Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

മാക്രോണ്‍  വിതച്ചത് കൊയ്യുന്നു

അബൂസ്വാലിഹ

'മാക്രോണ്‍ താന്‍ വിതച്ചത് ചിലത് കൊയ്തു; കൊടുക്കേണ്ടി വന്ന വില കനത്തത്'- ലണ്ടനില്‍ നിന്നിറങ്ങുന്ന പാന്‍ - അറബ് ദിനപത്രമായ അല്‍ ഖുദ്‌സുല്‍ അറബി എഴുതിയ എഡിറ്റോറിയലിന്റെ തലക്കെട്ടാണിത്. ഈയിടെ നടന്ന ഫ്രഞ്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേതൃത്വം നല്‍കുന്ന 'എന്‍സംബ്ല്' മുന്നണി കേവല ഭൂരിപക്ഷം നേടാനാവാതെ കനത്ത തിരിച്ചടി നേരിട്ടതിനെക്കുറിച്ചാണ് ഈ വിലയിരുത്തല്‍. 2017-ല്‍ പ്രസിഡന്റായി അധികാരമേറ്റത് മുതല്‍ അറബ് കുടിയേറ്റ വിരുദ്ധത, ഹിജാബ് നിരോധം പോലുള്ള തീവ്ര വലതുപക്ഷ ഇസ്‌ലാമോഫോബിക് അജണ്ടകളില്‍ അഭിരമിക്കുകയായിരുന്നു മാക്രോണ്‍. ഇതിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും കലാപക്കൊടി ഉയര്‍ന്നുവെങ്കിലും അദ്ദേഹമത് വക വെക്കുകയുണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണ്‍ ജയിച്ചു കയറിയത് എതിരാളി തീവ്ര വലതുപക്ഷ കക്ഷിയായ നാഷണല്‍ റാലിയുടെ സാരഥി മരീന്‍ ലിപെന്‍ ആയത് കൊണ്ടു മാത്രമാണ്. ആ തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ഇടതുപക്ഷങ്ങള്‍ക്ക് വരെ, വന്‍ ദുരന്തം ഒഴിവാക്കാന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. അത്തരം നിര്‍ബന്ധിതാവസ്ഥകളൊന്നും ഇല്ലാതിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് നയിക്കുന്ന മുന്നണിക്ക് കനത്ത അടിയേല്‍ക്കുകയും ചെയ്തു. കേവല ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം. മാക്രോണിന്റെ മുന്നണിക്ക് നേടാനായത് 245 സീറ്റ് മാത്രം. മറ്റേതെങ്കിലും കക്ഷികളെ കൂട്ടുപിടിക്കുകയേ നിവൃത്തിയുള്ളൂ. സ്വന്തം അജണ്ടകളുമായി മുന്നോട്ടു പോകാന്‍ മുമ്പത്തെപ്പോലെ ഇനി കഴിയില്ല.
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന ഇടതുപക്ഷ സഖ്യമായ 'നുപ്‌സ്' 131 സീറ്റുകള്‍ നേടി മുഖ്യപ്രതിപക്ഷമായി ഉയര്‍ന്നു എന്നതാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. ഈ സഖ്യത്തില്‍ ഇടതുപക്ഷക്കാരും സോഷ്യലിസ്റ്റുകളും ഗ്രീന്‍ പാര്‍ട്ടിക്കാരുമൊക്കെയുണ്ട്. മുന്നണിയുടെ നേതാവ് ഴാങ് ലൂക് മെലന്‍ഷോണ്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടുമെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ആ ലക്ഷ്യത്തിന് ബഹുദൂരം പിന്നിലാണ് ഇപ്പാഴും അവരുള്ളത്. തീവ്ര വലതുപക്ഷമായ നാഷണല്‍ റാലി 89 സീറ്റുകള്‍ അടിച്ചെടുത്തതാണ് അവര്‍ക്കും ഭരണപക്ഷത്തിനും ഒരുപോലെ വിനയായത്. പത്തില്‍ താഴെ സീറ്റുകളേ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഈ പാര്‍ട്ടിയുടെ കാര്‍ബണ്‍ കോപ്പിയാകാനാണ് മാക്രോണിന്റെ പാര്‍ട്ടിയും മുന്നണിയും ശ്രമിച്ചത്. അത് തന്റെ വോട്ട് ബാങ്കുകളെ വരെ ലിപെന്നിന്റെ കൂടാരത്തിലെത്തിച്ചു എന്ന് ഇന്ന് അദ്ദേഹം തിരിച്ചറിയുന്നുണ്ട്.  മാത്രവുമല്ല, മാക്രോണിന്റെ അടുപ്പക്കാരായ പാര്‍ലമെന്റ് സ്പീക്കര്‍ റിഷാര്‍ ഫെറാന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ക്രിസ്റ്റോഫ് കാസ്തനര്‍ എന്നിവര്‍ക്ക് പുറമെ മൂന്ന് കാബിനറ്റ് മന്ത്രിമാരും ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയുണ്ടായി. അതുകൊണ്ട് തന്നെയാണ് ഫ്രഞ്ച് പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ അതീവ ഗുരുതരം എന്ന് വിശേഷിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സഖ്യത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ലെങ്കില്‍ തീവ്ര വലതുപക്ഷം തന്നെയാവും തലപ്പത്ത്. മാക്രോണ്‍ ഒരു താല്‍ക്കാലിക പ്രതിഭാസമാകാനേ വഴിയുള്ളൂ. 


ജൂറിവിധിയും ഫെമിനിസത്തിന്റെ നാലാം തരംഗവും

ഒടുവില്‍ 'കരീബിയന്‍ കടല്‍കൊള്ളക്കാര്‍' (പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍) എന്ന ഹോളിവുഡ് സിനിമാ പരമ്പരയില്‍ ജാക്‌സ്പാരോ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച ജോണി ഡിപ്പിന് അനുകൂലമായാണ് അമേരിക്കയിലെ വെര്‍ജീനിയ സംസ്ഥാനത്തെ ജൂറി വിധിച്ചത്. ഡിപ്പ് ലൈംഗികാതിക്രമങ്ങളും ഗാര്‍ഹിക പീഡനവും നടത്തി എന്നാരോപിച്ച് ഹോളിവുഡ് നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ലോറ ഹേഡ് വാഷിംഗ്ടണ്‍ പോസ്റ്റില്‍ ലേഖനമെഴുതിയിരുന്നു. ഇത് തനിക്ക് മാനനഷ്ടമുണ്ടാക്കിയെന്നും തന്റെ കരിയര്‍ നശിപ്പിച്ചെന്നും കാണിച്ച് ഡിപ്പ് നല്‍കിയ മാനനഷ്ടകേസിലാണ് 15 മില്യന്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ ജൂറി ആംബറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് സെലിബ്രിറ്റുകള്‍ തമ്മിലുള്ള മാരത്തോണ്‍ കോടതി വ്യവഹാരങ്ങള്‍ ലക്ഷക്കണക്കിനാളുകളാണ് തല്‍സമയം കണ്ടുകൊണ്ടിരുന്നത്. 'മീ റ്റു കാമ്പയി'ന് ഏറ്റവും വലിയ തിരിച്ചടിയായി ജൂറിവിധിയെ കാണുന്നവരുണ്ട്. ആ കാമ്പയിന്‍ ഉയര്‍ത്തിയ മുദ്രാവാക്യം, 'സ്ത്രീകള്‍ പറയുന്നത് വിശ്വസിക്കുക' (Believe women) എന്നായിരുന്നു.
പീഡനത്തിനിരകളായി എന്ന് തുറന്നുപറഞ്ഞുകൊണ്ട് രംഗത്ത് വന്ന സ്ത്രീകളുടെ വര്‍ത്തമാനങ്ങള്‍ തന്നെയാണ് കോടതികളും ജൂറികളും വിശ്വസിച്ചത്. ശിക്ഷിക്കപ്പെട്ടത് പീഡകരായി ചിത്രീകരിക്കപ്പെട്ട പുരുഷന്മാരും. ഗാര്‍ഹിക ലൈംഗിക പീഡനങ്ങളില്‍ പൊതുവെ പുരുഷന്മാരാവും കുറ്റാരോപിതര്‍ എന്നതിനാല്‍ അവര്‍ നിരത്തുന്ന വാദമുഖങ്ങളൊന്നും കോടതി മുഖവിലക്കെടുത്തിരുന്നില്ല. പൊതുബോധവും അവര്‍ക്കെതിരായിരുന്നു. ഈ അനുകൂലാവസ്ഥ മുതലാക്കി ഡിപ്പിന്റെ മുന്‍ ഭാര്യ ആംബര്‍ ഹേഡ്, ഇല്ലാകഥകളുണ്ടാക്കി ഡിപ്പിനെ അപമാനിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ജൂറി കണ്ടെത്തിയിരിക്കുന്നത്. ആംബറിന്റെ അധിക്ഷേപങ്ങളും കുറ്റാരോപണങ്ങളും സഹിക്കവയ്യാതെ പലതവണ ഡിപ്പ് സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ഇതിന്റെ ആഘാതത്തിലാണ് ഡിപ്പ് മയക്കുമരുന്നിന് അടിമയാകുന്നതും. ഇതെല്ലാം തെളിവ് സഹിതമാണ് ഡിപ്പ് ജൂറിയെ ബോധിപ്പിച്ചത്. മീറ്റു കാമ്പയിനോടെ ഫെമിനിസത്തിന്റെ നാലാം തരംഗ കാലമായി എന്ന് ആഹ്ലാദിച്ചവര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ സംഭവം. വസ്തുതയെന്തെന്ന് അന്വേഷിക്കാന്‍ മെനക്കെടാതെ ആംബറിനെ കണ്ണടച്ച് പിന്തുണക്കുകയായിരുന്നു ഫെമിനിസ്റ്റ് വക്താക്കളെല്ലാം. 


ഫലസ്ത്വീന്‍... 
ചെറുത്തുനില്‍പുകളുടെ ഓര്‍മ

മുഹമ്മദ് ബന്നീസ് മൊറോക്കന്‍ കവിയാണ്. ഫലസ്ത്വീനെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. അതൊക്കെയൊന്ന് സമാഹരിക്കണമെന്ന് തോന്നി അദ്ദേഹത്തിന്. ഫലസ്ത്വീനെക്കുറിച്ച് പല പല ആളുകള്‍ വിവിധ കാലങ്ങളില്‍ എഴുതിയ ശ്രദ്ധേയമായ വരികളും കൂട്ടത്തില്‍ ചേര്‍ത്താലോ എന്ന ചിന്തയിലേക്ക് അത് വികസിച്ചു. അതാണ് 'ഫലസ്ത്വീന്‍... ദാകിറതുല്‍ മുഖാവമാത്ത്' (ഫലസ്ത്വീന്‍... ചെറുത്തുനില്‍പുകളുടെ ഓര്‍മ) എന്ന പുസ്തകം. അഞ്ഞൂറില്‍ പരം പേജുകള്‍. മുഖ്യമായും കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളില്‍ ഫലസ്ത്വീനെക്കുറിച്ചുണ്ടായ പഠനങ്ങളില്‍ നിന്നും അനുഭവക്കുറിപ്പുകളില്‍നിന്നും സര്‍ഗാത്മക രചനകളില്‍ നിന്നുമുള്ള ഭാഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാസബ്ലാങ്കയിലെ 'അല്‍ മര്‍കസുസ്സഖാഫി'യാണ് പ്രസാധകര്‍.
ഇതില്‍ അണിനിരന്നവര്‍ ആരൊക്കെയാണ്? യാഖൂതുല്‍ ഹമവി, ഇബ്‌നു ഹൗഖല്‍, ഫ്രോയിഡ്, ഗസ്സാന്‍ കനഫാനി, ബര്‍നാര്‍ നോയല്‍, ഇബ്‌നു ഖല്‍ദൂന്‍, ഷൊളോമോ സന്‍ഡ്, അബ്ദുല്ലാ അറവി, ഴാങ് ജീന (Jean Genet), മഹ്മൂദ് ദര്‍വേശ്, എമീല്‍ ഹബീബി, എഡ്വേര്‍ഡ് സൈദ്, വലീദ് ഖാലിദി, ഇല്‍യാസ് സ്വന്‍ബര്‍, കോണ്‍സ്റ്റന്റീന്‍ ബുറൈഖ്, ഖലീല്‍ സകാമീനി, ഴാക് ദെറിദ, ഹിശാം ശറാബി, അഞ്ചലാ ഡേവിഡ്, മുരീദ് ബര്‍ഗൂസി, നോം ചോംസ്‌കി, മുഈന്‍ ബസീസോ, സല്‍മ ജയ്യൂസി, കാമില്‍ അസ്‌ലി, എഡ്‌മോന്‍ മലീഹ്, ജെയിംസ് ബാഡ്‌വിന്‍....
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌