Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

'മിന്നല്‍' വലിയ്യുകളും 'ഇടിവെട്ട്' കറാമത്തുകളും അരങ്ങു വാഴുമ്പോള്‍

ഡോ. അബ്ദുല്‍ വാസിഅ്

'സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും തിരുദൂതരെ (സ) അനുധാവനം ചെയ്യാത്ത വിടുവായനെയോ, മൂഢനെയോ അല്ലാഹുവിന്റെ വലിയ്യാണെന്ന് വിശ്വസിക്കുകയും, പ്രവാചക സരണി അനുധാവനം ചെയ്യുന്നവരെക്കാള്‍ ശ്രേഷ്ഠത അയാള്‍ക്ക് കല്‍പിക്കുകയും ചെയ്യുന്നവന്‍ വഴിപിഴച്ചവനും ബിദഇയും അഖീദ പിഴച്ചവനുമാണ്. വിഢ്ഡിയായ ആ മനുഷ്യന്‍ ദൈവനിഷേധിയായ പിശാചോ, കുതന്ത്രശാലിയോ, ഇളവുകളുള്ള ഭ്രാന്തനോ ആയിരിക്കും. എന്നിരിക്കെ, അല്ലാഹുവിന്റെ ദൂതനെ പിന്‍പറ്റുന്ന വലിയ്യുകള്‍ക്ക് തുല്യമായ / അതിനെക്കാള്‍ വലിയ ശ്രേഷ്ഠത അയാള്‍ക്കെങ്ങനെ ലഭിക്കാനാണ്? ഇയാള്‍ പുറമേക്ക് പ്രവാചക മാര്‍ഗം ഉപേക്ഷിക്കുന്നയാളാണെങ്കിലും, അകത്ത് അതിനെ പിന്തുടരുന്നുണ്ടെന്നും പറയാവതല്ല. കാരണം, തിരുദൂതരെ ബാഹ്യമായും രഹസ്യമായും അനുധാവനം ചെയ്യല്‍ നിര്‍ബന്ധ ബാധ്യതയാണ്. യൂനുസ് ഇബ്‌നു അബ്ദില്‍ അഅ്ലാ അസ്സ്വദഫി പറഞ്ഞു: ഞാന്‍ ഇമാം ശാഫിഈ(റ)യോട് പറഞ്ഞു: 'നമ്മുടെ സതീര്‍ഥ്യന്‍ ഇമാം ലൈസ്, 'ഒരാള്‍ വെള്ളത്തിന് മീതെ നടക്കുന്നത് കണ്ടാല്‍ പോലും ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി പരിശോധിക്കാതെ അദ്ദേഹത്തെ നിങ്ങള്‍ പരിഗണിക്കരുത്' എന്ന് പറയാറുണ്ടായിരുന്നു. ഇത് കേട്ട ഇമാം ശാഫിഈ (റ) പറഞ്ഞുവത്രെ: 'ലൈസ് (റ) പറഞ്ഞത് അല്‍പം കുറഞ്ഞുപോയിരിക്കുന്നു. ഒരാള്‍ വെള്ളത്തിന് മീതെ നടക്കുന്നതായും വായുവില്‍ പറക്കുന്നതായും നിങ്ങള്‍ കണ്ടാല്‍ പോലും, ഖുര്‍ആനും സുന്നത്തും മുന്‍നിര്‍ത്തി വിലയിരുത്താതെ നിങ്ങളദ്ദേഹത്തെ പരിഗണിക്കരുത് എന്നാണ് അദ്ദേഹം പറയേണ്ടിയിരുന്നത്.'
ഇടിയും മഴയും ഗോളങ്ങളുമെല്ലാം കൈവെള്ളയിലിട്ട് അമ്മാനമാടുന്ന 'മിന്നല്‍ വലിയ്യുക'ളും 'ഇടിവെട്ട് കറാമത്തു'കളും അരങ്ങുതകര്‍ക്കുന്ന കാലത്ത് വളരെ പ്രസക്തമാണ്, മഹാനായ ഇബ്നു അബില്‍ ഇസ്സ് തന്റെ 'ശറഹുല്‍ അഖീദതുത്ത്വഹാവിയ്യ'യില്‍ രേഖപ്പെടുത്തിയ മേല്‍ വരികള്‍. അരവട്ടും മുഴുവട്ടുമൊന്നും വിലായത്തിന്റെ യോഗ്യതയല്ലെന്ന് പച്ചയായി പറഞ്ഞതിന് ശേഷം അത്ഭുതങ്ങള്‍ വാരിവിതറുന്നതല്ല, മറിച്ച് ഖുര്‍ആനും സുന്നത്തും അനുധാവനം ചെയ്യുന്നതാണ് വലിയ്യിന്റെ അടിസ്ഥാന യോഗ്യതയെന്ന് ഇമാം ശാഫിഈ(റ)യെ ഉദ്ധരിച്ച് അദ്ദേഹം സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
വലിയ്യുകള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് അസാധാരണ അര്‍ഥത്തിലുള്ള സഹായങ്ങള്‍ (കറാമത്ത്) ഉണ്ടാവുമെന്നത് അഹ്‌ലുസ്സുന്നഃ വല്‍ ജമാഅത്ത് അംഗീകരിക്കുന്ന വീക്ഷണമാണ്. 'കറാമാത്തുല്‍ ഔലിയാഇ ഹഖ്ഖുന്‍', അഥവാ 'വലിയ്യുകളുടെ കറാമത്ത് യാഥാര്‍ഥ്യമാണ്' എന്നത് അഖീദാ ഗ്രന്ഥങ്ങളിലെ (ശറഹ് ബിദഇല്‍ അമാലി, പേജ് 287, ശറഹുല്‍ അഖാഇദ്) ഒരു പരിചിത പ്രയോഗമാണ്. വലിയ്യുകളുടെ പ്രാര്‍ഥനക്ക് അല്ലാഹു അസാധാരണമായി ഉത്തരം നല്‍കുമെന്നും, ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്നും ഇമാം റാസി (അല്‍ഇശാറതു ഫീ ഉസ്വൂലില്‍ കലാം, പേജ് 287) വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ഇമാം അല്‍ആമുദി, അല്‍മുതവല്ലി തുടങ്ങിയ ശാഫിഈ പണ്ഡിതന്മാരും പരാമര്‍ശിക്കുന്നുണ്ട്. മര്‍യം ബീവിക്ക് മിഹ്റാബില്‍ ഭക്ഷണമെത്തിയത്, സുലൈമാന്‍ പ്രവാചകന്റെ സദസ്സിലെ വേദപണ്ഡിതന്‍ ബല്‍ഖീസിന്റെ സിംഹാസനം കൊണ്ടുവന്നത്, ഭക്ഷണവും വെള്ളവുമില്ലാതെ ഗുഹാവാസികളെ വര്‍ഷങ്ങളോളം ഉറക്കിക്കിടത്തിയത് തുടങ്ങിയവ കുറിക്കുന്ന ഖുര്‍ആനിക വചനങ്ങളും, സ്വഹാബാക്കളുടെ കറാമത്തുകള്‍ വിശദീകരിക്കുന്ന സ്വഹീഹായ ഹദീസുകളും മേല്‍പറഞ്ഞതിന് തെളിവാണ്.
അതേസമയം അത്ഭുത പ്രകടനങ്ങളെ വിലായത്തിന്റെ അനിവാര്യതയായി പ്രമാണങ്ങള്‍ പരിചയപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അത്ഭുതങ്ങള്‍ കാണിക്കുന്നവരൊക്കെയും വലിയ്യുകളാണെന്നോ, അത്ഭുതങ്ങള്‍ വെളിപ്പെടാത്തവര്‍ വലിയ്യുകളല്ലെന്നോ അഹ്ലുസ്സുന്നഃ വല്‍ജമാഅത്തിനും അഭിപ്രായമില്ല. തിരുദൂതരോട് (സ), പ്രവാചകത്വം അംഗീകരിക്കണമെങ്കില്‍ അത്ഭുത സിദ്ധികള്‍ പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട മക്കാ മുശ്രിക്കുകളെ വിമര്‍ശിക്കുകയാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത് (അല്‍ഇസ്റാഅ് 90-93). അതിനാലായിരിക്കണം മനുഷ്യരില്‍ ശ്രേഷ്ഠനായ മുഹമ്മദ് (സ) തന്റെ ജീവിതത്തിലുടനീളം സാധാരണ ജീവിതം നയിക്കാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന് അവതീര്‍ണമായ മുഅ്ജിസത്ത് പോലും ഭൗതികമായ അര്‍ഥത്തിലുള്ള അത്ഭുതമായിരുന്നില്ല.
ചുരുക്കത്തില്‍, അത്ഭുത സിദ്ധികള്‍ വിലായത്തിന്റെ ഉപാധിയേയല്ല. കൂടുതല്‍ അത്ഭുതങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ അടുത്ത് കൂടുതല്‍ ഉയര്‍ന്ന സ്ഥാനമുണ്ടെന്ന് കുറിക്കുന്ന ഒരു പ്രമാണവുമില്ല. മാത്രവുമല്ല കറാമത്തുകളെ തേടിയല്ല, ദൈവിക മാര്‍ഗത്തിലെ ഇസ്തിഖാമത്ത്, അഥവാ സുസ്ഥിരത അന്വേഷിച്ചാണ് വിശ്വാസി ജീവിക്കേണ്ടത്. കറാമത്തിന്റെ മാനദണ്ഡം ഹൃദയത്തിലെ ഈമാന്‍ ആണെന്നിരിക്കെ, അത് തേടിയലയുന്നതോ അതിനു വേണ്ടി ഭൗതിക വിരക്തി പുലര്‍ത്തുന്നതോ ഉചിതവുമല്ല.
അതിനാലാണ് വെള്ളത്തില്‍ നടക്കുന്നതോ, ആകാശത്ത് പറക്കുന്നതോ വിലായത്തിന് മാനദണ്ഡമല്ലെന്ന് ഇമാം ശാഫിഈ (റ) പറഞ്ഞുവെച്ചത്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും മുന്‍നിര്‍ത്തി മാത്രമേ വലിയ്യിനെ വിലയിരുത്താവൂ എന്ന ഇമാം അവര്‍കളുടെ നിര്‍ദേശം തുണിയുടുക്കാത്ത വലിയ്യിനെയും, നമസ്‌കരിക്കാത്ത വലിയ്യിനെയുമെല്ലാം പടിക്ക് പുറത്ത് നിര്‍ത്തുമെന്നതില്‍ സംശയമേയില്ല. ഇമാം ഇബ്നു ഹജറില്‍ അസ്ഖലാനി (റ) കുറിക്കുന്നു: 'അസാധാരണ സംഭവങ്ങള്‍ കറാമത്ത് വഴി സത്യസന്ധന് - സ്വിദ്ദീഖ് - സംഭവിക്കുന്നത് പോലെ, തട്ടിപ്പ് വഴി ദൈവ നിഷേധിക്കും സംഭവിച്ചേക്കാവുന്നതാണ്. അവ രണ്ടിനുമിടയിലെ വ്യത്യാസം ഖുര്‍ആനും സുന്നത്തും അനുധാവനം ചെയ്യുക എന്നതാകുന്നു' (ഫത്ഹുല്‍ ബാരി, ഭാ:12, പേ: 385). ഇതു സംബന്ധിച്ച ഇമാം അല്‍മാസിരിയുടെ വചനവും ഇബ്‌നു ഹജര്‍ (റ) തന്റെ ഫത്ഹുല്‍ ബാരിയില്‍ ഉദ്ധരിക്കുന്നുണ്ട്: 'അത്ഭുത സിദ്ധി വെളിപ്പെട്ട വ്യക്തിയെ വിലയിരുത്തുകയാണ് വേണ്ടത്. ശരീഅത്ത് മുറുകെ പിടിക്കുകയും, വന്‍പാപങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍, അദ്ദേഹത്തില്‍ നിന്നുണ്ടാകുന്ന അത്ഭുത സിദ്ധികള്‍ കറാമത്താണ്. അല്ലാത്ത പക്ഷം അത് സിഹ്റ്, അഥവാ മാരണമാണ്. പിശാചിന്റെ സഹായം പോലുള്ള സിഹ്റിന്റെ ഒരിനത്തില്‍ പെട്ടതാണത്' (ഫത്ഹുല്‍ ബാരി, ഭാ: 10, പേ: 223).
ഇക്കാര്യം ഇമാം ശാത്വിബി (റ) വിവരിക്കുന്നത് ഇപ്രകാരമാണ്: 'ഇതുവരെ സംഭവിച്ചതും, ഖിയാമത്ത് വരെ സംഭവിക്കാനിരിക്കുന്നതുമായ എല്ലാ അസാധാരണ പ്രവര്‍ത്തനങ്ങളും ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തി മാത്രമേ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാവൂ. ശരീഅത്തില്‍ വകുപ്പുള്ളതാണെങ്കില്‍ അത് സ്വീകാര്യവും, അല്ലാത്തവ തള്ളപ്പെടേണ്ടവയുമാണ്. എന്നാല്‍, പ്രവാചകന്മാര്‍ വഴി പ്രകടമാവുന്ന മുഅ്ജിസത്തുകള്‍ക്ക് ഇത് ബാധകമല്ല. അവ പുനഃപരിശോധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് സത്യസന്ധമാണെന്നത് ഖണ്ഡിതവുമാണ്' (അല്‍മുവാഫഖാത്ത്, പേ: 481,482).
മാരണവും കറാമത്തും തമ്മിലുള്ള വ്യത്യാസം ഇമാം അല്‍മാസിരി അതിമനോഹരമായി വിശദീകരിച്ചിട്ടുണ്ട്: 'ഏതാനും ചില വാക്കുകളുടെയും ചേഷ്ടകളുടെയും അകമ്പടിയോടു കൂടിയാണ് മാരണം നടത്തുക. എങ്കില്‍ മാത്രമേ മാരണക്കാരന്‍ ഉദ്ദേശിച്ചത് നടക്കൂ. എന്നാല്‍ കറാമത്തിന് അവയുടെ ആവശ്യമില്ല, അത് മിക്കവാറും സ്വാഭാവികമായി സംഭവിക്കുന്നതാണ്' (ഫത്ഹുല്‍ ബാരി, ഭാ: 10, പേ: 233).  മതപുരോഹിതന്മാരും വ്യാജ ആത്മീയ ഗുരുക്കന്മാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കറാമത്തുകളെല്ലാം, പ്രത്യേകമായ വാക്കുകളുടെയും ചേഷ്ടകളുടെയും അകമ്പടിയോടു കൂടിയാണ് അവതരിപ്പിക്കപ്പെടാറുള്ളത് എന്നത് വളരെ ശ്രദ്ധേയമാണ്!
അല്ലാഹു നിയോഗിച്ച ദൂതന്മാര്‍ നേരിട്ട പ്രഥമ പ്രതിസന്ധികളിലൊന്ന് തങ്ങളുടെ പ്രവാചകത്വം സമൂഹ സമക്ഷം സ്ഥാപിക്കുക എന്നതായിരുന്നു. വ്യാജപ്രവാചകന്മാരും ആത്മീയ ഗുരുക്കളും നാടുവാഴുന്ന സമൂഹങ്ങളില്‍ പ്രവാചകത്വം സ്ഥാപിക്കുകയെന്നത് തീര്‍ത്തും ശ്രമകരമായ ദൗത്യം തന്നെയാണ്. ഇവിടെയായിരുന്നു ജനങ്ങള്‍ക്ക് പരിചിതമായ സിഹ്റുകളെയും കണ്‍കെട്ടുകളെയും, അത്ഭുത പ്രകടനങ്ങളെയും കവച്ചു വെച്ച / പരാജയപ്പെടുത്തിയ, അതിന് തുനിഞ്ഞിറങ്ങിയവരുടെ പോലും മനസ്സ് മാറ്റാന്‍ പ്രാപ്തമായ (ഫറോവയുടെ മാരണക്കാര്‍ ഉദാഹരണം) മുഅ്ജിസത്തുകള്‍, അഥവാ സൃഷ്ടികള്‍ക്ക് അസാധ്യമായ ദൃഷ്ടാന്തങ്ങള്‍ വഴി അല്ലാഹു തന്റെ ദൂതന്മാരെ ശക്തിപ്പെടുത്തിയത്. സമൂഹത്തില്‍ വ്യാജ ആത്മീയവാദികള്‍ അരങ്ങ് വാഴുകയും അവ പ്രവാചകന്മാരുടെ മുഅ്ജിസത്തുകള്‍ക്ക് സമാനമായി ജനസമക്ഷം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നതിനാലായിരുന്നു, ദൈവദൂതന്മാരല്ലാത്തവരില്‍ നിന്ന് ഉണ്ടാവുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് പൂര്‍വസൂരികളായ പണ്ഡിതന്മാര്‍ കൃത്യമായ നിബന്ധനകളും ഉപാധികളും നിശ്ചയിച്ചത്.
മുഅ്ജിസത്ത്, കറാമത്ത് തുടങ്ങിയ പദപ്രയോഗങ്ങള്‍ അവ രണ്ടും തമ്മിലുള്ള അന്തരം കൃത്യമായി നിര്‍ണയിക്കാന്‍ പര്യാപ്തമാണ്. അശക്തമാക്കുന്നത്, പരാജയപ്പെടുത്തുന്നത്, ദുര്‍ബലപ്പെടുത്തുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥങ്ങള്‍. മനുഷ്യരുള്‍പ്പെടെയുള്ള സര്‍വ സൃഷ്ടികളുടെയും ദൗര്‍ബല്യം തുറന്നു കാണിക്കുന്ന, സാക്ഷാല്‍ പടച്ച തമ്പുരാന് മാത്രം കഴിയുന്ന, അത്ഭുത ദൃഷ്ടാന്തങ്ങളാണവ. അതായത് മുഅ്ജിസത്ത് ഏത് വ്യക്തി വഴിയാണോ പ്രകടമാവുന്നത്, അദ്ദേഹത്തിന് അല്ലാഹുവിന്റെ പിന്തുണയുണ്ടെന്നും, അദ്ദേഹത്തെ വിശ്വസിക്കാന്‍ അതിന് സാക്ഷികളാവുന്ന ജനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നുമാണ് മുഅ്ജിസത്ത് താല്‍പര്യപ്പെടുന്നത്. അതായത്, ദൈവദൂതന്മാരുടെ മുഅ്ജിസത്ത് ആത്യന്തികമായി അവരുടെ ജനതക്ക് അല്ലാഹു നല്‍കുന്ന പ്രവാചകത്വ തെളിവുകളാണെന്നര്‍ഥം. ഇമാം റാസി (റ) പറയുന്നു: 'കറാമത്തുകളില്‍ നിന്ന് വ്യത്യസ്തമാണ് മുഅ്ജിസത്തുകള്‍. പ്രവാചകത്വത്തിന് നേരെയുള്ള വെല്ലുവിളിയെ തുടര്‍ന്നാണ് മുഅ്ജിസത്തുകള്‍ വെളിപ്പെടുന്നത്' (അല്‍ ഇശാറതു ഫീ ഉസ്വൂലില്‍ കലാം, പേജ് 288).
എന്നാല്‍ കറാമത്ത്, പ്രസ്തുത പദം സൂചിപ്പിക്കുന്നതു പോലെ ആദരവിനെയും അംഗീകാരത്തെയുമാണ് കുറിക്കുന്നത്. ദൈവദൂതനല്ലാത്ത ഒരു വിശ്വാസിക്ക് ലഭ്യമായേക്കാവുന്ന അസാധാരണ സംഭവങ്ങള്‍ അല്ലാഹു ആ വ്യക്തിയെ സവിശേഷം ആദരിച്ചിരിക്കുന്നുവെന്ന ശുഭസൂചനയാണ് നല്‍കുന്നത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയോ, അവരെക്കൊണ്ട് വിശ്വസിപ്പിക്കുകയോ ചെയ്യേണ്ട ബാധ്യത അദ്ദേഹത്തിനില്ല. മാത്രവുമല്ല, ശരിയായ അഖീദയും ശരീഅത്തും പിന്തുടരുന്ന സല്‍ക്കര്‍മികള്‍ വഴിയാണ് കറാമത്തുകള്‍ പ്രകടമാവുകയെന്ന് കൂടി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട് (അസ്സ്വാവി: ശറഹുസ്സ്വാവി അലാ ജൗഹറതിത്തൗഹീദ്, പേ: 344,345; അല്ലഖാനി: ശറഹുന്നാളിം അലല്‍ ജൗഹറ, ഭാഗം 2, പേ:  912).
സ്നേഹം, സഹായം, അനുധാവനം, സാമീപ്യം തുടങ്ങിയ അര്‍ഥതലങ്ങള്‍ സമ്മേളിച്ച പദപ്രയോഗമാണ് വിലായത്ത് എന്നത്. അതിനാല്‍, വലിയ്യ് എന്നത് ദൈവിക കല്‍പനകള്‍ പാലിക്കുക വഴി ദീനിന്റെ സഹായിയും അല്ലാഹുവിനോടുള്ള പ്രിയത്താല്‍ അവന്റെ സാമീപ്യം തേടുന്നയാളുമാണ്. വലിയ്യിന് ഏറ്റവും പ്രിയപ്പെട്ടത് തന്റെ നാഥനാകയാല്‍ അവന്റെ കല്‍പനകള്‍ അനുസരിച്ച് അല്ലാഹുവിനോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ചെയ്യുക. അതിനാലാണ് ശരിയായ അഖീദയില്ലാത്ത, ശറഈ ബാധ്യതകള്‍ നിര്‍വഹിക്കാത്ത, ഉന്നത സ്വഭാവ വിശേഷണങ്ങളില്ലാത്ത വ്യക്തിയില്‍ നിന്ന് എത്ര തന്നെ അത്ഭുതങ്ങള്‍ പ്രവഹിച്ചാലും അയാളെ വലിയ്യായി പരിഗണിക്കാവതല്ല എന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയത്. ഇമാം സ്വാവി, 'നിഷിദ്ധങ്ങള്‍ ഉപേക്ഷിക്കുകയും, കല്‍പനകള്‍ പാലിക്കുകയും ചെയ്യുന്നയാളാണ് വലിയ്യ്' എന്ന് കൃത്യമായി നിര്‍വചിച്ചിരിക്കുന്നു (ശറഹുസ്സ്വാവി അലാ ജൗഹറതിത്തൗഹീദ്, പേജ് 344). മാത്രവുമല്ല, കറാമത്ത് ലഭിച്ചു എന്നതു കൊണ്ട് ഒരു വ്യക്തി മഅ്സ്വൂം അഥവാ പാപമുക്തനോ, അനുസരണ യോഗ്യനോ ആവുകയില്ല. മറിച്ച്, ശരീഅത്തിന് വിധേയമായ കല്‍പനകള്‍ മാത്രമേ ഏതൊരാള്‍ക്കും പിന്തുടരാന്‍ ബാധ്യതയുള്ളൂ. കാരണം, ഖുര്‍ആനും സുന്നത്തും കൃത്യമായി പിന്തുടര്‍ന്നുവെന്ന ഒരൊറ്റ കാരണത്താലാണ് അദ്ദേഹത്തിന് കറാമത്ത് ലഭിച്ചിട്ടുള്ളത്.

വിലായത്ത് അവകാശപ്പെടാത്ത
വലിയ്യുകള്‍
അല്ലാഹു പ്രവാചകന്മാര്‍ക്ക് നല്‍കിയ ഇസ്വ്മത് (പാപ സുരക്ഷിതത്വം) വലിയ്യുകള്‍ അവകാശപ്പെടുകയോ, അവര്‍ക്ക് വകവെച്ച് കൊടുക്കുകയോ ചെയ്യാവതല്ല. അതിനാല്‍, വലിയ്യുകളില്‍ നിന്നുണ്ടാവുന്ന ശരീഅത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുധാവനം ചെയ്യാന്‍ പാടുള്ളതുമല്ല. മാത്രവുമല്ല, താന്‍ ആഗ്രഹിക്കുമ്പോഴെല്ലാം കറാമത്തുകള്‍ പ്രകടിപ്പിക്കാനോ, അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് വിലായത്ത് സ്ഥാപിക്കാനോ ഒരിക്കലും വലിയ്യ് ശ്രമിക്കുകയില്ല.
അതിനാലാണ്, അല്ലാഹുവിന്റെ വലിയ്യുകള്‍ തങ്ങള്‍ക്ക് ലഭിച്ച കറാമത്തുകള്‍ പ്രചരിപ്പിക്കുകയില്ല എന്ന് പറയുന്നത്.  അത് അല്ലാഹു നല്‍കിയ അനുഗ്രഹമാണെന്നും അതിന് നന്ദി കാണിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നുമുള്ള ഉത്തരവാദിത്വബോധമാണ് അവരില്‍ കാണാനാവുക. അതിനാല്‍ കറാമത്തിന്റെ പേരില്‍ വിലായത്ത് അവകാശപ്പെടുന്നതിന് പകരം, വലിയ്യ് അല്ലാഹുവിനെ കൂടുതല്‍ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയുമാണ് ചെയ്യുക. അല്ലാഹു തങ്ങള്‍ക്ക് നല്‍കിയ കറാമത്തുകള്‍ പാടിനടക്കുകയോ, പ്രചരിപ്പിക്കുകയോ ചെയ്ത ഒരൊറ്റ സ്വഹാബിയെയോ താബിഇയെയോ കാണാന്‍ കഴിയുകയില്ല. തങ്ങള്‍ പരിപൂര്‍ണരാണെന്നോ, തങ്ങളുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിച്ചിരിക്കുന്നുവെന്നോ അവര്‍ അവകാശപ്പെടാറുണ്ടായിരുന്നില്ല. കറാമത്തുകളെക്കുറിച്ച് മുസ്‌ലിം ലോകത്ത് പരിചിതമായ തത്ത്വം 'അല്‍കറാമത്തു തുത്വ്വാ, വലാ തുഹ്കാ' (കറാമത്ത് മറച്ചു വെക്കുകയാണ്, പ്രചരിപ്പിക്കുകയല്ല വേണ്ടത്) എന്നതാണ്.
ഇതില്‍നിന്ന് ഭിന്നമാണ് നമ്മുടെ നാട്ടിലെ വ്യാജ ആത്മീയ ഗുരുക്കന്മാരുടെ കാര്യം. അവര്‍ക്ക് ജനമധ്യത്തില്‍ വെച്ച് മാത്രമേ 'കറാമത്തുകള്‍ വെളിപ്പെടുക'യുള്ളൂ. തങ്ങളുടെ കറാമത്തുകള്‍ അവര്‍ സ്വയം പ്രചരിപ്പിക്കുകയോ, അനുയായികള്‍ വഴി കൊട്ടിഘോഷിക്കുകയോ ആണ് ചെയ്യാറ്. വിശ്വാസം, സംസ്‌കരണം, ദൈവഭയം തുടങ്ങിയവയെ വലിയ്യുകളുടെ വിശേഷണമായി വിശുദ്ധ ഖുര്‍ആന്‍  (യൂനുസ് 62-63) പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹുവിന്റെ വേദം പഠിക്കുകയും, അതിലെ കല്‍പനകള്‍ സ്വീകരിക്കുകയും, തിരുദൂതരെ (സ) പിന്തുടരുകയും ചെയ്യുകയെന്നത് വിലായത്തിന്റെ പ്രാഥമിക യോഗ്യതകളാണ്. തന്റെ ദീനിനെക്കുറിച്ച് അജ്ഞനായ ജാഹിലിനെയോ, ദീനീപരമായ ഉത്തരവാദിത്വങ്ങളില്ലാത്ത ബുദ്ധിസ്ഥിരതയില്ലാത്തവനെയോ അല്ലാഹു വലിയ്യായി സ്വീകരിക്കുകയില്ല. വലിയ്യിന് മാത്രമല്ല, വലിയ്യിനെ കണ്ടവര്‍ക്കും കേട്ടവര്‍ക്കുമെല്ലാം കറാമത്തുകള്‍ ലഭിക്കുന്നത് വഴി അത്ഭുത സിദ്ധികളില്‍ തട്ടി ജനങ്ങള്‍ക്ക് -സോഷ്യല്‍ മീഡിയ - വഴി നടക്കാന്‍ വയ്യാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വലിയ്യ് ആഗ്രഹിക്കുമ്പോഴെല്ലാം കറാമത്ത് പ്രകടമായിക്കൊള്ളണമെന്നില്ല. എന്നു മാത്രമല്ല, തന്നിലൂടെ പ്രകടമാവുന്ന അസാധാരണ സംഭവങ്ങളൊക്കെയും കറാമത്താണെന്ന് വിശ്വസിക്കാന്‍ പോലും പാടില്ലെന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞുവെച്ചിട്ടുള്ളത്. ഇമാം ശൗകാനി പറയുന്നു: 'തനിക്കുണ്ടാകുന്ന വെളിപാടുകളും സംഭവങ്ങളുമെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള കറാമത്താണെന്ന് വലിയ്യ് വിശ്വസിക്കാവതല്ല. ചിലപ്പോള്‍ പിശാചില്‍ നിന്നുള്ള കൂട്ടിക്കലര്‍ത്തലുകളുമുണ്ടായേക്കാം. അതിനാല്‍, തന്റെ വാക്കുകളും കര്‍മങ്ങളും ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ വിലയിരുത്തുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അവയോട് യോജിച്ചവയെല്ലാം സത്യവും കറാമത്തുമായിരിക്കും. അവക്ക് വിരുദ്ധമായതുണ്ടെങ്കില്‍ അവ പിശാചിന്റെ വഞ്ചനയാണെന്ന് തിരിച്ചറിയണം.'

ശരീഅത്തിനെ മറികടക്കുന്ന 'സിദ്ധികള്‍'!
വലിയ്യിന്റെ സിദ്ധികള്‍ വളര്‍ന്ന് വളര്‍ന്ന് ശരീഅത്ത് നിയമങ്ങളെപ്പോലും മറികടന്നിരിക്കുകയാണ്. വിലായത്ത് ലഭിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിക്ക് പിന്നെ ശരീഅത്ത് നിയമങ്ങളൊന്നും ബാധകമല്ല എന്ന് ജല്‍പ്പിക്കുവോളം കാര്യങ്ങള്‍ വഷളായിരിക്കുന്നു. തീര്‍ത്തും ഇസ്‌ലാമിക വിരുദ്ധമായ അവകാശവാദമാണിത്.  ഇമാം ഇബ്നുല്‍ ജൗസി (റ) പറയുന്നു: 'പില്‍ക്കാലത്ത് കടന്നു വന്ന ചിലരില്‍ ഇബ്‌ലീസ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുകയും, അവര്‍ വലിയ്യുകളുടെ കറാമാത്തുകളുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്തു. സത്യം അസത്യവുമായി കലര്‍ത്തി പ്രചരിപ്പിക്കപ്പെടേണ്ടതല്ല.' തുടര്‍ന്ന് അദ്ദേഹം സഹ്‌ലുബ്‌നു അബ്ദില്ലായില്‍ നിന്നുള്ള ഒരു കഥ ഉദ്ധരിക്കുന്നു. വിലായത്തിന്റെ പ്രകാശം ലഭിക്കുന്നതിനും അത്ഭുതങ്ങള്‍ വെളിപ്പെടുന്നതിനും തന്റെ കൈയിലുള്ള പാഥേയം വലിച്ചെറിയാന്‍ അദ്ദേഹത്തോട് ഒരു വലിയ്യ് നിര്‍ദേശിക്കുകയും അപ്രകാരം ചെയ്തതിനെത്തുടര്‍ന്ന് വിലായത്തിന്റെ പ്രകാശം അദ്ദേഹത്തിന് നല്‍കപ്പെടുകയും ചെയ്തുവെന്നതാണ് കഥ. ഇക്കാര്യം പരാമര്‍ശിച്ചതിന് ശേഷം ഇബ്നുല്‍ ജൗസി കൂട്ടിച്ചേര്‍ത്തത് ഇങ്ങനെയാണ്: 'നിന്റെ കൈയിലുള്ള പാഥേയം വലിച്ചെറിയുകയെന്ന പരാമര്‍ശം അത് കെട്ടുകഥയാണെന്നതിന് തെളിവാണ്. കാരണം, വലിയ്യുകള്‍ ശരീഅത്തിന് വിരുദ്ധം പ്രവര്‍ത്തിക്കുകയില്ല. ധനം പാഴാക്കുകയെന്നത് ശരീഅത്ത് വിലക്കിയ കാര്യമാണ്' (തല്‍ബീസ് ഇബ്ലീസ്, പേ: 285).
ശരീഅത്തനുസരിച്ച് അസംഭവ്യമെന്ന് സ്ഥിരപ്പെട്ടവ സംഭവിച്ചെന്ന് വാദിക്കുന്നത് വിലായത്തിന്റെ ഭാഗമല്ലെന്നും അവ പൈശാചികമാണെന്നും ഇമാം ശാത്വിബി (റ) ഉദാഹരണ സഹിതം വിവരിച്ചിട്ടുണ്ട്. 'ബാഹ്യാര്‍ഥത്തില്‍ കറാമത്തായി വിലയിരുത്തപ്പെട്ടേക്കാവുന്ന അസാധാരണ കാര്യങ്ങള്‍ ശരീഅത്തിന് വിരുദ്ധമാവുകയെന്നത് അവ പൊള്ളയാണെന്നതിന് തെളിവാണ്. അവ കറാമത്തല്ലെന്ന് മാത്രമല്ല, തീര്‍ത്തും പിശാചിന്റെ പ്രവൃത്തിയുമാണ്. അബ്ദുല്‍ ഖാദിര്‍ ജീലാനിയെക്കുറിച്ച് ഇപ്രകാരം പ്രചരിപ്പിക്കപ്പെടാറുണ്ട്: ഒരിക്കല്‍ അദ്ദേഹം അങ്ങേയറ്റം ദാഹിച്ച് വലഞ്ഞ വേളയില്‍ ഒരു മേഘം മുന്നോട്ടു വന്ന് അദ്ദേഹത്തിന് വയറ് നിറച്ച് കുടിക്കാവുന്ന വിധത്തില്‍ ചെറുമഴ നല്‍കിയത്രെ. ശേഷം മേഘത്തില്‍ നിന്ന് ഒരു അശരീരിയുണ്ടായി. 'നാം നിന്റെ നാഥനാകുന്നു. നാം താങ്കള്‍ക്ക് നിഷിദ്ധങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു'. നിഷിദ്ധങ്ങള്‍ അനുവദിക്കുന്നുവെന്ന പരാമര്‍ശം അത് ഇബ്‌ലീസില്‍ നിന്നുള്ളതാണെന്ന് കുറിക്കാന്‍ പര്യാപ്തമാണ്' (അല്‍മുവാഫഖാത്, ഭാ: 2, പേ: 275).

കറാമത്ത് നല്‍കുന്നതിന്റെ ലക്ഷ്യങ്ങള്‍
അല്ലാഹു കൃത്യമായ ഉദ്ദേശ്യലക്ഷ്യങ്ങളോടു കൂടിയാണ് തന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്ക് (വലിയ്യുകള്‍) കറാമത്തുകള്‍ നല്‍കുന്നത്. അല്ലാഹു തന്നെ ആദരിച്ചിരിക്കുന്നുവെന്ന് വലിയ്യിന് സൂചന നല്‍കി ഈമാന്‍ ദൃഢപ്പെടുത്തുക, പ്രതിസന്ധികളില്‍ അദ്ദേഹത്തെ സഹായിക്കുക, അല്ലാഹുവിന്റെ അപാരമായ കഴിവുകള്‍ കാണിച്ചുകൊടുക്കുക തുടങ്ങിയവ അവയില്‍ പെടുന്നു. അതിനാല്‍ തന്നെ മനുഷ്യന് ഉപകാരപ്രദമല്ലാത്ത, കേള്‍വിക്കാരില്‍ പരിഹാസമുളവാക്കുന്ന അത്ഭുത പ്രവൃത്തികളല്ല കറാമത്തുകള്‍. ആയതിനാല്‍ ആനകള്‍ കുശലം പറയുന്നതോ, കാഞ്ഞിരക്കുറ്റിക്ക് ഗര്‍ഭമുണ്ടാകുന്നതോ, തുണിയുരിഞ്ഞ് നടക്കുന്നതോ ഒന്നും കറാമത്തിലേക്ക് ചേര്‍ക്കപ്പെടേണ്ടവയല്ല. അതിനാലാണ് കറാമത്തുകളുടെ തലങ്ങളെക്കുറിച്ച് പറയുന്നിടത്ത് ഇമാം ശാത്വിബി (റ) ഇപ്രകാരം കൂട്ടിച്ചേര്‍ത്തത്: 'പ്രയോജനമുള്ളതും, ഫലം ചെയ്യുന്നതുമായ കാര്യത്തിലായിരിക്കും കറാമത്ത് സംഭവിക്കുക. നിങ്ങളെ ഞാന്‍ പിന്നിലൂടെയും കാണുന്നുവെന്ന് റസൂല്‍ (സ) സ്വഹാബാക്കളെ അറിയിച്ചതു പോലെ. പ്രവാചകനെ കേള്‍ക്കുന്നവരുടെ ഈമാന്‍ ശക്തിപ്പെടുത്തുക, സ്വഫ്ഫുകള്‍ ശരിപ്പെടുത്തുക തുടങ്ങിയ പ്രയോജനങ്ങള്‍ അതിലൂടെ ഉണ്ടായിരുന്നു' (അല്‍മുവാഫഖാത്, ഭാ: 2, പേ: 275).
ആനകള്‍ സല്യൂട്ട് ചെയ്യുന്ന, അവയോട് സംസാരിക്കുന്ന, ആളറിയാതെ കടിച്ചതിന് ശേഷം സങ്കടം കാരണം പാമ്പിന് തലതല്ലി ആത്മഹത്യ ചെയ്യേണ്ടി വന്ന, കല്ലട്ടിയുടെ മുകളില്‍ നഗ്‌നനായി മലര്‍ന്ന് കിടക്കുന്ന, ഒരേ സമയത്ത് ഒന്നിലേറെ ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വലിയ്യുകളുടെ കള്ളക്കഥകള്‍ മതപുരോഹിതന്മാര്‍ നാടുനീളെ പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുന്നു. പ്രവാചകന്മാരുടെ മുഅ്ജിസത്തുകളെ കവച്ചുവെക്കുന്ന, കറാമത്തുകളെ പരിഹാസ്യമാക്കുന്ന ഇത്തരം 'വീരകൃത്യങ്ങള്‍' യഥാര്‍ഥ വലിയ്യുകളിലേക്ക് ചേര്‍ക്കപ്പെടാവതല്ല. ഇമാം ഇബ്നുസ്സുബുകി തന്റെ 'ത്വബഖാതുശ്ശാഫിഇയ്യഃ' എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചത് ഇങ്ങനെ: 'വലിയ്യ് വഴി സാധിക്കാത്തതായിരിക്കണം - സംഭവിക്കാവുന്നതാണെങ്കില്‍ പോലും - യഥാര്‍ഥത്തില്‍ പ്രവാചകന്‍ കൊണ്ടുവരേണ്ടത്. ബുദ്ധിപരമായി സംഭവിക്കാവുന്ന എല്ലാ കാര്യങ്ങളും സംഭവിച്ചു കൊള്ളണമെന്നില്ല. പ്രവാചകന്റെ പദവി വലിയ്യിന്റെ പദവിയെക്കാള്‍ സമുന്നതമായതിനാല്‍, പ്രവാചകന്‍ മുഅ്ജിസത്തായി, മറ്റുള്ളവര്‍ക്ക് വെല്ലുവിളിയായി കൊണ്ടു വരുന്ന -അത്ഭുതങ്ങള്‍- പ്രവാചകനോടുള്ള ആദരവിന്റെ ഭാഗമെന്നോണം വലിയ്യിന് കൊണ്ടുവരാവതല്ല' (ത്വബഖാത്തുശ്ശാഫിഇയ്യഃ, ഭാ: 2, പേ: 322 ).
ഡോ. മുഹമ്മദ് അല്‍അശ്ഖര്‍ കറാമത്തുകളെക്കുറിച്ച് പറയുന്നത് കൂടി കാണുക: 'വിലായത്ത് അവകാശപ്പെടുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെട്ട മിക്കവാറും അത്ഭുത സിദ്ധികളൊക്കെയും യാതൊരു അടിസ്ഥാനവുമില്ലാത്ത കല്ലുവെച്ച നുണകളോ, അനുയായികളാല്‍ രൂപപ്പെടുത്തിയ അര്‍ധസത്യങ്ങളോ, ഉടായിപ്പ് വഴിയുള്ള കള്ളത്തരങ്ങളോ, ജിന്നിന്റെയോ പിശാചിന്റെയോ പ്രവൃത്തികളോ ആണ്' (അഫ്ആലുര്‍റസൂല്‍(സ) വദലാലതുഹാ അലല്‍ അഹ്കാമിശ്ശറഇയ്യഃ, പേ: 46).
കാഞ്ഞിരക്കുറ്റിക്ക് ഗര്‍ഭമുണ്ടാവുക, പൂര്‍ണ ഗര്‍ഭിണിയുടെ വയറൊട്ടുക, ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കുക തുടങ്ങിയ നിരവധി കഥകള്‍ കറാമത്തിലേക്ക് ചേര്‍ത്ത് പ്രചരിപ്പിക്കുക വഴി ഇസ്‌ലാമിക ദര്‍ശനത്തിലെ പവിത്രമായ ഒരു വിശ്വാസത്തിന് വലിയ തോതില്‍ കളങ്കം വരുത്തി വെക്കുകയാണ് പുരോഹിതന്മാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഒരു അത്ഭുത സിദ്ധിയെ കറാമത്തെന്ന് വിലയിരുത്തുന്നതിന്റെ മാനദണ്ഡം ഇമാം ശാത്വിബി (റ) വിവരിക്കുന്നുണ്ട്: 'ഒരാളില്‍ നിന്ന് പ്രകടമായ എല്ലാ അത്ഭുത സിദ്ധികളും പരിശോധിക്കുകയെന്നതാണ് ഇതിലെ സുപ്രധാന അടിസ്ഥാനം. അവയ്ക്ക് പ്രവാചകന്റെ മുഅ്ജിസത്തുകളിലും കറാമത്തുകളിലും അടിത്തറയുണ്ടെങ്കില്‍ അവ സ്വഹീഹാണ്. പ്രഥമ ദൃഷ്ട്യാ അവ കറാമത്താണെന്ന് തോന്നിയാല്‍ പോലും അടിസ്ഥാനമില്ലാത്ത പക്ഷം അവ സ്വഹീഹല്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. മനുഷ്യനില്‍ നിന്നുണ്ടാവുന്ന എല്ലാ അത്ഭുത സിദ്ധികളും കറാമത്താവുകയില്ല' (അല്‍മുവാഫഖാത്, ഭാ: 2, പേ: 444 - 446).
ജ്യോത്സ്യന്മാര്‍, കണികന്മാര്‍ തുടങ്ങിയവരില്‍ നിന്ന് അത്ഭുതങ്ങളുണ്ടാവാറുണ്ടെന്നും, പ്രവാചക കറാമത്തുകളില്‍ അടിസ്ഥാനമില്ലാത്ത അവയൊന്നും കറാമത്തായി പരിഗണിക്കാവതല്ലെന്നും തുടര്‍ന്ന് ഇമാം ശാത്വിബി (റ) പറയുന്നുണ്ട്.  സാധാരണക്കാര്‍ക്കും അല്ലാത്തവര്‍ക്കും കാലിടറാറുള്ള തലമാണിതെന്നും, അതീവ ജാഗ്രത പുലര്‍ത്തണമെന്നും  താക്കീത് നല്‍കുകയും ചെയ്യുന്നു.
അവിശ്വാസം ജ്വരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന യുക്തി കേന്ദ്രീകൃതമായ ആധുനിക സമൂഹത്തില്‍, ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ദൈവിക ദീനിന്റെ മുഖം വികൃതമാക്കുന്ന, പൊതു ജനസമക്ഷം തെറ്റിദ്ധാരണ പരത്താന്‍ കാരണമാവുന്ന  ഇത്തരം 'മിന്നല്‍' വലിയ്യുകളും 'ഇടിവെട്ട്' കറാമത്തുകളും ഇസ്‌ലാമിക സമൂഹത്തിന് സാരമായ പരിക്കേല്‍പിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും  തിരിച്ചറിയണം. അല്ലാഹുവല്ല,  വലിയ്യുകളാണ് കാറ്റും മഴയും, ഇടിയും മിന്നലും, രോഗവും ശമനവും, ഐശ്വര്യവും ദാരിദ്ര്യവുമെല്ലാം  നിയന്ത്രിക്കുന്നതെന്ന് വിശ്വസിക്കുന്ന ഒരു സമൂഹം രൂപപ്പെട്ടു വരുന്ന ഭീകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌