഞ്ചയങ്ങളുടെ വിശ്വാസാചാരങ്ങള്‍ അനായാസം അനുഷ്ഠിക്കാന്‍ അവസരം നല്‍കേണ്ടത് ജനാധിപത്യ ഗവണ്‍മെന്റിന്റെ കടമയാണ്. ഹജ്ജ് യാത്രക്കുണ്ടായിരുന്ന ചെലവ് കുറഞ്ഞ കപ്പല്‍ സൌകര്യം സര്‍ക്കാര്‍ നിര്‍ത്തല്‍ ചെയ്തപ്പോള്‍ ഒരു കോമ്പന്‍സേഷന്‍ എന്ന നിലയിലാണ് വിമാനയാത്രക്ക് സബ്സിഡി ഏര്‍പ്പെടുത്തിയതെന്നോര്‍ക്കണം. സബ്സിഡി നിര്‍ത്തല്‍ ചെയ്യുമ്പോള്‍ കപ്പല്‍ സൌകര്യം പുനഃസ്ഥാപിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ വിമാന ടിക്കറ്റ് നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച്, ഏറ്റവും കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്താന്‍ തയാറുള്ള വിമാനക്കമ്പനികളെ ഗ്ളോബല്‍ ടെണ്ടറിലൂടെ കണ്ടെത്തി കോണ്‍ട്രാക്ട് കൊടുക്കാന്‍ ഹജ്ജ് കമ്മിറ്റിയെ അനുവദിക്കുകയെങ്കിലും വേണം. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യാതിരിക്കുന്നത് ന്യായം തന്നെ. പക്ഷേ, ചെലവു കുറഞ്ഞ ഗതാഗത സൌകര്യം നിഷേധിച്ചും ചെലവേറിയ വാഹനം അടിച്ചേല്‍പിച്ചും തീര്‍ഥാടകരെ ചൂഷണത്തിനു വിട്ടുകൊടുത്തും, സാമാന്യമായ സാമ്പത്തിക സൌകര്യമുള്ളവര്‍ക്ക് ഹജ്ജ് യാത്ര ദുസ്സാധ്യമാക്കുന്നത് കടുത്ത അന്യായവും ജനദ്രോഹവുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം