Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

ഉദുഹിയ്യത്ത് സംശയങ്ങളും മറുപടിയും

മുശീര്‍

ഓരോ വര്‍ഷവും മുസ്‌ലിംകള്‍ നൂറുകണക്കിന് ഉരുക്കളെ ബലിയറുക്കുന്നു. ഒരു മത്സരബുദ്ധി തന്നെ പലയിടങ്ങളിലും കാണാന്‍ കഴിയുന്നു. ബലിയുടെ പ്രാധാന്യവും ശ്രേഷ്ഠതയും വിശദീകരിക്കാമോ?

സര്‍വ ശക്തനായ അല്ലാഹുവിന്റെ സാമീപ്യവും കൂടുതല്‍ പ്രതിഫലവും കരസ്ഥമാക്കാന്‍ സാധിക്കുന്ന സുന്നത്തായ കര്‍മമാണ് ഉദുഹിയ്യത്ത്. അതോടൊപ്പം ഖലീലുല്ലാഹി ഇബ്‌റാഹീം (അ) യുടെ ത്യാഗത്തെ അയവിറക്കലും, അതിനെ നടപ്പില്‍ വരുത്തലും, പാവങ്ങളെ സഹായിക്കലും, കൂട്ടുകുടുംബാദികളെയും സ്‌നേഹിതരെയും സന്തോഷിപ്പിക്കലും, സാമൂഹിക ഐക്യവും കെട്ടുറപ്പും പ്രകടമാക്കലുമെല്ലാം ഒത്തു ചേരുന്ന പുണ്യകര്‍മവുമാണത്. 
''(ആകയാല്‍) നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുക'' (അല്‍ കൗസര്‍ 2).
''(ബലി) ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നിങ്ങള്‍ക്ക് അവയില്‍ നന്മയുണ്ട്. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തി അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് ബലി അര്‍പ്പിക്കുക'' (അല്‍ ഹജ്ജ് 36).
ഇവിടെ ഒരു വസ്തുത കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഈ സൂക്തങ്ങളില്‍ മൃഗബലി സംബന്ധിച്ച് നല്‍കിയ വിധി ഹാജിമാര്‍ക്കു മാത്രം ബാധകമായതല്ല. ഹജ്ജുവേളയില്‍ മക്കയില്‍വെച്ച് നിര്‍വഹിക്കാനുള്ളത് മാത്രവുമല്ല. മറിച്ച്, കഴിവുള്ള എല്ലാ മുസ്ലിംകള്‍ക്കും അവര്‍ എവിടെയായിരുന്നാലും ബാധകമായ വിധിയാണത്. ജന്തുക്കളെ അധീനപ്പെടുത്തുന്നതിന് അല്ലാഹുവിന് ശുക്ര്‍ ചെയ്യുകയും വന്ദിക്കുകയും താന്താങ്ങളുടെ പ്രദേശങ്ങളില്‍ വെച്ച് ഹാജിമാരോട് പങ്കുചേരുന്ന ഒരവസ്ഥ സൃഷ്ടിക്കുകയും ചെയ്യേണ്ടതുണ്ട്. ഹജ്ജ് ചെയ്യുക എന്ന മഹാഭാഗ്യത്തിന് അവസരം ലഭിക്കാത്ത ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള മുസ്ലിംകള്‍ നന്നച്ചുരുങ്ങിയത്, ഹജ്ജിന്റെ നാളുകളില്‍ ദൈവികമന്ദിരത്തിനടുത്ത് ഹാജിമാര്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ആ കര്‍മങ്ങള്‍ അനുകരിക്കുകയെങ്കിലും വേണം. 
നബി (സ) പറഞ്ഞു: ''ഉദുഹിയ്യ അറുക്കാന്‍ സാമ്പത്തിക സ്ഥിതിയുണ്ടായിട്ടും (ഉദുഹിയ്യ) അറുക്കുന്നില്ലെങ്കില്‍ അവന്‍ നമ്മുടെ നമസ്‌കാര സ്ഥലത്തിന്റെ പരിസരത്ത് പോലും വരരുത്'' (അഹ്മദ്: 8273). 
നബി(സ) മദീനയില്‍ പത്തു വര്‍ഷം താമസിച്ചു. എല്ലാ വര്‍ഷവും അവിടുന്ന് മൃഗബലി നടത്തി.
നബി (സ) ബലിപെരുന്നാള്‍ ദിനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചതായി അനസുബ്നു മാലികില്‍നിന്ന് ബുഖാരി ഉദ്ധരിക്കുന്നു: ''നമസ്‌കാരത്തിന് മുമ്പ് അറവ് നടത്തിയവന്‍ അത് മടക്കിക്കൊള്ളട്ടെ. നമസ്‌കാരത്തിനു ശേഷം അറവ് നടത്തിയവന്‍ തന്റെ ബലികര്‍മം പൂര്‍ത്തീകരിക്കുകയും മുസ്ലിംകളുടെ ചര്യ അനുഷ്ഠിക്കുകയും ചെയ്തു'' (ബുഖാരി: 5546).
ബലികര്‍മത്തിനു ശേഷം നടത്തിയാല്‍ മുസ്ലിംകളുടെ സുന്നത്തിന് വിപരീതമാവുകയും, അതിനു മുമ്പ് നടത്തിയാല്‍ മുസ്ലിംകളുടെ സുന്നത്തിന് അനുയോജ്യമാവുകയും ചെയ്യുന്ന ഒരു നമസ്‌കാരം ബലിദിനത്തില്‍ (യൗമുന്നഹ്ര്‍) മക്കയിലില്ല എന്നത് അറിയപ്പെട്ട കാര്യമാണല്ലോ. അതുകൊണ്ടുതന്നെ ഈ വിധി ഹജ്ജ് നിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും, മറിച്ച് മദീനയിലേക്കുള്ളതാണെന്നും അസന്ദിഗ്ധമായി തെളിയുന്നു. 

സാമ്പത്തിക ശേഷിയുള്ള എല്ലാവര്‍ക്കും അത് നിര്‍ബന്ധമാണോ?

ശാഫിഈ മദ്ഹബിന്റെ വീക്ഷണത്തില്‍ പെരുന്നാള്‍ ദിവസം തന്റെ ആവശ്യങ്ങള്‍ കഴിച്ച്, ബലി കൊടുക്കാനുള്ളത്രയും സമ്പത്ത് കൈവശമുള്ള, പ്രായപൂര്‍ത്തിയും പക്വതയുമുള്ള സത്യവിശ്വാസിക്ക് ഉദുഹിയ്യത്ത് (ബലികര്‍മം) വളരെ പ്രധാനപ്പെട്ട സുന്നത്താണ്. എന്നാല്‍, പല അംഗങ്ങളുള്ള ഒരു കുടുംബത്തെ സംബന്ധിച്ചേടത്തോളം കുടുംബത്തിലെ ഒരാള്‍ ഉദുഹിയ്യത്ത് നിര്‍വഹിക്കുന്നത് മൂലം ബാക്കിയുള്ളവരില്‍ നിന്നും ആ ബാധ്യത ഒഴിവാകുന്നതാണ്. 

എത്ര ദിവസം വരെ ബലികര്‍മം നിര്‍വഹിക്കാം?


അയ്യാമുത്തശ്രീഖിന്റെ അവസാന ദിവസത്തെ (ദുല്‍ ഹിജ്ജ 13) സൂര്യാസ്തമയം വരെ അറവ് നിര്‍വഹിക്കാവുന്നതാണ്. 

ബലി മൃഗത്തിന് വല്ല നിബന്ധനകളും ഉണ്ടോ? 

ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിദാനത്തിനായി മതം അംഗീകരിച്ചിട്ടുള്ള മൃഗങ്ങള്‍. ഇവയല്ലാതെ ബലിക്ക് മതിയാകുകയില്ലെന്ന് ഇജ്മാഅ് (ഏകാഭിപ്രായം) ഉണ്ടെന്ന് ഇമാം നവവി രേഖപ്പെടുത്തിയതായി കാണാം (ശര്‍ഹു മുസ്ലിം 13/125). പോത്ത്, എരുമ എന്നിവ കാള, പശു എന്ന ഗണത്തില്‍ ഉള്‍പ്പെടുന്നതാണ്. 
നിശ്ചിത പ്രായമുള്ളതാവണം: 
പല മൃഗങ്ങള്‍ക്കും പല പ്രായമാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ആട് രണ്ട് തരമുണ്ട്: ചെമ്മരിയാടാണെങ്കില്‍ ആറുമാസം പൂര്‍ത്തിയായി ഏഴാം മാസത്തില്‍ പ്രവേശിച്ചാല്‍ മതി. കോലാടാണെങ്കില്‍ ഒരു വയസ്സ് പൂര്‍ത്തിയായി രണ്ടാം വയസ്സിലേക്ക് പ്രവേശിച്ചതായിരിക്കണം. പശു വര്‍ഗം രണ്ട് വയസ്സ് പൂര്‍ത്തിയായി മൂന്നാം വയസ്സില്‍ പ്രവേശിച്ചതായിരിക്കണം. ഒട്ടകം അഞ്ച് വയസ്സ് പൂര്‍ത്തിയായി ആറാം വയസ്സില്‍ പ്രവേശിച്ചതാകണം. ഇക്കാര്യം ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ വന്നിട്ടുണ്ട്.
ന്യൂനത ഇല്ലാത്തതാവണം:
ന്യൂനതകള്‍ പലതാണ്. നബി (സ)പറഞ്ഞു: ''നാലുതരം ന്യൂനതയുള്ളവ ബലിക്ക് അനുവദനീയമല്ല: കണ്ണിന് വ്യക്തമായ തകരാറുള്ളത്, വ്യക്തമായ രോഗം ഉള്ളത്, വ്യക്തമായ മുടന്തുള്ളത്, മജ്ജ പൂര്‍ണമായും നഷ്ടപ്പെട്ടത്'' (അബൂദാവൂദ്: 2804).
ബറാഉബ്‌നു ആസിബില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞതായി അദ്ദേഹം ഉദ്ധരിക്കുന്നു: ''പ്രകടമായ തോതില്‍ മുടന്തുള്ളതും കാഴ്ചക്കുറവുള്ളതും രോഗമുള്ളതും, പരിഹരിക്കാനാവാത്ത വിധം മെലിഞ്ഞതുമായ മൃഗത്തെ ബലിയറുക്കാവതല്ല'' (തിര്‍മിദി: 1576).
സമാനമായതോ ഇതിനെക്കാള്‍ ഗൗരവമേറിയതോ ആയ ന്യൂനതകള്‍ ഉണ്ടായാലും ഇപ്രകാരം തന്നെയാണ്. കണ്ണ് നഷ്ടപ്പെട്ടത്, കൈയോ കാലോ ഇല്ലാത്തത്, നടക്കാനാവാത്ത വിധം മുടന്തുള്ളത്, വീണോ കുടുങ്ങിയോ വാഹനമിടിച്ചോ ഒക്കെ സാരമായ പരിക്കുകള്‍ ഏറ്റത് എന്നിവ ഉദാഹരണം.

ബലിമൃഗത്തിന്റെ കൊമ്പും തോലുമെല്ലാം എന്തു ചെയ്യണം?


ബലിമൃഗത്തിന്റെ തോല്‍, കൊമ്പ് തുടങ്ങിയ ഒരു ഭാഗവും വില്‍ക്കാനോ, വാടകക്ക് നല്‍കാനോ, അറവുകാരന് കൂലിയായി നല്‍കാനോ ഒന്നും പാടില്ല. മറിച്ച്, അവ ദാനം ചെയ്യുകയാണ് വേണ്ടത്. ബലി മൃഗത്തിന്റെ യാതൊന്നും വില്‍ക്കാവതല്ല. തോല്‍ വില്‍ക്കുന്നുവെങ്കില്‍ തന്നെ അതിന്റെ വില ദരിദ്രര്‍ക്ക് ദാനം ചെയ്യേണ്ടതാണ്. അറവുകാരന്റെ കൂലിയായി ഒരിക്കലും തന്നെ തോല്‍ നല്‍കാവുന്നതല്ല. 
അലി(റ) പറയുന്നു: ''നബി (സ) എന്നോട് ബലി മൃഗത്തെ കൈകാര്യം ചെയ്യാന്‍ കല്‍പിച്ചു. അതിന്റെ മാംസവും തോലും എല്ലാം ദാനം ചെയ്യാനും അറവുകാരന് അതില്‍ നിന്ന് നല്‍കാതിരിക്കാനും നബി (സ) എന്നോട് കല്‍പിച്ചു.'' മറ്റൊരു റിപ്പോര്‍ട്ടില്‍, 'ദരിദ്രര്‍ക്ക് നല്‍കാന്‍ കല്‍പിച്ചു' എന്നാണുള്ളത് (ബുഖാരി: 1717, മുസ്ലിം: 3241).

ബലി മാംസം എന്തു ചെയ്യണം?
ബലി മാംസം മൂന്നു തരത്തില്‍ ഉപയോഗിക്കാമെന്നാണ് ഖുര്‍ആന്‍ (അല്‍ ഹജ്ജ് 28;36) പഠിപ്പിക്കുന്നത്. 
1. സ്വയം ഭക്ഷിക്കുക. 
2. ദരിദ്രര്‍ക്ക് ദാനമായി നല്‍കുക. 
3. അയല്‍വാസിക്കും കുടുംബത്തിനും തന്റെ വക പാരിതോഷികമായി നല്‍കുക. 

ഉദുഹിയ്യത്തിനു പകരം അതിന്റെ വില ദാനം നല്‍കുന്നതല്ലേ കൂടുതല്‍ ഉത്തമം?


പോര എന്നതാണ് ഉത്തരം. കാരണം, ഒന്നാമതായി അതുവഴി പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രത്യേക സുന്നത്ത് അവഗണിക്കപ്പെടാനും പിന്നീട് തീരെ ഇല്ലാതായിപ്പോകാനും ഇടവരും. രണ്ടാമതായി, പ്രവാചകനോ ശേഷം വന്ന ഖലീഫമാരോ ആരുംതന്നെ ഈ സുന്നത്ത് നിര്‍ത്തലാക്കുകയോ, എന്നിട്ടതിനു പകരം ദാനധര്‍മങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല. നിര്‍ബന്ധമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും എന്ന് ഭയന്നു ചില സന്ദര്‍ഭങ്ങളില്‍ അബൂബക്‌റും (റ) ഉമറും (റ) ബലിയറുക്കാതിരുന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും വരള്‍ച്ചയും വറുതിയും ക്ഷാമവുമുള്ള കാലത്ത് പോലും ആ സുന്നത്ത് അവരാരും നിര്‍ത്തല്‍ ചെയ്തിട്ടില്ല. ഖുര്‍ആനിലും ഹദീസിലും വന്നതനുസരിച്ച് ഉദുഹിയ്യത്ത് വാജിബാണ് എന്നുവരെ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം, കല്‍പ്പനാ സ്വരത്തിലാണ് പലപ്പോഴും അക്കാര്യം വന്നിട്ടുള്ളത്. അതിനാല്‍, ഏറ്റവും ചുരുങ്ങിയത് ആ സുന്നത്ത് പൂര്‍ണമായും ഉപേക്ഷിക്കാതിരിക്കാനെങ്കിലും നാം ശ്രദ്ധിക്കണം.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി