Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

മൗലാനാ ഹഫീസുര്‍റഹ്മാന്‍ ഉമരി മദനി

സഈദ് ഉമരി മുത്തനൂര്‍

ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഉമറാബാദ് ജാമിഅ ദാറുസ്സലാം മുന്‍ പ്രിന്‍സിപ്പലും റെക്ടറുമായിരുന്ന മൗലാനാ ഹഫീസുര്‍റഹ്മാന്‍ ആസ്മി ഉമരി മദനി തന്റെ ശിഷ്യഗണങ്ങളെയും സതീര്‍ഥ്യരെയും ദുഃഖത്തിലാഴ്ത്തി നാഥനിലേക്ക് മടങ്ങി. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 82 വയസ്സായിരുന്നു. 2022 മെയ് 24-ന് ചെന്നൈയിലായിരുന്നു അന്ത്യം. ഉയര്‍ന്ന ചിന്തയുടെയും ഉദാത്ത സ്വഭാവ ഗുണങ്ങളുടെയും ഉടമയായ അദ്ദേഹം വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും മാതൃകയും വഴികാട്ടിയുമായിരുന്നു. ഇന്ത്യക്കകത്തും പുറത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട്.
ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് ഹഫീസുര്‍റഹ്മാന്‍ 1954-ല്‍ ഉമറാബാദ് ജാമിഅയില്‍ വിദ്യാര്‍ഥിയായി ചേര്‍ന്നു. 1961-ല്‍ ഫളീല ബിരുദം നേടി 'ഉമരി'യായി. പണ്ഡിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ പിതാവ് നുഅ്മാനും പിതാവിന്റെ ജ്യേഷ്ഠ സഹോദരന്‍ മൗലാനാ ഹാമിദും പ്രമുഖ ഹദീസ് പണ്ഡിതന്‍ മിയാന്‍ ഹാമിദ് ഹുസൈന്‍ ദഹ്ലവിയുടെ ശിഷ്യരാണ്. സ്മര്യപുരുഷന്റെ പിതാവ് ആദ്യം ദര്‍ഭംഗയിലെ ജാമിഅ അഹ്ദിയ്യ സലഫിയ്യയില്‍ അധ്യാപകനായിരുന്നു. പിന്നീട് 1928-ല്‍ ഉമറാബാദില്‍ ശൈഖുല്‍ ഹദീസ് ആയി സേവനമനുഷ്ഠിച്ചു. 1951-ലായിരുന്നു പിതാവിന്റെ അന്ത്യം.
കഴിഞ്ഞ 87 വര്‍ഷമായി മൗലാനയുടെ കുടുംബത്തിന് ഉമറാബാദ് ദാറുസ്സലാമുമായി നിരന്തര ബന്ധമുണ്ട്. ഉമറാബാദില്‍ നിന്ന് 1961-ല്‍ പഠനം പൂര്‍ത്തിയാക്കിയ മൗലാനാ ഹഫീസുര്‍റഹ്മാന്‍ ആ വര്‍ഷത്തെ സനദ് ദാന സമ്മേളനത്തില്‍ അറബിയില്‍ ഒരു പ്രസംഗം നടത്തി. പ്രസംഗം കേട്ട ജമാലിയ കോളേജ് പ്രിന്‍സിപ്പലും ഈജിപ്തുകാരനുമായ ശൈഖ് അഹ്മദ് ഹുസൈന്‍ ശര്‍ഖാവി അന്നത്തെ ഉമറാബാദ് പ്രിന്‍സിപ്പല്‍ അബ്ദുല്‍ മാജിദ് ഉമരി റഹ്മാനിക്ക് ഒരെഴുത്തെഴുതി; ഹഫീസുര്‍റഹ്മാനെ തന്റെ അടുക്കലേക്കയക്കണമെന്നും ഈജിപ്തിലെ അല്‍ അസ്ഹറില്‍ അയച്ച് പഠിപ്പിക്കാമെന്നും അറിയിച്ചു കൊണ്ട്.
അതിനുള്ള ഒരുക്കങ്ങള്‍ നടത്തവെയാണ് സുഊദി അറേബ്യ മദീന കേന്ദ്രമാക്കി ഒരു അന്താരാഷ്ട്ര സര്‍വകലാശാല തുടങ്ങുന്നുണ്ടെന്ന വിവരം അറിയുന്നത്. അതിലേക്ക് ഇന്ത്യയില്‍നിന്ന് 12 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തതില്‍ മൂന്ന് പേര്‍ ഉമറാബാദ് ജാമിഅയില്‍നിന്നുള്ളവരായിരുന്നു. അതില്‍ ഒരാള്‍ ഉസ്താദ് ഹഫീസുര്‍റഹ്മാന്‍ ഉമരിയും. 1961-ല്‍ മദീനാ യൂനിവേഴ്സിറ്റിയിലെ കുല്ലിയ്യശ്ശരീഅയില്‍ ചേര്‍ന്നു. 1965-ല്‍ അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി.
മൗലാനാ അബ്ദുര്‍റഹ്മാന്‍ മുബാറക് പൂരി, ഡോ. മുസ്സമ്മില്‍ ഹുസൈന്‍ (അമേരിക്ക), ശൈഖ് റബീ ഹാദി ഉമൈര്‍, ശൈഖ് ജാബിര്‍ മദ്ഖലി, അബ്ദുര്‍റഹ്മാന്‍ അബ് ദുല്‍ ഖാലിഖ് യൂസുഫ് തുടങ്ങി വ്യത്യസ്ത നാട്ടുകാരായ നൂറോളം വിദ്യാര്‍ഥികള്‍ മദീനയിലെ ആദ്യ ബാച്ചില്‍ സതീര്‍ഥ്യരായി ഉണ്ടായിരുന്നുവെന്ന് മൗലാനാ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
1966-ല്‍ മൗലാനാ ഹഫീസുര്‍റഹ്മാന്‍ ജാമിഅ ഉമറാബാദില്‍ അധ്യാപകനായി ചേര്‍ന്നു. അദ്ദേഹത്തിന്റെ ക്ലാസ്സില്‍ ഏതു വിദ്യാര്‍ഥിക്കും സംശയങ്ങള്‍ ഉന്നയിക്കാന്‍ തുറന്ന അവസരങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ ക്ലാസ് സംശയ നിവാരണത്തിന് മാത്രമായി നീക്കിവെക്കേണ്ടതായും വരും.  ജീവിതാവസാനം വരെ ഉമറാബാദില്‍ വിവിധ തസ്തികകളില്‍ അദ്ദേഹം സേവനം ചെയ്തു. ഇടക്ക് 1976-78 കാലത്ത് നൈജീരിയയിലും 1982 മുതല്‍ '86 വരെ അഞ്ച് വര്‍ഷം മലേഷ്യയിലും അധ്യാപനവും പ്രബോധന പ്രവര്‍ത്തനവുമായി കഴിച്ചുകൂട്ടി.
പഴയകാല പണ്ഡിതന്മാര്‍ക്കൊന്നും സര്‍വകലാശാലാ ബിരുദം ഉണ്ടായിരുന്നില്ല. എങ്കിലും അവര്‍ ഇബ്നു അബ്ബാസിനൊത്ത മുഫസ്സിറുകളും സീബവൈഹിക്കൊത്ത വ്യാകരണ വിദഗ്ധരും ജൂര്‍ജാനിയെപ്പോലെ ഭാഷാ നിപുണരുമായിരുന്നുവെന്ന് ഹഫീസുര്‍റഹ്മാന്‍ അഭിമാനം കൊള്ളാറുണ്ട്. ഹഫീസുര്‍റഹ്മാന്‍ അനുസ്മരിച്ച ഒരു സംഭവം ഇങ്ങനെ:  ഒരിക്കല്‍ ശൈഖ്  അമീന്‍ ശന്‍ഖീതിയോട് ആരോ ചോദിച്ചത്രെ: 'താങ്കള്‍ എവിടെ നിന്നാണ് ബിരുദമെടുത്തത്?' (മിന്‍ അയ്ന ഹസല്‍ത ശഹാദ?). അദ്ദേഹത്തിന്റെ മറുപടി കൗതുകമുണര്‍ത്തുന്നതായിരുന്നു: 'വല്ലാഹി മാ ഇന്‍ദീ ശഹാദ ഗയ്റ ശഹാദ: അന്‍ലാ ഇലാഹ ഇല്ലല്ലാഹ്' (എന്റെയടുക്കല്‍ ശഹാദത്ത് കലിമയല്ലാത്ത ഒരു ശഹാദയും ഇല്ല).
പ്രശസ്തരായ ശൈഖ് ഇബ്നു ബാസ്, ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി, ശൈഖ് അമീന്‍ ശന്‍ഖീതി, വിസിറ്റിംഗ് പ്രഫസറായിരുന്ന ഡോ. മുഹമ്മദ് ഹമീദുല്ലാ എന്നിവര്‍ മദീനാ യൂനിവേഴ്സിറ്റിയില്‍ സ്മര്യപുരുഷന്റെ ഗുരുനാഥന്മാരായിരുന്നു. മൗലാനാ ഹഫീസുര്‍റഹ്മാന്‍ കേരളവുമായും മലയാളി വിദ്യാര്‍ഥികളുമായും ഹൃദയബന്ധം കാത്തുസൂക്ഷിച്ചിരുന്നു.
ആലുവ അസ്ഹറുല്‍ ഉലൂം, ശാന്തപുരം അല്‍ ജാമിഅ, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ട്. 2021 നവംബറില്‍ പെരിന്തല്‍മണ്ണയില്‍  നടന്ന കേരള ചാപ്റ്റര്‍ ഉമരി സംഗമത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഹഫീസുര്‍റഹ്മാന്‍ ഉമറാബാദ് ജാമിഅ ജനറല്‍ സെക്രട്ടറി കാക്ക സഈദ് ബാബു ഉമരി, പുത്രനും അസിസ്റ്റന്റ് സെക്രട്ടറിയുമായ കാക്ക അനീസ് അഹ്മദ് ഉമരി എന്നിവരോടൊപ്പം ശാന്തപുരം അല്‍ ജാമിഅ സന്ദര്‍ശിച്ചിരുന്നു.
അഹ്ലെ ഹദീസ് പണ്ഡിതനായിരുന്ന അദ്ദേഹം കുറ്റിപ്പുറം മുജാഹിദ് സമ്മേളനത്തില്‍ സംബന്ധിച്ചിരുന്നു. കേരളത്തില്‍ കാത്തിബ് മുഹ്‌യിദ്ദീന്‍ ഉമരി, പ്രഫ. സഈദ് മരക്കാര്‍ വളാഞ്ചേരി എന്നിവര്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യരാണ്. ഇന്ത്യക്കകത്തും പുറത്തും അദ്ദേഹത്തിന്റെ ആയിരക്കണക്കായ ശിഷ്യന്മാര്‍ വിദ്യാഭ്യാസ-ദഅ്വാ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നു. അടുത്ത കാലത്ത് മദീനയില്‍ അന്തരിച്ച പ്രമുഖ ഹദീസ് പണ്ഡിതന്‍ ഡോ. സിയാവുര്‍റഹ്മാന്‍ അദ്ദേഹത്തിന്റെ ശിഷ്യനാണ്. എന്‍.എം ശരീഫ് മൗലവി സ്മരണിക 'തലമുറകളുടെ രാജശില്‍പി'യില്‍ മൗലവിയുടെ വിജ്ഞാന തൃഷ്ണയെ ഹഫീസുര്‍റഹ്മാന്‍ എടുത്തെഴുതുന്നുണ്ട്.
ഇടക്ക് കുറച്ച് കാലം പത്ര പ്രവര്‍ത്തകനായും മൗലാനാ സേവനം ചെയ്തിട്ടുണ്ട്. ദല്‍ഹിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദഅ്വത്ത് ഡെയ്‌ലി (ഇപ്പോള്‍ ഇത് വാരികയാണ്)യുടെ സബ് എഡിറ്ററായിരുന്നു അദ്ദേഹം. യു.പിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അല്‍ മദീനയില്‍ ലേഖകനായും പ്രവര്‍ത്തിച്ചു.  ഹറമൈന്‍ മൊറാദാബാദ്, മദീന ബിജ്നൂര്‍, ഹമാരി സുബാന്‍ അലീഗഢ്, ആജ്കല്‍ ദല്‍ഹി, അഹ്ലെ ഹദീസിന്റെ ശുക്റാവ തുടങ്ങിയ പത്രങ്ങളിലും അദ്ദേഹം ലേഖനങ്ങള്‍ എഴുതിപ്പോന്നു.
'നിങ്ങള്‍ ദുന്‍യാവിന് നല്‍കുന്നവരാവുക. ലോകത്തിന് ഇല്ലാത്തത് സംഭാവന ചെയ്യുക. ഭൗതികതയെ വേള്‍ക്കരുത്. ലോകത്തിന് നിങ്ങളെ അവഗണിക്കാന്‍ കഴിയാത്ത വിധം കരുത്തും കഴിവും ആര്‍ജിക്കുക. കൂരിരുട്ടില്‍ ഒരു മെഴുക് തിരിയെങ്കിലും കത്തിച്ചുവെക്കുക' - കഴിഞ്ഞ നവംബറില്‍ പെരിന്തല്‍മണ്ണയില്‍ നടന്ന അലുംനി സമ്മേളനത്തില്‍ ഹഫീസുര്‍റഹ്മാന്‍ ഉദ്ബോധിപ്പിച്ചത് ഓര്‍ക്കുന്നു. സംഘടനാ പക്ഷപാതത്തില്‍ നിന്ന് മൗലാനാ അകന്നുനിന്നു. ഹനഫികളുടെയും അഹ്ലെ ഹദീസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും മിമ്പറുകളിലേക്ക് അദ്ദേഹം ക്ഷണിക്കപ്പെടാറുണ്ടായിരുന്നു. പരേതരായ അല്ലാമാ ശാക്കിര്‍ നാഇത്വി, ഹാഫിള് അബ്ദുല്‍ വാഹിദ് റഹ്മാനി, മൗലാനാ അബ്ദുസ്സുബ്ഹാന്‍ ആസ്മി ഉമരി, സയ്യിദ് അമീന്‍ ഉമരി, സയ്യിദ് അബ്ദുല്‍ കബീര്‍  ഉമരി, ഇപ്പോള്‍ ബാംഗ്ലൂരില്‍ വിശ്രമ ജീവിതം നയിക്കുന്ന ശൈഖ് അബുല്‍ ബയാന്‍ ഹമ്മാദ് ഉമരി തുടങ്ങിയവരായിരുന്നു ഉമറാബാദില്‍ മൗലാനയുടെ പ്രധാന ഗുരുവര്യന്മാര്‍.
തഫ്സീര്‍, ഹദീസ്, ഉസ്വൂലുല്‍ ഹദീസ്, ഉസ്വൂലുല്‍ ഫിഖ്ഹ് എന്നിവയായിരുന്നു മൗലാനയുടെ ഇഷ്ട വിഷയങ്ങള്‍. ഡോ. അബ്ദുസ്സുബൂര്‍ മര്‍സൂഖിയുടെ അല്‍ ഗസ്‌വുല്‍ ഫിക്‌രി എന്ന കൃതി ഇസ്ലാം മേം ഇഖ്തിലാഫ് കേ ആദാബ് എന്ന പേരില്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനം ചെയ്തെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. ഡോ. മുസ്ത്വഫസ്സിബാഇയുടെ ഹാകദാ അല്ലമത്ത്‌നീ അല്‍ ഹയാത്ത് ഉര്‍ദുവിലേക്ക് പരിഭാഷപ്പെടുത്തി (മേരി സിന്ദഗി കാ ഹാസില്‍) ഉത്തരവാദപ്പെട്ട ആളെ ഏല്‍പിച്ചിട്ട് വര്‍ഷങ്ങളായി. ഇതുവരെ പ്രകാശിതമായിട്ടില്ല.  'അര്‍ദെ ഹറം മേ പഹലാ ഖദം' (ഹറമില്‍ പാദമൂന്നിയ നേരം) 2009- ല്‍ ഉമറാബാദ് രചനാ വിഭാഗം പ്രസിദ്ധീകരിച്ചു.  സ്വദായെ ദില്‍ (പ്രഭാഷണ സമാഹാരം), മതാ ഏ ഖുര്‍ആന്‍ എന്നീ കൃതികളും അദ്ദേഹത്തിന്റേതാണ്.
വന്ദ്യഗുരു ഹഫീസുര്‍റഹ്മാന്റെ പരലോക ജീവിതം ധന്യമായിത്തീരട്ടെ. നാഥന്‍ സ്വര്‍ഗീയാരാമങ്ങളില്‍ ഇടം നല്‍കി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി