Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

ഇമാം ജുനൈദ് ബഗ്ദാദിയും ഹാജിയും തമ്മില്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 

ചരിത്രം /


'താങ്കള്‍ എവിടുന്നാണ് വരുന്നത്?'
തന്നെ കാണാനെത്തിയ യാത്രക്കാരനോട് ജുനൈദ് ചോദിച്ചു.
യാത്രക്കാരന്‍: 'ഞാന്‍ ദൈവിക ഭവനത്തില്‍ പോയി ഹജ്ജ് ചെയ്തു തിരിച്ചെത്തിയതാണ്.'
ജുനൈദ്: 'അല്ല, യഥാര്‍ഥത്തില്‍ തന്നെ ഹജ്ജ് നിര്‍വഹിച്ച് വന്നിരിക്കയാണോ?' ആശ്ചര്യ ഭാവത്തില്‍ അന്വേഷിച്ചു.
യാത്രക്കാരന്‍: 'അതെ, ഞാന്‍ മക്കയില്‍ നിന്ന് മടങ്ങിവന്നതാണ്. ഹജ്ജ് എന്ന മഹത്തായ ആരാധനാകര്‍മം യഥാതഥമായി ചെയ്തിരിക്കുന്നു' - അയാള്‍ ആവേശപൂര്‍വം വ്യക്തമാക്കി.
ജുനൈദ്: 'ഹജ്ജ് ചെയ്യണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ വീട് വിട്ടിറങ്ങിയപ്പോള്‍ ചെറുതും വലുതുമായ എല്ലാ പാപങ്ങളും താങ്കള്‍ വര്‍ജിച്ചിരുന്നുവോ?' ഗൗരവം സ്ഫുരിക്കുന്ന സ്വരത്തില്‍ ജുനൈദ് ചോദിച്ചു.
യാത്രക്കാരന്‍: 'അങ്ങനെയൊന്നും കാര്യമായി ഞാന്‍ ആലോചിച്ചിട്ടില്ല. ഹജ്ജിന് നിയ്യത്ത് ചെയ്തു; യാത്ര പോവുകയും ചെയ്തു.' അയാള്‍ ഒന്നും മറച്ചുവെക്കാതെ മറുപടി പറഞ്ഞു.
ജുനൈദ്: 'അങ്ങനെയെങ്കില്‍ താങ്കള്‍ ഹജ്ജിനല്ല പോയിട്ടുള്ളത്.' അല്‍പം ശബ്ദമുയര്‍ത്തി പറഞ്ഞു. എന്നിട്ട് ചോദിച്ചു: 'ഹജ്ജ് തീര്‍ഥാടനത്തിനായി എത്ര രാപ്പകലുകളാണ് നിങ്ങള്‍ കഴിച്ചുകൂട്ടിയത്? താങ്കള്‍ ലക്ഷ്യസ്ഥാനെത്തത്താന്‍ താണ്ടിക്കടന്ന പ്രദേശങ്ങളില്‍, രാത്രി കഴിച്ചുകൂട്ടിയ കേന്ദ്രങ്ങളില്‍ ദൈവസാമീപ്യം സിദ്ധിക്കാനുള്ള സഞ്ചാരത്തിലാണെന്ന് ആലോച്ചിരുന്നുവോ?'
യാത്രക്കാരന്‍: 'അത്തരം ഗൗരവപ്പെട്ട ചിന്തയൊന്നും ഉണ്ടായിട്ടില്ല.' നിഷ്‌കളങ്കതയോടെ അയാള്‍ പറഞ്ഞു.
ജുനൈദ്: 'ഇപ്പറഞ്ഞത് വാസ്തവമാണെങ്കില്‍ താങ്കള്‍ ദൈവ ഭവനത്തിലേക്ക് യാത്ര പോയിട്ടില്ല. ആ ഭാഗത്തേക്കുള്ള സഞ്ചാരപഥങ്ങളില്‍ സഞ്ചരിച്ചിട്ടുമില്ല. ഒന്നുകൂടി ചോദിക്കട്ടെ: 'താങ്കള്‍ ഹജ്ജ് ഉദ്ദേശിച്ച് ഇഹ്‌റാം വസ്ത്രം ധരിക്കാനായി മറ്റു വസ്ത്രങ്ങള്‍ അഴിച്ചുനീക്കിയിട്ടുണ്ടാവുമല്ലോ. അപ്പോള്‍ താങ്കള്‍ സ്വന്തം ദുശ്ശീലങ്ങളും ദുരാചാരങ്ങളും വലിച്ചെറിഞ്ഞുവോ? അതോ മൂടിവെച്ചുവോ?'
യാത്രക്കാരന്‍: 'ഞാന്‍ അതൊന്നും ഓര്‍ത്തിട്ടില്ല; കണക്കിലെടുത്തിട്ടുമില്ല.' അയാള്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞു.
ജുനൈദ്: 'അപ്പോള്‍ താങ്കള്‍ ഇഹ്‌റാം ചെയ്തിട്ടുമില്ല.' അദ്ദേഹം തുടര്‍ന്നു: 'അറഫാ മൈതാനിയിലെത്തിയപ്പോള്‍ സവിശേഷമായ വല്ല ആധ്യാത്മിക  അനുഭൂതിയും വെളിപാടും അനുഭവപ്പെട്ടുവോ?'
യാത്രക്കാരന്‍: 'താങ്കളുടെ ചോദ്യം മനസ്സിലായിട്ടില്ല.'
ജുനൈദ്: 'തന്റെ സ്രഷ്ടാവും നാഥനുമായ അല്ലാഹു എന്റെ കണ്‍മുമ്പിലുണ്ട് എന്ന് തോന്നിയിട്ടുണ്ടോ? അവനുമായുള്ള മുഖാമുഖക്കാഴ്ചയില്‍ താങ്കളുടെ കണ്ണുകള്‍ ശോഭിച്ചിരുന്നുവോ?'
യാത്രക്കാരന്‍: 'അങ്ങനെയുള്ള ഒരു ഭൂതോദയമൊന്നും എനിക്കുണ്ടായിട്ടില്ല.' യാതൊരു കൂസലുമില്ലാതെ പറഞ്ഞു.
'എന്നാല്‍ താങ്കള്‍ അറഫായില്‍ നിന്നിട്ടില്ല... അറഫാ മൈതാനിയില്‍ എത്തിയിട്ടുമില്ല' - ജുനൈദ് തറപ്പിച്ചു പറഞ്ഞു.
ജുനൈദ്: 'പിന്നീട് താങ്കള്‍ മുസ്ദലിഫയിലും പോയിട്ടുണ്ടാവുമല്ലേ? അവിടെ വെച്ച് താങ്കള്‍ ജഡികേച്ഛകളോട് ബന്ധം വിച്ഛേദിച്ചുവോ?'
യാത്രക്കാരന്‍: 'അക്കാര്യം എന്റെ ശ്രദ്ധയില്‍ വന്നിട്ടേയില്ല.' അയാള്‍ നിര്‍വ്യാജം മറുപടി പറഞ്ഞു.
ജുനൈദ്: 'അപ്പോള്‍ താങ്കള്‍ മുസ്ദലിഫയിലും പോയിട്ടില്ല?' അദ്ദേഹം വ്യസനത്തോടെ ചോദിച്ചു.
'ദൈവിക ഭവനം പ്രദക്ഷിണം വെച്ചപ്പോള്‍ ദിവ്യസൗന്ദര്യത്തിന്റെ മഹാദ്ഭുതം ദര്‍ശിച്ചുവോ?' ജുനൈദ് അന്വേഷിച്ചു.
യാത്രക്കാരന്‍: 'താങ്കളുടെ ഈ ചോദ്യവും മനസ്സിലായില്ല.'
ജുനൈദ്: 'അഥവാ, ത്വവാഫിന്റെ സന്ദര്‍ഭത്തില്‍ തന്റെ ദയാനിധിയായ അല്ലാഹുവിന്റെ പ്രൗഢിയും മഹത്വവും നേരില്‍ കണ്ടുവോ?'
യാത്രക്കാരന്‍: 'അങ്ങനെയൊന്നും അനുഭവപ്പെട്ടിട്ടില്ല.' അയാള്‍ അദ്ഭുതത്തോടെ പ്രതികരിച്ചു.
ജുനൈദ്: 'അപ്പോള്‍ താങ്കള്‍ ത്വവാഫും ചെയ്തിട്ടില്ലെന്നോ?' അദ്ദേഹം തുടര്‍ന്നു ചോദിച്ചു: 'സ്വഫാ - മര്‍വകള്‍ക്കിടയില്‍ ഓടിയപ്പോള്‍ അതിന്റെ ചരിത്രപശ്ചാത്തലവും ഉദ്ദേശ്യലക്ഷ്യങ്ങളും ഗ്രഹിക്കുകയും അവ ആര്‍ജിക്കാന്‍ ശ്രമിക്കുകയും ചെയ്തുവോ?'
യാത്രക്കാരന്‍: 'ഇല്ല.. അത്തരം കാര്യങ്ങളൊന്നും എന്റെ ചിന്തയിലുണ്ടായിട്ടില്ല.'
ജുനൈദ്: 'എന്നാല്‍ താങ്കള്‍ സ്വഫാ - മര്‍വകള്‍ക്കിടയില്‍ ഓടിയിട്ടുമില്ല.' വീണ്ടും ജുനൈദ് ചോദിച്ചു: 'ബലിസ്ഥാനത്ത് പോയി ബലിയറുത്തിരിക്കുമല്ലോ. അവിടെ ആത്മാവിനെ ദുഷിപ്പിക്കുന്ന ശാരീരികാഭിലാഷങ്ങളെ ബലി കൊടുത്തുവോ? മൃഗത്തെ അറുത്തപ്പോള്‍ മ്ലേച്ഛാത്മാവിന്റെ കഴുത്തിലും കത്തി ചലിപ്പിച്ചുവോ? അതോ, ഇച്ഛകളെ തുറന്നു വിട്ടു മൃഗത്തെ മാത്രം അറുത്തുവോ?'
യാത്രക്കാരന്‍: 'ഞാന്‍ കത്തി കൊണ്ട് മൃഗത്തെ അറുത്തു. ദേഹേച്ഛകളെപ്പറ്റിയൊന്നും ഞാന്‍ ഗൗനിച്ചിട്ടില്ല.'
ജുനൈദ്: 'അപ്പോള്‍ താങ്കള്‍ ബലികര്‍മവും നിര്‍വഹിച്ചിട്ടില്ല.'
തുടര്‍ന്ന് അദ്ദേഹം അന്വേഷിച്ചു: 'താങ്കള്‍ ജംറയില്‍ കല്ലെറിഞ്ഞിരിക്കുമല്ലോ. ദുര്‍മോഹങ്ങളെയും ദുഷിച്ച കൂട്ടുകാരെയും സ്വന്തത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയോ?'
യാത്രക്കാരന്‍: 'അതൊന്നും ഞാന്‍ കാര്യമായെടുത്തിട്ടില്ല.'
ജുനൈദ്: എന്നാല്‍, താങ്കള്‍ ജംറയില്‍ എറിഞ്ഞിട്ടുമില്ല. വീണ്ടും ഹജ്ജ് ചെയ്യുക; ഇബ്‌റാഹീം (അ) ചെയ്തതുപോലുള്ള ഹജ്ജ്. അതിന്റെ രൂപഭാവങ്ങളും ഉദ്ദേശ്യലക്ഷ്യങ്ങളും മനസ്സിരുത്തി ചെയ്യുക. വിശ്വാസദാര്‍ഢ്യവും അര്‍പ്പണബോധവുമുള്ളതായിരുന്നു ഇബ്‌റാഹീം നബി(അ)യുടെ ഹജ്ജ്. അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ''അല്ലാഹുവിനോടുള്ള കൂറും ഉത്തരവാദിത്വവും നിറവേറ്റിയ ഇബ്‌റാഹീം. (അന്നജ്മ്: 37)
('റോഷന്‍ സിതാരെ' എന്ന കൃതിയില്‍ നിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുര്‍റശീദ് അന്തമാന്‍)  

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി