Prabodhanm Weekly

Pages

Search

2022 ജൂണ്‍ 24

3257

1443 ദുല്‍ഖഅദ് 24

ആഇശ പ്രതിഭയുടെയും പ്രണയത്തിന്റെയും ഉജ്ജ്വല ജീവിതം

ടി. മുഹമ്മദ് വേളം

മനുഷ്യ ചരിത്രത്തിലെ ഏറെ തിളക്കമുള്ള സ്ത്രീ വ്യക്തിത്വമാണ് ആഇശ (റ).  അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു, മറ്റെല്ലാ പ്രവാചകാനുചരന്മാരെയും പോലെ. അവര്‍ പ്രതിഭാശാലിയായിരുന്നു. പ്രവാചകനെ പ്രണയിച്ചും പ്രവാചകനാല്‍ പ്രണയിക്കപ്പെട്ടും തന്റെ സ്ത്രൈണതക്ക് അര്‍ഥം നല്‍കിയ സ്ത്രീവ്യക്തിത്വം കൂടിയായിരുന്നു അവര്‍. സ്ത്രൈണത പ്രതിഭാവിലാസത്തിനെതിരാണന്ന ധാരണയെ അവര്‍ ജീവിതംകൊണ്ട് തിരുത്തി. ഒരു സ്ത്രീപ്രതിഭ ഒരിക്കലും നല്ല ഇണയാവില്ലെന്ന ദ്വന്ദ്വയുക്തിയെയും അവര്‍ പ്രവാചകനുമായുള്ള പ്രണയജീവിതംകൊണ്ട് തിരുത്തി. പ്രതിഭക്ക് പ്രണയിക്കാനാവും. നല്ല ഇണയായി ജീവിക്കാനാവും. നല്ല ഇണയായിരിക്കെത്തന്നെ മുസ്‌ലിം സ്ത്രീക്ക് പ്രതിഭാധനത്വത്തിന്റെ ഉത്തുംഗതകളെ എത്തിപ്പിടിക്കാനാവും. ഈ സമന്വയത്തിന്റെ സാക്ഷ്യമാണ് മഹതി ആഇശയുടെ ജീവിതം.
ബുദ്ധിശക്തിയും സര്‍ഗസിദ്ധിയും ധീരതയും ആത്മാഭിമാനവും ആഇശയില്‍ ദര്‍ശിക്കാനാവും. അതേനേരം പ്രണയവും ആര്‍ദ്രതയും നിത്യനിലാവുപോല്‍ അവരില്‍ നിറഞ്ഞുനില്‍ക്കുന്നു. അവര്‍ പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ട പത്നിമാരില്‍ ഒരാളാണ്. മുസ്‌ലിം ഉമ്മത്തിന്റെ ആദര്‍ശ മാതാവാണ്. അവര്‍ ഈ ഉമ്മത്തിനെ ഉമ്മയെപ്പോലെ സ്നേഹിച്ചു; ഉമ്മത്ത് അവരെയും. അവരെ പ്രവാചകന്‍ പ്രണയിച്ചു; അവര്‍ പ്രവാചകനെയും. സ്ത്രീകള്‍ ആത്മാഭിമാനികളാവുന്നത് അത്ര നല്ലതോ? ചില പുരുഷന്മാര്‍ക്കെങ്കിലും ഈ സന്ദേഹം മൂലയിലെങ്കിലും കിടക്കുന്നുണ്ടാവും. ആ സന്ദേഹത്തിന് പ്രവാചകന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ മറുപടിയാണ് ആഇശ ബീവിയുടെ ജീവിതം.
ആഇശ(റ)യുടെ ജീവിതത്തിലെ ഏറ്റവും കഠിനതരമായ അനുഭവമായിരുന്നു അപവാദ സംഭവം. തീക്ഷ്ണ പരീക്ഷണത്തിനൊടുവില്‍ പത്ത് ആയത്തുകളിലൂടെ അല്ലാഹു തന്നെ അവരെ കുറ്റമുക്തയായി പ്രഖ്യാപിച്ചു. അപ്പോള്‍ അവരുടെ മാതാവ് ഉമ്മു റുമാന്‍ അവരോട് പറഞ്ഞു: ''മകളേ, എഴുന്നേല്‍ക്കൂ, ഭര്‍ത്താവിനോട് മാപ്പിരക്കൂ.'' ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ട് അവര്‍ പറഞ്ഞു: ''എന്റെ നിരപരാധിത്വം വെളിപ്പെടുത്തിയ അല്ലാഹുവിനോടല്ലാതെ മറ്റാരോടും എനിക്ക് നന്ദി പറയാനില്ല.'' ഇത് ധിക്കാരമല്ല, ആത്മാഭിമാന പ്രകടനമാണ്.

സ്ത്രീകളുടെ അഭിമാനം
 സ്വന്തം അഭിമാനത്തെ മാത്രമല്ല, സ്ത്രീ സമൂഹത്തിന്റെ ന്യായമായ മുഴുവന്‍ അഭിമാനത്തെയും അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ഒരിക്കല്‍ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് ആരോ പറഞ്ഞു: ''പട്ടിയും കഴുതയും പെണ്ണും മാത്രമാണ് നമസ്‌കാരത്തിന് തടസ്സമാവുന്നത്.'' ഇത് പ്രചരിപ്പിക്കുന്നതിനെ അവര്‍ ശക്തമായി എതിര്‍ത്തു. അവര്‍ പറഞ്ഞു: ''കഴുതയോടും പട്ടികളോടുമാണ്  ഞങ്ങളെ സാദൃശ്യപ്പെടുത്തിയത്, അല്ലേ?'' ശേഷം അവര്‍ തുടര്‍ന്നു: ''ഒരു രാത്രി പ്രവാചകന്‍ നമസ്‌കരിക്കുകയായിരുന്നു. അവിചാരിതമായി എന്റെ കാല്‍ റസൂലിന്റെ മുന്നിലാകുമ്പോള്‍ സുജൂദ് ചെയ്യാന്‍വേണ്ടി എന്റെ കാല്‍ അല്‍പം നീക്കിവെക്കും, സുജൂദ് കഴിഞ്ഞാല്‍ തല്‍സ്ഥാനത്തു തന്നെ വെക്കുകയും ചെയ്യും.'' സ്ത്രീ, വീട്, കുതിര എന്നീ മൂന്നു വസ്തുക്കളില്‍ ദുശ്ശകുനമുണ്ടെന്ന് നബി പറഞ്ഞതായി അബൂഹുറയ്‌റയുടെ നിവേദനം ചിലര്‍ ആഇശയുടെ ശ്രദ്ധയില്‍പ്പെടുത്തി. അവര്‍ പറഞ്ഞു: ''ഇത് ശരിയല്ല. അബൂഹുറയ്‌റ നബി പറഞ്ഞതിന്റെ പകുതി മാത്രമേ കേട്ടിട്ടുള്ളൂ. പകുതി കേട്ടിട്ടില്ല. പകുതി ഭാഗം നബി പറഞ്ഞതിനു ശേഷമാണ് അദ്ദേഹം എത്തിയത്. തിരുമേനി പറഞ്ഞത് ഇങ്ങനെയാണ്: യഹൂദര്‍ പറയുന്നു, ദുശ്ശകുനം സ്ത്രീ, വീട്, കുതിര എന്നീ മൂന്ന് വസ്തുക്കളിലാണെന്ന്'' (അബൂദാവൂദ്).
ജീവ ചരിത്ര താളുകളില്‍നിന്ന് ഇത്തരം സംഭവങ്ങള്‍ ഇനിയും എടുത്തെഴുതാന്‍ കഴിയും. സ്ത്രീയുടെ ആത്മാഭിമാനം ആഇശയുടെ പരിഗണനാ വിഷയമായിരുന്നു. സ്ത്രീവിരുദ്ധം എന്ന് അഥവാ വസ്തുതാവിരുദ്ധം എന്ന് അവര്‍ മനസ്സിലാക്കിയ വാദഗതികളോട് അവര്‍ എതിരിട്ടു. ജനാബത്ത് കുളിക്കുമ്പോള്‍ സ്ത്രീകള്‍ പിന്നില്‍ മെടഞ്ഞിട്ട തലമുടി അഴിക്കണമെന്ന് ഇബ്നു ഉമര്‍ (റ) ഫത്വ നല്‍കിയപ്പോള്‍ ആഇശ (റ) പറഞ്ഞു: ''അദ്ദേഹം ഞങ്ങളുടെ തല മുണ്ഡനം ചെയ്യാന്‍ എന്തുകൊണ്ട് പറഞ്ഞില്ല! ഞാനും തിരുമേനിയും ഒന്നിച്ചു കുളിച്ചു. ഞാന്‍ മുടിച്ചുരുള്‍ അഴിച്ചില്ല'' (മുസ്‌ലിം, നസാഇ).
ഒരു ഘാതകന്‍ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍, ആവശ്യമായ പിഴ അടക്കുന്നതിനു വധിക്കപ്പെട്ട ആളുടെ അവകാശികള്‍ സംതൃപ്തിയോടെ സമ്മതം നല്‍കേണ്ടതുണ്ട്. സമ്മതം നല്‍കേണ്ടവരുടെ കൂട്ടത്തില്‍ അവകാശികളില്‍ പെട്ട പുരുഷന്മാര്‍ മാത്രമല്ല, സ്ത്രീകളും പെടും എന്ന് ആഇശ (റ) പറഞ്ഞിട്ടുണ്ട് (ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ- സയ്യിദ് സുലൈമാന്‍ നദ്‌വി). നിയമ നിര്‍ധാരണത്തില്‍ ആഇശ (റ) സ്ത്രീകളുടെ അവകാശങ്ങള്‍  വിസ്മരിച്ചിരുന്നില്ല എന്ന് സയ്യിദ് സുലൈമാന്‍ നദ്വി  നിരീക്ഷിക്കുന്നു. ഒരു ഉദാഹരണം.  ഒരാള്‍ക്ക് അവകാശിയായി മകന്‍ ഇല്ല; രണ്ട് പെണ്‍മക്കളും പൗത്രന്മാരും പൗത്രിമാരും  മാത്രമേയുള്ളൂ. പരേതന്റെ സ്വത്ത് എങ്ങനെ ഭാഗിക്കണം? ഇബ്നു മസ്ഊദ് പൗത്രിമാര്‍ക്ക് അവകാശമില്ലെന്ന വാദക്കാരനാണ്. ആഇശ (റ) പൗത്രിമാര്‍ക്കും അവകാശമുണ്ടെന്ന പക്ഷത്തും (ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ - സയ്യിദ് സുലൈമാന്‍ നദ്‌വി). സഈദ് റമദാന്‍ ബൂത്വി തന്റെ ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ എന്ന പുസ്തകത്തില്‍ എഴുതുന്നു: ''സ്ത്രീ മഹത്വം ഹനിക്കും വിധത്തില്‍ സംസാരിച്ച ആരെയും ആഇശാ ബീവി വെറുതെ വിട്ടില്ല.''
അവര്‍ പ്രവാചകരോടടക്കം പ്രകടിപ്പിച്ച ആത്മാഭിമാനത്തെ അടിസ്ഥാനമാക്കി അവര്‍ പ്രവാചകസമാജത്തിലെ ഒരു വിമത വ്യക്തിത്വമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ഇസ്‌ലാംവിരുദ്ധര്‍ ശ്രമിക്കുന്നുണ്ട്. ആഇശയെ മഹത്വപ്പെടുത്തി പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് അതിന്റെ  ഉദ്ദേശ്യം. ആ വാദത്തിനെതിരായി അവരുടെ പ്രവാചകാനുസരണത്തിന്റെയും വിധേയത്വത്തിന്റെയും  നൂറുനൂറു ഉദാഹരണങ്ങള്‍ മഹതിയുടെ ജീവിതത്തില്‍നിന്ന് ഉദ്ധരിക്കാന്‍ കഴിയും. പ്രവാചകന്‍ അവരെ അതിരറ്റു സ്നേഹിച്ചു; അവര്‍ പ്രവാചകനെയും. ആ ബന്ധം സംഘര്‍ഷത്തിന്റെതായിരുന്നില്ല; പ്രണയത്തിന്റേതും സമവായത്തിന്റേതുമായിരുന്നു - അവര്‍ പ്രവാചകന്റെ മുന്നില്‍പോലും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ചിരുന്നു. അത് ഒരു തെറ്റായ കാര്യമല്ല. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളെക്കൂടി ഉള്‍ക്കൊള്ളാനുള്ള ശേഷി ആര്‍ജിക്കുമ്പോഴാണ് ബന്ധം ആരോഗ്യകരമായ ബന്ധമായി വികസിക്കുക.  അല്ലെങ്കില്‍ ആ ബന്ധം കേവല അടിമത്തത്തിന്റേതും വിധേയത്വത്തിന്റേതുമായി മാറും. പ്രവാചകനോടുള്ള അനുസരണവും വിധേയത്വവും പ്രധാനമായിരിക്കെത്തന്നെ മനുഷ്യനും ജീവിതപങ്കാളിയുമെന്ന തലത്തില്‍ തിരുമേനിയോട് വിയോജിക്കാനുള്ള സ്വാതന്ത്ര്യവും പ്രവാചകന്‍ തന്നെ അവര്‍ക്ക് വകവെച്ചുനല്‍കിയിരുന്നു.

പ്രതിഭ
പ്രവാചകന്‍ തന്റെ പത്നിമാരില്‍ ഏറെ ഇഷ്ടപ്പെട്ടത് ആഇശയെയായിരുന്നു. പ്രവാചകന്‍ ജീവിതത്തില്‍ സ്വീകരിച്ച ഏക കന്യകയായിരുന്നു അവര്‍. അതു മാത്രമായിരുന്നില്ല റസൂലിന് അവരോടുള്ള പ്രണയത്തിന്റെ കാരണം. സ്വഭാവമഹിമയും ഒപ്പം പ്രതിഭാധനത്വവുമുള്ള സ്ത്രീയായിരുന്നു അവര്‍. ചിന്താശക്തിയും അതിന് ആകര്‍ഷക ഭാഷ നല്‍കാനുള്ള കഴിവും അവരെ ചരിത്രത്തിലെ മികവുറ്റ പ്രതിഭകളില്‍ ഒരാളാക്കി മാറ്റി. മുഹമ്മദ് ഇബ്‌നു സീരീന്‍ എന്ന വിഖ്യാത ചരിത്ര പണ്ഡിതന്‍  അഹ്നഫ് ഇബ്‌നു ഖൈസില്‍ നിന്ന് നിവേദനം ചെയ്യുന്നു: ''അബൂബക്ര്‍ സിദ്ദീഖ്, ഉമറുബ്‌നുല്‍ ഖത്ത്വാബ്, ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്നു അബീ ത്വാലിബ് തുടങ്ങിയ പല നേതാക്കന്മാര്‍, വാഗ്മികള്‍ ഇവരുടെയൊക്കെ പ്രഭാഷണങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ആഇശാ ബീവിയുടെ പ്രയോഗങ്ങളോട് കിടനില്‍ക്കുന്ന ഒന്നും ഒരാളില്‍ നിന്നും എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല.''
പ്രവാചകന്റെ സ്വഭാവത്തെക്കുറിച്ചന്വേഷിച്ച പ്രവാചകാനുചരനോട് ആഇശ പറഞ്ഞു: ''അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണ്.'' എത്ര കാവ്യമനോഹരമായ മറുപടി! കവിത്വം ആ വ്യക്തിത്വത്തിന്റെ  ശോഭകളിലൊന്നായിരുന്നു. അപവാദ പ്രചാരണകാലത്ത് ദുഃഖം കാരണം ഉറക്കം നഷ്ടപ്പെട്ടതിനെക്കുറിച്ച് അവര്‍ പറഞ്ഞത്, 'ഉറക്കം എന്റെ കണ്ണില്‍ സുറുമ എഴുതിയില്ല' എന്നാണ്. വെളിപാടിന്റെ വേളയില്‍ തിരുമേനി വിയര്‍ക്കുന്നതിനെക്കുറിച്ച് അവര്‍ പറഞ്ഞത് 'തിരുനെറ്റിയില്‍ മുത്തുമണികള്‍ തിളങ്ങി' എന്നാണ്. ആലങ്കാരികതയെ മനസ്സിലാക്കാനുള്ള അവരുടെ ശേഷി ഇസ്‌ലാമിന് ഒരുപാട് പ്രയോജനപ്പെട്ടു. അബൂ സഈദില്‍ ഖുദ്‌രി (റ) മരണാസന്നനായിരിക്കുകയാണ്. അദ്ദേഹം അപ്പോള്‍ നല്ല വസ്ത്രം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അത് ധരിച്ചു. മുസ്‌ലിം ഏത് വസ്ത്രത്തില്‍ മരിക്കുന്നുവോ അതേ വസ്ത്രത്തില്‍ അന്ത്യദിനത്തില്‍ എഴുന്നേല്‍പ്പിക്കപ്പെടും എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് എന്നതാണ് അദ്ദേഹം ഇപ്രകാരം പ്രവര്‍ത്തിക്കാന്‍ കാരണമായി പറഞ്ഞത്. ആഇശ (റ) വിവരമറിഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു: 'അല്ലാഹു അബൂ സഈദിന് കരുണ ചെയ്യട്ടെ, വസ്ത്രംകൊണ്ട് നബി ഉദ്ദേശിച്ചത് കര്‍മങ്ങളാണ്. അവിടുന്ന് വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്, ആളുകള്‍ അന്ത്യദിനത്തില്‍ നഗ്‌നശരീരരും നഗ്‌നപാദരും നഗ്‌നശിരസ്‌കരുമായിട്ടാണ് എഴുന്നേല്‍പ്പിക്കപ്പെടുകയെന്ന്' (അബൂദാവൂദ്).
അവര്‍ ഇസ്‌ലാമിന്റെ ആന്തരാര്‍ഥങ്ങള്‍ കൃത്യമായി അറിയുന്ന പ്രവാചകാനുചരിയായിരുന്നു. ജാരസന്തതി മൂന്നുപേരില്‍ (പിതാവ്, മാതാവ്, പുത്രന്‍) കൂടുതല്‍ ചീത്തയാണ് എന്ന് പ്രവാചകന്‍ പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടപ്പോള്‍ ആഇശ (റ) പറഞ്ഞു: 'ഇത് ശരിയല്ല. സംഭവം ഇതാണ്: ഒരു വ്യക്തി കപടവിശ്വാസിയായിരുന്നു. അയാള്‍ തിരുമേനിയെപ്പറ്റി അനാവശ്യം പറഞ്ഞുനടന്നിരുന്നു. ആളുകള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അവന്‍ അതിനു പുറമെ ജാരസന്താനവുമാണ്. അപ്പോള്‍ തിരുമേനി പറഞ്ഞു: അവന്‍ മൂവരില്‍ കൂടുതല്‍ ദുഷ്ടനാണ്. അതായത്, അവരുടെ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ ചീത്തയാണ്. ഇതൊരു പ്രത്യേക സംഭവമാണ്. പൊതുവായി പറഞ്ഞതല്ല. അല്ലാഹു പറഞ്ഞിട്ടുണ്ട്, ഒരാളും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല. കുറ്റം മാതാപിതാക്കളുടേതാണ്. കുട്ടി എന്തു പിഴച്ചു! (അല്‍ ഇസാബ). ഇസ്‌ലാമിന്റെ അന്തസ്സത്തയെക്കുറിച്ച വ്യക്തത, അതിന്റെ അടിസ്ഥാനത്തില്‍ വിഷയങ്ങളെ നിര്‍ധാരണം ചെയ്യാനുള്ള അവരുടെ ശേഷി - ഇതിലേക്കൊക്കെ ഇത് പ്രകാശം പരത്തുന്നുണ്ട്.

പ്രണയം
പ്രവാചകന്റെ അന്ത്യ നിമിഷങ്ങള്‍ പോലും അദ്ദേഹവും ആഇശാ ബീവിയും തമ്മിലുള്ള പ്രണയാവിഷ്‌കാരത്തിന്റെ മനോഹരാനുഭവമായി മാറുന്നുണ്ട്. പ്രവാചകന്റെ അന്ത്യനിമിഷങ്ങള്‍ അടുത്തുവന്നു. ആഇശ കട്ടിലില്‍ തലവെക്കുന്ന ഭാഗത്ത് ഇരിക്കുന്നു.  തിരുമേനി അവരുടെ മാറിടത്തോട് ചാഞ്ഞിരിക്കുകയാണ്. അവരുടെ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ മിസ്വാക്കുമായി അടുത്തുവന്നു. തിരുമേനി അതിലേക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന് ദന്തശുദ്ധി വരുത്താന്‍ ആഗ്രഹമുണ്ടെന്ന് അവര്‍ മനസ്സിലാക്കി. സഹോദരനില്‍ നിന്ന് മിസ്വാക്ക് വാങ്ങി സ്വന്തം പല്ലുകൊണ്ട് കടിച്ചു പദംവരുത്തിയശേഷം തിരുമേനിക്ക് കൊടുത്തു. അവിടുന്ന് നല്ല ആരോഗ്യമുള്ള ഒരാളെപ്പോലെ പല്ലുതേച്ചു. അന്ത്യനിമിഷത്തില്‍ ഉമിനീര്‍ തിരുമേനിയുടെ വായിലായി എന്ന ബഹുമതി തനിക്കാണ് ലഭിച്ചതെന്ന് ആഇശ (റ) അഭിമാനപൂര്‍വം പറഞ്ഞിരുന്നു. അന്ത്യനിമിഷങ്ങള്‍ ആഇശയുടെ സാമീപ്യത്തിലാവണമെന്ന് നബി (സ) ആഗ്രഹിച്ചിരുന്നു. അത് മനസ്സിലാക്കിയാണ് മറ്റു പത്നിമാര്‍ ആ സമയത്തെ തങ്ങളുടെ ദിവസങ്ങള്‍ ആഇശക്കായി വിട്ടുകൊടുത്തത്. തനിക്ക് ആഇശയോടുള്ള സവിശേഷ സ്നേഹം പ്രവാചകന്‍ തുറന്നുതന്നെ പറയുന്നുണ്ട്. അംറുബ്നുല്‍ ആസ്വ് (റ) ഒരിക്കല്‍ പ്രവാചക(സ)നോട് ചോദിക്കുന്നുണ്ട്: 'താങ്കള്‍ക്ക് ജനങ്ങളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം?' നബി പറഞ്ഞു: 'ആഇശയെ.' അദ്ദേഹം ചോദിച്ചു: 'പുരുഷന്മാരില്‍?' നബി പറഞ്ഞു: 'അവളുടെ പിതാവിനെ.' പ്രവാചകന്‍ പ്രാര്‍ഥിച്ചിരുന്നു: 'എന്റെ രക്ഷിതാവേ, എന്റെ  കഴിവനുസരിച്ച് (ഭാര്യമാരോടുള്ള പെരുമാറ്റത്തില്‍)  നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ കഴിവിനതീതമായതില്‍ (ആഇശയോടുള്ള സവിശേഷ സ്നേഹത്തില്‍) എനിക്ക് മാപ്പു തരേണമേ.'

ആഇശ(റ)യുടെ യഥാര്‍ഥ സ്ഥാനം
അവരുടെ വൈജ്ഞാനിക മികവ് നിസ്തര്‍ക്കമാണ്. അബൂമൂസല്‍ അശ്അരി (റ) പറയുന്നു: ''ഞങ്ങള്‍ സ്വഹാബിമാരെ കുഴക്കിയ ഏതൊരു പ്രശ്നമുണ്ടോ, ആഇശ ബീവിയുടെ അടുത്ത് ചെന്നാല്‍ അതിന് ഒരു വൈജ്ഞാനിക പരിഹാരമുണ്ടായിരിക്കും.''  അവരുടെ ആത്മീയ സ്ഥാനവും വളരെ വലുതാണ്. തയമ്മുമിന്റെ ഇളവ് അവതരിച്ചത് അവര്‍ കാരണമായാണ്.  പ്രവാചകന്‍ ആഇശ(റ)യുടെ വീട്ടിലായിരിക്കുമ്പോഴായിരുന്നു പാരിതോഷികങ്ങള്‍ അധികവും ലഭിച്ചിരുന്നത്. അതിനെക്കുറിച്ച് മറ്റു ഭാര്യമാര്‍ പരാതിപ്പെട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു:  'അവരുടെ കാര്യത്തില്‍ എന്നെ പ്രയാസപ്പെടുത്തരുത്. അവരുടെ വിരിപ്പില്‍വെച്ച് മാത്രമേ എനിക്ക് വഹ്‌യ് ഇറങ്ങിയിട്ടുള്ളൂ.'
ഖദീജ, ഫാത്വിമ, ആഇശ - ഈ ക്രമത്തിലാണ് പ്രവാചക സമൂഹത്തിലെ മഹിത സ്ത്രീകളുടെ പട്ടികയെന്നാണ് പൊതുവായ അഭിപ്രായം. സയ്യിദ് സുലൈമാന്‍ നദ്വി നിരീക്ഷിക്കുന്നതുപോലെ അങ്ങനെ ഒരു പ്രമാണമില്ല. പണ്ഡിതന്മാരുടെ ഗവേഷണ നിഗമനമാണിത്. ഈ മൂന്നു പേരുടെയും ശ്രേഷ്ഠത പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍, ഇബ്നുഹസം എല്ലാവര്‍ക്കുമെതിരായി ഇങ്ങനെ വാദിച്ചു: നബി കുടുംബത്തിലും സ്ത്രീ സമൂഹത്തിലും മാത്രമല്ല സ്വഹാബത്തില്‍ പോലും തിരുമേനിക്ക് ശേഷം കൂടുതല്‍ ശ്രേഷ്ഠത ആര്‍ജിക്കുന്നത് ആഇശയാണ്. നബി (സ) പറയുന്നു: ''പുരുഷന്മാരില്‍ പലരും പൂര്‍ണത പ്രാപിച്ചു. സ്ത്രീകളില്‍ ഇംറാന്റെ മകള്‍ മര്‍യവും ഫിര്‍ഔനിന്റെ പത്നി ആസിയയും മാത്രമേ പൂര്‍ണത പ്രാപിച്ചുള്ളൂ. ആഇശക്ക് മറ്റു സ്ത്രീകളെക്കാള്‍  സരീദിന് മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ എന്നതു പോലെ ശ്രേഷ്ഠതയുണ്ട്.''
അവരോടുള്ള ഇഷ്ടം അവരുടെ ആത്മീയ മൂല്യനിര്‍ണയത്തില്‍  പ്രവാചകന് തടസ്സമായതുമില്ല. മനുഷ്യ ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ ഈ സ്ത്രീ വ്യക്തിത്വത്തെ ലോകത്തിന് സംഭാവന ചെയ്തത് ഇസ്‌ലാമാണ്. ഇസ്‌ലാമില്‍ ജനിച്ച, ഇസ്‌ലാമില്‍ വളര്‍ന്ന ആദ്യ സന്തതികളിലൊരാളാണവര്‍. പ്രവാചകനാണ് അവരുടെ പാഠശാല. അത് അവരുടെ മഹാസൗഭാഗ്യമാണ്. അങ്ങനെയാണവര്‍ വിശ്വാസികളുടെ മുഴുവന്‍ മാതാവായത്. അവരുടെ വെട്ടിത്തിളങ്ങുന്ന വ്യക്തിത്വത്തിന് അവരുടെ തനത് പ്രതിഭക്ക് ചെറുതല്ലാത്ത പങ്കുണ്ട്. പ്രവാചകനോടൊപ്പം സഹവസിച്ച എല്ലാവരും ആഇശ(റ)യോളം ഉത്തുംഗത പ്രാപിച്ചിട്ടില്ലല്ലോ. പ്രവാചകനില്‍നിന്ന് പോഷകം സ്വീകരിച്ച് വളരാനുള്ള പ്രതിഭാധനത്വവും ആത്മീയ ഔന്നത്യവും അവര്‍ക്കുണ്ടായിരുന്നു.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്-30-32
ടി.കെ ഉബൈദ്‌

ഹദീസ്‌

തെറ്റു ചെയ്തവരെ നന്നാവാന്‍ സഹായിക്കുക
അബ്ദുല്ലത്വീഫ് കൊടുവള്ളി