Prabodhanm Weekly

Pages

Search

2022 ജൂണ്‍ 17

3255

1443 ദുല്‍ഖഅദ് 17

എല്ലാവരെയും ചേര്‍ത്തുപിടിച്ച 'ഒറ്റയാന്‍'  ജീവിതം

എം.സി.എ നാസര്‍

എണ്‍പതുകളുടെ മധ്യത്തോടെയാണ് ഡോ. മുസ്തഫാ കമാല്‍ പാഷയുമായുള്ള ബന്ധം ശക്തമാകുന്നത്. ദഅ്‌വാ പ്രവര്‍ത്തന രംഗങ്ങളിലും ഖുര്‍ആന്‍-ശാസ്ത്ര സെമിനാറുകളിലും തിളങ്ങിയ പാഷയുടെ വ്യക്തിത്വത്തെക്കുറിച്ച് ചെറുപ്പത്തിലേ  കേട്ടറിഞ്ഞതാണ്. കുറഞ്ഞ പേജുകളിലായി പാഷ രചിച്ച പുസ്തകങ്ങളില്‍ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ആരാമം' മാസികയുടെ ആരംഭ കാലം മുതല്‍ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സജീവ ഇടപെടലുകള്‍ നടത്തി. കോഴിക്കോട് 'യുവസരണി' മാസികയില്‍ സബ് എഡിറ്റര്‍ എന്ന നിലക്ക് പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിക്കുമ്പോള്‍ മാര്‍ഗനിര്‍ദേശം നല്‍കിയവരില്‍ കമാല്‍ പാഷയും ഉണ്ട്. കോഴിക്കോട്ടും തിരൂരങ്ങാടിയിലുമായി പല കൂടിക്കാഴ്ചകള്‍. എല്ലാ ഒത്തുചേരലും നല്ല ഭക്ഷണത്തോടെയാകും അവസാനിക്കുക.
ആ കാലത്തു തന്നെയാണ് 'സര്‍ഗ സംഗമം', 'തനിമ' എന്നീ സാംസ്‌കാരിക കൂട്ടായ്മകളുടെ സാരഥ്യവും ഉണ്ടായിരുന്നത്. പരേതനായ അഹ്മദ് കൊടിയത്തൂരിനും മറ്റു സുഹൃത്തുക്കള്‍ക്കും ഒപ്പം നിരന്തരം കമാല്‍ പാഷയുമായി സമ്പര്‍ക്കം പുലര്‍ത്തി. ആ കാലത്ത് പാഷയുടെ വാക്കുകള്‍ പ്രസ്ഥാനത്തിനുള്ളിലെ 'സര്‍ഗാത്മക ന്യൂനപക്ഷ'ത്തിന് നല്‍കിയത് വലിയ പ്രചോദനമായിരുന്നു.
സാംസ്‌കാരിക ഒത്തുചേരല്‍ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു കമാല്‍ പാഷ. മതവേദികളില്‍ മാത്രമല്ല, കോഴിക്കോട്ടെ തിയറ്ററുകളിലും ടൗണ്‍ഹാളിലെ കലാ മത്സര പരിപാടികളിലും പാഷയെ കണ്ടു. മുന്‍വിധികളുടെ ഉറ ഊരിയെറിയുന്നതിന്റെ ത്രില്ലിലാണോ ഈ മനുഷ്യന്‍ എന്ന് അദ്ഭുതം കൊണ്ടിട്ടുണ്ട്.  ഓരോ കാഴ്ചയിലും ചേര്‍ത്തുപിടിച്ച് നിറഞ്ഞ ചിരിയിലൂടെ സൗഹൃദം പുതുക്കുകയായിരുന്നു അദ്ദേഹം. 
പരമ്പരാഗത രീതികളോട് പരസ്യമായി കലഹിക്കാതെ തന്നെ അവയുടെ പരിമിതികളെ അദ്ദേഹം മറികടന്നു. പുതിയ കാലത്തിന്റെ സങ്കേതങ്ങളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഓരോ കൂടിക്കാഴ്ചയും അവസാനിച്ചത്.  ഒരു കൊച്ചു കുട്ടിയുടെ ഔല്‍സുക്യമായിരുന്നു ഏതൊരു പരിപാടിയിലും പങ്കെടുക്കുമ്പോള്‍ ആ മുഖത്തും കണ്ണുകളിലും തെളിഞ്ഞത്.  തീര്‍ത്തും ലളിതമായിരുന്നു അവതരണം. ആര്‍ക്കും എളുപ്പം മനസ്സിലാകും. അതുകൊണ്ടാവണം മതഘടനക്കുള്ളിലെ എല്ലാ വിഭാഗങ്ങളുടെയും സ്വീകാര്യത എളുപ്പം പിടിച്ചുപറ്റാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കിയതും.
നീണ്ട 32 വര്‍ഷമാണ്  ഡോ. കമാല്‍ പാഷ പി.എസ്.എം.ഒ  ഹിസ്റ്ററി വകുപ്പിന്റെ ഭാഗമായത്. ചരിത്രവിദ്യാര്‍ഥികള്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും പ്രിയ അധ്യാപകന്‍. സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ രൂപപ്പെടുത്തിയ ഊഷ്മള ബന്ധം. 
കിടപ്പുരോഗിയായ അവസാന കാലം മാറ്റിനിര്‍ത്തിയാല്‍ സദാ ചലനാത്മകവും സര്‍ഗാത്മകവും ആയിരുന്നു ആ ജീവിതം. ആയിരങ്ങളിലേക്കാണ് അദ്ദേഹം അവര്‍ പോലുമറിയാതെ ആത്മബന്ധത്തിന്റെ അസാധാരണ പാലം പണിതത്. ഏഴര പതിറ്റാണ്ടുകളുടെ സുകൃതം തന്നെയായിരുന്നു ആ ജീവിതം. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധത്തിന്റെ ഊഷ്മളത തന്നെയായിരുന്നു ആ ജീവിതം. അവിടെ ഒരു കലര്‍പ്പും കണ്ടില്ല. മനുഷ്യരിലേക്ക് കടന്നിരിക്കാന്‍ പ്രഭാഷണവും തിയറികളും ആവശ്യമില്ലെന്ന് അനുഭവത്തിലൂടെ തെളിയിച്ചു. ബസ് യാത്രക്കിടയിലും മറ്റും കണ്ടുമുട്ടിയ ചില മനുഷ്യര്‍ യാത്ര അവസാനിക്കും മുമ്പെ നിലപാടുമാറ്റം പ്രഖ്യാപിച്ചുവെങ്കില്‍  ആ സ്വാധീനവലയം അത്രക്കും ശക്തം. ദഅ്‌വാ മേഖലയിലെ എണ്ണമറ്റ അനുഭവങ്ങള്‍ ഇതിനു തെളിവ്. വിദ്യാര്‍ഥികളും കുടുംബാംഗങ്ങളും പല നാടുകളിലെ നിരവധി മനുഷ്യരും അനുഭവിച്ചറിഞ്ഞ കലര്‍പ്പില്ലാത്ത സ്‌നേഹസന്ദേശം കൂടിയാണത്.  
ചരിത്രാഭിമുഖ്യവും എല്ലാവരുമായും ഇടപഴകുന്ന പെരുമാറ്റവും മറ്റു പലര്‍ക്കും എന്ന പോലെ എന്നെയും പാഷയുമായി അടുപ്പിച്ചു നിര്‍ത്തി. തലയെടുപ്പുള്ള വലിയ മനുഷ്യര്‍ക്കൊപ്പം തീര്‍ത്തും സാധാരണക്കാരെയും ഒരുപോലെ കാണാന്‍ കഴിയുക. അവരുടെ ഹൃദയങ്ങളിലേക്ക് സ്വാഭാവിക ഹൃദ്യതയുടെ വാതില്‍ തുറന്നിടുക; എളുപ്പമല്ല ഇത്. പക്ഷേ, പാഷക്ക് അത് അയത്‌ന ലളിതമായ സ്വാഭാവിക പ്രക്രിയ മാത്രം. ജീവിതത്തെ കൂടുതല്‍ കൂടുതല്‍ പ്രസാദാത്മകമായിക്കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നതായിരുന്നു ആ ഓരോ കൂടിക്കാഴ്ചകളും. 
പലരും പല കാലത്ത് ഉന്നയിക്കുന്ന ഒരു  ചോദ്യമുണ്ട്: സത്യത്തില്‍ പാഷ സാര്‍ ആരുടെ ആളാണ്? വ്യക്തിപരമായി ഞാനും അത് ചോദിച്ചിട്ടുണ്ട്. നിര്‍മലമായ ആ പതിവു ചിരി തന്നെയായിരുന്നു മറുപടി.
സംഘടനാ കെട്ടുപാടുകള്‍ ഏതോ അപകടം പിടിച്ച ഒന്നായി ഒരിക്കലും പാഷക്ക് തോന്നിയിട്ടില്ല. അതിന്റെ മേല്‍വിലാസം ആളുകളെ ചുരുക്കിക്കളയുമെന്ന ഭീതിയും ഉണ്ടായില്ല. സംഘടനാ സംവിധാനങ്ങളിലൂടെ മാത്രം  നടപ്പാക്കാന്‍ കഴിയുന്ന പല വലിയ കാര്യങ്ങളുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ് സാധ്യമായ അളവില്‍ അവയുമായൊക്കെ സഹകരിക്കുകയായിരുന്നു രീതി. അതേ സമയം വ്യക്തിഗത ഇടപെടലുകള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞു. അത്തരം നീക്കങ്ങള്‍ക്കാവട്ടെ, വ്യവസ്ഥാപിത സംഘടനകളുടെ ഭാഗത്തുനിന്ന് അനല്‍പമായ പിന്തുണയും ലഭിച്ചതാണ് അനുഭവം. കൊണ്ടും കൊടുത്തും ഒരേ ലക്ഷ്യത്തിലേക്കുള്ള സാര്‍ഥക യാത്ര. അതായിരുന്നു മുസ്തഫാ കമാല്‍ പാഷയുടെ എഴുപത്താറ് വര്‍ഷം. 
മുസ്‌ലിം ഇന്ത്യയുടെ മെച്ചപ്പെട്ട ഭാവി, ഇസ്‌ലാമികാദര്‍ശത്തിന്റെ പ്രചാരണം- ഈ ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടി യത്‌നിക്കുകയായിരുന്നു അദ്ദേഹം. അതിനായി ചരിത്രം മുതല്‍ സര്‍ഗാത്മകത വരെ പ്രയോജനപ്പെടുത്തി. സ്വന്തം നിലക്ക് തുടങ്ങിവെച്ച ചില സംരംഭങ്ങള്‍ പാളിപ്പോയി. അത്തരം ഘട്ടങ്ങളില്‍ ഈഗോയില്‍ അഭിരമിച്ചില്ല. അവയെ മാറ്റിപ്പണിയാന്‍ സംഘടനാ സംവിധാനത്തെ ഭരമേല്‍പിക്കുകയായിരുന്നു കമാല്‍ പാഷ. പിന്നീട് അവ മികച്ച വിജയം കൈവരിച്ചപ്പോള്‍ സംഘടനാ സാരഥികള്‍ക്കും നടത്തിപ്പുകാര്‍ക്കും നന്ദി പറയുകയായിരുന്നു ആ ചരിത്രപണ്ഡിതന്‍. പ്രവര്‍ത്തനങ്ങളിലേക്കെത്താത്ത നീണ്ട കൂടിയാലോചനകളെക്കാള്‍ വേഗത്തില്‍ നടപ്പാവുന്ന ചെറിയ പ്രവര്‍ത്തനങ്ങളാണ് വേണ്ടത് എന്ന അഭിപ്രായമായിരുന്നു അദ്ദേഹത്തിന്. അത്തരം പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോള്‍ പിഴവുകളുണ്ടാവും; അവ കറക്റ്റ് ചെയ്ത് മുന്നോട്ട് പോയാല്‍ മതി എന്നാണ് പറയുക. 
വിയോജിപ്പും എതിര്‍പ്പും സിനിക്കല്‍ കാഴ്ചപ്പാടും പ്രോല്‍സാഹിപ്പിച്ചില്ല. അത്തരം ഘട്ടങ്ങളിലൊക്കെ കമാല്‍ പാഷ ചിരിച്ചുകൊണ്ട് പലരെയും ഓര്‍മിപ്പിച്ചത് ഒന്നു മാത്രം: 'അതൊന്നും ഇഷ്യു ആക്കേണ്ട'. തിരൂരങ്ങാടിയിലെയും വളാഞ്ചേരിയിലെയും വസതികളില്‍ സാറെ തേടി എന്തിന് ഇത്രയേറെ മനുഷ്യര്‍ വന്നുപോയെന്ന ചോദ്യം ഈ ശൂന്യതയില്‍ ഉള്ളില്‍ ഉയരുന്നുണ്ട്. നന്നെ വെളുപ്പിന് മുതല്‍ രാത്രി വരെ നേരിട്ടും അല്ലാതെയും നൂറുകണക്കിന് മനുഷ്യര്‍ സ്ഥാനമാനങ്ങളില്ലാത്ത ഒരു മനുഷ്യനെ തേടിയെത്തുക. അവരില്‍  തന്നെ പല തരക്കാര്‍. സാറുമായി സംസാരിച്ചിരുന്നാല്‍ മനഃശാന്തി ലഭിക്കുമെന്ന ഉറപ്പില്‍ എത്രയോ കിലോമീറ്ററുകള്‍ താണ്ടിയെത്തിയ അജ്ഞാത മനുഷ്യരെ പലകുറി കണ്ടിട്ടുണ്ട്. അജ്ഞാത വ്യക്തികളെയും മറ്റും എന്തു ധൈര്യത്തിലാണ് വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുന്നതെന്ന  ചോദ്യം ഉന്നയിക്കപ്പെട്ടപ്പോഴും അതേ ചിരിയോടെ തന്നെ മറുപടി  വന്നു:  'നമ്മള്‍ മനുഷ്യരല്ലേ. പടച്ചവന്‍ ഉറപ്പിച്ചതല്ലേ നടക്കൂ.'
വിശ്വാസ സമര്‍പ്പണത്തിന്റെ ആള്‍രൂപം തന്നെയായിരുന്നു പാഷ സാര്‍. ഒന്നു തീരുമാനിച്ചാല്‍ അതു നടപ്പാക്കും വരെ പിറകോട്ടില്ല. 
കമാല്‍ പാഷയും ഹബീബ പാഷയും മകള്‍ ഡോ. ഷമീമയെ കൈപിടിച്ചേല്‍പിച്ചത് 1995-ല്‍.  ഖുര്‍ആനില്‍ പരാമര്‍ശിച്ച കുറെ രാജ്യങ്ങളുണ്ടെന്നും അവിടെയൊക്കെ സന്ദര്‍ശിക്കണമെന്നും പാഷ സാറ് പറഞ്ഞുകൊണ്ടിരുന്നു. നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം എന്ന നിലക്കായിരുന്നു എന്റെ ഉള്ളിലെ അന്നത്തെ പ്രതികരണം. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞു കാണണം; ദല്‍ഹിയില്‍ 'മാധ്യമ'ത്തിന്റെ തിരക്കിന്റെ നാളുകളില്‍ ഒരു ദിവസം പാഷയുടെ ഫോണ്‍: ''ഞാനും അബ്ദുര്‍റസാഖ് സുല്ലമിയും ദല്‍ഹിക്ക് വരുന്നുണ്ട്. പതിനാല് രാജ്യങ്ങളുടെ വിസ സ്റ്റാമ്പ് ചെയ്തു കിട്ടണം. അത് ലഭിക്കും വരെ അവിടെയുണ്ടാകും.'' 
ദല്‍ഹിയില്‍ വേനല്‍ ദിനങ്ങളാണത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന തിരക്കും. പതിനാലു രാജ്യങ്ങളുടെ ഭൂപടങ്ങളില്‍ ശരിക്കും തലകറങ്ങി. 
ഒന്നോ രണ്ടോ എംബസികളുമായാണ് നല്ല ബന്ധം. മറ്റിടങ്ങളില്‍ കയറിപ്പറ്റാന്‍ പോലും എങ്ങനെ കഴിയും? അവിടങ്ങളില്‍ വിസ അടിച്ചില്ലെങ്കില്‍ ഇവരുടെ സ്വപ്നപദ്ധതി തന്നെ മുടങ്ങില്ലേ? അതിന് ഞാന്‍ തന്നെയാകില്ലേ ഒന്നാം പ്രതി? 
എന്നാല്‍, എല്ലാ ആശങ്കകളും വഴിമാറുന്നതാണ് പിന്നെ കണ്ടത്. പല എംബസികളും സൗജന്യമായി വിസ അടിച്ചു നല്‍കുക മാത്രമല്ല, അവിടെ എത്തിയാല്‍ യാത്രക്കു വേണ്ട മറ്റു സഹായങ്ങള്‍ ഉറപ്പാക്കാനും അവര്‍ സന്നദ്ധമായി. സ്വന്തം നാട്ടുകാര്‍ക്കു പോലും തോന്നാത്ത വലിയ ദൗത്യമാണിതെന്ന് പല അറബ് രാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികള്‍ തുറന്നു പറയുകയും ചെയ്തു. ദിവസങ്ങള്‍ ചെലവിട്ട് വലിയ സംതൃപ്തിയോടെയാണ് പല രാജ്യങ്ങളുടെയും വിസയടിച്ച പാസ്‌പോര്‍ട്ടുകളുമായി അവര്‍ നാട്ടിലേക്ക് മടങ്ങിയത്. റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങുമ്പോള്‍ തോളില്‍ തട്ടി സാര്‍ പറഞ്ഞു:
''ഇസ്‌ലാം യാത്രക്ക് നല്‍കുന്ന  പ്രാധാന്യം ചെറുതല്ല.  നല്ല ലക്ഷ്യം വെച്ച് ആര് യാത്ര പുറപ്പെട്ടാലും ബാക്കി  ദൈവം ഏറ്റെടുക്കും.''
പല ലോകരാജ്യങ്ങളിലേക്ക് എനിക്ക് സഞ്ചാരവഴികള്‍ തുറന്നു കിട്ടിയപ്പോഴൊക്കെ, ആ വാക്കുകളുടെ ആന്തരാര്‍ഥം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
'ഖുര്‍ആന്‍ ചരിത്ര ഭൂമികളിലൂടെ' വീഡിയോ ചിത്രം  ഫൈനല്‍ എഡിറ്റിംഗ് കഴിഞ്ഞപ്പോള്‍ തന്നെ ഉറപ്പായിരുന്നു, അത് മലയാളത്തില്‍ മാത്രമല്ല പുറത്തും മറ്റൊരു ചരിത്രം രചിക്കുമെന്ന്.  പാഷയുടെ ശിഷ്യന്‍ കൂടിയായ കെ.ടി ജലീല്‍ ആയിരുന്നു അതിന് ശബ്ദം നല്‍കിയത്. പല ഭാഷകളില്‍, പല രാജ്യങ്ങളിലേക്ക് വീഡിയോയുടെ മൊഴിമാറ്റം നടന്നു. പകര്‍പ്പവകാശം നോക്കാതെ പല സ്ഥാപനങ്ങളും അത് സ്വന്തമാക്കി വന്‍തുക നേടിയതും മറ്റൊരു ചരിത്രം.
ദല്‍ഹിയില്‍ നിന്നും ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടില്‍ വരുന്ന ഇടവേളകളില്‍ മാത്രമായിരുന്നു ഞങ്ങള്‍ തമ്മില്‍ നേരിട്ടുള്ള ബന്ധം. എല്ലാവരും ഉറങ്ങിക്കിടക്കെ, തിരൂരങ്ങാടിയിലെ ആ മുറിയില്‍ അര്‍ധരാത്രിയും ലൈറ്റ് അണഞ്ഞിട്ടുണ്ടാകില്ല. ഏതോ പുസ്തകത്തിന്റെ അവസാന മിനുക്കുപണികളില്‍ ഏര്‍പ്പെട്ടിരിക്കുകയാകും പാഷ സാറും ഹബീബാ പാഷയും.  അക്ഷരങ്ങളുടെ ലോകത്ത് ഇത്രയും ചേര്‍ന്നു പ്രവര്‍ത്തിച്ച ദമ്പതികള്‍  മലയാളത്തില്‍ വേറെയുണ്ടാവാന്‍ വഴിയില്ല.  രണ്ട് പേരുടെയും പി.എഫ്. ലോണുകള്‍ മുഴുവനെന്നോണം ഉപയോഗിച്ചത് പുസ്തകപ്രസാധനത്തിനായിരുന്നു. ശാസ്ത്രവും ദൈവാസ്തിത്വവും എന്ന പ്രസിദ്ധ കൃതിക്ക് പണം കണ്ടെത്തിയത് കോളേജില്‍ വെച്ച കുറിയില്‍ നിന്നായിരുന്നു.
ഒന്നും പിന്നേക്ക് മാറ്റി വെക്കാതിരിക്കുക. ഇക്കാര്യത്തില്‍ വല്ലാത്തൊരു കാര്‍ക്കശ്യം തന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരായുസിനിടയില്‍ നൂറിലേറെ പുസ്തകങ്ങള്‍; പല വിഷയങ്ങളില്‍. അവയുടെ പ്രസാധനവും വിതരണവും നേരിട്ടുതന്നെ. ഇസ്‌ലാമിക പുസ്തക പ്രസാധന ചരിത്രത്തില്‍ അതും മറ്റൊരു വഴിയടയാളം. 
ഒരിക്കല്‍ തമാശാരൂപത്തിലാണെങ്കിലും ഒരു കാര്യം സൂചിപ്പിച്ചിരുന്നു. ചിലതൊക്കെ കുറേക്കൂടി നന്നായി എഡിറ്റ് ചെയ്തിരുന്നെങ്കില്‍, രൂപകല്‍പന ആകര്‍ഷകമാക്കിയിരുന്നെങ്കില്‍ പൊതുസമൂഹം കൂടി നെഞ്ചേറ്റുമായിരുന്നു.
പക്ഷേ, മറുപടി പെട്ടെന്നായിരുന്നു:
''അതത് സമയത്തിന്റെ ആവശ്യകത. അതു മുന്നില്‍ കണ്ടാണ് പല പുസ്തകങ്ങളും തയാറാക്കിയത്.''
പെര്‍ഫക്ഷന്റെ പേരിലുള്ള അലസത അത്ര വലുതായി ആഘോഷിക്കേണ്ട ഒന്നല്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ടായിരുന്നു ആ വാക്കുകളില്‍. കെട്ടിലും മട്ടിലും ഉള്ളടക്കത്തിലുമൊന്നും പലപ്പോഴും നമ്മുടെ ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡിനൊപ്പം വരാത്ത അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിച്ച്, അവയില്‍ നിന്നാണ് വെളിച്ചം കിട്ടിയതെന്ന് പറഞ്ഞ് പലപ്പോഴായി വീട്ടിലെത്തിയ ആളുകള്‍ ആ നിലപാട് ശരി തന്നെയാണെന്നതിന് സാക്ഷ്യമായി.
നന്മയും ലക്ഷ്യബോധവും വാര്‍ത്തകളില്‍ നിര്‍ബന്ധമാണെന്ന് പലതവണ ഉണര്‍ത്തിയിരുന്നു, അദ്ദേഹം. 
ചെയ്ത വാര്‍ത്തയുടെ ഫോളോ അപ്, പുതുതായി ചെയ്യേണ്ട ചില വാര്‍ത്തകള്‍- എല്ലാം ഫോണിലൂടെ സൂചിപ്പിക്കും. ഡസ്‌കില്‍ നിന്ന് എഡിറ്റര്‍ വിളിക്കുന്നതു പോലെയായിരിക്കും ചിലപ്പോള്‍ ആ ഫോണ്‍ കോളുകള്‍. മനുഷ്യരില്‍ ഉല്‍സാഹവും പ്രവര്‍ത്തനാവേശവും പകരുന്ന വാര്‍ത്തകളാണ് നല്‍കേണ്ടതെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. 
നിശ്ചിത ഫോര്‍മാറ്റുകളില്‍ പലതിനോടും ഒത്തുപോകാന്‍ കൂട്ടാക്കിയില്ല. പൊതുപ്രവണത വെച്ച് ഏതൊരു കോളേജ് പ്രഫസറുടെയും ആദ്യ ലക്ഷ്യം സ്വന്തമായ കുറച്ചു സെന്റ് ഭൂമിയും ഒരു വീടുമാണ്. വിടവാങ്ങിയ മുസ്തഫാ കമാല്‍ പാഷയുടെ ആ രണ്ട് കോളങ്ങളും ബ്ലാങ്കായിരുന്നു. 
ജീവിതത്തില്‍ ലഭിച്ച നിരവധി തിരിച്ചടികളുണ്ട്. അതൊന്നും പക്ഷേ, തളര്‍ത്തിയില്ല. കാഴ്ച മറഞ്ഞ അവസാനകാലത്തെ ആ ഒന്നര വര്‍ഷത്തെ കിടപ്പു ജീവിതം! അപ്പോഴും  പാഷയെ ചെന്നു കണ്ടവര്‍ക്കറിയാം, എത്രമാത്രം അസാമാന്യമായ ഇഛാശക്തി കലര്‍ന്ന വാക്കുകളായിരുന്നു ആ തളര്‍ന്ന ശരീരം പുറത്തുവിട്ടതെന്ന്.  എത്രയോ മനുഷ്യര്‍ക്കാണ് ആ ജീവിതം വലിയ പാഠപുസ്തകവും പ്രചോദനവുമായി മാറിയത്. 
മാഷുടെ കണ്‍മുന്നില്‍ എല്ലാം എല്ലാം ലളിതമായിരുന്നു. ഖുര്‍ആന്‍ പഠനവും പി.എച്ച്.ഡിക്കുള്ള തിസീസ് സമര്‍പ്പണവും വരെ ശരിക്കും ഈസി. അപ്പുറത്തുള്ളവരെ ഇതു ബോധ്യപ്പെടുത്താനുള്ള ഔല്‍സുക്യമായിരുന്നു കണ്ടത്. 
കുറച്ചു കൂടിയ ലളിതവത്കരണമല്ലേ ഇത്? ഒരിക്കല്‍ ചോദിച്ചു.
''ആളുകളില്‍ ആത്മവിശ്വാസം നിറച്ചാല്‍ ബാക്കിയെല്ലാം എളുപ്പമാകും'' എന്നായിരുന്നു മറുപടി.  
എന്തായാലും ഒന്നുറപ്പ്. ആ വാക്കുകളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ലക്ഷ്യം നേടിയ നൂറുകണക്കിനാളുകളുണ്ട് ചുറ്റിലും. 
റിട്ടയര്‍മെന്റ് ലൈഫ് എന്നതു പോലും  ഉണ്ടായിട്ടില്ല ആ ജീവിതത്തില്‍. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും അക്യുപങ്ചര്‍, കൗണ്‍സലിങ് രംഗങ്ങളിലും സജീവമായിരുന്നു പാഷയുടെ ദിനരാത്രങ്ങള്‍.  പുതിയത് പഠിച്ചെടുക്കാനും അത് മറ്റുള്ളവരിലേക്ക് പകരാനുമുള്ള ഔല്‍സുക്യം അവസാനം വരെയും കൈവിട്ടില്ല. കണ്ണിന്റെ കാഴ്ചയും അവയവങ്ങളുടെ ചലനവും നന്നായി ബാധിക്കപ്പെട്ട സന്ദര്‍ഭത്തില്‍ പോലും പുതുതായി ചേര്‍ന്ന കോഴ്‌സുകളുടെ ക്ലാസുകള്‍ക്കായി നിലമ്പൂരിലേയ്ക്കും പാലക്കാട്ടേയ്ക്കുമൊക്കെ വാരാന്ത്യങ്ങളില്‍ പോകുമായിരുന്നു ആ ആജീവനാന്ത വിദ്യാര്‍ഥി!
മലയാളി മുസ്‌ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ, ധിഷണാ വഴികളില്‍ നിശ്ശബ്ദ സാന്നിധ്യമായും പ്രേരണയായും നിറഞ്ഞു നില്‍ക്കുകയായിരുന്നു, ആ ധന്യജീവിതം.
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത്- 26-29
ടി.കെ ഉബൈദ്‌

ഹദീസ്‌

ഹജ്ജും ജിഹാദും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌