Prabodhanm Weekly

Pages

Search

2022 ജൂലൈ 01

3258

1443 ദുല്‍ഹജ്ജ് 02

ബോസ്‌നിയ...  കണ്ണീര്‍ തടാകങ്ങളുടെ നാട്

 എ. റശീദുദ്ദീന്‍

ഞാന്‍ പത്രപ്രവര്‍ത്തനം തുടങ്ങുന്ന കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന രാജ്യമായിരുന്നു ബോസ്നിയ. യുദ്ധം തകര്‍ത്ത, ലക്ഷക്കണക്കിന് മനുഷ്യര്‍ വംശവെറിയുടെ ഇരകളായി മാറിയ, നരകയാതനകളുടെ ഒരു ദേശമായിരുന്നു അത്. സെബ്രെനിസ്‌കയും സരായേവോവും സേപയും മറ്റും അന്ന് മനസ്സില്‍ വരച്ചിട്ട കുറെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ നിന്നും വര്‍ഷങ്ങള്‍ക്കിപ്പുറം ബോസ്നിയയെ കുറിച്ച് മറ്റെന്തെങ്കിലുമൊരു സങ്കല്‍പ്പം സ്വരൂപിച്ചെടുക്കുക എളുപ്പമായിരുന്നില്ല. ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ലല്ലോ കുറെയായിട്ട്!
1990-കളുടെ ആദ്യ പകുതിയില്‍ മനസ്സിനെ വല്ലാതെ പൊള്ളിച്ച ഈ ഓര്‍മകളില്‍ മുങ്ങിയാണ് ദുബൈയില്‍ നിന്ന് സരായേവോവിലേക്ക് വിമാനം കയറിയത്. വിസ് എയര്‍ എന്ന അബൂദബി-ഹങ്കേറിയന്‍ സംയുക്ത കമ്പനി അവരുടെ പ്രത്യേക ഓഫറായി വെറും 129 ദിര്‍ഹം, അതായത് കഷ്ടിച്ച് 2500 ഇന്ത്യന്‍ രൂപ മുതല്‍ക്ക് ഈ സെക്ടറില്‍ ടിക്കറ്റ് തരുന്നുണ്ട്. വല്ലാത്ത അത്ഭുതമായിരുന്നു അത്. അത്രയും കുറഞ്ഞ തുകക്ക് അഞ്ചു മണിക്കൂറിലേറെ യാത്രാ ദൈര്‍ഘ്യമുള്ള, കിഴക്കന്‍ യൂറോപ്പിന്റെ ഭാഗമെന്ന് പറയാവുന്ന ഈ രാജ്യത്തേക്ക് നിങ്ങള്‍ക്ക് യാത്ര ചെയ്യാം. തുഛമായ നിരക്കില്‍ അബൂദബിയിലെ എംബസിയില്‍ നിന്ന് വിസയും തരുന്നുണ്ട്; വെറും 145 ദിര്‍ഹം മാത്രം. അവധി ദിവസങ്ങളില്‍ വെറുതെയിരിക്കുന്നതിനു പകരം ഒരു ചേഞ്ചിന് വളരെ എളുപ്പത്തില്‍ ആര്‍ക്കും തരപ്പെടുത്താനാവുന്ന വിദേശയാത്ര.
യാത്രയുടെ സുന്ദരമായ നിമിഷങ്ങളെ കുറിച്ചു പറയുന്നതിന് മുമ്പെ എനിക്ക് സല്‍മയെ പരിചയപ്പെടുത്താതിരിക്കാനാവില്ല. ബോസ്നിയന്‍ വിദേശകാര്യ വകുപ്പിന്റെ ഭാഗമായി സരായേവോ നഗരത്തില്‍ 'അപരിചിതരെ സ്ഥിരപ്പെടുത്തുന്ന' ഓഫീസിലെ നയതന്ത്ര ഉദ്യോഗസ്ഥയാണ് സല്‍മ. ഞാന്‍ യു.എ.ഇയില്‍ നിന്ന് പുറപ്പെടുമ്പോള്‍ ദല്‍ഹിയില്‍ നിന്നും ഒപ്പം ചേരേണ്ടിയിരുന്ന മനോജിന് വിസ ലഭിച്ചിരുന്നില്ല. വിസ എവിടെ നിന്ന്, എങ്ങനെ ലഭിക്കുമെന്ന് ഒരു ട്രാവല്‍ ഏജന്റിനും കൃത്യമായ ധാരണയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വി.എഫ്.എസ് കേന്ദ്രങ്ങള്‍ വഴി വിസക്ക് അപേക്ഷ നല്‍കിയാണ്. പക്ഷേ, ഇന്ത്യയിലെ ഒരു വി.എഫ്.എസ് കേന്ദ്രവും ഈ രാജ്യത്തേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ദല്‍ഹിയിലെ അവരുടെ എംബസിയില്‍ വിളിച്ചാലാകട്ടെ ഫോണ്‍ എടുക്കുന്നുമില്ല. പിന്നെയാണ് മനസ്സിലായത് വെബ്സൈറ്റിലെ ഫോണ്‍ നമ്പറുകള്‍ മാറിയിട്ടുണ്ടെന്ന്.
ഒടുവില്‍ റോമില്‍ നിന്ന് ഡോ. അബ്ദുല്ലത്വീഫ് ചാലിക്കണ്ടി വഴി, ബോസ്നിയന്‍ പൗരനും ഓക്സ്ഫഡില്‍ അധ്യാപകനുമായ ആസിം സുബ്സേവിച്ച് വഴി ബോസ്നിയന്‍ വിദേശകാര്യ വകുപ്പില്‍ സരായേവോവില്‍ മനോജിനു വേണ്ടി അപേക്ഷ നല്‍കി. അവര്‍ക്ക് 14 ദിവസം ചുരുങ്ങിയത് വേണമായിരുന്നു അത് അംഗീകരിക്കാന്‍. മനോജിനെ ബോസ്നിയയിലേക്ക് ക്ഷണിക്കുന്ന കത്ത് അവിടത്തെ ഇന്റീരിയര്‍ മന്ത്രാലയം അറ്റസ്റ്റ് ചെയ്ത് തരികയാണ് വേണ്ടത്. സുബ്സേവിച്ചിന്റെ സഹോദരി അംറ ദിവസങ്ങളോളം മന്ത്രാലയത്തില്‍ നേരിട്ടു പോയും ഫോണ്‍വഴിയുമൊക്കെ നിരന്തരം ബന്ധപ്പെട്ടുമൊക്കെ ഒടുവില്‍ എങ്ങനെയോ അത് ശരിയാക്കിയെടുത്തു. ഈ കത്തിന്റെ കോപ്പിയും കൊണ്ട് മനോജ് എംബസിയിലേക്ക് എത്തിയാല്‍ മതിയെന്നും അന്ന് തന്നെ വിസ അനുവദിക്കാമെന്നും സുബ്സേവിച്ച് ഇംഗ്ലണ്ടില്‍ നിന്നും അംബാസഡറെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട് ധാരണയിലെത്തി. അങ്ങനെയാണ് ഒടുവില്‍ വിസ ശരിയാകുന്നത്. പക്ഷേ, അതിന്റെ നടപടി ക്രമങ്ങളുടെ നൂലാമാലകള്‍ അത്രയേറെ സങ്കീര്‍ണവും മടുപ്പിക്കുന്നതുമായിരുന്നു.
സല്‍മയെ ഞാന്‍ പരിചയപ്പെടേണ്ടി വന്നത് ഈ ദിവസങ്ങളിലാണ്. മനോജിന് വിസ ലഭിച്ച് ബോസ്നിയയില്‍ എത്തുമ്പോഴേക്കും എനിക്ക് അനുവദിച്ച ദിവസങ്ങള്‍ തീരാറായിരുന്നു. അത് അഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് അംറയുടെ മകന്‍ അഹമ്മദിനൊപ്പം ഞാന്‍ 'അപരിചിതരുടെ മന്ത്രാലയ'ത്തിലെത്തിയത്. ആ പേര് സൂചിപ്പിക്കുന്നതു പോലെ അരോചകമാണ് അവിടത്തെ രീതികള്‍. എന്നാലോ തികച്ചും സൗഹാര്‍ദപൂര്‍ണവുമാണ്. ഈ ആവശ്യത്തിന് അഞ്ച് ദിവസം മുമ്പെയെങ്കിലും അപേക്ഷിക്കണമെന്നാണ് ബോസ്നിയയിലെ ചട്ടം. ഞാന്‍ ചെല്ലുന്നത് കൃത്യം അഞ്ചാമത്തെ ദിവസം ഓഫീസ് അടക്കുന്നതിന് വെറും ഒന്നര മണിക്കൂര്‍ മുമ്പാണ്. ബോസ്നിയയില്‍ സര്‍ക്കാര്‍ ഓഫീസുകളിലെ സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് ഉച്ചക്ക് ഒരു മണിക്കാണ്. ഓഫീസിലേക്ക് കയറിച്ചെല്ലുന്നിടത്ത് സന്ദര്‍ശകര്‍ക്കു വേണ്ടി ഒരു ഡസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ദല്‍ഹിയിലെയോ മറ്റേതെങ്കിലും രാജ്യങ്ങളിലെയോ വിദേശകാര്യ മന്ത്രാലയങ്ങളില്‍ ചെന്നാല്‍ പതിവില്ലാത്ത 'കസ്റ്റമര്‍ ഫ്രണ്ട്ലി' രീതികള്‍ അവിടെയുണ്ടെന്ന് ആ ക്യൂവില്‍ ഊഴം കാത്തു നില്‍ക്കുമ്പോള്‍ എനിക്കു തോന്നി. ഓരോ അപേക്ഷകനോടും അല്‍പ്പം പോലും അക്ഷമ കാണിക്കാതെ മിനിട്ടുകളോളം അവര്‍ ചോദ്യങ്ങള്‍ക്ക് മറുപടികള്‍ നല്‍കുകയും വിശദീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട്.
ഒടുവില്‍ എന്റെ ഊഴമെത്തി. ആവശ്യം പറഞ്ഞപ്പോള്‍ സല്‍മ ആദ്യമൊന്ന് അമ്പരന്നതു പോലെ തോന്നി. പിന്നീട് അഹമ്മദുമായി സംസാരിച്ച് ആവശ്യം അതുതന്നെയെന്ന് ഉറപ്പുവരുത്തി. സന്ദര്‍ശക വിസ പുതുക്കുക എന്ന ഏര്‍പ്പാടിനായി ഒരുപക്ഷേ, ആ രാജ്യത്ത് ആദ്യമായി ചെല്ലുന്നത് ഞാനാണെന്ന മട്ടിലായിരുന്നു അവരുടെ പെരുമാറ്റം. കൗണ്ടറില്‍ ഇരുന്ന വേറൊരു ഉദ്യോഗസ്ഥന്‍ പാസ്പോര്‍ട്ട് വാങ്ങി അകത്തേക്കു പോയി. വേറൊരാള്‍ ക്യാബിനില്‍ നിന്ന് ഇറങ്ങി വന്ന് എന്റെ ആവശ്യം ഒന്നു കൂടി ചോദിച്ച് ഉറപ്പു വരുത്തി. തുടര്‍ന്ന് അവിടത്തെ ഓഫീസ് മേധാവിയുടെ മുറിയിലേക്ക് ഞങ്ങളിരുവരെയും വിളിപ്പിച്ചു. സഹായത്തിന് അഹമ്മദ് ഉണ്ടായിരുന്നത് എന്റെ ഭാഗ്യം. ഭാഷയറിയാത്ത ഞാന്‍ കാഴ്ചക്കാരനായി അങ്ങനെ നില്‍ക്കുകയാണ്. അവരിരുവരും പതിനഞ്ച് മിനുട്ടോളം സംസാരിച്ചു. എന്നിട്ട് ആ ഓഫീസര്‍ ഒരു പേപ്പറില്‍ ആറ് കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കി തന്ന് അതില്‍ രണ്ടെണ്ണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. അതിലൊന്ന് ഏകദേശം 400 ദിര്‍ഹം അവിടത്തെ ബാങ്കില്‍ ഒരു ഡി.ഡിയായി എടുക്കാനാണ്. വിസയുടെ ചാര്‍ജിന്റെ മൂന്ന് മടങ്ങോളമാണ് അത്. അഞ്ച് ദിവസത്തേക്ക് അത് പുതുക്കിക്കിട്ടാന്‍ വേണ്ട ഫീസ്! എന്റെ പാസ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റ് അവിടത്തെ ഏതോ ഒരു ഓഫീസില്‍ ചെന്ന് അറ്റസ്റ്റ് ചെയ്യുകയും വേണം. ഈ പേപ്പറുകള്‍ ഞാന്‍ കൊണ്ടു വരുന്നതു വരെ ഓഫീസ് അടക്കരുതെന്ന് അദ്ദേഹം ഒരു നിര്‍ദേശവും നല്‍കി.
വിദേശകാര്യ മന്ത്രാലയവുമായി തട്ടിച്ചു നോക്കുമ്പോള്‍ അത്രയൊന്നും മൂല്യമില്ലാത്ത ടൗണിലെ ഏതോ ഒരു അറ്റസ്റ്റേഷന്‍ ഓഫീസില്‍ എന്റെ പാസ്പോര്‍ട്ടിന്റെ ഫോട്ടോസ്റ്റാറ്റില്‍ ഒരു സീല്‍ വെച്ചു തരിക മാത്രമാണുണ്ടായത്. പക്ഷേ, ആ നടപടിക്രമം പാലിക്കുക അനിവാര്യമായിരുന്നു. ബാങ്കിന്റെ ഡി.ഡി അപേക്ഷയാകട്ടെ ഇന്ത്യയിലേതുമായി തട്ടിച്ചു നോക്കിയാല്‍ അനാവശ്യമായ നിരവധി വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ട ഒരു അപേക്ഷാ മാതൃകയിലാണ്. പലതവണ ക്ളര്‍ക്ക് തിരിച്ചയച്ച് ഒടുവില്‍ അവര്‍ തന്നെ സഹായിച്ചാണ് ആ അപേക്ഷാ ഫോറം പൂരിപ്പിച്ചത്.
സല്‍മയുടെ അടുത്തേക്കാണ് ഈ പേപ്പറുകളുമായി ഞങ്ങള്‍ മടങ്ങിച്ചെല്ലേണ്ടത്. രേഖകള്‍ ശരിയാക്കിയെടുത്ത് തിരികെ ചെല്ലുമ്പോള്‍ മറ്റൊരു ഗേറ്റിലൂടെയാണ് ഞങ്ങളെ അകത്തേക്കു കടത്തിയത്. ഡി.ഡിയും പാസ്പോര്‍ട്ട് കോപ്പിയും വാങ്ങിവെച്ച് ശേഷിച്ച പേപ്പറുകളുടെ കാര്യത്തില്‍ രണ്ടു ദിവസം കൂടി അനുവദിച്ചു നല്‍കി സല്‍മ ആദ്യമേ ഒരു കാര്യം പറഞ്ഞു: ഞങ്ങള്‍ ഈ അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും. തള്ളിയാല്‍ നിങ്ങള്‍ക്ക് ഏഴ് ദിവസത്തിനകം രാജ്യം വിടേണ്ടിവരും. എനിക്ക് ചിരിയാണ് വന്നത്. കാലാവധി കഴിഞ്ഞതിനു ശേഷം എനിക്കാവശ്യമുള്ളത് വെറും അഞ്ച് ദിവസം മാത്രമാണ്. പക്ഷേ, അല്‍പ്പസമയത്തിനു ശേഷം അവര്‍ ക്യാബിനില്‍ നിന്ന് തിരികെ വന്ന് നേരത്തെ പറഞ്ഞത് തിരുത്തി. സോറി, ഞാനിപ്പോഴാണ് നിയമം സൂക്ഷ്മമായി വായിച്ചത്. നാടുവിടാന്‍ നിങ്ങള്‍ക്ക് ലഭിക്കുക വെറും മൂന്നു ദിവസമാണ്. അപേക്ഷ നല്‍കിയാല്‍ മൂന്നു പ്രവൃത്തി ദിവസത്തിനകം ഞങ്ങള്‍ മറുപടി നല്‍കണമെന്നാണ് ചട്ടം. അതായത്, നിരസിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക് ലഭിക്കുക ഒറ്റ ദിവസം മാത്രമായിരിക്കും. ആകെ ഏഴു ദിവസം. ഞാനപ്പോഴും ആശ്വസിച്ചു. അപേക്ഷ നല്‍കുന്നത് ചൊവ്വാഴ്ച ഉച്ചക്കു ശേഷമാണ്. വെള്ളിയാഴ്ചക്കകം അവര്‍ മറുപടി നല്‍കാതിരുന്നാലും മതിയല്ലോ. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസം കിട്ടിയാലും എന്റെ ആവശ്യം നടക്കുമായിരുന്നു. ഞാനത് സൂചിപ്പിക്കുകയും ചെയ്തു. സല്‍മ അക്കാര്യത്തില്‍ ഗ്യാരണ്ടിയൊന്നും നല്‍കിയില്ലെങ്കിലും ചെറിയൊരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നത് അങ്ങനെയൊരു സാധ്യതയില്‍ മാത്രമായിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അതൊന്നുമല്ല. രണ്ട് മണിക്ക് ഓഫീസില്‍ ചെന്ന ഞാനും അഹമ്മദും നാല് മണിക്കാണ് അവിടെ നിന്ന് പുറത്തു കടന്നത്. ഈ ഒന്നര മണിക്കൂര്‍ സമയമത്രയും എന്റെ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് നിന്ന നില്‍പ്പില്‍ വിശദീകരിക്കുകയായിരുന്നു സല്‍മ.
'നോക്കൂ, ഞാന്‍ ഈ രാജ്യത്തേക്ക് വരുന്നത് എന്ത് ആവശ്യത്തിനാണെന്ന് നിങ്ങളുടെ യു.എ.ഇയിലെ എംബസിയില്‍ എഴുതി നല്‍കുകയും അതവര്‍ അംഗീകരിച്ച് എനിക്ക് വിസ അനുവദിക്കുകയുമാണ് ചെയ്തത്. സാധാരണ ഒരു മാസത്തേക്ക് അടിച്ചു നല്‍കുന്ന സന്ദര്‍ശക വിസയാണ് ബോസ്നിയയുടേത്. മനോജിന് ദല്‍ഹിയില്‍ നിന്ന് അനുവദിച്ചതും ഒരു മാസത്തേക്കാണ്. എന്റെ കാര്യത്തില്‍ അത് 15 ദിവസമായി ചുരുങ്ങിയത് ഞാന്‍ അത്രയേ  ചോദിച്ചിരുന്നുള്ളൂ എന്നതു കൊണ്ടാണ്. അത്രയേ ആവശ്യമുണ്ടാകൂ എന്ന് അപ്പോള്‍ തോന്നി. ഇപ്പോഴെനിക്ക് അഞ്ച് ദിവസം കൂടി മാത്രമാണ് കൂടുതല്‍ വേണ്ടത്. ഇതൊരു പുതിയ വിസയേ അല്ലല്ലോ'- ഞാന്‍ സല്‍മയോടു പറഞ്ഞു.
അവര്‍ക്കത് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാന്‍ ആ രാജ്യത്തെക്കുറിച്ച് എന്റെ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിക്കുന്ന ഡോക്യുമെന്ററികള്‍ അവിടേക്കുള്ള ടൂറിസം സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും അവിടത്തെ ജനങ്ങളെക്കുറിച്ച് എന്‍േറതായ ഇടങ്ങളില്‍ നല്ല രീതിയില്‍ പരിചയപ്പെടുത്തുന്നതും അല്‍പ്പം പോലും അവരെ ആകര്‍ഷിച്ചതായും തോന്നിയില്ല. ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ ബില്‍, ബോസ്നിയയിലെ എന്റെ താമസ കാലത്തെ ചെലവുകളെക്കുറിച്ച രേഖകള്‍, അക്കാര്യത്തില്‍ എന്റെ ആതിഥേയയായ അംറ നല്‍കുന്ന സത്യവാങ്മൂലത്തിന്റെ നിയമവശങ്ങള്‍, എന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ബോസ്നിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത്, എന്റെ ഒപ്പം വരുന്ന മനോജിന്റെ വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, വിസ ദീര്‍ഘിപ്പിക്കുന്നതിനായി ഞാന്‍ എഴുതി സമര്‍പ്പിക്കുന്ന കത്തില്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ രേഖകളുടെയും സാങ്കേതിക വശങ്ങള്‍ മാത്രമായിരുന്നു സല്‍മ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നത്. ഈ പരിശോധനകള്‍ പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതു പോലെ മൂന്നു ദിവസത്തിനകം പോയിട്ട് അഞ്ചു ദിവസം കൊണ്ടും പൂര്‍ത്തിയായില്ല. എന്നിട്ടൊടുവില്‍ ചൊവ്വാഴ്ച തീരുമാനം അറിയിക്കുകയും എന്നെ അതേ ഓഫീസില്‍ വിളിച്ചു വരുത്തി മൂന്നു ദിവസത്തിനകം രാജ്യം വിടാനുള്ള കല്‍പ്പന നേരിട്ട് കൈമാറുകയും ചെയ്തു. സല്‍മ അപ്പോഴും പറഞ്ഞു: 'നിങ്ങള്‍ ചെയ്യുന്നത് നല്ല കാര്യമാണെന്ന് എനിക്കറിയാം. പക്ഷേ, നിയമത്തിന്റെ കാര്യത്തില്‍ ഞാന്‍ നിസ്സഹായയാണ്. എന്തായാലും നിങ്ങളുടെ കാര്യം നടന്നല്ലോ, സന്തോഷം'. മനോജിന് വിസ കിട്ടാനായി സമര്‍പ്പിച്ച ക്ഷണക്കത്തില്‍ അംറ ടൂറിസ്റ്റ് എന്നും ഞാന്‍ സമര്‍പ്പിച്ച കത്തില്‍ ക്യാമറാമാന്‍ എന്നും എഴുതിയതാണ് അപേക്ഷ തള്ളാനുണ്ടായ കാരണമെന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയത്. തികച്ചും സാങ്കേതികം. ഞാനും ടൂറിസ്റ്റ് എന്ന് എഴുതിയിരുന്നുവെങ്കില്‍ അവരത് നീട്ടി നല്‍കുകയും ചെയ്തേനെ.
സോഷ്യലിസമോ കമ്യൂണിസമോ എന്തോ ഒന്ന് ബാക്കിയിട്ട വൃത്തികെട്ട ഈ ബ്യൂറോക്രസി മാത്രമാണ് ബോസ്നിയയുടെ ശാപം. എങ്കിലും നടപടി ചട്ടങ്ങള്‍ കൊണ്ട് മടുപ്പിക്കുമ്പോഴും അവിടത്തെ ഓഫീസുകളിലും കാര്യാലയങ്ങളിലും പക്ഷേ സന്തോഷകരമായ ഒരു അന്തരീക്ഷം നിലനില്‍ക്കുന്നുമുണ്ട്. നിങ്ങള്‍ക്ക് എവിടെയും ധൈര്യത്തോടെ കയറിച്ചെല്ലാം. ഉദാഹരണത്തിന്, സരായോവോ വിമാനത്താവളം. കോഴിക്കോട്ടും കൊച്ചിയിലും മറ്റും നിങ്ങള്‍ കണ്ടു പരിചയിച്ച, കോട്ടിട്ടവരെല്ലാം കയര്‍ത്തു സംസാരിക്കുന്ന, വിമാനത്താവളമേയല്ല ഇവിടത്തേത്. സല്‍മയുടെ മറുപടി വൈകിയപ്പോള്‍ സെര്‍ബിയന്‍ എയര്‍ലൈന്‍സില്‍ ബെല്‍ഗ്രേഡിലേക്ക് എടുത്ത ടിക്കറ്റിന്റെ തീയതി മാറ്റാനായി ഞാന്‍ എയര്‍പോര്‍ട്ടിലേക്ക് ചെന്നു. സെര്‍ബിയന്‍ വിമാനങ്ങള്‍ ഇറങ്ങുകയും പോവുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും നഗരത്തില്‍ അവര്‍ക്ക് ഓഫീസ് ഉണ്ടായിരുന്നില്ല. ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ വിമാനത്താവളം മുഴുക്കെ ഈ ഓഫീസ് എവിടെയെന്ന് തിരക്കി എന്നെയും കൂട്ടി ചുറ്റി നടന്നു. അങ്ങനെയൊരു ഓഫീസ് അവിടെ ഇല്ലെന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ തീരാവുന്ന കാര്യമേ അങ്ങേര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അതെനിക്ക് ബോധ്യപ്പെടുത്തി തരാനാണ് സമയം മെനക്കെടുത്തി ഒപ്പം വന്നത്. എന്നാല്‍, വെബ്സൈറ്റില്‍ ഇങ്ങനെയൊരു ഓഫീസ് ബോസ്നിയയില്‍ ഉണ്ടെന്ന് പറയുന്നുമുണ്ട്. ഒരുപക്ഷേ, ബന്യാലൂക്ക വിമാനത്താവളത്തില്‍ ആയിരിക്കാമെന്ന് ഓഫീസര്‍ സമാധാനിപ്പിച്ചു.
ലോകത്തെ ഏറ്റവും മോശപ്പെട്ട വിമാനക്കമ്പനികളിലൊന്നാണെന്ന് പലരും കുറ്റപ്പെടുത്താറുള്ള സെര്‍ബിയന്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ് വഴി ട്രാവല്‍ രംഗത്തുള്ള ചില സുഹൃത്തുക്കള്‍ മുഖേന ശ്രമിച്ചിട്ടും അവരുടെ കാള്‍ സെന്ററിലേക്ക് മെയില്‍ അയച്ചിട്ടുമൊന്നും ഈ തീയതി മാറ്റല്‍ നടന്നില്ല. ഒടുവില്‍ ബസിനാണ് ഞാനും മനോജും ബെല്‍ഗ്രേഡിലേക്ക് പോയത്. ഈ ബസ് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ അവിടെയുമുണ്ടായിരുന്നു 'അപരിചതരുടെ മന്ത്രാലയ'ത്തിലേതു പോലെയുള്ള ചിലര്‍. എനിക്ക് രാജ്യം വിട്ടുപോകാന്‍ നല്‍കിയ ഉത്തരവില്‍ തീരുമാനമെടുക്കാന്‍ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ഏതാണ്ടൊരു യോഗം തന്നെ വിളിച്ചു ചേര്‍ത്തു. അങ്ങനെയൊരു കടലാസ് ഉണ്ടെന്നും ഇല്ലെന്നും അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു പോലെയാണ് അനുഭവപ്പെട്ടത്. എനിക്കു പിറകിലുള്ളവര്‍ ക്യൂ നിന്ന് മുഷിയുന്നുണ്ടായിരുന്നു. പക്ഷേ, കൂട്ടത്തിലൊരാള്‍ ആ പേപ്പറിലെ ഓരോ വരിയും വിരല്‍ വെച്ച് വായിച്ചു തീര്‍ത്തതിനു ശേഷമാണ് അവര്‍ എക്സിറ്റ് സീല്‍ അടിച്ചു നല്‍കിയത്. മറുഭാഗത്ത്, ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കു പോകുന്ന അനുഭവമാണ് സെര്‍ബിയന്‍ അതിര്‍ത്തിയിലേക്ക് കടക്കുമ്പോള്‍ നിങ്ങള്‍ പ്രതീക്ഷിച്ചതെങ്കില്‍ തെറ്റി. തികച്ചും സൗഹാര്‍ദപരം ആയിരുന്നു അതിര്‍ത്തിയിലെ സ്വീകരണം. ബസില്‍ നിന്ന് ഇറങ്ങേണ്ടി വന്നതു പോലുമില്ല. ഒരു ഉദ്യോഗസ്ഥന്‍ അകത്തേക്ക് വന്ന് ബസിലുള്ളവരുടെ രേഖകള്‍ വാങ്ങി  അല്‍പ്പസമയത്തിനകം ഡ്രൈവര്‍ വശം അവ സീല്‍ ചെയ്ത് കൊടുത്തയച്ചു. യാത്രക്കാരുടെ ബാഗുകള്‍ അഴിച്ച് പരിശോധിക്കുകയോ മെറ്റല്‍ ഡിറ്റക്ടറിലൂടെ അരിച്ചു പെറുക്കുകയോ ഒന്നുമുണ്ടായില്ല. 
ഒരു ഭാഗത്ത് യൂറോപ്യന്‍ ശീലങ്ങളുടെയും കമ്യൂണിസത്തോളമെത്തിയ യൂഗോസ്ലാവിയന്‍ സോഷ്യലിസത്തിന്റെയും, മറുഭാഗത്ത് ഇസ്ലാമിന്റെയും ഇടയിലെവിടെയോ ആണ് ഇന്നത്തെ ബോസ്നിയയുടെ ജീവിത രീതികള്‍. ബോസ്നിയന്‍ വംശഹത്യയെ കുറിച്ച് അന്താരാഷ്ട്ര കോടതി പില്‍ക്കാലത്ത് നടത്തിയ കുറ്റ വിചാരണയില്‍ സെര്‍ബിയന്‍ ജനറല്‍മാര്‍ക്കെതിരെ ആധികാരികമായി തെളിവുകള്‍ നല്‍കിയ ഫോട്ടോ ജേര്‍ണലിസ്റ്റ് താരിഖ് സമാറ സരായോവോ നഗരത്തിലുണ്ട്. തന്റെ ജന്മനഗരമായ സഗ്രിബ് ക്രൊയേഷ്യയുടെ ഭാഗമായതോടെയാണ് കഴിഞ്ഞ 30 വര്‍ഷമായി മാതൃരാജ്യം വിട്ട് അദ്ദേഹം ബോസ്നിയയില്‍ താമസിക്കുന്നത്. താരിഖിന്റെ പേര് ഓര്‍മയിലുണ്ടായിരുന്നതു കൊണ്ടും അദ്ദേഹം അംറയുടെ സുഹൃത്ത് ആയതുകൊണ്ടും നേരില്‍ കാണാനായി ഒരു ശ്രമം നടത്തി. പക്ഷേ, മടുപ്പിക്കുന്നതായിരുന്നു മറുപടി. ഇന്റര്‍വ്യൂ അനുവദിക്കണമെങ്കില്‍ ഞാന്‍ ആരാണെന്ന് വിശദമായി മെയില്‍ അയക്കാനായിരുന്നു നിര്‍ദേശം. അതനുസരിച്ച് തീരുമാനമെടുക്കാം എന്ന്. ഒരുപക്ഷേ, അദ്ദേഹം പണം ആവശ്യപ്പെട്ടേക്കാമെന്ന് അംറ സൂചിപ്പിക്കുകയും ചെയ്തു. എന്തോ എനിക്ക് അങ്ങനെയൊരു മെയില്‍ അയക്കാന്‍ തോന്നിയില്ല.
അഭിമുഖം നല്‍കുക, പ്രസംഗിക്കുക തുടങ്ങി അറിവ് പകരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് പാശ്ചാത്യ നാടുകളില്‍ സര്‍വ സാധാരണമാണ്. അതില്‍ പ്രത്യേകിച്ച് തെറ്റൊന്നും ഉണ്ടായിരുന്നില്ല. എങ്കില്‍ കൂടിയും ഒരു ടെലിവിഷന്‍ ചാനലിനോ പത്രത്തിനോ നല്‍കുന്നത് പോലുള്ള ഇന്റര്‍വ്യൂ യാത്രാ ബ്ളോഗിന് വേണ്ടി പണം കൊടുത്ത് തരപ്പെടുത്തുന്നതില്‍ അര്‍ഥമുണ്ടായിരുന്നില്ല. തന്റെ പുസ്തകത്തിലൂടെയും എഴുത്തുകളിലൂടെയുമായി ഇതുവരെ പറഞ്ഞതല്ലാത്തതൊന്നും 30 വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന് പുറത്തുവിടാനുണ്ടാവില്ല എന്നതുകൊണ്ടും കൂടിയാണ് ഞാനതില്‍ വലിയ താല്‍പര്യം കാണിക്കാതിരുന്നത്. ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്തിയതിന്റെ ഭാഗമായി ഞാന്‍ പരിചയിച്ച സമ്പ്രദായങ്ങളും ഒരുപക്ഷേ അദ്ദേഹത്തെ വേണ്ടെന്നു വെക്കാന്‍ കാരണമായിട്ടുണ്ടാവാം. താരിഖ് ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്നല്ലോ.  
ഇന്ത്യയില്‍ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ആക്ടിവിസ്റ്റുകള്‍ എല്ലാ അടവുകളും പയറ്റുമ്പോള്‍ അതല്ല പൊതുവെ യൂറോപ്പിന്റെ ചിത്രം. താരിഖിന്റെ പ്രശസ്തമായ ആ പഴയ ഫോട്ടോകള്‍ സരായോവോവിലെ വംശഹത്യാ മ്യൂസിയത്തിലാണ് നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്. 10 ബോസ്നിയന്‍ മാര്‍ക്കാണ്, അതായത് ഇന്ത്യയുടെ 400 രൂപയാണ് പ്രവേശന ടിക്കറ്റ്. ഈ മ്യൂസിയത്തില്‍ അദ്ദേഹത്തിന് പറയാനുള്ളതെല്ലാം വൃത്തിയായി അടുക്കിവെച്ചിട്ടുണ്ട്. ഞെട്ടിക്കുന്ന ആ ദൃശ്യങ്ങള്‍ തന്നെ ഏത് വിശദീകരണങ്ങളെക്കാളും വാചാലമായിരുന്നതു കൊണ്ട് മ്യൂസിയം  ക്യാമറയില്‍ പകര്‍ത്തി ഞാന്‍ മടങ്ങി. 
ഇവ ഒറ്റപ്പെട്ട ഉദാഹരണങ്ങളായിരിക്കാം. പക്ഷേ, അതാണ് ബോസ്നിയ എന്ന രാജ്യത്തിന്റെ ആധികാരിക മുഖം. അങ്ങാടിയില്‍ പക്ഷേ മനോഹരമായ അനുഭവങ്ങള്‍ നല്‍കുന്ന രാജ്യമാണത്. യാത്ര ചെയ്തവര്‍ വീണ്ടും പോകാന്‍ കൊതിക്കുന്ന അതീവ സുന്ദരമായ രാജ്യം. 
(തുടരും)
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-33-36
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജിന്റെ സദ്ഫലങ്ങള്‍
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌